അവളൊരിക്കൽ പോലും ഭർത്താവിന്റെ ശ്രദ്ധക്കുറവിനെ കുറ്റം പറഞ്ഞില്ല...

Valappottukal

 


രചന: Rajish Kumar


" എട്യേ.... നീയിപ്പം ഉണ്ണിയപ്പം ഉണ്ടാക്കാറുണ്ടോ...?"


ലോക്ക്ഡൗണിൻ്റെ വിരസതയ്ക്കിടയിലാണ് പണ്ട് അവളുടെ കയ്യിൽ നിന്നും കഴിച്ച ഉണ്ണിയപ്പത്തിൻ്റെ രുചി ഓർമ്മ വന്നത്...

തേച്ചവളോടാണ് ചോദ്യം..

അതും വാട്സാപ്പിൽ....


"ഇല്ല.... ഇവിടാർക്കും അതൊന്നും ഇഷ്ടല്ല..."


"നീ ഉണ്ടാക്കി കൊടുത്തോ....? അത് പറ "


"ഇല്ല"


"പിന്നെങ്ങനാ ഇഷ്ടാണോ അല്ലയോന്ന് അറിയുക..?

സൂപ്പർ ടേസ്റ്റായിരുന്നു...

ഓർക്കുമ്പം ഇപ്പഴും വായിൽ വെളളമൂറുന്നു..."


"അത് നിനക്കെന്നോടന്ന് പ്രണയം മൂത്തോണ്ട് തോന്നിയതാവും... ഹ..ഹ... അല്ലാതെ അത്രയ്ക്കൊന്നും ടേസ്റ്റില്ല.."


ശരിയായിരിക്കും...!

അവൾ തൊട്ട എന്തിനും ഭംഗി തോന്നിയിരുന്ന കാലമായിരുന്നു അത്..

പിന്നെ ഉണ്ണിയപ്പമാവുമ്പം പറയണ്ടല്ലോ.. ?

വാട്ടിയ വാഴയിലയിൽ പൊതിഞ്ഞ് ആരുമറിയാതെ കൊണ്ടുവന്നു നൽകിയ ഉണ്ണിയപ്പങ്ങൾ..

അവൾ എന്നെയോർത്ത് ഉണ്ടാക്കിയത്...

എത്ര കഴിച്ചാലും മടുക്കാത്തവ...

ഒരാൾക്കും നല്കാതെ ഒറ്റയ്ക്കിരുന്ന് എത്ര കഴിച്ചിരിക്കുന്നു ഞാൻ...


ചാറ്റിനിടയിൽ പഴയ പ്രണയ ഓർമ്മകൾ കടന്നുവരുമ്പോൾ നെഞ്ചിലിപ്പോഴും ഒരു കനമാണ്..

മറ്റൊന്നും കൊണ്ടല്ല...

എനിക്കവളോടുള്ള പ്രണയം ഇപ്പഴും പഴയതുപോലെ നില്ക്കുകയാണുളളിൽ..

കാലം അതുമാത്രം മായ്ച്ചില്ല...!

അവൾക്കാണേൽ എന്നോട് പ്രണയമേയില്ല...

പഴയ ഓർമ്മകൾ അവൾ തമാശകളായ് പറയുന്നു..

എനിക്കതിന് ഒട്ടും തന്നെ കഴിയുന്നുമില്ല....


ഇതാ ഇപ്പഴും വാക്കുകളിൽ പ്രണയം കടന്നുവന്നപ്പം മറിച്ചൊരു വാക്ക് പറയാൻ കഴിയാതെ ചാറ്റ് മുറിഞ്ഞിരിക്കുന്നു..

ഞാനാ പഴയ കൗമാരക്കാരനെ പോലിരുന്ന് വിയർക്കുന്നു..

പെട്ടെന്ന് ഞാൻ വാട്സാപ്പിൽ നിന്നും പുറത്ത് കടന്നു...

ഓൺലൈനായിരുന്നു മിണ്ടാതിരുന്നാൽ അവളേക്കാൾ പ്രാധാന്യം മറ്റാരെങ്കിലുമാണെന്ന ഒരു തോന്നൽ അവളിൽ ഉണ്ടായേക്കാം...

അതെനിക്ക് ഇഷ്ടമല്ല...!

അവൾ കഴിഞ്ഞാണ് എന്തും...!!

അന്നും ഇന്നും...!


ഞാൻ കസേരയിലേക്ക് ചാഞ്ഞു.

ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നുളള നഗരക്കാഴ്ച്ചകൾ നല്ല രസമാണ്..

എത്ര വെളിച്ചങ്ങളാണ്..

ഇരുട്ട് പരക്കുന്ന നഗരത്തിൽ പലപല പൊട്ടുകളായ് അവ തെളിയുകയാണ്..

പല വർണ്ണങ്ങളിൽ...

ചിലത് റോഡിലൂടെ ഒഴുകി നടക്കുന്നുമുണ്ട്..

ജോലി കഴിഞ്ഞ് തിരക്ക് പിടിച്ച് വീടണയുന്നവർ..

കൊറോണയെയൊന്നും ആരും ഇവിടെ വകവെയ്ക്കുന്നില്ല..

എല്ലാവരും ജീവിക്കാൻ വേണ്ടിയുളള നെട്ടോട്ടങ്ങളിലാണ്..

ഞാനും എത്ര പെട്ടെന്നാണ് ഈ നഗരത്തിന്റെ തിരക്കിലേക്ക് കണ്ണി ചേർക്കപ്പെട്ടത്..?


എല്ലാ തിരക്കും ഒന്നടങ്ങിയത് ഈ ലോക്ക്ഡൗണിലാണ്..

അപ്പഴാണ് കഴിഞ്ഞു പോയ ജീവിതത്തിലേക്കൊന്ന് തിരിഞ്ഞു നോക്കാൻ തോന്നിയത്... 

