രചന: സജി തൈപ്പറമ്പ്
അല്ലേലും നിന്നെ കൊണ്ട് ഒന്നിനും കഴിയില്ലെന്ന് എനിക്കറിയാമായിരുന്നു
വിമ്മിഷ്ടം കൊണ്ട് വിറയ്ക്കുന്ന ഗ്രീഷ്മയെ തള്ളിമാറ്റിക്കൊണ്ട് കടുത്ത നിരാശയോടെ രാഹുൽ കട്ടിലിൽ നിന്നെഴുന്നേറ്റു
ഞാനൊരു പേഷ്യൻ്റാണെന്നറിഞ്ഞ് കൊണ്ടല്ലേ രാഹുൽ എന്നെ വിവാഹം കഴിച്ചത് എന്നിട്ടിപ്പോൾ എന്തിനാണ് എന്നോടിങ്ങനെ ദേഷ്യപ്പെടുന്നത്?
പിന്നെ ഞാനെന്ത് ചെയ്യണം ?ഞാനുമൊരു മനുഷ്യനാണ്, മറ്റുളളവരെ പോലെ വികാരവിചാരങ്ങളുള്ള ഒരു പച്ചമനുഷ്യൻ, അത് കൊണ്ട്, ചില നേരത്തൊക്കെ വൈകാരികമായി പ്രതികരിച്ച് പോകും
രാഹുൽ പ്ളീസ്, ഒച്ച വയ്ക്കല്ലേ? ഞാൻ മനപ്പൂർവ്വമല്ലല്ലോ ? എനിക്ക് തണുപ്പ് അധികം പറ്റില്ല, അത് കൊണ്ടാണ് ഇപ്പോൾ അസുഖം കൂടിയത്
ഇപ്പോൾ മാത്രമല്ലല്ലോ ? കല്യാണം കഴിഞ്ഞ നാള് മുതൽ ഇത് തന്നെയല്ലേ അവസ്ഥ, അസുഖക്കാരിയാണെന്ന് പറഞ്ഞപ്പോൾ ഒരു വകയ്ക്ക് കൊള്ളാത്തവളാണെന്ന് ഞാൻ കരുതിയില്ല
രാഹുൽ, ദൈവത്തെയോർത്ത് ഇങ്ങനെയൊന്നും പറയരുത് എന്നെ വെറുക്കുകയും ചെയ്യരുത് എനിക്ക് കുറച്ച് സമയം തരണം എല്ലാം ശരിയാവും ,ഇന്നല്ലെങ്കിൽ നാളെ എനിക്ക് നീ ആഗ്രഹിക്കുന്ന പോലൊരു ഭാര്യയാകാൻ കഴിയും,
രാഹുൽ ഇങ്ങനെ വയലൻ്റായാൽ അപ്പുറത്ത് കിടക്കുന്ന, അച്ഛനും അമ്മയും നമ്മുടെ വഴക്ക് കേട്ട് വിഷമിക്കും, ഞാൻ രോഗിയാണെന്നറിഞ്ഞ നാള് മുതൽ ,എൻ്റെ ഭാവിയെ കുറിച്ചായിരുന്നു അവരുടെ ആശങ്ക, അതിനൊരു മാറ്റമുണ്ടായത് രാഹുൽ എന്നെ കല്യാണം കഴിച്ചതോടെയാണ്
ഇപ്പോഴാണവർ സമാധാനത്തോടെ ഒന്നുറങ്ങുന്നത് തന്നെ, മകൾക്ക് കിട്ടിയത് സ്നേഹസമ്പന്നനായ ഒരു ഭർത്താവിനെയാണല്ലോ എന്ന സമാധാനത്തിലാണ് അവരിപ്പോൾ സന്തോഷത്തോടെ ജീവിക്കുന്നത് ആ സന്തോഷം തല്ലികെടുത്തരുത് രാഹുൽ പ്ളീസ്,അതിന് പകരമായി രാഹുൽ പറയുന്നതെന്തും ഞാൻ അനുസരിക്കാം
ശരി എങ്കിൽ ഒരേ ഒരു കാര്യം നീ ചെയ്താൽ മതി എൻ്റെ പ്രൈവസിയിൽ നീ കൈ കടത്തരുത്, അതായത് എൻ്റെ മൊബൈൽ ഫോൺ നീ എടുക്കുകയോ അതിൽ വരുന്ന കോളുകൾ അറ്റൻ്റ് ചെയ്യുകയോ ചെയ്യരുത് എനിക്കൊരു പാട് സുഹൃത്തുക്കൾ ഉള്ളതാണ് പലരുമായും രാത്രിയും പകലുമൊക്കെ കോൺടാക്ട് ചെയ്യേണ്ടി വരും ,അത് കൊണ്ട് പഴയത് പോലെ അത് ആരാ എന്താ എന്നൊന്നും ചോദിച്ച് എന്നെ ഇറിറ്റേറ്റ് ചെയ്യാൻ പാടില്ല ,അങ്ങനെയാണെങ്കിൽ ഞാൻ നിൻ്റെ അച്ഛൻ്റെയും അമ്മയുടെയും മുന്നിൽ എന്നും നല്ലൊരു ഭർത്താവായിരിക്കും
