രചന: വിനീത
അവിചാരിതമായി അയാളുടെ ചാറ്റ് ഹിസ്റ്ററി അവളുടെ ശ്രദ്ധയിൽ പെട്ടതാണ്.....
പതിവിന് വിരുദ്ധമായി അയാൾ ഫോൺ ലോക്ക് ചെയ്യാൻ മറന്നതാകാം...
"വിവേക് " എന്നപേരിൽ സേവ് ചെയ്തിരുന്ന നമ്പറിൽ വന്ന കുറെ മെസ്സേജുകൾ അവളിൽ ചെറിയൊരു സംശയം ജനിപ്പിച്ചു...
"നാളെ വൈകിട്ട് കാണാൻ പറ്റുമോ...
അത്യാവശ്യമാണ്...
പാർക്കിൽ വന്നാൽ മതി...
അങ്ങനെ... അങ്ങനെ..."
സംശയം തോന്നി തുടങ്ങിയിട്ട് കുറച്ചുനാളായിരുന്നു..
അവൾ എപ്പോൾ ഫോൺ ചെയ്താലും അയാളുടെമൊബൈൽ തിരക്കിലായിരിക്കും..
അത്യാവശ്യ കാര്യങ്ങൾക്ക് വിളിച്ചാലും കിട്ടില്ല...
ഈയടുത്ത കാലത്ത് പതിവില്ലാത്ത
വിധം തിരക്കുകളും, മീറ്റിംഗുകളും..
ചോദിച്ചാൽ, എം. ഡി സ്ഥലത്തില്ലാത്തതിനാൽ മുഴുവൻ ചുമതലയും അയാളുടെ തലയിലായി എന്ന് പറയും...
മോന്റെ സ്കൂളിൽ നടക്കുന്ന function ഒന്നും പങ്കെടുക്കാൻ പറ്റാത്ത തിരക്ക് എന്താണെന്ന് അവളും ചിന്തിച്ചുതുടങ്ങിയിരുന്നു.
സ്വന്തം ജോലി തിരക്കിനിടയിലും അവൾ എല്ലാകാര്യങ്ങളും ചെയ്തു തീർക്കുമായിരുന്നു..
അത് കൊണ്ട് തന്നെ അയാളെ സംശയിക്കാൻ തോന്നിയുമില്ല..
പക്ഷേ ഇത് കുറെ നാളായി ഒരു പ്രത്യേക നമ്പർ വന്നാൽ മാത്രം ആൾ വെളിയിൽ പോയി സംസാരിക്കും...
തിരികെ വന്ന് " ഓഹ്.. അത് വിവേക് ആണ്, അവന്റെ ഒരു കാര്യം " എന്ന് പറയും...
"ഏത് വിവേക് ".. എന്ന് അവൾ ചിന്തിക്കാതിരുന്നിട്ടില്ല..
പ്രണയിച്ച് നടക്കുന്ന കാലം മുതൽ അയാളുടെ ഒട്ടുമിക്ക കൂട്ടുകാരെയും അവൾക്കറിയാം..
അതിൽ ഒന്നും ഈ പേര് അവൾ കേട്ടിട്ടുമില്ല..
ഒന്നും ചോദിക്കാൻ പോയില്ല....
ചോദിച്ചാലും ഒരു കള്ളം.. അത് മറയ്ക്കാൻ മറ്റൊരു കള്ളം...
വിഡ്ഢിയായി അഭിനയിക്കാൻ അവളും...
അതല്ലെങ്കിലും അതേ ചൊല്ലി വീട്ടിൽ ഒരു വഴക്കുണ്ടാക്കാൻ അവളോട്ടും ഇഷ്ടപ്പെട്ടതുമില്ല..
എല്ലാം അവളായി വരുത്തി വെച്ചതാണ്...
