പ്രിയയെ കിട്ടിയപ്പോൾ മുതൽ, നിനക്ക് മറ്റുള്ളവരെ വേണ്ടെന്നായോ...

Valappottukal



രചന: സജി തൈപ്പറമ്പ്


സ്കാനിങ്ങിൽ പ്രിയയ്ക്ക് ഒന്നിലധികം കുട്ടികളുണ്ടെന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഖയിസ്സിന് ,വല്ലാത്തൊരു വീർപ്പ് മുട്ടലായിരുന്നു.

 

ഒടുവിൽ രണ്ടും കല്പിച്ച്  ഉള്ളിൽ നുരഞ്ഞ് കൊണ്ടിരുന്ന ചോദ്യം, തൻ്റെ ഭാര്യയോട് ചോദിക്കാൻ തന്നെ അയാൾ  തീരുമാനിച്ചു.


പ്രിയാ.. ഞാനൊരു കാര്യം ചോദിച്ചാൽ, നിനക്ക് ബുദ്ധിമുട്ട് തോന്നുമോ ?


അവളുടെ കൈവിരലുകളിൽ തെരുകെ പിടിച്ച് കൊണ്ട് കടപ്പുറത്തെ കളിമണ്ണിലൂടെ നടക്കുമ്പോൾ അവൻ ചോദിച്ചു


എന്താടാ, 

ഇത് വരെയില്ലാത്തൊരു ഫോർമാലിറ്റി? നീ കാര്യം പറയ്,


അത് പിന്നെ ,

നിനക്കറിയാമല്ലോ? എൻ്റെ ഫിദയിത്തിയുടെ കാര്യം ,നമ്മളെക്കാൾ എട്ട് കൊല്ലം മുമ്പ് വിവാഹിതരായവരാണവർ,

പക്ഷേ, ഇത്തിയ്ക്ക് പടച്ചോൻ ഒരു കുഞ്ഞിനെ കൊടുത്തില്ല,

ആ ഒരു സങ്കടം ഇത്തിയ്ക്കെപ്പോഴുമുണ്ട്, നമ്മൾ വിചാരിച്ചാൽ, ഇത്തിയെ സഹായിക്കാൻ കഴിയില്ലേ?


ഓഹ് അതാണ് കാര്യം ,നമുക്ക് ജനിക്കുന്ന കുട്ടികളിൽ ഒരാളെ ഇത്തിയ്ക്ക് കൊടുക്കണമെന്നല്ലേ നീ പറഞ്ഞ് വരുന്നത് '


അതേടാ...


പക്ഷേ ,ഇപ്പോഴെഎനിക്കതിന് ഉറപ്പ് പറയാൻ കഴിയില്ലെടാ, നിനക്കറിയാല്ലോ? ലോകത്തൊരമ്മയും, ഗതികേട് കൊണ്ടല്ലാതെ, മക്കളെ മറ്റൊരാൾക്കും കൊടുക്കില്ല, പക്ഷേ, നിന്നോടുള്ള ഇഷ്ടം കൊണ്ട്, ഇപ്പോൾ എനിക്കും ആ ഗതികേട് വന്നിരിക്കുകയാണ്, നിൻ്റെ ഇഷ്ടങ്ങൾക്ക് ഞാനിത് വരെ നോ പറഞ്ഞിട്ടില്ലല്ലോ? അത് കൊണ്ട് ,അത് കൊണ്ട് മാത്രം ,ഒരാളെ നമുക്ക് ഫിദയിത്തിക്ക് കൊടുക്കാം, പക്ഷെ ഒരു കണ്ടീഷൻ ,നമുക്ക് ജനിക്കുന്നത് ,ഒരു മോളും മറ്റേത് മോനുമാണെങ്കിൽ മോളെ ഞാൻ തരില്ലാട്ടോ ? കാരണം ,നീയെപ്പോഴും പറയാറില്ലേ? നമുക്ക് ആദ്യമൊരു മോളെ വേണമെന്നും, അടുത്തത് മോനായാലും കുഴപ്പമില്ലെന്നും


ഓകെ ഡാ ... അത് മതി ,എങ്കിൽ  ഞാനിപ്പോൾ തന്നെ, ഇത്തിയെ വിളിച്ച്, 

ഈ സന്തോഷ വാർത്ത പറയട്ടെ? 


