രചന: sajithaiparambu
അമ്മയുടെ മരണശേഷം അച്ഛന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്നറിഞ്ഞപ്പോൾ എനിക്ക് അത്ഭുതവും, അച്ഛനോട് വെറുപ്പും തോന്നി
ഒരു മനുഷ്യന് ഇത്ര പെട്ടെന്ന് മാറാൻ കഴിയുമോ ?കാരണം അമ്മയോട് അച്ഛന് അത്രയ്ക്കിഷ്ടമായിരുന്നു അമ്മയ്ക്കും അതെ ,
ശരിക്കും മാതൃകാ ദമ്പതികൾ
ആദ്യമൊക്കെ അച്ഛന് ചില കോളുകൾ വന്നപ്പോൾ എനിക്ക് സംശയം ഒന്നും തോന്നിയില്ല ,പക്ഷേ പിന്നീട് അച്ഛൻ ഫോൺ ലോക്കാക്കുകയും, അതിന് ശേഷം വരുന്ന കോളുകൾ, എൻ്റെ അടുത്ത് നിന്ന് മാറി അറ്റൻ്റ് ചെയ്യുകയുമൊക്കെ ചെയ്തപ്പോഴാണ്, ഇതിലെന്തോ കള്ളത്തരമുണ്ടെന്ന് എനിക്ക് മനസ്സിലായത്.
ചിലപ്പോഴൊക്കെ സംസാരം ഏറെ നേരം നീണ്ട് പോകുമായിരുന്നു ,ആരാണെന്ന് ഞാൻ ചോദിച്ചപ്പോൾ, പഴയൊരു ഫ്രണ്ടാണെന്നും, കൂടെ പഠിച്ചതായിരുന്നുവെന്നും പറഞ്ഞതിനോടൊപ്പം, നീയെന്തിനാണ് ആവശ്യമില്ലാത്തതൊക്കെ തിരക്കുന്നതെന്നും പറഞ്ഞ്, എന്നോട് തട്ടിക്കയറുകയും ചെയ്തു.
അതൊരു സ്ത്രീ ആയിരുന്നു എന്ന് എനിക്ക് മനസ്സിലായത്, പിന്നീടൊരു ദിവസമായിരുന്നു ,
അതായത്, ഒരുദിവസം ഞാൻ കോളേജിൽ സ്ട്രൈക്കായത് കൊണ്ട് ,അവിചാരിതമായി വീട്ടിലേയ്ക്ക് നേരത്തെ വന്ന ദിവസം,
ഞാൻ ഗേറ്റ് കടന്ന് അകത്ത് കയറുമ്പോൾ ,വീടിനുള്ളിൽ നിന്നും തോളിലിട്ട ബാഗിലേയ്ക്ക് കുറച്ച് നോട്ടുകൾ തിരുകിവച്ച് കൊണ്ട്, ഒരു സ്ത്രീ ഇറങ്ങി വരുന്നു.
എന്നെ കണ്ടതും, അവരുടെ മുഖത്ത് എന്തൊക്കെയോ വികാരങ്ങൾ മിന്നിമറയുന്നുണ്ടായിരുന്നു ,
ചിലപ്പോൾ, പ്രതീക്ഷിക്കാതെ എന്നെ കണ്ടപ്പോഴുള്ള, പരിഭ്രമവും ജാള്യതയുമൊക്കെയാവാം,
എങ്കിലും, എൻ്റെ നേരെ നടന്ന് വന്ന്, എൻ്റെ താടിയിൽ പിടിച്ച് കുലുക്കി, സ്നേഹം പ്രകടിപ്പിച്ചിട്ടാണ് അവർ പോയത്,
പുറകെ ഇറങ്ങി വന്ന അച്ഛനോട്, അതാരാണെന്ന് ഞാൻ ചോദിച്ചു,
ങ്ഹാ ,അതാണ് ഞാൻ ഇടയ്ക്ക് ഫോണിൽ സംസാരിക്കുന്ന എൻ്റെ ഫ്രണ്ട്,
അച്ഛൻ മറുപടി പറഞ്ഞു.
അവരെന്തിനാ ഇപ്പോൾ വന്നത്?
തൃപ്തിയാകാത്തത് പോലെ ഞാൻ വീണ്ടും ചോദിച്ചു
അത് പിന്നെ ഈ വഴി പോയപ്പോൾ വെറുതെയൊന്ന് കയറിയതാണ് ,,
വെറുതെ കയറിയവർക്ക് അച്ഛനെന്തിനാ കാശ് കൊടുത്തത്?
ഞാൻ ക്രുദ്ധനായി ചോദിച്ചു.
