സ്നേഹിച്ചവന്റെ കൂടെ വീട്ടുകാരുടെ പൂർണ്ണസമ്മതത്തോടെ വിവാഹിതയായി...

Valappottukal

 




രചന: മഹാ ദേവൻ


" എങ്ങോട്ടേലും ഒന്ന് ഒരുങ്ങിയിറങ്ങുമ്പോൾ കുറ്റിചൂലും പിടിച്ച് മുന്നിൽ നിൽക്കാതേടി നശൂലമേ. അല്ലെങ്കിൽ തന്നെ നിന്റെ ഈ മോന്ത കണ്ട് എങ്ങോട്ടേലും ഒന്ന് ഇറങ്ങിയാൽ അന്നത്തെ ദിവസം തന്നെ പോക്കാ.. അതിന്റ കൂടെ അവള്ടെ അമ്മേടെ ഒരു കുറ്റിച്ചൂലും.  "


  അതും പറഞ്ഞുകൊണ്ട് ദാക്ഷായണി മുറ്റത്തേക്ക് കാർക്കിച്ചുതുപ്പുമ്പോൾ അത്‌  വന്നു വീഴുന്നത് ശരിക്കും തന്റെ മുഖത്തു തന്നെ ആണെന്ന് തോന്നിപോയി രേവതിക്ക്. 


        " എന്തിനാടി  നീ രാവിലെ തന്നെ ആ കൊച്ചിനോട് ഇങ്ങനെ. ഒന്നുല്ലെങ്കിൽ നിന്റെ മകന്റെ ഭാര്യ അല്ലെ. സ്വന്തം മോളെ പോലെ കാണേണ്ടതിന് പകരം ഒരു ശത്രുവിനെ പോലെ  ഇവളെ കാണുമ്പോഴൊക്കെ  നീ ഇങ്ങനെ കലി തുള്ളുന്നത് എന്തിനാ? നിന്നെയൊക്കെ വിശ്വസിച്ചല്ലേ നമ്മുടെ മോൻ ഇവളെ ഇവിടെ ആക്കിയിട്ട് കടല് കടന്നത്.  "


    ഭാര്യയുടെ ശകാരവും കാർക്കിച്ചു തുപ്പലും എല്ലാം കണ്ട് കൊണ്ട് പുറത്തേക്കിറങ്ങിയ മോഹനൻ  ഭാര്യയുടെ പ്രകടനം ഇഷ്ട്ടപ്പെടാത്ത പോലെ അനിഷ്ട്ടം പ്രകടിപ്പിച്ചപ്പോൾ  അയാളെ ഒന്ന് പുച്ഛത്തോടെ ഒന്ന് നോക്കികൊണ്ട് ദാക്ഷായണി ചോദിക്കുന്നുണ്ടായിരുന്നു 

   " അയ്യോ... മോളെ ഒന്ന് വഴക്ക് പറഞ്ഞപ്പോൾ അമ്മയപ്പന് അലിവ് തോന്നിയോ. എന്ന മോൾടെ കൂടെ ഇവിടെ ഇരുന്ന് സമാധാനിപ്പിച്ചിട്ട് വന്നാൽ മതി അത്രക്ക് നൊന്തെങ്കിൽ. ഹും.. 

     എന്റെ കുറ്റോം കുറവും കണ്ടുപിടിക്കാതെ നിങ്ങൾ വരുന്നുണ്ടെങ്കിൽ വാ. ഇത്ര കാലം ഈ കുറ്റോം കുറവും ഒക്കെ കണ്ടും കേട്ടും അല്ലെ ജീവിച്ചത്. അന്നൊന്നും ഇല്ലാത്ത കുറവ് മകൻ ഒന്നിനെ എഴുന്നള്ളിച്ചുകൊണ്ട് വന്നപ്പോൾ ആണ് തോന്നിത്തുടങ്ങിയത്. 

         വെറുതെ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കാതെ നിങ്ങൾ വരുന്നുണ്ടെങ്കിൽ  വാ. നിങ്ങളെ കാത്തു നിൽക്കില്ല കല്യാണമുഹൂർത്തം. 

   കേട്ടല്ലോ " എന്ന്. 


    ഭാര്യയുടെ വാക്കുകളിൽ നിറഞ്ഞുനിൽക്കുന്ന പുച്ഛം മനസ്സിലാകുന്നുണ്ടെങ്കിലും വെറുതെ രംഗം വഷളാക്കേണ്ട എന്ന് കരുതി അയാളും ഭാര്യക്കൊപ്പം ഇറങ്ങുമ്പോൾ തല താഴ്ത്തി നിൽക്കുന്ന രേവതിയെ നോക്കി " പോയിട്ട് വരാം മോളെ " എന്ന്  യാത്ര പറയാൻ മറന്നില്ല മോഹനൻ. 


