രചന: നിധാന എസ് ദിലീപ്
""ഞാ..ഞാൻ മേയമോളോട് സംസാരിക്കാൻ വിളിച്ചതാണ്.."" പെട്ടെന്ന് ഹലോ എന്ന് അജുവേട്ടന്റെ ശബ്ദം കേട്ടപ്പോൾ പതറി പോയി.ആ ശബ്ദം ഹൃദയത്തിൽ തറച്ചത് പോലെ.
മേയാ ...അമ്മ വിളിക്കുന്നു എന്നു അജുവേട്ടൻ ഉറക്കെ പറയുന്നത് ഫോണിൽ കേട്ടു.
""ഹലോ.. അമ്മാ...."" എവ്ടെ നിന്നോ ഓടി കിതച്ചു കൊണ്ട് വന്നതാണെന്നു തോന്നുന്നു മേയ നന്നായി അണയ്ക്കുന്നുണ്ട്..""
"" നീ എവ്ടെയായിരുന്നു..""
""ഞാൻ ചന്തുവേട്ടന്റെ കൂടെ പറമ്പിലായിരുന്നു..ഒരുപാട് ഫോട്ടോസ് എടുത്തു..അമ്മയുടെ ഫോണിൽ അയച്ച് തരാമേ..."" വാക്കിലെ ഉത്സാഹത്തിൽ നിന്നും മനസിലാവുന്നുണ്ട് മേയ അവ്ടെ ഹാപ്പിയാണെന്ന്.""മ്ഹ്....മോള് ഭക്ഷണം കഴിച്ചോ...""
"'കഴിച്ചു..അച്ഛമ്മ നല്ല പുളിശ്ശേരിയും മാങ്ങാച്ചാറൊക്കെ ഉണ്ടാക്കി തന്നു..പിന്നെ രസോംണ്ടായിരുന്നു..""
""അച്ഛമ്മയ്ക്ക് എങ്ങനെയുണ്ട്...""
""കാലിന് ചെറ്യ വീക്കണ്ട് അല്ലേ അച്ഛാ...""
മറുഭാഗത്ത് അജുവേട്ടന്റെ ശബ്ദം കേട്ടപ്പോൾ കാതോർത്തു.എന്തോ പറയുന്നുണ്ട് വ്യക്തമാവുന്നില്ല""അമ്മേ...വൈദ്യർ കുഴമ്പ് കൊടുത്തിട്ടുണ്ട്..വേറെ കുഴപ്പോംന്നൂല്ല.."" അജുവേട്ടൻ പറഞ്ഞു കൊട്ത്തത് പോലെ മേയ പറഞ്ഞു.
""നീ അച്ഛമ്മേ അധികം ബുദ്ധിമുട്ടിക്കരുത്..ചന്തൂനേം ...അവനൊരുപാട് പഠിക്കാനുണ്ടാവും..."" മനപൂർവം അച്ഛൻ എന്ന പദം മാത്രം ഒഴിവാക്കി.
""അച്ഛമ്മേ ഞാൻ അടുക്കളയിൽ സഹായിച്ചു കറിക്കരിഞ്ഞു കൊട്ത്തു..പിന്നെ മുറ്റമടിച്ച് കൊട്ത്തു അല്ലേ അച്ഛാ..."" അവൾ ചെയ്ത ഓരോ കാര്യങ്ങൽ എണ്ണിയെണ്ണി പറഞ്ഞു.
"" മ്ഹ്..നീ......വിശ്വസിച്ചു..."" അവളെ കളിയാക്കും പോലെ പറഞ്ഞു.
"" സംശയൊണ്ടേൽ അച്ഛനോട് ചോദിക്ക്..ഞാൻ അച്ഛന് ഫോൺ കൊട്ക്കാം..അച്ഛാ..അമ്മക്ക് സംശയം ഞാൻ ഇവ്ടുന്ന് അച്ഛമ്മേ സഹായിച്ചോ ഇല്ലെയോന്നു..""
""മേയാ...വേണ്ടാ...ഞാൻ വിശ്വസിച്ചു.."" അവൾ അജുവേട്ടന് ഫോൺ കൊട്ക്കോന്നുള്ള പേടിയോടെ പറഞ്ഞു
""ചന്തൂനെ ശല്യം ചെയ്യുന്നുണ്ടോ നീ..""
