ഐമയോട് സുഹൃത്തായ നീവ് അന്നതു പറഞ്ഞപ്പോൾ അവൾക്കവനോട്...

Valappottukal

 


രചന: Pratheesh

ഐമയോട് സുഹൃത്തായ നീവ് 

അന്നതു പറഞ്ഞപ്പോൾ അവൾക്കവനോട് വല്ലാത്ത നീരസമാണ് തോന്നിയത്, 


നീവിന്റെ കാമുകി അവനെ ഉപേക്ഷിച്ച്  പോയപ്പോഴായിരുന്നു അവൻ ഐമയോടതു പറഞ്ഞത് !


നീവ് പറഞ്ഞത് അവൾക്കപ്പോൾ ഒട്ടും സ്വീകാര്യമായി തോന്നിയില്ല, 

അതുകൊണ്ടു തന്നെ

" സ്വന്തം പ്രശ്നങ്ങളുടെ പേരിൽ എല്ലാവരേയും അതേ കണ്ണിലൂടെ നോക്കി കാണരുതെന്ന് "  

അപ്പോൾ തന്നെ അവളവനു മറുപടിയും കൊടുത്തു,


അവളുടെ ആ മറുപടിക്കു പക്ഷേ 

അവൻ ഒരു ചെറു ചിരിയോടെ അവളെ ഒന്നു നോക്കുക മാത്രമാണ് ചെയ്തത്, 


സാധാരണ ഇത്തരം സന്ദർഭങ്ങളിൽ അവൻ പറയുന്ന കാര്യങ്ങൾ കൊണ്ട് അവനെന്താണ് ഉദേശിക്കുന്നതെന്ന് അവനവൾക്ക് വളരെ വ്യക്തമാക്കി കൊടുക്കാറുണ്ടായിരുന്നെങ്കിലും അന്നവൻ അങ്ങിനെ ചെയ്തില്ല,


അവൾക്കുള്ളിലെ ദേഷ്യത്തിന്റെ പുറത്ത് അവളും അപ്പോഴത് കാര്യമാക്കുകയോ അതിനെക്കുറിച്ച് കൂടുതലായി എന്തെങ്കിലും അവനോട് ചോദിക്കാനോ, പറയാനോ, അറിയാനോ ശ്രമിച്ചതുമില്ല !


അതിന്റെ കാരണം,

നീവിന്റെ വാക്കുകളിൽ പ്രതിധ്വനിച്ചു നിന്നിരുന്നത് ഐമയുടെ ഏറ്റവും വലിയ വിശ്വാസവും അവളുടെ കാമുകനുമായ വേദവുമായുള്ള അവളുടെ പ്രണയബന്ധമായിരുന്നു !


എന്നാലവൾക്കത് അംഗീകരിച്ചു കൊടുക്കാൻ സാധിക്കുന്നതായിരുന്നില്ല.

ഇത്രയും കാലത്തിനിടക്ക് നീവിനോട് അവൾക്ക് ശരിക്കും ദേഷ്യം തോന്നിയ ഒരവസരം കൂടിയായിരുന്നു അന്നത്,


വേദവിനെ നീവിനല്ലല്ലോ അവൾക്കല്ലെ കൂടുതലായി അറിയാവുന്നത് ? 

അതു കൊണ്ടു തന്നെ നീവിന്റെ ആ വാക്കുകൾ കേട്ട് വേദവിനെ തെറ്റിധരിക്കുന്നതിൽ അർത്ഥമില്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു,


അതു മാത്രമല്ല അവളില്ലാതെ വേദവിനും വേദവില്ലാതെ അവൾക്കും ജീവിതം  മുന്നോട്ടു പോകാനാവില്ലാത്ത വിധം അവരുടെ ബന്ധം അപ്പോഴേക്കും ദൃഢമായി മാറിയിരുന്നു,


പ്രണയത്തിന്റെ തുടക്കക്കാലത്ത് വേദവിന്റെ ഇഷ്ടങ്ങൾക്ക് എട്ടു മാസത്തോള്ളം താൽപ്പര്യം കാണിക്കാതിരുന്ന അവളെ വേണമെങ്കിൽ കുറച്ചു നാൾ കാത്തു നിന്ന ശേഷം ഇതു ശരിയാവുന്നില്ലെന്നു കണ്ട് മറ്റൊരുവളെ തിരഞ്ഞു വേദവിനു പോകാമായിരുന്നു,


എന്നിട്ടും അവളോടുള്ള ഇഷ്ടം ഒന്നു കൊണ്ടു മാത്രമാണ് വേദവ് അവൾ സമ്മതിക്കും വരെ ആ എട്ടു മാസത്തോള്ളം അവൾക്കായ് കാത്തു നിന്നത്, അങ്ങിനെയുള്ള ഒരാളെ നീവ് പറയുന്ന എന്തെങ്കിലും വാക്കുകൾ കേട്ട് അവിശ്വസിക്കാൻ അവൾ ഒരുക്കമല്ലായിരുന്നു,


