ഈയൊരു ജന്മത്തിലേക്കല്ല, ഇനിയെത്ര ജന്മങ്ങൾ ഉണ്ടെങ്കിലും എനിക്ക് അവന്റെ മാത്രം സ്വന്തമായാൽ മതി....

Valappottukal


രചന: ഷിജു കല്ലുങ്കൻ

     "മോളേ അലന് നിന്നെ ഇഷ്ടമാണ്, അവനു നിന്നേ വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട്."


      തികച്ചും അപ്രതീക്ഷിതമായി ആ  വാക്കുകൾ കേട്ടപ്പോൾ എന്തു മറുപടി പറയണമെന്നറിയാതെ ഡോക്ടർ വന്ദന ഒന്നു കുഴങ്ങി.


      ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങാൻ നിൽക്കുമ്പോഴാണ് ഒരു പ്രധാനപ്പെട്ട വിസിറ്റർ ഉണ്ടെന്നും ഹോസ്പിറ്റലിലെ കോഫി ഹൌസിൽ കാത്തിരിക്കുന്നു എന്നും അറിയിപ്പ് കിട്ടിയത്. പക്ഷേ അതൊരിക്കലും അലന്റെ അമ്മ ആയിരിക്കും എന്ന് വിചാരിച്ചില്ല.


       ഇതേ ഹോസ്പിറ്റലിൽ വന്ദനയ്‌ക്കൊപ്പം ജോലിചെയ്യുന്ന ഡോക്ടറാണ് അലൻ. അവന്റെ അച്ഛനും അമ്മയും നഗരത്തിലെ പേരെടുത്ത സീനിയർ ഡോക്ടർമാർ ആണ്. ജോലി ചെയ്യുന്നത് മറ്റൊരു ഹോസ്പിറ്റലിൽ ആണെന്നു മാത്രം.


     "അവനു മനസ്സിൽ നിന്നോടു തോന്നിയ ഇഷ്ടം ഒരു പ്രേമാഭ്യർത്ഥനയായിട്ടല്ല വിവാഹലോചനയായിട്ട് ഞാൻ തന്നെ  നേരിട്ട്  പറയണമെന്നുള്ളത് അവന്റെ നിർബന്ധമായിരുന്നു മോളെ "


      ഡോക്ടർ ശൈലജ വന്ദനയുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ടായിരുന്നു പറഞ്ഞത്. അവളുടെ കണ്ണുകളിലെ പരിഭ്രമവും ചുറ്റും പതറിപ്പതറിയുള്ള നോട്ടവും അവരിൽ കൂടുതൽ കൗതുകമുണർത്തി.


       ഇത്രയും പ്രധാനപ്പെട്ട ഒരു കാര്യം ഇങ്ങനെ ഒരു ചുറ്റുപാടിൽ സംസാരിക്കരുതായിരുന്നു എന്ന് പെട്ടെന്നവർക്ക് തോന്നി.


     "മോളു വരൂ...." വന്ദനയുടെ കൈയിൽ പിടിച്ചുകൊണ്ട് ഷൈലജ എഴുന്നേറ്റു.


       ഹോസ്പിറ്റലിലെ പാർക്കിംഗ് ഏരിയയിൽ നിന്ന് കാറിൽ കയറുമ്പോൾ ശൈലജ ഡ്രൈവർക്ക് കന്നടയിൽ എന്തൊക്കെയോ നിർദേശങ്ങൾ കൊടുത്തു. എങ്ങോട്ടാണ് പോകുന്നത് എന്ന് പോലും ചോദിക്കാതെ വന്ദന അവർക്കൊപ്പം കാറിൽ കയറിയിരുന്നു. ബാംഗ്ലൂർ നഗരത്തിന്റെ പോഷ്  ഏരിയയിൽ സ്ഥിതിചെയ്യുന്ന സ്വന്തം വില്ലയിലേക്ക് ആയിരുന്നു ശൈലജ അവളെ കൊണ്ടുപോയത്.


     അലന്റെയും അവന്റെ അച്ഛന്റെയും അമ്മയുടെയും നടുവിൽ ഇരിക്കുമ്പോൾ വല്ലാത്തൊരു സുരക്ഷിതബോധം തോന്നിയെങ്കിലും എന്തെങ്കിലും ഒന്ന് സംസാരിക്കാൻ ആവാത്ത നിസ്സഹായാവസ്ഥയിൽ ആയിരുന്നു അവൾ.


