രചന: വിനീത
നാല് വയസ്സുള്ള മകനുമായി വീട്ടിൽ നിന്ന് പടിയിറങ്ങുമ്പോൾ മകന്റെ ഭാവി മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളു...
വീട്ടുകാരെ ധിക്കരിച്ചു അയാളുടെ കൂടെ ഇറങ്ങി പോയതും, ആ പോക്കിൽ സങ്കടപെട്ട് അമ്മ കിടപ്പിലായതും, ഒടുവിൽ മരണമടഞ്ഞതും അറിഞ്ഞിട്ടും അത്രടം വരെ പോയില്ല...
തലയ്ക്കു പിടിച്ച പ്രണയമായിരുന്നു മനുവിനോട്...
മനുവിനെ അംഗീകരിക്കാത്ത വീട്ടുകാരെ തനിക്കും വേണ്ട എന്ന് നിച്ഛയിച്ചിരുന്നു...
ഒടുവിൽ അതിവിദഗ്ധമായി അയാൾ തന്നെ പറ്റിക്കുകയാണെന്നതിരിച്ചറിഞ്ഞത് എത്രയോ വൈകിയാണ്...
അതും തങ്ങളുടെ പ്രണയത്തിന് ആദ്യാവസാനം മുൻകൈയെടുത്ത തന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയുമായി ഉള്ള ബന്ധം പോലും അറിയുവാൻ എത്രയോ വൈകി..
എല്ലാം ഉപേക്ഷിച്ച് അന്നാ വീടിന്റെ പടിയിറങ്ങുമ്പോൾ ഒരുപക്ഷേ കരഞ്ഞു പറഞ്ഞാ യാലും അച്ഛൻ സ്വീകരിക്കും എന്ന് കരുതിയതും തെറ്റ്..
അച്ഛനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല...
താൻ മൂലമുള്ള അമ്മയുടെ മരണം അച്ഛനെ വല്ലാതെ തളർത്തിയിരുന്നു...
വീടിന്റെ പടി കടന്ന് ചെല്ലുമ്പോൾ അച്ഛൻ പൂമുഖത്തു ചാരുകസേരയിൽ കിടപ്പുണ്ടായിരുന്നു... പ്രായത്തിന്റെ അവശത നന്നേ ബാധിച്ചിരുന്ന ശരീരം...
പക്ഷേ കണ്ണുകളിലെ ആ "തീ "അതൊരിക്കലും അണഞ്ഞിരുന്നില്ല...
മകനെയുംചേർത്ത് പിടിച്ച് " അച്ഛാ " എന്ന് വിളിച്ചപ്പോൾ തല ഉയർത്തി ഒന്നുനോക്കി...
പരിചയമില്ലാത്ത ഒരാളെ നോക്കുന്നത് പോലെ കുറച്ച് നേരം നോക്കി നിന്നു..
എന്നിട്ട് കൈയുയർത്തി വിലക്കി... പകരം പൂമുഖത്തു ഫ്രെയിം ചെയ്ത് മാലയിട്ട് വെച്ചിരിക്കുന്ന അമ്മയുടെ ശാന്തമായ മുഖത്ത് കൈചൂണ്ടി പറഞ്ഞു..
" ഇവൾ ക്ഷമിക്കുമെങ്കിൽ മാത്രം അകത്തോട്ട്.... "
അത് മാത്രമേ അച്ഛൻ പറഞ്ഞുള്ളു....
പിന്നീടവിടെ നിൽക്കാൻ തോന്നിയില്ല...
മകന്റെ കൈ പിടിച്ചു നടക്കുമ്പോൾ അവന് ചോദിക്കുന്നുണ്ടായിരുന്നു...
" അമ്മ... ആരാ ആ അപ്പൂപ്പൻ...?
എന്താണ് നമ്മള് അങ്ങോട്ട് കയറാതെ തിരിച്ചു പോണത്...? "
അവൾക്കുത്തരം ഇല്ലായിരുന്നു ഒന്നിനും...
അതിന് മാത്രമല്ല...പിന്നീട് അവന്റെ വളർച്ചയിൽ അവൻ ചോദിക്കുന്ന പലതിനും...
ആദ്യാവസാനം തങ്ങളുടെ പ്രണയത്തിന് മുൻകൈ എടുത്തിരുന്നത് അവളായിരുന്നു.... തന്റെ ഏറ്റവും അടുത്ത കൂട്ടുകാരി... പ്രിയ....അവളുമായി പങ്കുവെക്കാത്ത ഒരുരഹസ്യവും ഇല്ലായിരുന്നു....
രജിസ്റ്റർ മാര്യേജ് കഴിഞ്ഞ് ഒരു ചെറിയ വീടെടുത്തുതന്നതും അവളും ഭർത്താവും മുൻകൈയെടുത്തായിരുന്നു..
ഇടയ്ക്കെപ്പോഴോ അയാൾ വിദേശത്തു പോയതും അവിടെ വെച്ച് ഒരാക്സിഡന്റിൽ മരണമടഞ്ഞതും ഒക്കെ ഇന്നലെ കഴിഞ്ഞപോലെ ഓർമ വരുന്നു...
അപ്പോൾ അവളുടെ കുഞ്ഞിന് രണ്ട് വയസ്സായിരുന്നു പ്രായം ..
