രചന: സജി തൈപ്പറമ്പ്
ബി എ നല്ല മാർക്കോടെ പാസ്സായിട്ടും ഒരു ജോലിക്ക് ശ്രമിക്കാൻ പോലും സമ്മതിക്കാതെ എടിപിടീന്ന് എന്നെ കല്യാണം കഴിച്ചയച്ചപ്പോൾ എൻ്റെ മാതാപിതാക്കൾക്ക് സമാധാനമായെങ്കിലും പിന്നീട് അതിൻ്റെ ഭവിഷ്യത്ത് മുഴുവൻ അനുഭവിച്ചത് ഞാൻ മാത്രമായിരുന്നു
പുറമേ നോക്കുന്നവർക്ക് എൻ്റെ ജീവിതം സ്വർഗ്ഗതുല്യമായിരുന്നു
നാട്ടിലെ അറിയപ്പെടുന്ന തറവാട്ടിലെ ഏക സന്താനമായിരുന്നു എൻ്റെ ഭർത്താവ്
പോരാഞ്ഞിട്ട് ,അഞ്ചക്ക
ശമ്പളമുള്ള സർക്കാർ ജോലിയും, ദു:സ്വഭാവങ്ങളൊന്നുമില്ല, അതിൽ കൂടുതൽ ഒരു പെണ്ണിന് വേറെന്ത് വേണം?
ഇതൊക്കെ ശരിയാണ് പക്ഷേ
ഞാൻ ഒട്ടും സംതൃപ്ത അല്ലാരുന്നു ,കാരണം, ആ വീട്ടിൽ എല്ലാം അദ്ദേഹത്തിൻ്റെ ഇഷ്ടങ്ങൾ മാത്രമേ നടക്കുകയുള്ളായിരുന്നു അതിനെ ചോദ്യം ചെയ്യാൻ എനിക്ക് അവകാശമില്ലായിരുന്നു,
ചിലപ്പോൾ ദേഷ്യം വരുമ്പോൾ ഞാനെൻ്റെ അനിഷ്ടം പ്രകടിപ്പിച്ചാൽ എന്നോട് പറയുന്നൊരു കാര്യമുണ്ട്
ഇതെൻ്റെ വീട് ,ഞാൻ അദ്ധ്വാനിച്ചുണ്ടാക്കുന്ന കാശ് കൊണ്ട് ,എനിക്കിഷ്ടമുള്ളത് ഞാൻ ചെയ്യും, എൻ്റെ ചിലവിൽ കഴിഞ്ഞിട്ട് നീ എന്നെ ചോദ്യം ചെയ്യാൻ വരേണ്ടെന്ന്?
എനിക്ക് ഇഷ്ടപ്പെട്ടത് എന്തേലും വാങ്ങാനോ എനിക്കെൻ്റെ വീട്ടിലേക്കൊന്ന് പോകാനോ ഭർത്താവിൻ്റെ മുന്നിൽ പലപ്പോഴും ഓശ്ചാനിച്ച് നില്ക്കണമായിരുന്നു
എനിക്കും അദ്ദേഹത്തെപ്പോലൊരു ജോലി ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ നാണംകെട്ട് നില്ക്കേണ്ടി വരില്ലായിരുന്നു, ആ ഒരു ചിന്തയാണ്
ടെസ്റ്റുകൾ എഴുതാൻ എന്നെ പ്രേരിപ്പിച്ചത്
കുറെ നാളത്തെ കഠിന പ്രയത്നത്തിനൊടുവിൽ എനിക്കൊരു സർക്കാർ ജോലി കിട്ടി
അപ്പോയിൻ്റ്മെൻ്റ് ഓർഡർ വന്നപ്പോൾ അത് കീറിക്കളയുമെന്നുമാണ് ഞാൻ പ്രതീക്ഷിച്ചത് പക്ഷേ അങ്ങനെയൊന്നുമുണ്ടായില്ല
ആദ്യ ദിവസം ജോയിൻ്റ് ചെയ്യിക്കാൻ എൻ്റെ കൂടെ വന്നത് അദ്ദേഹമായിരുന്നു
പിന്നീടൊരിക്കലും എനിക്കദ്ദേഹത്തെ ഒന്നിനും ആശ്രയിക്കേണ്ടി വന്നിട്ടില്ല
സത്യത്തിൽ സ്വന്തമായൊരു വരുമാനമുണ്ടായപ്പോൾ എൻ്റെ ആത്മവിശ്വാസം വർദ്ധിച്ചു
ശമ്പളം കിട്ടിത്തുടങ്ങിയപ്പോൾ മുതൽ ഒരു നിശ്ചിത തുക വീട്ടിലെ ചിലവിന് എന്ന് പറഞ്ഞ് ഞാൻ ഭർത്താവിനെ ഏല്പിച്ച് കൊണ്ടിരുന്നു
