കൊച്ചു ചോദിക്കുന്ന കാശും തരും. ഞാൻ ആദ്യമായിട്ട് ഇങ്ങനൊരു കാര്യത്തിന് ബ്രോക്കർ പണി ചെയ്യുന്നത്...

Valappottukal


രചന: ഗീതു അല്ലു


നല്ല കൂട്ടരാ... കൊച്ചു ചോദിക്കുന്ന കാശും തരും. ഞാൻ ആദ്യമായിട്ട് ഇങ്ങനൊരു കാര്യത്തിന് ബ്രോക്കർ പണി ചെയ്യുന്നത്. അവര് വന്നു പറഞ്ഞപ്പോൾ എനിക്ക് കൊച്ചിന്റെ മുഖമാ ഓർമ വന്നത്. അതുകൊണ്ട് ഈ കാര്യവും ഏറ്റു ഇങ്ങോട്ട് പോരുന്നത്. ബാക്കിയൊക്കെ കൊച്ചിന്റെ ഇഷ്ടം. ബ്രോക്കർ രഘു എന്ന രഘുവേട്ടൻ പറഞ്ഞു നിർത്തി എന്നെ പ്രതീക്ഷയോടെ നോക്കി.


എന്റെ അവസ്ഥ അറിയുന്നത് കൊണ്ടാവും രഘുവേട്ടൻ ഈ കാര്യത്തിന് എന്നെ തന്നെ സമീപിച്ചത്. സൂക്കേട് കാരിയായ അനിയത്തിക്ക് ഉടനെ ഒരു വലിയ ഓപ്പറേഷൻ വേണം. അതിനു പത്തു പതിനഞ്ചു ലക്ഷം രൂപ ചെലവ് വരും. തളർന്നു കെടക്കുന്ന അമ്മയ്‌ക്കൊ ഒരു ഏറ്റം കയറിയാൽ പോലും അണച്ച് ഇരിക്കുന്ന അച്ഛനോ ആ തുക ഒരിക്കലും ഉണ്ടാക്കാൻ പറ്റില്ല. കുടുംബം പുലർന്നു പോകുന്നത് തന്നെ ഒരു ചെറിയ പ്രൈവറ്റ് സ്ഥാപനത്തിലെ എന്റെ ജോലി കൊണ്ടാണ്. ഉടനെ ഇത്രയും വലിയൊരു തുകയൊപ്പിക്കാൻ ഇത് തന്നെയാണ് നല്ല അവസരം എന്ന് തോന്നി. രഘുവേട്ടനോട് സമ്മതം പറയുമ്പോൾ ഒരു നിബന്ധന മാത്രം വച്ചു. ഈ കാര്യം എന്റെ വീട്ടുകാരും മറ്റുള്ള ആരും അറിയരുതെന്ന് മാത്രം. രഘുവേട്ടനും അത് സമ്മതിച്ചു.


വീട്ടിൽ ഡൽഹിയിൽ ഒരു ജോലി കിട്ടിയെന്നും രഘുവേട്ടനാണ് ശെരിയാക്കായതെന്നും നാളെ തന്നെ പോകണം എന്നും പറഞ്ഞു. വീട്ടിലെ അവസ്ഥ ഓർത്തിട്ടാവണം അമ്മയും അച്ഛനും എതിരൊന്നും പറഞ്ഞില്ല.രഘുവേട്ടൻ കൂടെ വരുമെന്ന് പറഞ്ഞപ്പോൾ അവർക്ക് സമാധാനമായി. പിറ്റേന്ന് വീട്ടിൽ നിന്നും പുറപ്പെടുമ്പോൾ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. അനിയത്തിയുടെ കണ്ണിൽ ജീവിക്കാനുള്ള കൊതി കണ്ടതും ഉറച്ച കാലടികളോടെ തന്നെ മുന്നോട്ട് നടന്നു. ട്രെയിനിൽ ഇരിക്കുമ്പോഴും ചെയ്യാൻ പോകുന്ന കാര്യത്തിനെ കുറിച്ചുള്ള ചിന്തകളായിരുന്നു മനസ്സിൽ.