"" മേയൂ..മേയൂന്നു വിളിച്ച് ചന്തുവേട്ടൻ എന്നെയാ ശല്യം ചെയ്യുന്നേ..""
"" മ്ഹ്...മാമൻ കൂട്ടാൻ വരണോന്നു ചോദിക്ക് നീ..""
""ആരോടാമ്മാ..."" കുസൃതി നിറഞ്ഞിരുന്നു മേയയുടെ വാക്കിൽ.
"" തമാശ കളിക്കാതെ ചോദിക്ക് മേയ...അമ്മക്ക് ദേഷ്യം വരുന്നുണ്ടേ..""
തരിശായി കിടന്ന ഹൃദയത്തെ നനയിച്ചു കൊണ്ട് പിന്നെയും അജുവേട്ടന്റെ സ്വരം കേട്ടു.
""അമ്മാ..അച്ഛൻ കൊണ്ടു വിട്ടോളാംന്നു പറഞ്ഞു...""
"'എന്നാ അമ്മ വെക്കുവാണേ...""
അങ്ങനെ പറഞ്ഞെങ്കിലും ഫോൺ വെച്ചില്ല നേർത്തതാണേലും അജുവേട്ടന്റെ ശബ്ദം കേട്ടാലോന്നോർത്ത്.മറുഭാഗത്ത് ഫോൺ കട്ടാവുന്നത് വരെ ചെവിയോട് ചേർത്ത് പിടിച്ചു.
"ഒരിക്കലും ചേരാൻ പാടില്ലാത്തോർ "പിരിയാൻ തീരുമാനിച്ച സമയത്ത് ഞങ്ങളുടെ ബന്ധത്തെ ഞങ്ങൾ തന്നെ വിശേഷിപ്പിച്ചത് അങ്ങനെയായിരുന്നു.കാമുകിയേയും ഭാര്യയേയും തുലാസിൽ വെച്ച് തൂക്കി നോക്കാനായിരുന്നു അജുവേട്ടൻ എന്നും ശ്രമിച്ചത്.മറ്റൊരു തരത്തിൽ പറഞ്ഞാൽ അജുവേട്ടന്റെ നഷ്ടപ്രണയകഥയിലെ നായികയെ എന്നിൽ കുടിയിരുത്താനുള്ള ശ്രമമായിരുന്നു താളപ്പിഴകൾക്കുള്ള തുടക്കം.ഞങ്ങളുടെ ദാമ്പത്യജീവിതത്തെ തലനാരീഴ കീറിമുറിച്ചു പരിശോധിച്ചാൽ എന്റെ ഭാഗത്തുമുണ്ട് തെറ്റുകൾ.എനിക്കും കുറച്ചൊക്കെ ക്ഷമിക്കാമായിരുന്നു.രണ്ടു പേരും വാശി കാണിച്ചു.മേയ മോൾക്ക് മൂന്നു വയസുള്ളപ്പോൾ എടുത്തതായിരുന്നു തീരുമാനം.ചോദ്യം ചെയ്യാനും ഉപദേശിക്കാനും വന്ന എല്ലാവരെയും ഐ ആം ഇനഫ് മെച്ച്യേർഡ് എന്ന വാക്കിൽ ഒതുക്കി നിർത്തി.
മോളു കൂടെയില്ലാത്തതു കൊണ്ട് എന്തോ ഒരു വീർപ്പുമുട്ടൽ""അല്ലേ മോള് എപ്പോഴും നിന്റെ കൂടെ കാണ്വോ..അവള് വലുതായ അവളുടെ ജീവിതം നോക്കി പോവില്ലേ.."" അമ്മയോട് പറഞ്ഞപ്പോൾ അമ്മയുടെ മറുപടി ഇതായിരുന്നു.ആദ്യമായാണ് മേയ അജുവേട്ടന്റെ വീട്ടിൽ നിൽക്കുന്നത്.അല്ലേ രാവിലെ പോയി വൈകുന്നേരം വരും. ചിലപ്പോ ഏട്ടനാണ് കൊണ്ട് വിടാറ്.അജുവേട്ടന്റെ അമ്മയ്ക്ക് വയ്യ രണ്ടു ദിവസം മോളുടെ കൂടെ നിക്കണമെന്നു പറഞ്ഞതു കൊണ്ട് സമ്മതിച്ചതാണ്.
