രചന: Anjana Rajan
ഒരു മാട്രിമോണിയൻ പ്രണയം
“ഓൾക്ക് ഈ കൊല്ലം എങ്കിലും കല്ല്യാണം നോക്കി തുടങ്ങണ്ടേ വയസ്സ് പത്തിരുപത്തഞ്ചായില്ലേ മിനിയേ“
ഏതൊരച്ഛനെയും പോലെ മോളുടെ കല്ല്യാണത്തെ പറ്റിയുള്ള ആവലാതിയിൽ ആയിരുന്നു രാജനും.
ഇനിയിപ്പോ ഓളാരെയെങ്കിലും കണ്ട്പിടിച്ചിട്ടുണ്ടാവോ..
ഒന്നില്ലേലും നമുക്ക് മാട്രിമോണിയിൽ രജിസ്റ്റർ ചെയ്തിടാം...ഓൾക്ക് ഇഷ്ടം ഉള്ള ആളെ അതിൽ നിന്ന് കണ്ടുപിടിച്ചോട്ടെ...
വീട്ടുകാർക്ക് പറ്റിയ ചെക്കനെ അതിൽ ഉണ്ടാവൂ എന്നുള്ള ഉറപ്പുള്ളത് കൊണ്ടാവാം അച്ഛനും അമ്മയും ഇങ്ങനൊരാശയം മുന്നോട്ട് വച്ചത്.
പഠിക്കുന്ന സമയം പ്രേമിച്ചാൽ കാല് ഞാൻ തല്ലി ഒടിക്കും എന്നുള്ള ക്ളീഷേ ഡയലോഗ് മാറി നീ ഒന്ന് കെട്ടികണ്ടാമതി എന്നുള്ള അച്ഛന്റെ ആഗ്രഹത്തിന് മുന്നിൽ
“പറ്റിയ ഒന്നിനെ കിട്ടിയാൽ ഞാൻ കെട്ടും ഞാൻ ഒന്ന് ആലോചിക്കട്ടെ”എന്ന് പറഞ്ഞതും ദയനീയമായി നോക്കുന്ന രണ്ടു മുഖങ്ങളാണ് ഞാൻ കണ്ടത്.
എന്തൊക്കെ പറഞ്ഞാലും വീട്ടുകാർ കാണിച്ചു തരുന്ന ആരെയെങ്കിലും കെട്ടാൻ ഞാൻ ഒരുക്കം അല്ലായിരുന്നു.
പിന്നെ പിന്നെ കല്ല്യാണ വിഷയം കാരണം വീട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയായപ്പോൾ
അറേഞ്ച്ഡ് മാര്യേജ് അല്ലാതെ വേറെ വഴിയൊന്നും ഇല്ലാത്ത ഞാൻ മാട്രിമോണി എടുക്കാൻ തന്നെ തീരുമാനിച്ചു.
ചെക്കന്മാർക്ക് ഒരു പഞ്ഞവും ഇല്ലാത്ത സ്ഥലമാണ് മാട്രിമോണി എന്നെനിക്കു അന്നാണ് മനസ്സിലായത്.നല്ല രണ്ടു ഫോട്ടോ ഇട്ടപ്പോളേക്കും കുറേ കല്ല്യാണാലോചനകൾ എന്നെ തേടിയെത്തി.ഒന്നുപോലും വീട്ടിൽ പറയാതെ ഞാൻ അത് ഭംഗിയായി കൈകാര്യം ചെയ്തു.
ഇഷ്ടപെടുന്ന ഒരാളെ കിട്ടിയിട്ട് മാത്രം വീട്ടുകാരെ അറിയിച്ചാൽ മതി എന്നുള്ളത് കൊണ്ട് മാത്രമാണ് ഞാനങ്ങനെ ചെയ്തത്.
അന്നൊരു ദിവസം മാട്രിമോണി തുറന്നതും കാണാൻകൊള്ളാവുന്ന ഒരു ചെക്കനിൽ എന്റെ കണ്ണുടക്കി. അങ്ങോട്ട് കയറി മുട്ടാൻ ആത്മാഭിമാനിയായ എന്റെ മനസ്സ് അനുവദിച്ചില്ല.എന്നാൽ ചെറിയൊരു നിമിഷം കൊണ്ട് അവന്റെ ക്ഷണം എന്നെ തേടിയെത്തി.ആദ്യം കുറച്ചു ജാഡ ഇട്ടെങ്കിലും അവന്റെ മെസ്സേജിന് ഞാൻ കൂടുതൽ അറിഞ്ഞാൽ കൊള്ളാമെന്നൊരു മറുപടി കൊടുത്തു...പുറത്ത് ജോലി ചെയ്യുന്നൊരു കാരണം കൊണ്ട് അവനെനിക്ക് പറ്റുമോ എന്നൊരു സംശയം ഉണ്ടായിരുന്നു.വേറെയും കുറേ പേർ ക്യൂവിൽ നിൽക്കുന്നത് കൊണ്ട് ഞാൻ അവനെ കാര്യമാക്കിയില്ല.