  ഗേറ്റ് കടന്ന് പുറത്തേക്ക് പോകുന്ന അവരെ നോക്കി നിൽക്കുമ്പോൾ തന്റെ അവസ്ഥ ഓർത്ത് രേവതിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.  

    

    സ്നേഹിച്ചവന്റെ കൂടെ വീട്ടുകാരുടെ പൂർണ്ണസമ്മതത്തോടെ വിവാഹിതയായി ഈ വീട്ടിലേക്ക് കയറുമ്പോൾ എല്ലാം കൊണ്ടും സന്തോഷവതിയായിരുന്നു. 


  ആരെയും നഷ്ടപ്പെടാതെ ആഗ്രഹിച്ച ജീവിതം കൈപിടിയിലൊതുക്കിയപ്പോൾ സ്വർഗ്ഗം കിട്ടിയ സന്തോഷം ആയിരുന്നു. 

   ഇവിടെ കൊണ്ടാക്കി തിരികെ വീട്ടിലേക്ക് പോകാൻ നേരം രേവതിയെ ചേർത്തുപിടിച്ചു കരയുന്ന അമ്മയെ അടർത്തിമാറ്റികൊണ്ട് ദാക്ഷായണി രേവതിയുടെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞിരുന്നു 

   "  ശാരദ ന്തിനാ കരയുന്നെ.. നിന്റെ മോള് ഇപ്പോൾ എന്റെയും മോളല്ലേ.  നിങ്ങൾ എങ്ങനെ അവളെ നോക്കിയോ അതുപോലെ തന്നെ ആയിരിക്കും അവൾ എവിടെയും. വേർതിരിച്ചു കാണാൻ ഒന്നും എനിക്ക് അറിയില്ല ശാരദേ,  ന്റെ മക്കളെപ്പോലെ തന്നെയാ ഇനി മുതൽ ഇവളും " എന്ന്. 

    അത് കേട്ട് കണ്ണുനീർ തുടച് പുഞ്ചിരിയോടെ  ശാരദ പടിയിറങ്ങുമ്പോൾ ഭർത്താവിന്റെ അമ്മയുടെ വാക്കുകൾ  രേവതിക്ക് വല്ലാത്തൊരു എനർജിയായിരുന്നു നൽകിയത്. 


പക്ഷേ, എല്ലാം പാഴ്വാക്കുകൾ ആണെന്ന് മനസ്സിലാക്കാൻ ഭർത്താവ് ഗൾഫിലേക്ക് പറക്കുന്ന ദിവസം വരെ കാത്തിരിക്കേണ്ടി വന്നു എന്ന് മാത്രം. 


    തൊട്ടതിനും പിടിച്ചതിനും കുറ്റം മാത്രം കാണുന്ന അമ്മയോട് മറുത്തൊന്നും പറയാതെ  ഓരോ ദിവസവും തള്ളി നീക്കുമ്പോൾ ഒരു വേലക്കാരിക്ക് കിട്ടുന്ന വില പോലും തനിക്കിവിടെ ഇല്ലെന്ന് മനസ്സിലാക്കുകയായിരുന്നു രേവതി. 


    " ഒന്ന് വൃത്തിക്ക് ചെയ്തുടെ നിനക്ക് പണികൾ?   നാശം പിടിക്കാൻ. 

      കണ്ടില്ലേ മുക്കിലും മൂലക്കും പൊടിയ.. ഉത്തരം മുഴുവൻ മാറാലയും.  ഇതൊക്കെ ഒന്ന് തട്ടാൻ ഇനി ഞാൻ പുറത്ത് നിന്ന് ആളെ വിളിക്കണോ? " 


    ഒന്ന് ഇരിക്കാൻ തുടങ്ങുമ്പോൾ എന്തെങ്കിലും പണി കണ്ടെത്തി പിന്നാലെ നടന്ന് കുറ്റം പറയുമ്പോൾ എല്ലാം അവൾ ഒന്നും മിണ്ടാതെ  

ചെയ്യാറുണ്ട്. 

   അപ്പോഴെല്ലാം സ്വന്തം അമ്മ പറഞ്ഞ വാക്കുകൾ ആയിരുന്നു അവളുടെ മനസ്സിൽ. 