     "മോളെ, മോളെക്കുറിച്ച് കുറച്ചു കാര്യങ്ങൾ അലൻ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്...." അലന്റെ  അച്ഛൻ തുടക്കമിട്ടു.

     "..... പക്ഷേ കൂടുതലായി ഒന്നും ഞങ്ങൾക്ക് അറിയില്ല..... കൂടുതലായി അറിയണമെന്ന് താൽപര്യവുമില്ല. മോൾക്ക് അലനെ ഇഷ്ടമാണെങ്കിൽ ഞങ്ങൾ നിന്റെ വീട്ടുകാരുമായി ആലോചിക്കാം."


    "അത്... അലനെ എനിക്കും ഇഷ്ടമാണ് അങ്കിൾ ...പക്ഷേ.... ഞാൻ വിവാഹിതയാണ്." വന്ദന പതുക്കെ പറഞ്ഞു.


      "ഉം ... വന്ദന വിവാഹം കഴിച്ചു എന്നും അതിൽ എന്തൊക്കെയോ കുറച്ചു പ്രശ്നങ്ങൾ ഉള്ളത് കാരണം ആ ബന്ധത്തിൽ താല്പര്യമില്ല എന്നും അലൻ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്."


     "താല്പര്യമില്ല എന്നല്ല, അതൊരു വിവാഹമായിട്ടു പോലും എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല..... ഒരുവട്ടം പോലും മനസ്സുകൊണ്ട് അയാളെ ഒരു ഭർത്താവായി അംഗീകരിക്കാനോ, അയാളുടെ കൂടെ താമസിക്കാനോ ഞാൻ തയ്യാറായിട്ടുമില്ല. പക്ഷേ നിയമപരമായി ഇപ്പോഴും ഞങ്ങൾ ഭാര്യഭർത്താക്കന്മാർ ആണ്."


     "അതെക്കുറിച്ച് മോൾ അലനോട് പോലും കൂടുതലായി ഒന്നും പറഞ്ഞിട്ടില്ല അല്ലേ?


      വന്ദന കുറച്ചു നേരത്തേക്ക് അവർ മൂന്നു പേരെയും മാറിമാറി നോക്കിക്കൊണ്ടിരുന്നു.പിന്നെ ശബ്ദം താഴ്ത്തി പറയാൻ തുടങ്ങി.


       ഹൗസ് സർജൻസി ഏതാണ്ട് പൂർത്തിയായ സമയമായിരുന്നു. ഒരുദിവസം പപ്പാ വിളിച്ച് നിന്റെ ഫോണിലേക്ക് ഒരു ഫോട്ടോ അയച്ചിട്ടുണ്ട് ഒന്നു നോക്കി എങ്ങനെയുണ്ടെന്നു പറയൂ എന്നു പറഞ്ഞു.


      സുന്ദരനായ ഒരു ചെറുപ്പക്കാരന്റെ  ഫോട്ടോ ആയിരുന്നു അത്. ഒരു വിവാഹാലോചനയാണ് എന്ന് പറഞ്ഞപ്പോഴും മനസ്സിൽ മറ്റാരും ഇല്ലാത്തതിനാൽ ഞാൻ താൽപര്യക്കുറവ് ഒന്നും പറഞ്ഞില്ല.


     കോഴ്സ് കഴിഞ്ഞ് നാട്ടിൽ എത്തിയപ്പോഴായിരുന്നു അയാൾ എന്നെ പെണ്ണുകാണാൻ വന്നത്.


 വൈശാഖ്!


     കാഴ്ചയിൽ സുമുഖനായ ചെറുപ്പക്കാരൻ. എംടെക് കഴിഞ്ഞു  ബാംഗ്ലൂർ ആസ്ഥാനമായ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നുവെന്നും അച്ഛനും അമ്മയ്ക്കും സുഖമില്ലാതെ ആയതിനാൽ മൂന്നു വർഷങ്ങൾ മുമ്പ് ജോലി രാജിവെച്ച് നാട്ടിൽ സ്വന്തം ബിസിനസ് നടത്തുന്നു എന്നും പറഞ്ഞു. അധികം സംസാരിക്കാത്ത പ്രകൃതം. ഇഷ്ടപ്പെടാതിരിക്കാൻ അയാളിൽ ഒന്നുമുണ്ടായിരുന്നില്ല.


