രചന: സമീർ ചെങ്ങമ്പള്ളി
" ഒരു സ്ത്രീക്ക് തന്റെ പുരുഷനിൽ നിന്ന് കിട്ടേണ്ട അത്യാവശ്യ സാധനം എന്താണെന്ന് ഏട്ടന് അറിയുമോ??... "
" അത് പിന്നെ ഇത്ര പബ്ലിക് ആയി ചോദിച്ചാൽ. രാത്രി കിടക്കുമ്പോൾ പറഞ്ഞാൽ പോരെ "
" അയ്യേ...പബ്ലിക് ആയി പറയാവുന്ന ഉത്തരമാണ് എനിക്ക് വേണ്ടത്, പറഞ്ഞില്ലെങ്കിൽ നിങ്ങള് തോറ്റു, പറഞ്ഞാൽ സമ്മാനം ഉണ്ട് "
" അങ്ങനാണേ ഒരു ദിവസം സമയം തരണം. ഞാൻ എവിടുന്നെങ്കിലും ശെരി ഉത്തരം സംഘടിപ്പിച്ചു തരാം..."
"ഒന്നല്ല, ഒരാഴ്ച തരാം..."
അലക്കാനുള്ള വസ്ത്രങ്ങൾ ഓരോന്നും നുള്ളിപ്പെറുക്കി ഒരു ബക്കറ്റിലാക്കി അവൾ മുറിവിട്ട് പുറത്തേക്കിറങ്ങി. പക്ഷേ,അവൾ തൊടുത്തുവിട്ട ചോദ്യം അപ്പോഴേക്കും എന്റെ മനസ്സിനെ അസ്വസ്ഥമാക്കാൻ തുടങ്ങിയിരുന്നു.
ഓഫീസിലെ ഇടവേളക്കിടെയിൽ , അരുണുമായുള്ള പതിവ് സംഭാഷണത്തിനിടെ ഞാനാ ചോദ്യം അവനോട് ആവർത്തിച്ചു.
" അയ്യേ അത് ഇതുവരെ നിനക്കറിയില്ലേ, നീയിങ്ങനെ ഒരു മണകൊണാഞ്ചനായല്ലോ ഡാ "
"പോടാ ചെറ്റേ, ഇത് നീ ഉദ്ദേശിച്ച "ആ" ഉത്തരമല്ല "
" എങ്കിൽ പിന്നെ ഈ ഫെമിനിസ്റ്റുകൾ പറയുന്നപോലെ സ്വാതന്ത്ര്യം, സമത്വം അങ്ങനെ എന്തേലും ആകും... "
അതൊരു പറയാൻ കൊള്ളാവുന്ന ഉത്തരം ആയിട്ടാണ് എനിക്ക് തോന്നിയത്. ഒരുപക്ഷേ അവളുദ്ദേശിച്ച മറുപടിയും അതുതന്നെയാകും. ഞാൻ അക്ഷമയോടെ വാച്ചിലേക്ക് നോക്കി പോകാനുള്ള സമയവും പ്രതീക്ഷിച്ചുകൊണ്ടിരുന്നു.
" സമത്വം, സ്വാതന്ത്ര്യം ഇതിലേതെങ്കിലും ഒന്നല്ലേ നീ പ്രതീക്ഷിച്ച ഉത്തരം??... "
" ഇത് രണ്ടും അത്യാവശ്യം തന്നെയാണ്. പക്ഷേ ഇത് രണ്ടും കിട്ടിയ സ്ത്രീകൾക്ക് വരെ ഞാൻ ഉദ്ദേശിച്ചത് കിട്ടിക്കോളണമെന്നില്ല. രണ്ട് ദിവസം കൂടെ നോക്ക്, എന്നിട്ടും കിട്ടിയില്ലേൽ ഞാൻ ഒരു ക്ലൂ തരാം.... "
അവളുടെ ക്ലൂ ക്ക് വേണ്ടി കാത്തിരിക്കുന്നത് പരാജയത്തിന് തുല്യമാണെന്ന തിരിച്ചറിവ് എന്റെ സ്വൈര്യം കെടുത്തി. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴുമെല്ലാം ഞാൻ ആ ഉത്തരത്തിന് വേണ്ടി തിരഞ്ഞു.പക്ഷേ,കിട്ടിയ ഉത്തരങ്ങളൊന്നും തന്നെ അവളെ സംതൃപ്‍തയാക്കിയില്ല.
ഗത്യന്തരമില്ലാതെ ഞാൻ ആ ക്ലൂവിന് വേണ്ടി അവളുടെ അടുത്തേക്ക് മടിച്ചു മടിച്ചു ചെന്നു.
