പ്രിയയും ,ഖയിസ്സും, ഭാഗം-5

Valappottukal


രചന: സജി തൈപ്പറമ്പ്


നീയെന്താ ഖയിസ്സേ... ഈ പറയുന്നത് ?

കേട്ടിട്ട് തന്നെ എന്താ പോലെ തോന്നുന്നു ,ഇതെങ്ങാനും നിൻ്റെ ഉപ്പയറിഞ്ഞാൽ ഇവിടെ ഭൂകമ്പമുണ്ടാകും, പറഞ്ഞേക്കാം,


താനും പ്രിയയുമായെടുത്ത തീരുമാനം ജമീലയോടവതരിച്ചപ്പോൾ  ,

അവരുടെ ആദ്യപ്രതികരണമായിരുന്നത് ,


എൻ്റെ ഉമ്മീ .. ഇതൊക്കെ നാട്ടിലിപ്പോൾ സർവ്വസാധാരണമാണ് , 

എത്രയോ സെലിബ്രിറ്റികൾ ഇങ്ങനെയുള്ള ട്രീറ്റ്മെൻ്റ് നടത്തിയിട്ടുണ്ടെന്നറിയാമോ? 


എന്നാലും ഖയിസ്സേ. എനിക്കിതങ്ങോട്ട് ദഹിക്കുന്നില്ല , ഒന്നുമില്ലേലും, ഫിദ നിൻ്റെ സഹോദരിയല്ലേ? അതെങ്കിലും നിനക്ക് ചിന്തിക്കാമായിരുന്നു, ലോകത്തെവിടെയെങ്കിലും ആങ്ങളയുടെ കുഞ്ഞിനെ പെങ്ങള് പ്രസവിച്ചതായി നീ കേട്ടിട്ടുണ്ടോ ?


അയ്യോ ഉമ്മീ... ഉമ്മി കരുതുന്നത് പോലെയല്ലിത്, ഞാനിതെങ്ങനെ നിങ്ങളോട് പറഞ്ഞ് മനസ്സിലാക്കും? ഒരു കാര്യം ചെയ്യാം, പ്രിയയെ ഞാനിങ്ങോട്ടയക്കാം അവള് പറയുമ്പോൾ, ഉമ്മിയ്ക്ക് കാര്യങ്ങൾ മനസ്സിലാകും


അക്ഷമയോടെ ഖയിസ്സ്, മുറിയിലേക്ക് നടന്നു


പ്രിയേ ..നീയൊന്ന് ചെന്ന് 

ഉമ്മിയോട് കാര്യങ്ങൾ വിശദമായിട്ടൊന്നവതരിപ്പിക്ക്, ഞാൻ പറഞ്ഞിട്ടൊന്നും ഉമ്മിക്കങ്ങോട്ട് മനസ്സിലാകുന്നില്ല


ഖയിസ്സ്, നിസ്സഹായതയോടെ പ്രിയയോട് വന്ന് പറഞ്ഞു.


ഡാ.. ഉമ്മി നല്ല മൂഡിലിരിക്കുമ്പോൾ ഞാൻ പറഞ്ഞാൽ പോരെ?


ങ്ഹാ എന്നാൽ നിൻ്റെ ഇഷ്ടം പോലെ ചെയ്യ് 


അതും പറഞ്ഞ് ഖയിസ്സ്, കാറിൻ്റെ കീയുമെടുത്ത് വെളിയിലേക്കിറങ്ങി


കുറച്ച് ദിവസങ്ങൾക്ക് ശേഷമുള്ള ഒരു ഞായറാഴ്ച്ച ,


ഖയിസ്സും, ഉപ്പയും ഊണ് കഴിഞ്ഞ്, ഉച്ചയുറക്കത്തിനായി പോയ നേരത്ത്  പിന്നാമ്പുറത്തെ, പടിക്കെട്ടിലിരുന്ന് ജമീല ,പ്രിയയുടെ മുടിയിൽ കാച്ചെണ്ണ തേച്ച് പിടിപ്പിക്കുകയായിരുന്നു


നിൻ്റെ മുടി നിറച്ച് ജഡയാണല്ലോ മോളെ... ?അത് കൊണ്ടാ പറയുന്നത് ,ദിവസേന എണ്ണ വച്ച് കുളിക്കണമെന്ന് ,

അതെങ്ങനാ? ഇപ്പോഴത്തെ കുട്ടികൾക്ക് ,

ഷാംപു തേച്ച് ,മുടി പറപ്പിച്ച് നടക്കുന്നതല്ലേ ശീലം?


