അച്ഛൻ അമ്മയോട് കാണിക്കുന്നത് തന്നെയാണ് നിവിൻ ഏട്ടൻ എന്നോടും കാണിക്കുന്നത്..

Valappottukal



രചന: ആർദ്ര

കല്യാണം കഴിഞ്ഞ് ഒരു മാസം തികയുന്നതിനു മുമ്പ് മകൾ അമ്മു കരഞ്ഞുകൊണ്ട് വീട്ടിൽ കയറി വരുന്നത് കണ്ട് രാജശേഖരന്റെ നെഞ്ച് പിടഞ്ഞു.


എന്താ അമ്മു പ്രശ്നം? മോൾ എന്തിനാ കരയുന്നേ,  എന്താണെങ്കിലും അച്ഛൻ പരിഹാരമുണ്ടാക്കാം.


അമ്മു ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു, എനിക്ക് വയ്യ അച്ഛാ ഇനി നിവിൻ ഏട്ടൻറെ കൂടെ ജീവിക്കാൻ.ഞാൻ എന്തുപറഞ്ഞാലും അത് കേൾക്കാൻ പോലും അദ്ദേഹം തയ്യാറാകുന്നില്ല. എന്തെങ്കിലും പറഞ്ഞു തുടങ്ങിയാൽ നീ നിർത്ത് എനിക്കറിയാം എന്താ ചെയ്യേണ്ടത് ആണുങ്ങൾ ഉള്ളപ്പോൾ നീ കൂടുതൽ അഭിപ്രായം പറയണ്ട എന്നൊക്കെയാണ് പറയുന്നത്. എനിക്ക് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്തിടത്ത് ഞാൻ എന്തിനാ ജീവിക്കുന്നത് അതാ ഞാൻ ഇങ്ങ് പോന്നത്.


ഇതെല്ലാം കേട്ട് രാജശേഖരൻ ദേഷ്യം കൊണ്ടു വിറച്ചു അവൻ ആരാണെന്ന  അവൻറെ വിചാരം.അവന് എന്നെ ശരിക്ക് അറിയില്ല.കാണിച്ചു കൊടുക്കുന്നുണ്ട് ഞാൻ. മോളു കരയാതിരിക്കു.ഇന്ന് വൈകുന്നേരത്തിനു ഉള്ളിൽ അവൻ എൻറെ മോളോട് മാപ്പ് പറയും. ഈ അച്ഛൻ  പറയിക്കും.


നിവിൻ ഏട്ടനോട് ഇതിനെക്കുറിച്ച് ചോദിക്കാൻ അച്ഛൻ എന്ത് അർഹതയാണ് ഉള്ളത്?


അത്രയും നേരം കരഞ്ഞുകൊണ്ടിരുന്ന അമ്മുവിൻറെ ഭാവമാറ്റം കണ്ടു അന്തം വിട്ടു രാജശേഖരൻ.


അച്ഛൻ അമ്മയോട് കാണിക്കുന്നത് തന്നെയാണ് നിവിൻ ഏട്ടൻ എന്നോടും കാണിക്കുന്നത് .ഈ വീട്ടിൽ അമ്മയ്ക്ക് ഇല്ലാത്ത അഭിപ്രായസ്വാതന്ത്ര്യം  ഭർത്വ വീട്ടിൽ എനിക്ക് എങ്ങനെ കിട്ടാനാണ്?


അമ്മുവിൻറെ ചോദ്യങ്ങൾ കേട്ട് രാജശേഖരൻ അവളെ നോക്കി വീറോടെ പറഞ്ഞു "അവൾ എൻറെ ഭാര്യ അല്ലേ ,എൻറെ അഭിപ്രായം അവളുടെ കൂടെ അല്ലേ, പിന്നെ എന്തിനാ എടുത്തു ചോദിക്കുന്നത്?


