നീരവിനെ കണ്ടതും കണ്ണുകൾ ഒന്ന് തിളങ്ങി, ചുണ്ടിൽ നാണത്താൽ ചാലിച്ച ചിരി വിടർന്നു...

Valappottukal


രചന: പൂർവിക പാർത്വി

തീർത്ഥ


""എവിടെന്നാണ്ട് ഒരുത്തിയെ കൊണ്ടന്നതും പോരാ എന്നിട്ട് രണ്ടാളേം വിളക്കും കൊടുത്ത് ഞങ്ങൾ സ്വീകരിക്കണം ല്ലെ.. """"


അമ്മാവന്റെ വീട് കുലുങ്ങുമാറുള്ള ഒച്ച കേട്ട് പിന്നാമ്പുറത്ത് നല്ല പഴുത്ത മാങ്ങ എറിയാൻ നോക്കി എടുത്ത കല്ല് തിരിച്ച് അതേപടി ഇട്ടു ഉമ്മറപടിയിലേക്ക്‌ ഓടി തീർത്ഥ.. കൺമുന്നിൽ നീരവിനെ കണ്ടതും കണ്ണുകള് ഒന്ന് തിളങ്ങി..ചുണ്ടിൽ നാണത്താൽ ചാലിച്ച ചിരി വിടർന്നു..എന്നാൽ തൊട്ടപ്പുറം ആ കൈയും പിടിച്ച് നിൽക്കുന്ന പെൺകുട്ടിയിലേക്ക് നോട്ടം പോയതും പുഞ്ചിരി ഞെട്ടലിലേക്ക്‌ വഴിമാറി.. ദേഷ്യം കൊണ്ട് വിറച്ച് നിൽക്കുന്ന അമ്മാവനെയും കലങ്ങിയ കണ്ണുമായി മായമ്മയെയും കണ്ടപ്പോൾ കാര്യങ്ങൽ ഒരുവിധം ഊഹിച്ചു....


"""അപ്പോ ഈ നിൽക്കുന്ന തീർത്ഥയോ നീരവ്.. അവള് നിനക്ക് ഉള്ളതാണ്ന്ന് എത്രവട്ടം പറഞ്ഞിട്ടുണ്ട്.. ആ പാവത്തിനെ മോഹിപ്പിച്ചിട്ട്‌ ചതിക്കാൻ ഞാൻ സമ്മയ്ക്കില്ല്യാ.."" നിർവികാരതയോടെ നിൽക്കുന്ന എന്നെ കണ്ടതും അമ്മാവൻ പറഞ്ഞു.


""ഞാൻ ആർക്കും കെട്ടി കൂടെ പൊറുപ്പിക്കാംന്ന് വാക്കൊന്നും കൊടുത്തിട്ടില്ല.. മാത്രല്ല..ഞങ്ങളുടെ കല്ല്യാണം കഴിഞ്ഞതും ആണ്..""  നിലത്ത് നോക്കി അവനത് പറഞ്ഞ് തീർന്നതും ഒരു ശബ്ദത്തോടെ അമ്മാവന്റെ കൈകൾ ആ മുഖത്ത് പതിഞ്ഞിരുന്നു.. ഒന്നും പറയാതെ അകത്തേക്ക് പോയ അമ്മാവനേം മായമ്മേം നോക്കി നിൽക്കെ കണ്ടു ക്രോധത്തോടെ തന്നെ നോക്കുന്ന നാല് കണ്ണുകളെ... 


ഒന്നും മിണ്ടാതെ ആയാസപെട്ട്‌ മാവിൻ ചുവട്ടിൽ വന്നിരുന്നു.. സന്തോഷം വന്നാലും സങ്കടം വന്നാലും ഇവിടെ വന്നെ ഇരിക്കുള്ളു...അത് ചെറുപ്പം മുതലേ അങ്ങനെയാണ്....കണ്ണുനീർ തുള്ളികൾ ധാരയായി ഒഴുകി ഇറങ്ങി കൊണ്ടിരുന്നു.. തന്റെ തെറ്റ് തന്നെയാണ്..അർഹിക്കുന്നതെ ആഗ്രഹിക്കാവു...അല്ലേലും ഈ അനാഥ പെണ്ണ് ഒരിക്കലും നീരവിന് ചേരില്ല...എപ്പോഴൊക്കെയോ കൊതിച്ച് പോയി....ശരിയാണ്.... വേണ്ട..ഒന്നും വേണ്ട...