മനസ്സിനെ സമാധാനിപ്പിച്ചു വെറുതെ വെളിയിലേക്ക് കണ്ണും നട്ടിരുന്നു.ട്രെയിനിനെക്കാൾ  വേഗതയിൽ ഓടിമറഞ്ഞു പോകുന്ന കാഴ്ചകൾ. അതിൽ സ്വന്തം കുഞ്ഞിന് ചോറ് വാരി കൊടുക്കുന്ന ഒരു അമ്മയുടെ ചിത്രം മാത്രം മനസ്സിൽ തട്ടി നിന്നു. ഡൽഹിയിലെത്തി ഓട്ടോയിൽ രഘുവേട്ടന്റെ കൂടെ അവരുടെടുത്തേക്ക് പോകുമ്പോൾ ഒരു വെപ്രാളം എന്നെ പൊതിയുന്നുണ്ടായിരുന്നു. അവിവാഹിതയായ ഞാൻ മറ്റൊരാൾക്ക്‌ വേണ്ടി ഗർഭം ധരിച്ചു അവരുടെ കുഞ്ഞിനെ പ്രസവിക്കുന്നത് ശെരിയാണോ. അത് കഴിഞ്ഞാൽ എന്റെ ഭാവി എന്താകും. എന്റെ മുഖത്തെ ഭാവം കണ്ടിട്ടാവണം അനിയത്തിയെ കുറിച്ച് മാത്രം ചിന്തിക്കാൻ രഘുവേട്ടൻ പറഞ്ഞത്.


അവളെ കുറിച് ചിന്തിച്ചപ്പോൾ തെറ്റ് എല്ലാം ശെരിയായി തോന്നി. അവരുടെ എടുത്ത് ചെന്നപ്പോൾ രഘുവേട്ടനാണ് എന്നെ അവർക്ക് പരിചയപ്പെടുത്തിയത്. ഒറ്റ നോട്ടത്തിൽ തന്നെ അവർക്ക് എന്നെ ഇഷ്ട്ടമായി എന്ന് മനസ്സിലായി.ഒരു മുപ്പത്തിയഞ്ചിനടുത്തു പ്രായം വരുന്ന ചെറുപ്പക്കാരനും മുപ്പത് വയസ് തോന്നിക്കുന്ന അയ്യാളുടെ ഭാര്യയും. എന്നെ അവരെ ഏൽപ്പിച്ചു രഘുവേട്ടൻ നാട്ടിലേക്ക് പോയി. പോകുമ്പോഴും ഞാൻ ഓർമിപ്പിച്ചു ആരും ഒന്നും അറിയരുതെന്ന്.പിന്നെ എല്ലാം പെട്ടന്നായിരുന്നു.


മെഡിക്കൽ ചെക്കപ്പിൽ ഒരു കുഴപ്പവും ഇല്ല എന്ന് കണ്ടതോടെ അയ്യാളുടെ ബീജത്തെ വഹിക്കാൻ ഞാൻ തയ്യാറെടുത്തു.ഇരുപത് ലക്ഷത്തിന്റെ കോൺട്രാക്ടിൽ ഒപ്പിടുമ്പോൾ എന്റെ കൈ ഒന്ന് വിറച്ചിരുന്നു. അയ്യാളുടെ കുഞ്ഞിന്റെ ജീവൻ എന്നിൽ മോട്ടിട്ട് തുടങ്ങിയ നാൾ മുതൽ അയ്യാളും ഭാര്യയും ഒരു കൊച്ചു കുഞ്ഞിനെ പോലെയാണ് എന്നെ നോക്കിയിരുന്നത്. എന്നെ അത്രമേൽ ശ്രദ്ധിക്കുമ്പോഴും ആ സ്ത്രീയുടെ കണ്ണിൽ ഒരു നിസംഗ ഭാവം മാത്രമാണുണ്ടായിരുന്നത്.ആ കുഞ്ഞു എന്നിൽ വളരുന്തോറും എന്നിലെ അമ്മ മനസ്സും അതിനെ ആഗ്രഹിച്ചു തുടങ്ങിയിരുന്നു. പക്ഷെ അതെന്റെ സ്വന്തമല്ല എന്ന് ഞാൻ എന്നെ തന്നെ പറഞ്ഞുപഠിപ്പിച്ചു കൊണ്ടിരുന്നു. പൂർണ ആരോഗ്യവതിയായി തന്നെ ഒൻപതാം മാസം ലേബർ റൂമിലേക്ക് കേറുമ്പോൾ കണ്ടിരുന്നു അക്ഷമാരായി നിൽക്കുന്ന അയ്യാളേം ഭാര്യയെയും. അപ്പോഴും ഒരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ഒരു വട്ടമെങ്കിലും ആ കുഞ്ഞിനെ ഒന്ന് കാണാൻ പറ്റിയെങ്കിൽ.. എന്നിലെ മാതൃത്വം ഒരിക്കലെങ്കിലും അതിനു നുണയാൻ പറ്റിയെങ്കിൽ...


