പ്രിയയും ഖയിസ്സും, അവസാന ഭാഗം

Valappottukal


രചന: സജി തൈപ്പറമ്പ്


ഖയിസ്സേ.. എനിക്ക് നിന്നോട് സീരിയസ്സായിട്ട് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്, വീട്ടിൽ വച്ച് സംസാരിച്ചാൽ ശരിയാവില്ല ,നീയൊരു കാര്യം ചെയ്യ് വണ്ടി നേരെ ബിച്ചിലേക്ക് വിട്ടോ


രാത്രിയിൽ കടയടച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കരീം മകനോടത് പറഞ്ഞത്


ഉപ്പയ്ക്ക് തന്നോട് കാര്യമായിട്ടെന്തോ പറയാനുണ്ടെന്ന്  മനസ്സിലാക്കിയ ഖയിസ്സ്,കാറിൻ്റെ സ്റ്റിയറിങ്ങ് വീൽ വലത്തോട്ട് തിരിച്ച് , ബീച്ചിലേക്കുള്ള റോഡിലേക്ക് കയറ്റി.


സോളാർ ലാമ്പുകൾ നിരനിരയായി  തെളിഞ്ഞ് നില്ക്കുന്ന നവീകരിച്ച പഴയ കടൽപാലത്തിലേക്ക് കാറ് കയറ്റി നിർത്തുമ്പോൾ ഖയിസ്സിൻ്റെ മനസ്സിൽ ആകാംക്ഷ നിറഞ്ഞിരുന്നു.


ഉപ്പയ്‌ക്കെന്താണ് എന്നോട് പറയാനുള്ളത്?


കടൽപാലത്തിൻ്റെ ഉരുക്ക് തൂണിൽ

പിടിച്ചുകൊണ്ട്  അറബിക്കടലിലേക്ക്  നോക്കി ഒന്നും മിണ്ടാതെ നിൽക്കുന്ന ഉപ്പയോട് ഖയിസ് ജിജ്ഞാസയോടെ ചോദിച്ചു.


പ്രിയ ഇന്നലെ, നിൻ്റെ ഉമ്മയോട് ചില കാര്യങ്ങൾ സൂചിപ്പിച്ചിരുന്നു , രാത്രിയിൽ തന്നെ ,അവളത് എന്നോട് പറയുകയും ചെയ്തു, പക്ഷേ,അവൾ പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായിഅംഗീകരിക്കാൻ ഞങ്ങൾക്ക് കഴിയില്ല മോനെ.. 

അത് വേറൊന്നുമല്ല ,നീയും ഫിദയും എൻ്റെ മക്കളാണ് ,എൻ്റെ രണ്ട് കണ്ണുകൾ പോലെ, നിങ്ങൾ രണ്ട് പേരും എനിക്ക് ഒരു പോലെ പ്രിയപ്പെട്ടവരാണ് ,അത് കൊണ്ട് തന്നെ ,നിന്നെ സന്തോഷിപ്പിക്കാനായി ഞാൻ നിങ്ങളോടൊപ്പം നിന്നാൽ, 

അത് ഞാൻ ഫിദയോട് ചെയ്യുന്ന ക്രൂരതയാവും ,അതൊരു പക്ഷേ ,ഭാവിയിൽ ഫിദയ്ക്കുണ്ടായേക്കാവുന്ന തീരാനഷ്ടങ്ങൾക്ക് ഞങ്ങളുമൊരു ഹേതുവായെന്ന കുറ്റബോധത്തിൽ ഞാനും നിൻ്റെ ഉമ്മിയും പിന്നീടങ്ങോട്ട് ജീവിക്കേണ്ടി വരും,


ഒന്ന് തെളിച്ച് പറയുപ്പാ ...

ഉപ്പയെന്താ ഉദ്ദേശിക്കുന്നത് ?


