രചന: Aparna Raj
ആവണി..... ഒന്ന് പതിയെ ഓട് പെണ്ണേ....
പിന്നാലെ ഓടി വരുന്ന രേവുവിനെ നോക്കി ചുണ്ട് കോട്ടി കാട്ടി നെഞ്ചിൽ അടക്കി പിടിച്ചിരിക്കുന്ന ചിലങ്കയെ ഒന്നുകൂടി ഇറുകേ പുണർന്നു പാവാടതുമ്പ് തെല്ലുയർത്തി പിടിച്ചു ഓടുമ്പോൾ എത്രയും പെട്ടെന്ന് മനക്കലിന്റെ ഗേറ്റ് കടന്നാൽ മതീന്നായിരുന്നു...
ചെറുതായി പെയ്തുതുടങ്ങിയ ചാറ്റൽ മഴ ശക്തിയാർജിച്ചപ്പോൾ പിന്നാലെ ഓടി വന്ന രേവു തന്നെ കയ്യിൽ പിടിച്ച് വലിച്ചു മരത്താഴേക്ക് പിടിച്ചു നിർത്തി..
നീ എങ്ങടാ പെണ്ണേ ഈ ഓടി കിതച്ചു പോണേ??? ഇവിടെ നിൽക്കു.... ഈ മഴ തെല്ലൊന്ന് അടങ്ങട്ടെ എന്നിട്ട് പോവാം.... ആ ആതിരയൊന്നും ഇറങ്ങിയിട്ട് കൂടിയില്ല....
മരതാഴേക്ക് കേറ്റി നിർത്തുന്നതിനിടയിൽ അവള് പറയുന്നുണ്ടായിരുന്നു.....
മനസ് കാറ്റ് പിടിച്ച പട്ടം പോലെ പറന്നു നടക്കണ കാര്യം ഈ പൊട്ടത്തിക്ക് അറിയില്ലല്ലോ...
പിന്നേ... പിന്നേ... അല്ലെങ്കിൽ തന്നേ ആ ആതിര എന്നാ നേരത്തേ വന്നിട്ടുള്ളേ??? എനിക്ക് വയ്യ ലേറ്റ് ആവാൻ.. നീ വരണെങ്കിൽ വാ.... ഞാൻ പോവാണ്....
ഗൗരവം നടിച്ചു പാവാട തുമ്പെടുത്ത് എളിയിൽ കുത്തി ഓടാൻ തയ്യാറെടുത്ത് പറഞ്ഞു...
ഇല്ലെടി.... നീ നോക്കിയേ... സമയം ആവണേയുള്ളു... മഴ കുറഞ്ഞിട്ടു പോയാൽ മതി...
ഇടത്തെ കയ്യിലെ വാച്ചിന്റെ സൂചിയുടെ ചലനത്തെ ചൂണ്ടി കാട്ടി പെണ്ണ് കട്ടായം പറഞ്ഞു....
ശോ... ഇവിടെ നിന്നാൽ നിന്ന് പോവേയുള്ളു..
നഖം കടിച്ചു പരിഭവിച്ചു കൊണ്ട് പറഞ്ഞു.....
പിന്നിൽ നിന്ന് അവള് അമർത്തി ചിരിക്കണ കേട്ടപ്പോൾ കവിൾ കോട്ടി ചുണ്ട് കൂർപ്പിച്ചു പുറത്തേക്ക് നോക്കി.....
അങ്ങ് ഹിമാലയം കേറാൻ പോയ ആള് ഇന്നലെ രാത്രി അടുപ്പിച്ചു മനക്കല് ലാൻഡ് ചെയ്‌തെന്നറിഞ്ഞപ്പോൾ തൊട്ട് തുടങ്ങിയതല്ലേ ഈ പിടപ്പും ചാട്ടോo...
തോളത്തു കൂടി കയ്യിട്ട് ചിരിച്ചുകൊണ്ടവൾ അത് പറയുമ്പോൾ പരിഭവത്തിന്റെ മുഖപടം അഴിഞ്ഞുവീണ് ഒളിപ്പിച്ചു വച്ച ചിരി ചമ്മലിന്റെ അകമ്പടിയോടെ ചുണ്ടിൽ തട്ടി കവിളിൽ പ്രതിധ്വനിച്ചു...
ഒന്ന് പോയെ രേവു... ഇപ്പോൾ എത്ര നാളായീന്നറിയോ ഹരിയേട്ടൻ പോയിട്ട്??? കണ്ട കാടും മലേം കുന്നും കേറി നടക്കാണ്.... ഹും... ആ പൊട്ടബുള്ളെറ്റെടുത്ത് അമ്പലകുളത്തിൽ കളയണം...
മ്മ്... എന്താ ഒരു ദേഷ്യം... എന്താ ഒരു നാക്ക്... ഇതൊക്കെ മനക്കലെ ഹരിഹര പിഷാരടിയെ കാണുമ്പോൾ എങ്ങോട്ടാ പോണേ??? വായും തുറക്കില്ല കണ്ണും ഉയർത്തില്ല... കണ്ണിന്റെ മുന്നിൽ നിൽക്കുമ്പോൾ നേരെ നോക്കാതെ ആള് കണ്ണിന്റെ മുന്നിൽ നിന്ന് മാറി കഴിയുമ്പോൾ ന്നോട് കാര്യം പറയും.... നിനക്ക് ഭ്രാന്താണ് പെണ്ണേ... പത്തില് പഠിക്കുമ്പോൾ തുടങ്ങിയതാണ് പ്രേമം.....കൊല്ലം അഞ്ചായിട്ടും അറിയേണ്ട ആള് പോലും അറിഞ്ഞിട്ടില്ല... മോശാണ്...
മൂക്കിൽ വിരല് വെച്ച് രേവു പറയുമ്പോൾ സത്യമായത് കൊണ്ടോ എന്തോ ഒന്നും മിണ്ടിയില്ല...
പത്ത് വയസുള്ളപ്പോൾ മുതൽ പോയി തുടങ്ങിയതാണ് മനക്കല് ശ്രീദേവി ടീച്ചറുടെ അടുത്ത് നൃത്തം പഠിക്കാൻ..... രേവൂന്റെ ഇഷ്ടത്തിന് അവള് ചേർന്നപ്പോ പോയി തുടങ്ങിയത്... പിന്നീട് എപ്പോഴാണ് ആ ചിലങ്കയോട് പ്രണയം തോന്നി തുടങ്ങിയതെന്ന് അറിയില്ല....
അന്ന് മുതൽ കണ്ട് തുടങ്ങിയതാണ് മനക്കലെ ഹരിയെ....നേർക്ക് നേരെ കാണുമ്പോൾ ഒരു പുഞ്ചിരി മാത്രം നൽകി കടന്നുപോവുന്ന ആള്...അച്ഛന്റെ അടുത്ത് ചെണ്ടകൊട്ട് പഠിക്കാൻ വരുന്ന അച്ഛന്റെ അരുമ ശിഷ്യൻ...
