ഒന്നു കാണണമെന്ന് പല തവണ പറഞ്ഞിട്ടും അവൾ സമ്മതിച്ചിട്ടില്ല...

Valappottukal

 


രചന: സാന്ദ്ര


ഓഫീസിൽ നിന്നും ഹാഫ് ഡേ ലീവ് എടുത്ത് ടൗണിലേക്ക് തിരിക്കുമ്പോൾ  അനന്ദുവിന്റെ മനസ് മുഴുവൻ അതായിരുന്നു... 


എന്തിനായിരിക്കും അവൾ വരാൻ പറഞ്ഞത്..


വിവാഹം തീരുമാനിച്ച ശേഷം ആദ്യമായാണ് വിദ്യ അനന്ദുവിനെ കാണണമെന്ന് പറയുന്നത്..... 


ഒരു പാവം നാട്ടിൻപുറത്തുകാരിയാണ് അവൾ... വിവാഹനിശ്ചയത്തിനു ശേഷമുള്ള ഫോൺവിളികൾ പോലും അവൾക്ക് പേടിയായിരുന്നു.. ഒന്നു കാണണമെന്ന് പല തവണ പറഞ്ഞിട്ടും അവൾ സമ്മതിച്ചിട്ടില്ല.. അതിന്റെ പേരിൽ കൂട്ടുകാരൊക്കെ കളിയാക്കിയിട്ടുണ്ട്.. പക്ഷേ, അപ്പോഴും താൻ അവളെ കൂടുതൽ മനസിലാക്കുകയായിരുന്നു... അവളോടുള്ള ഇഷ്ടം കൂടുകയായിരുന്നു...


പക്ഷേ ഇന്ന് രാവിലെ വിളിച്ച് അത്യാവശ്യമായി കാണണമെന്ന് പറഞ്ഞു അവൾ... സ്വരമൊക്കെ ഇടറിയ പോലെ... എന്തോ പന്തികേട് തോന്നി... 


വിദ്യ അനന്ദുവിനെ കാത്തു നിൽക്കുകയായിരുന്നു....... 

ബൈക്ക് സൈഡ് ചേർത്ത് നിർത്തി അവൻ അവളുടെ അടുത്തേക്ക് നടന്നു... 


"എന്താ വിദ്യാ.. കാണണമെന്ന് പറഞ്ഞത്.. "


അവൾ ഒന്നും മിണ്ടുന്നില്ലെന്ന് തോന്നിയപ്പോൾ അവൻ വീണ്ടും പറഞ്ഞു.. 


"നമുക്ക് എവിടെയെങ്കിലും ഇരുന്ന് സംസാരിക്കാം... വാ.."


അനുസരണയുള്ള കുട്ടിയെപ്പോലെ വിദ്യ അനന്ദുവിന്റെ പുറകെ നടന്നു.. 

പേടിയോ സങ്കടമോ എന്തൊക്കെയോ അവളുടെ മുഖത്ത് നിഴലിക്കുന്നതായി അവന് തോന്നി.....


റെസ്റ്റോറന്റിൽ തിരക്കൊഴിഞ്ഞ സ്ഥലത്ത് അനന്ദു അവളുമായി ഇരുന്നു... 


സംസാരിച്ച് തുടങ്ങാൻ അവൾക്ക് ബുദ്ധിമുട്ടുള്ളതു പോലെ തോന്നി...


"എന്താ വിദ്യാ... തനിക്ക് പറയാനുള്ളത് എന്താണെങ്കിലും തുറന്ന് പറഞ്ഞോളൂ..."


ഇടറിയ സ്വരത്തിൽ അവൾ പറഞ്ഞു തുടങ്ങി..


"നന്ദുവേട്ടാ....ഞാൻ പറയണ കാര്യം ഏട്ടന് മനസിലാകുമോന്ന് നിയ്ക്കറിഞ്ഞൂട.....കല്ല്യാണം ഉറപ്പിച്ച ഈ സമയത്ത് ഇത് പറയണത് ശരിയാണോന്ന് കൂടി അറിയില്ല... പക്ഷേ.."