ഓഫീസിൽ പോയിട്ടും ഒരു സുഖവുമില്ല എങ്ങനെയോ സമയം തള്ളി നീക്കി.വൈകുന്നേരം മോൾക്കിഷ്ടപ്പെട്ടതൊക്കെ ഉണ്ടാക്കി വെച്ചു.കാറിന്റെ ശബ്ദം കേട്ടപ്പോൾ ഇറയത്തേക്ക് ഓടി.മേയ കാറിന്റെ ഫ്രണ്ടിൽ നിന്നും ഇറങ്ങി കാറിന്റെ ബാക്കിലെ ഡോർ തുറന്ന് കുറേ പാക്കറ്റുകൾ എട്ക്കാൻ തുടങ്ങി.ഏട്ടനും അച്ഛനും ഇറങ്ങി ചെന്ന് ഡ്രൈവിങ് സീറ്റിലിരുന്ന അജുവേട്ടനോട് സംസാരിക്കുന്നുണ്ട്.ഏട്ടന്റെ ഇടയിൽ കൂടി അജുവേട്ടനെ കണ്ണുകൾ പരതി.""കയറീട്ട് പോവാംന്നു"" ഏട്ടൻ പറഞ്ഞപ്പോൾ "" തിരക്കുണ്ട് പിന്നീടൊരിക്കലാവാം""ന്നു അജുവേട്ടൻ പറഞ്ഞു.
""അമ്മാ....""മേയ വന്നു കെട്ടിപിടിച്ചു""മേയുവേ..ഇത് ഒരുപാടുണ്ടല്വോടീ...""അവളുടെ തലയിൽ ചെറുതായി തട്ടി കൊണ്ട് പാക്കറ്റുകൾ നോക്കീ കൊണ്ട് പറഞ്ഞു.""മ്ഹും..അച്ഛൻ വാങ്ങി തന്നതാ.."" അത്രയും അഭിമാനവും സന്തോഷവുമുണ്ടായിരുന്നു ആ വാക്കുകളിൽ.
ഏട്ടന്റെ മോൻ അപ്പുവിനും അജുവേട്ടൻ എന്തൊക്കെയോ വാങ്ങിയിരുന്നു.അതൊക്കെ അവനു കൊട്ത്ത് ബാക്കി ഷെൽഫിൽ എടുത്തു വെക്കുകയാണ് മേയ.""അച്ഛനെ കിട്ടിയപ്പോ നമ്മളെയൊന്നും വേണ്ടല്ലോ.."" എന്റെ വാക്കു കേട്ടപ്പോൾ അടുക്കിപൊറുക്കി വെക്കുന്നത് നിർത്തി."" അച്ഛൻ പറഞ്ഞത് ശരിയാ..അമ്മക്ക് ഇത്തിരി കുശുമ്പുണ്ട്.."" എളിയിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു
""അച്ഛനെന്തു പറഞ്ഞു..."" അറിയാനൊട്ടും ആഗ്രഹമില്ലാത്ത പോലെ പറഞ്ഞെങ്കിലും അജുവേട്ടൻ എന്നെ പറ്റി സംസാരിച്ചൂന്നറിഞ്ഞപ്പോൾ മനസ് ആർപ്പുവിളിക്കുകയാണ് .""ഇത്തിരി കുശുംമ്പും എട്ത്തു ചാട്ടവുമുണ്ടെങ്കിലും ആള് പാവാണ്...നീ അമ്മേ ഒരിക്കലും വിഷമിപ്പിക്കര്ത് ന്നു..""
''ഓ...ഈ പറഞ്ഞാൾ മിസ്റ്റർ പെർഫെക്ടാണല്ലോ..."" എന്നെ തന്നെ നോക്കി നിൽക്കുന്ന മേയ എന്റെ ഉള്ളിലുള്ളത് മനസിലാക്കുമോ എന്ന പേടിയിലാണ് പുച്ഛിക്കും പോലെ പറഞ്ഞത്.""പിന്നെ ...എന്റെച്ഛൻ എനിക്ക് മിസ്റ്റർ പെർഫെക്ടാ...""ഞാൻ നോക്കിയതും ""എന്റമ്മ മിസ്സ് പെർഫെക്ടും..""എന്നു പറഞ്ഞ് കെട്ടിപ്പിടിച്ചു.