  " മോളെ... ചെന്ന് കേറുന്ന വീട് നമ്മുടെ വീട് പോലെ തന്നെ കാണണം. അവിടെ ഉള്ളവരെ സ്വന്തം അച്ഛനും അമ്മയുമായിട്ടും.  കുറ്റോം കുറവും ഒക്കെ ഉണ്ടാകും.  അതെല്ലാം ക്ഷമിക്കാൻ കഴിയുന്നിടത്താ ഒരു പെണ്ണിന്റ വിജയം. ഇനി ന്റെ മോള് ജീവിക്കേണ്ടത് അവിടെ ആണ്. അത്‌ എന്നും ഓർമ്മ വേണം. " എന്ന്. 


       മനസ്സിലൂടെ ഓടിയിറങ്ങിയ ചിന്തയിൽ നിന്നും അവൾ ഉണർന്നത് അകത്ത്‌ മൊബൈൽ അടിക്കുന്നത് കേട്ടായിരുന്നു.  അച്ഛനും അമ്മയും ഗേറ്റ് കടന്നെന്ന് ഉറപ്പാക്കി അവൾ ചൂല് ഒരിടത് ഒതുക്കിവെച്ച് അകത്തേക്ക് ഓടി ഫോൺ അറ്റന്റ് ചെയ്യുമ്പോൾ മറുതലക്കൽ രാജീവ്‌ ആയിരുന്നു. 

     അത്‌ വരെ മനസ്സിൽ കുമിഞ്ഞുകൂടിയ വിഷമത്തിന് വല്ലാത്തൊരു ആശ്വാസമായിരുന്നു അവൾക്കാ വിളി. 


   അവന്റെ കുശലാന്വേഷണവും അവളുടെ പരിഭവം പറച്ചിലും സന്തോഷവുമൊക്കയായി സമയം ഇഴഞ്ഞുനീങ്ങുമ്പോൾ ഇടക്കെപ്പോഴോ അവൻ ചോദിച്ചിരുന്നു 

   " അമ്മ ഇപ്പഴും ആവശ്യമില്ലാതെ വഴക്കുണ്ടാക്കുന്നുണ്ടോ മോളെ " എന്ന്. 


അത്‌ കേട്ട്  " ഏയ്യ്,  ഇല്ല ഏട്ടാ " എന്ന് പറഞ്ഞൊപ്പിക്കുമ്പോൾ അവളുടെ തൊണ്ടയൊന്ന് ഇടറി. 


  അവളുടെ വാക്കുകളിലെ ഇടർച്ച പറഞ്ഞത് കള്ളമാണെന്ന് വിളിച്ചോതുമ്പോൾ അത്‌ മനസിലായപോലെ രാജീവ്‌ പറയുന്നുണ്ടായിരുന്നു 

  " എനിക്കറിയാം മോളെ അമ്മ നിന്നോട് പെരുമാറുന്നത് എങ്ങനെ ആണെന്ന്.  ഞാൻ ഇന്നും ഇന്നലേം കാണാൻ തുടങ്ങിയതല്ലല്ലോ അമ്മയെ. അതുകൊണ്ട് തന്നെ നീ അവിടെ എത്രത്തോളം വിഷമിക്കുന്നുണ്ടെന്ന് മനസ്സിലാക്കൻ എനിക്ക് കഴിയും.   എനിക്കും ആഗ്രഹം ഉണ്ട് പെട്ടന്ന് അങ്ങോട്ട് ഓടിയെത്താൻ. പക്ഷേ,........ 

    അതുകൊണ്ടു നിനക്ക് സഹിക്കുന്നതിലും അപ്പുറമായാൽ പിന്നെ ഒന്നും ചിന്തിക്കേണ്ട. നീ നിന്റെ വീട്ടിലേക്ക് പൊക്കോ.. ബാക്കി ഒക്കെ ഞാൻ വന്നിട്ട് തീരുമാനിക്കാം.  " എന്ന്. 


  ആ വാക്കുകൾ അവൾക്ക് വല്ലാത്തൊരു ആശ്വാസമായിരുന്നു.  ഇവിടെ കിടന്ന് നരകിക്കുമ്പോഴും മനസ്സ് കൊണ്ട് ചേർത്തുപിടിക്കുന്ന ഭർത്താവിന് ഒരു ഉമ്മയും നൽകി ഫോൺ വെക്കുമ്പോൾ അത്‌ വരെ കടൽപോലെ പ്രക്ഷുബ്ധമായ മനസ്സ് അല്പം ശാന്തമായിരുന്നു. 


        അന്ന്  തുണിയലക്കുന്നതിനിടയിൽ തല ചുറ്റുന്നത് പോലെ തോന്നിയപ്പോൾ അടുത്തുള്ള അരിത്തിണ്ണയിലേക്ക് ഒന്ന് ഇരുന്നതിനായിരുന്നു  അകത്തു നിന്നും വാളെടുത്ത പോലെ ദാക്ഷായണി അവൾക്കരികിലേക്ക് ഓടിവന്നത്. 