     വിവാഹനിശ്ചയ ത്തിന്റെ രണ്ട് ദിവസം മുമ്പാണ് യു എസിൽ നിന്ന് ചേട്ടനും കുടുംബവും നാട്ടിലെത്തിയത്. പിറ്റേന്ന് പപ്പയും  ഏട്ടനും തമ്മിൽ എന്റെ വിവാഹക്കാര്യത്തെച്ചൊല്ലി വാക്കേറ്റത്തിൽ ഏർപ്പെടുമ്പോളാണ് വൈശാഖിനെപ്പറ്റി കൂടുതൽ വിവരങ്ങൾ എനിക്ക് മനസ്സിലാവുന്നത്.


       ഏതോ ഒരു അപകടത്തിൽപ്പെട്ട് ശരീരം മുഴുവൻ തളർന്നു പോയി ബെഡിൽ അനങ്ങാൻ വയ്യാതെ കിടക്കുന്ന അമ്മയും അപകടത്തിൽ രണ്ടു കാലുകളും നഷ്ടപ്പെട്ട അച്ഛനും സാമ്പത്തികമായി തകർന്നു തരിപ്പണമായ കുടുംബവും ഇതാണത്രെ വൈശാഖ്!


     സോഫ്റ്റ്‌വെയർ കമ്പനിയിലെ ജോലി രാജിവെച്ച് അച്ഛന്റെ പൊട്ടിപ്പൊളിഞ്ഞു പോയ ബിസിനസിനെ  പുനരുദ്ധരിക്കാൻ ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന ഒരുത്തന് എന്നെപ്പോലെ ഒരു പെൺകുട്ടിയെ കെട്ടിച്ചു കൊടുക്കുന്നത് എന്തിനാണെന്നായിരുന്നു ഏട്ടന്റെ ചോദ്യം.


    പപ്പാ കൊണ്ടുവന്ന ആലോചനയ്ക്ക് മുന്നും പിന്നും നോക്കാതെ സമ്മതം മൂളിയ എനിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു ആ അറിവുകൾ. എംബിബിഎസ് പൂർത്തിയാക്കിയ ഒരു ഡോക്ടറെ രണ്ട് രോഗികളുടെ സംരക്ഷിക്കുവാൻ വേണ്ടി ആ കുടുംബത്തിലേക്ക് പറഞ്ഞയക്കുന്നത് എന്തിനാണെന്ന് ഞാനും പപ്പയോടു ചോദിച്ചു.


    ഞങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി ഒന്നും കിട്ടിയില്ല. പക്ഷേ പപ്പാ തന്റെ വാക്കിൽ ഉറച്ചു നിന്നു. മമ്മയും പപ്പയെ  സപ്പോർട്ട് ചെയ്തതേയുള്ളൂ. എന്റെ പെങ്ങളെ ഇങ്ങനെ ഒരുത്തനെ കെട്ടിച്ചു കൊടുക്കാൻ സാധ്യമല്ല എന്ന് ഏട്ടൻ തീർത്തു പറഞ്ഞു.


    കല്യാണ നിശ്ചയത്തിന്റെ അന്ന് പപ്പയുടെ  മുഴുവൻ സ്വത്തുക്കളും രണ്ടായി ഭാഗം ചെയ്തു രജിസ്റ്റർ ചെയ്തതിന്റെ പ്രമാണം ഞങ്ങളുടെ മുന്നിലേക്ക് ഇട്ടു തന്നായിരുന്നു പപ്പാ പ്രതികരിച്ചത്. പകുതി സ്വത്ത് ഏട്ടനും ബാക്കി പകുതി എന്റെയും വൈശാഖിന്റെയും  പേരിൽ രജിസ്റ്റർ ചെയ്തിരുന്നു.


      അതോടെ ചേട്ടനും ഒതുങ്ങി. ഞാൻ തികച്ചും ഒറ്റപ്പെട്ടു പോയി. എന്തിനു ബലികൊടുക്കപ്പെടുന്നു എന്നു പോലും അറിയാതെ താലി കെട്ടുവാൻ അയാൾക്കു മുന്നിൽ തലകുനിച്ചു നിൽക്കുമ്പോൾ മനസ്സിൽ വെറുപ്പും കോപവും അല്ലാതെ ഒന്നുമുണ്ടായിരുന്നില്ല.


