ഒരു പുഞ്ചിരി മങ്ങിയതെങ്കിലും അവർക്കായി കൊടുത്തു.

Valappottukal

 




രചന: Sreelakshmi


സുഭദ്ര

   " ഭദ്രേ...മോളെ ഭദ്രേ...."


     ചങ്ങലകിലുക്കത്തിനോപ്പം ഭദ്ര എന്നുള്ള വിളിയും മേലേടത്ത് തറവാടിന്റെ അകത്തളങ്ങളിൽ മുഴങ്ങി.. പതിവിനു വിപരീതമായി ശബ്ദം ഉയർന്നപ്പോൾ  മുറി തുറന്നു താഴത്തെ കുളത്തിനരികിലേക്കുള്ള മുറിയിലേക്ക് സംയുക്ത ഓടിച്ചെന്നു... അപ്പോഴേക്കും ചങ്ങലക്കൊപ്പമുള്ള ശബ്ദം കരച്ചിലിൽ എത്തിയിരുന്നു.. ജനലിലൂടെ വിറയ്ക്കുന്ന വിരലുകൾ കുളത്തിലേക്ക് ചൂണ്ടി തേങ്ങിക്കരയുന്ന ശ്രീഭദ്രയെ നോക്കി സംയുക്ത വിളിച്ചു..


  " അപ്പച്ചീ.. "


      "ഭദ്ര മോളെ..."  എന്ന് വിളിച്ചു  ശ്രീഭദ്ര ഓടിച്ചെന്നു സംയുക്തയെ കെട്ടിപിടിച്ചു..


 " നീ... നീ  ന്നെ കളിപ്പിച്ചതാല്ലേ?? ഈയിടയായി പെണ്ണിന് കളി കൂടുന്നുണ്ട്.. " ശ്രീഭദ്ര പരിഭവിച്ചു.


    തന്നെ ചേർന്നിരിക്കുന്ന ശ്രീഭദ്രയെ  അവൾ പതിയെ തന്നെ നിന്ന് അടർത്തിമാറ്റി..ഒരു പുഞ്ചിരി മങ്ങിയതെങ്കിലും അവർക്കായി കൊടുത്തു.. കുഴിഞ്ഞ കണ്ണുകളും മെലിഞ്ഞ ശരീരവും ജട പിടിച്ച മുടിയും ഇടം കാലിൽ ചുറ്റി കിടക്കുന്ന ചങ്ങലയും മാത്രമാണ് താനും  അപ്പച്ചിയും തമ്മിലുള്ള വ്യത്യാസം എന്ന് പിന്നെയും അവൾക്ക് തോന്നി..


      ഒരേ മുഖമുള്ള മൂന്നു പേർ ഒരേ വീട്ടിൽ...എങ്കിലും മൂന്നാമത്തെ ആൾ മാത്രം ഇവർക്കിടയിൽ ഇല്ല..സുഭദ്ര.. അവൾ എവിടെയും ഇല്ല...എങ്കിലും ഇന്നും സുഭദ്ര ജീവിച്ചിരിക്കുന്നു എന്ന് വിശ്വസിക്കുന്നത് ഒരാൾ മാത്രമാണ്...ജനിച്ചപ്പോൾ മുതൽ സുഭദ്രയ്ക്ക് ഒപ്പം ഉള്ള ശ്രീഭദ്ര...


    അപ്പച്ചിയെ നോക്കി നിൽക്കുന്ന ഓരോ നിമിഷവും തന്റെ കണ്ണുനിറയുന്നു എന്ന സംയുക്ത തിരിച്ചറിഞ്ഞു.. ശ്രീഭദ്ര എന്തൊക്കെയോ പുലമ്പിക്കൊണ്ട് ഇടം കാലിലെ ചങ്ങലയും വെച്ച്  അങ്ങോട്ടുമിങ്ങോട്ടും ഏന്തി നടന്നു ഇടയ്ക്കിടെ കുളത്തിലേക്ക് ജനാലവഴി എത്തിനോക്കുന്നു.. സംയുക്ത പുറത്തേക്ക് ഇറങ്ങി... വാതിലിനടുത്തേക്ക് എത്തിയപ്പോഴേക്കും വീണ്ടും ഭദ്രയെ വിളിക്കുന്നു..


