ആരോടും ഒരു ഇഷ്ടവും തോന്നാത്ത എനിക്കിപ്പോ എന്താണോ...

Valappottukal

 


രചന: ഭദ്ര അനിൽ


കോളേജിലെ വാട്സ്ആപ് ഗ്രൂപ്പിലെ പതിവ് ഗുഡ് മോർണിംഗ് മെസ്സേജ് കളുടെ തുടർച്ചയായി മിനി ഇട്ട ഒരു വാർത്തയിൽ തറഞ്ഞു പോയി ഞാൻ ഇത്തിരി നേരം.

"ജിനു വിന്റെ 25 ആം ചരമവാർഷികം".

ഒരു ദീർഘ നിശ്വാസം ആവശ്യമില്ലാതെ വന്നപോലെ .രാവിലത്തെ തിരക്കുകൾ ഒഴിഞ്ഞു മക്കളെ ഓൺലൈൻ ക്ലാസ്സിലേക്കും അലെക്സിച്ചായനെ ജോലിയ്ക്കും വിട്ടതിനു ശേഷം ഒന്നുടെ ഗ്രൂപിലേക് കണ്ണോടിച്ചു.

ജിനു വിന്റെ ചരമവാർത്തയുമായി വർഷങ്ങൾ പുറകിലുള്ള മനോരമ പത്രത്തിന്റെ പേജ് മജീദ് പോസ്റ്റ് ചെയ്തിട്ടുണ്ട്.അറിയാതെ വീണ്ടും ഞാനൊരു ഡിഗ്രി കാരിയായ പോലെ.

****************************************************************


"ജസിന്ത നിനക്കൊക്കെ ഒന്ന് പതിയെ സംസാരിച്ചൂടെ?ബാക്കിയുള്ളോർക്കും ക്ലാസ്സിൽ ഇരിക്കണം"

പൊടുന്നനെയുള്ള ഒരു ശബ്ദം കേട്ട് ഞാൻ ഞെട്ടി തിരിഞ്ഞു നോക്കുമ്പോൾ ജിനു ദേഷ്യത്തോടെ ഞങ്ങളേം നോക്കി പിറുപിറുക്കുന്നതാണ് കണ്ടത്.

മലയോര ഗ്രാമം ആയതിനാൽ കോളേജ് കളുടെ ക്ഷാമം മൂലം ഞാൻ എന്റെ അമ്മായി (അപ്പച്ചന്റെ പെങ്ങൾ) യുടെ വീട്ടിൽ നിന്നാണ് കോളേജിലെക് വരുന്നത്.വെള്ളിയാഴ്ചയിലെ നാലു മണിക്കുള്ള കെ എസ് ആർ ടി സി ബസിൽ വീട്ടിൽ പോയാൽ തിങ്കളാഴ്ച രാവിലെയുള്ള ബസിൽ വന്നു നേരെ കോളേജിലെക് ആണ് പോകുന്നത്.അങ്ങനെ വീട്ടിൽ പോയി വന്നതിന്റെ വിശേഷങ്ങൾ മിനിയോടും ഫാത്തിമയോടും ലക്ഷ്മിയോടും പറയുന്നതിനിടയിലാണീ ഒച്ചപ്പാടുകൾ.

പെട്ടെന്നുള്ള ആ ചെക്കന്റെ പെരുമാറ്റത്തിൽ ജാള്യത തോന്നിയെങ്കിലും ഒച്ചകുറച്ചു പിന്നീട് സംസാരിക്കാൻ പരമാവധി ശ്രമിച്ചു .അന്ന് മുതൽ ആണ് അവനെ ശ്രദ്ധിക്കാൻ തുടങ്ങിയത്.എപ്പോളും ഒരു മൂക ഭാവം ആണെങ്കിലും ആർക്കു എന്ത് ആവശ്യം വന്നാലും ഒരു മടിയും കൂടാതെ ഓടിനടന്നു ചെയ്തു കൊടുക്കുന്ന ഒരു പൊടിമീശക്കാരൻ.