അതിന് ശേഷമാണോ, മുൻപാണോ മനുവുമായി അവൾക്ക് ബന്ധം തുടങ്ങിയത് എന്ന് പോലും അറിയില്ല...
മനുവിന്റെ ഫോണുകളിലെ സ്ഥിരം കക്ഷി തന്റെ എന്നത്തേയും പ്രിയപ്പെട്ട കൂട്ടുകാരി ആയിരുന്നുവെന്ന് ചിന്തിക്കാവുന്നതിലും അപ്പുറത്തായിരുന്നു..
ആ അവസരത്തിൽ രണ്ടു പേരെയുംഒന്നിച്ചു കണ്ടാൽ സാധരണ രീതിയിൽ ഒരാൾ ചെയ്തതേ താനും ചെയ്തുള്ളു...
ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദന വിരഹമോ, മരണമോ ഒന്നുമല്ല..
അത് ചതിയാണ്...
അതും ജീവന് തുല്യം സ്നേഹിച്ച്, സ്വന്തമെന്ന് വിശ്വസിച്ചു കൂടെ കഴിയുന്ന ഒരാളിൽ നിന്ന് കിട്ടുന്ന ചതി...
എത്ര മറക്കാൻ ശ്രമിച്ചാലും അതിന്റെ വേരുകൾ ഹൃദയം മുഴുവൻ ആഴ്ന്നിറങ്ങും...
ശാഖകൾ... മുള്ളുകൾ എല്ലാം ശരീരം മുഴുവൻ കുത്തിക്കീറും.
ഒരു നിമിഷം കൊണ്ട് ഒന്നുമല്ല എന്നുള്ള അവസ്ഥ...
അതും വീട്ടുകാരെ വെറുപ്പിച്ച് എല്ലാം അയാളാണ് എന്നുകരുതി ഇറങ്ങി പുറപ്പെട്ട ഒരാളോട് കാണിക്കുന്ന ചതി...
അന്ന് താൻ ചെയ്തത് ശരിയായില്ല, സംസാരിച്ചു ശരിയാക്കാമെന്നൊക്കെ പറഞ്ഞ് ചില സുഹൃത്തുക്കൾ ഇടയ്ക്കിടെ വിളിക്കാറുണ്ടായിരുന്നു...
രണ്ട് പേരും കൂടി ചേർന്ന് "ലിവിങ് ടുഗെതർ"തുടങ്ങി എന്നറിഞ്ഞത് കൊണ്ടെന്തോ പിന്നീട് അവരുടവിളിയും കുറഞ്ഞു...
പിന്നെ ജീവിതം ഒരുവെല്ലുവിളിയായിരുന്നു...
ആരോടെന്നില്ലാത്ത വാശിയും..
ജീവിതത്തിൽ തോൽപ്പിച്ചവരുടെ മുൻപിൽതലഉയർത്തി നിൽക്കാനുള്ള വാശി...
പിന്നെ ജോലിയിൽ ശ്രദ്ധിച്ചു.. ജോലിയിലുള്ള ആത്മാർഥത കൊണ്ട് പ്രൊമോഷൻ കിട്ടി ഒരുവിധം നല്ല പോസ്റ്റിലുമെത്തി... ഫിനാൻഷ്യലി കുഴപ്പമില്ല എന്ന് തന്നെ പറയാം...
ഇടയ്ക്കിടെ കമ്പനി ടൂർ ഒക്കെയായി പഴയതോന്നും ഓർക്കാൻ സമയമില്ല എന്നതാണ് സത്യം...
അതല്ലെങ്കിലും ഓർക്കാൻ ഇഷ്ടമില്ലാത്തവ മനസ്സിലിട്ട് ചികഞ്ഞിട്ട് എന്ത് കാര്യം..
.മകൻ മാത്രം മതി എന്ന് കരുതിയപ്പോളാണ് ചില പ്രശ്നങ്ങൾ അഭിമുഖീ കരിക്കേണ്ടി വന്നത്.
ഇടയ്ക്കിടെ ഉള്ള കമ്പനി ടൂർ ഒ ക്കെയായി മകന്റെ പഠനത്തെ അത് ബാധിക്കുമെന്ന് ഓർത്ത് അവനെ ബോർഡിങ് സ്കൂളിലാക്കി..
ആരോടൊക്കെയോ ഉള്ള വാശി പോലെ കരിയറിൽ പടിപടിയയ് മുന്നോട്ട് പോയപ്പോൾ മകന്റെ വളർച്ചയിൽ ശ്രദ്ധ കുറവ് വന്നുവോഎന്നൊരു സംശയം...
മകനെ കുറച്ച് അച്ചടക്കം, ചിട്ടകൾ ഒക്കെ പഠിപ്പിക്കാൻ ചെറുപ്പം മുതലേ ബോർഡിങ് സ്കൂളിൽ ആക്കിയതും ആരോടെന്നില്ലാത്ത വാശി യായിരുന്നു...
മുതിർന്നപ്പോൾ അവൻ അച്ഛനെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയതും, പ്രശ്നം ആയി...
അച്ഛനെ അവന്റെമുൻപിൽ ചെറുതാക്കാൻ ഇഷ്ടമില്ലാത്തതിനാൽ അവൻ ചോദിക്കുന്ന പലതിനും ഉത്തരമില്ലായിരുന്നു.
