ഒരു ദിവസം കാലത്ത് ഞാനാണ് അവനോട് ഈ വിവാഹത്തിന്റെ കാര്യം പറഞ്ഞത്...

Valappottukal

 


രചന: Indu Rejith


ശ്രീരാഗം❤

മണ്ഡപത്തിലേക്ക് കേറുന്നതിനു തൊട്ട് മുമ്പും ഞാൻ തേടിയത് മഹിയുടെ മുഖമായിരുന്നു..

ചിലപ്പോൾ വന്നെന്നെ കൂട്ടികൊണ്ട് പോയാലോ....

ഹേയ് എങ്ങനെ വരാനാ എന്നേ മറന്നിട്ടുണ്ടാവും...

പ്രേമം എന്ന് പറഞ്ഞാൽ ഇത്രയൊക്കെ ഉള്ളു...

 എന്നാലും എന്റെ മഹി..


നിറഞ്ഞ കണ്ണുകൾ ആരും കാണാതെ തുടയ്ക്കുന്നുണ്ടായിരുന്നു ഞാനപ്പോൾ....


ശ്രീയേട്ടൻ പന്തലിൽ ഇരുന്ന് എന്നേ ഇടം കണ്ണിട്ട് നോക്കുന്നതുപോലെ....

മോഹിച്ചത് സ്വന്തമാകാൻ പോകുന്നതിന്റെ ആഹ്ലാദം..ഇനി കൂട്ടിന് ഞാനുണ്ടെന്ന തോന്നൽ ഒക്കെയും ആളിന് ആവേശം നൽകുന്നുണ്ടാവണം...

അച്ഛന്റെ അനുഗ്രഹം വാങ്ങി ഞാൻ മണ്ഡപത്തിൽ ശ്രീയേട്ടനൊപ്പമിരുന്നു...


ഈ കല്യാണത്തിന് സമ്മതിച്ചില്ലെങ്കിൽ അച്ഛൻ ജീവിച്ചിരിക്കില്ലെന്ന് പല തവണ എന്നോട് പറഞ്ഞിരുന്നു....

ഒടുവിൽ കാര്യങ്ങൾ ഇവിടെ  വരെ എത്തി നിക്കുന്നു..


കേറിയിരിക്കു മോളേ...ഏതോ കാരണവർ എന്നോട് പറഞ്ഞു...

മോഹങ്ങളൊക്കെ മരിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി.... ചത്ത മനസ്സുമായി ശ്രീയേട്ടനോട് ചേർന്നു ഞാനിരുന്നു....

ഉടനെ തന്നെ അനുവാദം ചോദിക്കാതെ ആരോ  ക്യാമറയുടെ ഫ്ലാഷ് മുഖത്തേക്ക് അടിച്ചു....

ശ്രീയേട്ടൻ എന്നേ ഒന്ന് തോണ്ടി...

നോക്കെടോ ആളിനെ....

ഈ ആളിനെയാണോ താൻ തേടുന്നത്....

ക്യാമറയുടെ പിന്നിൽ മറഞ്ഞ മുഖം ഒരു നിമിഷത്തേക്ക് മുന്നിലേക്ക് വന്ന് എന്നേ നോക്കിയൊന്ന് കണ്ണടച്ചു...


മഹി...

അവൻ എന്റെ ഫ്രണ്ട് ആണുട്ടോ...

ബാക്കി കഥയൊക്കെ  കെട്ടു കഴിഞ്ഞിട്ട് ഞാൻ  പറയാം...

 എന്താ പോരെ സരയു....

ശ്രീയേട്ടന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നിരുന്നു....

ശ്രീയേട്ടൻ എല്ലാം അറിഞ്ഞിട്ടാണോ എന്നേ...


ഏതു നിമിഷവും പുറത്തേക്ക് തുളുമ്പിയെക്കാവുന്ന ഒരു കടൽ എന്റെ കണ്ണിൽ  അനുവാദം കാത്തുനിൽക്കുന്നുണ്ടായിരുന്നു...