അങ്ങനെ ഒരാഴ്ചക്കുള്ളിൽ അവന്റെ മെസ്സേജ് ഇൻസ്റ്റാഗ്രാമിലും തേടി വന്നു.അവിടെ നിന്ന് ഞങ്ങൾ തുടക്കം കുറിച്ചു.പരിചയപ്പെട്ട് മൂന്നു ദിവസത്തിനുള്ളിൽ അവനോടു ആരോടെന്നില്ലാത്ത ഒരു ആത്മബന്ധം തോന്നി.നേരിൽ കാണാൻ പറ്റാത്തത് കൊണ്ട് ഞാൻ വീഡിയോ കോളിൽ കാണണമെന്ന് ആവശ്യം പ്രകടിപ്പിച്ചു.
ഫോട്ടോയിൽ കാണുന്നതിനേക്കാൾ സുന്ദരൻ ആണല്ലോ എന്ന് മനസ്സിലോർത്തു.കണ്ടപാടെ അവനും എന്നെ ഒത്തിരി ഇഷ്ടമായി.മണിക്കൂറുകൾ നീണ്ട സംഭാഷണത്തിൽ നിന്നും എനിക്ക് പറ്റിയ ഒരാളെ കിട്ടിയ സന്തോഷമായിരുന്നു എനിക്ക്.
എനിക്ക് മാത്രം ഇഷ്ടപ്പെട്ടിട് കാര്യം ഇല്ലല്ലോ.വീട്ടുകാർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് കരുതി പിറ്റേന്ന് തന്നെ അച്ഛനെ വിളിച്ചു പറഞ്ഞു.നാനാ ഭാഗങ്ങളിൽ നിന്നും വിളിച്ച് അന്വേഷിച്ചപ്പോൾ ചെക്കനെ പറ്റിയും കുടുംബത്തെ പറ്റിയും ആർക്കും ഒരു മോശഭിപ്രായം ഇല്ല. ഇനി ഇവൻ ആർക്കെങ്കിലും പൈസ കൊടുത്ത് പറയിപ്പിച്ചതാണോ എന്ന് വരെ ഞാൻ സംശയിച്ചു.
“അല്ല നമുക്ക് ഒന്ന് അവിടെ ചെന്ന് അന്വേഷിക്കണ്ടേ മോളെ കാര്യം അല്ലേ”എന്നും പറഞ്ഞ് അമ്മ അച്ഛനെ അവന്റെ വീട്ടിലേക്ക് പറഞ്ഞു വിട്ടു.
പതിയെ പതിയെ എന്റെ സംസാരത്തിൽ നിന്ന് അവൻ ഭാവി പ്രവചിച്ചതുകൊണ്ടാവാം ഞാനുമായിട്ട് ഒത്തുപോവൂല എന്ന് പിന്നീടവന് ബോധ്യപ്പെട്ടു.എന്റെ
എടുത്തുചാടിയുള്ള സംസാരവും കല്ല്യാണത്തെ കുറിച്ചുള്ള വ്യാകുലതകളൊക്കെ കൊണ്ടാവാം പിന്നീട് അവന്റെ മെസ്സേജോ വിളികളോ ഒന്നും തന്നെ ഉണ്ടായില്ല.
ഈ സമയം രണ്ടുവീട്ടുകാർക്കും തമ്മിൽ ഇഷ്ടപ്പെടുകയും ചെയ്തു.അച്ഛൻ അവനെ പറ്റി ചോദിക്കുമ്പോൾ എന്റെ കയ്യിൽ മറുപടി ഉണ്ടായിരുന്നില്ല.
“നിന്റെ പ്രശ്‌നം എന്താണ്?നമ്മൾ മാട്രിമോണി വഴിയാണ് പരിചയപ്പെട്ടത് അതും നീ ഇങ്ങോട്ട് വന്നിട്ട്. ഇത് വേണ്ട എന്നാണെങ്കിൽ പറഞ്ഞിട്ട് പോകുക അല്ലാതെ ഒന്നും മിണ്ടാതെ വേണ്ടാന്ന് വെക്കുക അല്ല വേണ്ടത് ”എന്ന് ഞാൻ പറയുമ്പോഴും ആഗ്രഹിച്ചു കിട്ടിയ എന്തോ ഒന്ന് കളഞ്ഞു പോയ ഒരു കുട്ടിയുടെ മനസ്സായിരുന്നു എനിക്ക്.