സത്യത്തിൽ നീവിന്റെ കാമുകി അവനെ വിട്ടു പോയപ്പോഴാണ് പ്രാണനായി സ്നേഹിച്ച ഒരു പെൺകുട്ടി അവരെ വിട്ടു പോകുമ്പോൾ അതോർത്ത് ഒരാണിനുണ്ടാവുന്ന വിഷമം അവൾ മനസിലാക്കിയത് തന്നെ, 

അതു കൊണ്ടു തന്നെയാണ് വേദവിനെ നീവിന്റെ കാമുകിയേ പോലെ പാതി വഴിയിൽ വിട്ടിട്ടു പോവില്ലെന്ന തീരുമാനം അവൾ കൈകൊണ്ടതും,


ഇതെല്ലാം നീവിനും അറിയാമായിരുന്ന കാര്യങ്ങൾ തന്നെയാണ് അതെല്ലാം അറിഞ്ഞു കൊണ്ടും അവനത് പറഞ്ഞപ്പോഴാണ് അതവളെ വല്ലാതെ ചൊടിപ്പിച്ചത് ! 


ഈ ഒരു സംഭവത്തെ തുടർന്ന് 

അവൾ നീവുമായി മാനസീകമായി അകന്നു തുടങ്ങി,

വേദവ് വന്നതു മുതൽ ആ അകൽച്ചക്കു ആരംഭം കുറിച്ചിരുന്നെങ്കിലും ഇതോടെ അതു പൂർണ്ണമായി,


വേദവുമായുള്ള പ്രണയം വീട്ടിലറിഞ്ഞ ശേഷം കുറച്ചു പ്രശ്നങ്ങളൊക്കെ ഉണ്ടായെങ്കിലും വേദവ് പിൻമാറിയില്ല, അവളും അവന്റെ കൂടെ കട്ടക്ക് നിന്നു,

പരസ്പരം വിട്ടു കൊടുക്കില്ലെന്ന അവരുടെ തീരുമാനത്തിനു മുന്നിൽ അങ്ങിനെ വീട്ടുകാർ കീഴടങ്ങി,


വിവാഹശേഷം 

താങ്കളെ പോലെ ഇത്രയും ആത്മാത്ഥമായും, മനോഹരമായും, ഊഷ്മളമായും, സുദൃഢമായും സ്നേഹിക്കാൻ കഴിയുന്ന രണ്ടു പേർ ഈ ഭൂമിയിൽ വേറെ ഉണ്ടാവുമോയെന്ന് അവർക്ക് തന്നെ സംശയമായ രീതിയിലായിരുന്നു അവരുടെ ഇഷ്ടജീവിതം,


രണ്ടാം വർഷം മകൾ ഇന്ദീവര" പിറന്നതും ഭൂമിയിലെ സ്വർഗ്ഗം താങ്കളിലാണെന്ന വിശ്വാസം അവരിൽ ഊട്ടിയുറപ്പിക്കപ്പെട്ടു,


എന്നാൽ മൂന്നാം വർഷമായതും കാറ്റു മാറി വീശാൻ തുടങ്ങി, 

കിട്ടി കൊണ്ടിരുന്നത് വലിയ അളവിലായിരുന്നതു കൊണ്ട് തന്നെ തീരേ ചെറിയ കുറവു പോലും വലിയ തോതിൽ അവൾക്കനുഭവപ്പെടാൻ തുടങ്ങി,


ജോലി തിരക്കു കൊണ്ടാവും എന്നു കരുതി അവളതത്ര കാര്യമാക്കിയില്ലെങ്കിലും ദിനംപ്രതി അതിന്റെ അളവ് ഗണ്യമായ അളവിൽ കുറയാൻ തുടങ്ങിയതോടെ ചങ്കിടിപ്പായി,


പലപ്പോഴും ഒരു ഉമ്മക്കു വേണ്ടി പോലും വേദവിനോട് ചോദിക്കേണ്ടതായും, യാചിക്കേണ്ടതായും, നിർബന്ധിക്കേണ്ടതായും, 

അവനിൽ നിന്നു പിടിച്ചു വാങ്ങേണ്ടതായും വന്നതോടെ എന്തൊക്കയോ പൊരുത്തക്കേടുകൾ അവർക്കിടയിൽ സംഭവിക്കുന്നതായി അവൾക്കും തോന്നി,


അവന്റെ ഫോണിന് പുതുയതായി നമ്പർ ലോക്ക് വന്നു ചേരുകയും, 

ജോലി സംബന്ധമായി വല്ലപ്പോഴും മാത്രമുണ്ടായിരുന്ന ബിസിനസ്സ് ടൂറുകൾ മാസത്തിൽ രണ്ടു തവണയൊക്കെയായി കൂടുകയും ചെയ്തതോടെ ആധിയായി,


ഒരു കാര്യം എവിടെയെങ്കിലും കുറയുമ്പോൾ തീർച്ചയായും മറ്റെവിടെയെങ്കിലും അതു നിറക്കപ്പെടുന്നുണ്ടാവാം എന്നവൾക്കു തോന്നിയതു കൊണ്ടാവാം അവൾ അതിനുത്തരം തേടിയിറങ്ങിയത്,

അതോടെ പലതും പകൽ പോലെ അവൾക്കു മുന്നിൽ തെളിയാൻ തുടങ്ങി,


കാരണം വേദവിന്റെ ഒാഫീസിൽ തന്നെയുണ്ടായിരുന്നു,

ശ്രേയാംശ്രയ" !