മോനേ.. ഞാനൊരു കാര്യം ചോദിക്കട്ടെ ? നിങ്ങൾ പറഞ്ഞത് പോലെ നിങ്ങളുടെ കുഞ്ഞിനെ ഫിദ നൊന്ത് പ്രസവിച്ചാൽ, അതിൻ്റെ അവകാശികൾ നിങ്ങളായിരിക്കുമോ അതോ ഫിദയാരിക്കുമോ ?


അതെന്ത് ചോദ്യമാണുപ്പാ.. 

ആര് പ്രസവിച്ചാലും, കുഞ്ഞിൻ്റെ മാതാപിതാക്കൾ ഞാനും പ്രിയയുമാണല്ലോ? അപ്പോൾ പിന്നെ ആ കുഞ്ഞിൻ്റെ അവകാശികൾ ഞങ്ങളല്ലാതെ പിന്നെയാരാണ്?


ഓക്കെ സമ്മതിച്ചു, അങ്ങനെയെങ്കിൽ ,പ്രസവം കഴിയുമ്പോൾ ആ കുഞ്ഞിനെ വിട്ട് തരാൻ ഫിദ, സമ്മതിച്ചില്ലെങ്കിലോ? 


സമ്മതിച്ചിച്ചെങ്കിൽ... ?

ഇവിടെ കോടതിയും നിയമവുമൊക്കെയുണ്ടല്ലോ?  കുഞ്ഞ് ഞങ്ങളുടേതാണെന്ന് തെളിയിക്കാൻ ഒരു DNA ടെസ്റ്റിൻ്റെ കാര്യമല്ലേയുള്ളു...


എന്ന് വച്ചാൽ ,നിൻ്റെ ഉമ്മിയെക്കാൾ കൂടുതൽ സ്നേഹിക്കുന്ന, ഫിദയിത്തിയെ, നീ കോടതി കയറ്റുമെന്നല്ലേ?ഈയൊരു കാര്യത്തിൻ്റെ പേരിൽ എൻ്റെ രണ്ട് മക്കളും ഭാവിയിൽ കൊടിയ  ശത്രുക്കളായി മാറുമെന്നർത്ഥം? കൊള്ളാം മോനേ ... നീ ഇത്രയ്ക്ക്, മന:സ്സാക്ഷിയില്ലാത്തവനായിരുന്നോ?


ഉപ്പാ അത് പിന്നെ, ഞാനൊരു ആവേശത്തിൻ്റെ പുറത്ത് പറഞ്ഞ് പോയതാണുപ്പാ...


അല്ല മോനേ അങ്ങനെയൊക്കെ സംഭവിക്കുമെന്ന ആശങ്ക എനിക്കുള്ളത് കൊണ്ടാണ് ഞാനൊരിക്കലും നിങ്ങളോടൊപ്പം നില്ക്കില്ലെന്ന് തീരുമാനിച്ചത്


അപ്പോൾ പിന്നെ, ഞങ്ങളെന്ത് ചെയ്യും ഉപ്പാ? ,ഒരു കുഞ്ഞിക്കാല് കാണണമെന്ന ആഗ്രഹം ഞങ്ങൾക്കുമില്ലേ ?


അതിന് വേറെ എന്തെല്ലാം വഴികളുണ്ട്?


എന്താ ഉപ്പ ഉദ്ദേശിക്കുന്നത്?


മോനേ ..പ്രിയയ്ക്ക് പ്രസവിക്കാൻ കഴിയില്ലെന്ന് വച്ച് ,നീയെന്തിനാണ് ഇങ്ങനെയൊരു സാഹസത്തിന് മുതിരുന്നത്? ,അത് ഗുണത്തെക്കാൾ കൂടുതൽ ദോഷമേ ചെയ്യു, 


പിന്നെ എന്ത് ചെയ്യണമെന്നാണ് ഉപ്പ പറയുന്നത് ?


ഞാൻ പറയാൻ പോകുന്നത് നിനക്കും പ്രിയയ്ക്കും  ഗുണകരമാകുന്ന കാര്യമാണ്, 

നീ ,ഒരു വിവാഹം കൂടി കഴിക്കണം


ഉപ്പാ ...


