രചന : മുഹൈമിൻ
നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് മുറ്റമടിക്കുമ്പോ ഒരു ഷാൾ കൂടി ചുറ്റി ഇടണമെന്ന്... കുറച്ചു ദേഷ്യത്തോടെയാണ് ഞാൻ അത് അവളോട് പറഞ്ഞത്...
ചൂൽ കയ്യിൽ പിടിച്ചു ഈർക്കിലികൾ ഒതുക്കിക്കൊണ്ട് അവൾ ഒരു പുച്ഛ ഭാവത്തോടെ എന്നെ നോക്കി... ന്റെ ഏട്ടാ വെളുപ്പിനെ തുടങ്ങിയല്ലോ? ഉപദേശക്കൊട്ട അഴിച്ചു നിരത്താൻ?
ഞാൻ ഈ പറയുന്നതൊക്കെ നിന്റെ നല്ലതിന് വേണ്ടിയാണ്.. കുനിഞ്ഞു നിന്നു മുറ്റം അടിക്കുമ്പോൾ നീ അതൊന്നും ശ്രദ്ധിക്കില്ലായിരിക്കും.. റോഡിൽ കൂടി പോകുന്നവന്മാരുടെ കണ്ണൊക്കെ ഇങ്ങോട്ടും ആയിരിക്കും... ഒരു ഷാൾ എടുത്തിട്ടാൽ ആകാശം ഇടിഞ്ഞു വീഴത്തതും ഒന്നുമില്ലല്ലോ? അപ്പുറത്തെ വാടക വീട്ടിൽ വന്ന ബംഗാളികളിൽ ചിലവന്മാരുടെ നോട്ടം ഇടക്ക് ഇങ്ങോട്ടാണ്...
ഈ ഏട്ടനെക്കൊണ്ട് തോറ്റു.. ഏട്ടാ ഞാൻ കൊച്ചുകുട്ടിയൊന്നും അല്ല... എപ്പഴും ഇങ്ങനെ ഉപദേശിക്കാൻ? കേൾക്കിന്നതിനും ഒരു പരിധിയുണ്ട്.. ലെഗ്ഗിൻസ് ഇടരുത്, ചുരിദാറിന്റെ കീറ്റൽ കൂടരുത്, നെക്ക് ഇറങ്ങരുത്, ഫിറ്റ് ഡ്രസ്സ് ഇടരുത്, പിന്നെ എന്താണ് ഇടേണ്ടത്?
ഇപ്പൊ പറയുന്നതാണ് കുറ്റം, ന്റെ രേണൂ ഏട്ടൻ സ്നേഹം കൊണ്ട് പറയുന്നതല്ലേ? ന്റെ കുട്ടിക്ക് ഇപ്പൊ അതൊക്കെ ഒരു പരിഭവം ആയിട്ട് തോന്നും ! അലോസരമാകും !
ഓഹ്, അതെ ഞാൻ മുറ്റമടിക്കുന്നില്ല, പ്രശ്നം തീർന്നല്ലോ? ഇന്നാ ഏട്ടൻ തന്നെ അടിച്ചോളൂ? ആ പാൽ പാത്രം ഞാൻ അകത്തു വെച്ചോളാം... പരിഹാസ രൂപേണ അവൾ അത് പറഞ്ഞിട്ട് പാൽ പാത്രവും എടുത്തു അകത്തേക്ക് പോയി...
ഇത്ര പെട്ടെന്ന് നീ മുറ്റമടിച്ചു കഴിഞ്ഞോടി? അകത്തു നിന്നും അമ്മയുടെ ചോദ്യമാണ് അവളോട്? ആ ബാക്കി ഏട്ടൻ അടിച്ചോളും. അതാകുമ്പോ ഷാൾ ഇടേണ്ട, മറക്കേണ്ട ആരും നോക്കുകയും ഇല്ല... അതവൾ കുറച്ചു ഉറക്കെയാണ് പറഞ്ഞു നിർത്തിയത്...
തിരിഞ്ഞൊന്നു നോക്കിയപ്പോൾ വാടക വീട്ടിലെ ബംഗാളി ഇങ്ങോട്ടും നോക്കി നിൽക്കുന്നു.. കൈ ചൂണ്ടി കേറിപ്പോടാ ബംഗാളി എന്ന് അലറി പറഞ്ഞപ്പോൾ അവൻ ഹിന്ദിയിൽ എന്തൊക്കെയോ തിരികെ പറഞ്ഞു അകത്തേക്ക് നടന്നു..
വായിക്കാനായി പത്രം എടുത്തു നിവർത്തി... ഒൻപതു വയസു കാരിയെ പീഡിപ്പിച്ച മധ്യ വയസ്കനെതിരെ പോസ്കോ ചുമത്തി... പത്രം മടക്കി വെച്ചു... ഉമ്മറത്തെ തൂണിലേക്ക് ചാരിയിരുന്നു...
എത്ര പെട്ടെന്നാ പെൺകുട്ടികൾ വളരുന്നത്? വളരും തോറും ആശങ്കകളും കൂടും... നല്ല മാർക്കോടെയാണ് അവൾ BBA പാസ്സ് ആയതു.. MBA പഠിക്കാൻ ബാംഗ്ലൂർ പോകണം എന്ന ഒറ്റ വാശിയിലാണ്.. അച്ഛനും അമ്മയും സമ്മതിച്ചു.. എതിർത്ത് ഞാനാണ്.. ഞാൻ എതിർത്താലും അവൾ പോയി പഠിക്കും എന്ന നിലപാടിലാണ്.
ഞാൻ സമ്മതിക്കാത്തതിന്റെ ദേഷ്യവും, പരിഭവവും ഒക്കെ അവൾക്കു എന്നോടുണ്ട്. ഇപ്പൊ അങ്ങനെ മിണ്ടാറില്ല,
അവളുടെ ആഗ്രഹങ്ങൾക്ക് എതിര് നിൽക്കുന്ന ഒരു മുരടൻ ചേട്ടനാണ് ഞാൻ.. അവൾക്കു എന്നെക്കുറിച്ചുള്ള അഭിപ്രായം അങ്ങനെയാണ്.. അമ്മാവന്റെ മക്കളോടൊക്കെ അവൾ അങ്ങനെയാണ് പറഞ്ഞിരിക്കുന്നത്... ഏട്ടൻ അവളുടെ ആഗ്രഹങ്ങൾക്കൊക്കെ എതിർ നിൽക്കുന്നു. അതുകൊണ്ട് ഇനി കുറച്ചു ദൂരെ നിന്നു പഠിക്കണം കൂടെ എൻജോയ് ചെയ്യണം എന്നൊക്കെ.. അവളെ അവിടെ വിട്ടു പഠിപ്പിക്കാൻ ഇഷ്ടമില്ലാഞ്ഞിട്ടല്ല.. ഒരു ദിവസം പോലും അവളെ കാണാതിരിക്കാൻ കഴിയില്ല. അതാണ് വാസ്തവം... മാത്രവുമല്ല അവിടേക്കൊക്കെ പോയാൽ പിന്നെ സ്വഭാവമൊക്കെ മാറും. എല്ലാവരുടെയും കണ്ണിൽ നിന്നും അകലെല്ലേ?