ഒരു പക്ഷെ മകൻതന്നെ കുറ്റപ്പെടുത്തുമോ എന്ന ഭയവും...
തന്റെശരികൾ എപ്പോളും തന്റെമാത്രം ശരികളായിരുന്നുവല്ലോ...
പക്ഷേ പഠിത്തം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ അവന് അമ്മയോട് ഉണ്ടായിരുന്ന അടുപ്പംകുറച്ച് കുറഞ്ഞിരുന്നതായി തോന്നി.....
ഇടയ്ക്കിടെ കുറ്റപ്പെടുത്തലുകളും...
അച്ഛൻ കൂടെയില്ലാത്തതിന്റെ ദേഷ്യം , അതിന്റെ നിരാശബോധം ഒക്കെ കൂടി തന്നെ ഒരു ശത്രു ആയി കാണാൻ തുടങ്ങിയപോലെ .
അമ്മ അച്ഛനെ ഉപേക്ഷിചതേ തെറ്റ് എന്ന് തോന്നും വിധം പലപ്പോഴായി അർത്ഥം വെച്ചുള്ള സംസാരം...
ചുരുക്കത്തിൽ അമ്മയാണ് കുഴപ്പക്കാരി എന്നാണ് മകന് കരുതുന്നത്...
ഈ പറഞ്ഞ അച്ഛൻ ഇന്നേ നാൾ വരെ മകൻ എവിടെയാണെന്ന് പോലും അന്വേഷിച്ചിട്ടില്ല എന്നതാണ് വാസ്തവം...
അതിൽ അവൾക്ക് പരാതിയുമില്ല...
പക്ഷേ, മകന്റെ ഇപ്പോളത്തെ കൂട്ടുകെട്ടും, മറ്റു ചില പ്രവർത്തികളും...
ഇടയ്ക്കിടെ കാശ് ചോദിക്കാൻ മാത്രം അമ്മയും, മകനുമായുള്ള സംസാരം...
കിട്ടിയ കാശ് കൊണ്ട് പോയാൽ പിന്നെ മൂന്നാംപക്കമാണ് തിരികെ വരുന്നത്...
ഇങ്ങനൊരാൾ അവനെ കാത്തു വീട്ടിൽ ഇരിപ്പുണ്ടെന്ന് പോലും ചിന്തിക്കാതെ...
ഓരോ ദിവസവും ഇങ്ങനെ പോയ് കൊണ്ടേയിയുന്നു..
ജീവിതം അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നതായി വേദനയോടെ മനസ്സിലാക്കിയ ദിനങ്ങൾ ആയിരുന്നു പിന്നീടുള്ളവയെല്ലാം.....
രണ്ടു ദിവസം മുൻപ് കൂട്ടുകാരുമായി വയനാട് ട്രിപ്പ് എന്ന് പറഞ്ഞു പോയതാണ്...
ബാംഗ്ലൂർ നിന്ന് വണ്ടിയെടുത്തു പോയപ്പോൾ അവളെതിർത്തു..
സമ്മതിക്കാതെ നിർബന്ധം പിടിച്ചു മൂന്ന് കൂട്ടുകാരുമായി പോയി...
ഇനി തിരികെ വരും വരെ സമാധാനമില്ലന്ന് പറയാം...
അപ്പോളാണ് മൊബൈൽ റിംഗ് ചെയ്യുന്നത് കേട്ടത്...
മോനാണ്...
" ഹലോ മോനെ പറയു... "
അപ്പുറത്ത് നിന്നുള്ള ശബ്ദം അത്ര ക്ലിയറ ല്ലായിരുന്നു...
"അമ്മ ചെറിയൊരാക്സിഡന്റ്....
ഞാൻ വിളിക്കാം..."
എന്നോ മറ്റോ ഒന്നു കേട്ടു...
മൊബൈൽ കൈയിൽ പിടിച്ച് പക ച്ചിരുന്നപ്പോഴേക്കും അപ്പുറത്തെ കാൾ കട്ട് ആയി...
അതിടൊപ്പം തന്റെ ബോധം പതുക്കെ നഷ്ടപ്പെടുന്നതും അവളറിഞ്ഞു....
##############################
ചുരം ഇറങ്ങി ഹെയർ പിൻ വളവു തിരിഞ്ഞു താഴേക്കുവരുമ്പോളായിരുന്നു അഭിമന്യുവും, കൂട്ടുകാരും കുറച്ച് മുൻപോട്ട് മാറി ഒരു കാർ മരത്തിലിടിച്ചു
കിടക്കുന്നത് കണ്ടത്..
കൂരിരുട്ടും, ആൾ താമസമില്ലാത്ത പ്രദേശവും... വഴിവിളക്കുകൾ മിക്കതും നന്നായി കാത്തുന്നില്ല...
വളരെ സൂക്ഷിച്ച് വണ്ടിയൊടിച്ചാലും പേടിക്കണം....
" നോക്കണ്ട.... വിട്ടുപോകാം...
ആക്സിഡന്റ് ആണ്...
