കല്യാണം കഴിഞ്ഞ നാള് മുതൽ ഞാനൊത്തിരി ആഗ്രഹിച്ചതായിരുന്നു...

Valappottukal


രചന: sajithaiparambu


എടീ,, ഞാൻ ചായ ഉണ്ടാക്കാൻ പോകുവാ, നിനക്ക് ചായ വേണോ ?


രാവിലെ അടുക്കളയിലേക്ക് കയറി ചെന്ന് അയാൾ ഭാര്യയോട് ചോദിച്ചു.


ഞാൻ കുടിച്ചു ഏട്ടാ,,,

ഏട്ടനുള്ളത് ദാ ഫ്ളാസ്കിലുണ്ട്, ഒഴിച്ച് കുടിക്ക്,,


ഉം ശരി ,,


ചൂട്ചായ മൊത്തി കുടിച്ച് കൊണ്ട്, അയാൾ അടുക്കളയിൽ തന്നെ ചുറ്റിപ്പറ്റി നിന്നു.


പാത്രങ്ങൾ കഴുകാനുണ്ടോ? 

ഞാൻ കഴുകി തരാം,,


അയാൾ വീണ്ടും ഭാര്യയോട് ചോദിച്ചു


അതൊക്കെ ഞാൻ നേരത്തെ കഴുകി വച്ചു, എന്നിട്ടാണ് ദോശ ചുടാൻ നിന്നത് ,പോയി പല്ല് തേച്ച് കുളിച്ചിട്ട് വാ, ഞാൻ കഴിക്കാനെടുത്ത് വയ്ക്കാം,,


ഉം ശരി,,


തോർത്തുമെടുത്ത് അയാൾ കുളിമുറിയിലേക്ക് പോയി.


ഉച്ചയ്ക്ക് അയാൾ ഓഫീസിൽ നിന്നും ഊണ് കഴിക്കാനായി പതിവ് സമയത്ത് തന്നെ എത്തിച്ചേർന്നു.


അപ്പോഴേക്കും, അവൾ ഭക്ഷണം വിളമ്പി, 

മേശപ്പുറത്ത് വച്ചിട്ട് കാത്തിരിപ്പുണ്ടായിരുന്നു,,


നീയും കൂടി ഒരു പ്ളേറ്റ് എടുത്തോണ്ട് വാ, നമുക്കൊരുമിച്ചിരുന്ന് കഴിക്കാം,,


അത് വേണ്ട, നിങ്ങള് കഴിക്ക്, ഞാൻ പിന്നെ കഴിച്ചോളാം, പതിവ് തെറ്റിക്കണ്ടാ,,


അയാൾ കഴിച്ചെഴുന്നേറ്റ്, കൈ കഴുകിയിട്ട്, വീണ്ടും കസരയിൽ വന്നിരുന്നു.


അല്ല, നിങ്ങൾക്കിനി ഓഫീസിൽ പോകണ്ടേ ?എന്താ മാറി ഇരിക്കുന്നത്?


ഓഹ്, ഇന്നിത്തിരി താമസിച്ച് പോയാലും കുഴപ്പമില്ല ,നിന്നോട് കുറച്ച് നേരം സംസാരിച്ചിട്ട് പോകാം,,


അയ്യോ, എനിക്കിന്ന് തീരെ സമയമില്ല, ജോലിയൊക്കെ ഇഷ്ടം പോലെ ചെയ്ത് തീർക്കാനുണ്ട്, തുണി കഴുകണം ,തൊഴുത്ത് വൃത്തിയാക്കണം, കുട്ടികൾ വരുന്നതിന് മുമ്പ് ,പാടത്ത് പോയി പോച്ച ചെത്തണം ,അങ്ങനെ ഒത്തിരി ജോലി ബാക്കി കിടക്കുവാണ് , ഞാൻ മുമ്പ് ഫ്രീ ആയിരിക്കുമ്പോൾ, എത്ര തവണ ,നിങ്ങളെ വിളിച്ചിട്ടുള്ളതാണ്, അപ്പോൾ നിങ്ങളത് മൈൻഡ് പോലും ചെയ്തിട്ടില്ല,,


അവൾ പരിഭവിച്ചു


എങ്കിൽ ഞാൻ നിന്നെ ജോലിയിൽ സഹായിക്കാം,


ഹേയ്, ഇപ്പാൾ അതിൻ്റെ ആവശ്യമില്ല, കാരണം ഞാനിപ്പോൾ പൂർണ്ണ ആരോഗ്യവതിയാണ്, മുമ്പ് അസഹനീയമായയ നടുവേദന ഉള്ളപ്പോഴും ,ചിലപ്പോൾ രാവിലെ നിങ്ങളെയും ,കുട്ടികളെയും സമയത്ത് ഓഫീസിലും സ്കൂളിലുമൊക്കെ വിടേണ്ടത് കൊണ്ടുമാണ്, ഞാൻ പലപ്പോഴും നിങ്ങളോട് സഹായം ചോദിച്ചിട്ടുള്ളത് ,, ഇന്ന് രാവിലെ മുതൽ നിങ്ങളെന്നോട് കാണിക്കുന്ന ഈ സ്നേഹവും, കരുതലുമൊക്കെ നമ്മുടെ കല്യാണം കഴിഞ്ഞ നാള് മുതൽ ഞാനൊത്തിരി ആഗ്രഹിച്ചതായിരുന്നു,,,


അവളൊരു ദീർഘനിശ്വാസമുതിർത്തു


അപ്പോഴൊന്നും നിങ്ങളെൻ്റെ ബുദ്ധിമുട്ടുകളും, വേദനയുമൊന്നും തിരിച്ചറിഞ്ഞില്ല ,അല്ലെങ്കിൽ അതൊക്കെ നിങ്ങൾ കണ്ടില്ലെന്ന് നടിച്ചു ,


തൊണ്ടയിടറി കൊണ്ട് അവൾ കണ്ണുകൾ തുടച്ചു.


എനിക്ക് ഒരു അവസരം കൂടി തരൂ,, ഞാൻ നീയാഗ്രഹിച്ച പോലൊരു ഭർത്താവായി കൊള്ളാം,,


പക്ഷേ, അയാളുടെ യാചന കേൾക്കാൻ അവൾ അവിടെയെങ്ങുമുണ്ടായിരുന്നില്ല


അപ്പോഴേക്കും അയാൾ കണ്ണുകൾ മെല്ലെ തുറന്നു,


ഹാളിലെ ചുമരിൽ ഹാരമണിയിച്ച് വച്ചിരിക്കുന്ന അവളുടെ ഫോട്ടോയിൽ നോക്കി നിസ്സഹായതയോടെ   

ഹൃദയം പൊട്ടി കരയാനെ അയാൾക്കപ്പോൾ കഴിയുമായിരുന്നുള്ളു.

To Top