വെളുത്തു മെലിഞ്ഞ ,അത്യാവശ്യം ഭംഗിയുള്ള,തിളക്കമുള്ള കണ്ണുകളോടുള്ള അവൻ എപ്പോളും മുണ്ടും നിറം മങ്ങിയ ഷർട്ടുകളും ആണ് ഇടാറുള്ളത് .ഞങ്ങളെക്കാൾ പ്രായമുണ്ടെന്നു മിനിയാണ് പറഞ്ഞത്.നല്ല സാമ്പത്തികമുള്ള കുടുംബത്തിലെ മൂത്ത ആൺകുട്ടി.സ്കൂളിൽ പഠിക്കുന്ന രണ്ടു പെൺകുട്ടികളും തളർവാതം വന്നു കിടപ്പായ അപ്പച്ചനും അമ്മയും ആണ് കുടുംബത്തിൽ.

"ജെസ്സിയെ നീയെന്തിനാ ജിനു ന്റെ ജാതകം വരെ നോക്കുന്നെ ?"


കണ്ണിറുക്കിയുള്ള  ലക്ഷ്മിയുടെ ചോദ്യം കേട്ടപ്പോ പാത്തുവും മിനിയും കൂടെ എന്നെ നോക്കി കളിയാക്കി ചിരിക്കാൻ തുടങ്ങി. ചെറിയ ചമ്മലോടെ ഞാൻ അവളുമാർക്കു നേരെ കൊഞ്ഞനം കുത്തി പുറത്തേക്കും നോക്കിയിരിക്കുന്നു.

ശെരിയാണ് ഉള്ളിലെവിടെയോ ജിനു വിന്റെ അന്നത്തെ ശകാരം ഇപ്പോളും ഉള്ളപോലെ .അവനെ ഓർക്കാനൊരിഷ്ട്ടം പോലെ. അപ്പച്ചനെ ഓർത്തപ്പോൾ ജിനു വിന്റെ ചിന്തകൾ ആവിയായി പോയി. വേഗം അക്കൗണ്ടൻസി നോട്ട് എടുത്തു പഠിക്കാനൊരുങ്ങിയ എന്നെ നോക്കി അവളുമാർ അന്നേരവും ആക്കി ചിരിക്കുന്നുണ്ടാരുന്നു.

ഒളിഞ്ഞും തെളിഞ്ഞും അറിയാതെ ഞാൻ ജിനു വിനെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും ഒരിക്കൽ പോലും ഒരു നോട്ടത്തിൽ കൂടെയോ വാക്കിലൂടെയോ ഞാൻ ഉൾപ്പടെ ക്ലാസ്സിലെ പതിനഞ്ചു പെണ്കുട്ടികളോടും ഒരു രീതിയിലും കൂടുതൽ അവൻ അടുക്കാൻ ശ്രമിച്ചിരുന്നില്ല.

പൊതുവെ സംസാരിക്കുമ്പോൾ ശബ്ദം കൂടുന്ന എന്റെ സ്വഭാവം പിന്നീട് കുറെയേറെ മാറ്റാൻ അവന്റെ അന്നത്തെ ശകാരം സഹായിച്ചു.വല്ലപ്പോളും ക്ലാസ്സിൽ അറിയാതെ കണ്ണുകൾ കൂട്ടിമുട്ടുമ്പോൾ ഞാൻ ചിരിച്ചാലും കനപ്പിച്ചു നോക്കുമെങ്കിലും ഇടക്കെപ്പോളോ ഒരു ചിരി എനിക്കും കിട്ടിത്തുടങ്ങി.ഒരേ ഇടവക പളളിയിൽ ആരുന്നു ഞങ്ങൾ. വീട്ടിൽ പോകാത്ത ഞായറാഴ്ചകളിൽ ,അവന്റെ വരവും നോക്കി ഞാൻ അമ്മായിടെ മോളുമായി പള്ളിയിൽ ഇരിക്കുമെങ്കിലും കണ്ടാൽ ആലുവ മണപ്പുറത്തു വച്ചുള്ള പരിചയം പോലും കാണിക്കാതെ കുഞ്ഞു പെങ്ങള്മാരുടെ കൈയും പിടിച്ചു പോണ അവനു എന്റെ ഹൃദയത്തിന്റെ അൾത്താരയിൽ ഒരു സ്ഥാനം ഉണ്ടാരുന്നു.


സെക്കന്റ് ഇയർ  ടൂർ നു അതിരപ്പള്ളിയിൽ എത്തിയപ്പോൾ കാല് വഴുതി വീഴാനൊരുങ്ങിയ എന്റെ കൈയിൽ പിടിച്ചു അടുത്തേക്ക് ചേർത്ത് നിർത്തിയപ്പോൾ ഹൃദയം പെരുമ്പറ കൊട്ടുന്നത് ഞാനറിഞ്ഞു .