ഓകെ രാഹുൽ ഞാനിനി രാഹുലിനെ ഫോളോ ചെയ്യില്ല അച്ചടക്കമുള്ളൊരു ഭാര്യയായി അടങ്ങിയൊതുങ്ങി കഴിഞ്ഞോളാം
ഉം ശരി
തൻ്റെ പരിശ്രമം വിജയിച്ച സന്തോഷത്തിൽ ജനൽപാളികൾ തുറന്നിട്ട് ,പുറത്തെ കട്ടപിടിച്ച ഇരുട്ടിലേക്ക് നോക്കി രാഹുൽ പുഞ്ചിരിച്ചു.
#################
മോളേ നിങ്ങടെ കല്യാണം കഴിഞ്ഞിട്ട് അഞ്ചാറ് മാസമായില്ലേ? നിനക്ക് മുൻപേ ഇവിടെ വന്ന് കയറിയ ബിന്ദുവിനും മീനാക്ഷിക്കും എന്നെ മുത്തച്ഛാ എന്ന് വിളിക്കുന്ന ഒരു പേരക്കിടാവിനെ തരാൻ കഴിഞ്ഞില്ല ഈ തറവാടിനൊരു അനന്തരാവകാശിയെ തരാൻ ഇനി നിനക്കേകഴിയു, ആ പ്രതീക്ഷയിലാണ് ഞാൻ കഴിയുന്നത് , ഇപ്പോഴത്തെ തലമുറയിലുള്ളവരൊക്കെ കുട്ടികൾ ഉടനെ വേണ്ടെന്ന ചിന്താഗതിയുള്ളവരാണ്
അത് കൊണ്ടാണ് അച്ഛൻ ചോദിക്കുന്നത് നിങ്ങൾക്ക് അങ്ങനെയുള്ള പ്ളാനൊന്നുമില്ലല്ലോ അല്ലേ?
വൈകുന്നേരം ചായയുമായി ചെന്ന മഞ്ജിമയോട് വാസുദേവൻ ചോദിച്ചത് കേട്ട് അവൾ ഞെട്ടിപ്പോയി ,എന്ത് മറുപടി പറയണമെന്നറിയാതെ അവൾ കുഴങ്ങി
എന്താ മോളൊന്നും മിണ്ടാത്തത് ?മരിക്കുന്നതിന് മുമ്പ് ഒരു പേരക്കുട്ടിയെ താലോലിക്കാനുള്ള അവസരം നീയെനിക്ക് തരുമോ?
അയ്യോ അച്ഛാ ... അച്ഛൻ കരുതുന്നത് പോലെ ഞങ്ങളങ്ങനെ മുൻകരുതലൊന്നുമെടുത്തിട്ടില്ല പിന്നെ എല്ലാം ദൈവം തരുന്നതല്ലേ? അച്ഛൻ്റെ ആഗ്രഹവും പ്രാർത്ഥനയും ദൈവം കേൾക്കാതിരിക്കില്ല
തിരിച്ച് അടുക്കളയിലേക്ക് നടക്കുമ്പോൾ അച്ഛൻ്റെ ആഗ്രഹം അവളെ സമ്മർദ്ദത്തിലാക്കി
ഒരിക്കൽ പോലും ഒരുമിച്ച് കിടക്കാൻ കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല, കല്യാണം കഴിഞ്ഞിട്ടിന്ന് വരെ ഓമനക്കുട്ടൻ തന്നെ പ്രണയത്തോടെ ഒന്ന് നോക്കിയിട്ട് കൂടിയില്ല
ഇനിയെന്നെങ്കിലും അങ്ങനെയൊന്നുണ്ടാവുമെന്ന് യാതൊരു പ്രതീക്ഷയുമില്ലാത്ത തനിക്ക് എങ്ങനെയാണ് അച്ഛൻ്റെ ആഗ്രഹം സാധിച്ച് കൊടുക്കാൻ പറ്റുക?
