രചന: സജി തൈപ്പറമ്പ്
രാഹുൽ നിങ്ങളിതെന്ത് ഭാവിച്ചാ? ഈ പച്ച പാതിരായ്ക്ക് നിങ്ങളെന്തിനാണ് എൻ്റെ ഫോണിലേക്ക് വിളിക്കുന്നത് ?
മഞ്ജിമ അനിഷ്ടത്തോടെ അയാളോട് ചോദിച്ചു
മഞ്ജു, എനിക്ക് നിന്നെ വല്ലാതെ മിസ്സ് ചെയ്യുന്നു, നിൻ്റെ ശബ്ദമൊന്ന് കേൾക്കണമെന്ന് തോന്നി, അതാ ഞാൻ പെട്ടെന്ന് വിളിച്ചത്
ഓഹോ ,ഈ അസമയത്ത് റൊമാൻ്റിക്കുമായി ഇറങ്ങിയിരിക്കുകയാണല്ലേ? രാഹുൽ, നീയൊരു കാര്യമോർക്കണം, ഞാനിന്ന് മറ്റൊരാളുടെ ഭാര്യയാണ്, എൻ്റെ ഭർത്താവ് ,മിക്കപ്പോഴും എന്നാടൊപ്പമുണ്ടാവും, നീയിങ്ങനെ നേരവും കാലവും നോക്കാതെ വിളിച്ചാൽ, അത് അദ്ദേഹമറിഞ്ഞാൽ, പിന്നെ നമ്മുടെ രണ്ട് പേരുടെയും ദാമ്പത്യം തകരാൻ പിന്നെ അത് മതി ,അത് വേണോ ?
ഓഹ് എൻ്റെ ദാമ്പത്യത്തെക്കുറിച്ച് എനിക്ക് വലിയ സ്വപ്നങ്ങളൊന്നുമില്ല അതേതാണ്ട് തകർന്ന മട്ടാണ് അധികം താമസിയാതെ ഞങ്ങൾ വേർപിരിയും, ഓമനക്കുട്ടനെ പോലെ ഒരാളോടൊപ്പം നിനക്കും അഡ്ജസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് എനിക്ക് നന്നായറിയാം ,നീയെന്തിനാണ് ഇങ്ങനെ സഹിച്ച് ജീവിക്കുന്നത്? ആർക്ക് വേണ്ടിയാണ് നീ
സാക്രിഫൈസ് ചെയ്യുന്നത് ?
അല്ലാതെ വേറെ മാർഗ്ഗമില്ലല്ലോ രാഹുൽ ?
എന്നാര് പറഞ്ഞു ,നീ അവനെ ഉപേക്ഷിച്ച് വന്നാൽ, രണ്ട് കൈയ്യും നീട്ടി നിന്നെ ഞാൻ സ്വീകരിക്കും, ഒരു രാജകുമാരിയെ പോലെ നിന്നെ ഞാൻ നോക്കുകയും ചെയ്യും
പക്ഷേ രാഹുൽ, അതിന് ചില തടസ്സങ്ങളുണ്ടല്ലോ?
എന്ത് തടസ്സങ്ങൾ ?
ആദ്യം നീ ഗ്രീഷ്മയെ നിയമപരമായി ഡൈവോഴ്സ് ചെയ്യണം, അത് ചിലപ്പോൾ നിനക്ക് എളുപ്പമായിരിക്കും, പക്ഷേ, അപ്പോഴും മറ്റൊരു തടസ്സമുണ്ട് ,നിൻ്റെ അമ്മ ,
അവർ ജീവിച്ചിരിക്കുന്നിടത്തോളം കാലം ,നമ്മൾ ഒന്നാകാൻ അവർ സമ്മതിക്കുമെന്ന് എനിക്ക് തോന്നുന്നില്ല, അത് കൊണ്ട് ഈ രണ്ട് കാര്യങ്ങൾക്കും ഒരു തീരുമാനമായിട്ട് നീയെന്നെ വിളിക്ക്, അപ്പോൾ മാത്രമേ ഇനി എന്നെ വിളിക്കാവു, എങ്കിൽ ഞാൻ നിന്നെ വിശ്വസിക്കാം, വീണ്ടുമൊരു ചതിക്കുഴിയിൽ വീഴാനുള്ള ശേഷി എനിക്കില്ല, അത് കൊണ്ടാണ് ,അപ്പോൾ ഗുഡ് നൈറ്റ്
അവൻ്റെ മുന്നിൽ വലിയൊരു ഡിമാൻ്റ് വച്ചിട്ട് ഫോൺ കട്ട് ചെയ്യുമ്പോൾ ഇനി കുറച്ച് നാളത്തേയ്ക്ക് അയാളുടെ ശല്യമുണ്ടാവില്ലല്ലോ എന്ന സമാധാനത്തോടെയാണ് , മഞ്ജിമ മുറിയിലേക്ക് കയറിയത്, ഈയവസരത്തിൽ രാഹുലിനെ പിണക്കുന്നത് ബുദ്ധിയല്ല ,
വേണമെങ്കിൽ താനും
അയാളുമായിട്ടുള്ള പഴയ ബന്ധത്തെക്കുറിച്ചെങ്ങാനും വിളിച്ച് പറഞ്ഞാൽ, തകരുന്നത് തൻ്റെ ജീവിതമായിരിക്കും,
ഗ്രീഷ്മയോടൊത്തുള്ള ദാമ്പത്യം അവസാനിപ്പിക്കാൻ നോക്കുന്ന അയാൾക്ക്, സ്വന്തം ദാമ്പത്യത്തെക്കുറിച്ച് ഉത്കണ്ഠയൊന്നുമുണ്ടാവില്ല
നിലത്ത് വിരിച്ച പായയിലേക്ക് മഞ്ജിമ കിടക്കുമ്പോൾ, ഓമനക്കുട്ടൻ്റെ കൂർക്കം വലി, മന്ദഗതിയിലേക്ക് മാറിയിരുന്നു.