പോലീസ് കേസ് അയാൾ വാദി പ്രതിയാകും.... "
എന്നൊക്കെ കൂട്ടുകാർ പറയുന്നത് വകവെക്കാതെ അവൻ കാറിൽ നിന്നിറങ്ങി അടുത്ത് ചെന്ന് നോക്കുമ്പോൾ ഒരു പുരുഷനും, സ്ത്രീയും...
സ്റ്റിയറ്റിംഗിൽ തല വെച്ച് കിടക്കുന്ന മനുഷ്യനെ അവൻ നേരെ കിടത്തി.. അയാളുടെ മൂക്കിൽ നിന്നുംരാക്തം ഒലിക്കുന്നുണ്ടയിടുന്നു...
ഇടിയുടെ ആഘാതത്തിൽ തല ഇടിച്ചതു കാരണം തലയിലും ഒരു മുറിവുണ്ട്...
സ്ത്രീയുടെ നില അത്ര ഗുരുതരമായിരുന്നില്ല ...
ആ മനുഷ്യന്റെ മുഖം ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോൾ അവന്റെ നെഞ്ചിൽ ഒരിടി മുഴങ്ങി...
പണ്ടൊരിക്കൽ എങ്ങോ അമ്മയുടെ അലമാരിയിൽ സാരികൾക്കിടയിൽ കിടന്ന ഒരു ഗ്രൂപ്പ് ഫോട്ടോയിൽ അവനാ മുഖം കണ്ടിട്ടുണ്ട്...
ഒരു കൊച്ചുകുട്ടിയുടെ ഇടവും, വലവുമായി ചിരിച്ചു കൊണ്ട് ഇരിക്കുന്ന മുഖങ്ങളിൽ ഒന്ന്...
അന്ന് അതാരാണെന്ന് ചോദിച്ചപ്പോൾ " നിന്റെ അച്ഛൻ " എന്ന് അമ്മ പറഞ്ഞു...
"അച്ഛൻ എവിടെ പോയി "
എന്ന ചോദ്യത്തിന് ഉത്തരമില്ലായിരുന്നു..
ആ ചോദ്യം മാത്രം അമ്മ ഇഷ്ടപ്പെട്ടിരുന്നില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
എത്രയോ തവണ ചോദിച്ചിരിക്കുന്നു...
അപ്പോളൊക്കെ അമ്മയുടെമുഖം വാടുന്നത് കണ്ടുപിന്നെ അത് നിർത്തി...
കൂട്ടുകാരുടെ അടക്കം പറച്ചിൽ കേട്ട് വളർന്ന ബാല്യം...
ചോക്കലെറ്റ് പെട്ടികളുമായി മക്കളെ കാണാൻ വരുന്ന കൂട്ടുകാരുടെ അച്ഛന്മാരെ കാണുമ്പോൾ എത്രയോ തവണ നിറഞ്ഞു വരുന്ന കണ്ണുകൾ തുടച്ചിട്ടുണ്ട്...
പിന്നീടത് ഒരുതരം വെറുപ്പായി മാറി...
അമ്മയെ വലിയ ഇഷ്ടമാണ്... എന്നാലും അമ്മ മറയ്ക്കുന്ന ഒരു രഹസ്യം... അത് ഇടയ്ക്കിടയ്ക്കെല്ലാം അമ്മയോടുള്ള അമർഷമായി മാറി...
പക്ഷേ ഇപ്പോൾ ഈ മനുഷ്യനെ കാണുമ്പോൾ, ഇയാളുടെ കൂടെയുള്ളസ്ത്രീയെ കാണുമ്പോൾ തനിക്ക് കുറെ ഒക്കെ മനസ്‌സിലാകുന്നു...
"ആലോചിച്ചുനിൽക്കാൻ സമയമില്ല..."
എന്ന ഓർമപ്പെടുത്തൽ അവനെ ചിന്തയിൽനിന്നുണർത്തി...
പെട്ടന്ന് വണ്ടി സ്റ്റാർട്ട് ചെയ്ത് രണ്ടുപേരെയും അടുത്തുള്ള ആശുപത്രിയിൽ എത്തിക്കാൻ കൂട്ടുകാർക്കൊപ്പം അവനും കൂടി...
അടുത്തുള്ള ഗവണ്മെന്റ് ഹോസ്പിറ്റലിൽ എത്തിച്ചിട്ട് അമ്മയെ വിളിച്ചതാണ്...
അപ്പോളേക്കും ഫോണിന്റെ ചാർജും തീർന്നു... പിന്നെ കൂട്ടുകാരുടെ ഫോണിൽ ട്രൈ ചെയ്തിട്ടും വീട്ടിലേക്ക് കണക്ഷൻ പോകുന്നുമില്ല.
അവരെ അഡ്മിറ്റ് ചെയ്ത് കഴിഞ്ഞപ്പോൾ ഇനി പോകാം എന്ന് കൂട്ടുകാർ പറഞ്ഞതൊന്നും തലയിൽ കയറുന്ന മാനസികാവസ്ഥയിൽ അല്ലായിരുന്നു അഭിമന്യു...
അത് അവന്റെ അച്ഛനാണ്...
അതവനു മാത്രം അറിയാവുന്ന രഹസ്യം...
എന്ത് ചെയ്യണം എന്ന് ഒരെത്തും പിടിയും കിട്ടാതെ നിൽക്കുമ്പോൾ ഒരു നേഴ്സ് ഓടിവന്നു ചോദിച്ചു..