"വിദ്യാ..  എന്താണെങ്കിലും പറഞ്ഞോളൂ.. മുഖവുരയൊന്നും വേണ്ട..." അനന്ദുവിന് ഉള്ളിൽ ചെറിയ  ടെൻഷൻ തോന്നി....


"നന്ദുവേട്ടാ.. 

ഏട്ടൻ ഈ വിവാഹത്തിൽ നിന്ന് പിന്മാറണം......"

അത് പറഞ്ഞപ്പോൾ അവളുടെ ശബ്ദം ഇടറി...


ഒന്നും മിണ്ടാതെ അനന്ദു ഇരുന്നു.. അവന്റെ മൗനം അവളെ വീണ്ടും സങ്കടപ്പെടുത്തി...

 

"നന്ദുവേട്ടാ..."

അവൾ പതിയെ വിളിച്ചു..


"മ്... മനസിലായി വിദ്യ... താൻ എന്താ ഉദ്ദേശിക്കുന്നതെന്ന്...

വിവാഹത്തിന് മുൻപ് എല്ലാവർക്കും ഉണ്ടാകും ഒരു പ്രണയം.. വിവാഹം ആലോചിച്ച സമയത്ത് തന്നെ തനിക്കിത് പറയാരുന്നു.. ഇതിപ്പോ.. എല്ലാ ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞ്..."


നിറഞ്ഞൊഴുകിയ കണ്ണുകൾ അടച്ചു പിടിച്ച് വിദ്യ തല കുനിച്ചിരുന്നു... 


"സാരല്ല്യ വിദ്യാ .... ഞാൻ എല്ലാവരേയും പറഞ്ഞ് ..."


"നന്ദുവേട്ടാ..." അവന്റെ വാക്കുകൾ മുഴുവിപ്പിക്കാൻ സമ്മതിക്കാതെ അവൾ വിളിച്ചു ....


അവളുടെ കരച്ചിൽ ഏങ്ങലടിയായി മാറിയിരുന്നു.... 


"വിദ്യാ..." അവൻ അവളുടെ കയ്യിൽ പിടിച്ചു...


തേങ്ങൽ അടക്കി പിടിച്ച് അവൾ പറഞ്ഞു.. 


"നന്ദുവേട്ടാ... ഏട്ടൻ കരുതണ പോലെ പ്രണയത്തിന് വേണ്ടിയല്ല ഈ വിവാഹം ഉപേക്ഷിക്കണമെന്ന് ഞാൻ പറഞ്ഞത്..."


"പിന്നേ...." അവൻ അതിശയത്തോടെ ചോദിച്ചു...


"ഏട്ടാ..  നിങ്ങൾ ചോദിച്ച സ്ത്രീധനം തരാൻ അച്ഛനു കഴിയുംന്ന് തോന്നണില്ല... ഒരു ലോണിന് വേണ്ടി ശ്രമിച്ചിരുന്നു.. അത് നടന്നില്ല.. ഇപ്പോ ആ തുകയ്ക്കും വിവാഹം നടത്താനുള്ള ചിലവിനുമായി ശ്വാസം വിടാതെ പരക്കം പായുകയാണ് അച്ഛൻ...."


"അത് കണ്ടു നിൽക്കാൻ വയ്യ നിയ്ക്ക്.. എത്ര ശ്രമിച്ചാലും അവർക്ക് അതിന് കഴിയില്ല നന്ദുവേട്ടാ..

ന്റെ കല്ല്യാണം മുടങ്ങാതിരിക്കാൻ എന്തും ചെയ്യാൻ തയ്യാറായാ അവര് നിൽക്കണേ... പക്ഷേ.. നിയ്ക് വേണ്ടി അവരിങ്ങനെ ഉരുകി ത്തീരുന്നത് കാണാൻ വയ്യ..."


"ഈ വിവാഹം മാറിപ്പോയാൽ ആദ്യമൊക്കെ സങ്കടം തോന്നും .. പക്ഷേ അത് അവർക്ക് ആശ്വാസമായിരിക്കും നന്ദുവേട്ടാ..."


