മിഴികളിലേക്കു വീ ണു കി ടന്ന മു ടിയിഴകളെ മാറ്റി അവൻ അവളെ താഴേക്കു കി ടത്തി..

Valappottukal

 


രചന: Dhanya Shamjith


"മോളേ എല്ലാം എടുത്തു വച്ചിട്ട്ണ്ടല്ലോ ലേ ?"


തോളിലെ സഞ്ചിയിൽ ഒരു വട്ടം കൂടി കയ്യിട്ട് അയ്യൻ വിളിച്ചു ചോദിച്ചു.


ഉവ്വ്ന്നേ..... ഇയ്യച്ഛനിതെത്ര വട്ടാ ചോയ്ക്കണേ...


ഉമ്മറവാതിലsച്ച് കൊളുത്തിടുന്നതിനിടയിൽ പഞ്ചമി  മറുപടി പറഞ്ഞു.


നാലുകെട്ടിലേയ്ക്കാ യാത്ര, അതാ ലേശം പേടി ന്തേലും പെഴവ് വന്നാ കഴിഞ്ഞു ബാക്കി വച്ചേക്കില്ല അവ്ട്ത്താര്..


ഇപ്പഴും പണ്ടത്തെ മൊതലാളിത്തം പേടിച്ചിരിപ്പാണോ, ഇയച്ഛന്റൊരു കാര്യം അക്കാലൊക്കെ പോയീ

അവൾ ചിരിച്ചു.


ഉവ്വ്, ആളോള്ടെ മനസ് മാറാതെ കാലെത്ര മാറീട്ടും ന്താ കാര്യം.. പണ്ടത്തെ കിരീടം വക്കാത്ത രാജാക്കന്മാര്ടെ പദവിയാ നാല്കെട്ട്കാര്ക്ക്, അവര് പറയണതാ അപ്പഴും ഇപ്പഴും ഇന്നാട്ടില് വാക്ക്....


ന്നാ പിന്നെ ഒരു കിരീടോം ചെങ്കോലും കൂടെ കൊടുക്കാര്ന്നില്ലേ... ഓര് ഭരിക്കട്ടെ ഇന്നാട് ...


അസത്ത് വർത്താനം പറയാണ്ട് വെക്കം നടന്നോ വെറ്തെ ന്റെ കയ്യിന്റെ ചൂട് മേടിക്കണ്ട.. അയാളുടെ കണ്ണുരുട്ടൽ കണ്ടതും അവൾ വാ പൊത്തി ചിരിച്ചു കൊണ്ട് മുന്നോട്ട് നടന്നു.

***********************

നാലുകെട്ട്

കുരുത്തോല കെട്ടിയ തോരണങ്ങളും, എഴുതിരിവിളക്കുകളും നിരന്ന മുറ്റത്ത് ആളുകൾ ഓരോരുത്തരായി വന്നുകൊണ്ടിരിക്കുകയാണ്.


"ശിവ, നീയിതെന്ത് ഭാവിച്ചാ അച്ഛൻ കേൾക്കണ്ട നിന്റെയീ താന്തോന്നിത്തരം.."


പിന്നല്ലാതെ, അൽപ്പം കോമൺസെൻസ് വേണം ,ഇങ്ങനോരോന്ന് കാട്ടിക്കൂട്ടുമ്പോ അറ്റ്ലീസ്റ്റ് എന്നോടൊരു വാക്ക് കൂടി ചോദിച്ചൂടെ? ഇന്ന് ബാംഗ്ലൂർ ചെല്ലാന്ന് ഏറ്റതാ ഞാൻ. ശിവകേശവ് അമ്മയ്ക്ക് നേരെ തിരിഞ്ഞു.


ന്ന് വച്ചാ ഇതൊക്കെ ഞങ്ങക്ക് വേണ്ടിയാണല്ലോ... പാഴൂര് പ്രശ്നത്തി കണ്ടതാ  നെന്റെ ജാതകത്തിലെ സർപ്പശാപം , ആയിരത്തൊന്ന് വെളക്ക് തെളിയിച്ച് നാഗത്താരെ പാടിയുണർത്തിയാലേ അത് മാറൂ,, അതിന്റെയാ നീയീ അനുഭവിക്കണേ... 


ഓ....സർപ്പശാപം കൊണ്ടാണല്ലോ ബിസിനസ്സാക്കെ പൊളിയണത് അല്ലാതെ കൂടെ കൂട്ടിയവര്ടെ സ്വഭാവം കൊണ്ടല്ല... അവൻ ചുണ്ടു കോട്ടി.


നീയ് പുച്ഛിച്ചോ, പക്ഷേ നെന്റെ അച്ഛന്റെ സ്വഭാവം നിനക്കറിയാലോ വെറ്തെ ന്നെ ചീത്ത കേൾപ്പിക്കാണ്ട് ഇത് കഴിയണ വരെ അമ്മേടെ കുട്ടി നിൽക്ക് ന്നിട്ട് എവടാന്ന് വച്ചാ പോയ്ക്കോ... വേം കുളിച്ച് താഴേക്ക് വാ...