   " ന്താടി തീറ്റെം കുടീം കഴിഞ്ഞപ്പോൾ ക്ഷണിച്ചോ  വിശ്രമിക്കാൻ ?   ആകെ അലക്കാൻ ഉള്ളത് നാല് കഷ്ണം തുണിയാ. അതിന് അവൾക്ക് വിശ്രമം ഒരു മണിക്കൂർ. കൊള്ളാം തമ്പുരാട്ടി " 


   അമ്മ പിന്നിൽ നിന്നും കുത്ത് തുടങ്ങിയപ്പോൾ അവൾ  നേരെ നിൽക്കാത്ത തല പതിയെ ഉയർത്തികൊണ്ട് പറയുന്നുണ്ടായിരുന്നു 

  "  തല തിരിഞ്ഞതോണ്ടാ അമ്മേ ഞാൻ ഇവിടെ..... "


   അത്‌ കേട്ടതും പുച്ഛത്തോടെ ചിറി കോട്ടികൊണ്ട്  അവർ അവളെ ഒന്ന് തറപ്പിച്ചുനോക്കി. 

  " അല്ലേലും അതെനിക്ക് അറിയാടി. നീ തലതിരിഞ്ഞവൾ   ആണെന്ന്. അതാണല്ലോ എന്റെ മകനെ കറക്കി കയ്യിലെടുത്തത്.

      വെറുതെ ഇരിക്കാൻ ഓരോ കള്ളം പറഞ്ഞോണ്ട് വരും ഒരുമ്പട്ടവൾ.  ഇവിടെ നിൽക്കണേൽ ഇതൊക്കെ ചെയ്യേണ്ടി വരും. അതിനൊന്നും പറ്റില്ലെങ്കിൽ ഇറങ്ങിപ്പോടി എങ്ങോട്ടച്ചാ "  


   അതും പറഞ്ഞ് അവളുടെ തലക്കിട്ടു തന്നെ കൊട്ടിയ ഭാവത്തിൽ വിജയിയെ പോലെ നിൽക്കുമ്പോൾ ആയിരുന്നു  അതുവരെ നനഞ്ഞ കോഴിയെ പോലെ ഇരുന്നവൾ പെട്ടന്ന് ചാടി എഴുനേറ്റ് അമ്മായമ്മയെ ഒന്ന് നോക്കുക പോലും ചെയ്യാതെ അകത്തേക്ക് നടന്നത്. 

   

   പെട്ടന്നുള്ള അവളുടെ ഭാവവും ആ പോക്കും കണ്ട് ആദ്യം ഒന്ന് അമ്പരന്നെങ്കിലും അത്‌ പുറത്ത് കാണിക്കാതെ അവൾക്ക്  പിന്നാലെ ഓടി ദാക്ഷായണി. 

     " എവിടെ പോവാടി നീ ഇവ തുണി അലക്കി ഇടാതെ?  ഇനി ഇതൊക്കെ അലക്കാൻ നിന്റെ തള്ള വരോ ഇവിടെ?  "


 അത്‌ ചോദിച്ചതും അവര്ക്ക് നേരെ വല്ലാത്തൊരു ഭാവത്തോടെ തിരിഞ്ഞ രേവതി പരിസരബോധം നഷ്ട്ടപ്പെട്ടപോലെ അവർക്ക് നേരെ ആദ്യമായി ശബ്ദമുയർത്തി. 


    " ദേ, ഒരു കാര്യം ഞാൻ പറഞ്ഞേക്കാം  നിങ്ങൾ പറയുന്നതെല്ലാം കേട്ട് ഒന്നും മിണ്ടാതെ നിൽക്കുന്നത് കൊണ്ട് ഞാൻ നിങ്ങടെ അടിമ ഒന്നുമല്ല. കേട്ടലോ? പിന്നെ എന്നെ പറയുന്ന പോലെ വീട്ടിലിരിക്കുന്ന ന്റെ അമ്മേ പറഞ്ഞാലുണ്ടല്ലോ ഭർത്താവിന്റെ അമ്മ ആണെന്ന് ഞാൻ അങ്ങ് മറക്കും.  

