അവൾ ഉറങ്ങിയതിന് ശേഷം മെല്ലെ കിട, ത്തി വീഴുന്നതിന് അരികെ ഒരു തലയണയും വെച്ചു...

Valappottukal

 


രചന: അഖില അനീഷ്


വൈകുന്നേരത്തെ തിരക്കിനിടെയാണ്  ഇന്ന് അൻവീടെ കൂടെ ഓൺലൈൻ ക്ളാസിന് ഇരുന്നില്ലല്ലോന്ന് ഓർത്തത്.ഇനി ഈ  പണിയൊക്കെ കഴിഞ്ഞു എപ്പോഴാ അവന്റെ കൂടെ ഒന്ന് ഇരിക്കാൻ കഴിയുക.ചക്ക പുയ്ക്കും കൂടെ ആയി കഴിഞ്ഞാൽ ഇന്നത്തെ പണി ഒരുവിധം ഒരുക്കാൻ കഴിയും. 

  

    താഴെ വീട്ടിലെ ശോഭേച്ചി കൊണ്ടതന്ന ഒരു മുറി ചക്കയാണ്.പെട്ടെന്ന് തന്നെ മടല് കളഞ്ഞ് അരിഞ്ഞിട്ടെടുത്തു.അരിഞ്ഞിട്ട ചക്ക ഒരു ചട്ടിയിലേക്ക് മാറ്റിയതിന് ശേഷം മടലൊക്കെ ഒരു കവറിലിട്ടു വെച്ചു. ഹാജറാത്തയുടെ വീട്ടിലെ പശുവിന് കൊടുക്കാം. 

   

    ചക്കയിൽ ഉപ്പും മഞ്ഞളും മുളകും കലക്കിയ വെള്ളം ചേർത്ത് അടുപ്പത്ത് വെച്ചു. ശേഷം ഉള്ളിയും പച്ചമുളകും ഇഞ്ചിയും തേങ്ങയും കറിവേപ്പിലയൊക്കെ ചേർത്ത് ഒതുക്കിവെച്ചു.ഇനി ഇതൊക്കെ ചേർത്തൊന്ന് ഇളക്കിവെച്ചതിന് ശേഷം വെളിച്ചെണ്ണയിൽ കടുക് പൊട്ടിച്ച് കറിവേപ്പിലയും വറ്റൽമുളകും   ചേർത്തിളക്കിയാൽ  മതി. എല്ലാം വൃത്തിയാക്കി കുളിച്ചു വരുമ്പോഴേക്കും വിളക്ക് വെയ്ക്കാനായി. 

    

    എല്ലാവർക്കും ചായയൊക്കെ കൊടുത്ത് കൺമണികുട്ടിയെ അച്ഛന്റടുത്താക്കി അൻവീടെ കൂടെ ക്ളാസ് കാണാനിരുന്നു. 

നല്ല ക്ളാസ്.നന്നായി കഥയൊക്കെ പറഞ്ഞ് കുട്ടികളെ കൈയ്യിലെടുക്കുന്നുണ്ട്.ഞാൻ തന്നെ കേട്ടിരുന്നു പോയി മൂന്നാം ക്ളാസുകാരന്റെ ക്ളാസ്. അപ്പോഴേക്കും കൺമണി കുട്ടി കരയാൻ തുടങ്ങി. അൻവിയോട് ഒന്നൂടെ ഗോപൂന്റേയും നാണു മാഷ്ടേയും കഥ വായിച്ച് അതിനടിയിൽ തന്നിട്ടുളള ചോദ്യങ്ങൾക്ക്  കൂടി ഉത്തരം കണ്ടു പിടിച്ച് വേഗത്തിൽ   എഴുതാൻ ഏൽപ്പിച്ചു.എന്നിട്ട് വേണം ടീച്ചർക്ക് അയച്ചു കൊടുക്കാൻ. 

    

  ഒന്നൂടെ എല്ലാം പറഞ്ഞു കൊടുത്ത് ഞാൻ മോളെ ഉറക്കാൻ പോയി. 