മടക്കിയ കസവ്മുണ്ടും നേര്യതും മേശയിലേക്ക് വച്ച് താഴേക്കിറങ്ങിയ അമ്മയെ നോക്കി അരിശം പിടിച്ചു നിന്നു ശിവ.


നാലുകെട്ടിലെ ഇപ്പോഴത്തെ മുറക്കാരനായ വാസുദേവന്റെ മകനാണ് ശിവകേശവ്, ഇലക്ട്രോണിക് മേഖലയിൽ അഗ്രഗണ്യൻ പക്ഷേ ചെയ്യുന്നതെല്ലാം ഒന്നിനു പിറകെ ഒന്നായി തകരുന്നതാണ്അവൻ്റെ പ്രശ്നം. സമയദോഷപ്രകാരം ജാതകത്തിൽ സർപ്പകോപം ഗണിച്ച പാഴൂർ കണിയാരുടെ അഭിപ്രായമായിരുന്നു മൂന്ന് ദിവസം നീളുന്ന ഈ സർപ്പപൂജ.. ഇതിലൊന്നും പണ്ടേ വിശ്വാസമില്ലാതിരുന്നു ശിവയ്ക്ക് പക്ഷേ ഇപ്പോഴും പേര് കേട്ടാൽ വിറയ്ക്കുന്ന അച്ഛൻ്റെ വാക്കിനപ്പുറം മറുവാക്കോതാൻ അവനും കഴിയുമായിരുന്നില്ല. ഇന്നാണെങ്കിൽ പുതിയൊരു ബിസിനസ് മീറ്റിംഗിന് ബാംഗ്ലൂർക്ക് പോവേണ്ടതുമാണ്.. ഇതും കൂടിയില്ലാതായാൽ താൻ ബിഗ് സീറോയാണ്. ഓർക്കുന്തോറും അരിശം കയറി ശിവയ്ക്ക്. എന്തോ ഉറപ്പിച്ച മട്ടിൽ അവൻ വേഗം താഴേക്കിറങ്ങി...


താഴെ പൂജയ്ക്കുള്ള  ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.. പഞ്ചവർണ്ണപ്പൊടി കൊണ്ടുള്ള  നാഗക്കളത്തിൻ്റെ കോലം വരയലിലായിരുന്നു പഞ്ചമി.. ദ്വാരമുള്ള ചിരട്ടയിൽ  മഞ്ചാടിയില ഉണക്കിപ്പൊടിച്ച പച്ചപ്പൊടിയും, ഉമിക്കരിയും, ചുവന്ന പൊടിയുമെല്ലാം ഓരോന്നായി കളം നിറച്ചുകൊണ്ടിരുന്നു... 


ഒറ്റ നോട്ടത്തിൽ ജീവനുണ്ടെന്ന് തോന്നിക്കുന്ന നാഗഫണം കിഴക്ക് ദിക്കാക്കി പരസ്പരം പിണഞ്ഞിരിക്കുന്ന രണ്ട് നാഗങ്ങൾ...മുറ്റത്തേക്കിറങ്ങി വന്ന ശിവയുടെ കണ്ണിലാദ്യം അതായിരുന്നു കണ്ടത്, വിസ്മയത്തോടെ അവനാ കളത്തിനരികിലെത്തിയതും ചിരട്ടയുമായി പഞ്ചമി തിരിഞ്ഞതും ഒപ്പമായിരുന്നു... തട്ടി തൂവിയ ചുവന്ന പൊടിയാൽ കുളിച്ച ശിവയുടെ മിഴികളിലേക്ക് ഒരു മുക്കുത്തി കല്ലിൻ്റെനീലനിറം തുളഞ്ഞു കയറി.. ഒപ്പം മഷി എഴുതി കറുപ്പിച്ചൊരു കണ്ണിലെ നോട്ടവും.. ഒരു നിമിഷം ഇടഞ്ഞ കണ്ണുകളിലൊരു മിന്നൽ ഹൃദയത്തിൻ്റെ കോണിലെവിടെയോ ചെന്നു തൊടുന്ന പോലെ തോന്നി ശിവയ്ക്ക്.


കണ്ണ് കണ്ടൂടേ....പിറകില് വന്ന് നിക്കുമ്പോ ഞാനിവിടുള്ളത് കണ്ടില്യാന്നുണ്ടോ... ഒക്കേം നാശാക്കീ, ഇനീപ്പോ ഇതൊന്ന് വൃത്തിയാക്കാൻ എത്ര നേരം വേണംന്നറിയോ? 


നിലത്തു തൂവിയ പൊടിയിലേക്ക് നോക്കി അവൾ ശബ്ദമുയർത്തി.


സോറി, ഞാനീ ചിത്രത്തിൻ്റെ ഭംഗി നോക്കി വന്നപ്പോ പെട്ടന്ന് കണ്ടില്ല.... അവൻ ക്ഷമാപണത്തോടെ പറഞ്ഞു.