അവൾ എവിടെങ്കിലും പോയി തിരിച്ചു വരുന്നത് വരെ മനസിൽ ഒരു ആധിയാണ്..
ഒരു തവണ ലെഗ്ഗിൻസ് ഇട്ടു പുറത്തേക്കു ഇറങ്ങിയ അവളുടെ നേരെ ദേഷ്യപ്പെട്ടപ്പോ അന്ന് ആദ്യമായി അവൾ എന്നോട് എതിർത്തു സംസാരിച്ചു.. ഇപ്പൊ ഞാൻ കൊച്ചുകുട്ടിയൊന്നും അല്ല. എനിക്കറിയാം ഏതു വസ്ത്രം ധരിക്കണം ധരിക്കേണ്ട എന്നൊക്കെ.. അത്രത്തോളം ഫിറ്റ് ആയിരുന്നു ലെഗ്ഗിൻസ്... ഒടുവിൽ എന്റെ ദേഷ്യം അതിരു കടന്നപ്പോ അവളെ ആദ്യമായി തല്ലേണ്ടി വന്നു... അവൾ അത് മാറ്റാതെ പോയി..
പിന്നെ കുറച്ചു ദിവസത്തേക്ക് മിണ്ടിയിരുന്നില്ല... അവൾ ഇഷ്ട്ടമുള്ള വസ്ത്രം ധരിക്കട്ടെടാ അതിനു നിനക്കെന്താ എന്ന അമ്മയുടെ ചോദ്യത്തിന് പുഞ്ചിരി മാത്രമാണ് മറുപടി കൊടുത്തത്..
ദിവസങ്ങൾ കഴിയും തോറും അവൾ ബാംഗ്ലൂർക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു...
അവൾ ഇപ്പോഴും എന്നോട് മിണ്ടാറില്ല.. അങ്ങോട്ട് വല്ലതും ചോദിച്ചാലോ പറഞ്ഞാലോ പുച്ഛത്തോടെ തിരിച്ചു ഓരോന്ന് പറയും... ഞാൻ ഒരു മുരടൻ ആണെന്ന് മുഖത്ത് നോക്കി പറയാറുണ്ട്...
അന്ന് രാത്രിയിൽ മുറിയിലേക്ക് കയറി വന്നു കട്ടിലിൽ ഇരുന്നു അവൾ മുഖത്ത് നോക്കാതെ പറഞ്ഞു, നാളെ രാവിലെ ഞാൻ പോകുമെന്ന്... കുറച്ചു നേരം മൗനം തളം കെട്ടി നിന്നു.. അവളുടെ അടുത്തേക്ക് ചെന്നു പോകണോ എന്ന് ചോദിച്ചപ്പോൾ കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു അവൾ മുറിക്കു പുറത്തേക്കു പോയി...
രാവിലെ എഴുന്നേറ്റു കറവക്കാരൻ വരുന്നതിനു മുൻപേ തൊഴുത്ത് വൃത്തിയാക്കിക്കൊണ്ടിരിക്കുമ്പോഴാണ് അവൾ പുറകിൽ വന്നു നിന്നു പോകുവാ എന്ന് പറഞ്ഞത്... തിരികെ നോക്കുമ്പോഴേക്കും അവൾ കാറിന്റെ അരികിലേക്ക് നടന്നു തുടങ്ങിയിരുന്നു.
കയ്യും കാലുമൊക്കെ വേഗം കഴുകി അവിടേക്ക് ചെന്നപ്പോഴേക്കും കാർ ഗേറ്റും കഴിഞ്ഞു പോയിരുന്നു... കാർ കണ്ണിൽ നിന്നും മായുന്നത് വരെ അവിടെ നോക്കി നിന്നു... കണ്ണുകൾ നിറയുന്നുണ്ടോ? നെഞ്ചിൽ ഒരു നീറ്റൽ..
BBA യിക്ക് അഡ്മിഷൻ എടുക്കാൻ പോയപ്പോൾ ഏട്ടൻ വന്നാൽ മതി എന്ന് പറഞ്ഞു എന്നെ നിർബന്ധിച്ചു കോളേജിലേക്ക് കൂട്ടിക്കൊണ്ട് പോയവളാണ്.. എത്ര പെട്ടെന്നാണ് അവളിൽ മാറ്റങ്ങൾ രൂപം കൊണ്ടത്...
അരുണേ എന്ന് പിന്നാലെ അമ്മയുടെ വിളി കേട്ടപ്പോഴാണ് ചിന്തകളിൽ നിന്നും ഉണർന്നത്.. അമ്മ കാണാതെ തിരിഞ്ഞു നിന്നു നിറഞ്ഞ കണ്ണുകൾ തുടച്ചു അമ്മയെ നോക്കിയൊന്നു പുഞ്ചിരിച്ചു.... പോട്ടെടാ അവൾ നിന്റെ പെങ്ങളല്ലേ എന്ന് അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ മറുത്തൊന്നും പറയാതെ വീണ്ടും തൊഴുത്തിലേക്കു നടന്നടുത്തു..
നീ അവളുടെ ബാംഗ്ലൂർ പോക്ക് മുടക്കും എന്നുള്ള ഭയം കൊണ്ടായിരിക്കും അവൾ നിന്നോട് അധികം മിണ്ടാഞ്ഞതു.. പിന്നെ നിനക്ക് തൊട്ടതിനും പിടിച്ചതിനുമൊക്കെ ഭരണം ആണല്ലോ? അവർക്ക് മടുപ്പ് തോന്നുന്ന പ്രായമല്ലേ? പിന്നെ വേഷം അവരവരുടെ ഇഷ്ടമല്ലേ?