ഖയിസ്സിൻ്റെ ഉയർന്ന ശബ്ദം , കടൽത്തിരമാലകളുടെ ഇരമ്പത്തിനൊപ്പം

അലിഞ്ഞില്ലാതായി


നീ ഒച്ച വയ്ക്കണ്ടാ ..പെട്ടെന്ന് കേൾക്കുമ്പോൾ നിനക്കെന്നല്ല ,ആർക്കും അത്ര പെട്ടെന്നിത് അംഗീകരിക്കാൻ കഴിഞ്ഞെന്ന് വരില്ല ,നീ വണ്ടിയെടുക്ക് ,വീട്ടിൽ ചെന്നിട്ട് ഞാൻ പറഞ്ഞ കാര്യം, പ്രിയയുമായിട്ട് ശരിക്കൊന്ന് ആലോചിക്ക് ,എന്നിട്ട് അവൾ സമ്മതിച്ചാൽ മാത്രം ,നമുക്കിത് മുന്നോണ്ട് കൊണ്ട് പോകാം


എല്ലാം പറഞ്ഞവസാനിപ്പിച്ചിട്ട്, കരീം വേഗം കാറിൻ്റെ ഡോറ് തുറന്നകത്ത് കയറി ഇരുന്നു.


ഉപ്പ പറഞ്ഞത് കേട്ടിട്ട് കയിച്ചിട്ടിറക്കാനും, മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിൽ കാറ് മുന്നോട്ടെടുക്കുമ്പോൾ ,

പ്രിയയോട് ഇക്കാര്യം എങ്ങനെ അവതരിപ്പിക്കുമെന്നായിരുന്നു ഖയിസ്സിൻ്റെ ചിന്ത.


ഉപ്പ ,പറഞ്ഞതിൽ എന്താണ് തെറ്റ്?

നീ ഒന്ന് കൂടി വിവാഹം കഴിക്കുന്നത്, നിനക്ക് വേണ്ടി മാത്രമല്ലല്ലോ? നമുക്ക് രണ്ട് പേർക്കും കൂടിയല്ലേ?


പ്രിയ ,തന്നോടങ്ങനെ 

ചോദിച്ചപ്പോൾ, തൻ്റെ ആശങ്ക അസ്ഥാനത്തായിരുന്നെന്ന് ഖയിസ്സിന് മനസ്സിലായി.


പ്രിയേ.. നീയെന്താണീ പറയുന്നത് ?

ഒരു കുഞ്ഞിന് വേണ്ടിയാണെങ്കിൽ പോലും ,നീയയല്ലാതെ മറ്റൊരു സ്ത്രീയെ എൻ്റെ ഭാര്യയായി സങ്കല്പിക്കാൻ പോലും എനിക്ക് കഴിയില്ല


അതൊക്കെ എനിക്കറിയാം ഖയിസ്സ്, ഞാനല്ലാതെ മറ്റൊരുവളെ നീ നോക്കുന്നത് പോലും എനിക്ക് സഹിക്കാൻ കഴിയില്ല, പക്ഷേ നിന്നെ എനിക്ക് വിശ്വാസമാണ് ,ഉപ്പ പറഞ്ഞത് കൊണ്ടല്ല, എൻ്റെ ആഗ്രഹം സഫലീകരിക്കാനാണെന്ന് മാത്രം നീ കരുതിയാൽ മതി, നാളെ തന്നെ ഞാൻ ഉപ്പയോട് പറയാൻ പോകുവാ ,നിനക്ക് നിക്കാഹ് കഴിക്കാനുള്ള പെണ്ണിനെ അന്വേഷിച്ചോളാൻ


അവൾ ചെറുചിരിയോടെ പറഞ്ഞു.


അതിന് ,അന്വേഷിക്കേണ്ട കാര്യമൊന്നുമില്ല ,ഉപ്പ ഒരാളെ ഉറപ്പിച്ച് വച്ചിട്ടുണ്ട് ,


ആണോ ?ആരാ അത്?