അത് പിന്നെ മോനേ,, അവർക്കെന്തോ അത്യാവശ്യത്തിന്, കുറച്ച് കാശെന്നോട് കടം ചോദിച്ചു, അതാ ഞാൻ കൊടുത്തത്,,
എനിക്കൊരു ബൈക്ക് വാങ്ങി തരാൻ അച്ഛൻ്റെ കൈയ്യിൽ പൈസയില്ല, കണ്ടവള്മാര് ചോദിച്ചപ്പോൾ, എടുത്ത് കൊടുക്കാനുണ്ടല്ലേ?
അഭീ ,,, നീ നിൻ്റെ കാര്യം നോക്ക്, എന്നെ ചോദ്യം ചെയ്യാൻ നില്ക്കണ്ട,,
എന്നോട് ക്ഷോഭിച്ച് കൊണ്ട് അച്ഛൻ പെട്ടെന്ന് അകത്തേയ്ക്ക് കയറിപ്പോയി ,അതൊരു ഒഴിഞ്ഞ് മാറലാണെന്ന് എനിക്ക് മനസ്സിലായി.
പിന്നീടൊരു ദിവസം, എൻ്റെ കൂട്ടുകാരൻ പറഞ്ഞ കാര്യം കേട്ട് ഞാൻ ഞെട്ടിപ്പോയി.
അച്ഛൻ്റെ പേരിലുണ്ടായിരുന്ന നാല് സെൻ്റ് സ്ഥലവും ഒരു ചെറിയ വീടും കൂടി ഏതോ ഒരു സ്ത്രീയുടെ പേർക്ക് അച്ഛൻ എഴുതി കൊടുത്തെന്ന്,,
നീയിതെങ്ങനെ അറിഞ്ഞെടാ?
ആകാംക്ഷയോടെ ഞാൻ അവനോട് ചോദിച്ചു.
എടാ, എൻ്റെ അച്ഛൻ ആധാരം എഴുത്ത് കാരനല്ലേ? അപ്പോൾ എല്ലാ ദിവസവും വൈകുന്നേരം വീട്ടിലെത്തുമ്പോൾ ,അച്ഛൻ ഞങ്ങളോട് അന്നത്തെ വിശേഷങ്ങളെല്ലാം പറയും,
അങ്ങനെയാണ്, എന്നോട് പറഞ്ഞത്, എടാ സുരേഷേ ,,നിൻ്റെ കൂട്ടുകാരൻ്റെ അച്ഛൻ വലിയ ദാനധർമ്മിയാണല്ലോ? അനാഥയായ ഒരു സ്ത്രീയ്ക്ക് അയാള് വീടും സ്ഥലവും ഇഷ്ടദാനം കൊടുത്തല്ലോ എന്ന് ,നിൻ്റെ അച്ഛൻ ഗ്രേറ്റ് ആണല്ലോടാ?
അവൻ എൻ്റെ തോളിൽ തട്ടി അഭിനന്ദിച്ചപ്പോൾ, എനിക്ക് അച്ഛനെ കൊല്ലാനുള്ള വെറുപ്പ് തോന്നി,
അച്ഛൻ അവളുടെ വലയിൽ വീണെന്നും, പതിയെ പതിയെ അവൾ അച്ഛൻ്റെ മുതലൊക്കെ സ്വന്തമാക്കുമെന്നും, ഞാനും അച്ഛനും താമസിയാതെ തെരുവിലിറങ്ങേണ്ടി വരുമെന്നും എനിക്ക് മനസ്സിലായി,,
അച്ഛാ,, അച്ഛൻ തോന്ന്യവാസത്തിന് പോയത് കൊണ്ടല്ലേ, കണ്ട തേവിടിശ്ശികൾക്കൊക്കെ വീടും സ്ഥലവും വരെ എഴുതി കൊടുക്കേണ്ടി വന്നത് ?എന്നിട്ട് നാട്ടുകാരുടെ മുന്നിൽ അനാഥയായൊരു സ്ത്രീയ്ക്ക് ഇഷ്ടദാനം കൊടുത്തെന്ന പേരിൽ അച്ഛൻ നന്മ മരവുമായി ,ആരുമില്ലാത്ത നേരത്ത് ,ഈ വീട്ടിൽ വരുന്നതിൻ്റെയും അച്ഛനോടൊപ്പം സ്പെൻറ് ചെയ്യുന്നതിൻ്റെയും പ്രതിഫലമാണ്, അച്ഛൻ കൂട്ടുകാരിക്ക് കൊടുത്തതെന്ന് ,എനിക്ക് മാത്രമല്ലേ അറിയൂ
പ്ഫ,,നായേ ,,വന്ന് വന്ന് അച്ഛനോട് വായിൽ തോന്നിയതെന്തും വിളിച്ച് പറയാമെന്നായി, അല്ലേടാ?
അപ്രതീക്ഷിതമായി കവിളത്ത് കിട്ടിയ അടിയിൽ, ഞാൻ തരിച്ച് നിന്ന് പോയി.