ഇത്രയും പറഞ്ഞപ്പോഴേക്കും അവൾ കരഞ്ഞു തളർന്നിരുന്നു...


എന്ത് പറയണമെന്നറിയാതെ അനന്ദു അവളെ നോക്കി...


"വേറെ ഒരു നിവൃത്തിയും ഇല്ലാത്തോണ്ടാ നന്ദുവേട്ടാ... ഇപ്പോ ഇത് ചെയ്താൽ ഒരു കുടുംബത്തോട് കാട്ടണ ഏറ്റവും വലിയ ദയയാവും ഇത്..."


അവൾ കണ്ണുകൾ തുടച്ച് പറഞ്ഞു...


ഒരു ദീർഘനിശ്വാസത്തിന് ശേഷം അനന്ദു സംസാരിച്ച് തുടങ്ങി...


"വിദ്യാ ... തന്റെ അവസ്ഥ മനസിലാകണുണ്ട് നിയ്ക്ക്...  നീ ഇപ്പോൾ പൊയ്ക്കോളൂ... ഈ ഞായറാഴ്ച ഞാൻ അച്ഛനെയും കൂട്ടി വീട്ടിലേക്ക് വരാം ...

നീ പറഞ്ഞ പോലെ തന്നെ നടക്കട്ടെ.. .. കരയണ്ട...."


അവൾ അവന്റെ മുഖത്തേക്ക് നോക്കി...


"നന്ദുവേട്ടാ.. പറഞ്ഞത് തെറ്റാണോ അവിവേകമാണോന്ന് കൂടി നിയ്ക്കറിഞ്ഞൂട... ആണെങ്കിൽ ക്ഷമിയ്ക്കണം.....  ആരും ഒന്നും അറിയരുത് ട്ടോ..."


അവൾ പറഞ്ഞപ്പോഴേക്കും അനന്ദു എഴുന്നേറ്റിരുന്നു...


"ശരി...

ഞാൻ ഇറങ്ങട്ടെ വിദ്യാ... 

ഞായറാഴ്ച കാണാം... "


ഒന്നും മിണ്ടാതെ അവളും നടന്നു....


അടുത്ത ഞായറാഴ്ച....അനന്ദുവും അച്ഛനും വീട്ടിലെത്തി...അച്ഛനുമായി അവർ സംസാരിക്കുന്നതും അച്ഛൻ കണ്ണു തുടയ്ക്കുന്നതുമെല്ലാം വിദ്യ മുറിയിൽ നിന്ന് കണ്ടു... 


അവൾ പതിയെ കട്ടിലിലേക്കിരുന്നു.. നെഞ്ച് പിടയ്ക്കണു... 


വിവാഹം ഉറപ്പിച്ചതിന് ശേഷം ഏതൊരു പെണ്ണിനെയും പോലെ സ്വപ്നം കണ്ടു തുടങ്ങിയതാണ് ഒരു ജീവിതം... അറിയാതെ നന്ദുവേട്ടനെയും സ്നേഹിച്ച് തുടങ്ങിയിരുന്നു...


പക്ഷേ...


ഇല്ല.. തനിക്ക് വിധിച്ചിട്ടില്ല..  തന്റെ സന്തോഷത്തിനായി വീട്ടുകാർ ഉമിത്തീയിലെരിയുന്നത് കാണാൻ വയ്യ...  


എന്നാലും ഉള്ളിൽ ഒരു നീറ്റൽ...

കണ്ണൊക്കെ നിറയുന്നു... 


പെട്ടെന്ന് അനന്ദു മുറിയിലേക്ക് കയറി വന്നു.. അവൾ പെട്ടെന്ന് കണ്ണു തുടച്ചു...


"വിദ്യാ... താൻ പറഞ്ഞ പോലെ തന്നെ എല്ലാം നടത്തിയിട്ടുണ്ട്.. ആരും ഒന്നും അറിഞ്ഞിട്ടില്ല..... ഒന്നു കൂടി കാണണമെന്ന് തോന്നി .. അതാ വന്നത്..."