     ഒരു മാസത്തോളം താമസിച്ച ഭർത്താവിന്റെ വീട് എനിക്കൊരു നരകം പോലെ ആയിരുന്നു. ശരീരം മുഴുവൻ തളർന്നു കിടക്കുന്ന അമ്മയുടെയും വീൽ ചെയറിൽ ഉരുളുന്ന അപ്പന്റെയും കാര്യങ്ങൾ നോക്കിക്കഴിഞ്ഞു ബിസിനസ് നോക്കി നടത്താൻ വൈശാഖിന് എവിടെ സമയം?


     പേരിനൊരു ഹോംനഴ്സ് ഉണ്ടെങ്കിലും രണ്ടുപേരുടെയും എല്ലാക്കാര്യങ്ങളും ഓടിനടന്നു  നോക്കി നടത്തിക്കൊണ്ടിരുന്നത് അയാൾ തന്നെയായിരുന്നു.


     ഒരു കാര്യത്തിൽ അയാൾ തികച്ചും മാന്യനായിരുന്നു. ഒരു ഭർത്താവിന്റെ അധികാരത്തോടെ എന്നോട് ഒരിക്കലും പെരുമാറിയിട്ടില്ല.


      എനിക്ക് നിങ്ങളെ അറപ്പാണ് എന്നു മുഖത്തു നോക്കിപ്പറഞ്ഞ ആദ്യരാത്രിയിൽ ഒരു തലയിണയും എടുത്ത് അടുത്ത മുറിയിലേക്ക് കിടപ്പു മാറ്റിയതാണ്, പിന്നെ ഒരിക്കലും എന്റെ മുറിയുടെ വാതിൽക്കൽ പോലും ആ മുഖം ഞാൻ കണ്ടിട്ടില്ല. സ്വന്തം സാധനങ്ങൾ പാക്ക് ചെയ്ത് ആ വീടുവിട്ടിറങ്ങുമ്പോൾ പോലും എന്തിനു പോകുന്നു എന്നു പോലും ചോദിക്കാതെ എയർപോർട്ടിൽ ഡ്രോപ്പ് ചെയ്തു.


      "എനിക്ക് എങ്ങനെയും കുറച്ചു നാളുകൾ കൂടി പിടിച്ചു നിന്നേ പറ്റൂ അങ്കിൾ....... നിയമപരമായി ഡിവോഴ്സ് ആയെങ്കിൽ മാത്രമേ പപ്പാ ഞങ്ങളുടെ പേരിൽ എഴുതിവച്ച സ്വത്തുക്കൾ എനിക്ക് തിരിച്ചു കിട്ടൂ!"


    വന്ദന കിതച്ചു കൊണ്ടു നിർത്തി.


  "  മോളുടെ പപ്പയും മമ്മയും...?"


   " അറിയില്ല,... അന്വേഷിച്ചിട്ടില്ല, അറിഞ്ഞു കൊണ്ടു സ്വന്തം മകളെ ബലികൊടുത്തവരോട് എന്തിനാണ് ആന്റി  ഇനിയും സഹതാപം.... എനിക്ക്, എനിക്കിപ്പോ ആരുമില്ല..." അവൾ വിതുമ്പിപ്പോയി.


      "സാരമില്ല മോളെ..... എല്ലാം നല്ലതിനാവും. ഇങ്ങനെയൊക്കെ സംഭവിച്ചതുകൊണ്ടല്ലേ ഞങ്ങൾക്ക് നിന്നെ മോളായി കിട്ടിയത്. " ശൈലജ അവളെ സ്‌നേഹപൂർവ്വം തലോടി.


      ഡോക്ടർ ഹരികുമാർ മാത്രം ഒന്നും മിണ്ടാതെ ഇരിക്കുകയായിരുന്നു.


    "മോൾടെ കയ്യിൽ വൈശാഖ്‌ന്റെ ഫോട്ടോ ഉണ്ടോ..?" അയാൾ സംശയത്തോടെ ചോദിച്ചു.


    "എന്തിനാണ് അങ്കിൾ..? വിവാഹ ഫോട്ടോ ഫോണിൽ ഉണ്ട്. അതിനുശേഷം ഒരിക്കലും ഞങ്ങൾ ഒരുമിച്ചു നിന്നിട്ടു പോലുമില്ല."


