രചന: സജി തൈപ്പറമ്പ്
നമുക്കൊന്ന് എൻ്റെ വീട്ടിലേക്ക് പോകണ്ടേ?
നിലത്ത് വിരിച്ച പായയിൽ ഉറക്കം വരാതെ കിടക്കുകയായിരുന്ന മഞ്ജിമ ഓമനക്കുട്ടനോട് ചോദിച്ചു
കറണ്ട് പോയിരുന്നത് കൊണ്ട് ഓമനക്കുട്ടനും ഉറങ്ങിയിട്ടില്ലെന്ന്, അയാൾ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന ശബ്ദം കേട്ടപ്പോൾ അവൾക്ക് മനസ്സിലായിരുന്നു.
എന്തിനാ ഇപ്പോൾ അങ്ങോട്ട് പോകുന്നത്? അടുക്കള കാണാൻ അവരെല്ലാവരും കൂടി രണ്ട് ദിവസം മുമ്പല്ലേ വന്നിട്ട് പോയത്,
പക്ഷേ അവരുടനെ തിരിച്ച് പോയില്ലേ ?അമ്മയോടും മധുരിമയോടും എനിക്ക് സംസാരിച്ച് കൊതി തീർന്നില്ലായിരുന്നു ,
അവരോടൊപ്പം രണ്ട് ദിവസം നില്ക്കണമെന്ന് വല്ലാത്തൊരാഗ്രഹം
ഓമനക്കുട്ടൻ അതിന് മറുപടി ഒന്നും പറഞ്ഞില്ല
കനത്ത ഇരുട്ടിൽ അവരുടെ ഇടയിൽ നിശബ്ദത തളം കെട്ടിയപ്പോൾ അവൾ മുൻകൈയ്യെടുത്ത് മൗനം ഭേദിച്ചു.
എന്താ ഒന്നും മിണ്ടാത്തത് ഞാൻ പോകേണ്ടന്നാണോ?
ഇയാള് വേണമെങ്കിൽ പൊയ്ക്കോളു, ഞാൻ വരുന്നില്ല
അതെന്താ ഞങ്ങളുടെ വീട് ചെറുതായത് കൊണ്ടാണോ?
ഹേയ്, അതല്ല ഇയാളുടെ അമ്മയും അനുജത്തിയും മാത്രമല്ലേ അവിടെയുള്ളത് ആണുങ്ങളാരുമില്ലല്ലോ? എനിക്കാണെങ്കിൽ പെണ്ണുങ്ങളോട് മിണ്ടാനൊക്കെ ഭയങ്കര നാണമാ
അതിനെന്താ? എൻ്റെ അമ്മയെ ഓമനക്കുട്ടൻ്റെ അമ്മയായി കരുതിയാൽ പോരെ ? പിന്നെ മധുരിമയെ , സ്വന്തം സഹോദരിയായി കണ്ടാൽ മതി ഒരു പെങ്ങള് വേണമെന്ന് ഓമനക്കുട്ടൻ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാവില്ലേ?
ഉം ശരിയാ ,എനിക്കൊരു അനിയത്തിക്കുട്ടി വേണമെന്ന് അമ്മയോട് ഞാനെപ്പോഴും പറയുമായിരുന്നു
എങ്കിൽ ഇപ്പോൾ ഒരു അനിയത്തിക്കുട്ടിയെ കിട്ടിയെന്ന് കരുതിയാൽ മതി അപ്പോൾ നമുക്ക് നാളെ തന്നെ പോകാം അല്ലേ?
ഉം ...
ഓമനക്കുട്ടൻ്റെ മറുപടി ഒരു മൂളലിലൊതുക്കി.
ഞാനൊരു കാര്യം ചോദിച്ചോട്ടെ?
മഞ്ജിമ ജിജ്ഞാസയോടെ വീണ്ടും ചോദിച്ചു
ഉം എന്താ?
എന്നെ കല്യാണം കഴിച്ചത് ഇഷ്ടപ്പെട്ടിട്ട് തന്നെയാണോ? അതോ വീട്ടുകാർ നിർബന്ധിച്ചിട്ടാണോ?
