പണ്ടെത്ര ആഗ്രഹിച്ചിട്ടുണ്ടല്ലേ ഇങ്ങനെ ഒന്ന് അടുത്തിരുന്നു സംസാരിക്കാൻ...

Valappottukal


രചന: അരുൺ മേലുവളപ്പിൽ


☘️🌿പക്ഷേ.... 🌿☘️


     ഡോ , ഒരു കാര്യം ചെയ്യാമോ... മനസ് നിയന്ത്രണാതീതമായപ്പോൾ ഭാര്യയോട് ഞാൻ പറഞ്ഞു...


    റായ്പുരിൽ നിന്നും ലീവിന് വന്നു കഴിഞ്ഞുള്ള സ്ഥിരം ഷോപ്പിങ്ങിനു ഇറങ്ങിയതായിരുന്നു ഞങ്ങൾ...


    അവിടെ വെച്ചാണ് അവിചാരിതമായി അവളെ കാണുന്നത്.. പക്ഷെ അവൾ തന്നെ ആണോ എന്നെനിക്കു ഉറപ്പിക്കാൻ പറ്റുന്നില്ലായിരുന്നു..ഒരുപാട് തവണ അങ്ങോട്ടും ഇങ്ങോട്ടും നടന്നു നോക്കി, അവൾ മൈൻഡ് പോലും ചെയ്തില്ല...


     "മുകളിൽ ഒരു മഞ്ഞ ചുരിദാർ ഇട്ടിരുന്ന പെൺകുട്ടിയെ കണ്ടിരുന്നില്ലേ??"


     "പെൺകുട്ടിയോ?? രണ്ട് പെണ്പിള്ളേരുടെ കൂടെ നിന്ന ഒരു തള്ള അല്ലെ??? നിങ്ങളുടെ വായനോട്ടം ഞാൻ ശ്രദ്ധിച്ചിരുന്നു.. പിന്നെ പോട്ടെ എന്ന് വിചാരിച്ചപ്പോൾ എന്നോട് തന്നെ പറയുന്നോ... ഉളുപ്പുണ്ടോ മനുഷ്യ നിങ്ങൾക്കു?.."


     "അങ്ങനല്ലടോ... താൻ അവളോട് പോയിട്ടു ജാനകി ആണോ എന്നൊന്ന് ചോദിച്ചിട്ടു വാ..."


     പൂങ്കുന്നത്തുള്ള നെസ്ടോയിൽ ഷോപ്പിങ് ചെയ്യുന്നതിനടക്കാണ് ജാനുവിനെ പോലെ തോന്നിക്കുന്ന ഒരാളെ കണ്ടത്.. കണ്ണുകൾ പരസ്പരം ഉടക്കി എങ്കിലും അവൾ വലിയ മൈൻഡ് ചെയ്തില്ല.. അത് കൊണ്ട് തന്നെ പോയി സംസാരിക്കാൻ ധൈര്യം കിട്ടിയില്ല... ഇനി അവളാണെങ്കിലോ... പണ്ടത്തെ ആ ധൈര്യമില്ലായ്മ വീണ്ടും ഞാൻ അറിഞ്ഞു...


      21 വർഷങ്ങൾ... പ്ലസ് ടു കാലം.. ഒന്ന് ഇഷ്ടമാണെന്നു പറയാൻ ധയ്ര്യമില്ലാതെ അവൾ പോകുന്നിടത്തും, ക്ലാസിനിടയിൽ ഒളികണ്ണു എറിഞ്ഞു, അവൾ അടുത്ത് വരുമ്പോൾ ഹൃദയമിടിപ്പ് കൂടി, ശ്വാസം മുട്ടി...

പറയാനുള്ള ഇഷ്ടം മനസ്സിൽ തന്നെ ഇട്ടു  ...


