കാൻഡിൽ, ഭാഗം-7

Valappottukal


രചന: സജി തൈപ്പറമ്പ്


കുട്ടേട്ടാ... ഒന്നെഴുന്നേറ്റേ, എനിക്ക് അടുക്കളയിൽ 

ഒരുപാട് ജോലിയുള്ളതാ


തൻ്റെ മടിയിൽ തല വച്ച് കിടക്കുന്ന ഓമനക്കുട്ടനോട് മഞ്ജിമ ധൃതിവച്ചു.


ഓഹ്, അതൊക്കെ ഏട്ടത്തിമാര് ചെയ്തോളും, 

നീ കുറച്ച് നേരം കൂടി എൻ്റെ തല മസ്സാജ് ചെയ്ത് താ,

നല്ല സുഖമുണ്ട്


എൻ്റെ പൊന്ന്മോൻ തത്ക്കാലം ഇത്രയും സുഖിച്ചാൽ മതി, ബാക്കി വൈകുന്നേരം ജോലിയൊക്കെ ഒതുക്കി, കിടക്കാൻ വരുമ്പോൾ ,ചെയ്ത് തരാം, ഓകെ?


ഒരു കുസൃതി ചിരിയോടെ മെല്ലെ അയാളുടെ തലപൊക്കി മാറ്റി വച്ചിട്ട് മഞ്ജിമ അടുക്കളയിലേക്ക് പോയി.


അനിർവ്വചനീയമായ അനുഭൂതിയുടെ രസച്ചരട് പാതിയിൽ വച്ച് മുറിഞ്ഞ് പോയതിൻ്റെ നീരസം ഉള്ളിലൊതുക്കി രാത്രിയാകാനായി അയാൾ കാത്തിരുന്നു .


#####################


മഞ്ജിമേ.. നീയറിഞ്ഞോ? നമ്മുടെ ഗ്രീഷ്മയും രാഹുലും തമ്മിൽ വേർപിരിഞ്ഞു


അടുക്കളയിൽ ചെന്നപ്പോൾ ബിന്ദുവേടത്തി അവളോട് ,പുതിയ വിശേഷം പറഞ്ഞു


ങ്ഹേ, എപ്പോൾ?


ഉള്ളിലൊരു ആന്തലോടെ മഞ്ജിമ ചോദിച്ചു


അവര് തമ്മിൽ പിണങ്ങിയതിന് ശേഷം , രണ്ട് പേരും ഒരുമിച്ച് ഡൈവോഴ്സിനായി അപേക്ഷിച്ചിരിക്കുകയായിരുന്നു, ഇന്ന് രാവിലെയാണ് കോടതി ഡിവോഴ്സ് നല്കിയത്,

പാവം അമ്മായി, ഭയങ്കര കരച്ചിലായിരുന്നു


അത് പിന്നെ, വിഷമം ഇല്ലാണ്ടിരിക്കുമോ ?ഒരേ ഒരു മകൾക്ക് ഇങ്ങനെയൊരു വിധി വന്നാൽ ഏത് മാതാപിതാക്കളാണ് സഹിക്കുക ?


ഏട്ടത്തിമാർ പരസ്പരം അഭിപ്രായങ്ങൾ പങ്ക് വയ്ക്കുമ്പോൾ, മഞ്ജിമയുടെ മനസ്സിൽ ആശങ്കയായിരുന്നു.


ഇനി എപ്പോഴായിരിക്കും അയാൾ തൻ്റെ ഫോണിലേക്ക് വിളിക്കുന്നതെന്ന വേവലാതി ,അവളുടെയുള്ളിൽ നുരഞ്ഞ് കൊണ്ടിരുന്നു.


####################


എന്താടോ താൻ പാതിരാത്രിയിൽ കണ്ണാടിയിൽ നോക്കി നില്ക്കുന്നത്?


പാതിമയക്കത്തിൽ നിന്നുണർന്ന ഓമനക്കുട്ടൻ മഞ്ജിമയോട് ചോദിച്ചു


എന്നാലും എൻ്റെ കുട്ടേട്ടാ ... ഇത്രയും വേണ്ടായിരുന്നു, ദേ ഇത് കണ്ടോ?രാവിലെ ഞാൻ ഏട്ടത്തിമാരുടെ മുഖത്തെങ്ങനെ നോക്കും  ,അവരെന്നെ കളിയാക്കി കൊല്ലില്ലേ?


