ഏറ്റവുമധികം ആഗ്രഹിച്ച, ഇഷ്ടപ്പെട്ട ആ പു രുഷനോടൊത്തുള്ള ജീവിതം...

Valappottukal


രചന: sajithaiparambu


തൊപ്പി വച്ച് നരച്ച താടി നീട്ടിവളർത്തിയ ആളായിരുന്നു ഓട്ടോറിക്ഷയുടെ ഡ്രൈവിങ്ങ് സീറ്റിൽ ഇരുന്നത് 


അത് കൊണ്ട് വൈക്ളബ്യത്തോടെയാണ് ഞാനതിൽ കയറിയത് 


താഴത്തെ ഇല്ലത്തേയ്ക്ക് പോകണം


എനിക്ക് പോകേണ്ട സ്ഥലം പറഞ്ഞപ്പോൾ, ഒന്നും മിണ്ടാതെ  അയാൾ വണ്ടി മുന്നോട്ടെടുത്തു.


ഞാൻ എന്ന് വച്ചാൽ താഴത്തെ ഇല്ലത്ത് പത്മിനി തമ്പുരാട്ടി എന്ന അറുപത്തിരണ്ട്കാരി


പപ്പി എന്നാണ് അടുപ്പമുള്ളവര് വിളിക്കുന്നത്


അസഹനീയമായ ചൂട് താങ്ങാനാവാത്തത് കൊണ്ടാവാം അയാളൊരു കൂളിങ് ഗ്ളാസ് വച്ചിട്ടുണ്ട്


പണ്ട് ഇത് പോലൊരു മുസൽമാൻ്റെ ഓട്ടോറിക്ഷയിൽ കയറി ,ആദ്യമായി ഇല്ലത്ത്  ചെന്ന് ഇറങ്ങിയപ്പോഴാണ്, എൻ്റെ ജീവിതത്തിൽ ആ അനിഷ്ടസംഭവം ഉണ്ടായത്,


അയാളുടെ സംസാരശൈലി ആരെയും ആകർഷിക്കുന്നതായിരുന്നു വെളുത്ത സുന്ദരമായ മുഖത്തെ നീണ്ട മൂക്കും പൂച്ച കണ്ണുകളും കൂടി ആയപ്പോൾ എനിക്ക് അയാളോടന്ന് എന്തോ ഒരു അടുപ്പം തോന്നി


പിന്നീട് അമ്പലത്തിൽ പോയി മടങ്ങുമ്പോഴും കുറച്ചകലെയുള്ള വായനശാലയിൽ പോയി വരുമ്പോഴുമൊക്കെ ഞാൻ അയാളുടെ ഓട്ടോറിക്ഷയിൽ തന്നെ യാത്ര ചെയ്യാൻ തുടങ്ങി


ആ യാത്ര ഞങ്ങളെ, തമ്മിൽ പിരിയാനാവാത്ത വിധം അടുപ്പിച്ചു,


ഞങ്ങളുടെ കണ്ട് മുട്ടലുകളും, ദീർഘനേരം വഴിവക്കിൽ നിന്നുള്ള സംഭാഷണവുമൊക്കെ, ഇല്ലത്തുള്ളവർ അറിയാനിടയായി,


അങ്ങനെയിരിക്കെ, ഒരിക്കൽ അമ്പലത്തിൽ നിന്നും ഓട്ടോറിക്ഷയിൽ തിരിച്ചെത്തിയ ഞാൻ ,ഇല്ലത്തിൻ്റെ പടിപ്പുരയിലേക്ക്

കയറും മുമ്പേ, എൻ്റെ ആങ്ങളമാരും ജോലിക്കാരും ചേർന്ന് അദ്ദേഹത്തെ വളഞ്ഞിട്ട് തല്ലിച്ചതച്ചു.


തടയാൻ ഞാൻ ഒരുപാട് ശ്രമിച്ചെങ്കിലും, ബലപ്രയോഗത്തിലൂടെ എൻ്റെ ആങ്ങളമാർ, എന്നെ പടിപ്പുരയ്ക്ക് അകത്തേയ്ക്ക് തള്ളിയിട്ട്, വാതിൽ വെളിയിൽ നിന്ന് പൂട്ടിക്കളഞ്ഞു,


പിന്നീട്, എൻ്റെ വേളി കഴിയുന്നത് വരെ, എനിക്ക് പുറം ലോകം കാണാൻ കഴിഞ്ഞില്ല,


നിസ്സഹായയായ എനിക്ക്, മറ്റൊരു പുരുഷൻ്റെ ഭാര്യയാകേണ്ടി വന്നു,


എങ്കിലും ഞാനാദ്യമായി പ്രണയിച്ച ആ പൂച്ചക്കണ്ണുള്ളയാളെ, എന്നും ഞാൻ ഓർക്കുമായിരുന്നു,


അന്നത്തെ സംഭവത്തിന് ശേഷം, പിന്നീട് ഇത് വരെ അദ്ദേഹത്തെ ഞാൻ കണ്ടിട്ടില്ല,


ഓരോന്ന് ആലോചിച്ചിരുന്ന് ,

ഞാൻ ഇല്ലത്തിന് മുൻപിൽ ഓട്ടോറിക്ഷ വന്ന് നിന്നത് അറിഞ്ഞില്ല,


എത്രയാ വാടക?