   "ഹലോ, കോഴി ഭർത്താവെ, നിങ്ങടെ ജാനകി തന്നെ ആണുട്ടോ അത്.. ഞാൻ പോയി ചോദിച്ച ഉടനെ അരുണിന്റെ ഭാര്യ അല്ലെ ചോദിച്ചു..."


    "എന്നിട്ട്??" ഹൃദയം പെരുമ്പറ കൊട്ടുന്ന പോലെ ഇടിച്ചു.. 


    "എന്നിട്ടൊന്നുമില്ല, നമ്മളോട് ഇവിടെ വെയിറ്റ് ചെയ്യാൻ പറഞ്ഞു, ബില്ലു അടച്ചിട്ടു ഉടനെ വരാമെന്നു..."


" ആണോ "


    "ഹും,അല്ല, ഇതാണോ പണ്ടത്തെ ജാനു.. അതായത് നിങ്ങടെ പറയാൻ മടിച്ച, ഹൃദയത്തിൽ കൊണ്ട് നടന്ന ദിവ്യ പ്രണയ കഥയിലെ ജാനു??..


"ഹും "..


   "അപ്പോൾ പറഞ്ഞ കഥകളിലേ കഥാ പത്രങ്ങളൊക്കെ ഉള്ളത് തന്നെ ആണല്ലേ.. ശരിക്കും കോഴി തന്നെ..."


  "താൻ ഒന്ന് പോയെ .."


   "അഹ് ഞാനിപ്പോൾ നിങ്ങൾക് ഒരു കട്ടുറുമ്പ് ആവുമല്ലോ...ദേ മുഖത്തു പഴയ പ്ലസ് ടു കാമുകൻ വരുന്നുണ്ടല്ലോ..."


  അപ്പോഴേക്കും മഞ്ഞ ചുരിദാർകാരി എന്റ മുന്നിലേക്കെത്തി കഴിഞ്ഞു..


"ഡാ.. എത്ര നാളായി കണ്ടിട്ട്... "


"ഞാൻ കരുതി നിനക്ക് എന്നെ മനസിലായികാണില്ല എന്ന്.."


   "കാലങ്ങളെത്ര കഴിഞ്ഞാലും നിന്നെ ഞാൻ മറക്കുമോ... എന്നെ ആദ്യമായും അവസാനമായും പ്രൊപ്പോസ് ചെയ്തവനല്ലേ,..

ഭാര്യ ഒക്കെ ഉള്ളപ്പോൾ എങ്ങനാ വന്നു മിണ്ടുക ഇന്ന് കരുതി മിണ്ടിയില്ല എന്നെ ഉള്ളു.. പിന്നെ അവൾ തന്നെ വന്നു ചോദിച്ചപ്പോൾ പണ്ടില്ലാത്ത ആ ധൈര്യം കിട്ടി..


  "വാ   ഓരോ ചായ കുടിക്കാം.."


    "പണ്ടെത്ര ആഗ്രഹിച്ചിട്ടുണ്ടല്ലേ ഇങ്ങനെ ഒന്ന് അടുത്തിരുന്നു സംസാരിക്കാൻ എങ്കിലും സാധിച്ചിരുന്നെങ്കിലെന്നു.."


ഞാൻ അത്ഭുധത്തോടെ അവളെ കേട്ടിരുന്നു.. ഇവൾ ഇത്രേം ഒക്കെ സംസാരിക്കുമായിരുന്നോ ..


   കുട്ടികൾക്ക് ഓരോ ഐസ് ക്രീംമും വാങ്ങി ബുദ്ധിമതിയും അതിലുപരി പക്വമതിയുമായ എന്റെ ഭാര്യ അവരോടൊപ്പം പോയി...


  ഞാനും ജാനുവും ഒരു മേശക്കപ്പുറവും ഇപ്പുറവും ഇരുന്നു കണ്ണുകളിലേക്ക് നോക്കി ഇരുന്നു..


  അവൾ വളരെ ഊർജ്ജസ്വലയായി എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു..