"ബോധോം വെളിവുമില്ലാതെ നടന്നാൽ ഇപ്പോ മൂക്കിൽ പഞ്ഞി വച്ച് കിടക്കാരുന്നു" . ദേഷ്യത്തോടെ എന്റെ കൈയിൽ നിന്നും പിടി വിട്ടു അവന്റെ കൂട്ടുകാരോടൊപ്പം ചേർന്ന് മുന്നോട്ടു പോയെങ്കിലും ഞാൻ സ്തബ്ധയായി നിൽക്കുവാരുന്നു.

"ജെസ്സി നിനക്കവനോടിഷ്ടമുണ്ടെൽ പോയി പറയെടീ ..നിങ്ങള് ക്രിസ്ത്യാനികളല്ലേ ? കല്യാണം കഴിക്കാല്ലോ?

പാത്തും മിനിയും അത് പറഞ്ഞു കളിയാക്കുമ്പോൾ ലക്ഷ്മി ഉണ്ടക്കണ്ണുരുട്ടി എന്നെ നോക്കി നിന്നു.അവൾക്കറിയാം എന്റെ വീട്ടിലേ സാഹചര്യങ്ങളും അപ്പച്ചന്റെ കാർക്കശ്യങ്ങളും .

മൂന്നു പെണ്മക്കളുള്ള വീട്ടിലെ മൂത്ത സന്തതി ആണ് ഞാൻ . എന്തേലും ഏടാകൂടം ഒപ്പിച്ചാൽ അമ്മച്ചിയേയും അനിയത്തിമാരെയും കൂടെ ചിലപ്പോ അപ്പച്ചൻ എടുത്തിട്ട് പെരുമാറും.വല്ലപ്പോളും ഒന്നോ രണ്ടോ സ്മാൾ അടിക്കുന്ന കൂട്ടത്തിലാണ്,നല്ല അധ്വാനി ആയോണ്ടാണ് ഇപ്പോൾ ഉള്ള സ്വത്തും ഭൂമിയുമൊക്കെ ആയതു.വീട്ടിൽ ഇല്ലാത്ത പച്ചക്കറികളോ കായ്കനികളോ കുറവാണു..എപ്പോളും വിയർത്തൊലിച്ചു പറമ്പിൽ നിന്നു ക്ഷീണിച്ചു വരുന്ന അപ്പച്ചനെ ഓർത്താൽ എന്റെ ഉള്ളിലുള്ള എല്ലാ അനാവശ്യ ചിന്തകളും ഉരുകിയൊലിച്ചു പോകും. നാട്ടുകാർക്കും ഔസേപ്പച്ചനേം കുടംബത്തെയും നല്ല  മതിപ്പാണ്.

റോസമ്മ യും ജെസ്സിക്കുട്ടിയും കത്രീന യും മെറീന യും ആണ് ഔസേപ്പച്ചന്റെ ജീവ വായു എന്ന് എല്ലാരും കളിയായി പറയാറുണ്ട്.

" അപ്പച്ചനോട് എങ്ങനെ നീ ഇതൊക്കെ പറയും.? നല്ല കഥയായി.."

ലച്ചു അത് പറഞ്ഞു എന്റെ തലക്കിട്ടു ഒരു തട്ട് തന്നു.

ശെരിയാണ് അപ്പച്ചന് എന്നെ ജീവനാണ്.പെൺകുട്ടികളെ ബാധ്യത ആയിട്ടാണ് ഞങ്ങളുടെ ബന്ധുക്കളൊക്കെ കാണുന്നത് .എന്നാൽ അപ്പച്ചൻ എപ്പോളും പറയും എന്റെ സ്വത്താണെന്റെ പെണ്മക്കൾ എന്ന്..നന്നായി പഠിക്കുന്ന ഞങ്ങളെ എത്രയും പഠിപ്പിക്കാമോ അത്രയും പഠിപ്പിക്കാൻ അദ്ദേഹം ഒരുക്കമാരുന്നു.

"ജെസ്സിക്കുട്ടാ നീ പഠിച്ചു ഒരു ബാങ്കിലെ വലിയ  ഓഫീസർ ആയികാണണം ..അതാ അപ്പച്ചന്റെ ആഗ്രഹം."

