ആദ്യമൊക്കെ എതിർത്തെങ്കിലും ദിവസങ്ങൾ പോകെ പോകെ അവളും അവനെ ഇഷ്ടപ്പെട്ടു തുടങ്ങി...

Valappottukal



രചന: Neduvott Nannoran


ഒളിച്ചോട്ടം... 


" അച്ഛാ അത് നമ്മുടെ രവിയേട്ടൻ അല്ലേ. "


" നീ ആ ടോർച്ച് ഒന്ന് നേരെ അടിച്ചേ, ശരിയാണല്ലോ"


"  ആൾ അടിച്ചു ഫിറ്റ് ആണ്, "


" എന്തായാലും നീയൊന്ന് പിടിക്ക് ഇവിടെ ഇങ്ങനെ ഇട്ടിട്ടു പോകാൻ പറ്റില്ല  പ്രമു, വീട്ടിൽ കൊണ്ടാക്കാം"


   പ്രമോദിന് അഞ്ചു വയസ്സുള്ളപ്പോഴാണ് അമ്മയ്ക്ക് അസുഖം പിടിപെടുന്നത്, രണ്ടുമൂന്നു വർഷം കുറേ കാശുകൊടുത്ത്  ചികിത്സിച്ചു ഫലമുണ്ടായില്ല, അച്ഛനെയും അവനെയും വിട്ടു അമ്മ പോയി.  മകനെ പഠിപ്പിച്ച് ഒരു നിലയിൽ ആക്കാൻ അച്ഛൻ ഒരു ശ്രമം നടത്തിയെങ്കിലും അത് ഫലവത്തായില്ല. പത്താം ക്ലാസ് എഴുതിയെടുക്കാൻ രണ്ടുവർഷവും, പ്ലസ് ടു  രണ്ടുവർഷം എടുത്തിട്ടും തീരാത്ത കൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു. തന്റെ കൃഷിപ്പണി കൊണ്ടുമാത്രം കടങ്ങൾ ഒന്നും തീരാൻ വഴിയില്ല എന്ന് മനസിലാക്കിയ അവന്റെ അച്ഛൻ എല്ലാം വിറ്റുപെറുക്കി, ഒരു കുഗ്രാമത്തിൽ ചെറിയൊരു വീടും സ്ഥലവും എടുത്തു, ബാക്കിവരുന്ന പൈസ കൊണ്ട് അടുത്തുള്ള ചെറിയൊരു ടൗണിൽ ഒരു കടയും ഇട്ടു. രാത്രി കടയും അടച്ചു വരുന്ന വഴിയാണ് അവർ രവിയെ കണ്ടത്.  അയല്പക്കം അല്ലെങ്കിലും ഈ ഗ്രാമത്തിൽ അവർക്ക് അടുത്തുള്ള വീട് എന്ന് പറയാൻ ഉള്ളത് രവിയുടെ വീട് മാത്രമാണ്. രവിടെ വീട് കഴിഞ്ഞു 5 മിനിറ്റ് നടക്കണം സ്വന്തം വീട്ടിലെത്താൻ.  ഇവിടെ വന്നു താമസം തുടങ്ങിയ ഈ രണ്ടു ദിവസത്തിനുള്ളിൽ അവർ പരിചയപെട്ടതും രവിയുടെ കുടുംബത്തെ മാത്രമാണ്.

     

        രവിയുടെ വീട് എത്തുമ്പോൾ ഭാര്യ പുഷ്പലത 

 ഉമ്മറത്ത് തന്നെ ഇരിക്കുന്നുണ്ടായിരുന്നു. ഭർത്താവിനെ നോക്കി ഇരിക്കുന്നത് ആയിരിക്കും.

 പ്രമോദ് മനസ്സിലോർത്തു.  താങ്ങി പിടിച്ചു കൊണ്ടു വരുമ്പോഴേക്കും അവർ മുറ്റത്തേക്കിറങ്ങി വന്നു.


  " യ്യോ ഇ മനുഷ്യകൊണ്ട് നാണംകെട്ടു. കള്ളുകുടിച്ച് വഴിയിൽ എവിടെയെങ്കിലും കിടക്കും."


 പുഷ്പലത ചമ്മിയ മുഖത്തോടെ കൂടി  അവരെ നോക്കി.