    വന്ദന ഹാൻഡ് ബാഗിൽ നിന്ന് ഫോൺ എടുത്ത് അതിൽ നിന്നും വൈശാഖിന്റെ ഫോട്ടോ അയാളെ കാണിച്ചു കൊടുത്തു. പെട്ടെന്ന് അയാളുടെ മുഖത്തുണ്ടായ ഭാവമാറ്റങ്ങൾ വന്ദനയും അലനും ശൈലജയും നോക്കിക്കൊണ്ടിരുന്നു.


      ഫോൺ വന്ദനയ്ക്കു തിരികെക്കൊടുത്തിട്ട് അയാൾ അലനെ നോക്കി.


    "സോറി അലൻ,.... നീ വന്ദനയെ വിവാഹം കഴിക്കുന്നതിനോട് എനിക്ക്  യോജിക്കാൻ കഴിയില്ല."


   "ഡാഡി.... " അലൻ ചാടി എഴുന്നേറ്റു.


      വന്ദന അമ്പരന്നു പോയി!


  ശൈലജയ്ക്കും ഒന്നും മനസ്സിലായില്ല.


     "ഹരി... എന്തു പറ്റി? എന്താ കാര്യം?" അവർ സ്വരമുയർത്തി.


      "നിങ്ങൾക്കൊക്കെ എന്താണ് പറ്റിയതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ആദ്യം പപ്പാ.... ഇപ്പൊ അങ്കിൾ.... ഈ മനുഷ്യന്റെ മുഖം കാണുമ്പോൾ നിങ്ങൾക്കൊക്കെ എന്താണ് സംഭവിക്കുന്നത്...?"


      വന്ദന വിങ്ങിപ്പൊട്ടിക്കൊണ്ട് കയ്യിലിരുന്ന ഫോൺ മുന്നിലെ ടീപ്പോയിലേക്കിട്ടു. ഷൈലജ ഫോണിലേക്കു സൂക്ഷിച്ചു നോക്കി.


    "ഹരീ.... ഇതു നമ്മുടെ വൈശാഖനല്ലേ?"  അവർ ഫോൺ ചാടി എടുത്തു കൊണ്ടു ചോദിച്ചു.


    "അമ്മയ്ക്ക് അറിയുമോ ഈയാളെ?" അലൻ ചോദിച്ചു.


       ചോദ്യത്തിനുള്ള മറുപടി പറഞ്ഞത് ഹരികുമാർ ആയിരുന്നു.


    "അമ്മയ്ക്ക് മാത്രമല്ല എനിക്കും....മൂന്നു വർഷങ്ങൾക്കു മുൻപ് ഒരു ദിവസം പാതിരാത്രി കഴിഞ്ഞ സമയത്ത് ആക്‌സിഡന്റിൽ പെട്ട് ശരീരം മുഴുവൻ രക്തത്തിൽ കുളിച്ച രണ്ടു പേരെ ആംബുലൻസിൽ നിന്ന് ഇറക്കുമ്പോൾ വാവിട്ടു നിലവിളിച്ചു കൊണ്ട് കൂടെയുണ്ടായിരുന്ന ചെറുപ്പക്കാരന്റെ ശബ്ദം ഇപ്പോഴും എന്റെ കാതിലുണ്ട് അലൻ."


     'ലോകത്തിൽ ഒറ്റക്കായിപ്പോകാൻ എനിക്കു വയ്യ ഡോക്ടർ....... എങ്ങനെയെങ്കിലും എന്റെ അച്ഛനെയും അമ്മയെയും രക്ഷിക്കണം ഡോക്ടർ....' എന്നു കരഞ്ഞുകൊണ്ട് എന്റെ കാലിൽ കെട്ടിപ്പിടിച്ചു കരഞ്ഞ ചെറുപ്പക്കാരൻ! അതിവനായിരുന്നു ......വൈശാഖ്! അവിടുന്നിങ്ങോട്ട് ആറുമാസക്കാലം......"