സന്ധ്യക്ക് വയൽ വരമ്പിൽ ഇരുന്നപ്പോൾ കൂട്ടുകാരൻ
അനീർ എന്നോട് ചോദിച്ചതാണ്...
മെല്ലെ അവിടുന്ന് എഴുന്നേറ്റു
ഇരുളിന്റെ മറപറ്റി വിദൂരതയിലേക്ക് വിശാലമായി കിടക്കുന്ന വയലിലേക്ക് നോക്കി കുറച്ചു നേരം നിന്നു... ഇടക്ക് മിന്നാമിനുങ്ങുകൾ നുറുങ്ങു വെട്ടം പരത്തി പറന്നു കളിക്കുന്നു.. കാതടപ്പിക്കിന്ന ശബ്ദത്തിൽ ചീവീടും തവളകളും മത്സരിച്ചു കരയുന്നു.
ഡാ അന്ന് ബൈക്കിൽ പോയപ്പോൾ നമ്മൾ ആ ജംഗ്ഷനിൽ വെച്ചു ഒരുത്തിയെ കണ്ടില്ലാരുന്നോ? ഞാൻ അവനോടു ചോദിച്ചു
മ്മ്മ് ഓർമ്മയുണ്ട്.. ആ ഫിറ്റ് ഡ്രസ്സ് ഒക്കെ ഇട്ടുവന്ന അവളല്ലേ? ഓഹ് ഓർമ്മിപ്പിക്കല്ലേ അളിയാ.. അവൻ പറഞ്ഞു നിർത്തി..
ഞാൻ ഒരു ചെറു ചിരിയോടെ അവനോടു ചോദിച്ചു അന്നു അവളുടെ വേഷം എന്തായിരുന്നു?
വെള്ള ലെഗ്ഗിൻസും ചുരിദാർ പൊലുള്ള എന്തൊ ഒന്നും. അതൊക്കെ ആര് ശ്രദ്ധിച്ചു..? ഹോ ഒരു കിടു മൊതല് ആയിരുന്നു അല്ലെ അളിയാ.? നല്ലൊരു ചിരിയോടെ അവൻ ചോദിച്ചു?
ഞാൻ അവനെയൊന്നു നോക്കി... അവൾക്കു എന്റെ പെങ്ങളുടെ പ്രായമല്ലേ കാണൂ... അന്ന് എന്റെ പെങ്ങളോട് ഞാൻ ആ ഡ്രസ്സ് ഇടേണ്ട എന്ന് പറഞ്ഞതും ഇതുകൊണ്ടാണ്... ഇപ്പൊ നിനക്ക് മനസിലായോ?
മ്മ്മ് എന്നൊരു മൂളലോടെ അവൻ എന്റെ തോളിൽ കയ്യിട്ടു മുന്നോട്ടു നടന്നു
അവൾ നിന്നെ ഒരുദിവസം മനസിലാക്കുമെഡാ. നീ നോക്കിക്കോ മുറുക്കാൻ പൊതി അഴിച്ചു വെച്ചു അവൻ പറഞ്ഞു...
ഞാൻ വിളിക്കുമ്പോൾ അവൾ എന്തെങ്കിലും അത്യാവശ്യം പറഞ്ഞിട്ട് ഫോൺ കട്ടാക്കും.. പിന്നെ വിളിച്ചാൽ എടുക്കുകയുമില്ല..
ഇടക്ക് ലീവിന് വന്നപ്പോൾ എന്നോട് മിണ്ടാൻ പോലും അവൾ കൂട്ടാക്കിയില്ല...
എങ്ങനുണ്ട് നിന്റെ ബാംഗ്ലൂർ ലൈഫ് എന്നുള്ള ചോദ്യത്തിന് ഓഹ് അവിടെ ഭരിക്കാൻ ആരുമില്ലാത്തതുകൊണ്ട് സ്വസ്ഥതയുണ്ട് എന്ന് പറഞ്ഞു അവൾ നടന്നകന്നു...
അവൾ വന്നിട്ട് പോകുന്നത് മിക്കപ്പോഴും ഞാൻ അറിയാറില്ല... ഞാൻ അവിടുണ്ടെങ്കിൽ തന്നെ പറയാറുമില്ല...
കാലങ്ങൾ കൊഴിയും തോറും ഞങ്ങൾക്കിടയിലെ അകലവും കൂടി വന്നു.. സന്ധിയില്ലാ സമരം പ്രഖ്യാപിച്ചു അവൾ അവളുടേതായ വഴിയിൽ സഞ്ചരിച്ചു കൊണ്ടിരുന്നു
അങ്ങനെ ഇരിക്കെ ഒരു ദിവസം കൂട്ടുകാരൻ അനീഷ് വിളിച്ചു അത്യാവശ്യമായി അവിടേക്ക് ചെല്ലാൻ പറഞ്ഞു...
ഡാ നിന്റെ പെങ്ങൾ പഠിക്കുന്ന അതെ കോളേജിലാണ് എന്റെ കസിനും പഠിക്കുന്നത്.. ഇന്ന് അവളുടെ കോളേജിൽ ഒരു ഫ്‌ളാഷ്മൊബ് ഉണ്ടായിരുന്നു... ഞാൻ അതിന്റെ വീഡിയോ കണ്ടിരുന്നു... അതിൽ നിന്റെ പെങ്ങളും... അവൻ പറഞ്ഞു നിർത്തി
അതിനെന്താടാ ന്തെങ്കിലും നല്ല ഉദ്ദേശം വെച്ചല്ലേ അതൊക്കെ നടത്തുന്നെ?
അതല്ലടാ അവളുടെ വേഷം... ദെ നീ നോക്കിക്കേ... ടൈറ്റ് ടി ഷർട്ടും മുട്ടിനു അൽപ്പം മുകളിൽ നിൽക്കുന്ന പാവാടയും ഉടുത്തുകൊണ്ടവൾ നടുറോഡിൽ തുള്ളുന്നു...അളിയാ ലൈവ് ഇട്ടപ്പോൾ വന്ന കമെന്റ്സ് ഹോ !
കൂടെ അതേപോലെ വേഷം ധരിച്ച മറ്റു കുട്ടികളും.