നില്ക്കെടാ, നീയൊന്നടങ്ങ് ,ഇങ്ങനെയുള്ള കാര്യങ്ങൾ ഫോണിലൂടെയല്ല ,നേരിട്ട് ചെന്ന് വേണം പറയാൻ ,നീ കാറെടുക്ക് ,നമുക്ക് ഇത്തിയുടെ വീട്ടിലേക്ക് പോകാം


ഓകെ ഡൺ,


അവർ ചെല്ലുമ്പോൾ ഫിദ, മഗ്രിബ് നമസ്കരിച്ച് കൊണ്ടിരിക്കുകയായിരുന്നു


ലിവിങ്ങ് റൂമിലൊരു വീൽചെയറിലിരുന്ന് കൊണ്ട് ഫിദയുടെ ഭർത്താവിൻ്റെ ഉപ്പ കൈയ്യിലൊരു ദസ്ബി പിടിച്ച് കൊണ്ട് ദിക്റുകൾ ഉരുവിടുന്നതിനിടയിൽ ,ഖയിസ്സിനോടും പ്രിയയോടും ഇരിക്കാനായി ആംഗ്യം കാണിച്ചു


കുറച്ച് നാള് മുമ്പ് ബി പി കൂടി സ്ട്രോക്ക് വന്നതോടെയാണ് മൂസാ ഹാജി എന്ന ആ എഴുപത് കാരൻ വീൽചെയറിലായത്


അസ്സലാമു അലൈക്കും


നമസ്കാരം കഴിഞ്ഞിറങ്ങി വന്ന ഫിദ ,രണ്ട് പേരോടും സലാം പറഞ്ഞു


വ അലൈക്കുമസ്സലാം, ഇത്തി.. അളിയൻ വരാറായില്ലേ?


ഖയിസ് ചോദിച്ചു


ഇക്ക വരുമ്പോൾ ഒൻപത് മണിയെങ്കിലുമാവും, നിങ്ങളിരിക്ക് ഞാൻ കുടിക്കാനെന്തേലുമെടുക്കട്ടെ


അതൊക്കെ പതിയെ മതി ,ഞങ്ങളിന്ന് ഡിന്നറ് കഴിച്ചിട്ടേ പോകുന്നുള്ളു അളിയൻ കൂടി വന്നിട്ട് ഒരു സർപ്രൈസ് തരാൻ വേണ്ടിയാ ഞങ്ങള് വന്നത്


അതെന്ത് സർപ്രൈസാഡാ...


അതൊക്കെ പറയാം അളിയൻ വരട്ടെ


ഫിദയെ മുൾമുനയിൽ നിർത്തിക്കൊണ്ട് പ്രിയയും 

ഖയിസ്സും, ആ സന്തോഷ വാർത്ത മനസ്സിൽ ഹോൾഡ് ചെയ്തു


ഇന്നെന്താ സ്പെഷ്യൽ? ,

കുക്കിങ്ങിന്

ഇത്തിയോടൊപ്പം ഞാനും കൂടാം


അടുക്കളയിലേക്ക് പോയ ഫിദയുടെ കൂടെ പ്രിയയും ചെന്നു.


ഫിദയുടെ ഹസ്ബൻ്റ്, സാദിഖലി, ടൗണിലൊരു ജ്യൂവലറി ഷോപ്പ്

നടത്തുകയാണ്.


ഖയിസ്സും പ്രിയയും എത്തിയ കാര്യം ,ഫിദ ഹസ്സിനെ വിളിച്ച് പറഞ്ഞപ്പോൾ ,നേരത്തെ എത്താമെന്ന് പറഞ്ഞിരുന്നു


പ്രിയയും ,ഫിദയും കൂടി വിഭവങ്ങൾ ഡൈനിങ്ങ് ടേബിളിൽ നിരത്തുമ്പോഴേക്കും പുറത്ത് കാറിൻ്റെ ഹോണടി കേട്ടു .


ഇക്ക വന്നൂന്ന് തോന്നുന്നു


ഫിദ, വേഗം പൂമുഖത്തേയ്ക്ക് ചെന്നു.