സ്വന്തം വീട്ടുകാരെ ധിക്കരിച്ചു, നിഛയിച്ചുറപ്പിച്ച കല്യാണത്തിന്റെ തലേന്ന് അയാൾക്കൊപ്പം പടിയിറങ്ങുമ്പോൾ പിന്നിൽ കേട്ട കരച്ചിലുകളോ, നിലവിളികളോ അവൾ ശ്രദ്ധിച്ചിരുന്നില്ല...
അവൾ പോയ അന്ന് തളർന്നു വീണ അമ്മ ആ കിടപ്പിൽ മരിക്കുകയായിരുന്നു...
സ്വന്തമായി പഠിച്ചു കിട്ടിയ ഒരു ജോലി അതായിരുന്നു അവളുടെ ആത്മ വിശ്വാസം..
ഒരു നിമിഷം അവൾ ചിന്തയിൽ നിന്നുണർന്നു...
ഒന്നുമറിയാതെ അയാൾ ഉച്ചയുറക്കത്തിലാണ്...
' വിവേക് 'എന്ന പേരിൽ സേവ് ചെയ്ത നമ്പർ അവൾ മൊബൈലിൽ നിന്ന് എടുത്ത് ആ നമ്പർ ഡയൽ ചെയ്തു...
അവൾക്ക് ഉറപ്പാക്കണമായിരുന്നു....
അത് സ്ത്രീയോ... പുരുഷനോ എന്ന്...
ഒന്നുരണ്ടു കാൾ പോയപ്പോൾ തന്നെ അപ്പുറത്ത്.
"ഹലോ..." കേട്ടു..
അതൊരു സ്ത്രീ ആയിരുന്നു..
"ഹലോ... പറയു മനു
നാളെ കാണാമല്ലോ അല്ലേ..."
ഇത്രയും അവൾ കേട്ടു..
ഒരു നിമിഷം.. നെഞ്ചിൽ തികട്ടി വന്ന സങ്കടം കണ്ണുനീരായി ഒഴുകി ഇറങ്ങാതിരിക്കാൻ അവൾ പ്രയാസപ്പെട്ടു...
കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു...
ഇത് വരെ ഉണ്ടായിരുന്ന വിശ്വാസം,.. സ്നേഹം എല്ലാം.. എല്ലാം... ഒറ്റ നിമിഷം കൊണ്ട്..
ഒന്നും ആലോചിക്കേണ്ടി വന്നില്ല അവൾക്ക്..
അയാളുടെ മൊബൈലിൽ നിന്ന്
"ഫ്രീ ആണെങ്കിൽ ഇന്ന് വീട്ടിലേക്ക് വായോ.. "എന്ന് msg അയച്ചു...
അവർ തമ്മിൽ വേറെ ഏതെങ്കിലും ദിവസം കണ്ടു മുട്ടിയാൽ അവളുടെ പ്ലാൻ ഒന്നും നടക്കില്ല...
അത് കൊണ്ട് ഒരു തുറുപ്പു ചീട്ടിറക്കി നോക്കിയതാണ്...
അവൾ സമ്മതിച്ചു..
അടുത്ത ഒരു മണിക്കൂറിനുള്ളിൽ എത്താമെന്ന് സമ്മതിച്ചു...
അയാളുടെ ഉറക്കം കഴിയും മുൻപ് അവൾക്ക് കു റച്ചു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടായിരുന്നു..
വേഗംകളിച്ചു കൊണ്ടിരുന്ന മോനെ എടുത്ത്കുളിപ്പിച്ചു ഭക്ഷണം കൊടുത്ത് റെഡി ആക്കി..
മോന്റേയും, അവളുടെയും അത്യാവശ്യം ഡ്രസ്സ് ഒക്കെ എടുത്ത് pack ചെയ്തു...
അയാൾ അപ്പോളും ഉറക്കമായിരുന്നു...
അതെങ്ങനെയാ..
ഒരു ഞായറാഴ്ച കിട്ടിയാൽ ഉച്ചഭക്ഷണം കഴിഞ്ഞ് ഒരുറക്കമുണ്ട്...
അത് കുറേ നീളും...
