ഇത്രയൊക്കെയിട്ടും നിനക്കെന്താടാ റോണീ ഒരു കുലുക്കവും ഇല്ലാത്തത്...

Valappottukal

 


രചന: സനൽ


വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും  കെട്ടിയ പെണ്ണ് ഗർഭിണിയാണ് എന്നറിഞ്ഞതോടെ അമ്മച്ചി വാഴ വെട്ടിയിട്ട പൊലെ വീടിൻ്റെ നടുത്തളത്തില് ബോധം കെട്ട് വീണു. 


"അമ്മച്ചീ അമ്മച്ചീ" 


"ടീ പോത്തെ ജസീക്കെ നീ ആ ജഗ്ഗിൽ നിന്ന് ഇച്ചിരി വെള്ളം ഇങ്ങ് എടുത്തെ ."


കുറച്ച് വെള്ളം ഞാനെൻ്റെ കൈക്കുമ്പിളിൽ എടുത്ത് അമ്മച്ചിയുടെ മുഖത്തോട്ട് തളിച്ചു. 


"മിഴിച്ച് നിൽക്കാതെ അമ്മച്ചിയെ പൊക്കിയെടുക്കാൻ ഒന്ന് സഹായിക്കാമോ ?"


ഞാൻ ജസീക്കയോട് കയർത്തു.


അമ്മച്ചിയെ പിടിച്ച് കട്ടിലിൽ ചാരി ഇരുത്തിയിട്ട് കുറച്ചു വെള്ളം കൂടി ഞാൻ മുഖത്തോട്ട് തളിച്ചു. അമ്മച്ചി പതിയെ കണ്ണ് മിഴിച്ച് എന്നെയും ജസീക്കയെയും ഒന്ന് മാറി മാറി നോക്കി എന്നിട്ട് അലമുറയിട്ട് കരയാൻ തുടങ്ങി .


"അയ്യോ എൻ്റെ മരുമോള് പിഴച്ച് പോയെ."


"ശ്ശോ എൻ്റെ അമ്മച്ചീ ഒന്ന് മിണ്ടാതെ ഇരിക്കരുതോ ? ഇതിപ്പം നാട്ടുകാര് കേൾക്കാനായിട്ട്."


"ഇത്രയൊക്കെയിട്ടും നിനക്കെന്താടാ റോണീ ഒരു കുലുക്കവും ഇല്ലാത്തത്. അവളോട് ഒന്ന് ചോദിക്കരുതോ ആ പറഞ്ഞത് സത്യം ആണോ അല്ലേയോ എന്ന്."


ജസീക്ക എൻ്റെ മുഖത്തോട്ട് ഒന്ന് കർവിച്ച് നോക്കി. 


"എന്നാലും എൻ്റെ പൊന്നു മോളെ നിനക്ക് ഇത് എങ്ങനെ തോന്നി ഈ കുംടുംബത്തോട് ഇത് ചെയ്യാൻ." 


"എൻ്റെ പൊന്നമ്മച്ചി  കൊച്ചിൻ്റെ തന്ത ആരാന്ന് ദേ റോണിച്ചത് അറിയാം അങ്ങോട്ട് ചോദിക്ക്." 


ഞാൻ തല താഴ്ത്തി അമ്മച്ചിയുടെ മുൻപിൽ തന്നെ അങ്ങനെ ഇരുന്നു. അമ്മച്ചി അപ്പോഴും അന്തം വിട്ട് ഞങ്ങളെ തന്നെ നോക്കി ഇരിപ്പാണ്. ഇതിനിടയിലേക്കാണ് ശോശാമ്മ ചേട്ടത്തി കയറി വന്നത്. 


"എൻ്റെ കുരിശ്ശ്പള്ളി  മാതാവേ തോട്ടുവക്കത്തുള്ള ശോശാമ്മ ചേട്ടത്തി. അതിനിപ്പം ആരാ ഇങ്ങോട്ട് കെട്ടി എടുത്തത് പണ്ട് അപ്പൻ മുണ്ട് പൊക്കി കാണിച്ച കേസ് ഇത് വരെ തീർന്നില്ലേ ?"


"എന്നതാടാ റോണിച്ചാ ഇവിടൊരു ബഹളം."


"ഹെയ്  ഞങ്ങൾ ചുമ്മാ നാട്ടുവർത്തമാനം പറഞ്ഞ് ഇരിക്കുവായിരുന്നു." 


"അതല്ലെടാ എന്നതാ പട്ടിക്ക് കല്ലേറ് കൊണ്ട പൊലെ ഒരു സൗണ്ട് കേട്ടത്." 


"ഹോ അതാണോ കാര്യം അമ്മച്ചി ഒന്ന് കാല് തെന്നിയേച്ചും വീണതാ." 


ഞാൻ അമ്മച്ചിയെ കണ്ണ് ഇറുക്കി കാണിച്ചു. 


"ചേട്ടത്തി ഈ നട്ടുച്ചയ്ക്ക് ഇതെങ്ങോട്ടാ. ?" 


"ഇന്ന് ഞായറാഴ്ച അല്ലിയോടാ അയൽക്കൂട്ടം വരെ ഒന്ന് പോയേക്കാം എന്ന് വിചാരിച്ച് ഇറങ്ങിയതാ." 