 കുറച്ച് നേരം കൂടെ അവിടെ തനിച്ചിരുന്നു എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു...അവിടെ കരഞ്ഞു പാത്രങ്ങളോട് പിറുപിറുക്കുന്നുണ്ട് മായമ്മ...


രണ്ട് ദിവസം എല്ലാവരും പരസ്പരം മൗനമായി തന്നെ കടന്നു പോയി..അമ്മാവനും മായമ്മക്കും ന്റെ മുഖത്ത് നോക്കാൻ കഴിയാത്ത പോലെ..കുറ്റബോധം കൊണ്ടാവും..കുഞ്ഞിലെ മുതൽ നീരവിന്റെ പേണ്ണെന്ന വിശേഷണം ചെവിയിലേക്ക് ഓതി തന്നത് അവർ രണ്ടു പേരുമാണ്..മറ്റു രണ്ടു പേരാണെൽ ആരെയും കണ്ട ഭാവം നടിക്കുന്നില്ല..ജോലി കിട്ടി കഴിഞ്ഞ് അവധിയെടുത്ത് വരുമ്പോൾ കൂടിയും മായമ്മേടെ പിന്നിൽ നിന്ന് മാറത്തതാണ്...


"""തീർത്ഥ..""


 മാഞ്ചുവട്ടിൽ പലതും ആലോചിച്ച് ഇരിക്കുമ്പോഴാണ് പിന്നിൽ നിന്ന് വിളി കേട്ടത്..തിരിഞ്ഞ് നോക്കിയില്ല..ചിലപ്പോൾ തന്നെ ആശിപ്പിച്ച് ഒടുക്കം കൈവിട്ടു കളഞ്ഞതിൽ ഉള്ള കുറ്റബോധം ആയിരിക്കും.. തിരിച്ച് എന്ത് മറുപടി പറയണം എന്നും മനസ്സിൽ സ്വരുക്കൂട്ടി വച്ചു...


""തീർത്ഥ..എനിക്കൊന്നു തന്നോട് സംസാരിക്കണം.."" 

എന്നും തന്നോട് മിണ്ടുമ്പോഴുള്ള നേർത്ത സ്വരത്തിൽ നിന്നും വിട്ടുമാറി ഒട്ടും മാറ്റമില്ലാതെ ഗൗരവം നിറഞ്ഞിരുന്നത് അറിയെ പയ്യെ തല ഉയർത്തി..


"" ഇതാദ്യം ആയിട്ടാണ് അച്ഛനും അമ്മേം ന്നോട് ഇങ്ങനെ മിണ്ടാതെ... റിയക്കും അതൊരുപാട് വിഷമം ആവുന്നുണ്ട്..നീ എന്നുള്ള ഒറ്റകാരണം കൊണ്ടാണ് അവർ ഇങ്ങനെ വിഷമിക്കുന്നെ..ചെറുപ്പത്തിൽ അങ്ങനെ എന്തെങ്കിലും ഒക്കെ പറഞ്ഞിട്ടുണ്ടെങ്കിൽ  തന്നെ അതൊക്കെ ആ പ്രായത്തിന്റെ ആണ്..അല്ലാതെ ഇഷ്ടം പ്രേമം എന്നൊന്നും ഇല്ല..നീ തന്നെ ഒന്നാലോചിച്ചു നോക്കൂ..എന്തുകൊണ്ടും..അതിപ്പോ സ്റ്റാറ്റസ്..എഡ്യൂക്കേഷൻ..കുടുംബം..എല്ലാം കൊണ്ടും  റിയ തന്നെ അല്ലെ എനിക്ക് ചേരാ..  നീ അച്ഛനോട് ഒന്ന് സംസാരിക്കണം..നീ പറഞ്ഞാൽ സമയ്ക്കും..""