""മതി..സോപ്പിങ്...""ചുറ്റിപ്പിടിച്ച കൈ വിടിവിച്ചു.
""നീ മുടീല് വെളിച്ചെണ്ണ തേച്ചില്ലേ..മുടി ചകിരി പോലുണ്ടല്ലോ.."" വിഷയം മാറ്റാനായി അവളുടെ മുടി പിടിച്ചു കൊണ്ട് ചോദിച്ചു.
""പോ..മ്മേ..അച്ഛമ്മ എനിക്ക് മുടീല് കാച്ചിയെണ്ണ തേച്ചു തന്നു പിന്നെ താളിം തേച്ചു തന്നു..""
""അച്ഛമ്മ എന്തു പറഞ്ഞു...""
""എപ്പോഴാ ഇനി വര്വാ...അച്ഛമ്മക്ക് എന്റെ കൂടെ നിന്ന് കൊതി തീർന്നില്ലാന്നൊക്കെ പറഞ്ഞു..ഞാൻ പറഞ്ഞു ഇനീം വരാംന്നു..""
""അമ്മേ പറ്റിയൊന്നും ചോദിച്ചില്ലേ..""
""മ്ഹ്..ചോദിച്ചു..ജോലിക്ക് പോവാറില്ലേ...തടിച്ചോ..മെലിഞ്ഞോ...കാണാൻ ഓർമയാവുന്നു അങ്ങനെ എന്തൊക്കെയോ പറഞ്ഞു പിന്നെ രാത്രി പറഞ്ഞു അച്ഛനും അമ്മക്കും വാശി കളഞ്ഞൂടെ..ഇനി അത്രേം കാലല്ലേ അച്ഛമ്മ ഉണ്ടാവൂ..അതിനു മുൻപ് എല്ലാരുടേം കൂടെ നിക്കാൻ പറ്റിയെങ്കിൽന്നു.അച്ഛമ്മ കരയുകേം ചെയ്തു.."" മേയയുടെ ശബ്ദവും നേർത്തു.
""വാ..ഞാൻ നിനക്ക് ചായ എട്ത്ത് തരാം..""അതും പറഞ്ഞ് എഴുന്നേറ്റു.
"" അമ്മാ...ഡു യു സ്റ്റിൽ ലവ് ഹീം.."" മേയയുടെ ചോദ്യത്തിൽ സ്റ്റക്കായത് പോലെ നിന്നു.
""എനിക്ക് തോന്നീട്ടുണ്ട്..രണ്ടാൾക്കും ഇപ്പോഴും ഇഷ്ടാണെന്ന്.."" മേയയെ നോക്കാതെ ചുമരിലേക്ക് നോക്കി നിന്നു.""അച്ഛനോട് ഞാൻ ഫോണിൽ സംസാരിക്കുമ്പോ അച്ഛന്റെ ശബ്ദം കേൾക്കാനായി അമ്മ ചെവി വട്ടം പിടിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.അത് പോലെ തന്നെ അമ്മയോട് ഫോണിൽ സംസാരിക്കുമ്പോൾ ഒരു ചിരിയോടെ അച്ഛൻ കേട്ട് നിൽക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്.വന്നിട്ട് എന്നെ ഒന്നു ശ്വാസം വിടാൻ പോലും വിടാതെ അമ്മ അവിടുത്തെ വിശേഷം ചോദിക്കുന്നത് അച്ഛനെ പറ്റി അറിയാനാണെന്നും എനിക്കറിയാം.അമ്മക്ക് മനസിലായോന്നറിയില്ല എന്നെ ഇവ്ടെ കൊണ്ട് വിടാൻ അച്ഛൻ വരുന്നത് അമ്മേ കാണാനാ.എന്തിനാ അമ്മാ ഇനിയും വാശി..""