അടുത്ത് നിൽക്കുന്ന ഒരുപാട് പേര് അത് മൊബൈലിൽ പകർത്തുന്നു.. ദേഷ്യം കൊണ്ട് നാടി ഞരമ്പുകൾ വലിഞ്ഞു മുറുകി.. അവനോടു ഒന്നും പറയാതെ ഞാൻ അവിടെനിന്നും ഇറങ്ങി... അവന്റെ കയ്യിൽ നിന്നും വീഡിയോ സെൻറ് ചെയ്തു വാങ്ങിയിരുന്നു
വീട്ടിൽ എത്തിയപ്പോൾ നേരം സന്ധ്യ ആയിരുന്നു.. ഉമ്മറത്തു വിളക്ക് കത്തിക്കുന്ന അമ്മയെ ഒന്ന് നോക്കി... അമ്മയുടെ പുഞ്ചിരി കണ്ടില്ലെന്നു നടിച്ചു അകത്തേക്ക് നടന്നു...
രാത്രിയിൽ അമ്മ അവളെ ഫോൺ വിളിക്കാൻ നേരം അമ്മയുടെ കയ്യിൽ നിന്നും അത് തട്ടി വാങ്ങി ഞാൻ അവളോട് സംസാരിച്ചു തുടങ്ങിയിരുന്നു...
നീ അവിടെ പഠിക്കാൻ പോയതോ അതോ അഴിഞ്ഞാടാൻ പോയതോ?
എന്റെ ചോദ്യം കേട്ടിട്ട് കുറച്ചു നേരം മിണ്ടാതിരുന്ന അവൾ തിരിച്ചു മറുപടി പറഞ്ഞു തുടങ്ങി.. എന്റെ ലൈഫ് എനിക്കറിയാം എങ്ങനെ ജീവിക്കണം എന്ന്? ഞാൻ പഠിക്കുന്നത് ഏട്ടന്റെ ചിലവിൽ ഒന്നും അല്ലല്ലോ.. അതുകൊണ്ട് അധികം ഭരിക്കാൻ ഒന്നും വരേണ്ട.. അവിടുത്തെ ഭരണം സഹിക്കാൻ വയ്യാഞ്ഞിട്ടാണ് ഇങ്ങോട്ട് വന്നത്. ഇപ്പൊ ഇവിടെയും സ്വസ്ഥത തരില്ല. നാശം
എന്ത് കണ്ടിട്ടാകും ഏട്ടൻ അവിടെ കിടന്നു തുള്ളുന്നത് എന്നും എനിക്കറിയാം.. എന്നെ ഇനിയും ഭരിക്കാൻ വരരുത്.. എനിക്കത് ഇഷ്ട്ടവുമല്ല...
ഇത്രയും പറഞ്ഞു അവൾ ഫോൺ കട്ടാക്കി..
നെഞ്ചിൽ ഒരു ഇടിത്തീ പോലെയാണ് അവളുടെ വാക്കുകൾ വന്നു തറച്ചത്
കണ്ണുകൾ നിറഞ്ഞു കഴിഞ്ഞിരുന്നു...
എന്താ എന്താടാ നിനക്ക് അവളോടുള്ള ഭരണം ഇതുവരെ കഴിഞ്ഞില്ലേ? എന്നുള്ള അമ്മയുടെ ചോദ്യത്തിന് മുന്നിൽ അവൾ റോഡിൽ കിടന്നു തുള്ളിയ വീഡിയോ കാണിച്ചു... അമ്മക്ക് അറിയാമോ ഇത് ലൈവിൽ വന്നപ്പോൾ ഓരോരുത്തന്മാർ ഇട്ട കമെന്റ്സ്.. ഞാൻ ഓരോന്ന് പറയുമ്പോൾ നിങ്ങൾക്കായിരുന്നല്ലോ എന്നെ ശകാരിക്കാഞ്ഞിട്ടു നേരമില്ലാഞ്ഞത്...
ഇപ്പൊ മനസിലായോ അമ്മേ അവളെ എന്തുകൊണ്ടാണ് ഞാൻ ഓരോന്നിൽ നിന്നും തടഞ്ഞതെന്നു.. അമ്മയുടെ മകൾ ഒരു അഴിഞ്ഞാട്ടക്കാരി ആണെന്ന് ഇനി ആളുകൾ പറഞ്ഞു തുടങ്ങും. ഇത് എല്ലാവരും കണ്ടിട്ടുണ്ട്.. ശ്രീധരൻ മാമൻ ഇതുകണ്ട് വിളിച്ചിരുന്നു.. നിനക്ക് അവളെയൊന്നു നിയന്ത്രിച്ചൂടെടാ എന്ന്.. ഞാൻ എന്ത് നിയന്ത്രിക്കാനാ? എന്റെ ചിലവിൽ അല്ലല്ലോ അവൾ പഠിക്കുന്നത്... നിറഞ്ഞു തൂവിയ അമ്മയുടെ മിഴികളെ നോക്കി ഞാൻ അതും പറഞ്ഞു നടന്നകന്നു...
അടുത്ത ലീവിന് അവൾ വീട്ടിലേക്കു വന്നു കയറിയ വേഷം കണ്ടു അയലത്ത് +2 നു പഠിക്കുന്നവൻ വരെ വല്ലാത്തൊരു നോട്ടം.. അവളുടെ അടുക്കൽ ട്യൂഷൻ പഠിക്കാൻ വന്ന പയ്യനാണ്...
ഇറുകിയ ലെഗ്ഗിൻസും അതുപോലെ തന്നെ ഫിറ്റ് ആയൊരു എന്തോ ഒന്നും തിരുകി മുകളിൽ ഇട്ടിട്ടുണ്ട്.. അകത്തുള്ളതിന്റെ വള്ളിയൊക്കെ വെളിയിൽ കാണാം... വന്നു കേറിയ പാടെ എന്നെ പുച്ഛത്തോടെ ഒന്ന് നോക്കി അവൾ...