മനക്കൽ പഠിക്കാൻ വരുന്ന പെൺകുട്ട്യോളെ വായിനോക്കാൻ വരുന്ന കോഴികളുണ്ട്....അവന്മാരെ ഓടിച്ച് ഇടത്തേ കാലിനാൽ മുണ്ടിന്റെ തുമ്പ് തട്ടി മടക്കി കുത്തി മനക്കലിന്റെ വാതിൽ കടന്ന് ഉള്ളിലേക്ക് ആള് പോവുമ്പോൾ അറിയാതെ പോലും ഒരു നോട്ടം അവിടെ കൂടി നിൽക്കുന്ന പെൺകുട്ടികൾക്കിടയിലേക്ക് എത്തിയിരുന്നില്ല....
തേവരുടെ താലത്തിന് മുന്നിൽ ചെണ്ട കൊട്ടി ആള് പോവുമ്പോൾ പരിസരം മറന്ന് ആ താളത്തിൽ ലയിച്ചു നിന്നിട്ടുണ്ട്..... വായനശാലയിൽ പത്രം വായിച്ച് മറ്റുള്ളവരോട് കാര്യം പറഞ്ഞിരിക്കുമ്പോൾ ഒരു കാര്യമില്ലെങ്കിലും ഉള്ളിൽ കയറി ഏതെങ്കിലും പുസ്തകം തുറന്ന് അക്ഷരങ്ങൾക്കിടയിലൂടെ ആ മുഖം മാത്രം നെഞ്ചിൽ നിറച്ചിരുന്നിട്ടുണ്ട്...
ദീപാരാധനയുടെ സമയത്ത് ഇടയ്ക്ക കൊട്ടി ഹരിയേട്ടൻ പാടുമ്പോൾ നടതുറന്ന് നിറദീപത്തിന്റെ പ്രഭയിൽ നിൽക്കുന്ന തേവരെ ഒന്ന് മൈൻഡ് കൂടി ചെയ്യാതെ ആ മുഖത്തേക്ക് കണ്ണുകൾ നട്ട് കൈകൂപ്പി നിന്നിട്ടുണ്ട്....
ഒടുക്കം രേവു കള്ളത്തരം കയ്യോടെ പിടിച്ചപ്പോഴാണ് അതിനെ പ്രണയമെന്ന പേര് ചൊല്ലി വിളിക്കാൻ ആരംഭിച്ചത്.....
അത്രമേൽ പ്രിയപ്പെട്ട ഓർമകളിലേക്ക് രേവു വെള്ളം കുടഞ്ഞപ്പോഴാണ് ബുദ്ധിയും മനസും ഒരു പോലെ പിടഞ്ഞെഴുന്നേറ്റത്... മുഖം തുടച്ച് അവളെ നോക്കുമ്പോൾ ആള് മഴയിലേക്കിറങ്ങി ഓടിയിരുന്നു.....
മനക്കലിന്റെ പടിപ്പുര കടന്ന് അകത്തെത്തിയപ്പോൾ ലേശം നനഞ്ഞിരുന്നു....
ആവണിയേ... ദേ ഇരിക്കണ് പുള്ളിടെ ബുള്ളറ്റ്... കൊണ്ടു പോയി അമ്പലകുളത്തിൽ തട്ടിയാലോ???
കൽമണ്ഡപത്തിലേക്ക് കയറുന്നതിനിടയിൽ രേവു പറഞ്ഞു..
അവളെ നോക്കി ചുറ്റും കണ്ണുകാട്ടി...എല്ലാരും വന്നിട്ടുണ്ട്... ആരേലും കേട്ടാൽ തീർന്നു...
അതിന്റെ ഹാൻഡിലിൽ എന്താടി തോരണമൊക്കെ കെട്ടിവെച്ചിരിക്കണേ???
നിലത്ത് പടഞ്ഞിരുന്ന് ചിലങ്ക കെട്ടുമ്പോൾ ആളുടെ വക അടുത്ത ചോദ്യമെത്തി...
നിഷ്കളങ്കമായ ചോദ്യം കണ്ട് ഒന്ന് നിശ്വസിച്ചു...
എന്റെ രേവൂ.... Ladakh flag ആണ് പെണ്ണേ... അല്ലാതെ തോരണമൊന്നുമല്ല...
തലയിലൊരു കൊട്ട് കൊടുത്തുകൊണ്ട് പറഞ്ഞപ്പോൾ ഇതൊക്കെ എന്തെന്നുള്ള ഭാവത്തിൽ ആള് കിറി കോട്ടി....
ടീച്ചറമ്മ അകത്ത് നിന്ന് വരുന്നത് കണ്ടപ്പോഴേ കല പില നിർത്തി എല്ലാരും നല്ല കുട്ടികളായി തങ്ങളുടെ സ്ഥാനങ്ങളിൽ നിന്നു ...
പുറത്തേക്ക് വരുന്ന ഹരിയേട്ടനെ കണ്ട് ഒരുനിമിഷം കണ്ണുകൾ ആൾടെ മേലെ തന്നെ ഉടക്കി നിന്നു ...നിൽക്കുന്ന സ്ഥലം പോലും മറന്നുപോയെന്നുവേണം പറയാൻ ... ഗേറ്റിന് അടുത്തേക്ക് ആള് നടന്ന് പോവുന്നത്
നോക്കി കണ്ണിമ ചിമ്മാതെ നിന്നു... വായനശാലയിലേക്കാവും.... മനസിലോർത്തു....
നമസ്കരിക്കാനായി അരമണ്ഡലത്തിൽ നിൽക്കുന്ന ദേവു കാഴ്ച കണ്ട് നിൽക്കുന്നവളുടെ തോളിലൊന്ന് തട്ടിയപ്പോഴാണ് ആൾക്ക് സ്ഥലകാല ബോധം വന്നത്....
പ്രാണനാഥനെ നോക്കി നിൽക്കുമ്പോൾ ടീച്ചറമ്മയെ ഓർക്കാൻ മറക്കല്ലേ...
ആവണിക്ക് മാത്രം കേൾക്കാൻ പാകത്തിന് അവള് പറഞ്ഞു
തിരികെ ഒരു ചമ്മിയ ചിരി നൽകുമ്പോൾ മനസ് വീണ്ടും കുസൃതിക്കാരനായ കുട്ടിയായി മാറുകയായിരുന്നു....
ഒളികണ്ണിട്ട് വീണ്ടും പുറത്തേക്ക് നോക്കുമ്പോൾ വിടർന്ന ചുണ്ടുകള് ഒന്ന് കൂർത്തു....മൂക്കിന്റെ തുമ്പ് ദേഷ്യത്താൽ ഒന്ന് ചുവന്നു....
എന്താടി???
അവളിലെ മാറ്റം കണ്ട രേവു ചോദിക്കുന്നതിനോടൊപ്പം മുറ്റത്തേക്ക് ഒന്ന് നോക്കി...
ഏതോ പെൺകുട്ടിയുടെ ചെവിയിൽ പിടിച്ച് ചിരിയോടെ കിഴുക്കുകയാണ് ഹരി... അവളും കൊഞ്ചിക്കൊണ്ട് എന്തൊക്കെയോ പറയുന്നുണ്ട്...
ബലൂൺ പോലെ വീർപ്പിച്ചു വച്ചിരിക്കുന്ന കവിളിൽ രേവുവൊന്ന് കുത്തി...
എന്താ പെണ്ണേ നിന്റെ കുശുമ്പ്...
അടക്കിപ്പിടിച്ച ചിരിയോടവൾ പറയുമ്പോൾ മുഖം ഒന്ന് കൂടി വീർത്തു...