പഴയ ഓർമ്മകൾ പലതും മനസിലെത്തി....

അവളുടെ ഓർമ്മകൾ നെഞ്ചിൽ ഒരു കനമായ് നിന്നപ്പോഴാണ് വാട്സാപ്പ് നമ്പർ ഒരു സുഹൃത്ത് വഴി കഷ്ടപ്പെട്ട് സമ്പാദിച്ചത്.

എല്ലാം ലോക്ക് ഡൗൺ കാലത്ത് തന്നെ..!

എന്നിട്ടും പഴയ പ്രണയത്തെ പുതുക്കിയെടുക്കാൻ കഴിയാതെ നിൽക്കയാണ്..

കുറ്റബോധം ചിലപ്പോൾ എന്നെ പിന്തിരിപ്പിക്കും..

ഒരു സൗഹൃദമെങ്കിലും മതിയെന്ന് തോന്നും....

ഇടയ്ക്ക് അവളുടെ ഇഷ്ടം മുഴുവനായി എനിക്ക് തന്നെ വേണമെന്നും..

സത്യം പറഞ്ഞാൽ എനിക്ക് അവളോട് പ്രണയം മാത്രമേ ഉള്ളൂ... 

സൗഹൃദം എന്നത് ഞാൻ വെക്കുന്ന മുഖംമൂടിയാണ്, പ്രണയം പറയാനുള്ള  താൽക്കാലിക ഭയം കൊണ്ട്..


പണ്ട് ഇവളോട് പ്രണയം പറയാൻ ഇത്രക്ക് പാടുണ്ടായിരുന്നില്ല...

അതിൽ ഒരു തെറ്റും തോന്നിയിരുന്നുമില്ല..!

ഇതങ്ങനെയല്ല..!

രണ്ടു കുടുംബത്തിലുളളവരാണ് ഞങ്ങൾ..

അവിടെയും ഇവിടെയും സ്നേഹത്തോടെ ചേർന്ന് നിൽക്കുന്ന കുറേ പേരും..

കുറ്റബോധമില്ലാതെ ഇനിയൊരു പ്രണയം സാധ്യമല്ല...!!

പറഞ്ഞാൽ ഇപ്പഴുള്ള ഈ സൗഹൃദം പോലും ഇല്ലാതാവുമോ എന്ന ടെൻഷൻ വേറെയും..


ഒരു നെടുവീർപ്പോടെ ഞാൻ കണ്ണട ഊരിവെച്ച് മുകളിലേക്ക് നോക്കി..

ആകാശത്തിലും ഇരുൾ പടർന്നിരിക്കുന്നു..

അങ്ങിങ്ങായ് അതും മിന്നാൻ തുടങ്ങി..

നേർത്ത തണുപ്പുള്ള കാറ്റ്...

കൂടെ അവളെ പറ്റിയുള്ള ഓർമ്മകളും..

മനസ് നിറയെ പ്രണയം...

വർഷങ്ങൾ എത്ര കഴിഞ്ഞിരിക്കുന്നു.

എല്ലാം ഇന്നലത്തെ പോലെ മനസിലുണ്ട്..

ഇന്നത്തേത് ഒരു സുന്ദര സന്ധ്യ തന്നെ..!!


ഞങ്ങൾ സ്ഥിരം ചാറ്റായി..

ചാറ്റ് കാണുമ്പം ചേർന്നു നിൽക്കുന്നവർക്ക് ഒരു വിഷമമുണ്ടാവണ്ടെന്ന് കരുതി അവളുടെ പേര് ഞാൻ Unni Aap എന്ന് സേവ് ചെയ്തു വെച്ചു...

എന്റെ കള്ളത്തരങ്ങൾ..!

അവളുടെ വിശേഷങ്ങൾ കൂടുതൽ കൂടുതൽ അറിയാൻ തുടങ്ങി..

ടീച്ചറാണ് ഇപ്പം. ഭർത്താവ് ബാങ്കിൽ..

രണ്ട് ആൺ കുട്ടികൾ..

അവരാണ് DP യിൽ നിറഞ്ഞ് നിൽക്കുന്നത്.

അവളെ കാണാനുള്ള കൊതിയിൽ ഒരു വീഡിയോ ചാറ്റ് നടത്താൻ തോന്നി..

പറയാനാണേൽ ഭയം..

വാട്സാപ്പ് ചാറ്റ് തുടർന്നു.

അവളിൽ പ്രണയം അവശേഷിക്കുന്നില്ലെന്നുള്ളത് എന്നെ സങ്കടത്തിലാക്കി..

ചാറ്റിൽ ഒരിക്കൽ പോലും അവൾ ഭർത്താവിനെ കുറ്റം പറഞ്ഞില്ല...

അത് മാത്രമല്ല, കടുത്ത ആരാധനയും....

ചെറിയൊരു പിണക്കം പോലുമില്ല...

കുടുംബം നോക്കുന്നവൻ...

ചുമ്മാതല്ല അവളിൽ പഴയ പ്രണയം ഉണരാത്തത്...

അതിനെ പറ്റിയുളള ഒരു ചിന്ത പോലും വഞ്ചനയായി തോന്നുന്നുണ്ടാകും..

ഞാൻ എല്ലാ പ്രതീക്ഷകളും വിട്ട് സൗഹൃദത്തിലേക്ക് ഒതുങ്ങി..


"എടീ... നീയാ ഉണ്ണിയപ്പം ഒന്ന് ഉണ്ടാക്കിയേ... "


"അടുത്ത ഞായർ ഉണ്ടാക്കാം... ഇവർക്കൊക്കെ ഇഷ്ടമാവുമോ എന്തോ ?  "


" ഉണ്ടാക്കെന്നേ... നീ പണ്ടുണ്ടാക്കിയ പോലെ പ്രണയം ചേർക്കണം... അപ്പം എല്ലാം ഓക്കെയാവും..."