“എനിക്ക് നിന്റെ കൂടെ ജീവിക്കാൻ ബുദ്ധിമുട്ടുണ്ട്.ദയവു ചെയ്ത് എന്റെ അച്ഛനെയും അമ്മയെയും വിളിച്ച് ഇതിനെപറ്റി സംസാരിക്കരുത്.പിന്നെ എന്നോട് ഒന്ന് പറയായിരുന്നു നിന്റെ വീട്ടീന്ന് എന്റെ വീട്ടിലേക്ക് വരുമ്പോൾ ”എന്നവൻ പറഞ്ഞു.
ഏതൊരച്ഛന്റെയും പേടി കൊണ്ടാണ് അവന്റെ വീട്ടിൽ പോയി അന്വേഷിച്ചത്.അത് ഇത്ര നേരത്തെ പോയത് എന്തിനാണെന്ന് എനിക്കും അറിവുണ്ടായിരുന്നില്ല.
ഇത് കേട്ടതും സങ്കടവും വിഷമവും കൊണ്ട് ഞാൻ
“നിന്റെ വീട്ടുകാരെ വിളിച്ച് മോനെ കെട്ടിച്ചു തരണം എന്ന് പറയണ്ട കാര്യം ഒന്നുമെനിക്കില്ല.നിനക്ക് ഇത് വേണ്ട വെക്കുമ്പോൾ അത് പറഞ്ഞിട്ടുള്ളൊരു മര്യാദ കാണിക്കാം..ഇനി ഒരു ബന്ധത്തിനും ഞാൻ ഇല്ല ”ഇത് പറഞ്ഞതും ഇനി ഒരു ബന്ധം അവനുമായിട്ട് ഇല്ല എന്നുറപ്പിച്ചു അവന്റെ നമ്പർ എന്റെ ഫോണിൽ നിന്നും ഒഴിവാക്കുമ്പോൾ മനസ്സിൽ ഒരിക്കലും അനുഭവപ്പെടാത്തൊരു ഭാരം തളം കെട്ടി നിന്നു.അങ്ങനെ ഞങ്ങൾ എന്നന്നേക്കുമായി വേർപിരിഞ്ഞു....
ഇല്ലാത്ത ഓരോ കഥ ഉണ്ടാക്കി അച്ഛനെ വിളിച്ച് നമുക്ക് ഇത് ചേരുന്ന ബന്ധം അല്ല എന്ന് പറയുമ്പോഴും ഉള്ളിൽ ഭയങ്കര നീറ്റൽ അനുഭവപ്പെട്ടു.കരയാനോ ചിരിക്കാനോ പറ്റാത്തൊരവസ്ഥ.കുറച്ചു ദിവസല്ലേ അറിയുള്ളൂ എന്തിനിങ്ങനെ വിഷമിക്കുന്നു എന്ന് അടുത്തുള്ളോരൊക്കെ ചോദിക്കുമ്പോൾ കാലയളവല്ലലോ ഒരാളുടെ വില മനസ്സിലാക്കിത്തരുന്നത്..
ആദ്യായിട്ട് മോളൊരു കല്ല്യാണം സമ്മതിച്ച സന്തോഷത്തിലായിരുന്നു വീട്ടുകാർ.
എന്തൊക്കെ ആയാലും ഞാൻ പറഞ്ഞത് കൂടിപ്പോയി എന്ന് തോന്നിയത് കൊണ്ടും ശത്രുക്കളെ പോലെ പിരിയണ്ടെന്നും കരുതി ഞാൻ അവന് ഇൻസ്റ്റയിൽ ഒരു മെസ്സേജ് അയച്ചു.
എന്നെ മൂക്കുകൊണ്ട് “ക്ഷ ണ്ണ” വരപ്പിച്ചപ്പോൾ എനിക്കും ഒരു സമയം വരും എന്ന് ഞാൻ മനസ്സിൽ കുറിച്ചു.മുന്നോട്ട് ഈ ബന്ധത്തിനോട് ഒട്ടും താല്പര്യം ഇല്ലാത്തത് കൊണ്ട് ഞാൻ വേറെ കല്ല്യാണ ആലോചനകളിലേക്ക് നീങ്ങുകയാണെന്നും പറഞ്ഞു.
അത് പറഞ്ഞപ്പോൾ അവന്റെയുള്ളിൽ ചെറിയൊരു നീരസം ഉള്ളതായി തോന്നി.