ഡാ ഖയിസ്സേ..നിനക്ക് ഞങ്ങളെയൊക്കെ ഓർമ്മയുണ്ടോടാ... ?പ്രിയയെ കിട്ടിയപ്പോൾ മുതൽ, നിനക്ക് മറ്റുള്ളവരെ വേണ്ടെന്നായോ? ഞാനൊരാൾ സപ്പോർട്ട് ചെയ്തത് കൊണ്ട് മാത്രമാണ്, പ്രിയയുമായി ഒളിച്ചോടിയ നിന്നെ, നിൻ്റുപ്പാ തറവാട്ടിൽ കയറ്റിയത് ,ഓർമ്മയുണ്ടല്ലോ അല്ലേ?


അത് ഞാൻ മറക്കുമോ അളിയാ .. ?ആ കടപ്പാട് എനിക്കും പ്രിയയ്ക്കുമുണ്ടെന്ന് തെളിയിക്കാൻ കൂടിയല്ലേ? ഞങ്ങളിപ്പോൾ വന്നത് തന്നെ,


അതേ ഇക്കാ .. ഇവര് വന്നപ്പോൾ മുതൽ എന്തോ ഒന്ന് ഒളിക്കുന്നുണ്ട്, നിങ്ങള് കൂടി വന്നിട്ടേ അത് പറയുള്ളൂന്ന്


ഫിദ പരിഭവത്തോടെ പറഞ്ഞു


എങ്കിൽ പറയെടാ, വെറുതെ നിൻ്റെ ഇത്തിയെ ടെൻഷനടിപ്പിക്കല്ലേ?


അത് പിന്നെ ,പ്രിയ ഗർഭിണിയാണെന്നും അവൾക്ക് ട്വിൻസാണെന്നുമൊക്കെ നിങ്ങളും അറിഞ്ഞതല്ലേ?


അതെ ,പക്ഷേ സർപ്രൈസ് അതല്ലല്ലോ? അത് നീയൊന്ന് വേഗം പറയ് 


ഫിദ, അക്ഷമയോടെ പറഞ്ഞു


ആ ട്വിൻസിൽ, ഒരാൺകുട്ടിയുണ്ടെങ്കിൽ അതിനെ നിങ്ങൾക്ക് തരാനായി ഞങ്ങളൊരുമിച്ചൊരു തീരുമാനമെടുത്തു ,ഇത്തിക്ക് ആൺകുട്ടികളോട് വല്ലാത്തൊരിഷ്ടമുണ്ടെന്നെനിക്കറിയാം ,അത് പറയാനാണ് ഞങ്ങൾ വന്നത്


ഖയിസ്സ് പറഞ്ഞ് കഴിഞ്ഞപ്പോൾ പൊടുന്നനെ ആ വലിയ വീടിൻ്റെ ഉൽതടം നിശബ്ദമായി


പകച്ച് പോയ ഖയിസ്സ് അളിയനെയും ഇത്തിയെയാം മാറി മാറി നോക്കി


ഫിദയുടെ കണ്ണ് നിറയുന്നതും ചുണ്ടുകൾ വിറകൊള്ളുന്നതും കണ്ടപ്പോൾ അവർ സന്തോഷം കൊണ്ട് വീർപ്പ് മുട്ടുകയാണെന്ന് ഖയിസ്സിന് മനസ്സിലായി.


നിങ്ങളെന്താ ഇങ്ങനെ മിഴിച്ച് നില്ക്കുന്നത് ? എന്തെങ്കിലുമൊന്ന് പറയ്,


എനിക്കും നിൻ്റെ ഇത്തിക്കും ഇത് വിശ്വസിക്കാൻ പറ്റുന്നില്ലെടാ, ഞങ്ങളിപ്പോഴും നോർമലായിട്ടില്ല ,ഇതിൽപരം സന്തോഷം, ഞങ്ങൾക്ക് വേറെ കിട്ടാനുണ്ടോടാ?


സാദിഖലി ,ഖയിസ്സിൻ്റെ ഇരു തോളിലും അമർത്തിപ്പിടിച്ചപ്പോൾ ഫിദ, പ്രിയയെ കെട്ടിപ്പുണരുകയായിരുന്നു.