"A+ രക്തം വേണം...
നിങ്ങളുടെ ആരുടേരെങ്കിലും ബ്ലഡ് ഗ്രൂപ്പ് A +ആണോ? "
അവന്റെ ഗ്രൂപ്പ് അത് തന്നെയായിരുന്നു...
"ഉടനെ വേണം... വരൂ.."
പോകുന്നതിനിടയിൽ അവര് പറഞ്ഞു.... "ആ സ്ത്രീയ്ക്ക് കുഴപ്പമില്ല.... അയാൾക്ക് തക്ക സമയം ബ്ലഡ് കൊടുത്താൽ രക്ഷപെടും..
മോന്റെ രക്തഗ്രൂപ്പ്‌അയാളുടേതുമായി ചേരുന്നതുഭാഗ്യം.."
എല്ലാം കഴിഞ്ഞ് തിരികെ പോകാൻ തിടുക്കം കൂട്ടിയ കൂട്ടുകാരെ അവൻ പറഞ്ഞു വിട്ടു...
ഒരു പരിചയക്കാരനാണ് അയാളെന്നും ഈയാവസ്ഥയിൽ തനിച്ചാക്കി പോകാൻ കഴിയില്ലെന്നും പറഞ്ഞപ്പോൾ അവര് ഒരു ടാക്സി പിടിച്ച് തിരികെ പോയ്ക്കൊളാം എന്ന് സമാധാനിച്ചു...
അയാളുടെ തലയ്ക്ക് ചെറിയൊരു സർജറി വേണ്ടി വന്നു..
എന്നാലും തക്ക സമയത്ത് എത്തിച്ചത് കൊണ്ട് രക്ഷപെട്ടു..പക്ഷേ അവനെ സംബന്ധിച്ചിടത്തോളം
അതൊന്നുമല്ലായിരുന്നു അവനു വേണ്ടത്..
അവന്റെ ജീവിതത്തിൽ സംഭവിച്ചത് അവനറിയണമായിരുന്നു...
എന്ത് കൊണ്ട് ഇത്രയും നാൾ തനിക്ക് അച്ഛൻ ഇല്ലാതെ പോയി എന്നറിയണമായിരുന്നു...
അതിന് വേണ്ടി അവൻ അവരോടൊപ്പം ഒരു സഹായി ആയി അവിടെ നിന്നു...
ആ മനുഷ്യനെ ICU ഇൽ നിന്ന് റൂമിലേക്ക് മാറ്റിയപ്പോൾ അയാൾ അവനെ നോക്കി നന്ദിയൊക്കെ പറഞ്ഞു...
അതിനിടയിൽ വീട്ടിലേക്ക് വിളിച്ചു...
അമ്മ ബിപി കൂടി കുറച്ച് പ്രശ്നത്തിൽ ആയിരുന്നു... മകന്റെ സംസാരം കേട്ടപ്പോൾ സമാധാനം ആയി...
രണ്ട് ദിവസം കഴിഞ്ഞ് എത്താമെന്നും, തനിക്കിഷ്ടപെട്ട ചെമ്മീൻ റോസ്റ്റ് ഉണ്ടാക്കി വെക്കണമെന്നും പറഞ്ഞു..
അമ്മയ്ക്കുണ്ടായ സന്തോഷത്തിന്
അതിരില്ലായിരുന്നു..കുറെ നാൾ കൂടിയായിരുന്നു മകന് അമ്മയോട് ഇങ്ങനെ സംസാരിക്കുന്നത്..
നാളെ ഡിസ്ചാർജ് ആയി പോകാമെന്നു ഡോക്ടർ പറഞ്ഞപ്പോൾ അവര് അവനോട് പിന്നെയും നന്ദി പറഞ്ഞു.. ദൈവം ആണ് അവനെ ആ സമയത്ത് അവിടെ എത്തിച്ചതെന്ന് പറഞ്ഞപ്പോൾ പിന്നെ അവനു പിടിച്ച് നിൽക്കാൻ ആയില്ല...
മൊബൈലിൽ നിന്ന് തന്റെ അമ്മയുടെ ഒരു ഫോട്ടോ എടുത്ത് അയാളെ കാണിച്ചിട്ട് ചോദിച്ചു..
" ഈ സ്ത്രീയെ അറിയുമോ...? " അതിഭയങ്കരമായ ഒരു ഞെട്ടൽ അയാളിലും, അവരിലും പ്രകടമായി...
" പ്രിയംവദ... "
അവരുടെ ശബ്ദം ഉയർന്നു...
അയാളാകട്ടെ ആ ഞെട്ടലിൽ നിന്ന് വിട്ടുമാറി യിരുന്നില്ല..
" അതെ പ്രിയംവദ ...
എന്റെ അമ്മ... "
അവൻ കൂട്ടിച്ചേർത്തു....
അപ്പോൾ രണ്ടുപേരുടെയും ഞെട്ടൽ പൂർണമായി ..
ഏതോ വിചിത്ര ജീവിയെ നോക്കും പോലെ അവനെ തുറിച്ചു നോക്കി രണ്ടാളും...