അവളെ ഉറക്കുന്ന സമയത്താണ് ഒന്ന് സമാധാനത്തിൽ ഇരിക്കുക. എന്നാലും നാളത്തേയ്ക്ക് വേണ്ട കാര്യങ്ങളുടെ ഒരു ഓട്ട പ്രദക്ഷിണം തന്നെ നടക്കുന്നുണ്ടാവും മനസ്സിൽ...

    

    അവൾ ഉറങ്ങിയതിന് ശേഷം മെല്ലെ കിടത്തി വീഴുന്നതിന് അരികെ ഒരു തലയണയും വെച്ച് നേരെ അൻവീടെ അടുത്ത് പോയി. 


   എന്ത് പറയാനാ ഒരുത്തനതാ പെൻസിലും പിടിച്ചിരുന്ന് സ്വപ്നം കാണുന്നു. ഒന്നും ചെയ്യാതെ ഇരിക്കുന്നത് കണ്ട് എനിക്ക് പെട്ടെന്ന് നല്ല  ദേഷ്യം വന്നു. നല്ലോണം രണ്ടു കൊടുക്കുകയും ചെയ്തു. പെട്ടെന്ന് ആയതിനാൽ അവനൊന്നും ചെയ്യാൻ കഴിഞ്ഞില്ല.നല്ലോണം വേദനിച്ചു.അവന്റെ കരയുന്ന മുഖം കണ്ടപ്പോൾ വേണ്ടായിരുന്നൂന്ന് തോന്നിപോയി...

  

കരച്ചിൽ കേട്ട് അച്ഛനും അമ്മയും കൂടെ എത്തി. പിന്നെ പറയേണ്ടല്ലോ പൂരം....

രണ്ടും കൂടെ എന്നെ കൊന്നില്ലന്നേയുളളൂ...

"നീയും ഇതുപോലെ സ്വപ്നലോകത്തല്ലേ അധികവും പിന്നെ അവനെ മാത്രം പറയണതെന്തിനാ..."


പക്ഷെ അവരുടെ വഴക്കിനേക്കാൾ എന്നെ സങ്കടപ്പെടുത്തിയത് ന്റെ മോൻ ഒറ്റയ്ക്ക് പോയി കിടക്കണത് കണ്ടിട്ടാണ്.രാത്രി  എത്ര വൈകിയാലും  എന്റെ പിന്നാലെ നടന്നു നടന്നു  മുഴുവൻ കഥയും പറഞ്ഞ്... അതിനിടയിൽ അവന്റെ ഊഗിയുടേയും ബെൻടെന്റെയടക്കം കഥകൾ പറഞ്ഞു തരും. അവസാനം ഓരോന്നും ചോദിച്ചു ചോദിച്ചു എനിക്കുത്തരം മുട്ടുമ്പോഴാണ് എങ്ങനെയെങ്കിലും ഒന്ന്  പിടിച്ചുറക്കുക...


ഞാൻ സങ്കടപ്പെട്ട് ഇരിക്കുന്നത് കണ്ട് അമ്മ യും അടുത്ത് വന്നിരുന്നു. 

   

    "അവനെ നീ ഇങ്ങനെ എപ്പോഴും അടിക്കുകയും വഴക്ക് പറയുകയും ചെയ്താൽ അവനും വേദനിക്കും. അവന്റേയും കുഞ്ഞു മനസ്സാണ്.നീ ഇളയതിനെ കൊഞ്ചിക്കുന്നതൊക്കെ അവനും കാണുന്നുണ്ട്. ഇത്ര നാളും അവനുമാത്രമായി  കിട്ടിക്കോണ്ടിരുന്നതൊക്കെ പെട്ടെന്ന് നിന്നു പോയാൽ അവനത് സഹിക്കാൻ കഴിയില്ല... ഇപ്പോ അവന് അവന്റെ അനിയത്തി കുട്ടിയെന്നാൽ ജീവനാണ്.അത് നീ കാരണം മാറരുത്. ഞങ്ങൾക്ക് അറിയാം നിനക്ക് രണ്ടു പേരും ഒരുപോലെയാണെന്ന്. പക്ഷെ അവനത് അറിയില്ല.നീ അവന് വേണ്ടിയും സമയം കണ്ടത്തണം. സ്നേഹം പ്രകടിപ്പിക്കേണ്ട സമയത്ത് പ്രകടിപ്പിക്കുക തന്നെ  വേണം. അല്ലാതെ നിനക്കവനെ ഇഷ്ടമാണെന്ന് മാത്രം പറഞ്ഞിട്ട് കാര്യമില്ല.അച്ഛനും അടുത്തില്ലാത്തതാണ്.അവന്റെ കുഞ്ഞു മനസ്സ് മുറിയാതെ സൂക്ഷിക്കേണ്ടത്  നീയാണ്..."