ദന്ത ക്ഷതമേറ്റ തൻ്റെ അധരങ്ങൾ വിടർത്തിക്കാണിച്ച് കൊണ്ട് അവനോടവൾ കൊഞ്ചലോടെ ചോദിച്ചു.


ഓഹ് അത്രേയുള്ളോ ? അതിനെന്തിനാ പേടിക്കുന്നത്? അവരും നമ്മുടെ ഈ പ്രായമൊക്കെ കഴിഞ്ഞ് വന്നവരല്ലേ?


പിന്നേ ... കുട്ടേട്ടന് അങ്ങനെ പറയാം ഞാനല്ലേ അവരുടെ മുന്നിൽ ചൂളിനില്ക്കേണ്ടത് ?


ദേ പെണ്ണേ നേരം വെളുക്കാൻ ഇനി അധിക സമയമില്ല കണ്ണാടിയുടെ മുന്നിൽ നിന്ന് സമയം കളയാതെ നീയിവിടെ വന്ന് കിടക്കാൻ നോക്ക്


അയാൾ ധൃതി വയ്ക്കുന്നത് കണ്ട് മഞ്ജിമയുടെ കപോലങ്ങൾ ചുവന്ന് തുടുത്തു.


##################


ദിവസങ്ങൾക്ക് ശേഷം ഉച്ചമയക്കത്തിലായിരുന്ന മഞ്ജിമ, ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഉണർന്നത്


സ്ക്രീനിൽ, രാഹുലിൻ്റെ നമ്പർ തെളിഞ്ഞ് നില്ക്കുന്നത് കണ്ടപ്പോൾ, ശബ്ദം താഴ്ത്തിയായാണവൾ ഫോൺ അറ്റൻ്റ് ചെയ്തത്.


ഹലോ ...


ങ്ഹാ മഞ്ജൂ... നീ വിവരങ്ങളൊക്കെ അറിഞ്ഞ് കാണുമല്ലോ ? ഞാനിപ്പോൾ സ്വതന്ത്രനായി ,ഇനി അമ്മയാണ് നിൻ്റെ മുന്നിലെ തടസ്സമെങ്കിൽ ,നമുക്ക് ദൂരെ എവിടെങ്കിലും പോയി സ്വസ്ഥമായി ജീവിക്കാം


പക്ഷേ രാഹുൽ, നീ കുറച്ച് നാള് കൂടി കാത്തിരിക്കേണ്ടി വരുമല്ലോ ,അതിന് നീ തയ്യാറാണോ?


ഇത്രയും നാളും കാത്തിരുന്ന എനിക്ക് ഇനി കുറച്ച് നാളുകൾ കൂടി കാത്തിരിക്കാൻ പ്രയാസമില്ല ,പക്ഷേ അതെന്തിനാ ?ഇനിയെന്താ തടസ്സം?


അത് പിന്നെ ,ഇന്നലെയാണ് ഞാനറിഞ്ഞത് ,ഓമനക്കുട്ടൻ്റെ കുഞ്ഞ് എൻ്റെ വയറ്റിൽ വളരുന്നുണ്ടെന്ന കാര്യം ,അതിനെയൊന്ന് പ്രസവിച്ച് അങ്ങേരെ ഏല്പിച്ചിട്ട് ഞാൻ വരാം അത് വരെ കാത്തിരുന്നാൽ മതി


തൻ്റെ മുഖത്തൊരു പ്രഹരമേറ്റത് പോലെ രാഹുൽ തരിച്ചിരുന്ന് പോയി


മഞ്ജു നീയെന്നെ പരിഹസിക്കുവാണോ?


അയാൾ അസ്വസ്ഥതയോടെ ചോദിച്ചു


അല്ല രാഹുൽ ,ഞാൻ കാര്യമായിട്ട് പറഞ്ഞതാ

നീയെന്നെ ആത്മാർത്ഥമായിട്ടല്ലേ സ്നേഹിക്കുന്നത് ,അപ്പോൾ പിന്നെ ഞാനൊന്ന് പ്രസവിച്ചാലും നിനക്കെന്നോടുള്ള സ്നേഹം കുറയുകയൊന്നുമില്ലല്ലോ? അല്ലേ?