എന്തിനായിരുന്നു ഈ വാശി എന്നു ചോദിച്ചാ അറിയില്ല ഒരു ദിവസം വഴക്കുണ്ടാക്കി മോളെയും കൊണ്ട് അവിടുന്നിറങ്ങി.അജുവേട്ടൻ വിളിക്കാൻ വന്നില്ല.ഞാനായി ഇറങ്ങിപോയതല്ലേ ഞാനായിട്ട് വരട്ടേന്നു അജുവേട്ടനും കരുതി കാണും.അജുവേട്ടനോട് സംസാരിക്കാമെന്നു ഏട്ടനും അച്ഛനും പറഞ്ഞപ്പോൾ അവരെ വിലക്കി.രണ്ടു പേരുടേയും വാശി മുറുകിയപ്പോൾ ഡിവോഴ്സിൽ വരെ എത്തി.
""എല്ലാരും ആഗ്രഹിക്കുന്നുണ്ട് നിങ്ങൾ രണ്ടാളും ഒരുമിക്കാൻ..എനിക്കും ആഗ്രഹം ഉണ്ടമ്മാ എന്റെ ഫ്രൺസിനെ പോലെ അച്ഛന്റേം അമ്മേടേം കൂടെ സിനിമക്ക് പോവാനും രണ്ടു പേരേയും കെട്ടിപ്പിടിച്ച് ഉറങ്ങാനും..""
""നീ വാ..ഞാൻ ചായ എടുക്കാം..""
""അമ്മാ...."" കേഴും പോലെ വിളിച്ചു.
""മേയാ...പറയുന്നത് അനുസരിക്ക്..""
ചായ കുടിക്കുമ്പോഴും അത്താഴം കഴിക്കുമ്പോഴുമെല്ലാം മേയു മുഖം വീർപ്പിച്ചിരുന്നു.ചോദ്യത്തിന് മാത്രം ഉത്തരം തന്നു.
രാത്രിയിൽ മേയയെ കെട്ടിപ്പിടിച്ചപ്പോൾ കൈ തട്ടിമാറ്റി.""മേയൂ...അജയ് എന്ന അച്ഛനും അജയ് എന്ന ഭർത്താവും രണ്ടും രണ്ടാണ്..നിനക്കത് ഇപ്പോ മനസിലാവില്ല അതും പറഞ്ഞ് തിരിഞ്ഞു കിടന്നു. അജുവേട്ടൻ എന്നും നല്ല അച്ഛനാണ്..മേയയെ പ്രഗ്നന്റായത് തൊട്ട് അത് അറിയാം .പക്ഷെ പലപ്പോഴും നല്ല ഭർത്താവല്ലായിരുന്നു.സ്വകാര്യ നിമിഷത്തിൽ പോലും കാമുകിയെ പുകഴ്ത്തി പറഞ്ഞിട്ടുണ്ട്.ഒരു ഭാര്യയ്ക്കും സഹിക്കാൻ പറ്റുന്ന ഒന്നല്ല പക്ഷേ അജുവേട്ടന്റെ സ്ഥാനത്ത് മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലും ഇതുവരെ പറ്റിയിട്ടില്ല.എപ്പോഴോ മേയുവിന്റെ കൈ എന്നെ ചുറ്റുന്നതറിഞ്ഞു.""അമ്മാ...ഒരു ചാൻസു കൂടി അച്ഛന് കൊട്ത്തൂടെ...""
"" അച്ഛൻ പറഞ്ഞോ...""
""ഇല്ലാ..പക്ഷേ അച്ഛൻ ആഗ്രഹിക്കുന്നുണ്ടെന്നു തോന്നി.അച്ഛന്റെ മുറിയിൽ ഇപ്പോഴും നിങ്ങളുടെ കല്യാണ ഫോട്ടോണ്ട്.കഴിഞ്ഞ പ്രാവിശ്യം പോയപ്പോ അച്ഛന്റെ പേഴ്സിലും കണ്ടു അമ്മേന്റെ ഫോട്ടോ...""മിണ്ടാതെ കേട്ടു കിടന്നു.
""ഷെൽഫിൽ സാരീടെ അടീല് അമ്മ എന്തിനാ അച്ഛന്റെ ഫോട്ടോ വച്ചിരിക്കുന്നേ??""
"" പറ അമ്മാ...""മിണ്ടാതെ കിടന്നപ്പോൾ വയറിൽ ഇക്കിളി ഇട്ടു കൊണ്ട് ചോദിച്ചു.