അതും പറഞ്ഞു ഒട്ടും ഭാവമാറ്റം ഇല്ലാതെ നിൽക്കുന്ന കണ്ടപ്പോൾ തീർത്തും തകർന്നു പോയി... എന്തിന് വേണ്ടിയാണെന്ന് ആ മുഖത്ത് നോക്കി വീറോടെ ചോദിക്കണം ഉണ്ടായിരുന്നു...എന്തിനാണ് എല്ലാവരും  നീരവിന്റെ പെണ്ണ് എന്ന് പറയുമ്പോൾ ചിരിച്ച് മുഖം മാറ്റി കളയുന്നതെന്ന്..... ഓരോ അവധിക്ക് വരുമ്പോഴും മടിയിൽ കിടന്നു ആയിരമായിരം കഥകൾ പറയുന്നതെന്ന്..... അന്നാ കോരിച്ചൊരിയുന്ന മഴയത്ത് നനഞ്ഞൊട്ടി നിന്നപ്പോൾ ഇറുകെ പുണർന്നത്......മുഖമാകെ മുത്തങ്ങൾ കൊണ്ട് മൂടിയത്......പ്രേമം അല്ലെങ്കിൽ പിന്നെ എന്താണിതെന്ന് ഉശിരോടെ ചോദിക്കണം എന്നുണ്ടെങ്കിലും കഴിയുന്നില്ല...തളർന്നു പോകുന്നു... ചോദ്യഭാവത്തിൽ നിൽക്കുന്നവനെ നോക്കി സമ്മതം മൂളി നടന്നകന്നു... 


മായമ്മെടെ ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയതാണ് നീരവിനെ..നിക്ക്‌ വേണ്ടിയാവും ഉള്ളു നീറിട്ടും മാറ്റി നിർത്തുന്നത്...വേണ്ട..സമ്മതമില്ലാതെ ആരുടെയും ഒന്നും തീർഥക്ക്‌ വേണ്ട....തന്റെ വാശിക്കും കരച്ചിലിനോടുവിൽ രണ്ടാളും അവരോട്  അകലം കുറച്ച് മിണ്ടി തുടങ്ങി... മായമ്മ പയ്യെ മരുമകളുടെ സ്ഥാനത്തേക്ക് റിയയെ സ്നേഹിച്ച് തുടങ്ങി.... അടുത്തുള്ള അമ്പലത്തിൽ വച്ച് താലി കെട്ടൽ തീരുമാനിച്ചു..അതിന്റെ കൂടെ ന്റെയും നടത്താൻ അമ്മാവൻ തിടുക്കം കാട്ടിയെങ്കിലും അതിന് മാത്രം സമ്മയ്ച്ചില്ല...അതൊരിക്കലും ഇനി നടക്കില്ല...വേറെ ഒരാളെ തനിക്ക് ഇനി..വയ്യ. .


കല്ല്യാണത്തിന് ഒരു പെങ്ങളുടെ സ്ഥാനത്ത് നിന്ന് എല്ലാം ചെയ്യുമ്പോഴും മനസ്സ് കല്ലാക്കി മാറ്റിയിരുന്നു..നീരവ് വാങ്ങി തന്ന പട്ടുസാരി  തന്നെയാണ് ഉടുത്തത്..ഒട്ടും വിഷമമില്ലെന്ന് എല്ലാവരെയും ബോധിപ്പിക്കാൻ കിണഞ്ഞു ശ്രമിച്ചു കൊണ്ടിരിന്നു...മായമ്മക്ക്‌ മാത്രം അത് മനസ്സിലായി എന്ന് തോന്നുന്നു...ഇടക്ക്‌ കണ്ണ് നിറച്ചു ന്നെ നോക്കുന്ന കാണാം...തന്റെ നേർക്ക് വീഴുന്ന റിയയുടെ പുച്ഛത്തോടെയുള്ള നോട്ടങ്ങളെ ഒക്കെ കണ്ടില്ലെന്ന് നടിച്ചു...ദിവസങ്ങൾ പിന്നെയും കടന്നു പോയി..ആർക്കൊക്കെയോ വേണ്ടി എന്ന പോലെ ഞാനും...പിന്നീട് എപ്പോഴൊക്കെയോ അവരുടെ ജീവിതത്തിന് ഇടയിൽ പാളിച്ചകൾ വന്നു തുടങ്ങിയെന്ന് തോന്നുന്നു...എന്നും ഓരോ പൊട്ടലും ചീറ്റലും..തന്റെ കാര്യം അല്ലെന്നുള്ളത് കൊണ്ട് തന്നെ ഇടപെടാൻ പോയില്ല.. ഒരിക്കെ മായമ്മേം നീരവും ആയുള്ള വഴക്കിനിടയിൽ മനസ്സിലായി അതിനും കാരണം ഈ തീർത്ഥ തന്നെയാണെന്ന്...ദേഷ്യത്തോടെ മേശമേലിരുന്ന ഗ്ലാസ്സ് നിലത്തേക്ക് എ തിരിഞ്ഞപ്പൊഴാണ് ന്നെ കണ്ടത്...