അയാളുടെ മുഖത്ത് വരുന്ന വിവിധ ഭാവങ്ങളും, നെഞ്ചിടിപ്പ് കൂടുന്നതും അവൻ ശ്രദ്ധിച്ചു...
അയാൾ എന്തോ പറയാനായി ചുണ്ടുകൾ ചലി പ്പിക്കുണ്ടായിരുന്നു...
നിറഞ്ഞു വരുന്ന കണ്ണുനീർ അയാളെ അതിനനുവദിച്ചില്ല...
അവൻ തുടർന്നു...
"നിങ്ങൾ എന്റെ അച്ഛനാണെന്നു മാത്രം എനിക്കറിയാം...
അമ്മയുടെ ജീവിതത്തിൽ എന്ത് സംഭവിച്ചതെന്ന് ഇന്നും എനിക്കറിയില്ല..
അറിയാൻ ഒരുപാട് ശ്രമിച്ചിട്ടുണ്ട്...
അമ്മ പറഞ്ഞിട്ടില്ല എന്നതാണ് വാസ്തവം..
ഇപ്പോൾ എനിക്കതറിയണം."
ആ സ്ത്രീ കുറെ നേരം അവനെ നോക്കി നിന്നു ...
എന്നിട്ട് പറഞ്ഞു ..
" നമുക്കൊന്ന് നടന്നിട്ട് വരാം "
എന്നിട്ട് അവർ പറഞ്ഞുതുടങ്ങി..
" ഞാൻ നിർമ്മല..
ഞാനും നിന്റെ അമ്മയും, അച്ഛനും ഒരുമിച്ച് പഠിച്ചവരാണ്...
അവരുടെ വീട്ടുകാരെ ധിക്കരിച്ചു നടന്ന വിവാഹത്തിനും സാക്ഷി ഞാനായിരുന്നു...
പക്ഷേ, ജീവിതത്തിൽ വിധി എന്നേ പലവിധത്തിൽ തോൽപ്പിച്ചു... ഒരു മോളുണ്ടായിരുന്നു...
ഹാർട്ടിൻ ചെറിയ പ്രോബ്ലം ആയിട്ടാണ് കുട്ടി ജനിച്ചത് തന്നെ...
ഹോസ്പിറ്റലിലും മറ്റും ഒരുപാട് പൈസ ചിലവാക്കിയിട്ടും പ്രയോജനം ഉണ്ടായില്ല...
സ്ഥിരവരുമാനമില്ലാത്ത ഭർത്താവ്...
ആ കാലത്തൊക്കെ നിന്റെ അച്ഛൻ ഒരുപാട് സഹായിച്ചിട്ടുണ്ട്... അവരും ജീവിതം തുടങ്ങുന്നേയുണ്ടായിരുന്നുള്ളു...
ഒരു വീട് വെക്കാനും മറ്റും പ്രിയംവദ സ്വരുക്കൂട്ടി വെച്ചിരുന്ന കാശിൽ ഭൂരിഭാഗവും ചോദിക്കുമ്പോളൊക്കെ മനു കൂട്ടുകെട്ടിന്റെ പേരിൽ ഞങ്ങൾക്ക് തരുമായിരുന്നു.
.
എന്റെ ഭർത്താവിന് ഒരു ജോലി കിട്ടിയിട്ട് എല്ലാം തിരികെ താരാമെന്ന കരാറിൽ...
പക്ഷേ ഇതൊന്നും പ്രിയംവദ അറിയാതെയാണ് മനു തന്നിട്ടുന്നതെന്ന് സത്യത്തിൽ ഞങ്ങൾ അറിഞ്ഞിരുന്നില്ല.
ഒരുപക്ഷേ അവളറിഞ്ഞാൽ എത്ര കൂട്ടുകാരി ആണെങ്കിലും കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശ് എല്ലാം എടുത്ത് മറ്റൊരാൾക്ക് കൊടുക്കുന്നത് ഇഷ്ടപ്പെടില്ല എന്ന് മനു കരുതികാണും.
ഒന്നാമത് ഒരു സമ്പന്ന കുടുംബത്തിലെ അംഗ മായിരുന്നു പ്രിയംവദ...
സ്വന്തമായി ഒരുവീട് ഏതൊരു പെണ്ണിന്റെയും സ്വപ്നമാണ്..
ആയിടയ്ക്ക് എന്റെ ഭർത്താവ് വിദേശത്തു പോയി ... വിസയ്ക്കും മറ്റും വീണ്ടും സഹായിച്ചത് മനു ആയിരുന്നു...
പോയതിന്റെ രണ്ട് മാസം കഴിഞ്ഞ് ആൾ അവിടെ വെച്ച് മരണപ്പെട്ടു...
ആകെ തകർന്ന എന്നേ ആ സമയത്ത് സഹായിക്കാൻ സാമ്പത്തികമായി അത്ര നല്ല സ്ഥിതിയിൽ അല്ലാതിരുന്ന ഇരുവീട്ടുകാർക്കും ആയില്ല..
ഇടയ്ക്ക് മോളുടെ അസുഖം കൂടി... ഉടനെ സർജറി വേണമെന്ന സ്ഥിതി ആയപ്പോൾ ഞാൻ മനുവിനെ വിളിച്ചു...
വീട്ടിലേക്ക് വരാൻ മനു പറഞ്ഞു...