എന്നാൽ അതൊന്നു അറിയണം എന്ന് കരുതി ഈ ഞായറാഴ്ച ഒരു കൂട്ടര് കാണാൻ വരുന്നുണ്ട് എന്നും പറഞ്ഞു അവനു നല്ല ഭാവി നേരുമ്പോൾ തിരിച്ചൊരു വിളിക്കായി ഞാൻ അപ്പോഴും കാത്തിരിക്കുന്നുണ്ടായിരുന്നു.ആളൊരു പാവാണെന്നു ആ ചെറിയൊരു നാളിൽ തന്നെ ഞാൻ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു,ഒരു തീരുമാനം എടുക്കാൻ പറ്റാതെ കുഴങ്ങുകയാണെന്നും ബോധ്യമായി.
“എന്തായി പെണ്ണുകാണൽ ചെക്കനെ ഇഷ്ടായോ?എന്ന അവന്റെ മെസ്സേജിൽ നിന്നും എവിടെയൊക്കെയോ എന്നോടുള്ള ഇഷ്ടം പറയാതെ പറഞ്ഞപോലെ തോന്നി എനിക്ക്.
ഒരുപാട് എന്നെ വട്ടം ചുറ്റിച്ചെങ്കിലും അവസാനായിട്ട് “നിനക്ക് എന്നെ വേണോ”എന്ന് കർക്കശത്തോടെ ചോദിക്കുമ്പോൾ ഇനിയും വൈകിയാൽ ഇവൾ കയ്യിൽ നിന്ന് പോകും എന്ന ചിന്തയിലായിരുന്നു അവൻ.
എനിക്ക് അവനോടുള്ള ഇഷ്ടം മനസ്സിലായെന്നും,അച്ഛനും അമ്മയും നിന്നെ കാണാൻ വരുന്നുണ്ടെന്ന് പറയുമ്പോൾ എന്തെന്നില്ലാത്ത സന്തോഷത്തിലായിരുന്നു ഞാൻ.
എന്റെ വീട്ടുകാരോടിത് പറയുമ്പോൾ അവർക്ക് ഒരു നൂറുവട്ടം സമ്മതം.
അങ്ങനെ വീട്ടുകാർ ചേർന്ന് ഞങ്ങൾ നേരിട്ട് കാണുന്നതിന് മുന്പേ വാക്കുകൊടുത്തു.
”നേരിട്ട് കാണാതെ ഇന്നത്തെ കാലത്ത് ആരെങ്കിലും കല്ല്യാണം ഉറപ്പിക്കുമോ“എന്ന് പലരും ചോദിക്കുമ്പോൾ ആ ചെറിയ നാളുകൾക്കിടയിൽ ഞങ്ങൾ വന്ന വഴിയിലൂടെ തമ്മിൽ നന്നായി മനസിലാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടായിരുന്നു.
എൻഗേജ്മെന്റിന് മൂന്നു ദിവസം മുമ്പ് അവനെ ആദ്യായിട്ട് കാണുമ്പോ നീണ്ട എട്ടു മാസത്തെ കാത്തിരിപ്പ് തീർന്ന സന്തോഷമായിരുന്നു.
എടുത്ത തീരുമാനത്തിനും വിചാരിച്ചപോലൊരു ജീവിത പങ്കാളിയെയും കുടുംബത്തെയും കിട്ടിയതിന് ദൈവത്തോട് അപ്പോൾ നന്ദി പറയാനാണ് തോന്നിയത്.
ചിലരൊക്കെ പറയാറുണ്ട് വിധിച്ചതേ നടക്കൂ എന്ന്.എന്തിനും എന്റൊപ്പം നിൽക്കുന്ന നിന്നോട് ഒന്നേ പറയാനുള്ളൂ “നിന്നേം കൊണ്ടേ ഞാൻ പോകൂ”
ഇങ്ങനത്തെ ഒന്നിനെ നിനക്ക് വേറെ എവിടെ കിട്ടും😎
അങ്ങനെ നീണ്ട ഒന്നൊന്നര വർഷത്തെ കാത്തിരിപ്പിന് ശേഷം രണ്ടു വീട്ടുകാരുടെയും സ്വന്തക്കാരുടെയും ഒപ്പം ഈ കൊല്ലം സെപ്റ്റംബർ എട്ടാം തീയ്യതി ഞങ്ങളുടെ നേർക്കുനേർ അങ്കംവെട്ട് തുടങ്ങാൻ പോകുകയാണ് സൂർത്തുക്കളെ😉