അതീവസുന്ദരിയൊന്നുമായിരുന്നില്ല എന്നാൽ അവളിലെ മാംസളതക്ക് കൊഴുപ്പും മുഴുപ്പും കൂടുതലായിരുന്നു,


ആ നിമിഷം അവൾക്കു ബോധ്യപ്പെട്ട ഒരു സത്യമുണ്ട് ഏറ്റവും വലിയ സന്തോഷങ്ങളിൽ നിന്നും ഏറ്റവും വലിയ സങ്കടങ്ങളിലെക്കുള്ള ദൂരം അധികമില്ലായെന്ന് !


സ്വന്തം ജീവിതത്തിൽ സ്നേഹത്തേക്കാളും, വിശ്വാസത്തേക്കാളും, ഹൃദയത്തേക്കാളും മാംസളതക്കാണു പ്രാധാന്യം കൂടുതലെന്നു തിരിച്ചറിഞ്ഞ ആ നിമിഷം ചത്തു കളയാനാണ് അവൾക്കു തോന്നിയത്,


ആ സമയം മുന്നിൽ തെളിഞ്ഞ ഇന്ദീവരയുടെ മുഖം അവളെ പിന്നെയും ജീവിതത്തിലേക്ക് തന്നെ മടക്കി കൊണ്ടു വന്നു,


അതേ സമയം തന്നെ തെളിഞ്ഞ ജലാശയത്തിൽ പൂർണ്ണചന്ദ്രബിംബം പ്രതിഫലിക്കും പോലെ മറ്റൊരു മുഖം കൂടി അവൾക്കുള്ളിലേക്ക് കയറി വന്നു നീവ് ! ഒപ്പം അവനവളോട് അന്നു പറഞ്ഞ ആ വാക്കുകളും !


"മടുക്കും വരെ എല്ലാം മനോഹരമാണ് "


അവൻ പറഞ്ഞ ഈ വാക്കുകളുടെ വ്യാപ്തി അവളിൽ ആ സമയം അവളോള്ളം തന്നെ ആഴത്തിൽ കുത്തിയിറങ്ങി !


അതേ വാക്കുകൾ തന്നെ അവളുടെ ജീവിതമായി മാറുമെന്നവൾ ഒട്ടും പ്രതീഷിച്ചതായിരുന്നില്ല !!


കഴിഞ്ഞു പോയതെല്ലാം കൺമുന്നിൽ തെളിഞ്ഞതും അപ്പോൾ തന്നെ അവൾ നീവിനെ ഫോണിൽ വിളിച്ച് ദേഷ്യം പൂണ്ടൂ,


അവളുടെ കല്യാണശേഷം അവനവളെ മറന്നു കളഞ്ഞെന്നും, 

അവളെ കാണാനോ സംസാരിക്കാനോ ശ്രമിച്ചില്ലെന്നും, 

ഇപ്പോഴും അവളാണു മുൻകൈയ്യെടുത്ത് അവനെ വിളിച്ചതെന്നും പറഞ്ഞ് നീവിനെ കുറെ ചീത്ത വിളിച്ചു, 

വേദവിനോടുള്ള ദേഷ്യം മുഴുവൻ അവൾ നീവിനെ ചീത്ത വിളിച്ചു തീർത്തു,

അവനാണെങ്കിൽ ഒന്നും മിണ്ടാതെ അതെല്ലാം നിന്നു കേൾക്കുക മാത്രമാണ് ചെയ്തത് !


ആദ്യം അവനെ ചീത്ത വിളിച്ചെങ്കിലും ശേഷം അവളുടെ വിഷമങ്ങളെല്ലാം അവളവനോടു പറയുകയും അതോടൊപ്പം തന്നെ ഉടനടി അവനെയൊന്നു കാണണമെന്നു കൂടി പറഞ്ഞു, 

അവൻ കാണാമെന്നു സമ്മതിച്ചതോടെ പിന്നെ അവനെക്കുറിച്ചായി അവളുടെ ചിന്ത, 


കല്യാണശേഷം നാലോ അഞ്ചോ പ്രാവശ്യം മാത്രമാണവനെ അവൾ കണ്ടതു തന്നെ അതും ഒരു പുഞ്ചിരിക്കുള്ള സമയ ദൈർഘ്യത്തിൽ മാത്രം !