""അടങ്ങി കിടക്ക് മേയു...എനിക്ക് ഉറക്കം വര്ണൂ...""അവളുടെ കൈയിൽ ചെറുതായി തല്ലി കൊണ്ട് പറഞ്ഞു.ചുറ്റിപ്പിടിച്ച കൈ ഒന്നു കൂടി മുറുക്കി കൊണ്ട് മേയു ഒന്നു കൂടി ചേർന്നു കിടന്നു.
ഞായറാഴ്ച ആയോണ്ട് അടുക്കളയിലായിരുന്നു.കോളിങ് ബെൽ കേട്ടു.ആരും തുറക്കാത്തത് കൊണ്ടാവാം പിന്നെയും ബെൽ അടിഞ്ഞു.സാധാരണ മേയുവോ അപ്പുവോ ഓടിപോയി ആരാണെന്നു നോക്കാറുള്ളതാണ് രണ്ടിനേയും കാണുന്നില്ല.അമ്മയും ഏട്ടത്തിയും അടുക്കളത്തോട്ടത്തിലായോണ്ട് കേട്ട് കാണില്ല.വാതിൽ തുറന്നു നോക്കിയപ്പോൾ അജുവേട്ടൻ....ഒരു നിമിഷം തറിച്ചു നിന്നുപോയി
""അമ്മയ്ക്ക് മോളെ കാണണംന്നു പറഞ്ഞു.."" അജുവേട്ടൻ പറഞ്ഞൊപ്പിച്ചു.
""ഞാൻ മോളെ റെഡിയാക്കാം...""അതും പറഞ്ഞ് അകത്തേക്ക് നടന്നു.ഒരു തരം രക്ഷപെടൽ
"" ശ്രീ..."" ആരോ പിടിച്ചു കെട്ടിയത് പോലെ നിന്നു.വർഷം ഒൻപതാവുന്നു ആ വിളി കേട്ടിട്ട്.ആ വിളിയിൽ ഇതുവരെ പിടിച്ചു നിർത്തിയ വാശിയൊക്കെ ഒലിച്ചു പോയത് പോലെ.കവിൾ താനേ നനഞ്ഞു.""നീയും വരണം കൂടെ..."" ഒന്നും പറയാനാവാതെ അങ്ങനെ തന്നെ നിന്നു.ഇരു ചുമലിലും അജുവേട്ടന്റെ കൈകൾ പതിഞ്ഞപ്പോൾ ആ നെഞ്ചിൽ ചാരി നിന്നു.തിരിഞ്ഞു നിന്നു വരിഞ്ഞു മുറുക്കി.ഇടക്ക് എപ്പോഴോ മുഖം കൈയിലെടുത്ത് ചുംബനം കൊണ്ടു പൊതിയുന്നതറിഞ്ഞു.അജുവേട്ടന്റെ കഴുത്തിടുക്കിൽ മൂക്കും ചുണ്ടുമുരച്ച് പരിഭവം പങ്കു വെച്ചു.എപ്പോഴോ അജുവേട്ടന്റെ കൈകളയഞ്ഞപ്പോൾ പതിയെ മാറി നിന്നു.അപ്പോഴാണ് ശ്രദ്ധിച്ചത് അച്ഛനും അമ്മയും ഏട്ടനും ഏട്ടത്തിയുമെല്ലാം ചിരിയോടെ ഞങ്ങളെ നോക്കി നിൽക്കുകയായിരുന്നുവെന്ന്.ഏട്ടനും ഏട്ടത്തിയും മേയുവിന്റെയും അപ്പുവിന്റെയും കണ്ണുകൾ പൊത്തി പിടിച്ചിട്ടുണ്ട്.""ചമ്മണ്ട വേഗം പോയി റെഡിയാവ്..""
ടെൻഷൻ കൊണ്ടോ പരിഭ്രമം കൊണ്ടോ എന്താണന്നറിയില്ല ഒന്നും പരതിയിട്ട് കാണുന്നില്ല.""മേയുവിനെയും കൂട്ടി എല്ലാ സാധനവും പാക്ക് ചെയ്ത് ഞങ്ങൾ പിറകെ വന്നോളാം നീ അജുവിന്റെ കൂടെ പോയ്ക്കോ..""ഏട്ടത്തി പറഞ്ഞപ്പോൾ സാരി എങ്ങനെയൊക്കെയോ വലിച്ചു ചുറ്റി.