ആദ്യമായി ഞാൻ പഴയ പ്രണയ ഓർമ്മകൾ എൻ്റെ ഒരു ഡയലോഗിൽ ചേർത്തു..


"ഞാനൊരു സത്യം പറയട്ടെ.... "


"ഉം "


മറുപടിക്ക് സമയമെടുത്തു...

typing എന്ന അക്ഷരങ്ങൾ പച്ച കളറിൽ ഡാൻസ് ചെയ്തു..


"ഞാൻ അവസാനമായി ഉണ്ണിയപ്പം ഉണ്ടാക്കിയത് നിനക്ക് വേണ്ടിയായിരുന്നു...

പിരിയുന്നതിന് മുമ്പ്...

പിന്നെ എനിക്കത് ഉണ്ടാക്കാൻ തോന്നിയിട്ടില്ല..

നിൻ്റെ ഓർമ്മകളാണതിൽ മുഴുവൻ..

നീയൊരു ഉണ്ണിയപ്പ കൊതിയനായിരുന്നല്ലോ..?

അന്ന് ഞാൻ പലരുടേയും ശരികൾക്കും വേണ്ടി ജീവിച്ചു.. 

തീരുമാനങ്ങൾ എടുത്തു. 

നിന്നോട് മാത്രം ഞാൻ ഒട്ടും നീതി കാണിച്ചില്ല..

നീയൊരു വേദനയായ് ഒരു കുറ്റബോധമായി ഉള്ളിൽ കിടന്നു..

അതിൽ പിന്നെ ഞാൻ ഇന്നുവരെ ഉണ്ണിയപ്പം  ഉണ്ടാക്കിയിട്ടില്ല..!!

കഴിച്ചിട്ടു പോലുമില്ല..!!

പറ്റുന്നില്ലെടോ... "


എനിക്കവൾ കരയുകയാണെന്ന് തോന്നി..

മറുപടി പറയാനുള്ള വാക്കുകൾക്ക് വേണ്ടി ഞാൻ തിരഞ്ഞു..

അവളുടെ ഉള്ളിൽ ആഴത്തിൽ ഞാനുണ്ട്..

ഇതിനോളം സന്തോഷം എനിക്കെന്തുണ്ട് ..? 

എൻ്റെ ഉണ്ണിയപ്പക്കൊതി അവളെ ഇത്രയ്ക്ക് സ്വാധീനിച്ചുവെന്ന് ഒരിക്കൽ പോലും തോന്നിയതുമില്ല...!

ഇതുവരെ ഒരു നഷ്ടബോധത്തിൻ്റെ സൂചന പോലും അവൾ തന്നിരുന്നില്ല...

അണകെട്ടി വെച്ച എൻ്റെ പ്രണയം കെട്ടു പൊട്ടി ഒഴുകുമെന്ന നിലയിലായി...

വാക്കുകൾ കിട്ടുന്നില്ല.

എന്ത് ഞാൻ പറയും...


പെട്ടെന്ന് ഒരു വീഡിയോ കോൾ വന്നു.

അവളുടെ ആദ്യ വീഡിയോ കോൾ...

ഞാൻ കരയുകയാണെന്ന് അവളറിയും...

ഒന്നും നോക്കിയില്ല..

അവളെ കാണാമല്ലോ...

ഞാൻ ഫോൺ എടുത്തു..

വീഡിയോയിൽ അവൾ ഇല്ല.. 

റൂമിൻ്റെ ഒരു ഭാഗത്തേക്ക് തിരിച്ച് വെച്ചിരിക്കുന്നു..


"എനിക്ക് പെട്ടെന്ന് നിന്നെ കാണണമെന്ന് തോന്നി.... "


ഇടറുന്ന വാക്കുകളിൽ അവൾ കരയുകയാണെന്ന് വ്യക്തം..

തേങ്ങലുകളുടെ ശബ്ദം എന്നെ വല്ലാതെ അസ്വസ്ഥമാക്കി...

എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല...

ഒഴുകി ഇറങ്ങുന്ന കണ്ണുനീർ മാത്രം അവളോട് സംസാരിച്ചു..

കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചില്ല..

ഒന്നിനും കഴിഞ്ഞില്ല..

അവൾ ഫോൺ കട്ടു ചെയ്തു..


അവസാനം അയച്ച മെസേജുകൾ Delete for all-ൽ അപ്രത്യക്ഷമായി..

പിന്നെ ഒന്നുമില്ല.. ഒന്നും..

ഞാൻ വീണ്ടും ബാൽക്കണിയിൽ ഒറ്റയ്ക്കായി..

നഗരക്കാഴ്ച്ചകൾ അന്നെന്നെ ഒട്ടും ആകർഷിച്ചില്ല..

കണ്ണുകൾ തുടച്ച് അകത്തേക്ക് കയറി..

കുട്ടികളുടെ IPL ബഹളം.

ഞാനതും കടന്ന് കുളിമുറിയിലേക്ക് കേറി..

സുരക്ഷിതമായി ഒന്ന് കരഞ്ഞു...


രണ്ട് ദിവസത്തേക്ക് ഞങ്ങൾ മിണ്ടിയില്ല..

ഒന്നും പറയാൻ തോന്നിയില്ല.

അവൾക്കും..

ഉണ്ണിയപ്പം ഉണ്ടാക്കിയ ഞായർ രാത്രി അവൾ ചാറ്റിൽ വന്നു.


"ഡാ... അത് ക്ലിക്കായി ട്ടാ...!"


" ആണോ എന്ത് പറഞ്ഞു..?"


"എല്ലാർക്കും ഒടുക്കത്തെ ഇഷ്ടം...