മറുപടിയായി കൂർപ്പിച്ചൊരു നോട്ടമെറിഞ്ഞ് അവൾ നിലത്തെ പൊടി തൂക്കാൻ തുടങ്ങി... കുറച്ചു നേരം അത് നോക്കിയിട്ട് അവനും നിലത്തേക്കിരുന്നു..


ഞാൻ ഹെൽപ്പ് ചെയ്യാം...


ഓ, വേണ്ട ഇതന്നെ വളരെ ഉപകാരായി.... അവൾ ചുണ്ടു കോട്ടി  മുഖത്തേക്കു വീണ മുടി കൈകൊണ്ട് ഒതുക്കി..


 കുഞ്ഞ് ഇവടെന്താ ചെയ്യണേ? 


ശബ്ദം കേട്ട് ശിവ തലയുയർത്തി നോക്കി.


"അയ്യമ്മാമ..." അവൻ ചിരിച്ചു.


ആളങ്ങ് വല്യ ചെക്കനായിലോ..എത്ര  നാളായി കുഞ്ഞിനെ കണ്ടിട്ട്.. ഞങ്ങളെയൊക്കെ മറന്നൂലേ.... കൈയിലെ നാക്കില താഴെ വച്ച് അയാൾ അവനെ നോക്കി.


മറക്യേ..... ഈ നാടും, പച്ചപ്പും കള്ളമില്ലാത്ത മനസുള്ള നാട്ടാരേം എങ്ങനെ മറക്കാനാ... ചില വിഷമങ്ങളിൽ ഇവടത്തെ ഓർമ്മ വലിയൊരാശ്വാസാ  അവൻ ചിരിച്ചു.


ഒക്കെ ശരിയാവും കുഞ്ഞേ,, ഈ പൂജ യൊന്ന് കഴിഞ്ഞോട്ടെ... നാഗര് കാക്കും... 


കൺമുന്നിലുള്ള മനുഷ്യർക്ക് തീർക്കാൻ പറ്റാത്തതാണോ കാണാമറയത്തുണ്ടെന്ന് പറയുന്ന ഈ കല്ലുകൾക്ക് സാധിക്കുക.... nonsense... അവൻ്റെ ഭാവം മാറിയത് പെട്ടന്നായിരുന്നു.


അങ്ങനൊന്നും പറയല്ലേ കുഞ്ഞേ,, ദോഷാ... അയാൾ വിലക്കി.


ഇതിൽ കൂടുതലെന്ത് ദോഷം വരാൻ... നിത്യവും പൂജേം വിളക്കും മുടക്കാതെ നടക്കുന്ന ഈ തറവാട്ടിലുള്ളോൻ തന്നെയാ ഞാനും എന്നിട്ടും ഒര് നാഗരും വന്നില്ല രക്ഷയ്ക്ക്... അന്ധവിശ്വാസങ്ങളും മുറുകെ പിടിച്ച് നടക്കുന്നതിനും പകരം ഈ കാവിരിക്കുന്ന സ്ഥലം വിറ്റിരുന്നെങ്കിൽ എൻ്റെ പ്രശ്നങ്ങൾ സോൾവായേനേ..... കുറേ കല്ലുകളും കെട്ടിപ്പിടിച്ചിരുന്നിട്ടെന്ത് കാര്യം... ശിവയ്ക്ക് രോഷം അടക്കാൻ കഴിഞ്ഞില്ല...


"നിർത്തണുണ്ടോ ഒന്ന്...."


ചുറ്റുപാടും നിശബ്ദമാകും വിധം  ഉയർന്നിരുന്നു പഞ്ചമിയുടെ ശബ്ദം.


അവൻ അമ്പരപ്പോടെ അവളെ നോക്കി.


കുങ്കുമപ്പൊടി വീണപോലെ ചുവന്നിരുന്നു അവളുടെ കണ്ണുകൾ... വിറയ്ക്കുന്ന ചുണ്ടുകളിലേക്ക് അവൻ ലേശം കൗതുകത്തോടെ നോക്കി.


ഇയാക്കിതൊക്കെ കല്ലും മണ്ണും ആയിരിക്കും, പക്ഷേ വിശ്വസിച്ച് ആരാധിക്കുന്നോർക്ക് ഇത് രക്ഷ തന്നെയാ... അത് അനുഭവിച്ചറിയണമെങ്കിൽ വിശ്വാസമുള്ള മനസ് തന്നെ വേണം.. അതില്ലാത്തോര് പോയി തറവാട്ടിലുള്ളോരോട് തന്നെ ചോയ്ച്ച് നോക്ക് ഈയിരിക്കണ കല്ല് എങ്ങനാ പണ്ട് വല്യ തമ്പ്രാൻ്റ ജീവൻ രക്ഷിച്ചേന്നും, ഇന്നും അന്നം മുട്ടാതെ കാത്തു രക്ഷിക്കണേന്നും....


