രചന: സജി തൈപ്പറമ്പ്
നഗരത്തിലെ ഏറ്റവും വലിയ കൺവെൻഷൻ സെൻ്ററിൽ വച്ചായിരുന്നു ഗ്രീഷ്മയുടെ കല്യാണം
ഒറ്റ മോളായിരുന്നത് കൊണ്ട് ആർഭാടം ഒട്ടും കുറയരുതെന്ന് വീട്ടുകാർക്ക് നിർബന്ധമുണ്ടായിരുന്നു
ക്ഷണിക്കപ്പെട്ടവരെല്ലാം ഓഡിറ്റോറിയത്തിനകത്തും പുറത്തുമായി തിങ്ങി നിറഞ്ഞു
മുഹൂർത്തത്തിന് ഏതാനും മിനുട്ടുകൾ ബാക്കി നില്ക്കേ പൂക്കളാൽ അലങ്കരിച്ച ഒരു വെളുത്ത ഇന്നോവ ക്രിസ്റ്റ കാറ്, ഓഡിറ്റോറിയത്തിൻ്റെ മുറ്റത്തേക്ക് കടന്ന് വന്നു.
ദേ ചെറുക്കനും കൂട്ടരും വന്നു നിങ്ങളങ്ങോട്ട് ചെല്ല്
ഗ്രീഷ്മയോട് സംസാരിച്ച് നിന്ന അമ്മാവനോട് ,പരവേശത്തോടെ അമ്മായി വന്ന് പറഞ്ഞത് കേട്ട് അടുത്ത് നിന്ന മഞ്ജിമയുടെ ഹൃദയതാളം മുറുകി.
അവൾ വേഗം മണ്ഡപത്തിൽ നിന്നിറങ്ങി നിറഞ്ഞ് കവിഞ്ഞ സദസ്സിലേക്ക് കയറി ഒതുങ്ങി നിന്നു
ക്രീം കളർ ഷർട്ടും മുണ്ടും ധരിച്ച് പരിവാരങ്ങളോടൊപ്പം മണ്ഡപത്തിലേക്ക് നടന്ന് കയറുന്ന രാഹുലിനെ ,മഞ്ജിമ വെറുപ്പോടെ നോക്കി
"അമ്മയെ ധിക്കരിച്ച് കൊണ്ട് എനിക്ക് നിന്നെ വിവാഹം കഴിക്കാൻ കഴിയില്ല മഞ്ജിമേ അത് കൊണ്ട് നമുക്ക് പിരിയാം"
എന്ന് എത്ര ലാഘവത്തോടെയാണ് അവനന്ന് തൻ്റെ മുഖത്ത് നോക്കി പറഞ്ഞത് ,അന്ന് തീരുമാനിച്ചതായിരുന്നു
ഇനിഒരിക്കലും അറിയാതെ പോലും അവൻ്റെ മുന്നിൽ ചെന്ന് പെടരുതെന്ന്
പക്ഷേ ,വിധി തനിക്കെതിരായിരുന്നു , ഇനി അനുഭവിച്ചല്ലേ പറ്റു ,ഇനി തൻ്റെ ജീവിതാവസാനം വരെ കുടുംബത്തിലെ ഓരോ വിശേഷങ്ങൾക്കും അയാളെ അഭിമുഖീകരിക്കേണ്ടി വരും ,എൻ്റെ ദേവീ .. എന്തിനാണ് എൻ്റെ സ്വസ്ഥത നശിപ്പിക്കാനായി ഇങ്ങനൊരു തലവിധി തന്നത്
സങ്കടം കൊണ്ടവളുടെ കണ്ണുകൾ നിറഞ്ഞു.
###################
മഞ്ജിമേ... നാളെയാണ് ഗ്രീഷ്മയും ചെക്കനും വിരുന്ന് വരുന്നത് നിനക്കെന്തെങ്കിലും സ്പെഷ്യൽ ഡിഷ് ഉണ്ടാക്കാനറിയുമോ?