അച്ഛൻ എന്നെ തല്ലിയല്ലേ ?എവിടുന്നോ കയറി വന്ന ഒരുത്തിയെ കുറിച്ച് പറഞ്ഞപ്പോൾ അച്ഛന് നൊന്തല്ലേ ? മനസ്സിലായി അച്ഛാ,, നിങ്ങൾക്കിപ്പോൾ എന്നെക്കാൾ വലുത് അവരാണല്ലേ ?ശരി ആയിക്കോട്ടെ, എന്തിനാണിനി അവരെ വേറെ വീട്ടിൽ പാർപ്പിക്കുന്നത് ? ഇങ്ങോട്ട് വിളിച്ചോണ്ട് വന്നോളു, ഞാനൊരു തടസ്സമാകാതെ പോയി തന്നോളാം,,
സങ്കടവും ദേഷ്യവും കൊണ്ട് ഞാൻ പെട്ടെന്ന് തന്നെ വീട്ടിൽ നിന്ന് പുറത്തെ ഇരുളിലേക്കിറങ്ങി, ലക്ഷ്യമില്ലാതെ എങ്ങോട്ടോ സ്പീഡിൽ നടന്നു,
പുറകിൽ നിന്നും അച്ഛൻ
വിളിക്കുന്നതൊന്നും ഞാൻ കാര്യമാക്കിയില്ല ,
നടന്ന് നടന്ന് ഞാനൊരു ബസ്സ്റ്റോപ്പിലെത്തി ,അവിടുത്തെ ആളൊഴിഞ്ഞ വെയിറ്റിങ്ങ് ഷെഡ്ഡിൽ എങ്ങോട്ട് പോകണമെന്നറിയാതെ ഞാനിരുന്നു,
കുറച്ച് കഴിഞ്ഞപ്പോൾ, വീട്ടിൽ ഇടയ്ക്കിടെ വീട്ടിൽ വരാറുള്ള അച്ഛൻ്റെ കൂട്ടുകാരൻ, ദിനേശേട്ടൻ്റെ കോള് വന്നു,
മോനേ നീയെവിടെയാ ? ദേ അച്ഛൻ പടിക്കെട്ടിൽ നിന്നും മുറ്റത്തേയ്ക്ക് തെന്നി വീണ് കാലും കൈയ്യുമൊക്കെ പൊട്ടി ,ഞാൻ കയറി വരുമ്പോൾ ചോരയുമൊലിപ്പിച്ചിരിക്കുവാ,
പിന്നെ, പരിക്ക് അത്ര കാര്യമുള്ളതല്ലാത്തത് കൊണ്ട്, ഞാനിവിടിരുന്ന ഫസ്റ്റ് എയ്ഡ് ബോകസെടുത്ത്, ഡ്രസ്സ് ചെയ്ത് കൊടുത്തിട്ടുണ്ട് ,മോൻ വേഗം ഇങ്ങോട്ട് വാ,,
എനിക്കത് കേട്ട് അച്ഛനോട് അലിവൊന്നും തോന്നിയിട്ടല്ലാ, പിന്നെ, നാട്ടുകാരെയൊക്കെ അറിയിച്ച്, വെറുതെ നാണം കെടണ്ട എന്ന് കരുതി, ഞാൻ തിരിച്ച് വീട്ടിലേയ്ക്ക് നടന്നു,
എന്നെ കണ്ടപ്പോൾ, ദിനേശേട്ടൻ ഇറങ്ങി വന്ന്, എൻ്റെ തോളിൽ പിടിച്ചു,
മോനേ,, നീ വാ നമുക്ക് അപ്പുറത്തെ ചാവടിയിൽ അല്പനേരം ഇരിക്കാം, എനിയ്ക്ക് നിന്നോട് ചിലത് സംസാരിക്കാനുണ്ട്,,
ജിജ്ഞാസയോടെ, ഞാൻ ദിനേശേട്ടനോടൊപ്പം ചാവടിയിലേയ്ക്ക് നടന്നു.