അവളിൽ രോഷമിരമ്പിയാർക്കുകയായിരുന്നു.


പണ്ടത്തെ കഥകള് പാടിപ്പറയാൻ കൊള്ളാം,, 

ഞാനും കേട്ടിട്ടുണ്ട് ഭക്തനെ രക്ഷിക്കാൻ നേരിട്ടിറങ്ങി വന്ന ദൈവങ്ങളുടെ കഥ... അതെല്ലാം കേൾക്കാനേ കൊള്ളൂ.... സത്യമായിരുന്നുവെങ്കിൽ നാഴികയ്ക്ക് നാല്പതു വട്ടം എനിക്കു വേണ്ടി പ്രാർത്ഥിക്കുന്ന എൻ്റമ്മയുടെ വിശ്വാസമെന്താ നീയീ പറഞ്ഞ ദൈവങ്ങൾ കേൾക്കാഞ്ഞത്....


അതിനു മറുപടിയായി അവൾ ശിവയെ ഒന്നു നോക്കി... കയ്യിലിരുന്ന മഞ്ഞൾപ്പൊടി ഇരു കയ്യോടും ചേർന്ന് കുമ്പിളാക്കി, കണ്ണടച്ച് നെറുകിലേക്ക് ചേർത്ത് അവളെന്തോ മന്ത്രിച്ചു.... പിന്നെ അതവന് നേരെ നീട്ടി..


ഞാൻ തൊഴണ യക്ഷിയമ്മേം, പാടിയുണർത്തുന്ന നാഗരും സത്യം..... പൂജ തുടങ്ങുന്ന ഈ നാഴിക മുതൽ അടുത്ത രണ്ട് നാൾക്കുള്ളിൽ ഇയാളുടെ പ്രശ്നങ്ങൾ എല്ലാം തീർന്നിരിക്കും.... അവൾ അതവന് നേരെ നീട്ടി.


അവന് ചിരി വരുന്നുണ്ടായിരുന്നു.... എങ്കിലും അവൻ കൈ നീട്ടി.


 ഈ മഞ്ഞൾ നിറം മാറി ചുവക്കുമ്പോൾ അതിനുള്ള തെളിവും നാഗര് കാണിച്ചു തരും.... 


ഒരു നിമിഷം കണ്ണടച്ചു കൊണ്ട് അവളാ മഞ്ഞൾ അവൻ്റെ കൈകളിലേക്ക് പകർന്നു..... ആ നിമിഷം നാഗർ കാവിലെ ഇലഞ്ഞിത്തറയിലൊരു വെള്ളിനാഗം ഫണമുയർത്തി,, ഒപ്പം ഇളകിയാർത്ത കാറ്റിൽ അവൻ്റെ കൈയ്യിലെ മഞ്ഞളൊരല്പം പാറി ആ നാഗത്തറയിലേക്ക് വീണു...


പക്ഷേ ശിവയുടെ നോട്ടം മറ്റൊന്നിലായിരുന്നു.... നീണ്ടു വിടർന്ന അവളുടെ കണ്ണുകളിലേക്ക്..... ഒരു നിമിഷം അവ തമ്മിൽ കൊരുത്തതും അവൻ പെട്ടന്ന് നോട്ടം മാറ്റി..


കുഞ്ഞിൻ്റെ കുപ്പായം മൊത്തം നാശായീലോ..


അയ്യൻ്റെ പറച്ചിൽ കേട്ടാണ് അവനും അത് ശ്രദ്ധിച്ചത്..... കസവ് ഷർട്ടാകെ ചുവന്നിരുന്നു..


കുഞ്ഞിതൊക്കെ മാറ്റീട്ട് വേം വായോ പൂജ തൊടങ്ങാനായി.... അയ്യൻ പറഞ്ഞതു കേട്ട്  അവൻ അകത്തേക്ക് നടന്നു,, പോകും വഴി ഒരിയ്ക്കൽ കൂടി കളത്തിൽ ചായം തൂവുന്ന അവളെ നോക്കാതിരിക്കാനായില്ലവന്...


മുറിയിലെത്തി ഷർട്ടഴിക്കാനൊരുങ്ങവേയാണ് കൈയ്യിലെ മഞ്ഞളിൻ്റെ കാര്യമവൻ ഓർത്തത്... എന്തത്ഭുതമാണാവോ ഈ പൊടി കൊണ്ട് സംഭവിക്കുക,, ഓരോരോ പൊട്ട വിശ്വാസങ്ങൾ.... മനസ്സിലോർത്തുകൊണ്ട് അവനത് മേശമേൽ കുടഞ്ഞിട്ടു...താഴെ പുള്ളോർക്കുടം മീട്ടുന്ന ശബ്ദം കേട്ടു തുടങ്ങിയിരുന്നു...


**************************

"തിരുനാഗക്കളം വാഴും

   മണിനാഗത്തേവരേ....."