അടുക്കള ജോലിയിൽ വ്യാപൃതയായിരിക്കുമ്പോഴും ഉത്തരം കിട്ടാത്ത ആ ചോദ്യം അവളെ അലട്ടിക്കൊണ്ടിരുന്നു.
##################
നിങ്ങളുറങ്ങിയോ?
കട്ടിലിൽ കിടക്കുന്ന ഓമനക്കുട്ടനോട് ,നിലത്ത് വിരിച്ച പായയിൽ ചുമരിൽ ചാരിയിരുന്ന് കൊണ്ട് ,മഞ്ജിമ ചോദിച്ചു.
ഇല്ല പറഞ്ഞോളു
വൈകിട്ടത്തെ ചായകൊടുക്കാൻ ചെന്നപ്പോൾ അച്ഛൻ എന്നോടൊരു കാര്യം ചോദിച്ചു
ഉം എന്താദ് ?
വാസുദേവൻ തന്നോട് സംസാരിച്ചതെല്ലാം മഞ്ജിമ അയാളോട് പറഞ്ഞു
ഇയാൾക്ക് വേറൊന്നും പറയാനില്ലെങ്കിൽ കിടന്നുറങ്ങാൻ നോക്ക് എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്
എപ്പോഴുമിങ്ങനെ കിടന്നുറങ്ങിയാൽ അച്ഛൻ്റെ ആഗ്രഹം ഒരിക്കലും സാധിക്കാൻ പോണില്ല
അമർഷത്തോടെ പറഞ്ഞിട്ട് മഞ്ജിമ ,പുതപ്പെടുത്ത് തലവഴി മൂടി കൊണ്ട് ചുമരിന് നേരെ തിരിഞ്ഞ് കിടന്നു.
##################
ഇന്നെന്താ അമ്പലത്തിൽ പോകാൻ തനിച്ചേയുള്ളോ?
പിന്നിൽ നിന്നൊരു പുരുഷശബ്ദം കേട്ട് മഞ്ജിമ തിരിഞ്ഞ് നോക്കി
സുമുഖനായൊരു ചെറുപ്പക്കാരനായിരുന്നു അത്
അതെ ,ഇന്ന് മീനുവേട്ടത്തിക്ക് നല്ല സുഖമില്ല, അത് കൊണ്ട് ഞാൻ തനിച്ച് പോന്നു
അവൾ മറുപടി കൊടുത്തു
അതേതായാലും നന്നായി അല്ലെങ്കിൽ ഇന്നത്തെ എൻ്റെ കാത്തിരിപ്പ് വെറുതെ ആയേനെ, ഈ ദിവസം കൃത്യമായി താൻ അമ്പലത്തിലെത്തുമെന്ന് എനിക്കറിയാമായിരുന്നു
അയാൾ പറഞ്ഞത് കേട്ട് അവൾക്ക് ആശ്ചര്യം തോന്നി
എന്തിനാ എന്നെ കാത്ത് നിന്നത് നിങ്ങൾക്ക് എന്നെ പരിചയമുണ്ടോ ?
അവൾ ജിജ്ഞാസയോടെ ചോദിച്ചു
പരിചയമുണ്ടോന്ന് ചോദിച്ചാൽ, കുറച്ച് നാളുകളായി, ഞാൻ തന്നെ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട് അന്ന് മുതൽ ഞാൻ തന്നെ ഫോളോ ചെയ്യുന്നുമുണ്ട് , കൂടെ എപ്പോഴും ആളുള്ളത് കൊണ്ടാണ്, തുറന്ന് പറയാതിരുന്നത്?