പെങ്ങൾ ആണെന്ന് പറയാൻ പോലും ഇപ്പൊ ലജ്ജ തോന്നുന്നു.. വന്നു കേറിയ പാടെ അമ്മ അവളുടെ മുഖത്ത് നോക്കി ആട്ടും തുപ്പും തുടങ്ങിയിരുന്നു... ഞാൻ ഒന്നും മിണ്ടാതെ എല്ലാം കണ്ടുകൊണ്ടിരുന്നു... അവൻ അന്നേ പറഞ്ഞതാണ് ഒന്നും വേണ്ട എന്ന്... ഇപ്പൊ എല്ലാരുടെയും മുന്നിൽ നീ നാണം കെടുത്തിയല്ലോടീ? ഇതിലും ഭേദം നിനക്ക് തുണിയില്ലാതെ നടന്നൂടെ നശിച്ചവളെ? ഇത് പറഞ്ഞു അമ്മ അവളെ കയ്യിലും കവിളിലും മാറി മാറി തല്ലി തുടങ്ങിയിരുന്നു
എല്ലാരൂടെ എന്നെ അങ്ങ് കൊല്ലു ഇതിലും ഭേദം അതാണ്.. ഞാൻ ജീവിക്കുന്നത് എന്റെ ഇഷ്ട്ടങ്ങൾ നോക്കിയാണ് അമ്മേ ! എനിക്ക് എന്റേതായ സ്വാതന്ത്ര്യം ഇല്ലേ? അവളുടെ ചോദ്യത്തിന്റെ പ്രകമ്പനം ഹാളിൽ അലയടിച്ചുകൊണ്ടിരുന്നു.
ഞാൻ ഇങ്ങനെ ആയിരിക്കും ഇങ്ങനെ ജീവിക്കാൻ ആണ് എനിക്കിഷ്ട്ടം ! നിങ്ങളൊക്കെ പഴഞ്ചൻ ആണ്.. നിങ്ങളുടെ മനസും. അവളുടെ വാക്കുകൾ സഹിക്കുന്നതിനും അപ്പുറമായപ്പോൾ ഞാൻ പതിയെ എഴുന്നേറ്റു വയലിൻ കരയിലേക്ക് നടന്നു... അപ്പോഴും അവളുടെ ശബ്ദം അവിടേക്ക് കേൾക്കാൻ കഴിയുമായിരുന്നു... ..
തിരിച്ചു ചെന്നപ്പോഴാണ് അറിഞ്ഞത് അവൾ അന്ന് രാത്രിയിൽ തന്നെ തിരികെ ബാംഗ്ലൂർക്ക് പോയി എന്ന്.. അമ്മ കരഞ്ഞു കൊണ്ട് ഓരോന്ന് പറയുമ്പോൾ ഞാൻ ഉമ്മറത്തെ തൂണിൽ മൗനം ഭുജിച് എല്ലാം കേട്ടുകൊണ്ടിരുന്നു...
അപ്പോഴും എന്റെ മനസിൽ അമ്പലത്തിൽ നിന്നും പ്രസാദവുമായി ഇറങ്ങി വരുന്ന അവളുടെ രൂപമായിരുന്നു... ഇപ്പൊ അമ്മ അവളെ വിളിച്ചാലും അവൾ ഫോൺ എടുക്കാറില്ല.. എടുത്താൽ പറയുക ചത്തിട്ടില്ല എന്നാണ്...
ഓണത്തിന്റെ അവധിക്കു നാട്ടിൽ വരുന്ന അവളെ ആ കൊല്ലം കണ്ടില്ല.. മാസം കുറേ ആയി വീട്ടിൽ വന്നിട്ട്..
അവൾ ഇല്ലാത്ത ആദ്യത്തെ ഓണം.. അമ്മയുടെ നിറഞ്ഞ കണ്ണുകൾ തുടച്ചു ഞാൻ പറഞ്ഞു അതൊക്കെ ഒരു പ്രായത്തിൽ തോന്നുന്ന പാഷൻ ആണ് അമ്മേ. അതൊക്കെ അവളുടെ അനുഭവങ്ങളിൽ നിന്നും മാറും.. അവൾ ഇവിടേക്ക് വരും നമ്മുടെ രേണു മോളായി... അമ്മ നോക്കിക്കോ... അമ്മയെ സമാധാനിപ്പിക്കാനാണ് അങ്ങനെ പറഞ്ഞതെങ്കിലും അവൾ ഇല്ലാത്തതിന്റെ കുറവ് വല്ലാതെ അലട്ടുന്നുണ്ടായിരുന്നു...
അന്ന് രാത്രിയിൽ
വീട്ടിൽ ഓണം കൂടാൻ വന്ന ബന്ധുക്കൾക്കൊപ്പം സൊറ പറഞ്ഞു ഇരിക്കുമ്പോഴാണ് ഒരു കാൾ വന്നത്...
സമയം ഏതാണ്ട് രാത്രി ഒന്നര ആയിട്ടുണ്ട്...
ഹലോ രേണുകയുടെ ഏട്ടനല്ലേ? അത് ചോദിക്കുമ്പോൾ അപ്പുറത്തുള്ള ശബ്ദം ഇടറുന്നുണ്ടായിരുന്നു..
ആ അതേല്ലോ ! ആരാണ് വിളിക്കുന്നെ
ഏട്ടാ ഞാൻ രേണുകയുടെ ക്ലാസ് മേറ്റ് ആണ്.. അവൾക്കു ഇന്ന് ഒരു ആക്‌സിഡന്റ് ഉണ്ടായി.. ഇപ്പൊ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്... ഇവിടെക്കൊന്നു വന്നിരുന്നെങ്കിൽ... പേടിക്കാൻ ഒന്നുമില്ല... അടുത്ത് ആരെങ്കിലും ഒന്നുള്ളത് നല്ലതല്ലേ...
കേട്ടപ്പോഴേ തല കറങ്ങുന്നത് പൊലെ തോന്നി... സൈക്കിൾ ചവിട്ടാൻ പഠിച്ചു വീണു കാലു മുറിഞ്ഞപ്പോൾ അവളുടെ കരച്ചിൽ കണ്ടു എന്റെ കണ്ണുകളും നിറഞ്ഞിരുന്നു... അവളുടെ കണ്ണുകൾ നിറയുമ്പോൾ പിടയുന്നത് എന്റെ നെഞ്ചാണ്....
അകത്തേക്ക് പോയി വേഗം ഡ്രസ്സ് മാറി.. മാമന്റെ മോനോട് കാര്യങ്ങൾ പറഞ്ഞു. അവനെയും കൂട്ടി കിട്ടിയ ട്രെയിൻ കേറി ബാംഗ്ലൂർക്ക്....
നീണ്ട മണിക്കൂറുകൾക്കൊടുവിൽ ഹോസ്പിറ്റലിൽ എത്തി.. എന്നെ വിളിച്ച നമ്പറിൽ തിരിച്ചു വിളിച്ചു...
അവൻ പുറത്തേക്കു വന്നു ഞങ്ങളെയും കൂട്ടി അകത്തേക്ക് പോയി...
എന്താ എന്താണ് ഉണ്ടായതു? അവളെയൊന്നു കാണാൻ കഴിയുമോ?