നിറതിരിയിട്ട വിളക്കുകൾക്ക് നടുവിൽ

നാഗക്കളത്തിന്നരികിലെ തഴപ്പായയിൽ പുള്ളോർക്കുടം മീട്ടി പാടുകയായിരുന്നു അയ്യൻ... അയാൾക്കരികിൽ മഞ്ഞച്ചേല ചുറ്റി കയ്യിൽ ചെറു പൂക്കുലയുമായി പഞ്ചമിയും... നാഗരെ സ്തുതി പാടുന്ന ഈണത്തിനൊപ്പം അവളുടെ ശിരസും ഉലയുന്നുണ്ടായിരുന്നു..


കൈ കൂപ്പി തൊഴുതു കൊണ്ട് നിന്ന വാസുദേവൻ്റെ കണ്ണുകൾ ആരെയോ തിരഞ്ഞു, ചുറ്റും നീണ്ട കണ്ണുകൾ ചോദ്യരൂപത്തിൽ സുമിത്രയിലേക്കായി...


അവരുടെ നോട്ടം ശിവയുടെ ജനാലക്കരികിലേക്കുയർന്നു.. 


"ഇപ്പഴും അവൻ്റെ നിഷേധിത്തരത്തിന് കുറവില്ലാലേ? അയാളുടെ പതിഞ്ഞ സ്വരത്തിൽ കലർന്ന ദേഷ്യം തിരിച്ചറിഞ്ഞ് സുമിത്ര തലതാഴ്ത്തി ഒന്നും മിണ്ടാതെ ധൃതിയിൽഅകത്തേക്ക് നടന്നു.


താഴേ നിന്നേ അവർകേട്ടു അവൻ്റെ ഉയർന്ന ശബ്ദം..


"ഐ കാൻഡ്......ഞാനെത്ര തവണ പറഞ്ഞതാണെന്നോ.. നീ എങ്ങനെയെങ്കിലും അയാളെയൊന്ന് പറഞ്ഞ് നിർത്ത്. നാളെ രാവിലെ ഞാനിവിടന്ന് തിരിക്കാം..."


"നോ...നോ... ട്രൈ റ്റു അണ്ടർസ്റ്റാൻഡ് മൈ സിറ്റ്വേഷൻ മിഥുൻ,, പ്ലീസ്, 

യെസ് ഇന്നൊരു രാത്രിടെ കാര്യമേ ഉള്ളൂ,, ഓകെ ഡാ ഞാൻ എത്തിയാലുടൻ വിളിക്കാം ,ഓക്കെ".


ഫോൺ കട്ടാക്കി ബെഡിലേക്ക് വലിച്ചെറിഞ്ഞു കൊണ്ട് ശിവ നോക്കിയത് അമ്മയുടെ മുഖത്തേക്കാണ്.


"നീയിതാരോടാ ഒച്ച വയ്ക്കണേ...വേഗം താഴേക്ക് വാ , അച്ഛൻ തിരക്കണുണ്ട് പൂജ തുടങ്ങി" 


മണ്ണാങ്കട്ട, ഞാനെവിടേക്കും ഇല്ല.. ബാംഗ്ലൂരീന്ന് മിഥുനാ വിളിച്ചത് ഞാൻ ചെല്ലാത്ത കൊണ്ട് ആ പ്രൊജക്ടും കിട്ടില്ല .. ഒരു പൂജേം വഴിപാടും.... എൻ്റെ നഷ്ടങ്ങൾ നികത്താൻ ഞാൻ തന്നെ നോക്കണം അല്ലാതെ വഴിപാട് കൊണ്ട് കാര്യമില്ല...അവൻ ദേഷ്യത്തോടെ ബെഡിലേക്കിരുന്നു.


അവൻ്റെ ദേഷ്യം കണ്ട് സുമിത്ര അവനരികിലേക്കിരുന്നു, പതിയെ നെറുകിൽ തലോടി..


എനിക്കറിയാം, നിനക്കിതിലൊന്നും ഒരു വിശ്വാസോല്ലാന്ന്, ചില നഷ്ടങ്ങൾ പലപ്പഴും വലിയ നേട്ടങ്ങൾ ആവാറുണ്ട്

 അമ്മയ്ക്ക് വേണ്ടിയെങ്കിലും ൻ്റ കുട്ടി നീരസം കാട്ടരുത്, താഴേക്ക് വാ... എല്ലാരും തിരക്കണുണ്ട്.. അവൻ്റെ കൈ പിടിച്ച് അപേക്ഷാ ഭാവത്തിൽ അവർ നോക്കി, ആ നോട്ടം അവഗണിക്കാനാവാതെ അവൻ അമ്മയ്ക്കൊപ്പം പുറത്തേക്ക് നടന്നു.


പുള്ളോർക്കുടത്തിൻ്റെ ശബ്ദം നിലച്ചിരുന്നില്ല, തെളിഞ്ഞു കത്തുന്ന വിളക്കുകൾക്കു നടുവിലെ കളത്തിൽ മുടിയഴിച്ചാടുകയായിരുന്നു പഞ്ചമി..