എൻ്റെ മാതാവേ ഇതറിഞ്ഞാൽ പിന്നെ തീർന്നു പിന്നെ ഈ നാട്ടിൽ ജീവിച്ചിരിന്നിട്ട് കാര്യം ഇല്ല. ഒരു മയത്തിൽ ഞാൻ ചേട്ടത്തിയെ അവിടെ നിന്ന് പറഞ്ഞ് വിട്ടു. അപ്പോഴാണ് തോട്ടത്തിൽ നിന്നും അപ്പൻ്റെ കയറി വരവ്. 


"എന്നതാടീ  ശോശാമ്മോ നീ    ഉലക്ക വിഴുങ്ങിയ പൊലെ ഇവിടെ ഇരിക്കുന്നത്."


"നിങ്ങളിത് വല്ലതും അറിഞ്ഞോ മനുഷ്യാ"


"എന്നതാ റബ്ബറിന് വീണ്ടും വില കുറഞ്ഞോ?"


"ശ്ശോ ഇങ്ങേർക്കിത് എപ്പോ നോക്കിയാലും റബ്ബറിൻ്റെയും കുരുമുളകിൻ്റെയും  ഒരൊറ്റ ചിന്ത മാത്രള്ളൂ."


"പിന്നെ എന്നതാടീ  കാര്യം." 


"കൊച്ചിന് വയറ്റിലുണ്ടെന്ന്." 


"ഹോ അതാണോ ഇത്ര വലിയ കാര്യം." 


"അതിന് മിന്നുകെട്ട് കഴിഞ്ഞിട്ട്  ആഴ്ച ഒന്നായതല്ലേയുള്ളൂ?" 


" അതെ എന്നിട്ട് റോണി നിന്നോട് ഒന്നും പറഞ്ഞില്ലേ.?" 


"ഇല്ലന്നേ." 


"എന്നാൽ നീ തന്നെ അവനെയിങ്ങ് വിളിച്ച് ചോദിച്ചേ അപ്പം പറയും കൊച്ചിൻ്റെ തന്ത ആരാന്ന്." 


"അപ്പാ"


"നീ മിണ്ടിയെക്കരുത് കഴി വേറിടെ മോനെ. ഇതിപ്പം മിന്നുകെട്ട് കഴിഞ്ഞതുകൊണ്ട് കുടുംബത്തിൻ്റെ പേര് നാറിയില്ല ഇല്ലേൽ പെണ്ണ് പണ്ടേ പെറ്റേനെ." 


അമ്മച്ചീ വീണ്ടും കിളി പോയി ഒന്നും മനസ്സിലാവാതെ ഞങ്ങളെ തന്നെ അന്തം വിട്ട് നോക്കി നിൽപ്പാണ്. 


"രണ്ടിനെയും ഞാൻ കയ്യോടെ പിടികൂടിയതുകൊണ്ട് ആ മിന്നുകെട്ട് അങ്ങ് നടത്തി ഇല്ലേൽ കാണായിരുന്നു ഇപ്പം" 


"അപ്പാ" 


"പെണ്ണിനെയും വിളിച്ചോണ്ട് അകത്തോട്ട് കയറിപ്പോടാ നാറീ  ഇളിച്ചോണ്ട് നിക്കാണ്ട് ."


ആ തക്കത്തിന് ഞാൻ ജസീക്കയെയും വിളിച്ചോണ് റൂമിനകത്ത് കയറി കതക് അടച്ചു 


"ശ്ശേ ആകെ നാണക്കേടായിപ്പോയി." 


"ആ അതെ വേലി ചാടുമ്പോൾ അന്നേരം ഓർക്കണമായിരുന്നു. ഇപ്പം നാണിച്ചിരുന്നിട്ട് എന്നാ കാര്യം'


"എന്നാലും ഇത് ഇപ്പം   വേണായിരുന്നോ ജസീക്കെ?"


"റോണിച്ചാ ഇനി ഇതിൻ്റെ പേരും പറഞ്ഞ് എൻ്റെ കൊച്ചിനെ എങ്ങാനും തൊട്ടാൽ ഉണ്ടല്ലോ എൻ്റെ സ്വഭാവം മാറും പറഞ്ഞേക്കാം. കറിച്ചട്ടി എടുത്ത് ഞാൻ തലയ്ക്ക് അടിക്കും. ഹും." 


ഇതും പറഞ്ഞോണ്ട് അവൾ റൂമിൽ നിന്നും ഇറങ്ങിപ്പോയി.  ഹോ എനിക്ക് എന്തിൻ്റെ കേടായിരുന്നു ഇതിപ്പം അമ്മച്ചീടെ മുന്നിൽ ആകെ നാറി . ഇതാണ് പഴമക്കാർ പറയുന്നത് വേവോളം കാക്കാമെങ്കിൽ ആറോളം കാക്കാനാണോ പാട് എന്ന് അതിനെങ്ങനാ കൗതുകം ലേശം കൂടുതലാണേയ് ....മാമനോട് ഒന്നും തോന്നല്ലേ മക്കളെയ്......

To Top