നിനക്കറിയാവുന്നയാള് തന്നെയാണ്, സക്കീനാമ്മായീടെ മോള് അലീന ,


ഓഹ്, റിയലി?


യെസ്, ഒഫ് കോഴ്സ്,


അത് പറയുമ്പോൾ ഖയിസ്സിൻ്റെ മുഖത്ത് ,വല്ലാത്ത ജാള്യതയുണ്ടായിരുന്നു.


###################


നിനക്കെന്താടീ ഭ്രാന്തുണ്ടോ? സാധാണ എല്ലാ പെണ്ണുങ്ങളും ഭർത്താവിന് മറ്റേതെങ്കിലും സ്ത്രീകളുമായി ബന്ധമുണ്ടെന്നറിഞ്ഞാൽ 

അയാളെ ഒഴിവാക്കാനാണ് നോക്കുന്നത്,

ഇവിടൊരുത്തി ഭർത്താവിന് വേണ്ടി കല്യാണമാലോചിക്കാൻ നടക്കുന്നു.. നാണമാവുന്നില്ലേ നിനക്ക് ?

നീയിത്ര മണ്ടിയായി പോയല്ലോ ?


പിറ്റേന്ന് ഖയിസ്സും ഉപ്പയും ഷോപ്പിലേക്കും ,ജമീല ളുഹറ് നമസ്കരിക്കാൻ മുറിയിലേക്കും പോയിക്കഴിഞ്ഞപ്പോഴാണ് പ്രിയ അമ്മയെ ഫോൺ ചെയ്ത് പുതിയ വിശേഷങ്ങൾ പറഞ്ഞത്


മതിയമ്മേ... ഒന്ന് നിർത്തുന്നുണ്ടോ ?

എനിക്ക് ഇപ്പോൾ ഭ്രാന്തൊന്നൊന്നുമില്ല പക്ഷേ ,ഇനിയും  ,ഒന്നും ചെയ്യാതെമുന്നോട്ട് പോയാൽ അധികം താമസിയാതെ ഞാനൊരു മുഴുഭ്രാന്തിയായി തീരും ,വിവാഹത്തിന് മുമ്പ് എല്ലാ പെൺകുട്ടികളും നല്ലൊരു ഭർത്താവിനെയാണ് ആഗ്രഹിക്കുന്നതെങ്കിൽ ,  വിവാഹിതയായ ഏതൊരു സത്രീയുടെയും സ്വപ്നവും പ്രാർത്ഥനയും എത്രയും വേഗം തനിക്കൊരു കുഞ്ഞ് പിറക്കണമേയെനാണ് ,അതിന് വേണ്ടി, പത്ത് മാസം ശാരീരികവും മാനസികവുമായ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച്, ഒരു മനുഷ്യൻ്റെ ശരീരത്തിന് താങ്ങാവുന്നതിലപ്പുറം വേദനകൾ സഹിച്ച് അവളൊരു കുഞ്ഞിനെ പ്രസവിച്ച് കഴിയുമ്പോൾ ആ ചോരക്കുഞ്ഞിൻ്റെ പൂമുഖം കാണുമ്പോൾ  ,വിലമതിക്കാനാവാത്ത എന്തോ ഒന്ന് നേടിയതിൻ്റെ ആത്മസംതൃപ്തിയിലായിരിക്കും പിന്നീടങ്ങോട്ടുള്ള അവളുടെ ജീവിതം, 

അവിവാഹിതയായി കഴിയുന്ന ഒരു സ്ത്രീയോട് ,നീയെന്താണ് ഇത് വരെ വിവാഹം കഴിക്കാതിരുന്നതെന്ന് ചോദിക്കുന്നവരോട് ,തനിക്ക് താല്പര്യമില്ലെന്ന ഒഴുക്കൻ

മറുപടി പറയാൻ കഴിയുന്നവൾക്ക് ,വിവാഹത്തിന് ശേഷം,  വിശേഷമൊന്നുമായില്ലേ?എന്ന മറ്റുള്ളവരുടെ ജിജ്ഞാസയോടെയുള്ള ചോദ്യങ്ങളെ അതിജീവിക്കാൻ, അത്ര എളുപ്പമായിരിക്കില്ല ,


ഒരു ഇടർച്ചയോടെയാണവൾ പറഞ്ഞ് നിർത്തിയത് .