അല്ല അച്ഛാ ,അച്ഛൻറെ ഭാര്യ എന്നതിനേക്കാളുപരി അമ്മ ഒരു വ്യക്തിയാണ്. സ്വന്തമായി ഇഷ്ടങ്ങളും അഭിപ്രായങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉള്ളവൾ.


അതിനു ഞാൻ അവൾക്ക് ഇവിടെ എന്തെങ്കിലും കുറവ് വരുത്തിയിട്ടുണ്ടോ?


അത് അച്ഛൻറെ വെറും തോന്നൽ മാത്രമാണ്.അമ്മയുടെ എന്തെങ്കിലും ആഗ്രഹങ്ങൾ അച്ഛന് അറിയാമോ?

ഏതെങ്കിലും ഇഷ്ടങ്ങൾ 

ഇഷ്ടപ്പെട്ട നിറം എങ്കിലും ?

പലപ്പോഴും അടുക്കളയിൽ കണ്ണു നിറഞ്ഞു അമ്മ നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് .അത് അച്ഛൻ അമ്മയുടെ ആഗ്രഹങ്ങൾ മനസ്സിലാക്കാത്തത് കൊണ്ടല്ല മറിച്ച് അമ്മ എന്ന വ്യക്തിയെ പൂർണമായി അവഗണിക്കുന്നത് കൊണ്ടാണ് .ഇത്രയും നാൾ സ്വന്തം ഇഷ്ടങ്ങൾ എല്ലാം മറന്നു ജീവിക്കുന്ന അമ്മയെ അച്ഛൻ അവഗണിക്കുമ്പോൾ ഒരുമാസമായി മാത്രം കൂടെ ജീവിക്കുന്ന നിവിൻ ഏട്ടനെ കുറ്റം പറയാൻ പറ്റുമോ ?


മറുപടിയില്ലാത്ത രാജശേഖരൻ തളർന്നു നിന്നപ്പോൾ അമ്മു അടുത്തു വന്നു പറഞ്ഞു ,"അച്ഛൻ എന്നോട് ക്ഷമിക്കണം ഞാനും ഏട്ടനുമായി ഒരു പ്രശ്നവുമില്ല അച്ഛൻ അമ്മയോട് കാണിക്കുന്ന അവഗണന സഹിക്കാൻ വയ്യാതായപ്പോൾ ഞാൻ ചെയ്തു പോയതാണ്.


തെറ്റ് പറ്റിപ്പോയി മോളെ  അച്ഛന്.അച്ഛന്റെ ഇഷ്ടങ്ങൾ എപ്പോഴും അമ്മയുടെ മേൽ അടിച്ചേൽപ്പിക്കാൻ മാത്രമേ അച്ഛൻ നോക്കിയുള്ളൂ അത് അമ്മയുടെ ഇഷ്ടങ്ങൾ ആണോ എന്ന് ഞാൻ ഇതുവരെ തിരക്കിയില്ല, അതുപോലെ വീട്ടിൽ അഭിപ്രായം പറയേണ്ടത് ആണുങ്ങൾ മാത്രം ആണെന്ന് ആണ് ഞാൻ ഇത്രയും നാളും തെറ്റിദ്ധരിച്ചു. എൻറെ മോൾ വേണ്ടിവന്നു എൻറെ കണ്ണു തുറപ്പിക്കാൻ.


ഒരു തേങ്ങൽ കേട്ടപ്പോഴാണ് എല്ലാം കേട്ടുകൊണ്ട് നിൽക്കുന്ന അമ്മയെ അവർ കണ്ടത്.


അമ്മയെ കെട്ടിപ്പിടിച്ച് മാപ്പ്  പറയുമ്പോൾ അച്ഛൻറെ കണ്ണിൽ കണ്ട മിഴിനീർ തിളക്കവും അമ്മയുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയും മതിയായിരുന്നു ഇനിയെന്നും അമ്മയുടെ അഭിപ്രായത്തിനും വില കാണും എന്ന് അമ്മുവിന് മനസ്സിലാക്കാൻ...

To Top