ബിന്ദുവേട്ടത്തിയുടെ ചോദ്യം മഞ്ജിമയിൽ ഞെട്ടലുണ്ടാക്കി
കല്യാണദിവസം അയാളിൽ നിന്ന് ഒഴിഞ്ഞ് മാറി നടക്കാൻ താൻ പെട്ട പാട് തനിക്കും ഈശ്വരനും മാത്രമേ അറിയൂ എന്നിട്ടും ഫോട്ടോ എടുക്കാൻ ഏട്ടത്തിമാർ നിർബന്ധിച്ച് കൂട്ടിക്കൊണ്ട് പോയി, പക്ഷേ അയാളുടെ മുഖത്ത് നോക്കാതെ പിടിച്ച് നില്ക്കാൻ തനിക്ക് കഴിഞ്ഞു
നാളെ അതിന് കഴിഞ്ഞെന്ന് വരില്ല
നീയെന്താ മറുപടി ഒന്നും പറയാതെ മിഴിച്ച് നില്ക്കുന്നത്
അത് പിന്നെ ഏട്ടത്തി,... എനിക്കങ്ങനെ പ്രത്യേകിച്ചൊന്നുമറിയില്ല
അറിയാമെങ്കിൽ തന്നെയും നാളത്തെ ദിവസം തനിക്കൊന്നിനും കഴിയില്ലെന്ന് അവളുടെ മനസ്സ് പറഞ്ഞു
എങ്കിൽ ഞാനും മീനാക്ഷിയും കൂടി അടുക്കളയിലെ കാര്യങ്ങളൊക്കെ നോക്കി കൊള്ളാം ,നീ അവർക്ക് വേണ്ടി ഏതെങ്കിലുമൊരു മുറി വൃത്തിയാക്കിയെടുക്കണം, ബെഡ്ഷീറ്റും, കർട്ടൻ വിരികളുമൊക്കെ പുതിയത് വിരിക്കണം, പിന്നെ, ലിവിങ്ങ് റൂമിലെ സെറ്റിയും ദിവാൻ കോട്ടുമൊക്കെ റീ അറേഞ്ച് ചെയ്ത് ഫ്ളവർ വേയ്സൊക്കെ കഴുകി തുടച്ച് വയ്ക്കുകയും വേണം
ശരി ഏടത്തി,അതൊക്കെ ഞാനേറ്റു
പിറ്റേന്ന് അതിരാവിലെ
തന്നെ, മഞ്ജിമ ഉറക്കമുണർന്നു ,
വീടിനകമെല്ലാം നനച്ച് തുടച്ച് വൃത്തിയാക്കി, അവർക്ക് വിശ്രമിക്കാനായി, ആരുടെ മുറി തെരഞ്ഞെടുക്കുമെന്ന് കൺഫ്യൂഷൻ വന്നപ്പോൾ, അവൾ എട്ടത്തിയോട് അഭിപ്രായമാരാഞ്ഞു.
നിങ്ങളുടെ മുറിയാണ് നല്ലത്,
പണ്ടത് അച്ഛൻ്റെയും അമ്മയുടെയും മുറിയായിരുന്നു ,പിന്നീട് എൻ്റെ കല്യാണം കഴിഞ്ഞപ്പോൾ ഞങ്ങളും, അതിന് ശേഷം മീനാക്ഷിയും ഭർത്താവും ഉപയോഗിച്ച മുറിയായിരുന്നു അത് ,എന്തോ ആ മുറിക്ക് ഒരു റൊമാൻറിക് ഫീലുണ്ട്
അതേ, ഈ വീട്ടിലെ എല്ലാവരുടെയും ഫസ്റ്റ് നൈറ്റ് നടന്ന മുറിയെന്ന പ്രത്യേകത അതിനുണ്ട്, വിരുന്ന് വരുന്നവർക്കും, മധുവിധുവിന് പറ്റിയത് ആ മുറി തന്നെയാണ്
മീനാക്ഷിയേട്ടത്തി തമാശ രൂപേണ പറഞ്ഞു.
അതേ, താനൊഴിച്ചുള്ളവർക്ക് അത് റൊമാൻ്റിക് മൂഡ് നല്കിയ മുറിയായിരിക്കാം, പക്ഷേ തനിക്കതൊരു നരകം മാത്രമാണ്
മഞ്ജിമ ഈർഷ്യയോടെ ഓർത്തു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തൻ്റെ നെടുവീർപ്പുകളും ദീർഘനിശ്വാസങ്ങളും കൊണ്ട് വീർപ്പ് മുട്ടിയ കിടപ്പ് മുറി, തൻ്റെ പഴയ കാമുകന് വേണ്ടി അലങ്കരിക്കുമ്പോൾ, മഞ്ജിമയ്ക്ക് ആത്മനിന്ദ തോന്നി.
ഉച്ചയൂണിന് തൊട്ട് മുമ്പാണ് രാഹുലും ഗ്രീഷ്മയും അവിടെ എത്തിയത്.