തികട്ടി വന്ന കണ്ണുനീർ അവൾ തുടച്ചു മാറ്റി...
ഹൃദയം പിടയ്ക്കുന്നണ്ടായിരുന്നു...
ഒരു നിമിഷം അച്ഛനെയും, മരിച്ചു പോയ അമ്മയെയും, ഏട്ടന്മാരെയും ഓർത്തു...
അവരോട് കാട്ടിയ അവഗണന ശാപമായി പതിച്ചതാണോ എന്ന് ചിന്തിച്ചു...
സങ്കടം മകൻ കാണാതിരിക്കാനായി അവൾ പാടുപെടുന്നുണ്ടായിരുന്നു...
തോറ്റു കൊടുക്കാൻ അവൾ തയ്യാറല്ലായിരുന്നു...
അപ്പോളേക്കും കോളിങ് ബെൽ മുഴങ്ങി...
അവൾ കണ്ടിട്ടില്ലാത്ത,കാണണമെന്ന് ആഗ്രഹിയ്ക്കുക പോലും ചെയ്യാത്ത ആളെത്തി..
മോനോട് പോയി അച്ഛനെവിളിക്കാൻ പറഞ്ഞിട്ട് അവൾ ഡോർ തുറക്കാൻ പോയി...
ഡോർ ഓപ്പൺ ആയതും ആളിനെ കണ്ട് അവളൊന്നു ഞെട്ടി...
അതവളുടെ എക്കാലത്തെയും പ്രിയ കൂട്ടുകാരി ആയിരുന്നു..
ഒരു ഞെട്ടൽ അവൾക്കുണ്ടായി.. അത്രമാത്രം....
" കയറി വരൂ "
എന്ന് ക്ഷണിച്ചിട്ട് അവൾ മോനോടൊപ്പം, തന്റെ പുറകിൽ ഉറക്കച്ചടവോടെ നിൽക്കുന്ന അയാളെ നോക്കുക പോലും ചെയ്യാതെ അകത്തുപോയി, പെട്ടിയും എടുത്ത് മോന്റെ കൈയും പിടിച്ച് ആ വീടിന്റെ പടിയിറങ്ങി...
തിരിഞ്ഞ് നോക്കാതെ നടക്കുമ്പോൾ പുറകിൽ നിന്ന് കേട്ട പിൻവിളികളൊന്നും ശ്രദ്ധിച്ചതേയില്ല...
അത് ഒരുറച്ച മനസ്സിന്റെ തീരുമാനമായിരുന്നു...
" അമ്മ നമ്മൾ എവിടെ പോകുന്നു "
എന്ന മോന്റെ ചോദ്യത്തിന്, നിറഞ്ഞു വരുന്ന കണ്ണുകൾ അവന്റെ മുൻപിൽ കാണിക്കാതെ ചിരിച്ച് കൊണ്ട് അവൾ പറഞ്ഞു...
" മോന് സ്ട്രോബെറി ഐസ് ക്രീം വേണമെന്ന് പറഞ്ഞില്ലേ,...
നമുക്ക് അത് കഴിച്ചിട്ട് മുത്തശ്ശനേ കാണാൻ പോവാട്ടോ... "
കുഞ്ഞി മുഖത്ത് സന്തോഷം തെളിയുന്നത് അവൾ കണ്ടു...
മോനെ കെട്ടിപിടിച്ച് ഒരു മുത്തം കൊടുക്കുമ്പോൾ അവളുടെ മനസ്സ് മന്ത്രിച്ചു...
ഇനി ഇവന്റെ ചിരി... അതാണെന്റെ സന്തോഷം....
ചെയ്‌ത എല്ലാ തെറ്റിനും അച്ഛനോട് മാപ്പ് പറയണം...
അച്ഛൻ ക്ഷമിക്കും...
കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ...
ദൃഡ നിശ്ചയത്തോടെ അവൾ മകന്റെ കൈപിടിച്ച് നടന്നു ....