" നിങ്ങൾക്കൊരു ഇതൊരു ബുദ്ധിമുട്ടായി അല്ലേ" 


" ഏയ് അങ്ങനെയൊന്നുമില്ല, ഇവൻ പറഞ്ഞപ്പോഴാണ് ഞാൻ കണ്ടത്"


" നിങ്ങൾ ഇരിക്ക്,  ഞാൻ ഇങ്ങരെ  ഒന്ന് കൊണ്ട് കിടത്തട്ടെ,  മോളെ ഒന്നിങ്ങോട്ടു വന്നേ "


"ദാ വരുന്നമ്മേ"


   ആ കിളിനാദം കേട്ടതും പ്രമോദിന്റെ  കണ്ണുകൾ വിടർന്നു, അവൻ പുറത്തുനിന്ന് അകത്തേക്ക് നോക്കി. ഒരു പാദസരത്തിൻ കിലുക്കം അവൻ കേട്ടു, 


" എന്താ അമ്മേ" എന്ന് ചോദിച്ചു കൊണ്ട് പുറത്തേക്ക് വന്ന് അവളെ കണ്ടു അവന്റെ മനസ്സിൽ ലഡുവിന്റെ  അമിട്ട് പൊട്ടി.  ഒരു പാവാടയും ജാക്കറ്റും ഉടുത്ത് പിന്നിയിട്ട മുടിയും തലോടിക്കൊണ്ട് വന്ന ആ 18കാരിയെ കണ്ടപ്പോൾ അവന്റെ മനസ്സ് പാടി


     'അനുരാഗത്തിൻ വേളയിൽ വരമായ് വന്നൊരു സന്ധ്യയിൽ മനമേ നീ പാടൂ.... പ്രേമാർദ്രം..'


    ഇങ്ങേർക്ക് ഇങ്ങനെ ഒരു മോൾ ഉണ്ടായിരുന്നോ, ഇന്നലെ വന്നപ്പോൾ അമ്മച്ചിയെ  മാത്രമേ കണ്ടുള്ളൂ.  അന്നുരാത്രി എന്നല്ല പിന്നെ പല രാത്രികളിലും അവന് ഉറങ്ങാനായില്ല..

 എങ്ങനെയും അവളെ സ്വന്തമാക്കണമെന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവളെ പിറകെ നടക്കുക എന്ന കാര്യം നടക്കില്ല, കാരണം കാലത്തെഴുന്നേറ്റ് കടയിലേക്ക് പോകുമ്പോൾ അവൾ എഴുന്നേറ്റിട്ട് പോലും ഉണ്ടാവില്ല. അവളെ കാണാൻ എന്താ ഒരു വഴി. കുറേ കിടന്ന് ആലോചിച്ചു.


'രവി ' അതുതന്നെ വഴി അയാൾക്ക് കള്ളു കുടിക്കാൻ പൈസ കൊടുത്താൽ അയാൾ അടിച്ചു വഴിയിൽ കിടന്നു കൊള്ളും.  അങ്ങനെ അയാളെ കൊണ്ടാക്കാൻ എന്ന വ്യാജേന വീട്ടിൽ കയറാം പരിചയപ്പെടാം.


       ആ പദ്ധതി വിജയിച്ചു. സ്ഥിരമായി അയാളെ വീട്ടിലേക്ക് എത്തിക്കുന്നതിലൂടെ പുഷ്പലതക്ക്  തന്നോട് ഒരു സ്നേഹം ഒക്കെ തോന്നി തുടങ്ങി എന്ന് അവനു മനസ്സിലായി. ഒന്നും അങ്ങട് ചാടിക്കേറി ചെയ്യാൻ പറ്റില്ല കാരണം കൂടെ അച്ഛൻ ഉണ്ട്. ഇനി അടുത്ത സ്റ്റെപ്പിലേക്ക് നീങ്ങണം.


     പതിവ് പോലെ ഒരുദിവസം വീട്ടിൽ കൊണ്ട് ആക്കിയപ്പോൾ. പുഷ്പലത പറഞ്ഞു.

" എനിക്ക് മതിയായി, ഇങ്ങേരുടെ ഒടുക്കത്തെ കള്ളുകുടി, ഇങ്ങനെ എല്ലാവരെയും ബുദ്ധിമുട്ട് എന്ത് സുഖമാണ് ഇങ്ങേർക്ക് കിട്ടുന്നത്. ഇങ്ങനെ നാണം കെടുന്നതിലും  ഭേദം ചാവുന്നത് ആണ്. " എന്നും പറഞ്ഞു കരയാൻതുടങ്ങി.