ടീച്ചറമ്മ അപ്പോഴേക്കും മുറ്റത്തേക്ക് ഇറങ്ങി ചെന്ന് ആ പെൺകുട്ടിയെ ചേർത്ത് പിടിച്ചിരുന്നു....
ശൂർപ്പണക... ഹരിയേട്ടനെ കാണുമ്പോൾ എന്താണ് പെണ്ണിന്റെ കൊഞ്ചല്...നിൽക്കണ കണ്ടില്ലേ???
മനസ്സിൽ വന്ന കുശുമ്പ് അവളെ കുറ്റം പറഞ്ഞ് ആവണി തീർത്തു....
ചിരി കടിച്ചു പിടിക്കാൻ കഴിയാതെ അപ്പോഴേക്കും രേവു വാ പൊത്തിയിരുന്നു....
നീ ആ പല്ല് കടിച്ചു പൊട്ടിക്കല്ലേ പെണ്ണേ... നിന്റെ ഹരിയേട്ടന്റെ അമ്മാമ്മയുടെ മോളാണ് ലക്ഷ്മി..... മുറപ്രകാരം നോക്കിയാൽ മുറപ്പെണ്ണ്.... അവള് കേറി അങ്ങേരെ പ്രേമിച്ചാലും നമുക്ക് കുറ്റം പറയാൻ പറ്റില്ലല്ലോ...
രേവു പറയുമ്പോൾ മുഖം മങ്ങി....
പിന്നേ... പിന്നേ.... ഹരിയേട്ടന് അവള് അനിയത്തിയെ പോലെയാ... എനിക്ക് അറിയാലോ... അവളാണ് അതൊന്നും നോക്കാതെ കൊഞ്ചാനും കൊഴയാനും ചെല്ലണേ...
രേവുവിനോട് പറയുന്നതിനൊപ്പം മനസിനെയും അങ്ങനെ പറഞ്ഞ് പഠിപ്പിക്കുകയായിരുന്നു....
🍁🍁🍁🍁🍁🍁🍁🍁🍁🍁
രാവിലെയുള്ള അമ്പലത്തിൽ പോക്കും വൈകുന്നേരം കോളേജ് വിട്ട് വരുന്ന വഴിക്ക് ഇല്ലാത്ത കാരണങ്ങളുണ്ടാക്കി കവലയിലെ ഓരോ കടയിലും കയറി ഇറങ്ങുന്നതുമെല്ലാം ആളെ കാണാൻ വേണ്ടി മാത്രമായിരുന്നു...
അറിയാതെ പറയാതെ പ്രണയിക്കുന്നത് ഒരു സുഖം തന്നെയാണ്.... വീടിന്റെ മുന്നില് കൂടി കുടു കുടു ശബ്ദത്തിൽ ഹരിയേട്ടന്റെ വണ്ടി പോവുമ്പോൾ എവിടെയാണെങ്കിലും ഓടി മുന്നിലെത്തും... കിതപ്പോടെ നോക്കി നിൽക്കുമ്പോൾ ആളൊരു ദേശം പറ്റീട്ടുണ്ടാവും....
അച്ഛനെ കാണാൻ വീട്ടിൽ വരുമ്പോഴേല്ലാം കിട്ടാറുണ്ട് ആ പതിവ് പുഞ്ചിരി.... എല്ലാവരുടെ മുന്നിലും നാവാടിയായ അവള് അവന്റെ മുന്നിലെത്തുമ്പോൾ മിഴി താഴേക്ക് ഊന്നും....
രണ്ട് വാക്കിൽ അവൻ എന്തെങ്കിലും ചോദിക്കുമ്പോൾ മൂളലിലോ ആംഗ്യത്തിലോ അകത്തേക്ക് വലിയും....
ഉമ്മറത്തെ ചാരുബെഞ്ചിലിരുന്ന് അവര് സംസാരിക്കുമ്പോൾ എപ്പോഴും കല പില കൂട്ടുന്ന പാദസ്വരങ്ങളെ ശാസിച്ചു നിശബ്ദരാക്കി കുഞ്ഞുജനലിലൂടെ നോക്കി നിൽക്കും.... പ്രണയം കവിളിൽ ചാലിച്ച നാണത്തോടെ....
🌼🌼🌼🌼🌼🌼🌼🌼🌼🌼
രേവൂനേം കൂട്ടി നേരത്തേ തന്നെ മനക്കൽ എത്തിയിരുന്നു.... മറ്റു കുട്ടികൾ വരുന്നതേയുള്ളു... അഷ്ടമി രോഹിണിക്കാണ് ഇവിടുത്തേ തേവരുടെ ഉത്സവം...അതിന്റെ തയ്യാറെടുപ്പിലാണ് എല്ലാവരും....
പാട്ടുകളുടെ പെൻഡ്രൈവ് ടീച്ചറേ ഏൽപ്പിക്കാൻ വീടിന്റെ ഉള്ളിലേക്ക് പോയതാണ് ആവണി... ചിരിയോടെ ഓടിയിറങ്ങി വരുന്ന ലക്ഷ്മി ആവണിക്ക് മുന്നില് എത്തിയപ്പോൾ ബ്രേക്ക് ഇട്ടത് പോലൊന്ന് നിന്നു....
ആവണിയേ നോക്കി നിന്ന് പരുങ്ങിയ ശേഷം ആളൊന്ന് ചിരിച്ചു... സംശയത്തോടെ അവളെയൊന്ന് നോക്കി ഒരു ചിരി അവൾക്ക് പകരം ആവണിയും നൽകി...
ടീച്ചറമ്മ എവിടെ??? മോളിലുണ്ടോ???
ലക്ഷ്മിയോടായി അവള് ചോദിച്ചു.....
ആഹ്...
അത്രമാത്രം പറഞ്ഞ് ധൃതിയിൽ അവള് താഴേക്ക് ഓടുമ്പോൾ സംശയത്തോടെ തന്നെ നോട്ടം മാറ്റാതെ തിരിഞ്ഞു നോക്കിയാണ് മുകളിലേക്ക് കയറിയത്...
ദേഹത്തേക്ക് എന്തോ വന്ന് മുട്ടുന്നത് കണ്ട് അങ്ങോട്ട് നോക്കിയപ്പോഴേക്കും ശരീരം പിന്നിലേക്ക് ചാഞ്ഞിരുന്നു....
പിന്നിലൂടെ കൈ ചേർത്ത് ആരോ നെഞ്ചോട് അടുപ്പിക്കുമ്പോൾ ഒരു നിമിഷം അവളും പകപ്പോടെ ആ നെഞ്ചിൽ കൈ ചേർത്തിരുന്നു.... ശ്വാസമൊന്ന് നേരെ വീണപ്പോഴാണ് കണ്ണ് തുറന്ന് അകന്ന് മാറി മുന്നില് നിൽക്കുന്നവനെ നോക്കിയത്...
അത്.... അത് പിന്നേ... ഞാൻ ഓടി വന്നപ്പോൾ.. നോക്കിയില്ല.... വീഴാൻ പോയപ്പോ... കണ്ടില്ല....
തൊട്ട് മുന്നില് പ്രിയപ്പെട്ടവൻ നിൽക്കുന്നത് അറിഞ്ഞിട്ടോ എന്തോ നെഞ്ച് കിടന്ന് പിടക്കുകയാണ്....
അവളെ നോക്കി ഗൗരവത്തോടെ നിൽക്കുന്ന ഹരിയെ നോക്കിയവൾ പറഞ്ഞൊപ്പിച്ചു....