നീ പറയുന്നതൊക്കെ അമ്മയ്ക്ക് മനസ്സിലാവും, പക്ഷേ നിൻ്റെ അച്ഛനോ ,നമ്മുടെ കുടുംബക്കാരോ നിൻ്റെയീ തീരുമാനത്തെ ഒരിക്കലും ന്യായീകരിക്കില്ല ,നീയൊരു അന്യമതസ്ഥനൊപ്പം ഇറങ്ങിപ്പോയപ്പോൾ ,ഞാനും നിൻ്റെ അച്ഛനുമൊക്കെ, മറ്റുള്ളവരുടെ പരിഹാസപാത്രമാവാതിരിക്കാൻ ദിവസങ്ങളോളം വീടിന് പുറത്തിറങ്ങാതെ, അകത്ത് തന്നെ അടച്ചിരിക്കേണ്ടി വന്നു, കാലക്രമേണ എല്ലാവരും, നിൻ്റെ കാര്യം മറക്കുകയും, പുതിയ വാർത്തകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്ത്  തുടങ്ങിയപ്പോഴാണ്, ഞങ്ങൾക്ക് നീ വരുത്തി വച്ച നാണക്കേടിൽ നിന്നൊരു മോചനം കിട്ടിയത് ,പക്ഷേ നീ ഇപ്പോൾ ചെയ്യാൻ പോകുന്ന ഈ പ്രവൃത്തി ,കുറച്ച് നാള് കഴിയുമ്പോൾ കുടുംബക്കാരും, നാട്ടുകാരുരൊക്കെ മറക്കുമായിരിക്കും, അപ്പോഴേക്കും ഖയിസ്സിൻ്റെ ജീവിതത്തിൽ നിന്നും എന്നെന്നേയ്ക്കുമായി നീ തഴയപ്പെട്ട് കഴിഞ്ഞിരിക്കും


അമ്മേ ...


ഒരു ഞെട്ടലോടെ പ്രിയ വിളിച്ചു


അതേ മോളെ ,അമ്മയ്ക്ക് മനസ്സിലാവും ഒരു കുഞ്ഞിന് വേണ്ടി നീ അനുഭവിക്കുന്ന മാനസ്സിക സമ്മർദ്ദമെന്താണെന്ന് ,അതാണ് നിൻ്റെ ജീവിതത്തിലെ ഇപ്പോഴത്തെ പ്രശ്നമെങ്കിൽ അമ്മ അതിനൊരു പോംവഴി പറയട്ടെ ?


പറയമ്മേ ... എനിക്കൊരു കുഞ്ഞിനെ കിട്ടാൻ വേണ്ടി ,

 അമ്മ പറയുന്നതന്തും ഞാൻ അനുസരിക്കാം


അവൾ ആവേശത്തോടെ ചോദിച്ചു


നീയിനി പ്രസവിക്കില്ലെന്നറിഞ്ഞതോടെ ഖയിസ്സിന് നിന്നോടുള്ള പ്രണയവും ആത്മാർത്ഥതയുമെല്ലാം പൂർണ്ണമായും ഇല്ലാതായത് കൊണ്ടാണ് ,മറ്റൊരു വിവാഹത്തിനായി അവൻ തയ്യാറെടുക്കുന്നത് , എന്നിട്ട് ,നിഷ്കളങ്കനെപ്പോലെ 