   " ചേച്ചി ബുദ്ധിമുട്ടണ്ട, ബെഡ്റൂം എവിടെയാണെന്ന് പറഞ്ഞാൽ മതി ഞാൻ ആക്കിത്തരാം, " 


 എന്നിട്ട് മെല്ലെ അയാളെ പിടിച്ചു പടികയറുമ്പോൾ അവളും കൂടെ കൂടി ഒരു സഹായത്തിന്. അന്ന് അവിടെ ബെഡ്റൂമിൽ വെച്ച് അവൻ അവളോട് മനസ്സു തുറന്നു. ആദ്യമൊക്കെ എതിർത്തെങ്കിലും ദിവസങ്ങൾ പോകെ പോകെ  അവളും അവനെ ഇഷ്ടപ്പെട്ടു തുടങ്ങി. പ്രണയം രണ്ടുപേരുടെയും തലയ്ക്കു മൂത്തപ്പോൾ,   രവിയോട് അതിനെ കുറിച്ച് സംസാരിക്കാൻ അവൻ തീരുമാനിച്ചു.


  " എന്റെ മോളെ ഒരു ഡോക്ടറെ കൊണ്ട് മാത്രമേ ഞാൻ കെട്ടിക്കു, അതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം" തന്റെ കാര്യം സംസാരിക്കാൻ പോയ അവന് പിന്നെ ഒന്നും  സംസാരിക്കാൻ ധൈര്യം വന്നില്ല. 


     എന്താ ഒരു വഴി എന്ന് ചിന്തിക്കുമ്പോഴാണ് അവൾ ഒളിച്ചോടുന്നതിനെക്കുറിച്ച് സംസാരിച്ചത്.


   കല്യാണം കഴിഞ്ഞതിനു ശേഷം അച്ഛനോട് പറയാം എന്ന് പ്രമോദ് തീരുമാനിച്ചു കാരണം മനസ്സിൽ കുറച്ചു നന്മയുള്ള മനുഷ്യൻ ആണ് അയാൾ, എന്തുതന്നെയായാലും ഇതിനു സമ്മതിക്കില്ല. അതിനായി കടയിൽ നിന്ന് കുറച്ച് പൈസയും അടിച്ചുമാറ്റി, പഴയ കൂട്ടുകാരുടെ സഹായത്തോടെ അവളെ കടത്തിക്കൊണ്ടുവന്ന് കല്യാണം കഴിച്ചു പുറത്തിറങ്ങുമ്പോഴാണ് മുമ്പിൽ രവി. 


   കണ്ണൊക്കെ ചുവന്നു,  ആരെ കിട്ടിയാലും കുത്തി മലർത്തും എന്ന ഭാവത്തിലാണ് നിൽപ്പ്. അയാളെ കണ്ടതും അവൾ മെല്ലെ അവന്റെ പിറകിൽ ഒളിച്ചു.


"ഡാ" അയാൾ അലറി.


" രവിയേട്ടാ പ്രശ്നം ഉണ്ടാക്കരുത്, ഞങ്ങൾ തമ്മിൽ ഇഷ്ടപ്പെട്ടുപോയി.  ഇതല്ലാതെ വേറെ വഴി ഞാൻ കണ്ടില്ല."


"ഫ്പാ  പൊലയാടി മക്കളെ അച്ഛനും മോനും പൈസ  തന്നു  കുടിപ്പിച്ചിട്ട് അവസാനം എനിക്കിട്ടു തന്നെ പണിതു അല്ലേ, ഒരു ലെറ്റർ എഴുതി വെച്ചിട്ട് മകൾ നിന്റെ കൂടെ പോന്നു, വേറൊരു ലെറ്റർ എഴുതി വെച്ചിട്ട് എന്റെ ഭാര്യ നിന്റെ അച്ഛന്റെ കൂടെയും."


 " എന്റെ നന്മമരം അച്ഛാ  ഇങ്ങനെയൊരു ചതി വേണ്ടായിരുന്നു..."


   Nb : ഒരുതരത്തിലും ഭാര്യയെ കരയിപ്പിക്കരുത്, കണ്ണീരൊപ്പാൻ കുറേ തെണ്ടികൾ കാണും....

To Top