കാറിൽ ഇരിക്കവേ ഇടക്കിടക്ക് കണ്ണുകൾ അജുവേട്ടനെ തേടി പോയി.കണ്ണുകൾ തമ്മിലിടഞ്ഞപ്പോൾ ഒരു ചിരിയോടെ കണ്ണുകൾ മാറ്റി.കാർ ബീച്ചിൽ നിർത്തി.
""സോറി..."" കൈകളെടുത്ത് അജുവേട്ടന്റെ കവിളോട് ചേർത്തു വെച്ച് കൊണ്ട് അജുവേട്ടൻ പറഞ്ഞു.""എന്റെ ഭാഗത്തായിരുന്നു തെറ്റ്...അത് ഏറ്റ് പറയാൻ ഒൻപത് വർഷമെടുത്തതിനും സോറി..""അജുവേട്ടൻ പറഞ്ഞു പൂർത്തിയാക്കും മുന്നേ ആ ചുണ്ടുകളിൽ കൈ വെച്ച് തടഞ്ഞു.""എന്റെ ഭാഗത്തും ഉണ്ടായിരുന്നു തെറ്റ്.."" പിന്നെ രണ്ടു പേരും ഒന്നും മിണ്ടാതെ ദൂരേക്ക് നോക്കി നിന്നു.അജുവേട്ടന്റെ ചുമലിൽ തല ചായ്ച്ചിരുന്നു.
അജുവേട്ടന്റെ വീട്ടിൽ എത്തുമ്പോഴേക്കും എല്ലാവരും അവിടെ എത്തിയിരുന്നു.നിലവിളക്കുമായി ഒന്നു കൂടി ആ വീടിന്റെ പടി കയറി.""വാശിപ്പുറത്ത് വെറ്തേ എട്ടൊൻപത് വർഷം കളഞ്ഞില്ലേ...""ഏട്ടൻ കളിയാക്കി കൊണ്ട് പറഞ്ഞു.
"" നമുക്കിടയിൽ ഈ ഒൻപത് വർഷങ്ങളില്ലായിരുന്നെന്നു കരുതാം...""മറ്റാരും കേൾക്കാതെ അജുവേട്ടൻ പറഞ്ഞു.
""ഞാനിന്നു അച്ഛമ്മേടെ കൂടെയാ...കഴിഞ്ഞ പ്രാവിശ്യം വന്നപ്പോ പറഞ്ഞു തന്ന കഥേടെ ബാക്കി അച്ഛമ്മ പറഞ്ഞു തരാംന്നു പറഞ്ഞിട്ടുണ്ട്..""തിരിച്ചെന്തെങ്കിലും പറയും മുൻപേ മേയു തുള്ളിച്ചാടി അച്ഛമ്മേടെ റൂമിലേക്ക് പോയി.ആ മുറിയിൽ ആദ്യമായി കയറിയ അതേ പരിഭ്രമം തോന്നി.കൈ കെട്ടി നിന്നു അജുവേട്ടൻ ചിരിക്കുന്നത് കണ്ടപ്പോൾ അതിന് ആക്കം കൂട്ടി.""നമ്മൾ അടികൂടിയില്ലായിരുന്നുവെങ്കിൽ മേയമോൾക്ക് ഒരു അനിയനോ അനിയത്തിയോ ഉണ്ടാവുമായിരുന്നു അല്ലേ...""പറച്ചിലിനൊപ്പം കൈ സാരിത്തലപ്പിൽ എത്തിയിരുന്നു.
ഇനി ഒരിക്കലും ഇങ്ങനെ അജുവേട്ടന്റെ നെഞ്ചിൽ കിടന്നുറങ്ങാൻ പറ്റുമെന്നു കരുതിയതല്ല.രണ്ടു പേരെയും നിദ്ര പുൽകുമ്പോൾ ഇനിയൊരിക്കലും പിരിയില്ലാ എന്ന പോലെ കൈകൾ കോർത്തു പിടിച്ചിരുന്നു...