അവൻ ആളൊഴിഞ്ഞ ഒരു കോണിലേക്കു ഞങ്ങളെ കൊണ്ടുപോയി...
ഞാൻ പറയുന്നത്കേട്ടു നിങ്ങൾ തളരരുത്... ഇന്നലെ രാത്രിയിൽ അവളും അവളുടെ കുറച്ചു കൂട്ടുകാരികളും കൂടി റോഡിലൂടെ നടന്നു പോകുന്ന ടൈമിൽ അവരെ ബൈക്കിൽ എത്തിയ കുറച്ചുപേർ ശല്യം ചെയ്യാൻ ശ്രമിച്ചു... അവർ കുടിച്ചിട്ടുണ്ടായിരുന്നു !
ആര്? ആരാ കുടിച്ചത്?
പെൺകുട്ടികളും വന്നവന്മാരും !
നെഞ്ചൊന്നു കാളി. നാളിത്രയായി ഞാൻ ഇന്നേവരെ അതൊന്നു രുചിച്ചു നോക്കിയിട്ടില്ല...
കുട്ടികളിൽ ചിലർ ഓടി... രേണു എവിടെയോ തട്ടി വീണു.. റേ പ്പ് അറ്റംപ്റ്റ് ആണ്.. പക്ഷെ പേടിക്കാൻ ഒന്നുമില്ല... അവർ എന്തൊകൊണ്ടു തലയിൽ അടിച്ചിട്ടുണ്ട്.. ഇവളുടെ ബോധം പോയപ്പോഴേക്കും അവർ പേടിച്ചു സ്ഥലം കാലിയാക്കി... അതുവഴി നൈറ്റ് പെട്രോളിങ്ങിന് വന്ന പോലീസുകാരാണ് ഇവിടെ എത്തിച്ചത്..
നന്നായി വിയർത്തുകൊണ്ട് അവൻ പറഞ്ഞു നിർത്തി...
ഭിത്തിയിലേക്കു ചാരി നിന്നു കരയുന്ന എന്നെ സമാധാനിപ്പിക്കാൻ അവർ നന്നേ പാടു പെടുന്നുണ്ടായിരുന്നു..
അളിയാ അമ്മ ഇതൊക്കെ അറിഞ്ഞാൽ? ഞാൻ എന്ത് പറഞ്ഞു സമാധാനിപ്പിക്കുമെടാ?
അവളെയൊന്നു കാണാൻ കഴിയുമോ?
കാണാം അകത്തേക്ക് കയറ്റി വിടില്ല. ഫുൾ പോലീസ് ആണ്. അവന്മാരെ പിടിച്ചിട്ടുണ്ട്...
വിറയ്ക്കുന്ന കാലുകളോടെ, പിടക്കുന്ന ഹൃദയത്തോടെ, നിറയുന്ന മിഴിയോടെ അവളെ ഒന്ന് കണ്ടു.. മുഖമൊക്ക നന്നായി നീരുകൊണ്ടിട്ടുണ്ട്... കയ്യിലും മുഖത്തും നഖം കൊണ്ട് ആന്തിയ പാടുകൾ... അതുകണ്ടു തളർന്നു താഴേക്കു ഇരുന്നു പോയി ഞാൻ...
ഏട്ടാ ഞാൻ പോലീസുകാരനോട് പറഞ്ഞിട്ടുണ്ട് അവളുടെ ഏട്ടൻ വന്നിട്ടുണ്ടെന്ന്.. പുതിയ SI ഒരു മലയാളി ആണ്...
അയാൾ അടുത്തേക്ക് വന്നു... സീ mr.. പേടിക്കാൻ തക്കവണ്ണം ഒന്നും നടന്നിട്ടില്ല... ജസ്റ്റ് അറ്റംപ്റ്റ്... കുട്ടി ഓടുന്ന കൂട്ടത്തിൽ അവന്മാർ എന്തൊകൊണ്ടു തലയ്ക്കു അടിച്ചു... അതിന്റെ മുറിവ് മാത്രമേ ഉള്ളൂ... വീട്ടിൽ തല്ക്കാലം ഇതൊന്നും അറിയേണ്ട.. എന്തെങ്കിലും ആക്‌സിഡന്റ് വല്ലതും ആണെന്ന് പറഞ്ഞാൽ മതി.. ഓക്കേ.. മാത്രവുമല്ല ഞങ്ങൾ ഇത് മീഡിയയിൽ അറിയിച്ചിട്ടുമില്ല... രണ്ടു ദിവസം കഴിഞ്ഞാൽ കുട്ടിയെ ഇവിടുന്നു കൊണ്ടുപോകാം ഓക്കേ.
അയാൾ എന്റെ തോളിൽ ഒന്ന് തട്ടി നടന്നകന്നു...
പിറ്റേന്ന് പുലർച്ചെ ആരോ പറഞ്ഞു കേട്ടു അവൾ ഏട്ടനെ തിരക്കുന്നു എന്ന്...
ഡാ അവളെ ഒന്നും പറയാൻ നിൽക്കരുത്.. ചിരിച്ചോണ്ട് വേണം അങ്ങോട്ട് ചെല്ലാൻ... നീ കരയരുത് ഓക്കേ.. മാമന്റെ മോൻ രതീഷ് കുറച്ചു ഉപദേശങ്ങൾ നൽകി...
എല്ലാം മൂളിക്കേട്ടു ഞാൻ അകത്തേക്ക് കയറി...
കണ്ണുകൾ നിറയാതിരിക്കാൻ വല്ലാതെ പ്രയാസപ്പെട്ടു... അവളുടെ മുഖത്തേക്ക് നോക്കിയൊന്നു പുഞ്ചിരിച്ചു... അവൾ എന്നെ കണ്ടപാടെ മുഖം തിരിച്ചു വെച്ച് കരച്ചിൽ തുടങ്ങിയിരുന്നു..
ഒന്നുമില്ലടാ എന്തിനാ കരയുന്നത് ഏ? ഏട്ടൻ അടുത്തില്ലേ? അവളുടെ നിറഞ്ഞൊഴുകുന്ന മിഴികൾ മെല്ലെ തുടച്ചു. പെട്ടെന്ന് അവൾ എന്റെ കൈകളിൽ കയറി മുറുകെ പിടിച്ചു.. ചുണ്ടോട് അടുപ്പിച്ചു... കണ്ണീരുകൊണ്ട് അവൾ എന്റെ കൈകൾ കഴുകിയിരുന്നു.... എന്റെ ഹൃദയം പിടക്കുന്നുണ്ട്... കണ്ണുകൾ നിറഞ്ഞു വരുന്നുണ്ട്... ഇല്ല കരയരുത്...