######################
എനിക്ക് കുറച്ച് വെള്ളം തിളപ്പിച്ച് കൊണ്ട് തരുമോ?
പുറത്ത് പോയിട്ട് വന്ന ഓമനക്കുട്ടൻ ,ബെഡ് റൂമിലിരുന്ന് കഴുകിയ വസ്ത്രങ്ങൾ മടക്കി വച്ച് കൊണ്ടിരുന്ന, മഞ്ജിമയോട് ചോദിച്ചു.
അതെന്തിനാ കുളിക്കാനാണോ?
അല്ല ഒന്ന് ആവി പിടിക്കാനാ
ഒരു വയ്യായ്ക പോലെ തോന്നുന്നു
അയാളുടെ ശബ്ദത്തിലും അത് പ്രകടമായിരുന്നത് കൊണ്ട് അവൾ അടുത്ത് ചെന്ന് നെറ്റിയിൽ കൈ വെച്ച് നോക്കി
നേരാണല്ലോ? പൊള്ളുന്ന ചൂടാണല്ലോ? ഇതിന് ആവി പിടിച്ചാൽ പോര, ഡോക്ടറുടെ അടുത്ത് തന്നെ പോകണം
അത് വേണ്ട എനിക്ക് പേടിയാ, ചിലപ്പോൾ ഇൻജക്ഷനെടുക്കും തത്ക്കാലം ആവി പിടിച്ചാൽ മതി, മാറിക്കോളും
കൊച്ചു കുട്ടികളെ പോലെ അയാൾ വാശി പിടിച്ചപ്പോൾ, അവൾ അടുക്കളയിൽ പോയി വെള്ളം തിളപ്പിച്ച് കൊണ്ട് വന്നു.
അപ്പോഴേക്കും അയാൾ കട്ടിലിൽ കയറി പുതച്ച് കിടന്നിരുന്നു.
അപ്പോഴേക്കും കിടന്നോ?
ദേ വെള്ളം തിളപ്പിച്ച് കൊണ്ട് വന്നിട്ടുണ്ട്, എഴുന്നേല്ക്ക്
അവൾ അയാളുടെ പുതപ്പ് വലിച്ച് മാറ്റി.
ഇതെന്താ? മുഖത്തൊക്കെ ഈ കുരുക്കളെങ്ങനെ വന്നു?
നെറ്റിയിലും കഴുത്തിലുമൊക്കെയായി ചെറുപയറിൻ്റെ വലിപ്പത്തിൽ പൊങ്ങി വന്ന കുരുക്കൾ അവളിൽ ആശങ്കയുണർത്തി.
അറിയില്ല , പനി വന്നപ്പോൾ ,
ദേഹമാകെ വല്ലാത്ത ചൊറിച്ചിലുണ്ടായിരുന്നു,
എവിടെ? നോക്കട്ടെ ഈ ഷർട്ടൊന്നഴിച്ചേ?
അയാളുടെ എതിർപ്പിനെ അവഗണിച്ച്, അവൾ വേഗം ഷർട്ടഴിച്ച് നോക്കി
അവളുടെ മുന്നിൽ അർദ്ധനഗ്നനായി ഇരിക്കേണ്ടി വന്നപ്പോൾ ,അയാൾ വല്ലാതെ ചൂളിപ്പോയി.
ഈശ്വരാ... ശരീരം മുഴുവൻ കുരുക്കളാണല്ലോ? ഇത് അത് തന്നെ?
അവൾ തൻ്റെ നഗ്നമേനിയിലൂടെ വിരലോടിച്ചപ്പോൾ, അയാളുടെ ശരീരമാകെ കുളിര് കോരി, ആദ്യമായി സ്ത്രീ സ്പർശനമേറ്റപ്പോൾ,
എഴുന്ന് നില്ക്കുന്ന അവൻ്റെ രോമകൂപങ്ങൾ, അവളിൽ ചിരിയുണർത്തി.
എന്താ, എന്താ എനിക്കസുഖം ?
ജിജ്ഞാസയോടെ അയാൾ ചോദിച്ചു.