""മതിയോ നിനക്ക്..സന്തോഷം ആയി കാണൂലോ..ന്റെ ജീവിതം തകരുന്ന കാണുമ്പോ...ചെറുപ്പത്തിൽ ആണേൽ ന്റെ അച്ചന്റേം അമ്മെടെം സ്നേഹം തട്ടിയെടുത്ത് കൊണ്ടായിരുന്നു.. ഇപ്പൊ ഒന്ന് കല്ല്യാണം കഴിച്ചപ്പോ അതിന്റെ ഇടയിലും..പൂർവകാമുകി ഉള്ള വീട്ടിൽ അവൾക്ക് കഴിയാൻ പറ്റില്ലെന്ന്...നീ എപ്പൊഴാടി ന്റെ കാമുകി ആയത്...അത് പോട്ടെ...വലുതായി ഒന്ന് കെട്ടി പോയാൽ ഒഴിഞ്ഞു പോവൂലോ വച്ചതാ..ഇപ്പൊ അതും ഇല്ല..നാശം""" മുഖത്ത് നോക്കി ഒട്ടും ദയയില്ലതെ പറഞ്ഞു മറികടന്ന് പോയപ്പോൾ ആ വാക്കുകൾ ഒക്കെ ശ്വരങ്ങളായി നെഞ്ചില് തറഞ്ഞു കയറി...അവ ഹൃദയത്തില് ആയിരം തുളകൾ ആവുന്നു..ചോര നിർത്താതെ കിനിയുന്നു...

ആശ്വസിപ്പിക്കാൻ വന്ന മായമ്മയെ തട്ടി മാറ്റി റൂമിലേക്ക് ഓടിപിടഞ്ഞ് കയറി...കയ്യിൽ കിട്ടിയത് ഒക്കെയും വാരി വലിച്ച് ബാഗിൽ കയറ്റി.. ഒരിക്കെ അവർ മൂന്ന് പേരുമായി എടുത്ത ഫോട്ടോ ഒന്ന് തഴുകി എടുത്ത് വച്ചു...ബാഗുമായി പുറത്തേക്ക് ഇറങ്ങുമ്പോൾ ഒന്നും മിണ്ടാതെ നിറകണ്ണുകളുമായി നിൽക്കുന്ന മായമ്മയെ കണ്ടില്ലെന്നു നടിച്ചു ...


അകതളത്തിൽ നീരവ് ഇരിക്കുന്നുണ്ട്..തൊട്ടപ്പുറത്ത് റിയയും...പിന്നിൽ ഒരണക്കം അറിഞ്ഞു തിരിഞ്ഞു നോക്കി ന്നെ കണ്ടതും വീണ്ടും അതേപടി ഇരുന്നു...


""പോവാണ് ഇവിടന്ന്... നീ പറഞ്ഞപോലെ നിന്റെ ജീവിതത്തിനും...ഇന്നുവരെ ഒരിക്കലും ആ സ്നേഹം തട്ടിയെടുക്കാൻ നോക്കിയിട്ടില്ല..മായമ്മ ന്നെ നോക്കുമ്പോൾ നിനക്ക് അതിൽ ഒരു കുറവും തൊന്നാണ്ടന്ന് കരുതി ഞാനും സ്നേഹി ച്ചിട്ടെ ഉള്ളൂ..എന്നും..