" ക്ലൂ വേണമല്ലേ, തരാം, ഒരു രണ്ട് ദിവസം നമ്മുടെ വീട്ടിലെ പുരുഷ കേസരികൾ വീട്ടിലെ സ്ത്രീകളോട് സംസാരിക്കുന്നത് ശ്രദ്ധിക്കൂ "
അവൾ പറഞ്ഞ പ്രകാരം ഞാൻ അച്ഛന്റെയും അനിയന്റെയും എന്റേയും പെരുമാറ്റ രീതികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ തുടങ്ങി. ഞങ്ങൾ പറയുന്നതിലും പ്രവർത്തിക്കുന്നതിലുമെല്ലാം സ്ത്രീ വിരുദ്ധമായതെന്തെങ്കിലും ഉണ്ടോ എന്ന് തിരിച്ചും മറിച്ചും ആലോചിച്ചു.
എത്ര ആലോചിച്ചിട്ടും മറുപടി കിട്ടാതായപ്പോൾ ഞാൻ അവളോട് എന്റെ നിസ്സഹായത അറിയിച്ചു
" എനിക്കൊന്നും കണ്ടുപിടിക്കാൻ കഴിയുന്നില്ല. എല്ലാരും നല്ല രീതിയിലാണല്ലോ പെരുമാറുന്നത്??..."
" അപ്പോൾ നിങ്ങൾ തോറ്റു അല്ലേ??... "
അവളുടെ പരിഹാസം കലർന്ന മറുപടി എന്നെ ചൊടിപ്പിച്ചു. എന്റെ ദേഷ്യം ഇരട്ടിച്ചു.
" ഒന്ന് പോടീ പുല്ലേ, നീ ആര് PSC ചെയർമാനോ???
എന്നെ ചോദ്യം ചെയ്യാൻ??.."
" കഷ്ടം നിങ്ങൾ ഇപ്പോൾ പോലും അത് ആവർത്തിച്ചു "
" എന്ത് ആവർത്തിച്ചൂന്നാ... ഞങ്ങൾ മൂന്നാളും നല്ല മാന്യമായാണ് നിങ്ങളോട് പെരുമാറുന്നത്, നിങ്ങൾ ആവശ്യപ്പെടുന്ന പ്രകാരം പുറത്തേക്ക് കൊണ്ടു പോകുന്നുണ്ട്, വേണ്ടതെല്ലാം വാങ്ങിച്ചു തരുന്നുണ്ട്.നിങ്ങൾ ഉണ്ടാക്കിയ ഭക്ഷണം എത്ര കൊള്ളില്ലെങ്കിലും നന്നായിയെന്ന് പറയാറുണ്ട്, എല്ലാ കാര്യത്തിലും നിങ്ങളോട് അഭിപ്രായം ചോദിക്കാറുണ്ട്. ഇതിൽ കൂടുതൽ എന്ത് വേണം??... "
" ഇതൊക്ക ചെയ്തതുകൊണ്ട് മാത്രം ഞങ്ങൾ ഹാപ്പി ആകുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ??...."
" പിന്നെ??.... "
"സ്വന്തം വീട്ടിലേക്ക് പോകുമ്പോൾ അച്ഛനും അമ്മയ്ക്കും എന്തേലും വാങ്ങി കൊണ്ടുപോകാനോ അവരുടെ കയ്യിൽ എന്തേലും വെച്ച് കൊടുക്കാനോ വേണ്ടി നിങ്ങളുടെ മുൻപിൽ ഒരു യാചകനെപ്പോലെ കൈ നീട്ടുമ്പോൾ ഞങ്ങളുടെ മുഖം ശ്രദ്ധിച്ചിട്ടുണ്ടോ നിങ്ങൾ, വിളറി വെളുത്ത്, ആകെ നാണംകെട്ട്....
വീട്ടിൽ വരുന്ന ബന്ധുക്കൾക്ക് മുൻപിൽ ഒരു യജമാനന്റെ ഭാഷയോടെ എടിയേ ചായയങ്ങ് എടുത്തേ, ഇവിടെ കുറച്ച് ചോറിട്ടു കൊടുക്ക്, പൈപ്പിൽ വെള്ളമില്ല മോട്ടറിട്, കുട്ടി മൂത്രമൊഴിച്ചു ഒന്ന് വൃത്തിയാക്കിക്കേ എന്നൊക്കെ വിളിച്ചുപറയുമ്പോൾ ഞങ്ങളുടെ മനസ്സെന്തായിരിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ നിങ്ങൾ...
"വഴി തെറ്റി എന്റെ വീട്ടിൽ വന്നതും, ആ സമയം കണ്ണിൽ കരട് വീണതുകൊണ്ട് മാത്രം എന്നെ ഇഷ്ടപ്പെട്ടു" എന്ന ക്ളീഷേ ഫലിതം ബന്ധുക്കളുടെ മുൻപിൽ തട്ടിവിടുമ്പോൾ ഞങ്ങൾ അതെല്ലാം ആസ്വദിക്കുകയാണെന്ന് കരുതിയോ നിങ്ങൾ??...