അവിടേക്ക് ഇരുന്നോളൂ, നാഗകളത്തിനരികിലെ പലക ചൂണ്ടി അയ്യൻ പറഞ്ഞു.. അതിലേക്കിരിക്കുമ്പോഴും അവൻ്റെ കണ്ണുകൾ അവളിലായിരുന്നു...കരിമഷി പടർന്ന കണ്ണുകളും, കുങ്കുമം ചിതറിയ നെറ്റിയുമായി ചുറ്റുമുള്ളതൊന്നുമറിയാതെ ഉറഞ്ഞാടുകയായിരുന്നു അവൾ.. പൂജ മുറുകുന്തോറും അവളുടെ ഭാവവും മാറി വരുന്നുണ്ടായിരുന്നു,, വിറപിടിച്ച ദേഹത്തോടെ കളത്തിലേക്ക് നീണ്ട പൂക്കുല ചുറ്റും വർണ്ണപ്പൊടികൾ വാരിത്തൂവിക്കൊണ്ടിരുന്നു... തുളളിയുറഞ്ഞവൾ ശിവയുടെ നെറുകിലൊരു പിടി കുങ്കുമം തൂവി നെറ്റിയിൽ വിരൽ തൊട്ട് മന്ത്രിച്ചു..... താമരപ്പൂ മണം പോലുള്ള  നിശ്വാസം  തന്നെ ചൂഴുന്നതറിഞ്ഞ് അവൻ്റെ ദേഹം കുളിർന്നിറങ്ങി... ഒരു കാറ്റ് അവനെ തഴുകി  നാഗക്കാവിലേക്ക് വീശി... നീണ്ടു മുഴങ്ങിയ മണിയൊച്ചകൾക്കു പിന്നാലെ  നെറ്റിയിലെ വിരലുകൾ ഊർന്നുവീഴുന്നതറിഞ്ഞ് അവൻ്റെ കൈകൾ അവളെ താങ്ങിയെടുത്തു.. കൂമ്പിയടഞ്ഞ മിഴികളിലേക്കു വീണു കിടന്ന മുടിയിഴകളെ മാറ്റി അവൻ അവളെ താഴേക്കു കിടത്തി..


കുഞ്ഞ് പോയി ഈ നൂറും, പാലും നാഗക്കാവില് വച്ച് തൊഴുത് വരൂ... 


അയ്യൻ കൊടുത്ത ഇലച്ചീന്തുമായി തിരിയുമ്പോഴും അവളെയൊന്നു പാളി നോക്കാൻ അവൻ മറന്നില്ല..


കാവിലെ നാഗത്തേവർക്കു മുന്നിൽ ഇലയർപ്പിച്ച് അവൻ തൊഴുകവേ  എവിടേയുമില്ലാത്ത വലിയൊരു കാറ്റ് യക്ഷിപ്പാലയെ മാത്രം ചുഴറ്റി വീശിക്കൊണ്ടിരുന്നത് അവനറിഞ്ഞില്ല..


നന്നായി തൊഴുത് പ്രാർത്ഥിച്ചോളൂ..... താമരപ്പൂവിൻ്റെ ഗന്ധത്തോടെയുളള  ശബ്ദം കാതിനരികിൽ കേട്ട് അവൻ ഞെട്ടിത്തിരിഞ്ഞു.. കയ്യിൽ നിറഞ്ഞു കത്തുന്ന വിളക്കുമായി അവൾ .


"ആഹ, പിറകിലൂടെ വന്ന് പേടിപ്പിക്കുവാണോ? പൂജേം മന്ത്രോം ഒക്കെ കഴിഞ്ഞില്ലേ... അപ്പോ എങ്ങനാ താൻ പറഞ്ഞ കാര്യം നടക്കുവോ അതോ?" അവൻ ചിരിച്ചു.


"വിശ്വാസത്തെ ഒരിക്കലുമീ തേവര് കൈവിടില്ല, ഈ നാഗക്കെട്ടിന് വലം വച്ച് വരുമ്പോഴേക്കും ഞാൻ പറഞ്ഞത് നടന്നിട്ടുണ്ടാവും.."


"ഇല്ലെങ്കിൽ?" അവൻ മറു ചോദ്യമെറിഞ്ഞു.


ഇല്ലെങ്കിൽ........... അവൾ ഒരു നിമിഷം നിർത്തിയിട്ട് അവനെയൊന്നു നോക്കി. പിന്നെ അവൻ്റെ വിരൽ തൊടുന്നത്ര അരികെയെത്തി അവൾ പതിയെയൊന്ന് പുഞ്ചിരിച്ചു...


ഇല്ലെങ്കിൽ, ദാ ഈ മനസ്സിൽ ഇപ്പോ ഉള്ളത് സാധിപ്പിച്ചു തരും...