അത് മറ്റൊന്നുമല്ല ,ഞാനിപ്പോൾ എൻ്റെ സ്വന്തം ശമ്പളം കൊണ്ടാണ് ജീവിക്കുന്നതെന്നും ഒരു കാര്യത്തിനും അങ്ങേരെ ഞാൻ ആശ്രയിക്കില്ലെന്നും അങ്ങേരെ ബോധ്യപ്പെടുത്താനായിരുന്നത്
അതിന് ശേഷം എന്നോടുള്ള അങ്ങേരുടെ സമീപനത്തിന് നല്ല മാറ്റമുണ്ടായിരുന്നു, പഴയത് പോലെ ഒന്നും കല്പിക്കാറില്ല, ആ വീട്ടിൽ നല്ല പരിഗണന കിട്ടുന്നത് പോലെ എനിക്ക് തോന്നി തുടങ്ങി
പിന്നീടങ്ങോട്ട് ഞാൻ വളരെ ഹാപ്പി ആയിരുന്നു
ഇതിനിടയിൽ രണ്ട് പെൺകുട്ടികളുണ്ടായി, അവരെ നന്നായി പഠിപ്പിച്ച് , രണ്ട് പേർക്കും ജോലിയും കിട്ടിക്കഴിഞ്ഞാണ് വിവാഹം കഴിച്ചയച്ചത്
ഇതിനൊക്കെ വന്ന എല്ലാ ചിലവുകൾക്കും ഞാൻ എൻ്റെ വിഹിതം ഭർത്താവിനെ ഏല്പിച്ച് കൊണ്ടിരുന്നു
അങ്ങേരെ ഒരിക്കലും ഏകാധിപതിയാകാൻ ഞാൻ അനുവദിച്ചില്ല
പിന്നെ ഒരു കാര്യം പറയാൻ വിട്ടു പോയി ,ഞങ്ങൾ ഒരേ പ്രായക്കാരായിരുന്നു ,അങ്ങേർക്ക് കേന്ദ്ര സർവ്വീസിലും എനിക്ക് സംസ്ഥാന സർക്കാരിൻ്റെ കീഴിലുമായിരുന്നു ജോലി
അത് കൊണ്ട് തന്നെ ഞാനാണ് ആദ്യം റിട്ടേഡായത്, സത്യത്തിൽ അത് വരെ ഉണ്ടായിരുന്ന എൻ്റെ ആത്മവിശ്വാസമൊക്കെ പെട്ടെന്നാണ് ഇല്ലാതായത്,
കുട്ടികളെ പഠിപ്പിക്കാനും വിവാഹത്തിനുമൊക്കെയായി എടുത്ത ലോണുകൾ ഇനിയും അടഞ്ഞ് തീരാനുണ്ട്
പിരിഞ്ഞപ്പോൾ ഒന്നിച്ച് കിട്ടിയ തുക രണ്ട് പെൺമക്കൾക്കുമായി വീട് വയ്ക്കാൻ സഹായിച്ചു
താമസിച്ച് ജോലിക്ക് കയറിയത് കൊണ്ട് എനിക്ക് സർവീസ് കുറവായിരുന്നു അത് കൊണ്ട് തന്നെ പെൻഷനും തുശ്ചമായതെ കിട്ടു, അത് കൊണ്ട് ഒരു ലോണിൻ്റെ ഇ എം ഐ പോലും അടയ്ക്കാൻ തികയില്ല
ബാക്കിയുള്ള കാശിന് ഞാൻ എവിടെ പോകും ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടാതെ ഞാൻ നിദ്രാവിഹീനയായി കിടന്നു
പിറ്റേന്ന് അടുക്കളയിൽ യാന്ത്രികമായി ജോലി ചെയ്യുമ്പോഴാണ് ഭർത്താവ്
എൻ്റെ അടുത്തേയ്ക്ക് വന്നത്
നിർമ്മലേ,, റിട്ടേഡായി കഴിഞ്ഞ് വീട്ടിൽ വെറുതെയിരുന്നാൽ നീ പെട്ടെന്ന് പ്രായമായി പോകും, അത് കൊണ്ട് ,നീ ചെറിയ എന്തെങ്കിലും ബിസിനസ്സ് തുടങ്ങണം ,
നിനക്കതിനുള്ള ബുദ്ധിയും സാമർത്ഥ്യവുമൊക്കെയുണ്ട്
അത് കേട്ട് ഞാൻ,
പുശ്ചത്തോടെ ചിറി കോട്ടി.