ഒന്നുമില്ലടാ... ന്റെ മോൾക്ക്... ദെ എന്റെ മുഖത്തോട്ടൊന്നു നോക്കെടോ... അവൾ മെല്ലെ മുഖത്തേക്ക് നോക്കി..
ഒന്ന് ചിരിക്കടോ? ചിരിക്കാൻ ശ്രമിക്കവേ അവൾ പൊട്ടിപ്പൊട്ടി കരഞ്ഞു തുടങ്ങിയിരുന്നു... അവളുടെ കൈകൾ മെല്ലെ അയച്ചു വിട്ടു ഞാൻ എഴുന്നേറ്റു... തിരികെ നടന്നിരുന്നു... അപ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു
പേടിക്കാൻ ഒന്നുമില്ല... ഭയപ്പെടാനും മാത്രം ഒന്നും സംഭവിച്ചിട്ടില്ല.. പിന്നെ കുട്ടി നന്നായി പേടിച്ചിട്ടുണ്ട്.. മനസൊന്നു പഴയപോലെ ആകാൻ കുറച്ചു ദിവസം എടുക്കും.. വിഷമിപ്പിക്കുന്ന കാര്യങ്ങൾ ഒന്നും പറയാൻ നിൽക്കേണ്ട.. പിന്നെ ഇനിയും ഇങ്ങോട്ട് വിടേണ്ട.. നമ്മുടെ നാടും അവിടുത്തെ ഒരു ചുറ്റുപാടും ഞാൻ പറയാതെ തന്നെ നിങ്ങൾക്കത് മനസിലാകുമല്ലോ... പഠനം അവിടെയും ആകാമല്ലോ? പിന്നെ ഇവിടുത്തെ കൂട്ടുകെട്ട് ശെരിയാകില്ല... ഇന്ന് വൈകിട്ട് നിങ്ങൾക്ക് പോകാം എന്ന് പറഞ്ഞു dr ക്യാബിനിൽ നിന്നും പുറത്തേക്കു നടന്നു...
അമ്മ ചോദിച്ചാൽ ഏട്ടൻ പറഞ്ഞോളാം ന്റെ കുട്ടി അവിടെ സ്കൂട്ടറിൽ നിന്നും വീണതാ എന്ന്. കേട്ടോ.. എന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു കിടക്കുന്ന അവളോട് അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. അവളുടെ കണ്ണുനീർ കുറ്റബോധത്തിന്റേതായിരിക്കും, തിരിച്ചറിവിന്റെ ആയിരിക്കും,
വീട്ട് മുറ്റത്തു കാർ വന്നു നിന്നപ്പോൾ വീടിന്റെ പുറകിൽ നിന്നും അമ്മ അവിടേക്ക് വന്നിരുന്നു.. കാറിൽ നിന്നും ഇറങ്ങിയ അവളുടെ രൂപം കണ്ടു പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മ ഓടി വന്നു അവളെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി.. എന്നാലും നീ അന്ന് പോയിട്ടൊന്നു വന്നില്ലല്ലോടാ എന്ന് പറഞ്ഞു..
അവളും അമ്മയെ കെട്ടിപ്പിടിച്ചു കുറേ നേരം അങ്ങനെ നിന്നു..
ന്താ പറ്റിയെ?
ന്റെ അമ്മേ ഈ ബുദ്ദൂസ് ഇവിടുത്തെ റോഡിൽ ഓടിക്കുന്നപോലെ അവിടെ വണ്ടിയെടുത്തു ഓടിച്ചു.. വണ്ടിയും അമ്മയുടെ മോളും തലയും കുത്തി ഓടയിൽ കിടന്നു... അത്രയുമേ നടന്നുള്ളൂ... അവളെ നോക്കി ഒരു കണ്ണടച്ച് ഞാൻ അത് പറഞ്ഞു നിർത്തി...
അമ്മ അവളുടെ നെറ്റിയിൽ ചുംബിച്ചു അകത്തേക്ക് കയറ്റിക്കൊണ്ടു പോയി....
അന്ന് രാത്രിയിൽ റൂമിൽ കിടന്നു ഓരോന്ന് ആലോചിച്ചു കണ്ണുകൾ നിറഞ്ഞു ഇരുന്നപ്പോഴാണ് അവൾ മുറിയിലേക്ക് കയറി വന്നത്... പെട്ടെന്ന് കണ്ണുകൾ തുടച്ചു...
അവൾ കട്ടിലിൽ വന്നിരുന്നു.. കുറേ നേരം മിണ്ടാതിരുന്നു... അവളുടെ അടുത്തേക്ക് പോയി മുടിയിഴകളിലൂടെ വിരൽ ഓടിച്ചു... അവൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു...
എന്നോട് ഒട്ടും ദേഷ്യം ഇല്ലേ ഏട്ടാ? എത്ര നാളായി അവളുടെ സ്നേഹത്തോടെയുള്ള ആ വിളി കേട്ടിട്ട്? അവളുടെ സംസാരം കേട്ടിട്ട്...
അവളുടെ മുഖം കൈക്കുമ്പിളിൽ വാരിയെടുത്ത് നെറ്റിയിൽ ചുംബിക്കുമ്പോ ഇടറുന്ന സ്വരത്തിൽ അവൾ ചോദിച്ചു ഇന്ന് ഞാൻ ഏട്ടന്റെ കൂടെ കിടന്നോട്ടെ എന്ന്?
കടന്നോ പക്ഷെ കരയരുത്.. അങ്ങനെ ഉണ്ടെങ്കിൽ കിടക്കാം...
എനിക്ക് ഏട്ടന്റെ മടിയിൽ തല വെച്ചു ഉറങ്ങണം... ഇനി ഈ ഏട്ടനെ വിട്ടു ഞാൻ എങ്ങോട്ടും പോകില്ല... എങ്ങോട്ടും.. അത് പറഞ്ഞു അവൾ മടിയിലേക്ക് തല വെച്ചു കണ്ണുകൾ അടച്ചു
വാതിലിന്റെ അവിടെ ഒരു ഏങ്ങലടി ശബ്ദം കേട്ടപ്പോൾ അവളും ഞാനും തല ഉയർത്തി അങ്ങോട്ട് നോക്കി.. ദെ അവിടെ നിന്നു ഞങ്ങളെക്കൂടി കരയിക്കാതെ ഇങ്ങോട്ട് കേറി വാ അമ്മേ എന്ന് പറഞ്ഞപ്പോൾ ഓടി വന്നു ഞങ്ങളെ രണ്ടാളെയും കെട്ടിപ്പിടിച്ചു ഒരുപാട് ചുംബിച്ചു... ഈശ്വരാ ഇനി എന്നും എന്റെ കുട്ടികളെ നീ ഇങ്ങനെ നിർത്തണെ എന്ന് പ്രാർത്ഥിച്ചു അമ്മ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി....