 അതുകൊണ്ട് തന്നെയാണ് ഒരു പരാതിയും കൂടാതെ..ഒരു ഇഷ്ടവും പറഞ്ഞു വരാതെ ഒഴിഞ്ഞ് തന്നത്..."" അത്രയും പറഞ്ഞു തീർത്തിട്ടും മറുപടി മൗനം ആയിരുന്നു...തിരിഞ്ഞതും മുൻപിൽ അമ്മാവൻ..മുഖം കണ്ടതും നടന്നതോക്കെയും കേട്ടു എന്ന് മനസ്സിലായി...


""വയ്യ അമ്മാവാ..നിക്ക്‌ ഇനീം ഇവിടെ വയ്യ..ന്നെ വല്ല ഹോസ്റ്റലിൽ കൊണ്ടാക്കോ പ്ലീസ്...""" ന്റെ അവസ്ഥ കണ്ടിട്ടോ ന്തോ..ഒന്ന് തലയാട്ടി കൊണ്ട് ബാഗും എടുത്ത് അമ്മാവൻ ഇറങ്ങി.. പിന്നിൽ ഒന്നും മിണ്ടാതെ ഞാനും...

 

🌹🌹🌹🌹🌹🌹🌹🌹🌹


4 വർഷങ്ങൾക്കിപ്പുറം...വീണ്ടും അവിടേക്ക്...ആഗ്രഹിച്ചതല്ല..അമ്മാവന്റെ നിർബന്ധപ്രകാരം ആണ്...പുതുതായി ജോയിൻ ചെയ്യുമ്പോൾ കാണണമെന്ന് രണ്ടാൾക്കും നിർബന്ധം...  ഏറെ ശ്രമത്തിനോടുവിൽ ആഗ്രഹിച്ച റവന്യു ഡിപപാർട്ട്മെന്റില്‌ തന്നെ...


അവിടന്ന് പോന്നെ പിന്നെ ആദ്യം കുറച്ച് നാൾ വളരെ ഒതുങ്ങി കൂടി..പിന്നീട് അതെന്തോ വാശിയായി മാറി...കൂടെയുള്ള ശിൽപയുടെ നിർബന്ധപ്രകാരം ആണ്  പഠിക്കുന്നത്...ജോലി നേടി സ്വന്തം കാലിൽ നൽകണം എന്ന തോന്നൽ ശക്തമായി..മായമ്മയെ വിളിക്കാറുണ്ട് എന്നും..അമ്മാവൻ ഇടക്ക്‌ കാണാൻ വരും...നീരവിനെ കുറിച്ചുള്ള സംസാരം കഴിവതും ഒഴിവാക്കാൻ തുടങ്ങി...തമ്മിൽ  ഒത്ത്പോവാൻ കഴിയാതെ വന്നപ്പോൾ ഡിവോഴ്‌സ് ആയി എന്നറിഞ്ഞു... ഇപ്പൊൾ അതൊന്നും തന്നെ അലട്ടുന്നില്ല...തെളിഞ്ഞ മാനം പോലെയാണ് മനസ്സ്..പുതിയ മേഘങ്ങൾ തേടി...ചിറക് വിരിച്ച് പറക്കാൻ കൊതിയാവുന്നു...


വാതിൽക്കൽ തന്നെ രണ്ടു പേരും വരവും നോക്കി നിൽപ്പുണ്ട്...കുറെ സ്നേഹ പ്രകടനങ്ങൾ ഒക്കെയും കഴിഞ്ഞു അകത്ത് കയറിയപ്പോൾ കണ്ടു..നീരവിനെ...ന്നെ ഫെയ്സ് ചെയ്യാൻ വല്ലാതെ ബുദ്ധിമുട്ടുന്ന പോലെ തോന്നി...മുഖം ഒക്കെ പ്രായം വന്നു കണ്ണോക്കെ കുഴിഞ്ഞു പണ്ടത്തതിൽ നിന്ന് തീർത്തും വേറിട്ട് രൂപം..


""ഇതെന്താ നീരവ്.. ആളാകെ മാറിപ്പോയല്ലോ..."" ചിരിച്ച് കൊണ്ട് ചോദിച്ചതും അവനും തിരിച്ച് പുഞ്ചിരിച്ചു...