ഞങ്ങൾക്കുമില്ലേ ചേട്ടാ വ്യക്തിത്വം?...."
"മതി മതി,ഇതൊക്കെ ഇത്രയും വലിയ തെറ്റാണോ,
അല്പം കൂളായ എല്ലാ ഭാര്യമാരും ആസ്വദിച്ച് ചെയ്യുന്ന കാര്യങ്ങളല്ലേ ഇതൊക്കെ??..."
" ആണോ??... എന്നാ ഞങ്ങളുടെ സ്ഥാനത്ത് നിങ്ങളായിട്ടൊന്ന് സങ്കൽപ്പിച്ചു നോക്കൂ....
എന്റെ മുൻപിൽ നിസ്സാര കാര്യങ്ങൾക്ക് വേണ്ടി ഒരു പിച്ചക്കാരനെപ്പോലെ കൈ നീട്ടുക, ബന്ധുക്കളുടെ മുൻപിൽ യജമാനത്തി ഭാര്യയുടെ ആജ്ഞാനുവർത്തിയായ വേലക്കാരനാക്കുക, നാലാള് കൂടുന്നിടത്തൊക്കെ കോമാളിയാകുക....
ഒരു ഉത്തരം പറയാൻ ഇല്ലാത്തതുകൊണ്ട് മാത്രം നിങ്ങളെ PSC ചെയർമാനെന്ന് വിളിക്കുക "
അവളുടെ മുൻപിൽ മറുപടിക്ക് വേണ്ടി ഞാൻ പരക്കം പാഞ്ഞു. പക്ഷേ അപ്പോഴേക്കും അവളത് തുടർന്നു....
" ഏതൊരു ഭാര്യയ്ക്കും തന്റെ ഭർത്താവിൽ നിന്ന് എറ്റവും അത്യാവശ്യമായി വേണ്ടത് മറ്റൊന്നുമല്ല, അത് റെസ്‌പെക്ട് ആണ്.... എത്ര പണമുണ്ടായാലും സ്റ്റാറ്റസുണ്ടായാലും freedom ഉണ്ടായാലും തന്റെ ഭർത്താവിൽ നിന്നും അല്പം ബഹുമാനം കിട്ടിയില്ലേൽ പിന്നെ അവളുടെ ജീവിതം നരകമാണ്.
ഐ ഫോൺ വാങ്ങിച്ചു കൊടുത്തതിന് ശേഷം ഞാൻ കെട്ടിയതുകൊണ്ട് മാത്രം നിനക്കിതൊക്കെ അനുഭവിക്കാനായി എന്ന് തമാശ പറയുന്നതിനേക്കാൾ അശ്ലീലത മറ്റെന്താണ്??....
നിങ്ങൾ തരുന്നതൊന്നും നിങ്ങളുടെ ഔദാര്യമല്ല, ഞങ്ങളുടെ അവകാശമാണ്.
നിങ്ങൾ പറയുന്ന മുറക്ക് എല്ലാം ചെയ്തു തരുന്നത് ഞാൻ നിങ്ങളുടെ അടിമ ആയതുകൊണ്ടല്ല, നിങ്ങളെ അത്രയും ആഴത്തിൽ സ്നേഹിക്കുന്നത്കൊണ്ടാണ്.
കാരണം,ഒരു അടിമയ്ക്കും തന്റെ ഉടമയെ സ്നേഹിക്കാൻ കഴിയില്ല, അയാൾ എന്തൊക്കെ വാങ്ങിച്ചു നൽകിയാലും, എത്രയൊക്കെ തേൻ പുരട്ടി സംസാരിച്ചാലും....
അതുകൊണ്ട് ഞങ്ങളുടെ കൊച്ചു കൊച്ചു ആവശ്യങ്ങൾ അപേക്ഷയായി മാറുന്നതിന് മുൻപേ മനസിലാക്കുക, നിങ്ങളുടെ ഇഷ്ടങ്ങൾ അടുക്കളയിൽ വന്ന് പറഞ്ഞ് പോകുന്നതിന് പകരം കൂടെ നിൽക്കുക, ഒരു കൂട്ടിന് വേണ്ടിയെങ്കിലും ...
ഞങ്ങൾക്കും മനസ്സുണ്ട്, വേദനയുണ്ട്, അഭിമാനമുണ്ട് എന്ന് വല്ലപ്പോയെങ്കിലും മനസിലാക്കുക....
അതാണ് റെസ്‌പെക്ട്...
അതാണ് ഞങ്ങൾക്ക് വേണ്ടത്...