നിൻ്റെ മുന്നിൽ അവൻ അഭിനയിക്കുകയാണ്, ഇനിയും നീയത് മനസ്സിലാക്കാതെയിരുന്നാൽ അലീന അവൻ്റെ ജീവിതത്തിൽ സ്ഥാനമുറപ്പിക്കുമ്പോഴേക്കും നിന്നെയവൻ പൂച്ചക്കുട്ടിയെ എടുത്ത് കളയുന്ന ലാഘവത്തോടെ ഉപേക്ഷിച്ചിരിക്കും ,അത് കൊണ്ട് അവൻ ചെയ്തത് പോലെ നിനക്കൊരു കുഞ്ഞിനെ വേണമെങ്കിൽ നീയും മറ്റൊരു വിവാഹത്തിന് തയ്യാറാവണം, 


ഇല്ലമ്മേ... ഖയിസ്സ് ഒരിക്കലും അങ്ങനെ ചെയ്യില്ല, അവന് എന്നെ ഉപേക്ഷിക്കാൻ കഴിയില്ല


ഒരു നിലവിളിയോടെയാണവളത് പറഞ്ഞത്.


ഹ ഹ ഹ ,എൻ്റെ കുഞ്ഞേ.. നീയിത്ര പാവമായി പോയല്ലോ ? നിന്നോട് അല്പമെങ്കിലും സ്നേഹമുണ്ടായിരുന്നെങ്കിൽ ഒരു കുഞ്ഞിൻ്റെ പേര് പറഞ്ഞ് അവൻ മറ്റൊരു കല്യാണം കഴിക്കാൻ ശ്രമിക്കുമായിരുന്നോ ? ലോകത്ത് മക്കളില്ലാത്തവരൊക്കെ ഇങ്ങനെയൊരു മാർഗ്ഗമാണോ സ്വീകരിക്കുന്നത് ? അങ്ങനെയുളളവരൊക്കെ കുഞ്ഞുങ്ങളെ ദത്തെടുക്കുകയല്ലേ ചെയ്യുന്നത് ?


പക്ഷേ അമ്മേ അതിനൊക്കെ ഒരു പാട് നൂലാമാലകളില്ലേ?


അത് കൊണ്ടാണ് അമ്മ പറഞ്ഞത്,

ഭാര്യ മരിച്ച് പോയ ,നിരവധി ചെറുപ്പക്കാരായ പുരുഷൻമാർ തൻ്റെ പിഞ്ച്കുഞ്ഞുങ്ങളെ വളർത്തിയെടുക്കാനായി , അവിവാഹിതരും വിവാഹമോചിതരുമായ സ്ത്രീകളെ അന്വേഷിക്കാറുണ്ട് ,നിനക്ക് സമ്മതമാണെങ്കിൽ അങ്ങനെയൊരാളെ നമുക്ക് കണ്ട് പിടിക്കാം ,അതാവുമ്പോൾ നിൻ്റെ ആഗ്രഹം പോലെ ,ഭാവിയിൽ ആരും അവകാശം ചോദിച്ച് വരികയുമില്ല ,ദത്തെടുക്കുമ്പോഴുണ്ടാക്കുന്ന നിയമപ്രശ്നങ്ങളുമില്ല 

നീ ശരിക്കൊന്നാലോചിക്ക്


അതും പറഞ്ഞ് ഗിരിജ ഫോൺ കട്ട് ചെയ്തു .


അമ്മ പറഞ്ഞതിൽ കാര്യമുണ്ടെന്ന് പ്രിയയ്ക്കും തോന്നി തുടങ്ങിയിരുന്നു


ഏറെ നേരത്തെ ആലോചനകൾക്ക് ശേഷം പ്രിയ ഒരു തീരുമാനത്തിലെത്തുകയും ഒരു വലിയ ബാഗിനുള്ളിൽ തൻ്റെ വസ്ത്രങ്ങൾ മാത്രമെടുത്ത് കൊണ്ട് ജമീലയോട് യാത്ര പറഞ്ഞിറങ്ങുകയും ചെയ്തപ്പോൾ ,അവളുടെ കണ്ണുകൾ നിറഞ്ഞത് ജമീയിലയെ ആശങ്കപ്പെടുത്തി.