പ്രിയംവദ അറിഞ്ഞിരിക്കുമല്ലോ,
അതാവും വീട്ടിലേക്ക് വരാൻ പറഞ്ഞതെന്ന്
കരുതി ഞാൻ അവിടെ ചെന്നതും എന്നേ കണ്ട് വാതിൽ തുറന്ന് അവൾ നിന്റെ കൈയും പിടിച്ച് പോകുകയായിരുന്നു....
തിരികെ ഞങ്ങൾ ഓടിച്ചെന്നെങ്കിലും അവൾ ശ്രദ്ധിക്കാതെ ഓട്ടോയിൽ കയറി പ്പോയി...
പിന്നീടാണ് ഞാനറിയുന്നത് അവളാണ് മനുവിന്റെ ഫോണിൽ നിന്ന് എനിക്ക് msg അയച്ചതെന്നും... മനു അവളോട് ഒന്നും പറഞ്ഞിട്ടില്ലെന്നും...
എന്റെ മകൾ സർജറി കഴിഞ്ഞെങ്കിലും മരിച്ചുപോയിരുന്നു...
തെറ്റിദ്ധാരണ മാറ്റാൻ ഞങ്ങൾ കുറെ ശ്രമിച്ചു വെങ്കിലും അവൾ ട്രാൻസ്ഫർ വാങ്ങി ദൂരെ എവിടെയോ പോയി എന്ന് മാത്രമേ അറി യാൻ കഴിഞ്ഞുള്ളു...
എല്ലാം ഞങ്ങളുടെ തെറ്റാണ്...
ആദ്യം മുതൽ അവളോടെല്ലാം പറയണമായിരുന്നു...
എല്ലാവരും ഞങ്ങളെ കുറ്റപ്പെടുത്തി..
നിന്റെ അമ്മ അറിയാതെ മനുവിന് ഞാനുമായി ബന്ധം ഉണ്ടായിരുന്നുവെന്ന് പറഞ്ഞു നാട്ടുകാരും ചില്ലറയല്ല ബുദ്ധിമുട്ടിച്ചത്...
ആ സമയങ്ങളിൽ നിന്റെ അച്ഛൻ നിങ്ങളെ കുറിച്ചോർത്തു വിഷമിക്കാത്ത ദിവസങ്ങൾ ഇല്ലായിരുന്നു...
പിന്നീടെപ്പോഴോ ആരും തുണയില്ലാത്ത എനിക്കും, മനുവിനും ഒരു ജീവിതം വേണമെന്ന് തോന്നി... അതല്ലങ്കിൽ സമൂഹത്തിന് മുൻപിൽ ഞങ്ങൾ ഒറ്റപെട്ടേനെ..
അങ്ങനെയാണ് ഒന്നിച്ചു ജീവിക്കാൻ തോന്നിയത്..."
അവർ പറഞ്ഞു നിർത്തി...
അഭിമന്യുവിൽ നിന്ന് ഒരു ദീർഘ നിശ്വാസം ഉയർന്നു...
അവനൊന്നും പറയാനുണ്ടായിരുന്നില്ല...
ആരെയും കുറ്റപ്പെടുത്താൻ പറ്റില്ല...
വിധി പലപ്പോഴും അങ്ങനെയാണ്...
അത് നമ്മളെ,നമ്മളറിയതെ വല്ലാത്ത ഒരു നിസ്സഹായാവസ്ഥയിൽ കൊണ്ട് ചെന്നെത്തിക്കും...
എന്നിട്ട് ദൂരെ മാറിനിന്ന് വിദൂഷകനേ പോലെ അട്ടഹസിച്ചു ചിരിക്കും.
അവന് അച്ഛനെ ഒന്ന് കാണണമെന്ന് തോന്നി...
ഒരിക്കൽ കൂടി..
അവരോടൊപ്പം തിരികെ ഹിസ്‌പിറ്റലിൽ ചെന്നപ്പോൾ നേഴ്സ് ഓടിവരുന്നുണ്ടായിരുന്നു...
" നിങ്ങൾ എവിടെയായിരുന്നു...
അദ്ദേഹം തിരക്കുന്നുണ്ട്...
എന്തോ ബുദ്ധിമുട്ട് പോലെ... "
തിടുക്കത്തിൽ നടന്നു റൂമിലെത്തി...
എന്തോ പറയാൻ വിതുമ്പുന്ന ആ ചുണ്ടുകൾ...
പതിഞ്ഞ ശബ്ദത്തിൽ "മോനെ" എന്ന് വിളിക്കും പോലെ അവനു തോന്നി...
കൈകൾ കൂപ്പി അവനെ തൊഴുന്നുണ്ടായിരുന്നു....
ആ കൈപ്പത്തികൾ സ്വന്തം കൈയ്യിലൊതുക്കുമ്പോൾ അവന്റെ കണ്ണുകളും നിറഞ്ഞു..
" അച്ഛാ... "എന്നൊരു വിളി അവനിൽ നിന്നുണ്ടായി...
പെട്ടന്ന് സംയമനം പാലിച്ചു പറഞ്ഞു.
"അച്ഛാ ഞാൻ പ്രിയവദയുടെ മകനാണ്...
എന്റെ അമ്മയുടെ...