എങ്ങനെയൊക്കെയോ കെട്ടു നടന്നു.... ശ്രീയേട്ടനൊപ്പം ഞാൻ നിൽക്കുന്ന ചിത്രങ്ങളൊക്കെയും പകർത്താൻ മഹി മുന്നിൽ തന്നെ ഉണ്ടായിരുന്നു....


ഭംഗിയായി മഹി പകർത്തിയ എന്റെ  ആയിരം ചിത്രങ്ങൾ, കണ്ണിൽ മിന്നി മായുന്നുണ്ടായിരുന്നു....


ഒന്ന് ചേർന്നു നിക്കടോ ഈ ഗ്യാപ് ഇനി  വേണോ....

ഇടയ്ക്കുള്ള ഇത്തരം കമന്റുകളാണ് എനിക്ക് സ്വബോധം തന്നിരുന്നത്....

ചില പോസുകൾ കാട്ടി തരുന്നതിനിടയിൽ ഞാൻ മഹിയെ തന്നെ നോക്കി നിന്നു...


കഴുത്തിലേ താലി അരുതെന്നെന്നേ വിലക്കുന്നത് പോലെ...


സ്റ്റിൽ ഐ ലവ് യൂ....


ഇടയ്ക്ക് എപ്പോഴോ എന്റെ ശബ്ദം ഉയർന്നത് പോലെ...


ടാ ശ്രീ...ഈ കുട്ടി നിന്നോട് എന്തോ പറയുന്നു...

ഒന്നും അറിയാത്ത ഭാവത്തിൽ മഹി അവിടെ നിന്നും എങ്ങോട്ടോ മാറിയിരുന്നു...


ഒരാളൂടെ ഉണ്ടേ  ഫോട്ടോയ്ക്ക് നിക്കാൻ...

വീൽ ചെയറിൽ മഹി ഒരു പെൺകുട്ടിയെ കൊണ്ട് വന്നെന്റെ അരികത്ത് ഇരുത്തി...


എന്റെ വൈഫ്‌ ആണെടോ തനിക്ക്  പരിചയം ഇല്ലാ അല്ലേ....


ഭാര്യയോ അപ്പോ... എന്നോടുള്ള ഇഷ്ടം....

സ്ഥലകാലം മറന്ന് ഞാൻ പൊട്ടികരഞ്ഞു പോയി...

അച്ഛന്റെ ശവം കാണാൻ  ധൈര്യം ഇല്ലാത്തത് കൊണ്ട് മാത്രം ശ്രീയേട്ടന് മുന്നിൽ കഴുത്തു നീട്ടിയവളാണ്‌  ഞാൻ....

ചതിക്കുകയായിരുന്നല്ലേ താൻ എന്നേ..


അവൻ തന്നെ ചതിച്ചൂന് മാത്രം സരയു  പറയരുത്...അത് എനിക്ക് സഹിക്കാൻ പറ്റില്ല....

എന്നോട് ഒപ്പമുള്ള ജീവിതം വേണ്ടെങ്കിൽ വേണ്ടാ ഞാൻ മാറി തന്നേക്കാം.....

 നിറകണ്ണുകളുമായിട്ടാണ് ശ്രീയേട്ടൻ അത് പറഞ്ഞത്....


എന്തൊക്കെയാണ് എന്റെ മുന്നിൽ നടക്കുന്നതെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല...

മനസ്സും ശരീരവും മരവിച്ച അവസ്ഥയിലയിരുന്നു ഞാനപ്പോൾ...


ചടങ്ങുകൾ എല്ലാം കഴിഞ്ഞ് ശ്രീയേട്ടനൊപ്പം ഞാൻ കാറിൽ കയറിയപ്പോഴും...

ഒരു വാക്ക് പോലും ഞാൻ ഏട്ടനോട് മിണ്ടിയിരുന്നില്ല....


തനിക്ക് എന്നേ ഇഷ്ടമല്ല അല്ലേ....


എനിക്കും അങ്ങനെ തന്നെ ആയിരുന്നു... പക്ഷേ എന്റെ മഹിക്ക് ഞാൻ ഒരു വാക്കു കൊടുത്തിരുന്നു തന്നെ ഉപേക്ഷിക്കില്ലാന്ന്....