കോളേജിലെക് പോകാനിറങ്ങുമ്പോളുള്ള അപ്പച്ചന്റെ സ്ഥിരം പല്ലവി.കണ്ണ് നിറച്ചു അത് പറയുമ്പോൾ റോസക്കുട്ടിയും കരഞ്ഞോണ്ട് എന്റെ പൊതിച്ചോറ് എടുത്തു വക്കും.കത്രിയും മെറിയും ഉറക്കച്ചടവോടെ ബസ് പോകുന്നതും നോക്കി നില്കും.


അതൊക്കെ നോക്കി ബസിൽ കേറുമ്പോൾ കോളേജിൽ പോകേണ്ടിയിരുന്നില്ലന്നു പലപ്പോളും തോന്നാറുണ്ട്.പക്ഷെ പഠിക്കാൻ കഴിവുണ്ടായിട്ടും സാഹചര്യങ്ങൾ കൊണ്ട് അതിനു സാധിക്കാതെ മണ്ണിലേക്കു ഇറങ്ങിയ ,പിന്നീട് അതാണ് തന്റെ മാർഗമെന്ന് മനസിലാക്കിയ അപ്പച്ചനെ ഓർക്കുമ്പോൾ വല്ലാത്ത ഒരു ഊർജം തന്നിലേക്കു വരും.

ഇരട്ടകളായ അനിയത്തിമാർക്കും താനാണ് വഴികാട്ടിയെന്നു റോസക്കുട്ടി  നാഴിക്ക് നാൽപതു വട്ടം പറയുമ്പോൾ പിന്നെ ഒന്നും ഓർക്കാനും പോലും തോന്നാറില്ല.

ഈ പതിനെട്ടു വയസു വരെ ആരോടും ഒരു ഇഷ്ടവും തോന്നാത്ത എനിക്കിപ്പോ എന്താണോ കർത്താവെ ഈ ജിനു നെ കാണുമ്പോ? പലവട്ടം ഞാൻ എന്നോട് തന്നെ ചോദിച്ചു മടുത്തു .അവനാണേൽ ഒരു ചിരി കഷ്ടിച്ച് തന്നാൽ ആയി..ഒരിക്കലും അതിൽ കവിഞ്ഞതൊന്നും പ്രതീക്ഷിക്കാനും വഴിയില്ല .കൊന്തയും ചൊല്ലി പലപ്പോളും നേരം വെളുപ്പിച്ചിട്ടുണ്ട് ഈ മോഹങ്ങളിൽ നിന്നൊക്കെ രക്ഷ നേടാൻ.

എത്ര പെട്ടെന്നാണ് വർഷങ്ങൾ മൂന്നു കടന്നത്. കോളേജ് ഡേ യുടെ അന്നാണ് മിനി അവനോട് എന്റെ ഇഷ്ടം പോയിപറഞ്ഞതു. അവളോട് കാല് പിടിച്ചു പറഞ്ഞിട്ടും, കേൾക്കാതെ പോയി പറഞ്ഞതാണ്.


ആഡിറ്റോറിയം കുട്ടികളെ കൊണ്ട് നിറഞ്ഞിരിക്കുവാണ്.പാട്ടും ഡാൻസ് ഉം തകൃതിയായി നടന്നുകൊണ്ടിരിക്കുന്നുവെങ്കിലും അതിലൊന്നുമെന്റെ മനസ്സ് ഉറച്ചില്ല.

ജിനു എന്ത് പറഞ്ഞു കാണും എന്നുള്ള തോന്നലിൽ ഇരിക്കാനും വയ്യ നിൽക്കാനും വയ്യ എന്ന അവസ്ഥയിൽ കൂട്ടുകാരോട് യാത്ര പറഞ്ഞു കാന്റീൻ കടന്നു വഴിയിലേക്കെഇറങ്ങിയതും അവൻ വന്നു മുന്നിൽ കൈയ്യും കെട്ടി ഒരു നിൽപ്പ് !!

നാവിറങ്ങിപോയ ഞാൻ തലയും കുനിച്ചു നിന്നതല്ലാതെ ഒന്നും മിണ്ടാനോ നോക്കാനോ വയ്യാതെ വിറച്ചു നിൽക്കവേ ഒരു ഫൈവ് സ്റ്റാർ നീട്ടി ജിനു.