തമ്മിലുള്ള സംസാരവും വളരെ കുറഞ്ഞു പോയിരുന്നു, 

വിവാഹം അവനെന്ന സുഹൃത്തിനെ ശരിക്കും അവളിൽ നിന്നടർത്തിയിരുന്നു,


എന്നാലവൻ അവളുടെ പിറന്നാളിനും, വെഡ്ഡിങ്ങ് ആനുവേഴ്സറിക്കും, 

മറ്റു ഒാണം, ക്രിസ്തുമസ്സ്, റംസാൻ പോലുള്ള വിശേഷ ദിവസങ്ങൾക്കും മറക്കാതെ ആശംസകൾ അയക്കാറുമുണ്ടായിരുന്നു !


തമ്മിൽ കാണാമെന്നു പറഞ്ഞ സ്ഥലത്തു വെച്ച് അവളവനെ കാണുമ്പോൾ അവൻ ബീച്ചിലെ പാർക്കിൽ അസ്തമയ സൂര്യനെ നോക്കി ഒരു ബെഞ്ചിലിരിക്കുകയായിരുന്നു ,


അവനെ കണ്ടതും അവനടുത്തു വന്നിരുന്ന അവളെ ഒന്നു നോക്കുക പോലും ചെയ്യാതെ തന്നെ അവളോടായ് നീവ് പറഞ്ഞു,


നമുക്ക് ഒരാളോട് ഒരിഷ്ടം തോന്നാൻ വളരെ എളുപ്പമാണ്,

അതേ ഇഷ്ടം അതേ അളവിൽ തിരിച്ചും കിട്ടുക എന്നതു ഒരൽപ്പം പ്രയാസമുള്ള കാര്യവും,

അതിലും പ്രയാസമാണ് ആ ഇഷ്ടം തോന്നിയ ആളുമായി ഒരു പ്രണയം സാധ്യമാവുകയെന്നത്,

ചിലപ്പോൾ അതും സംഭവിക്കും !


എന്നാൽ അതിനപ്പുറത്തേക്ക് കാലിടറാണ് പതിവ്,

എന്നിട്ടും അപൂർവ്വം ചിലർ അതിനെയെല്ലാം മറി കടന്ന് സ്വന്തം പ്രണയം വിവാഹത്തിലും എത്തിക്കുന്നു,


അങ്ങിനെ മറ്റെല്ലാവർക്കു മുന്നിലും ജീവിതത്തിലെ ഏറ്റവും ഭാഗ്യവാന്മാരായി അവർ മാറുന്നു !


എന്നാൽ ആ പ്രണയം കൊണ്ട് പരസ്പരം ഒന്നിച്ചത് താങ്കൾക്കു കിട്ടിയ സ്വപ്നസദൃശ്യമായ സൗഭാഗ്യത്തിന്റെ മൂല്യം തിരിച്ചറിയാൻ കഴിവില്ലാത്തവരാണെങ്കിൽ 

അവിടുന്നങ്ങോട്ട് ഒരു വിലയുമില്ലാതാവുന്നതാണ് ആ പ്രണയവും ജീവിതവും !


ഞാൻ പണ്ടു നിന്നോടു പറഞ്ഞ ആ വാക്കുകൾ എന്റെ സൃഷ്ടിയല്ല,

അതിനു പിന്നിൽ ഹൃദയം കൊണ്ടു അത്രമാത്രം വേദനിച്ച മറ്റാരുടേയോ മനസ്സുണ്ട് !

അതു കൊണ്ടു തന്നെ ആ വാക്കുകൾക്ക് എന്തോ അദൃശ്യമായൊരു ശക്തിയുമുണ്ട്,


നമ്മൾക്കതിന്റെ കൃത്യമായ ആഴം മനസ്സിലാവണമെങ്കിൽ അതെല്ലാം ഇപ്പോഴും നമ്മളെ പോലുള്ളവരുടെ സ്വന്തം അനുഭവത്തിൽ തന്നെ വരണമെന്നു മാത്രം,


മടുക്കും വരെയല്ല,

ഒരിക്കൽ മനോഹരമായി തീർന്നതിനെ മരണം കൊണ്ടു മാത്രം വേർപ്പെടുത്തിയെടുക്കാനാവും വിധം സ്നേഹിക്കാൻ സാധിക്കുകയെന്നതാണ് യഥാർത്ഥ പ്രണയം !"


നമ്മുടെയൊക്കെ പ്രശ്നം, 

നമ്മൾ മറ്റുള്ളവരേക്കാൾ കൂടുതൽ ബുദ്ധിശക്തിയുള്ളവരാണെന്നും, 

ഒപ്പം നമ്മൾ മാത്രം ഒരു സ്പെഷൽ കപ്പിൾസ് ആണെന്നും നമ്മളെ പോലെ ഇത്രയും ആത്മാത്ഥവും മനോഹരവുമായി പരസ്പരം സ്നേഹിക്കാൻ കഴിയുന്ന രണ്ടു പേർ ഈ ഭൂമിയിൽ വേറെ ഉണ്ടാവില്ലെന്നും,

മറ്റാർക്കും നമ്മളെ പോലെ സ്നേഹിക്കാൻ സാധിക്കില്ലെന്നും  ഒട്ടുമിക്കവരും സ്വയം വിശ്വസിക്കുന്നിടത്താണ് നമ്മുടെ പല വീഴ്ച്ചകൾക്കും ആഴം കൂടുന്നത് !