    "....... പറിഞ്ഞു പോകാൻ വെമ്പി നിന്ന രണ്ടു ജീവനുകളെ തിരികെപ്പിടിച്ചു കൊണ്ടു വന്നത് ഞങ്ങൾ ഡോക്ടർമാരോ അല്ലെങ്കിൽ മരുന്നുകളോ അല്ല. സ്വന്തം ജോലി പോലും ഉപേക്ഷിച്ച് അമ്മയ്ക്കും അപ്പനും കാവലായി ഞങ്ങളോടൊത്തുണ്ടായിരുന്ന ഇവൻ. ഒരുപക്ഷേ എന്റെയും നിന്റെ അമ്മയുടെയും ഒക്കെ പ്രൊഫൊഷണൽ ലൈഫിൽ ഞങ്ങൾ കണ്ടിട്ടുള്ള ഏറ്റവും നല്ല മനുഷ്യജീവി ഈ ചെറുപ്പക്കാരൻ ആയിരിക്കും അലൻ."


     "ശരിയാണ് മോനേ.... " അയാൾ നിർത്തിയിടത്തു നിന്ന് ശൈലജ തുടങ്ങി.


    "..... ജീവന്റെ ഒരു തുടിപ്പെങ്കിലും ശേഷിക്കുന്ന രണ്ടു മനുഷ്യ ശരീരങ്ങൾ ആയി എനിക്കവരെ തിരിച്ചു കിട്ടിയാൽ മതി ഡോക്ടറെ.... ഞാൻ നോക്കിക്കോളാം പൊന്നുപോലെ" എന്ന് അവൻ കെഞ്ചിക്കരഞ്ഞപ്പോൾ ഒരു ഹോസ്പിറ്റൽ മുഴുവൻ അവനോടൊപ്പം വിതുമ്പിയിരുന്നു.


    അലൻ സംസാരിക്കാൻ മറന്നു പോയവനെപ്പോലെ നിശബ്ദനായിപ്പോയി.


      "മകനെക്കാണാൻ ബാംഗ്ലൂരിൽ എത്തിയ അച്ഛനും അമ്മയും രാത്രി അത്താഴവും കഴിഞ്ഞ് നഗരത്തിൽ വെറുതെ ഒന്നു ചുറ്റിക്കറങ്ങാൻ മകന്റെ ബൈക്കും എടുത്ത് ഇറങ്ങിയതായിരുന്നു. ഏതോ ഒരു വണ്ടി ഇടിച്ചു തെറുപ്പിച്ചു നിർത്താതെ പോയി. റോഡരുകിൽ രക്തം വാർന്നു മണിക്കൂറുകളോളം.... ഇടിച്ച വണ്ടി തിരിച്ചറിയാത്തതിനാൽ ഇൻഷുറൻസ് കാശു പോലും കിട്ടാതെ സ്വന്തം കിടപ്പാടം പോലും വിറ്റ് അവരെ ചികിത്സിച്ചവനാണ് ഈ വൈശാഖ്."


    "അത്രയും നല്ലൊരു ചെറുപ്പക്കാരനെ വേദനിപ്പിച്ചുകൊണ്ട് നിനക്കൊരു സന്തോഷം വേണോ അലൻ?"


      "പക്ഷേ ഡാഡി  ഇപ്പോഴും എനിക്കറിയാത്ത ഒരു കാര്യം..... എന്തിനു വന്ദന ഇതിനു ബലിയാടാകണം?

അവൾ എന്തു തെറ്റു ചെയ്തു?"


     ആ ചോദ്യം വന്ദന കേട്ടില്ല..... യാന്ത്രികമായി ശൈലജയുടെ കയ്യിൽ നിന്ന് തന്റെ ഫോണും വാങ്ങി അവൾ വെളിയിലേക്ക് നടന്നു. അലൻ പിന്നിൽ നിന്ന് വിളിക്കുന്നത് അവൾ അറിയുന്നേയുണ്ടായിരുന്നില്ല.


      മാസങ്ങൾക്കു ശേഷം മകളുടെ നമ്പർ ഫോണിൽ തെളിഞ്ഞപ്പോൾ ഹൃദയത്തിൽ ഒരു കൊളുത്തിട്ടു വലിക്കുന്നതുപോലെ തോന്നി വന്ദനയുടെ പപ്പക്ക്.


    "പപ്പാ.... " നേർത്തൊരു വിതുമ്പൽ പോലത്തെ ശബ്ദം.


    "മോളേ... " അയാളുടെ ശബ്ദവും വിറയാർന്നിരുന്നു.