അവളുടെ ശരീരത്തിലേയും മനസിലെയും മുറിവുകൾ എല്ലാം ഉണങ്ങി തുടങ്ങിയിരുന്നു...
ഇനിയും നാട്ടിൽ നിന്നിട്ടു കാര്യമില്ല എന്നതുകൊണ്ടാണ് ഗൾഫിൽ ജോലി ചെയ്യുന്ന കൂട്ടുകാരൻ നജീബിനോട് എന്തെങ്കിലും ജോലി ഉണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞത്.. അവൻ നിൽക്കുന്ന കമ്പനിയിലെ തന്നെ ഒരു ഒഴിവിലേക്കുള്ള ജോലിക്കായി എന്നെ വിളിച്ചു... പിന്നെ എല്ലാം പെട്ടെന്നായിരുന്നു...
അമ്മയോടു കാര്യം പറഞ്ഞു.. ഒരുവിധം സമ്മതിപ്പിച്ചു... ഇനി അടുത്തത് അവളോട് പറയുക എന്നുള്ളതാണ്
അതെ ഇവിടിരുന്നു മുല്ലപ്പൂ കോർത്താൽ മതിയോ?
പിന്നെ?
അല്ല ഇതൊക്കെ വെച്ചു ഒരുദിവസം ഒരാളുടെ കൈപിടിച്ച് പോകേണ്ടേ?
എന്റെ ഏട്ടനെ വിട്ടു ഞാൻ എങ്ങോട്ടുമില്ല... ഇവിടെ നിന്നു എന്നെ നോക്കുന്ന ഒരാളെ മതി എനിക്ക്...
ദൈവമേ ഇവളോട് ഞാൻ എന്ത് പറഞ്ഞു സമ്മതിപ്പിക്കും...
നമ്മുടെ അച്ഛൻ എത്ര നാളായി പ്രവാസി ആണെന്ന് മോൾക്ക് അറിയാമോ?
ഇപ്പൊ കുറേ നാളായില്ലേ? മുല്ലപ്പൂ കോർത്തുകൊണ്ട് അവൾ പറഞ്ഞു...
അച്ഛനെ നാട്ടിൽ നിർത്തേണ്ടേ?
മ്മ്മ് അവൾ മൂളി
അപ്പൊ പകരം ആരാ ഇനി കുടുമ്പം നോക്കേണ്ടത്?
അവൾ മെല്ലെ തല ഉയർത്തി എന്നെയൊന്നു നോക്കി...
അടുത്ത ആഴ്ച പോകാനുള്ള ഒരു ജോബ് വന്നിട്ടുണ്ട്... ഇനി ഇങ്ങനെ നിന്നാൽ മതിയോ? മ്മ്മ്
അപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത് മുല്ലപ്പൂവിലേക്ക് ഇറ്റു വീഴുന്ന അവളുടെ കണ്ണുനീർ തുള്ളികൾ...
അയ്യേ കരയല്ലേ ദെ പോയി ദാ വന്നു.. ഒരു ലീവ് കിട്ടിയാൽ ഞാൻ പറന്നിങ്ങു വരില്ലേ?
പിന്നെ ഒരു കാര്യം കൂടി പറയാനുണ്ട് അമ്മാവന്റെ മോൻ രതീഷ് അവനോടു ഞാൻ ഗൾഫിൽ പോകുന്ന കാര്യം പറഞ്ഞപ്പോൾ അവൻ എന്നോട് ചോദിച്ചു നീ പോയിട്ട് വരുമ്പോൾ ഞാൻ നിന്നെ അളിയാ എന്ന് വിളിക്കുന്നതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്ന്?
അവൾ എന്നെ വീണ്ടും ഒന്ന് നോക്കി.. ഒന്നും മനസിലായില്ല എന്ന മട്ടിൽ
എടീ മണ്ടീ നിന്നെ അവനിക്ക് കെട്ടിച്ചു കൊടുക്കുമോ എന്ന് !അവൾ ഞെട്ടി എന്നെയൊന്നു നോക്കി... ഞാൻ പറഞ്ഞു നിന്നോട് ചോദിക്കട്ടെ എന്ന്. അതാകുമ്പോൾ നാല് വീട് അപ്പുറത്തല്ലേ?
എനിക്കും ഇവിടിരുന്നു രേണൂ എന്ന് ഉറക്കെ വിളിക്കാമല്ലോ?
അന്ന് ഗൾഫിൽ പോകുന്ന ദിവസം എന്നെ കെട്ടിപ്പിടിച്ചു കുറേ കരഞ്ഞിട്ട് മുറിയിൽ നിന്നും പുറത്തേക്കു ഇറങ്ങാൻ പോയ അവളുടെ നേരെ രതീഷ് വന്നു നിന്നു. ഒന്നും അറിയാത്ത ഭാവത്തിൽ അളിയൻ മുറിയിലേക്ക് കയറാൻ വന്നപ്പോൾ അവൾ പുറകിൽ നിന്നും ഉറക്കെ പറഞ്ഞു അതെ ഏട്ടാ ദെ അളിയൻ വരുന്നുണ്ട് എന്ന്...
തിരിഞ്ഞു അവൻ നോക്കിയത് അവളുടെ മുഖത്തേക്ക്... എല്ലാം അറിഞ്ഞിട്ടും അവൾക്കൊരു ജീവിതം കൊടുക്കാൻ മനസു കാണിച്ച അവനോടു എന്ത് പറയണം എന്നറിയില്ലാരുന്നു...
എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ മനസ്സിലത്രയും അടുത്ത വരവിൽ മുല്ലപ്പൂ ചൂടി നിൽക്കുന്ന പെങ്ങളുടെ മുഖമായിരുന്നു....... ശുഭം
കഥ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്തു 2 വരി അഭിപ്രായങ്ങൾ കുറിക്കണേ....