   നിങ്ങൾ പറയുന്നതെല്ലാം കേട്ട് ഒന്നും മിണ്ടാതെ നിൽക്കുന്നത് ഇവിടെ ഉള്ളവർ എന്റെ സ്വന്തം ആണെന്ന് തോന്നിയത് കൊണ്ടാ.. അല്ലതെ ഈ വീട്ടിലെ വേലക്കാരിക്ക് പകരം  കൂലി ലാഭിക്കാൻ കെട്ടിക്കൊണ്ട് വന്നതാണ് എന്നെ എന്നൊരു ഭാവം നിങ്ങടെ മനസ്സിൽ ഉണ്ടെങ്കിൽ അതങ്ങ് കളഞ്ഞേക്ക് ഇനി. നിങ്ങടെ കണ്ണിൽ കുരു ഒന്നും ഇല്ലല്ലോ. നിങ്ങൾക്ക് കാണാൻ കഴിയുന്നില്ലേ ഞാൻ ഇവിടെ കിടന്ന് ചാവുന്നത്. എന്നിട്ട് പിന്നേം പിന്നേം പിന്നിൽ നിന്ന് കുത്തിയാൽ അളം മുട്ടിയാൽ ചേരയും കടിക്കും മറക്കണ്ട. 

        

   പിന്നെ കുറച്ച് മുന്നേ നിങ്ങൾ പറഞ്ഞില്ലേ പറ്റില്ലെങ്കിൽ ഇറങ്ങിപ്പോവാൻ.. അതിന് തന്നെയാ പോകുന്നത്.  ഞാനേ എന്റെ വീട്ടിൽ പോവാ. ഇനി ഇവിടെ ഉള്ള പണി നിങ്ങൾ ഒറ്റക്കങ് ചെയ്താൽ മതി. എന്റെ കയ്യിലുള്ള പോലത്തെ വള തന്നെയാ നിങ്ങടെ കയ്യിലും. വല്ലതും ചെയ്താൽ അത്‌ ഊരി പോകാത്തൊനും ഇല്ല.  

  പിന്നെ ഒരു കാര്യം.  ഇവിടെ കെട്ടികേറി വരുമ്പോൾ ഏട്ടൻ സ്ത്രീധനം ഒന്നും ചോദിച്ചില്ലെങ്കിലും എന്റെ വീട്ടുകാർ എനിക്ക് അൻപത് പവൻ തന്നിട്ടാ ഇങ്ങോട്ട് വിട്ടത്. അത്‌ അമ്മ  എടുത്ത് വെക്കാം എന്നും പറഞ്ഞ് കൊണ്ട്പോയി വച്ചിട്ടില്ലേ. അത്‌ ഞാൻ ഒരുങ്ങി ഇറങ്ങുമ്പോൾ എന്റെ മുന്നിൽ ഉണ്ടാവണം. കേട്ടല്ലോ.  അല്ലെങ്കിൽ ഇത്ര നാൾ നിങ്ങടെ മുന്നിൽ പൂച്ചയെ പോലെ നിന്ന എന്നെ ശരിക്കും നിങ്ങൾ അറിയും. പറഞ്ഞില്ലെന്നു വേണ്ട. 

      ഒന്നിന് എനിക്ക് നിങ്ങളോട് നന്ദി ഉണ്ട് 

വെറുതെ പിന്നിൽ നിന്നും കുത്തി കുത്തി എനിക്ക് ഇതുപോലെ രണ്ട് വാക്ക് പറയാനുള്ള ഒരു വാശി ഉണ്ടാക്കിത്തന്നതിന്. 

 അപ്പൊ ഞാൻ പറഞ്ഞത് കേട്ടല്ലോ.. അൻപത് പവൻ. എന്റെ മുന്നിൽ. അല്ലെങ്കിൽ നിങ്ങടെ ആ ആമാടപെട്ടി ഞാൻ തല്ലിപൊളിക്കും.  "


അതും പറഞ്ഞ് ചാടിത്തുള്ളി അകത്തേക്ക് പോയ അവളെ നോക്കി വാ പൊളിക്കുമ്പോൾ ദാക്ഷായണി വല്ലത്തൊരു അവസ്ഥയിൽ ആയിരുന്നു. 

   " ഒന്ന് മയത്തിൽ ആയിരുന്നെങ്കിൽ എല്ലാം കേട്ട് പെണ്ണ് ഇവിടെ നിന്നേനെ.. ഇതിപ്പോ ഉത്തരത്തിലുള്ള സ്വർണ്ണോ  കക്ഷത്തുണ്ടായിരുന്ന പെണ്ണും പോകുന്ന ലക്ഷണമാണല്ലോ "  എന്ന് ചിന്തിച്ചുകൊണ്ട് നിൽക്കുമ്പോൾ അകത്ത്‌ വീട്ടിലേക്ക് പോകാനുള്ള ബാഗ് റെഡിയാക്കി തുടങ്ങിയിരുന്നു രേവതി.

To Top