    "പറഞ്ഞതാ ഞാൻ ഒത്തിരി പറഞ്ഞതാ..അവളോട് വേണ്ടാന്ന്.. അഹമ്മതി കൂടുതലാ അവൾക്കു..പറഞ്ഞാൽ മാത്രം കേൾക്കില്ല..വെള്ളത്താമര പൂ പറിക്കാൻ കുളത്തിൽ അവൾക്ക് തന്നെ ഇറങ്ങണം ഒരേ നിർബന്ധം... എത്ര നേരായി പെണ്ണെ??ഇതെവിടാ നീ?? വല്യമ്മാവൻ അറിഞ്ഞാൽ കൊല്ലും രണ്ടിനെയും.. എന്റെ ഭദ്രയ്ക്ക് അപകടമൊന്നും വരുത്തല്ലേ ദേവി..." കുളത്തിലേക്ക് നോക്കി ശ്രീഭദ്ര പറയുന്നുണ്ടായിരുന്നു..


      ഇന്നും ആ ഒരു ദിവസം അപ്പച്ചിയെ വിട്ട് പോയിട്ടില്ല എന്ന്  അവൾക്ക് തോന്നി..


 " അപ്പച്ചി വന്നു കിടക്കു"   സംയുക്ത പറഞ്ഞു.


     ശ്രീഭദ്ര നിഷേധാർത്ഥത്തിൽ തല വെട്ടിച്ചു കുളത്തിലേക്ക് തന്നെ നോക്കി നിന്നു..


     "അപ്പച്ചീ.. ഞാനാ പറയുന്നെ ഇപ്പോൾ ഞാൻ പറയുന്നത് അനുസരിച്ചാൽ  ഭദ്രയെ ഞാൻ വിളിച്ചു കൊണ്ട് വരാം"


  " ഉറപ്പാണോ?? "   ആ മിഴികളിൽ പ്രതീക്ഷ തിങ്ങി  നിറഞ്ഞുനിന്നിരുന്നു..


    " ഉറപ്പ്.. "   അത് പറയുമ്പോൾ തന്നെ ശബ്ദം ഇടാറുന്നത് സംയുക്ത തിരിച്ചറിഞ്ഞിരുന്നു..അനുസരണയുള്ള കുട്ടിയെ പോലെ ശ്രീഭദ്ര കട്ടിലിൽ കയറി കിടന്നു ...


   " കിടന്നാലും ഭദ്ര വന്നാലേ ഞാൻ ഉറങ്ങൂ "ശ്രീ ഭദ്രയുടെ വാക്കുകൾക്ക്  സംയുക്തയ്ക്ക് മറുപടി ഇല്ലായിരുന്നു.. പതിയെ മുറി പൂട്ടി അവൾ  തന്റെ  മുറിയിലേക്ക് നടന്നു... അവളുടെ ഓർമ്മകൾ അവളെ ഒരു പത്തുവയസ്സുകാരിയിലേക്ക് എത്തിച്ചു..


🌍🌍🌍🌍🌍🌍🌍🌍🌍🌍🌍


    സംയുക്തയുടെ അച്ഛൻ സുദേവന്റെ രണ്ടു പെങ്ങന്മാർ.. ഇരട്ടക്കുട്ടികളായ സുഭദ്രയും ശ്രീഭദ്രയും.. രണ്ടാളെയും കണ്ടാൽ ഒരാൾക്കും വേർതിരിച്ചറിയാനാകാത്ത വിധം അത്രയ്ക്ക് സാമ്യം രണ്ടാൾക്കും ഉണ്ടായിരുന്നു..തന്നെ ജീവനായിരുന്നു രണ്ടാൾക്കും.. ശ്രീ അപ്പച്ചി പാവമായിരുന്നു അന്നും ഇന്നും.. ഭദ്ര അപ്പച്ചി പേരുപോലെതന്നെ ഒരു ഒരു ഭദ്രയും...


   ആയിടക്ക് ഭദ്ര അപ്പച്ചിയ്ക്ക് നേരെ പലപ്പോഴും മുത്തശ്ശനും മറ്റുള്ളവരും വഴക്കുണ്ടാക്കുന്നത് കാണാമായിരുന്നു...എന്തിനു വേണ്ടിയാണ് എന്ന് അറിയില്ലായിരുന്നു.കൊച്ചുകുട്ടികൾ അറിയേണ്ടതല്ല എന്നുപറഞ്ഞ് എല്ലാവരും അവിടെ നിന്നും എന്നെ മാറ്റിയിരുന്നു..അപ്പച്ചിക്ക്  ഒപ്പം പഠിച്ചിരുന്ന ഒരു പയ്യനുമായി പ്രണയമുണ്ടായിരുന്നു..അതായിരുന്നു കാരണം..അത് മനസ്സിലായത് പിന്നെയും വളർന്നു കഴിഞ്ഞാണ്..എല്ലാവരും ശക്തമായി എതിർത്തിട്ടും അപ്പച്ചിക്ക് മാറ്റമുണ്ടായില്ല..ഒടുവിൽ രണ്ടാളുടെയും കല്യാണം ഉറപ്പിച്ചു..