ബിസ്സിനസ്സ് ചെയ്യാൻ ബുദ്ധിയും സാമർത്ഥ്യവും മാത്രം പോര, അതിന് കൈനിറയെ പണവും വേണം
ഓഹ് അതെനിക്കറിയാം ,അത് കൊണ്ട് തന്നെയാണ് അതിനുള്ള സമ്പാദ്യവും ഞാൻ കരുതി വച്ചത്
വേണ്ട നിങ്ങള് തരുന്ന പണം കൊണ്ട് എനിക്ക് ബിസിനസ്സ് ചെയ്യണ്ട, എന്നിട്ട് വീണ്ടും നിങ്ങളുടെ അടിമയായി ജീവിക്കാൻ എനിക്ക് വയ്യ, ഞാൻ വേറെ എന്തേലും വഴി നോക്കി കൊള്ളാം
നിർമ്മലേ, അതെൻ്റെ പൈസയല്ല നിൻ്റെ സ്വന്തം പൈസ തന്നെയാണ് നീ ജോലി കിട്ടിയ നാള് മുതൽ എന്നെ ഏല്പിച്ച് കൊണ്ടിരുന്ന നിൻ്റെ വിഹിതമുണ്ടല്ലോ? അതിൽ നിന്നും ഒരു ചില്ലിക്കാശ് പോലും എടുക്കാതെ ഞാൻ സേവ് ചെയ്ത് വച്ച മുപ്പത് ലക്ഷത്തോളം രൂപയുണ്ട് ,അത് കൊണ്ട് ചെറിയൊരു ബിസിനസ്സ് തുടങ്ങിയാൽ നിൻ്റെ കഴിവ് കൊണ്ട് അതൊരു വലിയ ബിസിനസ്സായി മാറ്റാൻ കഴിയും ,അത് കൊണ്ട് നിൻ്റെ ആഗ്രഹം പോലെ മരണം വരെ നിനക്ക് മറ്റാരെയും ആശ്രയിക്കാതെ ജീവിക്കാൻ പറ്റും
അതെല്ലാം കേട്ട് ഞാൻ അമ്പരന്ന് നിന്നപ്പോൾ ചില കാര്യങ്ങൾ കൂടി അദ്ദേഹം എന്നോട് പറഞ്ഞു
നീ ജോലി നേടി എടുക്കുന്നതിന് മുൻപ് വരെ നിന്നെ ഞാൻ ഒരു പാട് അവഗണിച്ചു പലപ്പോഴും ആക്ഷേപിച്ച് സംസാരിച്ചു നിൻ്റെ ആവശ്യങ്ങളെയും ഇഷ്ടങ്ങളെയും കണ്ടില്ലെന്ന് നടിച്ചു ,ഒക്കെ നിന്നിൽ ഒരു വാശി ഉണ്ടാക്കി എടുക്കാനായിരുന്നു ,നീയൊരു ജോലിക്ക് ശ്രമിക്കാനും അതിലൂടെ നീയൊന്ന് സ്വയം പര്യാപ്തത നേടാനായിരുന്നുമത്, നേരെ മറിച്ച് ഞാൻ നിന്നോട് സ്നേഹത്തോടെ പെരുമാറുകയും നിൻ്റെ ഇഷ്ടാനിഷ്ടങ്ങൾ സാധിച്ച് തരികയും ചെയ്തിരുന്നെങ്കിൽ ഒരിക്കലും നീ സ്വന്തം കാലിൽ നില്ക്കാൻ ശ്രമിക്കാതെ വെറുമൊരു കുടുംബിനിയായി നിൻ്റെ ജീവിതം നീ തന്നെ നമ്മുടെ വീട്ടിൽ തളച്ചിട്ടേനെ
ഇനിയും വേണമെങ്കിൽ നമുക്ക് എൻ്റെ ശമ്പളം കൊണ്ട് മാത്രം ജീവിക്കേണ്ട കാര്യമേയുള്ളു
പക്ഷേ അത് നിനക്ക് വീണ്ടും അപകർഷതാബോധമുണ്ടാക്കും
അത് കൊണ്ട് നിൻ്റെ അഭിമാനം നീ ആർക്കും അടിയറവ് വെയ്ക്കണ്ടാ നീയെന്നും നീയായി തന്നെ ജീവിക്കു ,,
സത്യത്തിൽ ഞാനദ്ദേഹത്തിന് മുന്നിൽ ഒരു പാട് ചെറുതാവുകയായിരുന്നു...