അമ്മയിതും  പറഞ്ഞ് എഴുന്നേറ്റ്  പോയി...


അവൻ കരഞ്ഞു കരഞ്ഞു ഉറങ്ങിപ്പോയിരിക്കുന്നു.അവന്റെ ആ കിടത്തം കണ്ടപ്പോൾ നെഞ്ച് വല്ലാതെ വിങ്ങി.ഇടയ്ക്ക്  ആരോടേലും ദേഷ്യം  പിടിച്ചാലും ഞാൻ അവനോട് കാണിക്കാറുണ്ട് ആ ദേഷ്യം...

ഞാൻ നല്ലൊരമ്മയല്ലെന്ന് പോലും തോന്നി പോയി...

പിന്നെ ഒന്നും കഴിക്കാൻ  നിന്നില്ല ..

എല്ലാം ഒതുക്കി വെച്ച് രാവിലത്തേ പലഹാരത്തിന്  വേണ്ട അരിയും പൊതിർത്ത് ഉറങ്ങാൻ കിടന്നു...


മോളെ അരികിലോട്ട് നീക്കി കിടത്തി മോനെ നെഞ്ചോട് ചേർത്ത് നെറ്റിയിൽ ഒരുമ്മയും കൊടുത്ത് ചേർന്നു കിടന്നു.


രാവിലെ  അവനോട്  സോറി പറയണമെന്ന് മനസ്സിൽ  ഉറപ്പിച്ചു. 


രാവിലെ  തന്നെ നല്ല  ഇടിയും മഴയും..

എഴുന്നേൽക്കാനേ തോന്നുന്നില്ല. 

ന്റെ രണ്ടു മുത്തുമണികളേയും ചേർത്ത് പിന്നെയും കിടക്കാൻ തോന്നി.

കിടന്നാൽ ശരിയാകില്ല.രണ്ടും കൂടെ എഴുന്നേൽക്കുന്നതിന് മുന്നേ പണികളൊക്കെ ഒതുക്കണം. 


ഒന്നൂടെ രണ്ടു പേരേയും നന്നായി പുതപ്പിച്ചു..

മഴയായത് കൊണ്ട് മുറ്റത്തേക്കിറങ്ങിയില്ല. നേരെ അടുക്കളയിൽ കയറി. 


ചട്ടുകോം കൈയ്യിൽ പിടിച്ച്  സ്വപ്നം കണ്ടിരിക്കുമ്പോൾ ആണ് രണ്ടു കുഞ്ഞികൈകൾ എന്നെ വന്നു പൊതിഞ്ഞത്..


സോറി മ്മാ...

ന്നോട് മിണ്ടുവോ....


"ഇന്നലെ ഞാനില്ലേ മാഷൊരു ഓർമ്മകുറിപ്പ് പറഞ്ഞില്ലേ...

മാഷ് തോണീൽ പെട്ട് ഒലിച്ചു പോകാൻ നോക്കിയത്....

ഞാനേ  അതോർത്തിരുന്ന്  പോയതാ...

ഇനി ഞാൻ വേഗം  എഴുതും...."


അവനോട് സോറി  പറയാൻ കാത്തിരുന്ന എനിക്കിത് കേട്ടു നിൽക്കാൻ  കഴിഞ്ഞില്ല..


വേഗം ചേർത്ത് പിടിച്ച് പല്ലും മുഖവുമൊക്കെ കഴുകി അവനിഷ്ടമുളള നൂൽപുട്ടും  മുട്ടക്കറിയും വിളമ്പി കൊടുത്തു...


അപ്പോ അവന്റെ കണ്ണിൽ  നിന്നും  ഒരു നൂറ് പൂത്തിരി കത്തുന്നുണ്ടായിരുന്നു......

ഇഷ്ടമായെങ്കിൽ ലൈക്ക് കമന്റ് ചെയ്യണേ...

To Top