ഗൗരവത്തിലിരിക്കുന്ന ഡ്രൈവറോട് ഞാൻ ചോദിച്ചു,


വാടകയൊന്നും വേണ്ട, ആ പഴയ സ്നേഹമെനിക്ക് തിരിച്ച് തന്നാൽ മതി ,ഇപ്പോഴും ഞാൻ തനിച്ചാണ് പപ്പീ ,,,


ആ ശബ്ദവും, അയാളുടെ സംസാരവും കേട്ട് ,ഞാൻ ഞെട്ടിത്തരിച്ച് നില്ക്കുമ്പോൾ, മുഖത്ത് നിന്ന് അയാൾ കൂളിങ്ങ് ഗ്ളാസ്സ് ഊരി,


അയാളുടെ പൂച്ചക്കണ്ണുകൾ കണ്ട് ഞാൻ വീണ്ടും ഞെട്ടി.


പരിഭ്രമിച്ച് നില്ക്കുന്ന എന്നെ നോക്കി ആ പഴയ ഹൃദ്യമായ പുഞ്ചിരി തന്നിട്ട്, അദ്ദേഹം ഓട്ടോറിക്ഷ സ്റ്റാർട്ട് ചെയ്ത് തിരിച്ച് പോയി,


അമ്പലത്തിൽ നിന്ന് തിരിച്ച് വന്ന ഞാൻ, ആലോചനാ മഗ്നയായി ഇരിക്കുന്നത് കണ്ടിട്ടാവാം, കഴിഞ്ഞ ദിവസം എന്നെ കാണാൻ വന്ന ,പൂനെയിൽ ലോയറായി പ്രാക്ടീസ് ചെയ്യുന്ന എൻ്റെ ഇളയ മകൾ എന്നോട് കാര്യം തിരക്കി,


അവളോട് ഞാൻ ആദ്യമായി എൻ്റെ പഴയ പ്രണയകഥയും, ഇപ്പോഴത്തെ സംഭവും തുറന്ന് പറഞ്ഞു,


എല്ലാം കേട്ട്, ഒന്നും മിണ്ടാതെ അവൾ അകത്തേയ്ക്ക് പോയി,


യാതൊരു പ്രതികരണവുമില്ലാതെ അവൾ എഴുന്നേറ്റ് പോയപ്പോൾ, ഒന്നും തുറന്ന് പറയേണ്ടിയിരുന്നില്ല എന്നെനിക്കപ്പോൾ തോന്നി,


അതിന് ശേഷം, അവളുടെ മുഖത്ത് നോക്കാൻ എനിക്ക് മടി തോന്നി,


വൈകുന്നേരമായപ്പോൾ എറണാകുളത്ത് സെറ്റിൽഡായ, എൻ്റെ മകനും കുടുംബവും എത്തിച്ചേർന്നു,


സാധാരണ പെങ്ങളും ഫാമിലിയും പൂനെയിൽ നിന്ന് വരുമ്പോൾ, അവനും കുടുംബസമേതം എത്താറുണ്ട്,


പക്ഷേ, ഇപ്പോൾ അവൻ 

വന്നത് ,മറ്റൊരു കാര്യത്തിനാണന്നറിഞ്ഞപ്പോൾ എനിക്ക് ആകാംക്ഷയായി,


അമ്മേ,,,ചെറുപ്പത്തിലേ തന്നെ അമ്മയ്ക്ക് ഭർത്താവിനെ നഷ്ടപ്പെട്ടിട്ടും, ഞങ്ങളുടെ ഭാവിയെ കുറിച്ചോർത്ത് അമ്മ മറ്റൊരു വിവാഹത്തിന് തയ്യാറായില്ല, എന്നാൽ ഞങ്ങൾ രണ്ട് മക്കളുടെയും ഭാവി സുരക്ഷിതമായപ്പോഴേക്കും, അമ്മ തനിച്ചാകുകയും ചെയ്തു , അമ്മയ്ക്ക് നല്ലൊരു ജീവിതം തരാൻ, ഞങ്ങൾക്കിത് വരെ കഴിഞ്ഞില്ല,

അത് കൊണ്ട്, ഞങ്ങളൊരു കാര്യം തീരുമാനിച്ചു,പണ്ട് അമ്മയുടെ ആങ്ങളമാരും മറ്റും ഇല്ലാതാക്കിയ, അമ്മ ഏറ്റവുമധികം ആഗ്രഹിച്ച, ഇഷ്ടപ്പെട്ട ആ പുരുഷനോടൊത്തുള്ള ജീവിതം, ഞങ്ങള് യാഥാർത്ഥ്യമാക്കാൻ പോകുവാണ്, അതിന് ആരൊക്കെ തടസ്സം നിന്നാലും, മറ്റുള്ളവർ എന്ത് പറഞ്ഞാലും, ഞങ്ങളത് കാര്യമാക്കുന്നില്ല ,അമ്മയ്ക്കിനി എന്തെങ്കിലും പറയാനുണ്ടോ?


മക്കളുടെ തീരുമാനമറിഞ്ഞ ഞാൻ, ആ ഷോക്കിൽ നിന്ന് മുക്തയാകാൻ ഒരു പാട് സമയമെടുത്തു...

To Top