 

""ഇന്നാണല്ലെ ജോയിൻ ചെയ്യണ്ടത്...കൺഗ്രാട്സ്...""" ഓരോന്നും പറഞ്ഞു അടുക്കളയിലേക്ക് പോകുന്ന അമ്മവനേം മായമ്മേം കണ്ടപ്പോഴേ മനസ്സിലായി ഞങ്ങൾക്ക് രണ്ടാൾക്കും സംസാരിക്കാൻ ആയി ഒഴിഞ്ഞു തന്നതാണെന്ന്....പരസ്പരം മൗനമായി തന്നെ നിമിഷങ്ങൾ കടന്നു പോയി....


""" റിയ ആയിട്ട് വേർപെട്ടു.."" ഒടുക്കം അവൻ തന്നെ അത് ഭേദിച്ച് കൊണ്ട് പറഞ്ഞു തുടങ്ങി....


""" ഹാ..ഞാൻ അറിഞ്ഞിരുന്നു...."""


"""" ഒരുപാട് അഡ്ജസ്റ്റ് ചെയ്തു...നീ പോയിട്ടും അവൾക്ക് പിന്നെ ആരോട് മിണ്ടിയാലും സംശയം ആയിരുന്നു...തീരെ ഒത്ത് പോവാൻ കഴിയാതായപ്പോൾ പിരിയുന്നത് തന്നെയാണ് നല്ലതെന്ന് തോന്നി...."""


""മ്മ്...""" ഒരു മൂളലിൽ മറുപടി ഒത്തുക്കിയപ്പോൾ അതിൽ കൂടുതൽ എന്തോ അവൻ പ്രതീക്ഷിച്ച പോലെ തോന്നി അവൾക്ക്....


"" തീർത്ഥ...എനിക്ക്..ഞാൻ...ഒരു കാര്യം..."""


"""എന്താ നീരവ്..."" 


"" അത് പിന്നെ..ഞാൻ നിന്നോട് ഒരിക്കലും പെരുമാറാൻ പാടില്ലാത്തത് പോലെയാണ് മുൻപൊക്കെ...ക്ഷമ ചോദിച്ചാൽ പകരം ആവില്ലെന്ന് അറിയാം..ഒരു രണ്ടാം കെട്ടുകാരൻ നിനക്ക് ചേരില്ലെന്നും അറിയാം...പക്ഷേ ചോദികാതിരിക്കാൻ കഴിയുന്നില്ല... പണ്ട് നീ ആഗ്രഹിച്ച പോലെ...എപ്പോഴൊക്കെയോ ഞാനും ആഗ്രഹിച്ച് പോയപോലെ..ഒന്നിച്ച് ഇനി മുഴുവൻ...."""" വാക്കുകൾ മുഴിവിക്കാൻ കഴിയാതെ കൂട്ടിച്ചേർത്ത് പറയാൻ പാടുപെടുന്ന നീരവിനെ ചുണ്ടിൽ മായാത്ത പുഞ്ചിരിയുമായി നോക്കി നിന്നു ആ പെണ്ണ്....തൊട്ടടുത്ത നിമിഷം അരികിലേക്ക് അമ്മാവനും മായമ്മേം വന്നു..രണ്ടു പേരും ഏറ്റം പ്രതീക്ഷയോടെ ഉറ്റു നോക്കുന്നുണ്ട്......


എന്തോ പറയാൻ മുതിരുന്നതിൻ മുൻപേ അവളുടെ ഫോൺ ആർ8ങ് ചെയ്തു...എല്ലാവരെയും നോക്കി പുറത്തേക്ക് ഇറങ്ങി സംസാരിച്ചിട്ടു തിരിച്ച് അകത്തേക്ക് വന്നു...


""" ഇനിയും എന്നെക്കാൾ മികച്ച ഒരാളെ കണ്ടാൽ ഇട്ടിട്ടു പോവാൻ നീരവിന് തൊന്നില്ലെന്ന എന്താ ഉറപ്പ്.."" കൈ രണ്ടും മാറിൽ പിണച്ചു വച്ച് അവന്റെ കണ്ണിലേക്ക് നോക്കി അത് ചോദിക്കുമ്പോൾ ആ തല ഉത്തരം ഇല്ലാത്ത വിധം താണ് പോയിരുന്നു.... 


"" മോളെ..അത് അവൻ.."" 