അവന്റെ നോട്ടം താഴേ വീണ് കിടക്കുന്ന ബുക്കിലേക്ക് പോയപ്പോ കുനിഞ്ഞതെടുത്ത് ആൾക്ക് നേരെ നീട്ടി....അവൻ അത് കൈനീട്ടി വാങ്ങുമ്പോൾ ആ വിരലുകളിലൊന്നിൽ അറിയാതെ തൊട്ടിരുന്നു...
വഴിയിൽ നിന്ന് മാറാതെ താഴേക്ക് നോക്കി ആലോചനയോടെ നിൽക്കുന്നവളോട് അവൻ തിരക്കി...
എന്താ???
പുരികം പൊക്കിയവൻ തിരക്കുമ്പോൾ കണ്ണുകൊണ്ടുള്ള പരതൽ നിർത്തി അവള് ഉത്തരം നൽകി...
അത് പെൻഡ്രൈവ്... എന്റെ കയ്യിലെണ്ടായിരുന്നു...വീഴാൻ പോയപ്പോൾ കയ്യീന്ന് പോയി... കാണുന്നില്ല..
കയ്യിലിരിക്കുന്ന പുസ്തകം മേശമേൽ വെച്ച് ആള് മുക്കും മൂലയും പരതുമ്പോൾ ഒളിക്കണ്ണിട്ടവൾ അവനെ നോക്കി.... കളഞ്ഞുപോയത് കിട്ടാതെയിരുന്നെങ്കിൽ.. അവള് ആഗ്രഹിച്ചു....
തന്നെ തിരിഞ്ഞു നോക്കുന്ന ആളെ കണ്ട് വെപ്രാളത്തിൽ അന്വേഷണം തുടരുന്നത് പോലെ കാട്ടികൂട്ടുമ്പോഴാണ് കാറ്റടിച്ചു പുസ്തകത്തിന്റെ താളുകൾ മറിഞ്ഞത്......
അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേത് സ്വർഗം വിളിച്ചാലും...
ഉരുകി നിന്നാത്മാവിൻ ആഴങ്ങളിൽ
വീണു പൊലിയുമ്പോഴാണെന്റെ സ്വർഗം.....
-നിന്റെ മാത്രം ലക്ഷ്മി....
കണ്ടത് വിശ്വസിക്കാൻ കഴിയാതെ സ്തംഭിച്ചു നിൽക്കുമ്പോൾ പിന്നിൽ നിന്നും ടീച്ചറമ്മയുടെ വിളി വന്നു...
പെൻഡ്രൈവ് എവിടെ ആവണി???
ചോദ്യഭാവത്തിൽ നിൽക്കുന്ന ആൾക്ക് നേരെ നിശബ്ദമായി നോക്കുമ്പോൾ തൊണ്ടക്കുഴിയിൽ വന്ന് നിൽക്കുന്ന ഗദ്ഗദം പുറത്തേക്ക് ചാടനായി വെമ്പൽ കൊള്ളുകയായിരുന്നു.....
കണ്ടെടുത്ത പെൻഡ്രൈവ് തനിക്ക് നേരെ നീട്ടുമ്പോൾ ആ മുഖത്തേക്ക് അറിയാതെ പോലും നോക്കിയില്ല....
ഓടി പടികൾ ഇറങ്ങുമ്പോൾ രേവൂന്റെ അടുത്തെത്തിയാൽ മതിയെന്നേയുണ്ടായിരുന്നുള്ളു....
അവളെ പിടിച്ചു വലിച്ചു കുളപ്പടവിലേക്ക് ഓടി... അവളുടെ നെഞ്ചിലേക്ക് വീണ് പതം പറഞ്ഞ് കരയുമ്പോൾ ആശ്വസിപ്പിക്കാനെന്ന പോലെ മുടിയിൽ അവള് തഴുകുന്നുണ്ടായിരുന്നു.....പറഞ്ഞാശ്വസിപ്പിക്കാൻ ഒന്നുമില്ലാത്തതിനാലാവാം അവളും മൗനം പാലിച്ചു...
ആരും പറയാതെ അറിയാതെ പോയ ഒരിഷ്ടം അത്രയല്ലേയുള്ളു ആവണി..നീ ഇങ്ങനെ വിഷമിച്ചിരിക്കല്ലേ പെണ്ണേ....എല്ലാം മറന്ന് കളയ്....
രേവു പറഞ്ഞ വാക്കുകളാണ്.....
അതേ.... ആരും പറയാതെ പറയേണ്ട ആളോട് പോലും തുറന്നു പറയാതെ മൗനമായി ഉള്ളിൽ കൊണ്ടുനടന്നത് താനാണ്... ഇനിയും ആരും ഒന്നുമറിയണ്ട....
പിന്നീടുള്ള ദിവസങ്ങളിലെല്ലാം മനക്കലേക്കുള്ള പോക്ക് പാടേ ഒഴിവാക്കി.....പല ദിനങ്ങളിലും ഉള്ളിലെ സങ്കടം ദേഷ്യമായാണ് പുറത്തേക്ക് വന്നത്...
അമ്പലത്തിൽ നിന്ന് തൊഴുത് പുറത്തേക്കിറങ്ങുമ്പോഴാണ്
ടീച്ചറും ഹരിയും കൂടി വരുന്നത് അവള് കണ്ടത്.... ഒഴിഞ്ഞുമാറാൻ കഴിയില്ലായിരുന്നു.... രണ്ട് പേരും അത്ര അടുത്തെത്തിയിരുന്നു...
നീ എന്താണ് കുട്ടി പ്രാക്ടീസിന് വരാത്തേ??? ഇപ്പോ ആഴ്ച ഒന്നായി... നല്ല അടി വേണോ നിനക്ക്???
ചെവിയിൽ പിടുത്തമിട്ട് ടീച്ചറ് ചോദിക്കുമ്പോൾ വാടിയ ചിരിയൊന്ന് പകരം നൽകി...
നാളെ മുതൽ വരാമെന്ന് വാക്കും കൊടുത്തു.... തിരിഞ്ഞ് നടക്കുമ്പോൾ അറിയാതെ പോലും ആ മുഖത്തേക്കൊന്ന് നോക്കിയില്ല..
രേവൂന്റെ വീട്ടിൽ പോയി തിരിച്ചു വരുമ്പോൾ കണ്ടു അച്ഛനോട് സംസാരിച്ചു ചാരുബെഞ്ചിൽ ഇരിക്കുന്ന ഹരിയേട്ടനെ....
എന്നെ കണ്ടപ്പോൾ ആ മുഖമൊന്നു തിളങ്ങിയോ???
സംശയത്തോടെ നിൽക്കുമ്പോഴാണ് പിന്നിൽ നിന്നും ലക്ഷ്മിയുടെ വിളി ഉയരുന്നത്....
സംശയം ഉള്ളിൽ തീർത്ത സന്തോഷത്തെ പാടേ അണച്ചുകൊണ്ട് മുന്നിലേക്ക് ലക്ഷ്മി വന്ന് നിന്നു...
ഞാൻ കൃഷ്ണന്റെ അമ്പലത്തിൽ പോവാണ്.... ഹരിയേട്ടനും കൂട്ട് വരും... നീയും വാ..