അത് കൊണ്ട് താൻ വേണ്ടാന്ന് പറയുന്ന നിമിഷം വരെ ഞാൻ തന്റെ കൂടെ ഉണ്ടാവും....


തനിക്കറിയോ ഞാൻ പ്രാണനിൽ കൊണ്ടു നടന്നവളാ ആ വന്നിരുന്നത്....മഹിയോടൊപ്പം....


അവന് താൻ എങ്ങനെ ആയിരുന്നോ അത് പോലെ ആയിരുന്നു എനിക്ക് അവളും....

വീട്ടുകാരുമായി പോയി പലതവണ ആലോചിച്ചതാണ് ഞാൻ....

വികലാംഗയായ അവളെ കൊന്ന്  കെട്ടിതൂക്കി കാശ് തട്ടാനാണ് എന്റെ മോഹമെന്ന് അവളുടെ അപ്പൻ നാടുനീളെ പാടി നടന്നു...

ആർക്ക് കെട്ടിച്ചു കൊടുത്താലും പ്രേമത്തിന്റെ അസുഖമുള്ള എനിക്ക് കെട്ടിച്ചു തരില്ല പോലും...

പരസഹായം ഇല്ലാതെ അവൾക്ക് എന്റെ അടുത്തേക്ക് വരാനായിരുന്നെങ്കിൽ അന്ന്  ഞങ്ങൾ ഒന്നാകുമായിരുന്നു....


എന്റെ കണ്ണീരുകണ്ട് മനസ്സലിഞ്ഞ് രാത്രിക് രാത്രി അവളുടെ വീട്ടിൽ എത്തി കൂട്ടികൊണ്ട് വരാൻ പോയതാണ് അവൻ...

അസ്സമയത്തു വീട്ടിൽ കയറിയതിന് അവളുടെ അച്ഛൻ അവനെ പിടി കൂടി...ഒന്നുമറിയാതെ 

പുറത്ത് കാറിൽ അവരെ കാത്തു നിൽപ്പുണ്ടായിരുന്നു ഞാൻ....


ഇതെങ്ങനെയോ മണത്തറിഞ്ഞ അയാൾ ഇരുട്ടിന്റെ മറവിൽ ആരെയൊക്കെയോ വരുത്തി എന്നേ തല്ലിചതച്ചു... തലയ്ക്ക് അടിയേറ്റതോടെ എന്നേ എവിടെയോ കൊണ്ട് തള്ളി....


മഹിക്ക് മറ്റൊരു കുട്ടിയുമായാണ് അടുപ്പം അയാളെ വെറുതെ വിടാൻ ആതിര കാല് പിടിച്ചു പറഞ്ഞതാണ്....

പക്ഷേ അതൊന്നും അയാൾ ചെവി കൊണ്ടില്ല....

 കെട്ടുപ്രായം തികഞ്ഞ മഹിയുടെ പെങ്ങന്മാരുടെ അടുത്ത് കവല ചട്ടമ്പികളെ നിരത്തി അവരുടെ മാനത്തിന് വിലയിട്ട് അയാൾ മഹിയെ കൊണ്ട് വിവാഹത്തിന് സമ്മതിപ്പിച്ചു...

എന്നേ തോൽപ്പിക്കുക എന്നത് മാത്രം ആയിരുന്നു ആ കിളവന്റെ  ലക്ഷ്യം..

മനസ്സില്ലമനസ്സോടെ അവൻ അവൾക്ക് മിന്ന് ചാർത്തുമ്പോൾ ഏതോ ആശുപത്രികിടക്കയിൽ അബോധാവസ്ഥയിൽ  ആയിരുന്നു ഞാൻ...


വിവാഹം കഴിഞ്ഞെങ്കിലും അവന്റെ മൂന്ന് മുറി പുരയിൽ  ഒരു മുറി അവൻ അവൾക്ക് ഒഴിഞ്ഞു കൊടുത്തു....ഒരു കാവൽ പട്ടിയെ പോലെ തിണ്ണയിൽ കിടന്ന്  എന്റെ പെണ്ണിന്റെ മനസ്സും ശരീരവും എനിക്ക് വേണ്ടി അവൻ കാത്തു വെച്ചു...