സൂപ്പർ... ഏട്ടന് വല്ലാണ്ട് ഇഷ്ടായി.. വീണ്ടും വീണ്ടും വാങ്ങി കഴിച്ചു "


"ഞാൻ പറഞ്ഞ ചേരുവകൾ ചേർത്തില്ലേ...?"


ഉത്തരമില്ല..

online എന്നത് മാറി..

പിന്നെ ഒന്നും മിണ്ടിയില്ല...

ഞാനങ്ങനെ ചോദിക്കണ്ടായിരുന്നു..


പിറ്റേന്ന് ഒരു നീണ്ട കുറിപ്പ് വന്നു..

അവൾക്ക് പണ്ട് നടന്നതിൽ കുറ്റബോധം ഉണ്ടെന്നും, എന്നെ സങ്കടപ്പെടുത്തിയതിൽ വിഷമമുണ്ടെന്നും, പ്രണയം ഒട്ടും ബാക്കിയില്ലെന്നും അവളെ നന്നായ് പ്രണയിക്കാനൊരാൾ ഇപ്പമുണ്ടെന്നും, ഇനിയുള്ള ജീവിതം കുടുംബത്തിന് വേണ്ടിയാണെന്നും മറ്റുമുള്ള നീണ്ടകുറിപ്പ്.. അതവസാനിച്ചത് ഒരു അപേക്ഷയിലാണ്.. .. അവൾക്ക് മറ്റു സുഹൃത്തുക്കൾ ഇല്ലെന്നും എന്തും പറയാവുന്ന നല്ലൊരു സുഹൃത്തായ് ജീവിതാവസാനം വരെയുണ്ടാവണമെന്നും പറഞ്ഞു..


ഞാൻ കണ്ണിൽ ലവ് നിറഞ്ഞ ഒരു ഈമോജിയിട്ടു..

ഒട്ടും നിരാശ തോന്നിയില്ല..

അവളുടെ സന്തോഷം അതാണെങ്കിൽ അത്.

അത്രമാത്രം..

എനിക്കും ചെറിയ കുറ്റബോധമില്ലാതില്ല..


ചാറ്റ് പഴയപടിയായി..

പല പ്രാവശ്യം അവൾ ഉണ്ണിയപ്പം ഉണ്ടാക്കിയ വിജയഗാഥകളുമായ് ചാറ്റിൽ വന്നു..

പഴയ പ്രണയ ഓർമ്മകൾ ഒന്നും തന്നെ ചാറ്റിൽ കടന്നു വരാതെ നല്ല സുഹൃത്തുക്കളായ് ഞങ്ങൾ മാറി...

ചാറ്റ് സ്ഥിരം ഉണ്ട്..

പ്രണയവും പ്രണയ സാധ്യതയും നിലച്ചതിനാൽ പുതിയ സൗഹൃദത്തെ കുറിച്ച് ഭാര്യയോടും പറഞ്ഞു...

എന്നും ഞങ്ങൾ സംസാരിക്കും..

അവളുടെ കുഞ്ഞ് കുഞ്ഞ് വിഷമങ്ങൾ ഇറക്കിവെക്കാനുള്ള ഒരാളായ് ഞാൻ മാറി..

കുറച്ച് ദിവസത്തേക്ക് അവളെ ഓൺലൈനിൽ കണ്ടില്ല..

ഓഫർ തീർന്നതാവുമെന്ന് കരുതി ഞാൻ സമാധാനിച്ചു..


"ഡാ... ഞാൻ ഏട്ടനുമായ് ഒന്ന് പിണങ്ങി.. അതാ വാട്സാപ്പിൽ കാണാഞ്ഞേ..

പിണക്കം തീർക്കാൻ ഞാൻ ഇന്ന് നമ്മുടെ തുറുപ്പ് ചീട്ടായ ഉണ്ണിയപ്പം എടുത്തങ്ങ് വീശി....

അതിൽ തീർന്നു എല്ലാ പിണക്കവും.."


ആദ്യമായിട്ടാണ് അവർക്കിടയിലൊരു പിണക്കം..

അതെന്തിനാണെന്നറിയാൻ എനിക്ക്  തിടുക്കമായി..

ഇത്തരം വിള്ളലുകളിലൂടാണ് വിവാഹേതര പ്രണയത്തിന്റെ വേരുകൾ ഇറക്കുക..


"എന്താ ഒരു പിണക്കം ? പതിവില്ലല്ലോ..?"


"ഏയ് ഒന്നൂല്ല.... ഏട്ടൻ മാസ്ക് ശ്രദ്ധിച്ചിടില്ല, കൃത്യമായി സാനിറ്റൈസ് ചെയ്യില്ല.. എത്രയാൾക്കാർ വരുന്ന ബാങ്കാ...? കൊറോണ വരാൻ എളുപ്പാ... ഞാൻ ചൂടായി.. അതിനാ.. "


ഓഹ് അതിനായിരുന്നോ ? 

വല്യ പ്രശ്നമുള്ള പിണക്കമല്ല..

ഞാൻ പിന്നത് അന്വേഷിക്കാൻ പോയില്ല.


രാത്രി ചാറ്റിൽ ഉണ്ണിയപ്പ വിശേഷങ്ങൾ പലതും അവൾ വന്ന് പറയും...

എനിക്കത് കേൾക്കാനിഷ്ടമല്ലാതായി..

അവളുണ്ടാക്കുന്ന ഉണ്ണിയപ്പങ്ങൾ അവളുടെ പ്രണയമാണെന്നൊരു തോന്നൽ...!

അത് എനിക്കല്ലാതെ മറ്റൊരാൾക്ക് നല്കുന്നത് സഹിക്കാൻ പറ്റുന്നുമില്ല..