തൻ്റെ വീട്ടിലേക്കുള്ള യാത്രയിൽ പ്രിയയുടെ ഫോണിലേക്ക് 

ഖയിസ്സിൻ്റെ ഉത്ക്കണ്ഠ നിറഞ്ഞ നിരവധി കോളുകൾ വന്നെങ്കിലും അതൊന്നും അറ്റൻറ് ചെയ്യാതെ അവൻ്റെ വാട്സ്ആപ്പിലേക്ക് അവൾ ഒറ്റ സെൻ്റൻസിൽ മറുപടി കൊടുത്തു


ഇനി ഖയിസ്സിനൊപ്പം പ്രിയ ഉണ്ടാവില്ല ,ആ സ്ഥാനത്തേക്ക് എന്നെ വിഡ്ഡിയാക്കി നീ പ്രതിഷ്ഠിക്കാൻ പോകുന്ന 

അലീനയുടെ കീഴിൽ ഒരു രണ്ടാം സ്ഥാനക്കാരിയാവാനും മാത്രം ഞാൻ അധ:പതിച്ചിട്ടില്ലെന്ന പൂർണ്ണ ബോധ്യമുള്ളത് കൊണ്ട് എൻ്റെ വഴി ഞാനും തിരഞ്ഞെടുത്തു ,ഇനി നീയെന്നെ ഫോളോ ചെയ്യരുത് ,ഗുഡ് ബൈ


ആ സന്ദേശം വായിച്ച ഖയിസ്സിൻ്റെ കൈയ്യിൽ നിന്നും മൊബൈൽ ഫോൺ താഴേയ്ക്ക് ഊർന്ന് വീണു.


####################


ദിവസങ്ങളും മാസങ്ങളും സാധാരണ പോലെ കടന്ന് പോയി .


ഏതാണ്ട് ഒന്നര വർഷം കഴിഞ്ഞപ്പോൾ പ്രിയയുടെ വീടിന് മുന്നിൽ ഒരു കാറ് വന്ന് നിന്നു


അതിൽ നിന്നും കൈയ്യിലൊരു പിഞ്ച് കുഞ്ഞുമായി ഖയിസ്സും ജമീലയും ആ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ, പ്രിയ തൻ്റെ മുറിയിലിരുന്ന് ബെഡ്ഡിന് മുകളിൽ നിരത്തിയിട്ടിരുന്ന , വിവാഹമോചിതരും ഭാര്യ മരിച്ച് പോയവരുമായ നിരവധി  യുവാക്കളുടെ ചിതറിക്കിടക്കുന്ന ഫോട്ടോകളിൽ കണ്ണ് നട്ടിരിക്കുകയായിരുന്നു, എത്ര ശ്രമിച്ചിട്ടും മാസങ്ങളോളം ആലോചിച്ചിട്ടും അതിലൊരാളെ പോലും തൻ്റെ ഭാവി ഭർത്താവായി കണ്ടെത്താൻ അവൾക്ക് കഴിഞ്ഞിരുന്നില്ല


മോളേ പ്രിയേ... ഇതാരാ വന്നതെന്ന് നോക്കിക്കേ ?


പുറത്ത് നിന്ന് അമ്മയുടെ വിളി കേട്ട് മുറിയിൽ നിന്നിറങ്ങി വന്ന പ്രിയ ,ഖയിസ്സിനെയും കൈയ്യിലിരുന്ന കുഞ്ഞിനെയും കണ്ട് സ്തബ്ധയായി നിന്നു.