"വാങ്ങിക്കോ..എന്നെ ഇഷ്ടമുള്ള ആളിനെ കാണാൻ വരുമ്പോ മധുരം എന്തേലും തരണ്ടെന്നോർത്തു വാങ്ങിയതാ.."

ഒരു പരിഹാസ ചുവ ഉള്ള സംസാരം പോലെ എനിക്ക് തോന്നിയതിനാൽ എന്തോ അതും വാങ്ങാതെ വേഗം അവിടെന്നോടി പോകാനുള്ള വെമ്പലിൽ ആരുന്നു.

"പഠിക്കാൻ വന്ന പഠിച്ചിട്ട് പോണം.അല്ലാതെ ചെക്കന്മാരെ വായിനോക്കി നടക്കരുത് ജെസ്സികൊച്ചെ.ഔസേപ്പച്ചൻ നിന്നെ വച്ചേക്കില്ല.തത്കാലം നീ പഠിച്ചു ബാങ്ക് ഓഫീസർ ആകു .. "

"അപ്പോളും ഈ ഇഷ്ടം ഉണ്ടേൽ ഞാൻ വന്നു ചോദിക്കാം നിന്റെ അപ്പനോട് ,മാളിക വീട്ടിലെ ജിനുവിനു തരുമോ ഈ പൊട്ടിക്കാളി ജെസ്സികൊച്ചിനെയെന്നു. അത് വരെ നീയും ഞാനും ഒരു ബന്ധമില്ല.പേരുദോഷം കേൾപ്പിക്കാനിട വരുത്തണ്ട, കേട്ടല്ലോ."

അന്തം വിട്ടു കണ്ണും മിഴിച്ചു നിന്ന എന്നെ നോക്കി കണ്ണിറുക്കി ഫൈവ്സ്റ്റാർ എന്റെ കൈയിൽ തന്നിട്ട് തിരികെ കോളേജിലെക് പോയ അവനെ നോക്കി നിൽക്കുമ്പോൾ കണ്ണ് രണ്ടും അനുസരണയില്ലാതെ  നിറഞ്ഞൊഴുകുകയായിരിരുന്നു..

പിന്നീട് കുറച്ചു ദിവസങ്ങളെ ക്ലാസ് ഉണ്ടായിരുന്നുള്ളു. പ്രണയിക്കാനോ അതും പറഞ്ഞു സമയം കളയാനോ അവൻ തീരെ ശ്രമിച്ചില്ല .ഞാനും.

ഉള്ളിലെ പ്രണയം കണ്ണുകൾ കൊണ്ട് പറഞ്ഞു തീർത്തു ഞങ്ങൾ.


ക്ലാസ് പാർട്ടിയും ഫോട്ടോ എടുപ്പും എക്സാം ഉം ഒക്കെയായി പെട്ടെന്ന് തീർന്നു ഞങ്ങളുടെ മൂന്നുവർഷത്തെ പഠനം. ഇടക്കെപ്പോളോ എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നും പറഞ്ഞു ജിനു വന്നെങ്കിലും എന്തോ കാരണത്താൽ  അതിനു സാധിച്ചില്ല.

എന്താണെന്നറിയാൻ ഏറെ ആകാംഷ ഉണ്ടേലും അത്യാവശ്യമായി എനിക്ക്  പെട്ടെന്നു വീട്ടിലേക്കു പോകേണ്ടി വന്നതിനാൽ അവനോട് പോയി ചോദിയ്ക്കാൻ ഒരു അവസരം കിട്ടിയതുമില്ല.

റിസൾട്ടും പ്രതീക്ഷിച്ചു നാളുകൾ കൊഴിഞ്ഞു പോകവേ,അപ്പച്ചനുമൊത്തു കുരുമുളകും പറിച്ചു പറമ്പിൽ നിന്നും കേറിവരുമ്പോളാണ് മനോരമ പത്രവുമായി മെറി ഓടിക്കിതച്ചു വന്നത്.

"ജെസ്സിക്കുട്ടാ നീയിതു കണ്ടോ നിന്റെ ക്ലാസ്സിലെ കൊച്ചല്ലേ ഇത് ?"

പെട്ടെന്ന് റിസൾട്ട് വന്നോ എന്നോർത്ത് പത്രം അവളോട് വാങ്ങിനോക്കുമ്പോൾ കണ്ട കാഴ്ച !!