എന്നെയോർത്തല്ല അവളതിപ്പം ഉണ്ടാക്കുന്നത് എന്ന വിഷമവും...


എങ്കിലും ഞങ്ങളുടെ സൗഹൃദം വളർന്നു..


പല ഓട്ടങ്ങളിൽ തളർന്ന് സന്ധ്യക്ക് വീടണഞ്ഞ് ഒന്ന് ഫ്രഷായി ഇഷ്ടസ്ഥലമായ ബാൽക്കണിയിൽ പോയിരുന്ന് അവളോടൊന്ന് മിണ്ടാൻ ഫോൺ എടുത്തപ്പോഴാണ്, വൈകുന്നേരം വന്നു കിടക്കുന്ന മെസേജ് കണ്ടത്..


"ഡാ.. ഏട്ടന് കോവിഡ്.. ഏട്ടനെ അവർ കൊണ്ടുപോയി..."


ശരിക്കും ഞെട്ടി..

എന്താണ് പറയേണ്ടത് എന്ന് പോലുമറിയില്ല..

ആദ്യമായാണ് അറിയുന്നൊരാൾക്ക് കോവിഡ് വരുന്നത്..

കാര്യങ്ങൾ അന്വഷിച്ചു..

ബാങ്കിൽ നിന്നും കിട്ടിയതാണ്.

ഇവരാണേൽ ഇനി സമ്പർക്ക പട്ടികയിൽ ഉള്ളവരും.


"നിനക്കും കുട്ടികൾക്കും ടെസ്റ്റ് പറഞ്ഞോ..?"


"ഉം... അടുത്താഴ്ച്ച . "


ഞാനവൾക്ക് ധൈര്യം കൊടുത്ത് കൂടെ നിന്നു..

അവളൊരിക്കൽ പോലും ഭർത്താവിന്റെ ശ്രദ്ധക്കുറവിനെ കുറ്റം പറഞ്ഞില്ല..

എനിക്കത്ഭുതം തോന്നി..

ആ വിഷയത്തിൽ പിണങ്ങുക കൂടി ചെയ്തവരാണവർ..!


നെറ്റിൽ പരതി, കോവിഡിനെ പറ്റി അന്നന്ന് സമ്പാദിക്കുന്ന അറിവുകൾ നിരന്തര ചാറ്റിൽ ഞാനവളെ അറിയിച്ചു കൊണ്ടിരുന്നു..

ദിവസങ്ങൾ തീരെ നീങ്ങുന്നില്ല..!


അഡ്മിറ്റായ ഹോസ്പിറ്റൽ പറഞ്ഞപ്പോഴാണ് ഞങ്ങൾ ഒരേ നഗരത്തിന്റെ രണ്ട് ഭാഗത്താണ് തമാസിക്കുന്നത് എന്ന് മനസിലായത്...

ഇതുവരെ ഞങ്ങളത് പരസ്പരം അന്വേഷിച്ചില്ലല്ലോ എന്നത് ആശ്ചര്യമായി..

ഇത്രയടുത്ത് ഉണ്ടായിരുന്നിട്ടും കാണുവാനുള്ള ഒരവസരം തിരയാനോ, ഉണ്ണിയപ്പം കിട്ടാനോയുള്ളൊരു മാർഗ്ഗം തിരയാനോ കഴിഞ്ഞില്ല..


സ്ഥിതി മോശമായി തുടങ്ങി..

രോഗം ന്യുമോണിയയിലേക്കും മറ്റും തിരിഞ്ഞു...

അവൾക്ക് ടെൻഷൻ കൂടി..

ചാറ്റ് ഒരു പേരിനായി...

എന്നും ഫോണുമായ് ബാൽക്കണിയിൽ ചെന്നിരിക്കും..

ആ തണുപ്പിൽ നിലാവിൽ അവളെയോർത്ത് ആകാശം നോക്കിയിരിക്കും..

ചിലപ്പം ഒന്നു മയങ്ങും..

പാതിരയാവുമ്പോൾ വന്നു റൂമിൽ കിടക്കും..


അങ്ങനെയുള്ളൊരു മയക്കത്തിലാണ് ഫോണടിച്ചത്..

രാത്രി വളരെ വൈകിയിരിക്കുന്നു..

ഫോണിൽ അവളാണ്..

അസമയത്തുളള വിളി...

ഞാൻ ഫോൺ ചെവിയോട് ചേർത്തു..

അപ്പുറത്ത് കരച്ചിൽ....


"ഏട്ടൻ പോയി.."


കുറേ നേരത്തേക്ക് തേങ്ങൽ മാത്രം...

എന്ത് പറഞ്ഞ് സമാധാനിപ്പിക്കണമെന്നറിയാതെ ഒരു കേൾവിക്കാരനായ് ഞാൻ നിന്നു.


"എനിക്കിവിടെ ആരുമില്ല..!!

പല പ്രശ്നങ്ങളുമുണ്ട്...! 

നീ നാളെയൊന്നിങ്ങോട്ട് വരണം..!!"


അവൾ ഫോൺ കട്ട് ചെയ്തു..

ഞാൻ തളർന്നു.

ഒരേ നഗരത്തിലാണ് എന്നറിഞ്ഞ ദിവസം പരസ്പരം കൈമാറിയ ലൊക്കേഷൻ മാപ്പുകൾ നോക്കി..

അതവിടെ തന്നെയുണ്ട്..


കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാവും അടക്കം ..

20 പേരേ പരമാവധി പങ്കെടുക്കാൻ പറ്റൂ.

പോയാൽ രോഗം പിടിപെട്ടേക്കാം..

എന്നാലും പോകണം..

വർഷങ്ങൾക്ക് ശേഷം അവൾ ഒരു കാര്യം ആവശ്യപ്പെട്ടതാണ്..

അവൾ ഒറ്റയ്ക്കാണ്...