നിങ്ങളെന്താ പറഞ്ഞ് വരുന്നത് എനിക്കൊന്നും മനസ്സിലാകുന്നില്ല
അവൾ പകപ്പോടെ അയാളെ നോക്കി
തന്നെ എനിക്കിഷ്ടമാണ് വിവാഹം കഴിക്കണമെന്നു മുണ്ട്, തൻ്റെ അഭിപ്രായം ചോദിക്കാനാണ് ഞാൻ കാത്ത് നിന്നത്
അത് കേട്ട് അവൾ ഞെട്ടിപ്പോയി
നിങ്ങൾക്കെന്താ ഭ്രാന്തുണ്ടോ? ഞാൻ വിവാഹിതയായൊരു സ്ത്രീയാണ് എനിക്കൊരു ഭർത്താവുണ്ട്
അറിയാം ,ഓമനക്കുട്ടനല്ലേ തൻ്റെ ഭർത്താവ് ,ഒരു ഭർത്താവിൻ്റെ കടമകൾ നിർവ്വഹിക്കാൻ അവനെ കൊണ്ടാവില്ലെന്ന് ഈ നാട്ട്കാർക്കൊക്കെ അറിയാവുന്നത് പോലെ എനിക്കുമറിയാം ,
വെറുതെയെന്തിനാ അവൻ്റെ കൂടെ ജീവിച്ച് തൻ്റെ ഭാവി നശിപ്പിക്കുന്നത് ,താൻ എൻ്റെ കൂടെ വാ ,ദാമ്പത്യ ജീവിതം എന്താണെന്ന് ഞാൻ കാണിച്ചു തരാം
പൊടുന്നനെ അയാൾ അവളുടെ കൈയ്യിൽ കടന്ന് പിടിച്ചു.
നിങ്ങളെന്താ ഈ കാണിക്കുന്നത്? എൻ്റെ കയ്യീന്ന് വിടൂ, ഇല്ലെങ്കിൽ ഞാനാൾക്കാരെ വിളിച്ച് കൂട്ടും
ഇല്ല, ഞാൻ വിടില്ല, എനിക്ക് നിന്നെ വേണം
അയാളുടെ പിടുത്തം മുറുകിയപ്പോൾ അവൾ അലറി വിളിച്ചു ,പക്ഷേ അവളുടെ ശബ്ദം പുറത്തേയ്ക്ക് വന്നില്ല
സർവ്വശക്തിയുമെടുത്ത് അയാളുടെ പിടുത്തം വിടുവിച്ച് അവൾ തിരിഞ്ഞോടി
പെട്ടെന്ന് എന്തോ ഒന്നിൽ
കാല് തട്ടിയവൾ നിലത്തേയ്ക്ക് വീണു.
അപ്പോഴാണവൾ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നത്
താനിത് വരെ കണ്ടതൊരു ദു:സ്വപ്നമായിരുന്നെന്ന് മനസ്സിലാക്കാൻ ,അവൾക്ക് കുറച്ച് സമയം വേണ്ടി വന്നു.
അപ്പോഴേക്കും തലയിണയ്ക്കരികിലിരുന്ന തൻ്റെ ഫോൺ വൈബ്രേറ്റ് ചെയ്യുന്ന ശബ്ദം കേട്ടവൾ അതെടുത്ത് നോക്കി
പരിചയമില്ലാത്തൊരു നമ്പരായിരുന്നത്, അവൾ ക്ളോക്കിലേക്ക് നോക്കി സമയം പതിനൊന്നാകുന്നു
ഈ രാത്രിയിലാരാ തൻ്റെ ഫോണിലേക്ക് വിളിക്കുന്നതെന്നോർത്തവൾ കോൾ അറ്റൻ്റ് ചെയ്തു.
ഹലോ ,എന്താ ഫോണെടുക്കാൻ താമസം
ഇത്ര നേരത്തെ ഉറക്കമായോ?
തൻ്റെ ചെവിയിൽ മുഴങ്ങുന്നത് രാഹുലിൻ്റെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞ മഞ്ജിമ ,ഒരു ഞെട്ടലോടെ ഫോൺ കട്ട് ചെയ്തു.
ഇയാളെന്തിനാ ഈ നേരത്ത് തന്നെ വിളിക്കുന്നത് ? തൻ്റെ പുതിയ ഫോൺനമ്പർ, ഇയാൾക്കെങ്ങനെ കിട്ടി ?
ഈശ്വരാ.. എൻ്റെ ജീവിതം നശിപ്പിക്കാനാണോ അയാൾ ശ്രമിക്കുന്നത്?
വീണ്ടും തൻ്റെ ഫോൺ, കയ്യിലിരുന്ന് റിങ്ങ് ചെയ്യുന്നത് കണ്ട് ,ഭയാശങ്കയോടെ അവൾ കട്ടിലിൽ കിടക്കുന്ന ഓമനക്കുട്ടനെ നോക്കി,
അയാൾ കൂർക്കം വലിച്ച് നല്ല ഉറക്കമാണെന്ന് മനസ്സിലാക്കിയ അവൾ, ശബ്ദമുണ്ടാക്കാതെ പുറത്തേയ്ക്കുള്ള വാതിൽ തുറന്ന് ആ കോൾ അറ്റൻ്റ് ചെയ്തു.