ആ സമയത്ത് പ്രിയയുടെ ഫോണിലേക്ക് ഒരു കോള് വന്നു


ഇത്തീ ... അമ്മയാണ്, ഞാൻ കുറച്ച് മുമ്പ് വിളിച്ചിട്ട് അറ്റൻ്റ് ചെയ്തില്ലായിരുന്നു ,അപ്പോഴേ എനിക്ക് തോന്നി, വീട്ടിൽ അച്ഛനുണ്ടാവുമെന്ന്, ഇപ്പോൾ അച്ഛൻ ഉറങ്ങിക്കാണും അതാ ഈ സമയത്ത് തിരിച്ച് വിളിക്കുന്നത്


എങ്കിൽ വേഗം അറ്റൻറ് ചെയ്യ്


ഫിദ, പറഞ്ഞത് കേട്ട് ,കോള് അറ്റൻറ് ചെയ്ത് കൊണ്ട് പ്രിയ ,പൂമുഖത്തേക്കിറങ്ങി നിന്നു.


ങ്ഹാ അമ്മേ... ഞാൻ വിളിച്ചത് ഇന്ന് സ്കാനിങ്ങിന് പോയ കാര്യം പറയാനായിരുന്നു ,എനിക്ക് ഇരട്ട കുട്ടികളാണമ്മേ...


എൻ്റെ ഭഗവതീ... എൻ്റെ മോൾക്ക് ആപത്തൊന്നും കൂടാതെ സുഖപ്രസവമായിരിക്കണേ... മോളേ നീ ഗർഭിണിയാണെന്നറിഞ്ഞപ്പോഴേ .. അമ്മ രണ്ട് പേരുകൾ കണ്ട് വച്ചിരുന്നു ,ആൺകുട്ടിയാണെങ്കിൽ കണ്ണനെന്നും ,പെൺകുട്ടിയാണെങ്കിൽ അമ്മുവെന്നും ,ഇനിയിപ്പോൾ രണ്ട് പേരും ഒരുപോലെയങ്ങിടാമല്ലോ?ങ്ഹാ പിന്നെ മോളേ ... രണ്ട് പേരെയും നമുക്ക് ഗുരുവായൂര് കൊണ്ട് പോയി ചോറ് കൊടുക്കാമെന്ന് അമ്മ മനസ്സിലുറപ്പിക്കുവാണ് ,

ഗുരുവായൂരപ്പൻ്റെ അനുഗ്രഹത്താൽ ,ഒരു തടസ്സവും കൂടാതെ എല്ലാം  ഭംഗിയായി നടന്ന് കൊള്ളും


അയ്യോ അമ്മേ ... ഞാനൊന്ന് പറയട്ടെ?


ബാക്കി നാളെ പറയാം, മുറിയിൽ ലൈറ്റ് തെളിഞ്ഞു, അച്ഛൻ എഴുന്നേറ്റെന്ന് തോന്നുന്നു ,ഞാൻ ഫോൺ വയ്ക്കുവാ


ശബ്ദം താഴ്ത്തി അത്രയും പറഞ്ഞിട്ട്, അമ്മ പെട്ടെന്ന് ഫോൺ വച്ചപ്പോൾ, പ്രിയ സ്തബ്ധയായി നിന്ന് പോയി.


എന്താ ,?ഇത്ര പെട്ടെന്ന് അമ്മ ഫോൺ വച്ചോ?


പ്രിയയുടെ അടുത്തേയ്ക്ക് നടന്ന് വന്ന ഫിദ, ആകാംക്ഷയോടെ ചോദിച്ചു.


ഉം അച്ഛൻ ഉണർന്നുവത്രെ,

എന്നോടുള്ള പക അച്ഛന് ഇത് വരെ മാറിയിട്ടില്ലന്ന് ഇത്തിയ്ക്കറിയാമല്ലോ?


സാരമില്ലെടാ ..നീ വിഷമിക്കേണ്ട, നിൻ്റെ പ്രസവത്തോടെ എല്ലാവരുടെയും പിണക്കം മാറിക്കൊള്ളും


അത് കേട്ട് പ്രിയയ്ക്ക്  നടുക്കമുണ്ടായി.


പ്രിയേ .. ഞാനൊന്ന് നിൻ്റെ വയറിൽ ഉമ്മ വച്ചോട്ടെ, എനിക്ക് അത്രയ്ക്ക് കൊതി തോന്നുന്നെടാ


വികാരാർദ്രയായി 

ഫിദ ,അങ്ങനെ ചോദിച്ചപ്പോൾ ,തൻ്റെയും ഖയിസ്സിൻ്റെയും തീരുമാനം, എടുത്ത് ചാട്ടമായിപ്പോയെന്ന് പ്രിയയ്ക്ക് തോന്നിപ്പോയി.

അടുത്ത ഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

To Top