അപൂർവ്വം ചിലരൊഴിച്ചാൽ മിക്കവരിലും ഈ വിശ്വാസം വളരെ പെട്ടന്ന് ചിതലരിക്കുന്ന ഒരു സ്വപ്നം മാത്രമാണ് !


അതു കേട്ടതും അവൾ അവനോട് ഒന്നു കൂടി ചേർന്നിരുന്ന് അവളുടെ തല പതിയേ അവന്റെ ചുമലിലേക്ക് താഴ്ത്തി വെച്ചു, 

ആ സമയവും അവനവളെ നോക്കിയില്ല,

തുടർന്നും അവളെ നോക്കാതെ തന്നെ അവൻ പറഞ്ഞു,


പ്രണയിച്ചവരെ തന്നെ വിവാഹം കഴിക്കാൻ സാധിക്കുകയെന്നത് അപ്പൂർവ്വമായൊരു ഭാഗ്യമാണ് !


കാരണം അതിനു സാധിക്കാത്തവരുടെ എണ്ണം സാധിച്ചവരേക്കാൾ എത്രയോ ഇരട്ടിയാണ് !

90% ആളുകൾക്കും നിഷേധിക്കപ്പെടുന്ന സൗഭാഗ്യം ലഭിച്ച ഭൂമിയിലെ ഭാഗ്യവാന്മാരാണവർ !


എന്നിട്ടും അവരിൽ മിക്കവർക്കും  അതിന്റെ മൂല്യം മനസിലാകാറില്ല,


പലരും ഒരിക്കൽ ആഗ്രഹിക്കുകയും നഷ്ടപ്പെട്ടതോർത്ത് വേദനിക്കുകയും ഒരിറ്റു കണ്ണീരോടു കൂടി മാത്രം ഇന്നും ഒാർമ്മിക്കുകയും ചെയ്യുന്ന ആ പ്രണയസൗഭാഗ്യമാണ് തന്നോടൊപ്പം തന്റെ കട്ടിലിൽ ചേർന്നു കിടക്കുന്നതെന്ന ചിന്ത ആ ഭാഗ്യം ലഭിച്ച പലർക്കും ഉണ്ടാകുന്നുമില്ല.


പലരും വിട്ടു കളയാൻ ശ്രമിച്ചതിനെ ഒന്നു ചേർത്തു പിടിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ പല വീട്ടുമുറ്റത്തും സ്വപ്നവും, സ്നേഹവും, സുഗന്ധവും കായ്ക്കുന്ന സ്വർണ്ണമരങ്ങളായി അവ പൂത്തുലഞ്ഞു നിന്നേനെ എന്ന് ഇന്നവർക്കുറപ്പുണ്ട് !


നമ്മുടെ വികാരങ്ങളിലെ എല്ലാം നമുക്ക് നിയന്ത്രിച്ചു നിർത്താനാവില്ല, 

അതിൽ തന്നെ ഒന്നാണ് ശാരീരികബന്ധം !


മിക്കപ്പോഴും നമ്മൾ വിശ്വസിക്കുന്നു നമ്മളെ പോലെ അവരും നമ്മളിൽ തൃപ്തരാണെന്നും, 

നമ്മുടെ തൃപ്തി തന്നെയാണ് അവരുടെയും തൃപ്തിയെന്നും !

ഈ ചിന്ത പലപ്പോഴും വിവരീത ഫലമാണ് ഉണ്ടാക്കുന്നത് !


ഒരാൾക്ക് തന്റെ താൽപ്പര്യത്തിനനുസരിച്ച് അവർ ആഗ്രഹിക്കുന്ന വിധം അതു ലഭിക്കാതെ വരുകയോ,

ഇപ്പോൾ ലഭിക്കുന്നതിനേക്കാൾ കൂടുതൽ അവർ ആഗ്രഹിക്കുകയോ,

ചെയ്യുന്നത് സ്വഭാവീകമാണ്,


അത്തരം സാഹചര്യത്തിൽ സ്വന്തം ലൈംഗീക ചിന്തയുടെ ആൾരൂപമായും,

അതിനോടൊപ്പം 

തന്റെ ലൈംഗീക ചേഷ്ടകൾക്ക് പരിപൂർണ്ണ പിന്തുണയും സഹകരണവുമായി ഒരാൾ കടന്നു വരാൻ തയ്യാറാവുകയും ചെയ്യുമ്പോൾ അതു വേണ്ടാന്നു വെക്കാൻ പലർക്കും സാധിച്ചെന്നുവരില്ല, അങ്ങിനെ വരുമ്പോൾ ആ ബന്ധം വളരെ പെട്ടന്നു വളരും !