     ദൂരെ ഒരു നാട്ടിലേക്കാണ് രണ്ടു പേരെയും വിവാഹം കഴിപ്പിക്കാൻ ഉദ്ദേശിച്ചത്.. കല്യാണം ഉറപ്പിച്ചപ്പോഴും ദിവസം എടുത്തപ്പോഴും ഭദ്ര അപ്പച്ചി ശാന്തയായിരുന്നു..പറയത്തക്ക ബഹളങ്ങളൊന്നും ഉണ്ടായില്ല..പക്ഷേ വിവാഹത്തിന് ഒരാഴ്ച മുന്നേ ഞാൻ പറഞ്ഞിട്ട് എനിക്ക് താമര പൂ പറിക്കാൻ    കുളക്കടവിലേക്ക് പോയ അപ്പച്ചിയെ പിന്നെ ജീവനില്ലാതെ കിടക്കുന്നതാണ് എല്ലാവരും കണ്ടത്..ഒപ്പം അന്വേഷിച്ച് ആദ്യം കുളക്കടവിലേക്ക് പോയ ശ്രീ അപ്പച്ചിയുടെ മനോനില തെറ്റി..


   വിവാഹമുറപ്പിച്ചതുകൊണ്ട് കുളത്തിൽ ചാടി ആത്മഹത്യ ചെയ്തതാണ് സുഭദ്ര എന്ന് പലരും പറഞ്ഞു. ജനനം മുതൽ ഒപ്പമുണ്ടായിരുന്നവളുടെ ശവ ശരീരം കണ്ട് മനസ്സു കൈവിട്ട ശ്രീഭദ്ര പിന്നെ മേലെടത്തെ ഭ്രാന്തിയായി.. വെളിച്ചം കാണുന്നത് ഇഷ്ടമല്ലാതായി.. ഭദ്ര വരും എന്ന് പറഞ്ഞു കുളത്തിനടുത്തുള്ള മുറിയിൽ പോയി ഇരിപ്പായി.. അവിടെ നിന്നും ജനൽ വഴി കുളത്തിലേക്ക് നോക്കി നിൽക്കും.. ഇടക്ക് ഇത് പോലെ ഉച്ചത്തിൽ ബഹളം വെക്കും..തന്നെ അല്ലാതെ ആരെയും  അടുപ്പിക്കില്ല.. വേറെ ആരു വന്നാലും ബഹളം വയ്ക്കും.. ചിലപ്പോ ഭദ്ര ആണെന്ന് ഓർത്തു പരാതിയും പരിഭവവും പറയും..


 

         വളരുംതോറും എല്ലാരും പറഞ്ഞു ഭദ്രമാരുടെ അതേ ഛായ ആണ് സംയുക്തയ്ക്ക് എന്ന്.. അപ്പച്ചി  ഭദ്രേ എന്ന് വിളിക്കുമ്പോഴാണ്  അത് പിന്നെയും മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്നത്.. ഇടയ്ക്ക് ഒരിക്കൽ തന്റെ മുടിയിൽ  തലോടിക്കൊണ്ടു  അപ്പച്ചി ചോദിച്ചു..


  " നിന്നെ അവൻ ഒത്തിരി ഉപദ്രവിച്ചോ?എന്റെ മോൾക്ക് വേദനിച്ചോ? "  എന്നൊക്കെ..

അപ്പച്ചി പറഞ്ഞതിൽ സത്യമുണ്ടോ എന്നതായിരുന്നു പിന്നത്തെ ചിന്ത..ഭദ്ര അപ്പച്ചിയെ ആരെങ്കിലും വേണം എന്ന് കരുതി ഉപദ്രവിച്ചത് ആകുമോ? ആണെങ്കിൽ തന്നെ ആര്?