എണ്ണ തേച്ചാൽ, എൻ്റെ മുഖം കരിവാളിച്ചിരിക്കുന്നത്  കൊണ്ടാണുമ്മീ.. ഞാനത് ചെയ്യാത്തത് 


എന്നാലും മോളേ.. ഇടയ്ക്കെങ്കിലും തലയിൽ എണ്ണതേച്ചില്ലെങ്കിൽ, നിൻ്റെയീ മുടിയൊക്കെ ആകെപ്പാടെ എടങ്ങേറാകും,


എങ്കിൽ ശരി ഉമ്മീ .., ഞാനിനി ദിവസവും എണ്ണ തേച്ച് കുളിച്ചോളാം, ഉമ്മിയൊരു കാര്യം പറഞ്ഞാൽ പിന്നെ, എനിക്കത് നിഷേധിക്കാൻ കഴിയില്ലല്ലോ? മുഖമിത്തിരി കറുത്താലും ഞാനത് സഹിച്ച് , എന്താ ,പോരെ ?


അവൾ ജമീലയെ ,തന്നിലേക്ക് കൂടുതൽ അടുപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു , എന്നാലേ താനും ഖയിസ്സും തമ്മിൽ തീരുമാനിച്ച കാര്യങ്ങൾ ഉമ്മയെ ധരിപ്പിക്കാൻ കഴിയു എന്നവൾക്കറിയാമായിരുന്നു.


മിടുക്കി ,പെമ്പിള്ളേരായാൽ ഇങ്ങനെ വേണം ,


ജമീല ,തന്നെ പുകഴ്ത്തുക കൂടി ചെയ്തപ്പോൾ പ്രിയ ആത്മവിശ്വാസത്തോടെ വിഷയത്തിലേക്ക് കടന്നു.


ഇന്നലെ ഉമ്മിയോട് ഖയിസ്സ് എന്തേലും പറഞ്ഞിരുന്നോ?


രണ്ടും കല്പിച്ചവൾ ചോദിച്ചു.


ഉം പറഞ്ഞു ,പക്ഷേ എനിക്കെന്തോ, അതത്ര നല്ലതായി തോന്നുന്നില്ല മോളേ ..


കുറച്ച് നേരം മൗനം പാലിച്ചിരുന്നിട്ട് ജമീല മറുപടി പറഞ്ഞു.


അത്, ഉമ്മിയോടവൻ കാര്യങ്ങൾ വ്യക്തമാക്കാതിരുന്നത് കൊണ്ടാണ് അങ്ങനെ തോന്നുന്നത്, ഞാനത് വിശദമായി പറഞ്ഞ് തരാം ,എന്നിട്ട് ഉമ്മി ഒരു അഭിപ്രായം പറഞ്ഞാൽ മതി


പ്രിയ ജമീലയോട് , IVF ട്രീറ്റ്മെൻ്റിനെക്കുറിച്ചും മറ്റും വിശദീകരിച്ച് പറഞ്ഞു.


അതിൽ കുഴപ്പമൊന്നുണ്ടാവില്ലല്ലോ അല്ലേ മോളേ?


ഒരു കുഴപ്പവുമില്ലുമ്മീ ... 