പോരാ..... താൻ പറഞ്ഞത് നടന്നാലും ഇല്ലെങ്കിലും ഇപ്പോ എൻ്റെ മനസിലുള്ളത് സാധിച്ച് തന്നേ പറ്റൂ.... ചിരിയോടെ അവൻ നാഗക്കെട്ടിനെ വലം വയ്ക്കാൻ തുടങ്ങി..


പാലയുടെ കൊമ്പുകളുലഞ്ഞാടിയ കാറ്റ് ശക്തിയാളുകയായിരുന്നു.. ചുറ്റ് പൂർത്തിയാക്കി തേവർക്കു മുന്നിൽ തൊഴുതു നിന്നതും മുഴങ്ങിയ ശബ്ദത്തോടെ താഴേക്ക് പതിച്ച മിന്നലിൽ താനവിടെ ഒറ്റയ്ക്കാണെന്ന് അവനറിഞ്ഞു.. ചെറിയൊരു പേടിയോടെ അവൻ തിരികെ നടന്നന്നെത്തിയതും ഓടിപ്പാഞ്ഞെത്തിയിരുന്നു സുമിത്ര. 


"മോനൂ,, നീ ഫോണെടുക്കുന്നില്ലെന്നും പറഞ്ഞ് അച്ഛൻ്റെ ഫോണിലേക്ക് വിളിച്ചിരിക്കുന്നു ബാംഗ്ലൂരിന്ന്.. അത്യാവശ്യാത്രേ..."


തിടുക്കത്തോടെ ഫോൺ വാങ്ങി വന്ന നമ്പർ ഡയൽ ചെയ്ത് കാതോർക്കവേ നെഞ്ചിലൊരു മുഴക്കം ശിവ അറിഞ്ഞു... അപ്പുറത്തു നിന്ന് കേട്ട ശബ്ദത്തിൽ അവൻ്റെ കണ്ണുകളിൽ അവിശ്വസനീയത നിറഞ്ഞു.. ഫോൺ വച്ചിട്ടും ഒന്നും മിണ്ടാനാവാതെ അവനാ നിൽപ്പ് നിന്നു.


"ന്താ മോനൂ, എന്ത് പറ്റി?"

അമ്മയുടെ ചോദ്യം കേട്ട്  തല വെട്ടിച്ചുകൊണ്ട് അവൻ  അവരെ ഇറുകെ പുണർന്നു.


"അമ്മാ.... ആ പ്രൊജക്റ്റ്,, അത്.... അത്.... എൻ്റെ കമ്പനിയ്ക്ക് കിട്ടി.. അവരുടെ തന്നെ രണ്ട് പുതിയ പ്രൊജക്റ്റുകളിലേക്കും എന്നെ സെലക്റ്റ് ചെയ്തൂന്ന്.... എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല... അവൻ്റെ സ്വരത്തിൽ സന്തോഷവും സങ്കടവും എല്ലാം നിറഞ്ഞിരുന്നു...


"ഞാൻ പറഞ്ഞില്ലേ മോനൂ,, എല്ലാം തേവര്ടെ അനുഗ്രഹാ... ആശ്വാസത്തോടെ സുമിത്ര പറയവേ എന്തോ ഓർത്തിട്ടെന്ന പോലെ അവൻ മുന്നോട്ടു കുതിച്ചു. കിതപ്പോടെ ഓടിക്കയറി നിന്നത് മുറിയ്ക്കുള്ളിലെ മേശയ്‌ക്കരികിലായിരുന്നു, കുറച്ചു മുന്നേ അവിടെ ഇട്ട  പൊടിയിലേക്കായിരുന്നു അവൻ്റെ നോട്ടം... പക്ഷേ അതവിടെ ഉണ്ടായിരുന്നില്ല... ചുറ്റും പരതിയ കണ്ണുകൾക്കിടയിലൂടെ അവൻ കണ്ടു, നിലത്തു തൂവിയ കുങ്കുമത്തരികളെ.... ശ്വാസം കഴിക്കാൻ മറന്ന പോലെ അവൻ തിരികെ ഓടിയിറങ്ങി ചെന്നു നിന്നത് നാഗക്കളത്തിലേക്കായിരുന്നു.. നിലം വ്യത്തിയാക്കുകയായിരുന്ന പഞ്ചമിയ്ക്കരികിലേക്ക് അവൻ മുട്ടുകുത്തി..


"നീ പറഞ്ഞത് നടന്നു.... എൻ്റെ പ്രൊജക്റ്റ് ശരിയായി,, ആ പൊടി അത് ചുവന്നു..... എങ്ങനെ?? സത്യം പറ  എന്ത് മാജിക്കാ താൻ കാട്ടിയേ.... ഇതൊക്കെ എങ്ങനെ...."


ശ്വാസംവിടാതെ അവളുടെ കൈകൾ വാരിയെടുത്ത് നെഞ്ചിൽ ചേർത്തവൻ ചോദിക്കവേ പകച്ച മിഴികളുമായി ഇരിക്കുകയായിരുന്നു അവൾ..