    "പപ്പാ....അന്ന് രാത്രി എന്റെ കാർ ഇടിച്ചത് ഡിവൈഡറിനിട്ടു തന്നെയായിരുന്നോ...?"


    ഒരു നിമിഷത്തെ നിശബ്ദത    


        "......അല്ല!"


    "ഞാൻ എത്രവട്ടം കരഞ്ഞു പറഞ്ഞതാ പപ്പാ.... ഞാൻ ആരെയോ ഇടിച്ചിട്ടു എന്ന്.... അപ്പോഴൊക്കെ ഇല്ല മോളെ നീ ഡിവൈഡറിനിട്ടു തന്നെയാണ് ഇടിച്ചതെന്നു എന്തിനാണ് പപ്പാ കള്ളം പറഞ്ഞത്...?"


      "പിന്നെ ഞാൻ എന്തായിരുന്നു പറയേണ്ടത്...?  വെറും ഇരുപത്തിയൊന്നു വയസ്സു മാത്രം പ്രായമുള്ള എന്റെ മകൾ ലൈസൻസ് പോലുമില്ലാതെ മദ്യപിച്ചു ലക്കുകെട്ട് കാറോടിച്ച് ആരെയോ ഇടിച്ചിട്ടു എന്നോ....? അങ്ങനെ പറഞ്ഞിരുന്നുവെങ്കിൽ ഇന്ന് നീ ഡോക്ടർ ആയിട്ടിരിക്കുമോ?"


    "പക്ഷേ എത്ര വലിയ തെറ്റാണ് പപ്പാ ഞാൻ ചെയ്തത്...? പപ്പയും അതിനു കൂട്ടുനിന്നല്ലോ? " താൻ നിൽക്കുന്നത് റോഡിലാണെന്നു പോലും ശ്രദ്ധിക്കാതെ വന്ദന അലറിക്കരഞ്ഞു.


     "പക്ഷേ അന്ന് പപ്പയ്ക്കുമറിയില്ലായിരുന്നു നീ ഇടിച്ചു തെറുപ്പിച്ചത് വൈശാഖിന്റെ അച്ഛനെയും അമ്മയെയും ആയിരുന്നെന്ന്..."


     "വൈശാഖിനറിയുമോ ഞാനാണ് അതു ചെയ്തതെന്ന്?"


      "പപ്പ അവനോട്‌ എല്ലാം തുറന്നു പറഞ്ഞിരുന്നു മോളേ.... അതിനു ശേഷമാണ് ഞാൻ നിനക്കുവേണ്ടി അവനെ വിവാഹം ആലോചിച്ചത്."


    "എന്നിട്ട്......? എന്നിട്ടെന്നോട് മാത്രം എന്തേ പറഞ്ഞില്ല?"


     "അതു വൈശാഖിന്റെ നിർബന്ധം ആയിരുന്നു മോളേ.... ഞാനും നിന്റെ അമ്മയും അത്രയേറെ നിർബന്ധിച്ചിട്ടാണ് അവൻ വിവാഹത്തിനു സമ്മതിച്ചതു തന്നെ.... അപ്പോഴും ഒരു നിബന്ധനയിൽ...."


    "എന്നോട് പറയരുതെന്നോ..?"


     "ഉം.... " 'അറിയാതെ ചെയ്ത തെറ്റിനുള്ള കടപ്പാടായി അവൾ എന്റെ മാതാപിതാക്കളെ സ്നേഹിക്കുന്നത് എനിക്കിഷ്ടമല്ല അങ്കിൾ. വിവാഹം കഴിഞ്ഞു വീട്ടിലെത്തി ഒരു സാധാരണ പെൺകുട്ടിയെപ്പോലെ അവൾക്ക് എന്നെയും എന്റെ അച്ഛനമ്മമാരെയും സ്നേഹിക്കാൻ കഴിയുമെങ്കിൽ മാത്രം അവൾ എന്റെ ഭാര്യ ആയിരിക്കും' എന്നാണ് അവൻ പറഞ്ഞത്."


     ആദ്യരാത്രിയിൽ മണിയറയിലേക്ക് ചെറു പുഞ്ചിരിയുമായി കടന്നു വന്ന വൈശാഖിനെ വന്ദന ഓർത്തു.