കയ്യിൽ പിടിച്ചവൾ പറയുമ്പോൾ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് ഹരിയേട്ടനും നടന്നു അടുത്തെത്തിയിരുന്നു...
നിങ്ങള് രണ്ടാളില്ലേ... നിങ്ങൾക്ക് കൂട്ടിനെന്തിനാ ഇനി വേറെ ഒരാള്..... ഞാൻ വരണില്ല...
അറുത്തുമുറിച്ച് പറഞ്ഞു തീർത്തു നടക്കുമ്പോൾ ലക്ഷ്മിയെ മനസ്സിൽ പ്രാകാനും മറന്നില്ല...
കുറച്ച് ദിവസായല്ലോ നിനക്ക് തൊടങ്ങീട്ട്....ആ കുട്ടീടെ കൂടെ പൊയ്‌ക്കൂടായിരുന്നോ നിനക്ക് ??? അറുത്തുമുറിച്ച് ഒരു പറച്ചില്.. കൊറച്ചു കൂടണുണ്ട് പെണ്ണിന്...ഒന്നെയുള്ളല്ലോന്ന് കരുതി പുന്നാരിക്കുമ്പോൾ അഹമ്മതിയും നിഷേധിത്തരവും കൂടി വരാണ്...
ദേഷ്യത്തിൽ അമ്മ പറയുമ്പോൾ അത് വകവെക്കാതെ അകത്തേക്ക് നടന്നു....
രേവതിയല്ലേ നാള്..... ഏഴ് നാഴികയിൽ എഴുപത് ശീലമാണ്...
പിന്നിലിരുന്ന് അച്ഛമ്മ പറയുന്ന കേട്ട് ആളെയൊന്ന് കൂർപ്പിച്ചു നോക്കി....
മുകളിൽ മുറിയിലെത്തി ജനലിലൂടെ നോക്കുമ്പോൾ കണ്ടു ഹരിയേട്ടന്റെ വണ്ടീടെ പിന്നിൽ കയറുന്ന ലക്ഷ്മിയെ..
ആ കാഴ്ചയ്ക്ക് നേരെ ജനല് കൊട്ടിയടച്ചിട്ടും മനസ് അങ്ങനെ മലർക്കേ തുറന്ന് തന്നെ കിടന്നു....വീശിയടിച്ച കിഴക്കൻ കാറ്റിൽ നഷ്ടബോധത്തിന്റെ ജനൽ വാതിലുകൾ മുറിവേറ്റ പ്രണയനിയുടെ മനസ്സിൽ വന്ന് ആഞ്ഞടിച്ചു നൊമ്പരം ഉണർത്തികൊണ്ടേയിരുന്നു....
💦💦💦💦💦💦💦💦💦💦
മധുരാപുരി സധന മൃദു വദന
മധുസൂദന ഇഹ
സ്വാഗതം കൃഷ്ണ
ശരനാഗതം കൃഷ്ണ
മധുരാപുരി സധന
മൃദു വദന
മധുസൂദന ഇഹ
സ്വാഗതം കൃഷ്ണ
ശരനാഗതം കൃഷ്ണ......
കൽമണ്ഡപത്തിനെ കുളിർപ്പിച്ചു മഴ നൂലുകൾ താഴേക്ക് പൊഴിഞ്ഞു കൊണ്ടിരിക്കുകയാണ്.... മ്യൂസിക് സിസ്റ്റത്തിലൂടെ കൃഷ്ണ സ്തുതി ആ മഴന്നൂലിലേക്ക് കൊരുത്തിടുന്നത് മെയ്വഴക്കത്തോടെ നൃത്തം ചെയ്യുന്ന ഓരോ നർത്തകിമാരുടെയും മനസിനെ കൂടിയാണ്....
ആവണീ....
ടീച്ചറുടെ ശബ്ദം ദേഷ്യത്തിന്റെ അകമ്പടിയോടെ അവിടം പ്രതിധ്വനിച്ചു....
എല്ലാവരുടെയും കണ്ണുകൾ തന്നിലേക്ക് നീളുന്നത് കണ്ട് അവള് ജാള്യതയോടെ മുഖം താഴ്ത്തി...
കുറച്ച് നേരായി ഞാൻ ശ്രെദ്ധിക്കുന്നു.... എവിടെയാണ് നിന്റെ മനസ്??? നേരെ ചൊവ്വേ ക്ലാസ്സില് വരില്ല.... വന്നാല് പാകം ഇതാണ്... മെയ്യും മനസും ഒരുപോലെ ഇവിടെ നിർത്താംന്ന് ഉണ്ടെങ്കിൽ മതി... അങ്ങോട്ട് മാറി നിൽക്ക്....
ദേഷ്യം വന്നാല് ടീച്ചറ് ഇങ്ങനെയാണ്.... യാതൊരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ട... ഒരുപാട് കുട്ടികളോട് ഇങ്ങനെ ദേഷ്യപ്പെടുന്നതും കണ്ടിട്ടുള്ളതാണ്.. പക്ഷേ ഇങ്ങനെ ഒരു അനുഭവം ആദ്യമായതിനാലോ... ഉള്ളില് വേറെ നോവ് ഉണങ്ങാതെ കിടക്കുന്നതിനാലോ കുമ്പിട്ടു നിന്ന കണ്ണുകളിലൂടെ മിഴി നീര് കരിമഷി യെ മായ്ച്ചു ഒഴുകിയിറങ്ങി....
ആരേയും മുഖമുയർത്തി നോക്കാതെ തൊട്ട് വണങ്ങി താഴേക്ക് ഇറങ്ങി നിൽക്കുമ്പോൾ അവളുടെ സ്ഥാനത്തേക്ക് ലക്ഷ്മിയെ കയറ്റി ഇതിനോടകം ടീച്ചറ് നിർത്തിയിരുന്നു.... അത് കൂടി കണ്ടപ്പോൾ സങ്കടം സഹിക്കാൻ കഴിഞ്ഞില്ല...രേവു എന്തൊക്കെയോ ആംഗ്യം കാണിക്കുന്നുണ്ട്....
രേവതിക്കും പോണോ കൂട്ടുകാരിക്കൊപ്പം....???
ഗൗരവത്തിലുള്ള ടീച്ചറുടെ ചോദ്യമെത്തി....
നിഷേധാർത്ഥത്തിൽ ടീച്ചറേ നോക്കി തല ചലിപ്പിച്ചവൾ ആവണിയേ നോക്കി.... അവളെ നോക്കി കണ്ണടച്ച് കാണിച്ചു ആവണി..
അപ്പോഴും മിഴിനീര് തോരാതെ പെയ്യുന്നുണ്ടായിരുന്നു.....മുഖം തുടച്ച് വെറുതേ മുകളിലേക്ക് നോക്കിയപ്പോൾ കണ്ടു എന്നും അടഞ്ഞു കിടക്കുന്ന അവന്റെ മുറിയിലെ ജാലകം തുറന്ന് കിടക്കുന്നത്.... ജനാലവിരികൾ മഴക്കാറ്റുമായി കൂട്ടുകൂടുന്നത്....
കളിക്കുന്നതിനിടയിൽ പലരുടെയും നോട്ടം കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന തന്റെ നേരെയാണെന്ന് മനസിലായപ്പോൾ ആസ്വസ്ഥതയോടെ മുഖം അമർത്തി തുടച്ചു.... പരിഭവത്തോടെ ടീച്ചറെയൊന്ന് നോക്കി.. തന്നെയൊന്ന് ശ്രദ്ധിക്കുന്നു കൂടിയില്ല.....