"കോളേജ് വിദ്യാർത്ഥി മുൻ കാമുകിയുടെ വെട്ടേറ്റു മരിച്ചു " എന്ന തലക്കെട്ടോടെ ജിനു വിന്റെ ചിരിക്കുന്ന ഫോട്ടോ !!

തളർന്നു താഴെക്കിരുന്ന എന്നെ അപ്പച്ചൻ താങ്ങിപിടിച്ചു.

കണ്ണീരു കൊണ്ട് കാഴ്‌ച മറഞ്ഞ എനിക്ക് കത്രി വെള്ളം എടുത്തു തന്നു.റോസക്കുട്ടി എന്റെ കണ്ണീരൊപ്പി പറഞ്ഞു

"സാരമില്ല മക്കളെ.. ഓരോരുത്തർക്ക് ഓരോ വിധി കർത്താവു നിരൂപിച്ചിട്ടുണ്ട്. അതങ്ങനെയേ  നടക്കു."

എന്റെ മനസ്സിന്റെ അവസ്ഥ എന്താണെന്നു  അവർക്കറിയില്ലല്ലോ..

സമനില വീണ്ടെടുത്ത ഞാൻ പത്രം അരിച്ചു പെറുക്കി വായിച്ചു..ഒരിക്കലും ഉൾക്കൊള്ളാവാത്ത കാര്യങ്ങൾ ആരുന്നു അവയൊക്കെ.

ഞാൻ ഇഷ്ടപെട്ട , എന്നെ മോഹിപ്പിച്ച, ജിനു വിന്റെ ഭൂതകാലം ഓരോ വരികളിലായി എന്നെ കൊഞ്ഞനം കുത്തുന്നപോലെ..

സമ്പത്തിൽ മതിമറന്നു ബാംഗ്ലൂർ പഠനത്തിനിടയിൽ  കള്ളിനും കഞ്ചാവിനും അടിമയായി തീർന്ന ഒരുവന്റെ കഥ..സിനിമാക്കഥ പോലെ.


കൂട്ടുകാർ ഒക്കെ ചേർന്ന് അവനെ ചതിച്ചു കഞ്ചാവിന് അടിമയാക്കിയയെന്ന വാർത്ത കേട്ട് തളർന്നു വീണ അപ്പച്ചനേം അമ്മച്ചിയേയും പെങ്ങള്മാരെയും തിരിച്ചറിയാൻ പോലുമാവാതെ ഒരു മുറിയിൽ അടച്ചിരുന്നു ഉറക്കെ കരയുകയും ചിരിക്കുകയും ചെയ്‌ത ജിനുവിന്റെ നിസഹായത മുതലാക്കി ,തന്റെ ശരീരം ഉപയോഗിച്ച് അവനിൽ നിന്നും ഒരുപാടു കാശ്‌ തട്ടിയെടുത്ത സുമതി എന്ന അവന്റെ തോട്ടത്തിലെ ജീവനക്കാരി.

അനിയനെ പോലെ കരുതേണ്ടവനെ കാമകണ്ണിനാൽ ആവശ്യങ്ങൾക്കായി ഉപയോഗിച്ച് തട്ടിപ്പു നടത്തിയപ്പോൾ അതൊക്കെ കണ്ടുപിടിച്ചു പോലീസ് ഏല്പിക്കാൻ അവന്റെ അമ്മച്ചി ഏലമ്മ കാണിച്ച ധൈര്യം.

രണ്ടുവർഷത്തോളം നീണ്ടു നിന്ന ചികിത്സകൾക്കൊടുവിൽ ജിനുവിന് പഴയ ജീവിതം തിരികെ കിട്ടി.എല്ലാത്തിലും നിന്ന് മുക്തനായി,പഠിച്ചു മിടുക്കനായി കുടുംബത്തിന് തുണയായി നിന്നവൻ.തന്റെ അടുത്ത ഇരയെ തേടിപ്പോയ സുമതിക്കു ജീവിതം കൈ വിട്ടു പോകാറായപ്പോൾ കച്ചിത്തുരുമ്പായി കിട്ടിയ ഇരയായി  വീണ്ടും  അവൻ..