എങ്കിൽ ഞാൻ ഇറങ്ങട്ടെ... എന്നെങ്കിലും.. എവിടെ വെച്ചെങ്കിലും കാണാം....


അനന്ദു തിരിഞ്ഞ് നടന്നു.... 


വിദ്യയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.... ഇതു വരെ ഉണ്ടായിരുന്ന ധൈര്യമെല്ലാം ചോർന്നു പോയി...  മുഖം പൊത്തി കരയുന്ന അവളുടെ മുടിയിൽ ആരോ തലോടി.. 


വല്ല്യേച്ചിയാണ് .... 


"കരയണ്ട മോളേ.. ഇങ്ങനൊരു ബന്ധം കിട്ടിയതിന് സന്തോഷിക്ക്.. ദൈവത്തിനോട് നന്ദി പറയ്..."


അവൾ ഒന്നും മനസിലാകാതെ വല്ല്യേച്ചിയെ നോക്കി ...


വിദ്യയുടെ ഫോൺ റിംഗ് ചെയ്തു.. അനന്ദുവാണ് .....


"വിദ്യാ..   


ഞാൻ തന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചത് സ്ത്രീധനത്തിനോ  സ്വർണത്തിനോ വേണ്ടിയല്ല.. എന്റെ ഭാര്യയായി.. എന്റെ പെണ്ണായി ഒന്നിച്ച് ജീവിക്കാൻ വേണ്ടിയാണ്.... വിവാഹച്ചിലവിന് ഒരു തുക ഞാൻ അച്ഛനെ ഏൽപ്പിച്ചിട്ടുണ്ട്... അതൊരു സഹായമല്ല.. വീട്ടിലെ ബുദ്ധിമുട്ട് അറിഞ്ഞ് പെരുമാറുന്ന നിന്നെപ്പോലെയൊരു നല്ല കുട്ടിയെ എനിക്ക് തന്നതിന് എനിക്ക് ആ അച്ഛനോടാണ് കടപ്പാട്..."


"നന്ദുവേട്ടാ..." വിദ്യ കരച്ചിലടക്കി പിടിച്ച് വിളിച്ചു...


"കരയണ്ട വിദ്യാ... ഇത്രയും ദിവസം ടെൻഷൻ അല്ലായിരുന്നോ.. ഇനി സ്വപ്നം കണ്ട് തുടങ്ങിക്കോളൂ... നീയും ഞാനും മാത്രമുള്ള നമ്മുടെ ജീവിതം....!!!!"


NB: സ്ത്രീ ധനമാണ്.....സ്ത്രീധനം വിലയിട്ട്‌ വാങ്ങി കാഴ്ച വസ്തുവായി സൂക്ഷിക്കേണ്ടവളല്ല...

പറഞ്ഞ പൊന്നും പണവും കുറഞ്ഞെന്ന പേരിൽ ഒരു പെൺ കുട്ടിയെ കണ്ണീര് കുടിപ്പിക്കുന്നുവെങ്കിൽ മറക്കാതിരിക്കുക, ആ കണ്ണുനീരിന്ന് നിങ്ങളെ ദഹിപ്പിച്ച്‌ കളയാനുള്ള ശക്തിയുണ്ടെന്ന യാഥാർത്യം.... 

ആഢംബരങ്ങൾക്ക്‌ മുൻതൂക്കം കൊടുക്കാതെ ചുരുങ്ങിയ നിലയിൽ വിവാഹവും അനുബന്ധ ചടങ്ങുകളും നടത്താൻ ശ്രമിക്കാം.. ഒരു മകളെ വിവാഹം കഴിപ്പിച്ചയക്കാനുള്ള സാധാരണക്കാരന്റെ പിടിപ്പ്‌ കേട് വാക്കുകൾ കൊണ്ട്‌ വിവരിക്കാനാകാത്തതാണ്.....

ലൈക്ക് കമന്റ് ചെയ്യൂ

To Top