എങ്ങനെയൊക്കെയോ തിരികെ എത്തിയപ്പോഴാണ് ഞാൻ വിവരങ്ങളൊക്കെ അറിയുന്നത്....

അപ്പോളേക്കും എന്റെ മഹി ഒരു ഭ്രാന്തനെ പോലെ ആയിരുന്നു...


കൂട്ടുകാരന്റെ പെണ്ണിന്റെ കഴുത്തിൽ താലി കെട്ടിയതിന്റെ കുറ്റബോധം....

പുറകെ നടന്ന് ഇഷ്ടം പറയിച്ച സരയുവിനെ ചതിച്ചെന്ന ചിന്ത ഇതൊക്കെ അവനെ ഇഞ്ചിഞ്ചായി കശാപ്പ് ചെയ്യുന്നുണ്ടായിരുന്നു....എന്നേ കണ്ടു കഴിയുമ്പോൾ 

എന്നോടൊപ്പം അവൾ വരുമെന്നാണ്  കരുതിയത് പക്ഷേ...

താലിയുടെ ശക്തി എനിക്കപ്പോഴാണ് ബോധ്യമായത്....

ആ അവസ്ഥയിൽ മഹിയെ ഉപേക്ഷിക്കാൻ ആവില്ലെന്നവൾ എന്നോട് തൊഴുതു പറഞ്ഞു....

പക്ഷേ ഞാൻ നിങ്ങളെ പ്രണയിക്കുന്നു എന്നും....


ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി ദിവസങ്ങൾ കടന്നു പോയി....

പിന്നീടൊരിക്കൽ മഹിയുടെ സിന്ദൂരം അവളുടെ നെറുകയിൽ തെളിഞ്ഞു ഞാൻ കണ്ടു....

മുൻപ് മറന്നതൊക്കെയും അടയാളപ്പെടുത്തി അവൾ അവനിലേക്ക് അടുക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു...

അപ്പോഴും അവന്റെ ചിന്ത തന്നെ പറ്റി ആയിരുന്നു...

എന്റെ സരയു എന്നവൻ ആവർത്തിക്കുമ്പോൾ ആതിരയിൽ നിറഞ്ഞ വിഷാദം ഞാൻ നേരിട്ടറിഞ്ഞതാണ്...

ആതിര ചെയ്തത് ആണ് ശെരി മഹിയുടെ അവസ്ഥയ്ക്ക് അവളാണ് കാരണക്കാരി എന്ന തോന്നൽ ഇല്ലാതാക്കാൻ അവളുടെ മുന്നിൽ മറ്റുമാർഗങ്ങൾ ഇല്ലായിരുന്നു....


മഹിയുടെ അമ്മയും അവളെ മരുമകളായി അംഗീകരിച്ചിരുന്നു....

 പക്ഷേ അവൻ....

തന്റെ ഓർമകൾക്ക് മുകളിൽ അവന്റെ ഭ്രാന്ത്‌  ഇത്തിൾ പോലെ പടർന്നു കയറി കൊണ്ടിരുന്നു...


തന്നെ നഷ്ടമായി എന്ന ബോധം മാത്രമേ അവനെ ജീവിതത്തിലേക്കു കൊണ്ടു വരൂ എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു....

പിന്നീട് ആതിരയെ കൂട്ടി തന്റെ അച്ഛനെ വന്ന് ഞാൻ കണ്ടു... മഹിയുടെ അവസ്ഥയേ പറ്റിയും ഞങ്ങൾ സംസാരിച്ചു...

തന്റെ വിവാഹം പറ്റിയ ഒരാളുമായി വേഗം നടത്തിയാൽ ചിലപ്പോൾ അവനൊരു റിക്കവറി സാധ്യമയേക്കാമെന്ന് തന്റെ അച്ഛൻ എന്ന നല്ല മനുഷ്യനെ അറിയിച്ചു...


ഒരുപാട് ഇഷ്ടപ്പെട്ടവരല്ലേ.....

അമ്മയില്ലാത്ത കുട്ട്യാ അവൾ...

അവളുടെ ഇഷ്ടം പോലെ മഹിക്ക് നൽകണം അവളെ എന്നായിരുന്നു ആശ...