ഒരുപാട് പേർക്ക്  ഈ ചികിത്സകൊണ്ടാണ് കുട്ടികളുണ്ടായത് ,ഈ

കുടുംബത്തിൽ നിങ്ങളുടെ ഒരു അനന്തരാവകാശി ഉണ്ടാവണമെന്ന് ഉമ്മിക്കും ഉപ്പയ്ക്കും ഒരുപാടാഗ്രഹമുണ്ടാവില്ലേ?

എനിക്കിനി ,ഒറ്റയ്ക്ക് അതിന് കഴിയില്ലെന്ന് ഉമ്മിക്കറിയാമല്ലോ?

ഫിദയിത്തിയും ഞങ്ങളുമൊന്നിച്ച് ശ്രമിച്ചാൽ മാത്രമേ ,ഇനി ഈ വംശം തന്നെ നിലനില്ക്കുകയുള്ളു,


പ്രിയയുടെ ആ മുന്നറിയിപ്പ് , 

ജമീലയുടെ മനസ്സിൽ ആശങ്കയുടെ വിത്തുകൾ പാകിയിരുന്നു


അന്ന് രാത്രി  തൻ്റെ ഭർത്താവിനോടവർ ആ കാര്യം അവതരിപ്പിച്ചു.


വംശം നിലനിർത്താൻ ,ഖയിസ്സ് ഒന്നുകൂടി നിക്കാഹ് ചെയ്താൽ പോരെ ? അവന് വേണ്ടി മുമ്പ് പറഞ്ഞുറപ്പിച്ചിരുന്ന ,

സക്കീനയുടെ മോളിപ്പോഴും അവിവാഹിതയായ് കഴിയുന്നതെന്ത് കൊണ്ടാണ് ,ഖയിസ്സിനോട് അവൾക്ക് ഇപ്പോഴും ഇഷ്ടമുള്ളത് കൊണ്ടല്ലേ? പ്രിയയ്ക്ക് ഒരു കുഞ്ഞിനെയാണ് വേണ്ടതെങ്കിൽ അവളോട് പറയ് ,ഖയിസ്സിനെ കൊണ്ട് സക്കീനയുടെ മകൾ അലീനയെ നിക്കാഹ് കഴിപ്പിക്കാൻ, പ്രിയ അതിന് വളഞ്ഞ വഴിയിലൂടെ വെറുതെയെന്തിനാ പോകുന്നത് ,?


ഖയിസ്സിൻ്റെ ഉപ്പ കരീമിൻ്റെ ഇളയ സഹോദരിയാണ് സക്കീന, അവരുടെ മകൾ അലീനയും ഖയിസ്സുമായുള്ള വിവാഹം ഉറപ്പിച്ചത് വീട്ടുകാരുടെ ഇഷ്ടപ്രകാരമായിരുന്നു ,

ഖയിസ്സും പ്രിയയും പ്രണയത്തിലാണെന്ന വാർത്ത ,നാട്ടിൽ പരന്ന് തുടങ്ങിയപ്പോഴാണ് , കരീമ് ,അങ്ങനെയൊരു തീരുമാനമെടുത്തത്, വാഴത്തോപ്പിലെ കരീം മുതലാളിയുടെ ഏകമകൻ ഒരന്യജാതിക്കാരിയെ തറവാട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നാലുള്ള മാനക്കേട് ഭയന്നിട്ടായിരുന്നു അയാൾ മകനോട് പോലും ആലോചിക്കാതെ കല്യാണമുറപ്പിച്ചത്


പക്ഷേ ,തറവാട്ടിൽ കയറ്റിയില്ലെങ്കിലും സ്നേഹിച്ച പെണ്ണിനെ കൈവിടില്ലെന്ന ഖയിസ്സിൻ്റെ ഉറച്ച തീരുമാനമറിഞ്ഞപ്പോൾ പ്രിയ, തൻ്റെ വീട്ടുകാരെയും ഉപേക്ഷിച്ച് കൊണ്ട് അവനോടൊപ്പം നാട് വിട്ടു