ചിലങ്ക ഊരി കയ്യിലെടുത്ത് മുറ്റത്തേക്ക് ഇറങ്ങുമ്പോൾ ചാറ്റൽ മഴയെ പെയ്യുന്നുണ്ടായിരുന്നുള്ളൂ....
രണ്ട് ചുവട് വെച്ചപ്പോഴേ മഴയുടെ ശക്തി കൂടി... നനഞ്ഞാലും സാരില്ല ഇനിയങ്ങോട്ട് തിരിച്ചു പോവില്ലെന്ന് ഉറപ്പിച്ച് ഓടുമ്പോഴാണ് മനക്കൽക്കാരുടെ യക്ഷന്മാരെയും ഗന്ധർവ്വൻമാരെയും സർപ്പങ്ങളേയും ഇരുത്തിയിരിക്കുന്ന കാവിൽ നിന്നൊരു കൈ വന്ന് കയ്യിൽ പിടിച്ച്
മതിൽക്കെട്ടിനുള്ളിലേക്ക് വലിച്ചത്....
"പഠിക്കാൻ പോവുന്നതൊക്കെ കൊള്ളാം കുട്ടി... ഗന്ധർവ്വൻമാരും യക്ഷന്മാരുമുള്ള കാവാണ്.. ഒറ്റയ്ക്ക് സന്ധ്യനേരത്ത് ആ വഴി വരരുത്... കന്യകമാരെ കണ്ടാല് അവര് പിന്നാലെ കൂടും......."
ഭീതിയോടെ കണ്ണുകൾ അടയ്ക്കുമ്പോൾ ചെവിയിൽ മുഴങ്ങിയത് അച്ഛമ്മ പണ്ടെങ്ങോ പറഞ്ഞ വാചകങ്ങളാണ്....
മഴ തുള്ളികൾ ഉടലിനെ പുണർന്നു കുളിർപ്പിക്കുമ്പോഴും സുഖമുള്ളൊരു ചൂട് ശരീരത്തിനെ പൊതിയുന്നത് അവള് അറിയുന്നുണ്ടായിരുന്നു..
കവിളിണകളിൽ ആരോ തലോടുന്നത് അറിഞ്ഞതും കണ്ണ് തുറക്കാതെ തല ഇരു ഭാഗങ്ങളിലേക്കും നിഷേധഭാവത്തിൽ ചലിപ്പിച്ച് പേടിയോടെയവൾ "അർജുനൻ പത്ത്...അർജുനൻ പത്ത് എന്ന് ഉരുവിടുന്നുണ്ടായിരുന്നു.....
അത് കേട്ട് മുന്നില് നിൽക്കുന്ന ആള് അറിയാതെ ചിരിച്ചു പോയി....
എന്നെ ഒന്നും ചെയ്യല്ലേ ഗന്ധർവാ... ഞാനൊരു പാവാണ്.....
തൊഴുകയ്യോടെ കിടുകിടാ വിറച്ച് ആളത് പറയുമ്പോൾ ചെറു ചിരി പൊട്ടിചിരിക്ക് വഴിമാറിയിരുന്നു..
പരിചയമുള്ള ചിരിയുടെ ശബ്ദം കേട്ട് ഇല്ലാത്ത ധൈര്യം സംഭരിച്ച് കണ്ണ് തുറക്കുമ്പോൾ മുന്നില് നിൽക്കുന്ന ഹരി വയറു പൊത്തി പിടിച്ചു നിന്ന് ചിരിക്കുകയാണ്....
പെട്ടെന്ന് വന്ന ദേഷ്യത്തിൽ പല്ല് കടിച്ച് കണ്ണുരുട്ടി അവനെ നോക്കുമ്പോൾ ഹരിയുടെ ചിരി ഒന്നുകൂടെ കൂടിയതേയുള്ളു...ഒരു നാണംകെടല് കഴിഞ്ഞു വന്നേയുള്ളു... അപ്പോൾ ദേ അതിലും ഭീകരമായ മറ്റൊന്ന്.... അതും ബെസ്റ്റ് ആൾടെ മുന്നില്....
ദേഷ്യത്തിൽ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും കയ്യില് പിടിച്ചു വലിച്ചു കാവിന്റെ ചെങ്കൽ മതിലിലേക്ക് ചേർത്ത് നിർത്തി.... കൈ വിടുവിപ്പിക്കാൻ ഒന്ന് കുതറി നോക്കി... പിടി മുറുകിയതല്ലാതെ അയഞ്ഞില്ല....
പുറത്തൂടെ ആരോ പോവുന്നത് കേട്ട് ഒച്ചയിടാനായി വാ തുറക്കാൻ പോയതും അവളുടെ നീക്കം മനസിലായത് പോലെ ഹരിയുടെ കൈകൾ അവളുടെ വായേ മൂടി....
കാലടി ശബ്ദം ദൂരേക്ക് പോയതും അവൻ കൈകൾ എടുത്തു മാറ്റി.....
അപ്പോഴേക്കും പ്രതിഷേധമെന്ന പോലെ ആവണിയുടെ പല്ലുകൾ ആ കൈവെള്ളയിൽ പാടുകൾ വീഴ്ത്തി കഴിഞ്ഞിരുന്നു....
ചെണ്ട കൊട്ടി തഴമ്പിച്ച കൈകൾക്ക് അതൊന്നും ഏറ്റത് കൂടിയില്ല.....
ഇരു തോളിലും കൈ വച്ച് തള്ളി മാറ്റുമ്പോൾ അവളും കിതച്ചു പോയിരുന്നു....
എന്ത് തോന്ന്യസമാണ് ഇയാള് ഈ കാണിക്കണേ???
ദേഷ്യത്തിൽ വിരല് ചൂണ്ടി ചോദിക്കുമ്പോൾ അവളുടെ മൂക്കിൻ തുമ്പ് ദേഷ്യം കൊണ്ട് വിറച്ചു....
ഇനിയും കാണിക്കും.... ഇഷ്ടമുള്ളപ്പോഴൊക്കെ... നീ എന്ത് ചെയ്യും???
ചൂണ്ടിയ വിരലിൽ പിടിച്ച് കൂസലില്ലാതെ ഹരി ചോദിക്കുമ്പോൾ ആവണിയുടെ കണ്ണൊന്നു മിഴിഞ്ഞു.....
കാണിച്ചു നോക്ക് അപ്പോ ഇയാള് അറിയും വിവരം... ഞാൻ ടീച്ചറമ്മയോടും അച്ഛനോടും പറഞ്ഞു കൊടുക്കും... പറഞ്ഞില്ലാന്നു വേണ്ട....
തന്റെ മുന്നില് മാത്രം മിണ്ടാപൂച്ചയായി നിന്നവൾ വായാടിയാവുന്നത് കണ്ട് അവന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു...
ദേഷ്യത്തിൽ പറഞ്ഞ് തിരിയുമ്പോൾ വീണ്ടും പിടിച്ചു വലിച്ചവൻ മതിലോട് ചേർത്തിരുന്നു...