   ബഹറിനിൽ ആണ് ജോലി ചെയ്യുന്നത്, ഈ ഇരട്ട കുട്ടികളും ഒരു മോനും ഉണ്ട് എന്ന് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു ഇരട്ടകുട്ടികളുടെ പ്രസവം ഞാനായിരുന്നു എടുത്തതെന്നു   

അതവൾക് ഒരു പുതിയ അറിവായിരുന്നു..


    "നീ എന്നോട് ആ വരാന്തയിൽ വെച്ചു ഇഷ്ടമാണെന്നു പറഞ്ഞത് എനിക്കിന്നും ഓർമയുണ്ട്." 


     "അന്ന് നീ പറഞ്ഞു നിന്നെക്കാൾ നല്ല കുട്ട്യേ എനിക്ക് കിട്ടും.. നന്നായി പഠിക്കുന്ന അരുൺ വെറുതെ പഠിപ്പ് ഉഴപരുതെന്നു"


    "ഹും.. മനസ്സിൽ എനിക്ക് അരുണിനോട്‌ ഇഷ്ടക്കുറവൊന്നും ഇല്ലായിരുന്നു.. പക്ഷെ..."


    "ആ പക്ഷെ തേടി എത്രകാലം ഞാൻ അലഞ്ഞെന്നു നിനക്കറിയാമോ.."


     "കൃത്യമായി എനിക്കറിയാം... എന്റെ കല്യാണത്തിന് വന്നു അകലെ നിന്നും എന്റെ കണ്ണിലേക്കു നോക്കി ആ കണ്ണ് നിറഞ്ഞു കാഴ്ച മങ്ങുന്ന വരെ .."


    അതെനിക്കു ഒരു പുതിയ അറിവായിരുന്നു.." നീ എന്നെ കണ്ടിരുന്നോ അന്ന് കല്യാണ സമയത്ത്.."


    "ഉവ്വ്.. അന്ന് മുതൽ ഞാൻ ആഗ്രഹിച്ചതാണ് അരുണിനെ ഒന്ന് നേരിൽ കാണണം മനസ് തുറന്നു സംസാരിക്കണമെന്ന് .."


  "ആഹാ.. എന്നിട്ട് ഇത്രയും വർഷങ്ങൾ വേണ്ടി വന്നല്ലേ..."


   "എനിക്ക് വേണമെങ്കിൽ സോഷ്യൽ മീഡിയ വഴിയൊക്കെ കോൺടാക്ട് ചെയ്യാമായിരുന്നു.. പക്ഷെ എനിക്ക് തോന്നി അരുണിനെ നേരിൽ തന്നെ കാണണമെന്ന്..."


    "ഇപ്പോൾ മനസിന്റെ വലിയ ഒരു ഭാരമൊഴിഞ്ഞു... ഇനി സമാധാനത്തോടെ എനിക്ക് തിരിച്ചു പോകാം.. "


"അതെന്താടി.."


   "ഞാനും ഈ പിള്ളേരും മാത്രേ വന്നുള്ളൂ..കുറച്ചു കടങ്ങളുണ്ടായിരുന്നു തീർക്കാൻ,നീയുമായുള്ള ഈ കൂടികഴ്ചയായിരുന്നു അവസാനത്തേത്.. ഞങ്ങളെ കാത്ത് എന്റെ കെട്ടിയവനും, മകനും അവിടെ ബഹറിനിലുണ്ട്.. അത് കൊണ്ട് നാളെ തന്നെ പോണം.."


   "അപ്പോൾ ഇന്ന് ഇവിടെ വെച്ച് കണ്ടില്ലായിരുന്നെങ്കിൽ??"


    "ഇവിടുന്നു നേരെ ഞാൻ പെരിങ്ങാവിൽ വരുമായിരുന്നു.."