"" വേണ്ട അമ്മാവാ...അമ്മാവൻ നിക്ക്‌ മുൻപിൽ ഇങ്ങനെ പറഞ്ഞു ബുദ്ധിമുട്ടേണ്ട...എനിക്ക് നീരവിനോട് ഇപ്പൊ ഒരു ദേഷ്യോം ഇല്ല..ഇന്ന് ഞാൻ ഈ കാണുന്ന നിലയിൽ എത്തിയങ്കി അത് അന്ന് ഇവൻ ന്നെ പടിയിറക്കി വിട്ടത് കൊണ്ടാണ്...അതിന്റെ കടപ്പാട് എന്നും ഉണ്ടാവും...പക്ഷേ അതിന്റെ പേരിൽ ഇനി ഒന്നിച്ച് ഒരു ജീവിതം...ഒരു പരീക്ഷണം  അത് ശരിയാവില്ല...പിന്നെ അത് മാത്രമല്ല....""" അവൾ പറഞ്ഞു മുഴുവാനാക്കും മുൻപ് മുറ്റത്ത് ഒരു ബൈക്ക് വന്നു നിന്നിരുന്നു....അതിൽ നിന്ന് ഒരു ചെറുപ്പകാരൻ ഇറങ്ങി...ഒരു വൈറ്റ് ഷർട്ടും ജീൻസും ഇട്ടു വരുന്ന അവനെ മൂവരും കണ്ണെടുക്കാതെ നോക്കി നിന്നു....


"" മാപ് അയച്ചേലും വരാൻ ഇച്ചിരി ബുദ്ധിമുട്ടി...ഞാൻ ലേറ്റ് ആയോടോ.."""  എല്ലാവർക്കും ഒരു ചിരി സമ്മാനിച്ച് അവളുടെ അടുത്തേക്ക് ചേർന്ന് നിന്ന് അവൻ...


""" ഏയ് ഇല്ല...ഇതാട്ടോ എന്റെ മായമ്മ..അമ്മാവൻ..പിന്നെ ഇത് നീരവ്...."""


"" ഓ...അറിയാം.. കൊറേ പറഞ്ഞിട്ടുണ്ട് ഇവൾ...""" നീരവിന് ഒരു ഷെയ്ക് ഹാൻഡ് കൊടുത്ത് കൊണ്ടവൻ പറഞ്ഞു...


"" ഇത് ദീക്ഷിത്...എന്റെ കൂടെ കോച്ചിംഗ് സെന്റെറിൽ ഉണ്ടായിരുന്നതാ...എന്റെ ഏറ്റവും നല്ല ഫ്രണ്ട്...പിന്നെ ഇപ്പൊ...പരസ്പരം മനസ്സിലാക്കാനും താങ്ങാവനും രണ്ടാൾക്കും തോന്നുന്ന കൊണ്ട് ഇനി അങ്ങോട്ടും ഒന്നിച്ച് ജീവിക്കാൻ വിചാരിച്ചു...."" അത് പറഞ്ഞു തീർത്തതും മൂവരുടെയും മുഖം മങ്ങി.... നീരവിന്റെ കണ്ണിലെ നഷ്ടബോധം കണ്ടതും പെട്ടന്ന് കല്ല്യാണം കഴിഞ്ഞ ഉടൻ തന്നെ കാണിക്കാൻ വേണ്ടി രണ്ട് പേരും ചേർന്ന് നടന്നതും ചുംബിച്ചതും ഒക്കെ കണ്ണിലേക്ക് ഒരു ചിത്രം പോലെ വന്നു....എന്ത് കൊണ്ടോ പുച്ഛം തോന്നി....ഒന്ന് ദീർഘമായി കണ്ണടച്ച് തുറന്നു...തനിക്ക് എന്തെങ്കിലും സംസാരിക്കാൻ ആയ്‌കോട്ടെ കരുതി പുറത്തേക്ക് ഇറങ്ങിയിരുന്നു ദീക്ഷിത്...മായമ്മെടെ അരികിലേക്ക് ചെന്ന് ആ കൈകൾ കൂട്ടി പിടിച്ചു...