മോനേ ,, നിൻ്റെ അച്ഛൻ എന്നോട് പറയാത്ത ഒരു രഹസ്യവുമില്ല, ഒരു പക്ഷേ, നിൻ്റെ അമ്മ കഴിഞ്ഞാൽ, അച്ഛൻ എല്ലാം തുറന്ന് പറയുന്നത് എന്നോടായിരിക്കും,,
ഞാൻ നിന്നോട് പറയാൻ പോകുന്ന കാര്യങ്ങൾ ,
ഒരിക്കലും നീ അറിയരുതെന്ന് നിൻ്റെ അച്ഛന് നിർബന്ധമുണ്ടായിരുന്നു ,
പക്ഷേ, ഇനിയും നീയത് അറിയാതിരുന്നാൽ, നിരപരാധിയായ നിൻ്റെ അച്ഛനെ നീ വെറുത്ത് പോകും,,,
നിനക്കറിയുമോ ? നീയിന്ന് തേവിടിശ്ശിയെന്ന് പറഞ്ഞ ആ സ്ത്രീയാണ്, നിൻ്റെ യഥാർത്ഥ അമ്മ ,,
അത് കേട്ട് എൻ്റെ തല മരവിക്കുന്നത് പോലെ തോന്നി ,
വിശ്വസിക്കാനാവാതെ ഞാൻ ദിനേശേട്ടൻ്റെ മുഖത്തേയ്ക്ക് ഉറ്റ് നോക്കി
നിനക്ക് വിശ്വസിക്കാൻ പ്രയാസമായിരിക്കും നിനക്കേതാണ്ട് ആറ് മാസം പ്രായമുള്ളപ്പോഴാണ് ,
ആ സ്ത്രീയുടെ അമ്മ ,
നിൻ്റെ അച്ഛൻ്റെ കൈയ്യിൽ നിന്നെ ഏല്പിക്കുന്നത് ,കൊടും ദാരിദ്ര്യവും, ഭർത്താവ് മരിച്ച് പോയ മകളുടെ നിസ്സഹായാവസ്ഥയും കൊണ്ടാണ് അന്ന് അയ്യായിരം രൂപ വാങ്ങിച്ചിട്ട് നിന്നെ അവർ എൻ്റെ കൂട്ടുകാരന്, അതായത് നീയിപ്പോൾ അച്ഛാന്ന് വിളിക്കുന്ന സുരേന്ദ്രന് നിന്നെ വില്ക്കുന്നത് ,
പിന്നീടൊരിക്കലും അവകാശം ചോദിച്ച് വരില്ലെന്ന് വാക്ക് പറഞ്ഞാണ്, അവരന്ന് പോയത്
പക്ഷേ, ഇപ്പോൾ നിൻ്റെ അമ്മ മരിച്ചതറിഞ്ഞാണ് ആ സ്ത്രീ നിൻ്റെ അച്ഛനെ കാണാൻ എത്തിയത്
നിന്നെ വിട്ട് കൊടുക്കണമെന്ന് അവരച്ഛനോടാവശ്യപ്പെട്ടു ,
ഇല്ലെങ്കിൽ കോടതിയിൽ പോകുമെന്ന് ഭീഷണിപ്പെടുത്തി
അങ്ങനെയാണ് അവരെ അനുനയിപ്പിക്കാനായി സുരേന്ദ്രൻ അവർക്ക് അൻപതിനായിരം രൂപ കൊടുത്തത്
അതിന് ശേഷം ഓരോരോ ആവശ്യങ്ങൾ പറഞ്ഞ് ഭീഷണിപ്പെടുത്തി അച്ഛൻ്റെ കൈയ്യിൽ നിന്നും പിന്നെയും അവർ കാശ് വാങ്ങിക്കൊണ്ടിരുന്നു
ഒടുവിൽ അവർ വലിയൊരു ഡിമാൻ്റ് വച്ചു ,നിൻ്റെ അച്ഛൻ അവരെ വിവാഹം കഴിക്കണമെന്ന് ,മരിച്ച് പോയ നിൻ്റെ അമ്മയെ അല്ലാതെ മറ്റൊരു സ്ത്രീയെയും സങ്കല്പിക്കാൻ പോലും കഴിയാത്ത അവനതിന് കഴിയില്ലായിരുന്നു
അങ്ങനെ അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ പകരമായി കൊടുത്തതാണ് ആ നാല് സെൻ്റ് സ്ഥലവും വീടും ,ഒരു പക്ഷേ ഇതോടെ അവരുടെ ശല്യം തീർന്ന് കാണുമായിരിക്കും ,അഥവാ ഇനിയും അവർ വന്നാൽ, ബാക്കിയുള്ള ഈ വീടും പറമ്പും കൂടി എഴുതി കൊടുക്കേണ്ടി വന്നാൽ പോലും നിന്നെ വിട്ട് കൊടുക്കാനോ അവരെ വിവാഹം ചെയ്യാനോ നിൻ്റെ അച്ഛന് കഴിയില്ല, കാരണം നിന്നോടും മരിച്ച് പോയ ഭാര്യയോടും അയാൾക്ക് അത്രയ്ക്ക് ജീവനാടാ ,സുരേന്ദ്രനെ എനിക്ക് നന്നായി അറിയാം, നിനക്ക് വേണ്ടി മാത്രമാണ്, അവൻ ജീവിക്കുന്നത്, നീയവനെ വേദനിപ്പിക്കരുത്,,
ദിനേശേട്ടൻ പറഞ്ഞ് നിർത്തിയപ്പോൾ, ഉള്ള് പൊട്ടി ഞാൻ കരഞ്ഞ് പോയി.