എനിക്കുകിട്ടാതിരുന്ന സ്നേഹത്തെ കുറിച്ചൊരുത്ത് ഞാൻ എത്രയോ കരഞ്ഞിരിക്കുന്നു.
ഒരുപക്ഷേ എന്നേ ഉറക്കി കിടത്തി തലയിണയിൽ മുഖം അമർത്തി കരഞ്ഞു എന്റെ അമ്മ എത്രയോ രാത്രികൾ തള്ളിനീക്കിയിട്ടുണ്ടാവാം.. നി ങ്ങൾക്കിടയിൽ സംഭവിച്ചത് എന്ത് തന്നെയായാലും നഷ്ടം എനിക്കും, എന്റമ്മയ്ക്കും മാത്രമാണ്..
അച്ഛന് പുതിയൊരുജീവിതം കിട്ടിയപ്പോൾ അമ്മ ജീവിച്ചത് ഒരു വിധവയുടെ ജീവിതമാണ്.
എന്തൊക്കെ ന്യായീകരങ്ങങ്ങൾ പറഞ്ഞാലും അച്ഛൻ ചെയ്ത തെറ്റ് അമ്മയുടെ ഭാഗത്തുനിന്നായിരുന്നു എങ്കിൽ അച്ഛൻ ക്ഷമിക്കുമായിരുന്നോ...
അച്ഛനും ഒരുപക്ഷേ ആ സാഹചര്യത്തിൽ അമ്മ ചെയ്തതെ ചെയ്യു..
ഒരേ കാര്യം ആണും, പെണ്ണും ഒരുപോലെ ചെയ്താൽ പെണ്ണിന് മാത്രം ജീവിതകാലം മുഴുവൻ പഴി കേൾക്കുന്നത് എന്ത് ന്യായം.
ഇത്രയുനാൾ ഞങ്ങൾ എങ്ങനെ ജീവിച്ചു എന്ന് അന്വഷിക്കാത്ത ഒരാളെ എന്തിന്റെ പേരിലെനിക്കിഷ്ടപ്പെടാൻ കഴിയും...
എനിക്കിപ്പോൾ ഒരുതരം മരവിപ്പാണ്..പൂരിപ്പിക്കാതെ കിടന്ന ഒരു കടംകതയുടെ ഉത്തരം കിട്ടിയപോലെ...
എന്റെ അഭിമാനം ആണ് എന്റെ അമ്മ...
അച്ഛനോടെനിക്ക് വെറുപ്പായിരുന്നു...
ഇപ്പോൾ ഒന്നും തോന്നുന്നില്ല...
ഞാൻ അച്ഛനെ കണ്ടത് അമ്മയോട് പറയില്ല...
എനിക്ക് അമ്മയുടെ മാത്രം മകനായി ജീവിക്കാനാ ണിഷ്ടം..."
തിരിഞ്ഞു വാതിൽ കടക്കുമ്പോൾ " മോനെ " എന്നുള്ള പിൻവിളി അവൻ കേട്ടില്ല...
അവൻ മനസ്സിൽ അച്ഛന് മാപ്പ് കൊടുത്തിരുന്നു..
കാർ സ്റ്റാർട്ട് ചെയ്ത് ചുരം ഇറങ്ങുമ്പോൾ എത്രയും പെട്ടന്ന് അമ്മയുടെ അരികിൽ എത്തണമെന്നും.. അമ്മയുണ്ടാക്കിയ തനിക്കിഷ്ടപെട്ട ചെമ്മീൻ റോസ്റ്റ് കഴിച്ച് ഇതുവരെ അമ്മയെ വിഷമിപ്പിച്ചതിന് അമ്മയെ അത്രത്തോളം സ്നേഹിക്കണമെന്നും മാത്രമായിരുന്നു ചിന്ത...
അച്ഛൻ ഇത്രയും നാൾ തന്റൊപ്പം ഇല്ലായിരുന്നു...
ഇനിയും വേണ്ട..
അതെ താൻ പ്രിയവദയുടെ മാത്രം മകനാണ് .
തന്റെ അമ്മയുടെ...
ചുണ്ടിൽ ഒരു മൂളിപ്പാട്ടുമായി അവൻ അമ്മയെ വിളിക്കൻ മൊബൈൽ എടുത്തു...
കോൾ അറ്റൻഡ് ചെയ്ത അമ്മയോട് പറഞ്ഞു " അമ്മ... രണ്ടാഴ്ച ലീവ് എടുത്തോ ഓഫീസിൽ നിന്ന്...
വന്നിട്ട് നമുക്ക് നോർത്ത് ഇന്ത്യ മുഴുവൻ ഒന്ന് ചുറ്റണം...."
ചുണ്ടിലൂറുന്ന പുഞ്ചിരിയുമായി ഫോൺ വെയ്ക്കുമ്പോൾ മറുവശത്തുള്ള അമ്മയുടെ ഞെട്ടൽ അഭിമന്യുവിന് വ്യക്തമായി കേൾക്കാമായിരുന്നു.
അപ്പോൾ അവൻ ഓർക്കുകയായിരുന്നു...
ചില നേരങ്ങളിൽ.... ചില മനുഷ്യർ
ആർക്കും പിടിതരാതെ കടംകഥ പോലെ.......