ചെറിയ കുശലാന്വേഷണത്തിന് ശേഷം, വാസുദേവൻ അവരെ ഊണ് കഴിക്കാനായി ക്ഷണിച്ചു
ബിന്ദുവും ,മീനാക്ഷിയും ചേർന്ന് എല്ലാവർക്കും ഊണ് വിളമ്പി
അല്ലാ, മഞ്ജിമ എവിടെ ?
ഗ്രീഷ്മയാണത് ചോദിച്ചത്.
അടുക്കളയിൽ തന്നെ ഒതുങ്ങി നിന്ന മഞ്ജിമയെ ബിന്ദു വന്ന്, ഡൈനിങ് റൂമിലേക്ക് വിളിച്ച് കൊണ്ട് പോയി.
രാഹുലേട്ടാ...ദേ ഇതാണ് ഞാൻ പറഞ്ഞ ആള്, കണ്ട് വല്ല പരിചയമുണ്ടോ എന്ന് നോക്കിയേ?
തന്നെ ചൂണ്ടിക്കാണിച്ച് ഗ്രീഷ്മ രാഹുലിനോട് ചോദിക്കുന്നത് കേട്ട് ,മഞ്ജിമ പകപ്പോടെ നിന്നു.
ഉം...എവിടെയോ വച്ച് കണ്ട് മറന്നത് പോലെ തോന്നുന്നു,
പക്ഷേ നല്ല പരിചയമില്ല,
തൻ്റെ മുഖത്ത് നോക്കി, എത്ര വിദഗ്ദമായിട്ടാണയാൾ ,കളവ് പറയുന്നതെന്ന് മഞ്ജിമ ഓർത്തു.
അതെങ്ങനെ ഉണ്ടാവാനാ?ഏതെങ്കിലും പെണ്ണുങ്ങടെ മുഖത്ത് നോക്കീട്ട് വേണ്ടേ ?കേട്ടോ ബിന്ദുവേച്ചി, ഈ രാഹുലേട്ടന് തൊട്ടയൽവക്കത്തുള്ള പെൺകുട്ടികളെ പോലും, പരിചയമില്ലെന്നാ ഏട്ടൻ്റെ അമ്മ പറഞ്ഞത് ,നിലത്ത് നോക്കിയേ നടക്കുള്ളുവത്രെ
ഗ്രീഷ്മ തൻ്റെ ഭർത്താവിനെ കുറിച്ച്, അഭിമാനത്തോടെ പറയുന്നത് കേട്ടപ്പോൾ, മഞ്ജിമയ്ക്ക് പുച്ഛമാണ് തോന്നിയത്.
തന്നെ കണ്ടിട്ടും, രാഹുൽ യാതൊരു കൂസലുമില്ലാതെയിരുന്നു, ഭക്ഷണം കഴിക്കുന്നതോർത്ത് മഞ്ജിമയ്ക്ക് അത്ഭുതം തോന്നി.
നീ രാഹുലിനെയും വിളിച്ച് മുറിയിൽ
പോയി കുറച്ച് വിശ്രമിക്ക്,
ആ തെക്കിനിയിലെ മുറി നിങ്ങൾക്ക് വേണ്ടി ഒരുക്കി വച്ചിരിക്കുവാ, ഞങ്ങൾ അപ്പോഴേക്കും ബാക്കി ജോലികളൊക്കെ ഒന്ന് ഒതുക്കട്ടെ,
ഊണിന് ശേഷം അടുക്കളയിൽ വന്ന്, വിശേഷങ്ങൾ പറഞ്ഞ് കൊണ്ട്നിന്ന, ഗ്രീഷ്മയോട് മീനാക്ഷി പറഞ്ഞു.
ഒന്ന് കിടക്കണമെന്നുണ്ടോ? ഇന്ന് നേരത്തെ എഴുന്നേറ്റതല്ലേ?
വാസുദേവനുമായി സംസാരിച്ച് കൊണ്ടിരുന്ന രാഹുലിൻ്റെയടുത്ത് വന്ന് ഗ്രീഷ്മ ചോദിച്ചു
എന്നാൽ മോൻ ചെന്ന് റെസ്റ്റെടുക്ക്, ഇന്നിനി ഇവിടെ തങ്ങിയിട്ട് നാളെ തിരിച്ച് പോയാൽ മതി
വാസുദേവൻ രാഹുലിനോട് പറഞ്ഞു.
####################
അത് വേണോ ഗ്രീഷ്മേ? നമുക്ക് വേറൊരു ദിവസം വന്ന് നില്ക്കാമല്ലേ?
ബെഡ് റൂമിലെത്തിയ രാഹുൽ ഗ്രീഷ്മയോട് ചോദിച്ചു.