രോഗം വന്ന് ഞാൻ മരിച്ച് പോയേക്കാം , എന്നാലും പോകുക തന്നെ വേണം..!


രാവിലെ തന്നെ കുളിച്ച് വൃത്തിയായ് ഞാനിറങ്ങി...

സാനിറ്റൈസറും മാസ്കും പ്രത്യേകം എടുത്തുവെച്ചു.

കാറിലിരുന്ന്, കോവിഡ് വരാതിരിക്കാൻ പാലിക്കേണ്ട കാര്യങ്ങൾ ഒന്നും കൂടി മനസിലുറപ്പിച്ചു..

അവളുടെ വീടിന്റെ ഗേറ്റ് തുറന്ന് കിടക്കയാണ്..

മുറ്റത്തൊന്നും ആരുമില്ല.. 

കോവിഡ് മരണങ്ങൾ പിന്നെ അങ്ങനെയാണല്ലോ..?

ഞാൻ കാർ ഒരു സൈഡിൽ ഒതുക്കി നിർത്തി പുറത്തേക്കിറങ്ങി..

മതിലുകൾക്കപ്പുറത്ത് നിന്ന് പല കണ്ണുകൾ എന്നെ തേടിയെത്തി..

കാറ് കണ്ട് ഒരാൾ വീടിന്റെ വശത്തു നിന്നും അടുത്തേക്ക് വന്നു..

പേരും മറ്റും ചോദിച്ച് എന്നെ സ്ഥിരീകരിച്ചു..


"കോവിഡ് വന്നാണ് മരണം...

സത്യത്തിൽ ബോഡി ആരേയും കാണിക്കാൻ പാടില്ല.. അതാണ് പ്രോട്ടോക്കോൾ....

ഞങ്ങൾ അവരെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചു..

നടന്നില്ല.. നല്ല വാശിയിലാണ് ആള് ..

അവർക്കും കാണണ്ടത്രേ...

ബോഡിയുടെ അടുത്തൊന്ന് നിന്നാൽ മതിയെന്നാണ് പറയുന്നത്..

ബോഡി പ്ലാസ്റ്റിക്കിൽ പൊതിഞ്ഞായിരിരിക്കും..

PPE കിറ്റ് ധരിച്ചേ അവരെ കൊണ്ടുപോകാനും പറ്റൂ..."


ഇതൊക്കെ എന്തിനാണ് എന്നോട് പറയുന്നത് എന്നറിയാതെ ഞാനയാളെ നോക്കി..


" ചേട്ടനാണല്ലോ അനുഗമിക്കുന്നത്.. ചേട്ടനും PPE കിറ്റ് ധരിക്കണം..."


അയാൾ ഒരു കിറ്റ് എന്റെ നേരെ നീട്ടി..

എനിക്ക് ഏകദേശം ചിത്രം മനസിലായി..

എനിക്കത് ധരിക്കാനറിയില്ലെന്ന് പറഞ്ഞപ്പം

അവൻ എന്നെ അപ്പുറത്ത് ഒരു ഷെഡിൽ കൊണ്ട് പോയി പറഞ്ഞ് തന്ന് മാറ്റിച്ചു...

ഞാൻ അതിനുള്ളിൽ കിടന്ന് വിയർത്തു..

തിരിച്ച് മുറ്റത്തെത്തിയപ്പം PPE കിറ്റ് ധരിച്ച അവൾ ഒന്ന് താങ്ങാൻ പോലുമാളില്ലാതെ വേച്ച് വേച്ച് മുറ്റത്തെത്തിയിരിക്കുന്നു...


"അമ്മേ ... എനിക്കും അച്ഛനെ അവസാനമായി കാണണമമ്മേ.... 

ഇനി ഒരിക്കലും എനിക്കെന്റച്ഛനെ കാണാൻ കഴിയില്ലല്ലോ...?

ഞാനും വരട്ടേയമ്മേ.. ?"


മോന്റെ ഉറക്കെയുളള ആ കരച്ചിലിനെ തണുപ്പിക്കാൻ അകത്താരെങ്കിലുമുണ്ടോ എന്നറിയില്ല... 

എന്റെ കണ്ണിലേക്ക് നനവ് പടർന്നു..

PPE കിറ്റ്, ആരുമറിയാതെ കരയാൻ പറ്റുന്ന ഇടമാണെന്ന തിരിച്ചറിവുണ്ടായി..

ഒരു കാർ സ്റ്റാർട്ടായി നിൽക്കുന്നു.

ഞാനവളെ പിടിച്ച് കാറിലേക്ക് കയറ്റി..

ഹൃദയങ്ങൾ കൊണ്ട് ഒന്നായിരുന്ന രണ്ട് പേർ വർഷങ്ങൾക്ക് ശേഷം പരസ്പരം കാണാൻ കഴിയാതെ കിറ്റിനകത്ത് അടുത്തടുത്തായ് ഇരുന്നു..

അവൾ ഒരു ശബ്ദം പോലും പുറപ്പെടുവിച്ചില്ല..

ഇതിനുളളിലായോണ്ട് കേൾക്കാതിരിക്കുന്നതാകുമോ ..?

എനിക്ക് ഉള്ളിൽ ഭയം നിറയാൻ തുടങ്ങി..

അറിയാതെയാണേലും ഞാനേറ്റെടുത്ത കാര്യം

വളരെ ബുദ്ധിമുട്ടുള്ളതാണ്.

ബോഡിയുടെ അടുത്തെത്തിയാൽ ഇവൾ ഇമോഷണൽ ആയേക്കാം..

അതും കെട്ടിപ്പിടിച്ച് ഉറക്കെ അലറി കരഞ്ഞേക്കാം..

അങ്ങനൊന്നും വരാതെ നോക്കേണ്ടത് ഞാനാണ്..