സ്വന്തം കിടപ്പറയിൽ നിന്നു ലഭിക്കാത്ത പലതും മറ്റൊരു കിടപ്പറയിൽ നിന്നു ലഭിക്കും എന്നൊരാൾ അനുഭവിച്ചറിഞ്ഞാൽ പിന്നെയവരെ അതിൽ നിന്നു പിന്തിരിപ്പിക്കാൻ പ്രയാസമായിരിക്കും,


കാരണം,

അത്യാവശ്യങ്ങളെ അവസരങ്ങളുമായി കൂട്ടിയിണക്കാൻ അവർ കൃത്യമായി പഠിച്ചു കഴിഞ്ഞിരിക്കുന്നു എന്നതു തന്നെ !


ഭയം എന്നത് എല്ലാവർക്കും തുടക്കത്തിൽ മാത്രമാണ് പിന്നെ ഭയത്തെ മറി കടന്നു അവർ ചെയ്ത കാര്യത്തിലൂടെ അവർക്കു ലഭിച്ച ആനന്ദമായിരിക്കും അവരെ മുന്നോട്ടു നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക !


ഇതിൽ തന്നെ ആദ്യത്തെ പ്രാവശ്യം മാത്രമാണ് തന്നോള്ളം വലിപ്പമുള്ള ഒരു മതിൽ ചാടി കടക്കുന്ന പ്രതീതി അവർക്കനുഭവപ്പെടുന്നത് അടുത്ത പ്രാവശ്യം റോഡിനു നടുവിലെ ഒരു സാധാരണ ഡിവൈഡർ കാലൊന്നുയർത്തി വെച്ച് മറികടക്കുന്ന ലാഘവത്തോടെ അത്രയും നിസാരമായതു മാറും !


അതു പോലെ അനുഭവങ്ങൾക്കനുസരിച്ച് മനസ്സിനും മാറ്റങ്ങൾ വന്നു ചേരും,

അതു കൊണ്ടു തന്നെ മനസ്സ് എപ്പോഴും കൂട്ടു പിടിക്കാൻ ശ്രമിക്കുക സ്വയം അറിവുള്ള കാര്യങ്ങളേയാണ് "


അവനതു പറഞ്ഞു നിർത്തിയതും 

അവൾ അവന്റെ തോളിൽ ചാരി കിടന്നു കൊണ്ടു തന്നെ ചോദിച്ചു,

ഞാനിനി എന്താടാ ചെയ്യാ ? എന്ന്.

അതിനവൻ പറഞ്ഞു,


നിന്നെ തീർത്തും തകർത്തു കളഞ്ഞേക്കാവുന്ന ഒരു യാഥാർത്ഥ്യമാണ് നീ ആദ്യം മനസിലാക്കേണ്ടത് !


അവനു നിന്നെ മടുത്തു കഴിഞ്ഞിരിക്കുന്നു എന്നത് !!

പക്ഷേ,

ആ മടുപ്പ് നിന്നോടല്ല, 

നിന്റെ ശരീരത്തോട് മാത്രമാണ്.


നിന്റെ കൂടെ എത്ര കാലം വേണമെങ്കിലും ഒന്നിച്ചു ജീവിക്കുന്നതിൽ അവനൊരു പ്രയാസവും ഉണ്ടാവണമെന്നില്ല, 

ഒരു ഭാര്യയെന്ന നിലയിൽ അവനു നിന്നോട് ഇഷ്ടവും താൽപ്പര്യവും ഒക്കെയുണ്ടാവാം !

നിന്റെ സ്ഥാനത്ത് വേറൊരാൾ വേണമെന്നൊന്നും ചിലപ്പോൾ അവനാഗ്രഹിക്കുന്നുമുണ്ടാവില്ല,

അവനു താൽപ്പര്യം നഷ്ടമായത് നീയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതു മാത്രമാണ് !


അതു പോലെ അവൻ നിന്നോട് അകൽച്ച സൂക്ഷിക്കുന്നതും ഇഷ്ടം കാണിക്കാത്തതും മനപ്പൂർവ്വമാണ്, അവൻ നിന്നോട് അടുപ്പം കാണിച്ചാൽ അതിനടുത്ത പടിയെന്ന നിലയിൽ ആ സ്നേഹവും ഇഷ്ടവും താൽപ്പര്യവുമെല്ലാം നിന്റെ ശരീരത്തിലും പ്രതിഫലിക്കണമെന്നു നീയും ആഗ്രഹിക്കും, അതിനായി നീ ശ്രമിക്കുകയും ചെയ്യും.

അതവനും നന്നായി അറിയാം !


അതു കൊണ്ടു തന്നെയാണ് അവൻ നിന്നോട് അടുപ്പം കാണിക്കാൻ ശ്രമിക്കാത്തത് അടുപ്പം കാണിച്ചാൽ ഇഷ്ടമില്ലാതെയും നീയുമായി ശാരീരിക ബന്ധത്തിലേർപ്പെടേണ്ടി വരുമോ എന്നവൻ ഭയക്കുന്നു !