ഇനി ഉടനെ ഇങ്ങോട്ട് വരവ് നടക്കില്ലല്ലോ ഏട്ടാ, മാത്രമല്ല അമ്മാവൻ പറഞ്ഞിട്ട് ധിക്കരിച്ചെന്ന് വേണ്ടാ,
ഉം എങ്കിൽ ശരി, നിൻ്റെ ഇഷ്ടം പോലെയാവട്ടെ
അയാൾ സ്നേഹത്തോടെ അവളുടെ നെറ്റിയിൽ ഒരു ചുടുചുംബനം നല്കി.
ഉച്ചയ്ക്ക് കഴിച്ച രണ്ട് തരം പായസത്തിൻ്റെ മത്ത് കൊണ്ടാണെന് തോന്നുന്നു, കട്ടിലിൽ കിടന്നയുടനെ,ഗ്രീഷ്മ ഉറക്കത്തിലേക്ക് വീണു.
ഉറക്കം വരാതെ കിടന്ന രാഹുലിന് , അവളുടെ കൂർക്കംവലി, അരോചകമായി തോന്നിയത് കൊണ്ട്, അയാൾ എഴുന്നേറ്റ് മുറിയുടെ പുറത്തേക്ക് ഉള്ള വാതിൽ തുറന്ന് വെളിയിലേക്കിറങ്ങി.
ഈ സമയത്താണ്, തെക്കേപറമ്പിലെ അഴയിൽ വിരിച്ച, ഉണങ്ങിയ തുണികൾ എടുക്കുന്നതിനായി, മഞ്ജിമ അങ്ങോട്ട് വന്നത്.
രാഹുലിനെ കണ്ടതും, അവൾ തിരിച്ച് പോകാനൊരുങ്ങി.
ഹേയ് മഞ്ജു.. എന്നെ കണ്ടത് കൊണ്ടാണോ, തിരിച്ചു പോകുന്നത്?
മഞ്ജു എന്നുള്ള അയാളുടെ വിളി കേട്ട് , അവൾ ഒരു നിമിഷം നിശ്ചലയായി പോയി.
അതിന് നിങ്ങൾക്കെന്നെ പരിചയമില്ലന്നല്ലേ പറഞ്ഞത്?
പിന്നെ ഞാനെന്ത് പറയണമായിരുന്നു ? നീ എൻ്റെ കാമുകിയായിരുന്നെന്നും ,
നമ്മൾ തമ്മിൽ പ്രണയത്തിലായിരുന്നെന്നും പറയണമായിരുന്നോ..?
നിങ്ങളെന്നെ വേണ്ടെന്ന് വച്ചതല്ലേ? പിന്നെ എന്തിനാ, എന്നെ ഫോളോ ചെയ്ത് ,എൻ്റെ മനസ്സമാധാനം കളയാൻ വന്നത്?
അവൾ അസഹനീയതയോടെ ചോദിച്ചു.
എനിക്ക് നിന്നെ കാണണമെന്നും സംസാരിക്കണമെന്നും തോന്നിയത് കൊണ്ട്, നിന്നെ മറക്കാൻ എനിക്ക് കഴിയില്ലെന്ന് ഉറപ്പായത് കൊണ്ട്, അത് കൊണ്ട് മാത്രമാണ്, ഹൃദ്രോഗിയാണെന്നറിഞ്ഞിട്ടും,ഗ്രീഷ്മയെ തന്നെ വിവാഹം കഴിച്ചാൽ മതിയെന്ന്, ഞാൻ വീട്ടിൽ വാശി പിടിച്ചത്, ഇഷ്ടം പോലെ സ്വത്ത് കിട്ടുമെന്ന് അറിയാവുന്നത് കൊണ്ട്, അമ്മ പിന്നെ എതിർത്തില്ല, നിനക്കറിയുമോ?അന്ന് നമുക്ക് പിരിയാമെന്ന് പറഞ്ഞ്, ഞാൻ പോയത്, ആത്മഹത്യ ചെയ്യാനായിരുന്നു, പക്ഷേ, വിധി എന്നെ അവിടെയും തോല്പിച്ച് കളഞ്ഞു, അതേ മഞ്ജു ... നിന്നെ ഞാനിപ്പോഴും സ്നേഹിക്കുന്നു
ഒന്ന് നിർത്തൂ... പ്ളീസ്...
രാഹുൽ പറഞ്ഞത് വിശ്വസിക്കാനാവാതെ,
ചെവി പൊത്തി പിടിച്ച് കൊണ്ട് അവൾ അടുക്കള വശത്തേയ്ക്ക് ഓടിപ്പോയി.