കോപത്താൽ ചുവന്ന മുഖമുയർത്തി അവനെ നോക്കുമ്പോൾ മഴയുടെ ശക്തിയങ് കൂടിയിരുന്നു..... അവന്റെ മുടിയിഴകളിലൂടെ ഊർന്നു വീഴുന്ന വെള്ളതുള്ളികൾ ആവണിയുടെ മൂക്കുത്തിയിൽ തട്ടി അധരങ്ങളെ പുണർന്നു താഴേക്ക് വീണു കൊണ്ടേയിരുന്നു......
മിഴികൾ തമ്മിലിടഞ്ഞപ്പോൾ ആവണി തന്നെ നോട്ടം മാറ്റി....
എന്താടി??? ഇപ്പോൾ എവിടെ പോയി നിന്റെ ദേഷ്യവും ശൗര്യവും??? ഹ്മ്മ്???
തൊട്ടടുത്ത് നിന്ന് മൂക്കുത്തിയില് തട്ടി ഹരി ചോദിക്കുമ്പോൾ ആവണി മിഴികൾ താഴ്ത്തി.....
അവന്റെ ചുണ്ടില് വിരിഞ്ഞ കുസൃതി ചിരിയുടെ അർത്ഥം ഗ്രഹിക്കാൻ കഴിയാതെ മരവിച്ച കണക്കെ നിന്നുപോയി അവള്...
മുന്നില് ഞാൻ വന്ന് നിന്നാല് കണ്ണുയർത്തി ഒരു നോട്ടം നോക്കാതിരിന്ന പെണ്ണാണ്... അടുത്തെങ്ങാനും വന്ന് ഒരു കൂട്ടം ചോദിച്ചാൽ മൂളലിലും ആംഗ്യത്തിലും ഉത്തരം തന്ന് ഓടി മറഞ്ഞിരുന്ന പേടിത്തൊണ്ടി.... ആ നിനക്ക് ഇത്ര ധൈര്യമൊക്കെ ഉണ്ടോ??? കൊള്ളാല്ലോ....
മിണ്ടാട്ടം മുട്ടിയ പോലെ വായും പൊളിച്ചു അത്ഭുതത്തോടെ അമ്പരപ്പോടെ അവനെ നോക്കി നിൽക്കുമ്പോൾ കപടഗൗരവത്തോടെയവൻ പറഞ്ഞു....
ദേവിയമ്മേടെ കൈ പിടിച്ച് മനക്കലേക്ക് നൃത്തം പഠിക്കാൻ വരുന്ന ആ പത്തുവയസുകാരിയോട് ആ പതിനഞ്ചു വയസുകാരന് ഏത് നാളിലാണ് പ്രണയം തുടങ്ങിയതെന്ന് ഇന്നും അറിയില്ലാ...
കൊട്ടിന്റെ ശബ്ദം ഉയരുമ്പോഴും താളം മുറുകുമ്പോഴും വീടിന്റെ അകത്തളങ്ങളിൽ നിന്നുയരുന്ന നിന്റെ ഈ പാദസ്വരത്തിന്റെ കിലുക്കം ഈ കാതുകൾ വേർതിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞാൽ നീ വിശ്വസിയ്ക്ക്യോ???
ഒടുവിൽ ആരും പറയാതെ തന്നെ നിന്റെ കണ്ണുകളിലെ പ്രണയം ഞാൻ വർഷങ്ങൾക്ക് മുന്നേ കണ്ടെത്തിയിരുന്നെന്ന് പറഞ്ഞാൽ സമ്മതിച്ചു തരുവോ നീ???
തേവരുടെ മുന്നില് ഇടയ്ക്ക കൊട്ടി പാടുമ്പോൾ എന്റെ നേരെ നീളുന്ന നിന്റെ പല നോട്ടങ്ങളും കണ്ണടച്ച് കൊട്ടി പാടുമ്പോഴും ഞാൻ അറിഞ്ഞിരുന്നു പെണ്ണേ....
എല്ലാവരോടും വായാടിത്തരം പറഞ്ഞ് ചാടി തുള്ളി നടക്കുന്ന നീ എന്റെ മുന്നില് മാത്രം നാവിറങ്ങി തൊട്ടാവാടിയായി നിൽക്കുമ്പോൾ, തൊട്ടടുത്ത് നിൽക്കുമ്പോൾ മുഖമുയർത്തി നോക്കാതെ ആ കുഞ്ഞു ജനലിലൂടെ എന്നെ ഒളിഞ്ഞു നോക്കുമ്പോൾ, കൽമണ്ഡപത്തിൽ സ്വയം മറന്നാടുമ്പോൾ പല നോട്ടങ്ങൾ മുകളിലെ ജനലിലേക്ക് പല കുറി നീ എയ്യുന്നത്..... അങ്ങനെ അങ്ങനെ.....
ഹരി ഓരോന്ന് എണ്ണിപെറുക്കി പറയുമ്പോൾ സന്തോഷം കൊണ്ടോ മറ്റോ കവിളിനെ പുണർന്നു രണ്ട് തുള്ളി കണ്ണീർ ഒഴുകിയിറങ്ങി.....
ആ കണ്ണീരിനെ ചൊടികളാൽ കവരാൻ അവൻ മുതിരുമ്പോഴേക്കും കൈകൾ ഉയർത്തി അവള് അവന്റെ ചുണ്ടുകളെ പൊത്തിയിരുന്നു.....
അപ്പോൾ ലക്ഷ്മിയോ???
കണ്ണ് കൂർപ്പിച്ചു സംശയത്തിൽ ചോദിക്കുമ്പോൾ ചെവിയിൽ അവന്റെ പിടി വീണിരുന്നു.....
നിനക്ക് ഇത് ഞാൻ ഓങ്ങി വച്ചിരിക്കായിരുന്നു..... നീയായിട്ട് തന്നെ ഓർമിപ്പിച്ചത് നന്നായി....
ചെവിയില് പിടിച്ച് കിഴുക്കി കൊണ്ടവൻ പറഞ്ഞു....
കണ്ടവരുടെ ബുക്കിനി തുറന്ന് നോക്കോ നീ??? അത് പോട്ടേ കാര്യമെന്താണെന്ന് പോലും തിരക്കാതെ ചാടി തുള്ളി മോങ്ങി കൊണ്ട് അവളുടെ ഒരു പോക്ക്.....
അത്രയും പറഞ്ഞവൻ ചെവിയിൽ നിന്ന് കയ്യെടുത്തു..
അപ്പോൾ നിന്റെ സ്വന്തം ലക്ഷ്മീന്ന് അതിലെഴുതിയത് ഞാൻ വായിച്ചതാണല്ലോ....
കിഴുക്ക് കിട്ടിയ ചെവി തടവി നിന്ന് സ്വയം ചോദിച്ചു....
നിന്റെ സ്വന്തം ലക്ഷമീന്നല്ലേ...എന്നാലേ ആ "നീ " നീ ഉദ്ദേശിച്ചത് പോലെ ഞാനല്ല....
പിന്നേ???
അവൻ പറഞ്ഞു തീരുന്നതിനു മുന്നേ അവള് ചോദിച്ചു.....
ആകാംഷ കണ്ട് ഒരു നിമിഷം ഗൗരവത്തിൽ പിടിച്ചിരുന്ന ഹരിയുടെ മുഖത്ത് ചിരി വിരിഞ്ഞു...
ഹരിയെ നോക്കി ചമ്മിയ ചിരി അവളും പകരം നൽകി....