ഇതാ പ്രിയാ... നീ ആഗ്രഹിച്ചത് പോലൊരു കുഞ്ഞ്, എൻ്റെ ചോരയിൽ പിറന്നൊരു പെൺകുഞ്ഞാണിവൾ, വിവാഹം കഴിഞ്ഞ് കുറച്ച് നാളുകൾക്ക് ശേഷം അലീനയുടെ വയറ്റിൽ ഇരട്ട കുട്ടികളാണെന്നറിഞ്ഞപ്പോൾ  അവളെന്നോടൊരു കാര്യം പറഞ്ഞിരുന്നു , നമുക്ക് ജനിക്കാൻ പോകുന്ന കുട്ടികളിൽ ഒരാളെ, പ്രിയയ്ക്ക് കൊടുക്കണമെന്നും നിങ്ങളുടെ ആദ്യ ഭാര്യയായ പ്രിയയ്ക്ക് അതിനുള്ള അവകാശമുണ്ടെന്നും ,

പക്ഷേ , പ്രസവത്തോടെ അലീന ഈ ലോകത്തോട് വിട പറഞ്ഞെങ്കിലും ,അവളുടെ ആഗ്രഹം സാധിക്കാൻ വേണ്ടിയാണ് ,നിനക്ക് തരാനായി ,ഞാൻ ഇവളെയും കൊണ്ട് വന്നത്, 

പിന്നെ, നീ തെറ്റിദ്ധരിച്ചത് പോലെ ,ഞാനൊരിക്കലും നിനക്കൊരു പകരക്കാരിയെ ആഗ്രഹിച്ചിട്ടില്ല ,എല്ലാം നിനക്ക് വേണ്ടി മാത്രമായിരുന്നു ,ഒരു കുഞ്ഞിന് വേണ്ടിയുള്ള നിൻ്റെ അടങ്ങാത്ത ത്വര കണ്ടിട്ടാണ്, ഞാൻ എൻ്റെ ഉപ്പയുടെ വാക്കുകളെ ധിക്കരിക്കാതിരുന്നത് ,

പക്ഷേ ,നീയെന്നെ തെറ്റിദ്ധരിച്ചു,  സാരമില്ല, എല്ലാം കഴിഞ്ഞില്ലേ?ഇനി ,ഈകുഞ്ഞിന് അവകാശം പറയാൻ ആരും വരില്ല ,ഇന്ന് മുതൽ ഇവൾ നിൻ്റെ മകളാണ് ,യാതൊരു ഉപാധികളുമില്ലാതെയാണ് ഞാനിവളെ നിനക്ക് തരാൻ വന്നത് ,നിനക്കാവശ്യം ഒരു കുഞ്ഞിനെയല്ലേ ? നീ എടുത്തോളൂ..


ഖയിസ്സിൻ്റെ കൈയ്യിലിരുന്ന് തന്നെ നോക്കുന്ന ആ പിഞ്ച് പൈതലിനെ കോരിയെടുത്ത് തൻ്റെ മാറോട് ചേർക്കുമ്പോൾ, പ്രിയ വല്ലാത്തൊരു നിർവൃതിയിലായിരുന്നു.


അവളുടെ മുന്നിൽ അപ്പോൾ മറ്റൊന്നുമില്ലായിരുന്നു ,


ഇതെൻ്റെ മോളാണ് ,ഞാനിവളെ ആർക്കും വിട്ട് കൊടുക്കില്ല,

ഖയിസ്സേ ... മോൾക്ക് നന്നായി വിശക്കുന്നുണ്ടെന്ന് തോന്നുന്നു, ഞാനവൾക്ക് കുറച്ച് പാല് കൊടുക്കട്ടെ ,എന്നിട്ട് നമുക്കൊരുമിച്ച് നമ്മുടെ വീട്ടിലേയ്ക്ക് പോകാം ഉമ്മീ ...എന്താ അവിടെ തന്നെ നില്ക്കുന്നത്?

അകത്ത് കയറിയിരിക്കു ,അമ്മേ... നോക്കി നില്ക്കാതെ ഖയിസ്സിനും ഉമ്മിക്കും കുടിക്കാനെന്തെങ്കിലും കൊടുക്കമ്മേ ...


അവളപ്പോൾ സന്തോഷം കൊണ്ട് ചിത്തഭ്രമം ബാധിച്ചവളെ പോലെ ആയിരുന്നു.

ശുഭം

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ പേജിൽ കുറിക്കണേ...

To Top