പ്രസവത്തിനു ശേഷം ബോധം വന്നപ്പോൾ അരികത്തു ആദ്യം അന്വേഷിച്ചത് കുഞ്ഞിനെയായിരുന്നു. പക്ഷെ കിട്ടിയത് ആദ്യം വാങ്ങിച്ച പതിനഞ്ചു ലക്ഷത്തിന്റെ ബാക്കി തുകയുടെ ചെക്കും കുറച്ചു വസ്ത്രങ്ങളുമായിരുന്നു. അത് മാറോടടക്കി കുറെ കരഞ്ഞു. പതുക്കെ യഥാർഥ്യത്തോട് പൊരുത്തപ്പെട്ടു . യാത്ര ചെയ്യാൻ ആയപ്പോൾ തന്നെ നാട്ടിലേക്ക് തിരിച്ചു പോന്നു. പക്ഷെ അവിടെ എന്നെ കാത്തിരുന്നത് ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആയിരുന്നു. എപ്പോഴോ ഉള്ള ഒരു മദ്യ സഭയിൽ അറിയാതെ രഘുവേട്ടന്റെ വായിൽ നിന്നും സത്യങ്ങൾ വീട്ടുകാരും നാട്ടുകാരും അറിഞ്ഞു. അവർക്കു മുന്നിൽ ഞാൻ പിഴച്ചവളായി.. അഴിഞ്ഞാട്ടക്കാരിയായി. അവിടെ നിൽക്കാൻ പറ്റാത്ത സാഹചര്യമായപ്പോൾ വീണ്ടും ഡൽഹിക്ക് തന്നെ വന്നു.


മുന്നിൽ ശൂന്യത മാത്രമായിരുന്നു. വളരെ കഷ്ടപ്പെട്ട് താമസിക്കാൻ ഒരു സ്ഥലവും ഒരു ചെറിയ ജോലിയും ശെരിയാക്കി. ഒരു രാവും കണ്ണീരിൽ കുതിർന്നത് മാത്രമായി. മാസങ്ങൾ ശര വേഗത്തിൽ കടന്നു പോയി. പഴയ ചിന്തകളിൽ നിന്ന് മാത്രം എനിക്ക് മുക്തയാകാൻ കഴിഞ്ഞില്ല. അങ്ങനെ ഒരു ദിവസം വളരെ യാദൃച്ഛികമായാണ് അയ്യാളേം എന്റെ കുഞ്ഞിനേയും കണ്ടത്. എന്നിലെ മാതൃഹൃദയം അവന്റെ അടുക്കലേക്ക് ഓടിയെടുക്കാൻ കൊതിച്ചു. അവനെ വാരി പുണരാനും ഉമ്മകൾ കൊണ്ട് മൂടാനും തുടിച്ചു. എന്നെ തന്നെ നിയന്ത്രിക്കാൻ ഞാൻ പാട് പെടുകയായിരുന്നു. അവിടിന്ന് തിരിഞ്ഞു നടക്കാൻ തുടങ്ങിയ എന്നെ അയ്യാൾ വിളിച്ചു. ഒരു യന്ത്രം കണക്കെ ഞാൻ അവിടെ തറഞ്ഞു നിന്നു.അയ്യാൾ എന്നെ കണ്ടു കഴിഞ്ഞിരിക്കുന്നു.