എന്റെ ചുമതലയാണ്...

എനിക്കത് നിയന്ത്രിക്കാനാവുമോ ?

കൂട്ടത്തിൽ രോഗം പകരാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം..

ഞാനാകെ പെട്ടു..


ഞങ്ങൾ അവിടെത്തി..

ഫോർമാലിറ്റി കഴിഞ്ഞ് ബോഡി എത്താൻ ഉച്ച കഴിഞ്ഞു..

അവളെ പിടിച്ച് ഇറക്കി ഉള്ളിലേക്ക് പോയി....

PPE കിറ്റ് ധരിച്ച മൂന്ന് പേർ നിൽക്കുന്ന ഒരു റൂമിലേക്ക് ഞങ്ങൾ കയറി..

നടുവിൽ വെളുത്ത കവറിൽ പൊതിഞ്ഞ ഒരു ശരീരം...

ഞാനവളുടെ ചുമലിൽ ബലമായി പിടിച്ചു..

അവൾ ആവശ്യപ്പെട്ട പോലെ കവറിൽ പൊതിഞ്ഞ ആ ശരീരത്തിനടുത്ത്,.. തൊട്ടടുത്ത് ഞാനവളെ കൊണ്ടുപോയി നിർത്തി..

എന്തും സംഭവിക്കാം...

ഞാനൊരു അലറി കരച്ചിൽ പ്രതീക്ഷിച്ചാണിരിപ്പ്..

പക്ഷെ ഒന്നും സംഭവിച്ചില്ല...

അവൾ എന്തോ പിറുപിറുത്തു..


"എന്താണ് "


ഞാൻ ആകാംക്ഷയോടെ ചോദിച്ചു....


" എനിക്കൊന്ന് മുഖം കാണണം..."


ഇപ്രാവശ്യം അവിടെ നിന്നവർ മുഴുവൻ കേട്ടു..

അത്രയ്ക്ക് ഉറക്കെയും വ്യക്തവുമായിരുന്നു അവളുടെ മറുപടി..!


"മാഡം.. എന്തു പറഞ്ഞിട്ടും കാര്യമില്ല, ബോഡി കാണിക്കാൻ പറ്റില്ല..!"


അവർ തീർത്തു പറഞ്ഞു.


അവൾ കരയുന്നില്ല..


"ഏട്ടൻ തന്നെയാണ് മരിച്ചത് എന്ന് എനിക്ക് ഉറപ്പിക്കണം.. ഇനി ഒരിക്കലും ഏട്ടൻ വരില്ലെന്ന് എന്റെ മനസിനെ എനിക്ക് വിശ്വസിപ്പിക്കണം..."


ശാന്തമായാണവൾ പറയുന്നത്...

അവൾ ആവശ്യപ്പെട്ടത് ഒരായുസിന്റെ അവസാനം വരെ നിലനിൽക്കേണ്ട ഒരു ഉറപ്പാണ്..

ഇനിയില്ല എന്ന ഉറപ്പിലാണ് അവൾക്ക് ശിഷ്ടജീവിതം ജീവിച്ച് തീർക്കേണ്ടത്..

പറക്കമുറ്റാത്ത മക്കളെ വളർത്തേണ്ടത്...

അവൾ അപേക്ഷിക്കുന്നത് അതിനാണ്..


അവിടെ കുറച്ച് നേരം മൗനം തളം കെട്ടി നിന്നു ..


ആ മൂന്ന്  PPE കിറ്റുകാർ തമ്മിൽ എന്തൊക്കെയോ സംസാരിച്ചു.

അവരും മനുഷ്യരാണല്ലോ...

മനുഷ്യത്വം കഴിഞ്ഞല്ലേ ഏതൊരു  പ്രോട്ടോക്കോളും ഉള്ളൂ....

ഒരാൾ വന്ന് വെള്ള കവറ് മാറ്റി അവളെ മുഖം കാണിച്ചു..

ഞാൻ ആ ഭാഗത്തേക്ക് നോക്കിയില്ല..

എന്തോ എനിക്ക് തോന്നിയില്ല..

ജീവിച്ചിരിക്കുമ്പോൾ കാണാതിരുന്ന ഒരാളെ ഇനി ഞാനെന്തിന് കാണണം...

അവൾ അലറി കരയുമോ എന്ന ഭയത്തിലായിരുന്നു ഞാൻ ..


മുഖം ഒരു നോക്ക് കാണലും ഒരു ദീർഘ നിശ്വാസമെടുത്ത് അവൾ തിരിഞ്ഞു നടന്നു...

വളരെ ഉറച്ച സ്റ്റെപ്പുകൾ...!

ഞാൻ പുറകെ ഓടി...

അവൾ കാറിൽ കയറിയിരുന്നു..

ഞാനടുത്തും..

കാർ നീങ്ങി..

ആരും ഒന്നും മിണ്ടിയില്ല..

വീടെത്തി..

അവൾ ഇറങ്ങി വീട്ടിലേക്ക് കേറി ... 

മക്കളുടെ കരച്ചിൽ ഒന്നും കൂടി ഉണർന്നു...

ഞാൻ ഷെഡിൽ കേറി PPE കിറ്റ് അഴിച്ച് പുറത്തിറങ്ങി..

എനിക്കത് നൽകിയ ആൾ അത് ഒരു കവറിൽ പൊതിഞ്ഞ് തിരിച്ചെടുത്തു.

അതവിടെ കളയാൻ പറ്റില്ലല്ലോ..

എന്തൊക്കെ ഇവർ ശ്രദ്ധിക്കണം..?


അവിടെ അവളുടെ മകന്റെ കരച്ചിൽ അടങ്ങിയിട്ടില്ല..


"എനിക്കെന്റച്ഛന്റെ നെറ്റിയിൽ ഉമ്മ കൊടുക്കണമമ്മേ... 