   ആ സമയങ്ങളിൽ ഒന്നും അപ്പച്ചി വീട്ടിൽ പ്രശ്നങ്ങളൊന്നും ഉണ്ടാക്കിയിരുന്നില്ല.. ഇനി പ്രണയം വേണ്ടെന്നു തീരുമാനിച്ചു കാണുമോ? ഒരുപക്ഷേ അപ്പച്ചിയെ കാണാൻ അയാൾ വന്നു കാണുമോ? അതൊക്ക ആയിരുന്നു ആ സമയത്തെ ചിന്തകൾ.. പക്ഷേ പിന്നീട് എപ്പോഴോ അമ്മ പറഞ്ഞു സുഭദ്രയെ  കാണാൻ അയാൾ വന്നിരുന്നു എന്ന്.. ദദ്രയുടെ ശവശരീരം പോലും കാണിക്കില്ല എന്ന് തറവാട്ടിൽ ഉള്ളവർ വാശിപിടിച്ചപ്പോൾ കണ്ണീരോടെ അയാൾ  ഇറങ്ങിപ്പോയിരുന്നു എന്ന്... ഓർമകളിലെവിടെയോ ആ  ഒരു ചിത്രം തെളിഞ്ഞു വന്നു...


     അന്ന് ശ്രീ അപ്പച്ചി പറഞ്ഞത് സമനില തെറ്റിയ ഒരാളുടെ പുലമ്പലായി മാറി എല്ലാവർക്കും. പക്ഷേ അതോരു കനൽപോലെ സംയുക്തയുടെ മനസ്സിൽ മാത്രം തങ്ങിനിന്നു.. ചിന്തകൾക്ക് ഇടയിലെപ്പോഴോ സംയുക്ത ഉറങ്ങി...


🌍🌍🌍🌍🌍🌍🌍🌍🌍🌍🌍


   കുളത്തിന് അടുത്തുള്ള മുറിയിലേക്ക് കണ്ണുനട്ട് അതിനടുത്തായി എല്ലാം കണ്ടും കേട്ടും  ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു..അനിരുദ്ധൻ..ശ്രീ ഭദ്രയുടെയും സുഭദ്രയുടെയും  മുറച്ചെറുക്കൻ..കുട്ടിക്കാലം മുതൽ മനസ്സിൽ കൊണ്ടുനടന്ന പെണ്ണിനോട് മനസ്സു തുറക്കാൻ കഴിയാതെ വീർപ്പുമുട്ടി നടന്നു..ഒടുവിൽ അവളുടെ വിവാഹം ഉറപ്പിച്ചപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ നടന്നു.. ഒടുവിൽ മദ്യത്തിൽ അഭയം കണ്ടെത്തി.. അപ്പോഴാണ്  തനിക്ക് മുന്നിലൂടെ അവൾ ആദ്യമായി ഒറ്റയ്ക്ക് കുളക്കടവിലേക്ക് നടന്നു പോയത്.. അത് തന്റെ  ശ്രീഭദ്ര അല്ല സുഭദ്ര ആണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല.. ഉള്ളിൽ കിടന്ന് ലഹരി മനസ്സിലാക്കി തന്നില്ല..


             ലഹരിയുടെ ധൈര്യത്തിൽ അവളോട് സംസാരിക്കാൻ വേണ്ടി പോയതാണ്.. കുളത്തിൽ നിന്നും താമരയുമായി പടവ് കയറിവന്ന ഭദ്രയെ കയറി പിടിക്കുമ്പോഴും മനസ്സിനെ നിയന്ത്രിച്ചത് ഉള്ളിൽ  കിടന്ന ലഹരിയായിരുന്നു.. പിടിവലിക്കിടെ ശബ്ദം ഉയർത്താൻ അവൾ ശ്രമിച്ചപ്പോൾ വായ പൊത്തിപ്പിടിച്ചു.. എന്നിട്ടും കൈപ്പിടിയിൽ നിന്നും കുതറിയപ്പോൾ മുഖമടച്ച് ഒരെണ്ണം കൊടുത്തു..തലയിടിച്ചു വീണ അവളെ മടിയിൽ കിടത്തി തട്ടി വിളിച്ചു.