വിധി അനുവദിച്ചില്ല....


ഒരിക്കലും അവൾ അവനെ തെറ്റിദ്ധരിച്ചു കൂടാ അതിന് സത്യമൊക്കെ അവൾക്ക് നേരിൽ കണ്ടു ബോധ്യപ്പെടണം....

അതിനൊരു ഉപായം എന്നോണം തന്റെ അച്ഛനാണ് എന്നോട് തന്നെ വിവാഹം കഴിക്കാൻ പറഞ്ഞത്...

ആദ്യമൊക്കെ എനിക്ക് ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല... ആതിരയെ സ്വീകരിക്കേണ്ടി വന്നപ്പോൾ അവൻ അനുഭവിച്ച അതേ വേദന ഞാനും അറിഞ്ഞു...


ഒരു ദിവസം കാലത്ത് ഞാനാണ് അവനോട് ഈ വിവാഹത്തിന്റെ കാര്യം പറഞ്ഞത്....

എന്നേ നെഞ്ചോട് ചേർത്തവൻ പൊട്ടികരഞ്ഞു കൊണ്ടാണ് അതിന് മറുപടി പറഞ്ഞത്...

അവനിലെ മാറ്റം എന്നേ ഞെട്ടിച്ചു കളഞ്ഞിരുന്നു...

അവന്റെ അസുഖം ഭ്രാന്തല്ല തന്നോടുള്ള അടങ്ങാത്ത പ്രണയമാണെന്നെനിക്ക് ആ നിമിഷം ബോധ്യപ്പെട്ടു....


നിന്നോട് എനിക്ക് ഒരിക്കലും ആവിശ്യപ്പെടാൻ കഴിയാതെ പോയതും ഞാൻ ഏറ്റവുമധികം ആഗ്രഹിച്ചതും ഇതായിരുന്നു....

പാവമാണ് എന്റെ പെണ്ണ് അവളെ സ്വീകരിച്ചാൽ നിനക്ക് പുണ്യം കിട്ടും...


എല്ലാം നഷ്ടപ്പെട്ടവന് ഈശ്വരൻ എന്തൊക്കെയോ നീട്ടുന്ന സുഖമായിരുന്നു ഞാനപ്പോൾ അനുഭവിച്ചത്...


അവൾ നിന്നെ സ്നേഹിക്കും എനിക്ക് ഉറപ്പാ...

അത് പറയുമ്പോൾ മഹി ആദ്യമായി ആതിരയുടെ നെറുകയിലെ സിന്ദൂരത്തിൽ വിരൽ ചലിപ്പിക്കുന്നുണ്ടായിരുന്നു....


തന്നെ ഒന്നും അറിയിപ്പിക്കാഞ്ഞതും അവൻ പറഞ്ഞിട്ടാണ്...

അത്രയ്ക്ക് ഇഷ്ടമാണെടോ അവന് തന്നെ....പിന്നെ ആ പാവം അച്ഛനും...


അപ്പോ ശ്രീയേട്ടനോ...


മണിക്കൂറുകൾ നീണ്ട മൗനത്തിന് സരയു ഒറ്റ ചോദ്യം കൊണ്ട് ബ്രേക്ക്‌ ഇട്ടു കളഞ്ഞു....


എനിക്ക്... എനിക്ക്...

ശ്രീയേട്ടന്....

എനിക്ക്.....

ഒന്ന് പറയുന്നുണ്ടോ മനുഷ്യാ....

പറഞ്ഞു മുഴുപ്പിക്കാനൊന്നും എനിക്ക് അറിയില്ല....സരയു...

ഒരു ജീവിതമില്ലേ ജീവിച്ചു തെളിയിച്ചു തരാം  ഞാൻ....  തന്നോടുള്ള സ്നേഹം...


കരഞ്ഞു കൊണ്ട് തുടങ്ങിയ യാത്ര ചിരിയിൽ അവസാനിക്കുന്നത് എന്ത് സുഖമുള്ള ഏർപ്പാടാണല്ലേ...ശുഭം


കഥ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്തു 2 വരി അഭിപ്രായങ്ങൾ കുറിക്കണേ....

To Top