അത് ജോൺ ആണ്... എന്റെ ഫ്രണ്ട്...
അവളുടെ മുഖഭാവം ശ്രദ്ധിച്ചുകൊണ്ട് ഹരി പറഞ്ഞു....
എന്നോട് എന്താ പറയാഞ്ഞേ??? ഞാൻ തെറ്റിദ്ധരിച്ചെന്ന് അറിഞ്ഞിട്ട് കൂടി ഒരു വാക്ക് പറഞ്ഞില്ലല്ലോ...ഇതൊന്നും അറിയാണ്ട് ഞാനാ ലക്ഷ്മിയെ എത്ര പ്രാകി.... എന്റെ സങ്കടം കണ്ട് രേവുവും...
കുറ്റബോധത്തോടെ,പരിഭവത്തോടെയവൾ ചോദിക്കുമ്പോൾ അറിയാതെ തന്നെ ഹരി പൊട്ടി ചിരിച്ചുപോയി....
ദേഷ്യോം കുശുമ്പും കൊണ്ട് ഇത് മുഴുവൻ അടിച്ചു പോയോ??
തലയിൽ തട്ടിയവൻ ചോദിച്ചു
നിന്നോട് ഇതൊന്ന് പറയാൻ വേണ്ടി എത്ര തവണ ഞാൻ നിന്റെ വീട്ടില് വന്ന് ആ ചാരുബെഞ്ചിൽ തപസ്സിരുന്നിട്ടുണ്ടെന്നറിയോ??? അവസാനം ഒരു ദിവസം കണ്ടപ്പോൾ നീ തന്നെയാണ് ചാടി തുള്ളി അകത്തേക്ക് പോയത്..... അതിന് വേണ്ടി തന്നെയാണ് ലക്ഷ്മിയെ ചാക്കിലാക്കി അമ്പലത്തിൽ പോവാൻ പറഞ്ഞ് നിന്നേ വിളിക്കാൻ ഏർപ്പാടാക്കിയത്... അപ്പോൾ എങ്ങും കാണാത്ത അവൾടെ ഒടുക്കത്തെയൊരു ജാഡ... എന്നിട്ട് ചോദിക്കണ കേട്ടില്ലേ....
ഒന്നും മിണ്ടാതെ കടന്നുപോയ നിമിഷങ്ങൾ....
പറയാനുള്ളതൊക്കെ പറഞ്ഞും അറിഞ്ഞും കഴിഞ്ഞപ്പോൾ ഒന്നും പറയാനില്ലാതെയായി.... തന്നോട് കൂട്ട് വെട്ടി പിണങ്ങി പോയ പ്രണയിനി വീണ്ടും പരിഭവം മറന്ന് കൂട്ടുകൂടുന്നത് ആവണിയറിഞ്ഞു....കവിളിൽ നാണത്തിന്റെ ചുവപ്പ് പടരുന്നത്.... മിഴികൾ ഉയർത്താൻ കഴിയാതെ... ഒന്നും മിണ്ടാൻ കഴിയാതെ നാവ് കുഴയുന്നത് .....
പ്രണയത്താൽ തിളങ്ങുന്ന ഹരിയുടെ മിഴികൾ പ്രണയം വാലിട്ടെഴുതിയ മിഴികളുമായി നിൽക്കുന്ന ആവണിയുടെ കണ്ണുകളായി കൂട്ടിമുട്ടി....ആദ്യമായി.... ഒളിച്ചുകളികൾക്ക് എന്നെന്നേക്കുമായി അവധി കൊടുത്ത്....
പുരികമുയർത്തി "എന്തേ " ന്നുള്ള അവന്റെ ചോദ്യത്തിന് ചുമല് കൂച്ചി ഒന്നുമില്ലെന്ന് കാണിച്ച് ആ കൈകളെ തട്ടി മാറ്റി കൊണ്ട് താഴേ വീണ ചിലങ്കയെ കയ്യിലെടുത്ത് തിരിഞ്ഞുപോവാൻ ഒരുങ്ങി....
അതേ.... ഒരുങ്ങിയിരുന്നോ... നാളെ വരണുണ്ട് അങ്ങോട്ട്... പെണ്ണ്ചോദിക്കാൻ....പക്ഷേ അമ്മായിഅമ്മ പിണങ്ങിയല്ലോ.... എങ്ങനെയാ ആ പിണക്കമൊന്ന് മാറ്റുക....
ഒറ്റ കണ്ണിറുക്കി അവനത് ചോദിക്കുമ്പോൾ മനക്കല് നിന്ന് കൃഷ്ണ സ്തുതിയുടെ ഈണം ഒഴുകി വരുന്നുണ്ടായിരുന്നു....
അവനെ കുസൃതിയോടെ നോക്കി പാവാട തുമ്പ് എടുത്തുകുത്തി കാലിൽ ചിലങ്ക കെട്ടി തൊട്ട് വണങ്ങി അവള് പാട്ടിനൊത്ത് ആടാൻ തുടങ്ങിയിരുന്നു.....
"മധുരാപുരി സധന മൃദു വദന മധുസൂദന ഇഹ
സ്വാഗതം കൃഷ്ണ
ശരനാഗതം കൃഷ്ണ
മധുരാപുരി സധന മൃദു വദന മധുസൂദന ഇഹ
സ്വാഗതം കൃഷ്ണ
ശരനാഗതം കൃഷ്ണ"
നനഞ്ഞ പാവാട കാലിൽ തടഞ്ഞിട്ടും ചാറ്റൽ മഴ പിന്നേയും നനച്ച് തുടങ്ങിയിട്ടും അതൊന്നും ശ്രദ്ധിക്കാതെ അവളിലെ പ്രണയിനിയായ നർത്തകി തന്റെ കൃഷ്ണന് വേണ്ടി... തന്റെ ദേവന് വേണ്ടി സ്വയം മറന്നാടി.... കടലോളം സന്തോഷത്തോടെ.... അമ്പിളി കല പോലൊരു പുഞ്ചിരി ചുണ്ടിലെടുത്തുവച്ച്...
അടുത്തെത്തി മുഖം കൈകളിലെടുത്തവൻ ആദ്യ ചുംബനം ആ നെറ്റിയിൽ പതിപ്പിച്ചു...പെയ്തിറങ്ങിയ മഴത്തുള്ളികളേയും കാവിലെ ഗന്ധർവ്വൻമാരും യക്ഷന്മാരെയും സാക്ഷിയാക്കി.....
പിറ്റേ വർഷത്തെ ധനുമാസത്തിലെ തിരുവാതിരരാവിൽ മനക്കലെ മുറ്റത്ത് തിരുവാതിര കളിക്കാൻ കൂടി നിന്ന പെൺകുട്ട്യോളുടെ കൂടെ ആവണിയുമുണ്ടായിരുന്നു.... ടീച്ചറമ്മയുടെ ശിഷ്യായിട്ടല്ല... മനക്കലെ മരുമകളായിട്ട്..... ഹരിയുടെ പാതിയായി....
കോലായിലെ തൂക്ക് വിളക്കിന്റെ ശോഭയിൽ തിളങ്ങുന്ന കണ്ണുകളോടെ, അത്രമേൽ പ്രണയത്തോടെ, അവളുടെ താളങ്ങളിൽ ലയിച്ച് ആവണിയുടെ മാത്രം ഹരിയേട്ടനും...❤️