ഇത് ചിക്കൻപോക്സാണ് ,
അടുത്ത് എവിടെയെങ്കിലും
ആയുർവ്വേദ ഡോക്ടർമാരുണ്ടെങ്കിൽ, ഏട്ടൻമാരെ വിട്ട് മരുന്ന് വാങ്ങിപ്പിക്കാം, അല്ലാതെ ഇതുമായി പുറത്തിറങ്ങിയാൽ ചിലപ്പോൾ മറ്റുള്ളവർക്ക് പകരും
അത് ഇയാൾക്കെങ്ങനെ അറിയാം, തനിക്ക് വന്നിട്ടുണ്ടോ?
ഇല്ല, മധുരിമയ്ക്ക് വന്നിരുന്നു, അപ്പോൾ എനിക്ക് പകരാതിരിക്കാനായി,
എന്നെ അമ്മാവൻ്റെ വീട്ടിൽ കൊണ്ടാക്കി, അമ്മയ്ക്ക് വന്നിട്ടുള്ളത് കൊണ്ട്, അമ്മയാണവളെ നോക്കിയത്
അയ്യോ, അപ്പോൾ തനിക്ക് പകരില്ലേ?
പകരുമായിരിക്കും, എന്ന് വച്ച് എനിക്ക് ഇട്ടേച്ച് പോകാൻ കഴിയില്ലല്ലോ ?എൻ്റെ ഭർത്താവല്ലേ നിങ്ങൾ?
ആ ചോദ്യം അയാളെ തരളിതനാക്കി.
വല്ലാതെ ചൊറിയുന്നെനിക്ക്,
ഉം, അതൊക്കെയുണ്ടാവും, ഒരു കാര്യം ചെയ്യാം ഞാൻ പുറത്ത് പോയി ,കുറച്ച് ആരിവേപ്പില പറിച്ചോണ്ട് വരാം ,അത് കട്ടിലിൽ വിരിച്ചിട്ട് അതിൻമേൽ കിടന്നാൽ മതി
അവൾ പുറത്ത് പോയി കുറച്ച് കഴിഞ്ഞപ്പോൾ, ആരിവേപ്പിൻ്റെ തണ്ടുകളുമായി വന്ന് കട്ടിലിൽ നിറയെ വിരിച്ചിട്ടു.
ഒരു തോർത്ത് മാത്രമുടുത്ത് കൊണ്ട് കയറി കിടന്നോളു, ഞാൻ പോയി കുറച്ച് കഞ്ഞി എടുത്തിട്ട് വരാം, അപ്പോഴേക്കും വല്യേട്ടൻ മരുന്ന് കൊണ്ട് വരും
അയ്യേ, എനിക്ക് വയ്യ, അങ്ങനെ കിടക്കാൻ
എന്ന് പറഞ്ഞാലെങ്ങനാ, അസുഖം മാറണ്ടേ? പറയുന്നത് കേൾക്ക് ,അവൾ ബലം പ്രയോഗിച്ച് അയാളെ തോർത്തുടുപ്പിച്ച് കട്ടിലിലേക്ക് കിടത്തി.
അവളുടെ തൊട്ട് തലോടലുകളും, ഊഷ്മളമായ പെരുമാറ്റങ്ങളും, അയാളിൽ പുതിയൊരനുഭൂതിയുണ്ടാക്കി .
######################
അപ്പുറത്ത് അനക്കമൊന്നും കേൾക്കുന്നില്ലല്ലോ? എല്ലാവരും എവിടെ പോയി?
പിറ്റേന്ന് ഉച്ച കഴിഞ്ഞപ്പോൾ, ഓമനക്കുട്ടൻ മഞ്ജിമയോട് ആകാംക്ഷയോടെ ചോദിച്ചു.
ഏട്ടൻമാർ രണ്ട് പേരും, ഏടത്തി മാരുടെ വീട്ടിലും, അച്ഛൻ, അമ്മായിയുടെ വീട്ടിലേക്കും പോയിരിക്കുവാ ,
അതെന്തിനാ?
അവർക്ക് അസുഖം വരാതിരിക്കാൻ,
എന്നിട്ടും, തനിക്ക് പോകാൻ തോന്നിയില്ലല്ലോ?
അതാണ് ഭാര്യ ഭർതൃബന്ധം എന്ന് പറയുന്നത്, മരണം കൺമുന്നിൽ കണ്ടാലും, സ്നേഹമുള്ള ഭാര്യഭർത്താക്കന്മാർ, ഒരിക്കലും സ്വന്തം ജീവിതം നോക്കി പോകില്ല ,ഞാനെൻ്റെ ഭർത്താവിനെ ജീവന് തുല്യം സ്നേഹിക്കുന്നു ,അത് കൊണ്ട് എനിക്ക് എന്ത് സംഭവിച്ചാലും, എൻ്റെ ഭർത്താവിനെ വിട്ട് ഞാനെങ്ങോട്ടും പോവില്ല
അത് കേട്ടപ്പോൾ എന്തിനെന്നറിയാതെ ഓമനക്കുട്ടൻ്റെ കണ്ണുകൾ നിറഞ്ഞു.