നിന്റെ കാര്യത്തിൽ മാത്രമല്ല ഇന്നു നിലനിൽക്കുന്ന പല ബന്ധങ്ങളിലും സംഭവിക്കുന്നത് ഇതു തന്നെയാണ് !

നീ വിചാരിക്കുന്നുണ്ടാവാം ഇത്ര പെട്ടന്ന് ഒരാൾക്ക് ഒരാളെ മടുക്കുമോയെന്ന്, ഇതിലും കുറഞ്ഞ സമയം കൊണ്ട് ഇതേ അനുഭവം സംഭവിച്ച ഒരുപാട് പേര് ഇപ്പോഴും ഈ അവഗണന അനുഭവിച്ചു കൊണ്ട് ഇന്നും ജീവിക്കുന്നുണ്ട് !


പ്രശ്നം നമ്മുടെ മനസ്സിന്റെതാണ്, ഒരായുഷ്ക്കാലത്തേക്കുള്ളതാണ് ഇതെന്ന ചിന്താഗതി പലരിലും ഉണ്ടാവുന്നില്ല എന്നതാണു ശരി,

ഈയൊരു കാര്യത്തെ മാത്രം അവർ കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ഉപയോഗപ്പെടുത്തി സ്വയം മടുപ്പ് സമ്പാദിക്കുകയാണ് അവർ ചെയ്യുന്നത് !

അങ്ങിനെ അല്ലാത്ത കേസ്സുകളും അനവധിയുണ്ട് !


ഇവിടെ ശാരീരികമായി നിന്നോടുള്ള താൽപ്പര്യം അവനിൽ തീർത്തും ഇല്ലാതായിരിക്കുന്നു എന്ന വസ്തുത നീ അംഗീകരിച്ചേ മതിയാവൂ !


അടുത്തറിയുമ്പോൾ പല വിഗ്രഹങ്ങളും ഉടഞ്ഞു പോകുന്നത് സർവ്വസാധാരണമാണ് !

എത്ര ചേർത്തു വെച്ചാലും ഇനി ഒരിക്കലും നിനക്ക് പഴയ പോലെ പൂർണ്ണമായ വിശ്വാസത്തോടെ അവനെ കാണാൻ സാധിക്കണമെന്നില്ല,

ഇനി അഥവ അതിനു സാധിച്ചാലും ഒരകൽച്ച നിങ്ങളെ സദാ മൂടി നിൽക്കുക തന്നെ ചെയ്യും !


അയാൾ നിന്നിലേക്കു മടങ്ങി വന്നാൽ നിനക്കിനിയും അയാളെ സ്നേഹിക്കാനാവും പക്ഷേ അവിടെയും അയാൾ പൂർണ്ണമനസ്സോടെ നിന്നിലേക്കു മടങ്ങി വരുമോയെന്ന് നിശ്ചയമില്ല,


കാരണം പ്രണയത്തിനും സ്നേഹത്തിനുമപ്പുറത്ത് ശക്തമായി എഴുതപ്പെട്ട ഭാഷയാണ് കാമം !! 


തേൻ തുള്ളികൾ നുകരുമ്പോൾ ലഭിക്കുന്ന മാധുര്യം പോലെ അതു പകർന്നു നൽകാൻ കഴിയുന്ന ഒരാളിൽ നിന്ന് അത്ര പെട്ടന്നവരെ പറിച്ചു മാറ്റാനാവില്ല.


എന്നാൽ നിന്നെ പോലുള്ളവർക്ക് ഇതൊരു അവസരം കൂടിയാണ് ഏതൊരു സാഹചര്യത്തിലും ജീവിച്ചു കാണിക്കാനാവും എന്നു തെളിയിക്കാനുള്ള അവസരം !


ഒന്നുകിൽ എല്ലാം ഇവിടെ അവസാനിപ്പിക്കാം അതല്ലെങ്കിൽ ചിലതെല്ലാം കണ്ടില്ല കേട്ടില്ലാ എന്നു കരുതി പരസ്പരവും മറ്റുള്ളവർക്കു മുന്നിലും അഭിനയിച്ചു കൊണ്ട് ഇനിയുള്ള കാലം നിനക്കു മുന്നോട്ടു പോകാം,


എനിക്കു തോന്നിയിട്ടുള്ള ഒരു കാര്യം എന്താണെന്നു വെച്ചാൽ,

"നല്ലൊരു ഭർത്താവെന്നത് മുഖം നോക്കി കാണുന്ന താൽപ്പര്യത്തോടെ എല്ലാ അവയവങ്ങളെയും നോക്കി കാണാൻ കഴിയുന്ന ഒരാളാവുക എന്നതാണ് "!