  " ശ്രീക്കുട്ടി.... " ഒരു ഞെരക്കം കേട്ടു.. പിന്നെ അനക്കമില്ലാതെ വന്നു.. അന്നേരം തോന്നിയ ബുദ്ധി.. കുളത്തിലേക്ക് തള്ളിയിട്ടു.. പടവ് കയറാൻ തുടങ്ങുമ്പോഴാണ്  മുകളിൽ ഒരു പ്രതിമ കണക്കെ  നിറഞ്ഞ കണ്ണുകളുമായി നിൽക്കുന്ന ശ്രീയെ കണ്ടു.. അത് ഭദ്ര ആണെന്ന് ആണ്  ഉറപ്പിച്ചത്.. അവൾ  കണ്ട സ്ഥിതിക്ക് തനിക്ക് രക്ഷയില്ലെന്ന് ഉറപ്പിച്ചതും ആണ്.. എങ്കിലും  അവിടെനിന്നും ഓടിയൊളിച്ചു .. 


     പിറ്റേന്നാണ് അറിയുന്നത് തന്റെ ശ്രീയല്ല ഭദ്ര ആണ് പോയത് എന്ന്..കണ്ണീർ വറ്റിയ കണ്ണുമായി ഭദ്രയെ നോക്കിയിരിക്കുന്ന ശ്രീയെ കണ്ടിരുന്നു.. ലോകത്തിനുമുന്നിൽ അവൾ എല്ലാം വിളിച്ചു പറയും എന്ന് പ്രതീക്ഷിച്ചു...എന്നാൽ ചങ്ങലകിലുക്കവുമായി, ശ്രീ ആരോടും ഒന്നും പറയാതെ, ഈ മുറിക്കുള്ളിലായി...


    താൻ നഷ്ടപ്പെടുത്തിയത് ഭദ്രയെ കാത്തിരുന്ന മറ്റൊരാളുടെ ജീവിതം കൂടിയായിരുന്നു  എന്ന് തിരിച്ചറിഞ്ഞപ്പോൾ  ചെയ്ത തെറ്റിന് മാപ്പ് ചോദിക്കാം എന്നോർത്തു  അയാളെ തേടി പുറപ്പെട്ടു..


    തൂങ്ങിയാടുന്ന അയാളുടെ ശരീരം അവിടെ എന്നെ വരവേറ്റു..അനാഥനായ അയാൾക്ക് എല്ലാം ഭദ്ര  ആയിരുന്നുവത്രേ..അവളില്ലാതെ അയാളില്ല എന്ന് തോന്നിക്കാണണം... താൻ കാരണം എത്ര ജീവിതങ്ങളാണ് ഇല്ലാതെയായത്???


    കുറ്റബോധം കൊണ്ട് നീറി നീറി ഇത്രനാളും ജീവിച്ചു.. മനോനില തെറ്റിയതായാലും ശ്രീയെ കൂടെ കൂട്ടാം എന്ന്  കരുതി..അതിനും കഴിഞ്ഞില്ല... മനോനില തെറ്റിയ പെണ്ണിനെ കല്യാണം കഴിപ്പിച്ചു തന്ന് എന്റെ ജീവിതം കളയരുത് എന്ന് എല്ലാവർക്കും വാശി പോലെ...നാളുകൾ കഴിയും തോറും ശ്രീയുടെ നില വഷളായി വരുന്നു.. ഹോസ്പിറ്റലിൽ പോവാനോ ഇവിടെ ചികിത്സ നടത്താനോ പറ്റുന്നില്ല.. ആരെയും അടുപ്പിക്കാതെ ഒറ്റയ്ക്ക് ഇരുന്നു എന്റെ ശ്രീ..


    പാപിയായ ഞാൻ കാരണം എത്രപേർ??? അവരുടെ ജീവിതം... സ്വപ്‌നങ്ങൾ.. എല്ലാം തകർന്നു..ഇനിയും ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ല എന്നു തോന്നി.. മറിച്ചു ചിന്തിക്കാൻ ഉള്ള സമയം എടുത്തില്ല.. അതിന് മുന്നേ  കുളത്തിലേക്ക് എടുത്തു ചാടി.. ആഴങ്ങളിലേക്ക് പോകും തോറും ചിരിക്കുന്ന മുഖവുമായി തന്റെ ശ്രീക്കുട്ടി ചിരിയോടെ തനിക്ക് മുന്നിൽ ഉണ്ടെന്നു തോന്നി..


     ശരീരത്തിന് ഭാരം കുറഞ്ഞു കുറഞ്ഞു വന്നു.. അവസാന ശ്വാസവും നീർക്കുമിളകൾ ആയി...


   താമര പൂവുമായി മുങ്ങിനിവർന്ന് വരുന്ന സുഭദ്രയെ  കാത്ത് അപ്പോഴും ശ്രീഭദ്ര അവിടെ ഉണ്ടായിരുന്നു...

To Top