   "പിന്നെ ഇനി പക്ഷെ തേടി നടക്കേണ്ട കേട്ടോടാ, നമ്മുടെ പ്രായം, നിന്റെ ഈ പതിപ്പിച്ചു വെക്കുന്ന മുടി, ഭാവി, ജാതി..... അങ്ങനെ എന്തൊക്കെ കാരണങ്ങൾ ആയിരുന്നു ആ പക്ഷെ..."


"നിന്റെ കണ്ണ് നിറയുന്നുണ്ടല്ലോടി.."


   "ഒന്നുമില്ലടാ, പെട്ടെന്ന് പോകാറായ പോലെ   നിന്റെ നശിച്ച പ്രണയം കാരണം നീ ആയിട്ട് നന്നായി കൂട്ടു കൂടാൻ കൂടി പറ്റിയില്ലല്ലോ..പക്ഷെ നിന്റെ അന്നത്തെ ആ ദയനീയ നോട്ടം എന്റെ ഉറക്കം ഒരുപാട് നാൾ കളഞ്ഞു.. ഇനി എനിക്ക് സമാധാനത്തോടെ പോകാം, നന്നായി ഉറങ്ങാം... പോട്ടെടാ.."


ഹും... 


അപ്പോഴേക്കും ഭാര്യ കുട്ടികളെയും കൊണ്ട് അടുത്തെത്തി. " പഴയ ഇണക്കിളികൾ പണ്ട് പറയാൻ മറന്നതൊക്കെ പറഞ്ഞു തീർന്നോ??"


ഇതാണെന്റെ ഭാര്യ.. 

 

"നീ അല്ലേലും ഭാഗ്യവാനല്ലെടാ.. എന്റെന്നു രക്ഷപെടുകയും ചെയ്തു, നല്ലൊരു കുട്ടിയെ കിട്ടുകയും ചെയ്തു.."


"നീ അന്ന് വരാന്തയിൽ വെച്ച് പറഞ്ഞപോലെ..."


"തീർച്ചയായും..എങ്കിൽ ഇനി ഒരു കൂടികഴ്ചയില്ല മകനെ.. യാത്ര പറച്ചിലില്ല.. സന്തോഷമായിരിക്കണം ബൈ..."


"ബൈ ഡീ.."


ജാനു പോയതും പെണ്ണുംപിള്ള, 


"നിങ്ങൾ വീട്ടിലോട് വ്വാട്ട.. "


അങ്ങനെ അതിനൊരു തീരുമാനമായി...


രാവിലെ ഭാര്യയുടെ ഒച്ച കേട്ടാണ് ഞാൻ ഞെട്ടിയുണർന്നത്... നിങ്ങൾ വേഗം ഒന്ന് വന്നേ..


"എന്താടോ .. എന്തിനാ വിയർക്കുന്നെ..മുഖമൊക്കെ ഒരുമാതിരി ഇരിക്കണേ??"


"വാ . വരാൻ.."


 ഓടി ചെന്നു ടീവി നോക്കുമ്പോ,ന്യൂസ്‌ സ്ക്രോൾ ഇങ്ങനെ പോകുന്നു...


    ഒരാഴ്ച മുമ്പ് ബഹറിനിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി കുടുംബത്തിലേ തൃശൂർ സ്വദേശിനിയായ ജാനകി 38 വയസ്, ഇരട്ടകുട്ടികളായ നിള, മിഴി എന്നിവർ ഇന്ന് രാവിലെ മരണപ്പെട്ടു.. ഭർത്താവും, മകനും തീവ്ര പരിചരണ വിഭാഗത്തിൽ തുടരുന്നു ....


   ഭാര്യയുടെ കയ്യിലേക്ക് മുറുകെ പിടിച്ചു നിൽകുമ്പോൾ മഞ്ഞ ചുരിദാർ അണിഞ്ഞ ജാനകിയുടെ ഫോട്ടോ ടീവി യിൽ കാണിച്ചു കൊണ്ടിരുന്നു.....

To Top