എല്ലാം കേട്ട് വളരെ നിസഹായതയോടെ അവളവനെ നോക്കിയെങ്കിലും അവനവളെ തിരിഞ്ഞു നോക്കിയില്ല എങ്കിലും അവനു മനസിലായി അവന്റെ അന്തിമ അഭിപ്രായം കൂടി അറിയാനാണ് അവൾ കാത്തു നിൽക്കുന്നതെന്ന് അതു മനസിലാക്കിയതും അവൻ പറഞ്ഞു,


വൈകാരികമായി ഒന്നിനേയും കാണരുത് !

നിനക്ക് അവൻ മാത്രമേയുള്ളൂ എന്നൊരിക്കലും കരുതുകയുമരുത് !


നിങ്ങൾക്കുള്ളിലുണ്ടായിരുന്ന പ്രണയത്തിന്റെ തീവ്രത ഉൾക്കൊള്ളുമ്പോൾ വേദവിനെ അനുകൂലിക്കാൻ എനിക്കു കഴിയില്ല,

ഏറ്റവും പ്രിയമുള്ള ഒരാളിൽ നിന്നും ഉള്ള അവഗണനയോള്ളം വരില്ല മറ്റൊന്നും.

കാരണം സ്നേഹഹിക്കപ്പെടുകയാണെന്ന് തെറ്റിധരിപ്പിക്കപ്പെട്ട ഒരാളോള്ളം വേദനിക്കുന്ന മറ്റൊരാളുണ്ടാവണമെന്നില്ല,


നമ്മളൊരാളെ സ്നേഹിക്കുന്നത് എത്ര കണ്ട് ആഴത്തിലാണോ അത്രകണ്ട് ആഴത്തിലാണ് മുറിവേൽക്കുകയും ചെയ്യുക എന്നതും കൂടി നമ്മൾ മനസിലാക്കിയിരിക്കണം !


എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ മാത്രമാണ് എല്ലാർക്കും എല്ലാവരേയും ഇഷ്ടം !


നീയെന്തു തീരുമാനിച്ചാലും ഞാൻ കൂടെയുണ്ടാവും !


പിന്നെ മറ്റൊരു കാര്യം ചില സ്ത്രീകളെ പോലെ നാൽപ്പതു വയസ്സു വരെ ഉറങ്ങി കിടന്ന ശേഷം പെട്ടന്നൊരു ദിവസം ചാടി എഴുന്നേറ്റ് കുറ്റപ്പെടുത്താൻ ഒരാളെ തിരയുന്ന പോലെയോ,

ഒന്നിനും ധൈര്യമില്ലാതെ വർഷങ്ങളോള്ളം എല്ലാം സഹിച്ചു നിന്ന് അവസാനം ഇക്കാലമത്രയും ഒപ്പമുണ്ടായിരുന്ന ആളുടെ തലയിൽ എല്ലാ കുറ്റങ്ങളും കെട്ടി വെക്കുന്ന പോലേയോ ഉള്ള പഴകിയ ആറി തണുത്ത കാര്യങ്ങൾക്ക് ഒരിക്കലും നിൽക്കരുത് !  


എവിടെയും ഒന്നും അവസാനിക്കുന്നില്ല എല്ലാം തുടരുന്നതേയുള്ളൂ എന്ന സത്യവും ഒപ്പം മനസിലാക്കുക !


തീരുമാനങ്ങളെല്ലാം ആലോചിച്ച ശേഷം അവസരോചിതമായി എടുക്കുക പഴയ കാലമൊന്നുമല്ല,


അവസാനമായി ഒന്നു കൂടി നീ മനസിലാക്കി വെക്കുക,

ഒരു വിവാഹത്തിലായാലും പ്രണയത്തിലായാലും,

ഒരാളുടെ വാക്കുകൾക്ക് സമം ചേർന്ന് അവരുടെ പ്രവൃത്തികളും ഒത്തു ചേർന്നു വരുമ്പോൾ മാത്രമേ അവർ തീർത്തും വിശ്വാസയോഗ്യരാവുന്നുള്ളൂ,


അതുവരെയും "സ്വന്തം വാക്കുകളാൽ സ്വയം അടയാളപ്പെടുത്തി സൂക്ഷിക്കുന്ന ഒരു നാവു മാത്രമാണവർ " !


അതും പറഞ്ഞ് അവൾക്കെന്താണ് പറയാനുള്ളതെന്ന് അറിയാനായി അവനവളിലേക്ക് തിരിഞ്ഞു നോക്കിയതും അവന്റെ തോളിൽ നിന്നു മുഖം ഉയർത്തി അവളും അവനെ തന്നെ നോക്കി, 


കുറച്ചു നേരം അവർക്കിടയിൽ ഒരു മൗനം പടർന്നു, ശേഷം അവൾ അവനോടു പറഞ്ഞു, 


" ഉള്ളം കൈയ്യിൽ തീക്കട്ട സൂക്ഷിക്കാനാവില്ല " എന്ന് !


അതു കേട്ടതും അവനവളെ നോക്കി ഒന്നു പുഞ്ചിരിച്ചു !!!!

To Top