സോറി മഞ്ജു .. എൻ്റെ കണക്ക് കൂട്ടലുകളൊക്കെ തെറ്റിപ്പോയി ഞാൻ കരുതിയത്, ഓമനക്കുട്ടനെപ്പോലെ ഒരാളുമായി നിനക്കൊരിക്കലും നല്ലൊരു ദാമ്പത്യ ജീവിതം ഉണ്ടാവില്ലെന്നായിരുന്നു ,അത് കൊണ്ട്, പണ്ട് ഞാൻ സ്നേഹിച്ചിരുന്ന മഞ്ജിമയെ, അതേ പോലെ തന്നെ എനിക്ക് തിരിച്ച് കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഞാൻ, ഇനി നിന്നെയെനിക്ക് പൂർണ്ണ തൃപ്തിയോടെ സ്വീകരിക്കാൻ കഴിയില്ല ,നീ ഓമനക്കുട്ടനോടൊപ്പം സന്തോഷമായി ജീവിച്ചോളു ഞാൻ നിങ്ങളുടെ ഇടയിൽ തടസ്സമായി ഇനി വരില്ല ,ഗുഡ് ബൈ ...


രാഹുൽ ഫോൺ കട്ട് ചെയ്തപ്പോൾ ,മഞ്ജിമയ്ക്ക് സന്തോഷമടക്കാനായില്ല


രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല്


രാഹുൽ എന്നെങ്കിലും വിളിക്കുകയാണെങ്കിൽ അയാളോട് പറയാനൊരു നുണക്കഥ മെനഞ്ഞെടുത്ത് കാത്തിരിക്കുകയായിരുന്നു മഞ്ജിമ, ഇലയ്ക്കും മുള്ളിനും കേടില്ലാതെ വലിയൊരു പ്രശ്നത്തെ ഇല്ലാതാക്കാൻ കഴിഞ്ഞതിൻ്റെ ആശ്വാസത്തിൽ അവൾ വീണ്ടും മയക്കത്തിലേക്ക് വീണു.


####################


മഞ്ജിമേ.. എന്തായി പ്രതീക്ഷയ്ക്ക് വകയുണ്ടോ?


താൻ വാങ്ങിക്കൊടുത്ത പ്രഗ്നോകാർഡുമായി ബാത്റൂമിൽ കയറിയ മഞ്ജിമയോട് വാതിൽക്കൽ കാത്ത് നിന്ന ഓമനക്കുട്ടൻ അക്ഷമയോടെ ചോദിച്ചു


അകത്ത് നിന്ന് മറുപടിയൊന്നും കേൾക്കാതിരുന്നപ്പോൾ ഇപ്രാവശ്യവും ഫലം നെഗറ്റീവായിരിക്കുമെന്ന് അയാൾ നിരാശയോടെ ഓർത്തു.


കുറച്ച് കഴിഞ്ഞപ്പോൾ, 

ഡോറ് തുറന്ന മഞ്ജിമ, കുനിഞ്ഞ മുഖത്തോടെ ,ടെസ്റ്റ് ചെയ്ത കാർഡ് ഓമനകുട്ടൻ്റെ കൈയ്യിൽ കൊണ്ട് കൊടുത്തു


വിഷമത്തോടെ അതിലേക്ക് നോക്കിയ ഓമനക്കുട്ടൻ്റെ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു.


അയാൾ ഒറ്റക്കുതിപ്പിൽ മഞ്ജിമയെ വാരിയെടുത്ത് നെഞ്ചോട് ചേർത്ത് മുകളിലേക്ക് ഉയർത്തി


##################


മഞ്ജിമയുടെ ബന്ധുക്കളാരാ ?


ചോദ്യം കേൾക്കേണ്ട താമസം, ലേബർ റൂമിൻ്റെ മുന്നിലേക്ക് മറ്റുള്ളവരേക്കാൾ മുമ്പേ ഓടിയെത്തിയത് വാസുദേവനായിരുന്നു


ദാ, ആൺകുട്ടിയാണ് കണ്ടോളു


ഈശ്വരാ... നീയെൻ്റെ പ്രാർത്ഥന കേട്ടു ,എൻ്റെ തറവാടിൻ്റെ പാരമ്പര്യം നിലനിർത്താൻ, വൈകിയാണെങ്കിലും നീയെനിക്കൊരു പേരക്കിടാവിനെ തന്നല്ലോ?


അയാളുടെ കണ്ണുകളിൽ നിന്ന് സന്തോഷാശ്രുക്കൾ പൊഴിഞ്ഞു .


അവസാനിച്ചു... ലൈക്ക് കമന്റ് ചെയ്യണേ...

To Top