പ്രായമാകുമ്പോൾ തന്നെ സംരക്ഷിക്കേണ്ട ഏകമകൻ, വീട്ടിൽ നിന്നിറങ്ങിപ്പോയപ്പോൾ ,

അസഹനീയമായ വേദന തോന്നിയെങ്കിലും, കുടുംബത്തിന് നാണക്കേടുണ്ടാക്കിയ മകനെ തിരിച്ച് വിളിക്കാൻ കരീം തയ്യാറായില്ല


ഒടുവിൽ ,ജമീലയുടെ തോരാത്ത കണ്ണീരും ,മരുമകൻ സാദിഖലിയുടെ ഉപദേശവും അവഗണിക്കാനാവാതെ വന്നപ്പോഴാണ് ,മകനെയും മരുമകളെയും സ്വീകരിക്കാൻ അയാൾ തയ്യാറായത്


കാലക്രമേണ, കരീമിന് പ്രിയയോടുള്ള നീരസം കുറഞ്ഞ് വന്നു.


അവൾ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ,

തൻ്റെ മകൾ ഫിദയോടുള്ള അതേ സ്നേഹവാത്സല്യമായിരുന്നു കരീം പ്രിയയോടും പ്രകടിപ്പിച്ചിരുന്നത്


പക്ഷേ ,പ്രിയയ്ക്ക് , ഇനി ഒരിക്കലും തനിക്കൊരു പേരക്കുട്ടിയെ തരാൻ കഴിയില്ലെന്ന സത്യം മനസ്സിലാക്കിയപ്പോഴാണ് ,

തൻ്റെ മകനെ കൊണ്ട് അലീനയെ നിക്കാഹ് കഴിപ്പിക്കണമെന്ന ആഗ്രഹം വീണ്ടും കരീമിൻ്റെ മനസ്സിൽ ഉടലെടുത്ത് തുടങ്ങിയത്


കരീമിൻ്റെ മറുപടി ജമീലയിൽ ഞെട്ടലുണ്ടാക്കി


നിങ്ങളെന്തൊക്കെയാണീ പറയുന്നത് ? ഒരു കുഞ്ഞിന് വേണ്ടി ,പ്രിയ, ഖയിസ്സിനെ കൊണ്ട് രണ്ടാമതൊരു നിക്കാഹ് കഴിപ്പിക്കാൻ തയ്യാറാകുമെന്നോ, ഖയിസ്സ് അതിന് സമ്മതിക്കുമെന്നോ നിങ്ങൾക്ക് തോന്നുന്നുണ്ടോ?


സമ്മതിപ്പിക്കണം ,അല്ലാതെ എല്ലാം പ്രിയയുടെ ഇഷ്ടത്തിന് വിട്ട് കൊടുത്താൽ മതിയോ ?പ്രിയ, സ്വാർത്ഥമതിയാണെന്ന് നിനക്ക് മനസ്സിലായില്ലേ? ജമീലാ .. പ്രിയയുടെയും ഖയിസ്സിൻ്റെയും കുഞ്ഞിനെ പ്രസവിക്കുന്ന ഫിദയ്ക്ക് ഇത് കൊണ്ടെന്താണ് പ്രയോജനം? തൻ്റെ വയറ്റിൽ ആങ്ങളയുടെ കുഞ്ഞിനെ പത്ത് മാസം ചുമന്ന് ,

നൊന്ത് പ്രസവിച്ചിട്ട്, ചോരമണം മാറുന്നതിന് മുമ്പ് പ്രിയ അവളുടെ കുഞ്ഞിനെയുമെടുത്ത് പോകുമ്പോൾ, ഫിദയ്ക്ക് ഉണ്ടാകാൻ പോകുന്ന വേദന എത്രമാത്രമായിരിക്കുമെന്ന് നിനക്ക് ഊഹിക്കാൻ കഴിയുമോ ജമീല?


ജമീലയുടെ ഹൃദയം പിളർക്കാൻ മാത്രം കെല്പുള്ളതായിരുന്നു 

കരീമിൻ്റെ ആ ചോദ്യം...

അടുത്ത ഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

To Top