     'എനിക്കു നിങ്ങളെ വെറുപ്പാണ്, ഒരിക്കലും നിങ്ങളുടെ ഭാര്യയായിരിക്കാൻ എനിക്കിഷ്ടമില്ല' എന്നു വെട്ടിത്തുറന്നു പറഞ്ഞപ്പോൾ കണ്ണീർ തുളുമ്പാതെ തളർന്ന ഒരു ചിരിയോടെ ബെഡിന്റെ കോണിൽ നിന്ന് ഒരു തലയിണ മാത്രമെടുത്തു പുറത്തേക്കിറങ്ങിപ്പോയത്...


     അവസാനം എയർപോർട്ടിൽ ഡ്രോപ്പ് ചെയ്തു കാറിന്റെ ഡിക്കിയിൽ നിന്ന് ബാഗുകൾ വെളിയിലെക്കെടുത്തു വയ്ക്കാൻ കുനിയുമ്പോൾ അവന്റെ കണ്ണിൽ നിന്നും അടർന്നു വീണ നീർത്തുള്ളികളെ നോക്കി താൻ ഉള്ളിൽ ചിരിക്കുകയായിരുന്നു.


   ഓർക്കുംതോറും നെഞ്ചിലെ ഭാരം കൂടി വന്ന് അത് പൊട്ടിത്തെറിച്ചേക്കുമെന്ന് അവൾക്കു തോന്നി.


    "എന്നാലും പപ്പാ.... ഒരു വാക്ക്.... ഞാൻ എത്ര മാത്രം വേദനിപ്പിച്ചു ആ മനുഷ്യനെ....." അവൾക്കു കണ്ണീരടക്കാൻ കഴിഞ്ഞില്ല.


    "നീ മാത്രമല്ല മോളെ, ഞാനും അവനെ വേദനിപ്പിച്ചിട്ടു മാത്രമേ ഉള്ളൂ..."


   "പപ്പാ കണ്ടിരുന്നോ വൈശാഖിനെ...?"


    "നീ പോയതിന്റെ പിറ്റേന്ന് അവൻ വന്നിരുന്നു. നിങ്ങളുടെ പേർക്ക് ഞാൻ എഴുതി വച്ച സ്വത്തുവകകൾ മുഴുവൻ നിന്റെ പേർക്ക് രജിസ്റ്റർ ചെയ്തതിന്റെ പേപ്പറുകളുമായി. അതിന്റെ കൂട്ടത്തിൽ ഡിവോഴ്സിനുള്ള ഒപ്പിട്ട സമ്മതപത്രവും ഉണ്ടായിരുന്നു....."


    "പപ്പാ..... " വന്ദന കൊച്ചു കുട്ടികളെപ്പോലെ വാവിട്ടു നിലവിളിച്ചു.


    "അവനും നമ്മുടെ കുടുംബവുമായുള്ള എല്ലാ ബന്ധവും അന്നു തീർന്നതാ മോളെ...... പക്ഷേ അവൻ എന്നും വരും, രണ്ടു മക്കളും ഉപേക്ഷിച്ച് അനാഥരായിപ്പോയ ഈ ഞങ്ങളെക്കാണാൻ..... ഇന്നും വന്നിരുന്നു.."


     "പപ്പാ എനിക്കു വൈശാഖിനെ കാണണം... ആ കാലുപിടിച്ചു പൊട്ടിക്കരയണം.. അവനെ എനിക്കു വേണം പപ്പാ... ഈയൊരു ജന്മത്തിലേക്കല്ല, ഇനിയെത്ര ജന്മങ്ങൾ ഉണ്ടെങ്കിലും എനിക്ക് അവന്റെ മാത്രം സ്വന്തമായാൽ മതി...."


    "മോളു വാ.... പപ്പയും വരാം.. നമുക്കു പോകാം ..... അവന്റെ വീടിന്റെ വാതിലുകൾ ആരുടേയും മുന്നിൽ ഒരിക്കലും അടയാറില്ല...

ചിറകുകൾ നഷ്ടപ്പെട്ടു പറക്കാനാവാതെ പോകുന്ന ആത്മാക്കൾക്കു ചുറ്റും കറങ്ങുന്ന ഒരു സ്നേഹഗ്രഹം പോലെ അവൻ ആ കൊച്ചു വീട്ടിൽത്തന്നെ ഉണ്ടാവും..."

To Top