അയ്യാൾ മോനെയും കൊണ്ട് എന്റെ അടുക്കലേക്ക് വന്നു. എന്റെ കണ്ണുകൾ മുഴുവൻ എന്റെ കുഞ്ഞിലായിരുന്നു. അയ്യാൾ ഒരു കപ്പ് കാപ്പി കുടിക്കാം എന്ന് പറഞ്ഞപ്പോൾ നിരസിക്കാൻ തോന്നിയില്ല. അയാളോടൊപ്പം നടക്കുമ്പോൾ മോനെ ഒന്നെടുത്തോട്ടെ എന്ന് ചോദിച്ചത് വളരെ പ്രതീക്ഷയോടെയായിരുന്നു. മോനെ എന്റെ കയ്യിലേക്ക് തരുമ്പോൾ അയ്യാളുടെ കണ്ണുകളും ഒന്ന് തിളങ്ങി. അവനെ തുരുതുരെ ചുംബിക്കുമ്പോൾ ഞാൻ പരിസരം പോലും മറന്നു പോയിരുന്നു.


മോനെ മടിയിലിരുത്തി റെസ്റ്റോറന്റൈൽ അയ്യാൾക്ക് എതിർവശം ഇരിക്കുമ്പോൾ ഞാൻ അയ്യാളെ ഒന്ന് ശ്രദ്ധിച്ചു. ആദ്യമായി കണ്ടപ്പോഴുള്ള പ്രൗഡി ഇന്നാ മനുഷ്യനിൽ ഇല്ല. കണ്ണൊക്കെ കുഴിഞ്ഞു ചുറ്റും കറുപ്പ് കെട്ടിയിരിക്കുന്നു. ശരീരമാകെ ക്ഷീണിച്ചിരുന്നു. വൈഫ്‌ എവിടെയെന്ന എന്റെ ചോദ്യതിനുള്ള അയ്യാളുടെ മറുപടി എന്നെ ഞെട്ടിച്ചിരുന്നു. മറ്റൊരാൾ പ്രസവിച്ച കുഞ്ഞിനെ നോക്കാൻ പറ്റില്ല എന്നും പറഞ്ഞു അയ്യാളെ ഉപേക്ഷിച്ചു അവൾ പോയിരുന്നു. ഞങ്ങൾക്കിടയിൽ ഒരു നിശബ്ദത വന്നു നിറഞ്ഞു. കുഞ്ഞിനെ അയ്യാളെ ഏൽപ്പിച്ചു അവിടുന്ന് ഇറങ്ങാൻ നേരമാണ് അയ്യാളുടെ ഭാര്യയകാമോ എന്നായ്യാൾ  എടുത്തടിച്ച പോലെ ചോദിച്ചത്. എന്റെ ഭവമാറ്റം കണ്ടയ്യാൾ പെട്ടെന്നു തന്നെ ക്ഷമ ചോദിച്ചു.


"മീര എന്നെ ഉപേക്ഷിച്ചു പോയ നാൾ തൊട്ട് ഞാൻ തന്നെ അന്വേഷിക്കുന്നുണ്ടായിരുന്നു.ഈ പ്രായത്തിലുള്ള എന്റെ കുഞ്ഞിനു ഒരു അമ്മയെ വേണമായിരുന്നു. അതിന് അവന്റെ അമ്മ തന്നെയാണ് നല്ലതെന്ന് തോന്നി. പ്രതീക്ഷിക്കാതെ കണ്ടപ്പോൾ ചോദിച്ചു. തനിക്ക് ഇഷ്ട്ടമായില്ലെങ്കിൽ വിട്ടേക്ക്."


അയ്യാളിൽ നിന്നും മോനെ എടുത്ത് ചുംബിക്കുമ്പോൾ ഞാൻ അറിയാതെ തന്നെ പറയുന്നുണ്ടായിരുന്നു എനിക്ക് നൂറു വട്ടം സമ്മതമാണെന്ന്.

To Top