"എന്ത് കാര്യം, എന്ത് പൊടി? പകപ്പോടെ കൈ വലിച്ചെടുത്ത് അവൾ ചാടിയെഴുന്നേറ്റു.

അവളുടെ ഭാവമാറ്റം കണ്ട് അവൻ അമ്പരന്നു.


"നീയല്ലേ ഈ കളം വരയ്ക്കുന്ന സമയത്ത് ഒരു പിടി മഞ്ഞൾപ്പൊടി കയ്യിൽ തന്ന് പറഞ്ഞത് പൂജ കഴിയുമ്പോൾ അത് ചുവന്നിട്ടുണ്ടെങ്കിൽ എൻ്റെ പ്രശ്നങ്ങൾ തീരുമെന്ന്..... അവിടെ കുറച്ചു മുന്നേ നാഗക്കെട്ടിന് വലംവയ്ക്കുമ്പോൾ നീയല്ലേ പറഞ്ഞത് എൻ്റെ മനസിലെ കാര്യം സാധിക്കൂന്ന്.... എന്നിട്ട് എന്താ ഒന്നുമറിയാത്ത പോലെ... ഞാൻ വലിയ തമ്പ്രാൻ്റ മോനാണല്ലോ, സ്നേഹിച്ച് ചതിക്കുമോന്ന് പേടിച്ചാണോ... തന്നെ കണ്ടതുമുതൽ  നാഗക്കാവിൽ നീയെൻ്റെ അരികിൽ വന്നു നിന്ന നിമിഷവും എൻ്റെയുള്ളിൽ നിന്നോടൊരിഷ്ടം ഉണ്ടായിരുന്നു,അതറിഞ്ഞിട്ട് തന്നെയല്ലേ നീയും മനസിലുള്ളത് സാധിക്കുമെന്ന് പറഞ്ഞത്...


അതു കേട്ട് അമ്പരന്നു നിന്ന അവളുടെ കണ്ണുകൾ കണ്ട് ശിവയ്ക്കും ഒന്നും മനസിലാവുന്നുണ്ടായിരുന്നില്ല...


അയ്യമ്മാമേ...... കണ്ടതല്ലേ ഞാനറിയാതെ  കളം തെറ്റിച്ചപ്പോ ഇവൾ പറഞ്ഞതൊക്കെ.... അവൻ അയ്യനരികിലെത്തി.


കുഞ്ഞെന്താ പറയണേ.. അവിടെ അപ്പോ വേറാരും ഉണ്ടായിരുന്നില്ല.. ഷർട്ടില് വീണ പൊടി കണ്ടല്ലേ ഞാനങ്ങോട്ട് വന്നത്. മോള് പറമ്പില് നാക്കിലയെടുക്കുന്നിടത്തൂന്നാ ഞാൻ വന്നത്..... അയാളുടെ ശബ്ദവും അമ്പരപ്പിൻ്റേതായിരുന്നു..


ഇല്ല അയ്യമ്മാമേ...... അവൻ നടന്നതെല്ലാം അയാളെ അറിയിച്ചു, ആശ്ചര്യത്തോടെ കേട്ടു നിന്ന അയാളുടെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു.... ൻ്റ യക്ഷിയമ്മേ.....


അതു കേൾക്കേ അവളുടെ മുഖഭാവത്തിൽ ശിവയറിയുകയായിരുന്നു താൻ കണ്ടതും സംസാരിച്ചതും അവളെയല്ല എന്ന്.. ഒരു കിതപ്പോടെ നാഗക്കാവിലേക്ക് പാഞ്ഞെത്തിയ അവനു പിറകെ ഒരു കാറ്റും ചുഴറി വരുന്നുണ്ടായിരുന്നു.. നാഗക്കെട്ടിനു മുന്നിലെത്തി നിന്ന അവനേയും കടന്ന് ആ കാറ്റ് പാലമരത്തിൻ്റെ കൊമ്പിലേക്ക് വീശിയടിച്ചു.. ഇളകിയാർത്ത കാറ്റിലൊരു താമരപ്പൂമണം തന്നെ തഴുകിയതറിഞ്ഞ് നോക്കവേ ശിവ കണ്ടു,

പാലയ്ക്കരികിൽ   മുക്കുത്തിക്കല്ലിൻ്റ തിളക്കത്തിൽ തെളിഞ്ഞ കരിനീല കണ്ണുകൾ..  ഒരു പിടി കുങ്കുമം അവനു നേരെ നീട്ടിയെറിഞ്ഞ് ചിരിയോടെ ആ മുക്കുത്തിത്തിളക്കം യക്ഷിപ്പാലയ്ക്കു മുകളിലേക്ക് മറയവേ മയക്കത്തിലെന്ന പോലെ ശിവയുടെ കണ്ണുകൾ അടഞ്ഞു.... അവനു ചുറ്റുമാ താമരപ്പൂമണം  മാത്രം നിറഞ്ഞു നിന്നിരുന്നു..... അത് അവളായിരുന്നു... 


"പഞ്ചമി.."

To Top