സംഭവ ദിവസം അമ്മയുമായി തന്റെ തോട്ടത്തിലെത്തിയ  ജിനു വിനെ ഏലമ്മ ഇല്ലാത്ത തക്കം നോക്കി പഴയ കാര്യങ്ങൾ പറഞ്ഞു പ്രലോഭിപ്പിച്ചപ്പോൾ , അതൊന്നും  നടക്കില്ല എന്ന് തോന്നിയപ്പോൾ ഉണ്ടായൊരു വാക്കേറ്റം.

ജീവിക്കാനുള്ള കൊതികൊണ്ടു തന്നെ വെറുതെ വിടാൻ പറഞ്ഞ അവനോടുള്ള ദേഷ്യം അവള് തീർത്തത് കൈയിലുള്ള വെട്ടുകത്തി കൊണ്ടാണ്.ഉപ്പൂറ്റിക്കു മുകളിൽ വെട്ടും കൊടുത്തു ഓടിപോയവളെ  നിലവിളിച്ചുകൊണ്ട് വിളിച്ചെങ്കിലും നന്ദികേട് കൊണ്ട് ചെകുത്താനായ അവൾ കാർക്കിച്ചു തുപ്പി എങ്ങോട്ടോ ഓടിമറഞ്ഞു.

.ഏറെ നേരം ചോരയുമൊലിപ്പിച്ചു കിടന്ന അവനെ ഏലമ്മയും പണിക്കാരും ചേർന്ന് ആശുപത്രിയിലെത്തിച്ചപ്പോളേക്കും അവന്റെ പ്രാണൻ എന്നെന്നേക്കുമായി വിട്ടകന്നിരുന്നു..

വാർത്ത വായിച്ചു തീർന്നതും ബോധം പോയ എന്നെ അപ്പച്ചൻ വേവലാതിയോടെ കോരിയെടുത്തു. ഉണർന്നപ്പോൾ മജീദ്,മിനി ,ലച്ചു,ഒക്കെ മുന്നിൽ നിൽക്കുന്നു.വെപ്രാളത്തോടെ എണീറ്റ എന്നോട് അപ്പച്ചൻ പറഞ്ഞു,

"ജെസ്സിക്കുട്ടാ നമ്മുക് അവനെ ഒന്ന് കണ്ടിട്ട് വരാ

"മെന്നു.

എന്തോ ജിനുവിനെ ആ രൂപത്തിൽ കാണാനുള്ള  മടികൊണ്ടാവാം എനിക്ക് പോവാൻ തോന്നിയില്ല. അവരൊക്കെ എന്നെ ആശ്വസിപ്പിച്ചു മടങ്ങിയപ്പോൾ ജിനു പറഞ്ഞ വാക്കുകളാരുന്നു മനസ്സിൽ . നിന്നോടെനിക് കുറച്ചു കാര്യങ്ങൾ പറയാനുണ്ടെന്ന് പറഞ്ഞത് ഇതൊക്കെ ആയിരുന്നുവോ ?..


റിസൾട്ട് വന്നപ്പോൾ ക്ലാസ്സിൽ ടോപ് ഞാനും ജിനു വും ആരുന്നു. വീണ്ടും വേറെ കോളേജിൽ എന്റെ തുടർപഠനം .പിജിയുമൊക്കെ കഴിഞ്ഞു എന്റെ കല്യാണം..അപ്പച്ചന്റെ ആഗ്രഹം പോലെ ബാങ്കിൽ ജോലി.ഒക്കെയായെങ്കിലും എന്നും ഒരു നോവായി ജിനുവും അവന്റെ പൂർത്തിയാക്കാത്ത വാക്കുകളും എന്നെ എപ്പോളും പിന്തുടരുന്നു..

***********************************************************************


വാട്സാപ്പ് മെസ്സേജ് വന്നപ്പോളാണ് എന്റെ ചിന്തകളിൽ നിന്നുമുണർന്നതു..

മിനിയാണ്, " എന്നെത്തെയും പോലെ ഇന്നും അവന്റെ കാര്യങ്ങൾ ഓർത്തു കാണുമല്ലേ ജെസ്സികൊച്ചെ ?

"അതേടീ,എന്റെ ആദ്യ പ്രണയമല്ലേ..മറക്കാനൊക്കുമോ ജിനുവിനെ?"

മറുപടി അയക്കുമ്പോൾ കണ്ണ് നിറഞ്ഞു വീണ്ടും,  എന്തിനോ...

To Top