""" ജോലി കിട്ടിയപ്പോൾ തന്നിഷ്ടം കാണിച്ചു എന്ന് കരുതരുത് ട്ടോ....എനിക്ക് നിങ്ങള് എന്നും എന്റെ അച്ഛനും അമ്മയും തന്നെയാണ്....പിന്നെ ദീക്ഷിത്...അവൻ ഒരു പാവാ...അച്ഛനും അമ്മേം ഒന്നും ഇല്ലാത്ത ഒരു അനാഥൻ... എനിക് അറിയാലോ ആ വേദന..അപ്പോ അതിന് താങ്ങാവൻ പറ്റാ പറഞ്ഞ വെല്യേ കാര്യല്ലെ മായമ്മെ....ദേഷ്യം വക്കരുത് ട്ടോ..."""


""എന്തിന് ...സന്തോഷം ഉള്ളൂ...ഇവന്റെ പെണ്ണായി വീണ്ടും...അത് മായമ്മ ആഗ്രഹിച്ചിരുന്നു...സത്യാ..പക്ഷേ ന്റെ കുട്ടീടെ ഇഷ്ടത്തിന് എതിരായി നിക്കൊന്നും ഇല്ല...എന്നും ഞങ്ടെ രണ്ടാളുടെം  അനുഗ്രഹം എപ്പോഴും ഉണ്ടാവും....'"" രണ്ടു പേരെയും ചേർത്ത് പിടിച്ച് അനുഗ്രഹം വാങ്ങി നീരവിനെ നോക്കിയവൾ...ഒരു തെളിച്ചം ഇല്ലാത്ത പുഞ്ചിരിയാണ് അവൻ നൽകിയത് എങ്കിലും ഉള്ളൂ നിറഞ്ഞു മനസ്സറിഞ്ഞ് ചിരിച്ചു അവള്.... തിരിച്ച് ദീക്ഷിത് ന് അരികിൽ എത്തുമ്പോൾ തന്നെ കാത്തെന്ന പോലെ പതിവ് ചിരിയും ആയി നിൽപ്പുണ്ട് ആൾ...


""" കഴിഞ്ഞോ...അപ്പോ പോവാം..."""


""" ഇവിടേക്ക്..."""


"" എവിടേക്കുന്നോ....നമുക്ക് നേരെ ഹിമാലയത്തിൽ പോയി അവിടന്ന് കാശ്മീരിന്റെ ഉള്ളിൽകൂടെ പാകിസ്ഥാനിലേക്ക് വച്ച് പിടിക്കാം എന്തേ...""

 ഒരു കുസൃതി ചിരിയോടെ മീശയുടെ അറ്റം കടിച്ച് പിടിച്ച് അരികിലേക്ക് നടക്കുന്നവനെ ഊക്കോടെ തള്ളി മാറ്റിയവൾ...


"""ആദ്യം പൊന്നു മോൻ ഓഫീസിലേക്ക് വിട്..ഇപ്പഴേ ലേറ്റ് ആയി..."'


""ഓ..ആയ്‌കൊട്ടെ മാഡം.."" ഒരു ചിരിയോടെ ബൈക്കിന്റെ പിന്നിൽ ആയി കയറിയതും അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു...


"" പിന്നെ... ആ നീരവ് ആൾ കൊള്ളാം ട്ടോ..നൈസ്..."""


"" ആണല്ലേ...ഇന്ന് ആൾ പ്രോപോസ് ചെയ്തതാണ്... യെസ് പറഞ്ഞാ മതിയാർന്ന്...."""  ഒരു കുറുമ്പോടെ പറയുന്ന അവളെ കണ്ണാടിയിലൂടെ അവൻ കാണുന്നുണ്ടായിരുന്നു....


""" പറയാർന്നില്ലെ...അപ്പോ പിന്നെ ന്റെ ഒരു യെസ് കേൾക്കാൻ നടക്കുന്ന ശ്വേതയെ വിഷമിപ്പിക്കണോ നിക്ക്‌...""" 


"""" പോടാ പട്ടി...""" അതേ ഈണത്തിൽ തന്നോടുള്ള മറുപടി കേട്ട് ആ തോളിൽ അമർത്തി ഒരു കടി കൊടുത്ത് അവനെ ചുറ്റി പിടിച്ച് ഇരുന്നു ആ പെണ്ണ്...


അവസാനിച്ചു..


 ഇഷ്ടായാൽ രണ്ടു വരി കുറിക്കണെ🥰🥰🥰

To Top