ഇനിയൊരിക്കലും എനിക്കതിന് പറ്റില്ലല്ലോ... 

കാണിക്കമ്മേ .."


ആ കരച്ചിൽ എന്റെ ഉള്ളിൽ തുളച്ച് കയറി..

കോ വിഡാൽ മരണപ്പെട്ടാൽ മക്കളുടെ അന്ത്യചുംബനം പോലും കിട്ടാതാണ് ഇവിടം വിട്ട് പോകേണ്ടത്..

എനിക്കെന്റെ മക്കളുടെ ഉമ്മകൾ ഇനിയും വേണം...

അവസാന യാത്രയിലും അതെനിക്ക് വേണം..

സ്ഥാനം തെറ്റി കിടന്ന മാസ്ക്ക് ഞാൻ നേരെയാക്കിയിട്ടു...


തിരിച്ചുള്ള ഡ്രൈവിൽ ഭാര്യയെ വിളിച്ചു..


"എത്തിയ ഉടനെ എനിക്ക് വസ്ത്രങ്ങൾ അലക്കി കുളിക്കണം.. വന്ന് കേറുമ്പോൾ കുട്ടികൾ വന്ന് തൊടാതെ നോക്കണം...

അതിനുളള എറേഞ്ച്മെന്റ് ചെയ്യണം.."


"എന്തേയ് .. ഇന്നിത്രയ്ക്ക് ചൂട്..? 

ഞാനിത് സ്ഥിരം പറയുന്നതാണല്ലോ ? നിങ്ങളല്ലേ ഇതൊന്നും ചെയ്യാത്തത് ...?"


തർക്കിക്കാൻ നിന്നില്ല.


"നീ ആണ് ശരി"


"ബോധ്യായല്ലോ...? ന്നാൽ ഒരു സർപ്രൈസ് ഉണ്ട്... വേഗം വരാൻ നോക്ക് ..!"


ഫോൺ വെച്ചു..


യാത്രയിൽ വീണ്ടും അവൾ മനസിൽ നിറഞ്ഞു നിന്നു...

അവളെയൊന്ന് കാണാൻ കഴിഞ്ഞില്ലല്ലോ എന്ന ചിന്ത എന്നെ വല്ലാതെ അലട്ടി...

കാലം അവളിലുണ്ടാക്കിയ മാറ്റങ്ങൾ ഒന്നുംതന്നെ അറിയാൻ കഴിഞ്ഞില്ല...

ഇനിയവൾ വിധവയാണ്...

പഴയ പോലെ ചാറ്റ് തുടരാൻ കഴിയുമോ...?

അവൾക്ക് അത്രയ്ക്ക് പ്രിയപ്പെട്ടവനാണ് പോയത്..

ഞങ്ങളാണേൽ പഴയ പ്രണയം ഉള്ളിൽ ഉണ്ടെന്ന് അറിഞ്ഞു കൊണ്ട് തന്നെ അതില്ലാത്തത് പോലെ അഭിനയിക്കുന്ന സുഹൃത്തുക്കളും...

ഇനി അവൾക്കതിന് കഴിയുമോ...?

മരിച്ചൊരാളുമായുള്ള നീതി ബോധം അതിനനുവദിക്കുമോ ?

ഇനി ഞങ്ങൾ എങ്ങനെ ചാറ്റും..

ബോഡി കാണാൻ പോയവളല്ല തിരിച്ച് വന്നത്..

വളരെ ഡിറ്റർമിന്ഡ് ആയൊരു സ്ത്രീയായാണവൾ തിരിച്ച് വന്നത്..

ഇനി പഴയ പോലാവില്ല.. ഉറപ്പ്..!

എന്റെ മനസിലും കുറ്റബോധം നിറയുന്നത് പോലെ..


വീടെത്തി കുളിച്ച് ഞാൻ ഫോണുമായ് ബാൽക്കണിയിലെത്തി..

അവളിന്ന് ചാറ്റിന് വരില്ലെന്നുറപ്പാണ്.

എങ്കിലും ശീലം കൊണ്ട് എടുത്ത് നോക്കി..

DP കാണുന്നില്ല..

ഞാൻ ബ്ലോക്ക് ചെയ്യപ്പെട്ടതാണോ..?


"ഞാൻ വീടെത്തി"


അയച്ചു നോക്കി..

ഒരു ടിക്കിൽ അത് നിന്നു..

രണ്ട് ടിക്കാവുന്നില്ല..

ഞാനതും നോക്കി നിന്നു .

അതെ..ജീവിക്കാനുള്ള അവളുടെ കടുത്ത തീരുമാനത്തിൽ ഞാൻ ബ്ലോക്കാക്കപ്പെട്ടിരിക്കുന്നു.

ഇനി ആ കുട്ടികൾക്ക് വേണ്ടിയാണ് അവളുടെ ജീവിതം .

മറ്റുള്ളവർക്ക് വേണ്ടി അവൾ എന്ന് ജീവിക്കാൻ തുടങ്ങിയോ അന്നൊക്കെ ഞാൻ പുറത്താണ്... ...

ചരിത്രം ആവർത്തിക്കുകയാണ്...


"ഹലോ.. സർപ്രൈസ് കാണണ്ടേ ..?"


ഭാര്യ എന്നെ കാണാതെ  ബാൽക്കണിയിലേക്കെത്തി..


"അയ്യോ... ഞാനത് മറന്നു"


അവൾ പുറകിൽ പിടിച്ച പാത്രം എന്റെ മുന്നിലേക്ക് നീട്ടി...


പാത്രം നിറയെ ഉണ്ണിയപ്പങ്ങൾ...!!

എനിക്കേറ്റവും പ്രിയപ്പെട്ടവ..!

എന്റെ പ്രണയം...!!!

To Top