അത് പിന്നേ ... ചേട്ടൻമാരും ചേട്ടത്തിമാരുമൊക്കെ നിർബന്ധിച്ചപ്പോൾ വേറെ വഴിയില്ലായിരുന്നു, അതാണ് , ഞാൻ തന്നെ കാണാൻ അവരോടൊപ്പം വന്നത് ,
അന്ന് ഇയാൾടെ വീട്ടീന്ന് ഇറങ്ങിയപ്പോൾ, അവര് ചോദിച്ചു, ഇഷ്ടമായോന്ന്,
സത്യത്തിൽ ഞാനിയാളെ നന്നായി ശ്രദ്ധിച്ചിട്ട് പോലുമില്ലായിരുന്നു,
എന്നിട്ടും ഞാൻ ഇഷ്ടമായെന്ന് പറഞ്ഞു, എന്തായാലും അവരെന്നെ നിർബന്ധിച്ച് കല്യാണം കഴിപ്പിക്കും എന്നെനിക്ക് ഉറപ്പായിരുന്നു ,
അങ്ങനെയെങ്കിൽ, അത് താൻ തന്നെയാവട്ടെയെന്ന് കരുതിയാണ്, ഞാനന്ന് ഇഷ്ടമായെന്ന് പറഞ്ഞത്,
അതെന്താ, ഞാൻ തന്നെയാവട്ടെയെന്ന് കരുതാൻ കാരണം?
അത് പിന്നെ, ബ്രോക്കറ് അച്ഛനോട് പറയുന്നത് ഞാൻ കേട്ടിരുന്നു ,
തീരെ ഗതിയില്ലാത്തൊരു കുടുംബത്തിലെ കുട്ടിയാണ്,
ആ കുട്ടിക്ക് ഒരു ജീവിതം കൊടുക്കാൻ കഴിഞ്ഞാൽ, അതൊരു പുണ്യമായിരിക്കുമെന്ന്
അത് ശരി, അപ്പോൾ ഓമനക്കുട്ടൻ്റെ വീട്ടുകാര് തനിക്ക് തന്നൊരു ഔദാര്യം മാത്രമാണീ ദാമ്പത്യം?
മഞ്ജിമ, വേദനയോടെ ഓർത്തു.
പിറ്റേന്ന് രാവിലത്തെ കാപ്പി കുടി കഴിഞ്ഞ് അവർ മഞ്ജിമയുടെ വീട്ടിലേക്ക് യാത്ര തിരിച്ചു
കവലയിൽ ബസ്സിറങ്ങി, ഇരുവശവും വിളഞ്ഞ് നില്ക്കുന്ന നെല്പാടങ്ങൾക്ക് നടുവിലൂടെയുള്ള ചെമ്മൺ പാതയിലൂടെ നടന്ന് വേണം വീട്ടിലെത്താൻ
ദൂരെ, ഓട് മേഞ്ഞ വെള്ളപൂശിയ തൻ്റെ വീട് കണ്ടപ്പോൾ മഞ്ജിമയുടെ ഉള്ളിലൂടെ ഒരു തണുത്ത കാറ്റ് കടന്നു പോയി.
അവൾ ആവേശത്തോടെ കാല് നീട്ടി വച്ച് നടന്നപ്പോൾ ഓമനക്കുട്ടൻ കുറച്ച് പിന്നിലായി സാവധാനം അവളെ അനുഗമിച്ചു.
അമ്മേ ദേ ചേച്ചിയും ചേട്ടനും വരുന്നു
മധുരിമയുടെ ശബ്ദം കേട്ട് തയ്യൽ മെഷീനിൻ്റെ മുന്നിൽ നിന്നെഴുന്നേറ്റ രത്നമ്മ, മുൻ വശത്തേയ്ക്ക് വന്നു.
എൻ്റെ മോളേ.. എന്താ ഒരു മുന്നറിയിപ്പുമില്ലാതെ വന്നത് ? ഈശ്വരാ.. ആ കൊച്ചന് ഞാനെന്താ ഇപ്പോൾ കൊടുക്കുക
രത്നമ്മയ്ക്ക് ആകെ അങ്കലാപ്പായി
അതിന് അമ്മ കിടന്ന് ഇങ്ങനെ പിടയ്ക്കുന്നതെന്തിനാ, ഓമനകുട്ടന് അങ്ങനെ നിർബന്ധങ്ങളൊന്നുമില്ല, എന്ത് കൊടുത്താലും കഴിക്കും
എങ്കിൽ ഞാൻ രാഘവേട്ടൻ്റെ കടയിൽ പൊരിച്ചത് വല്ലതുമുണ്ടോന്ന് പോയി നോക്കട്ടെ, നീ അകത്ത് കയറി പാലിൽ വെള്ളമൊട്ടും ചേർക്കാതെ, കുറച്ച് ചായ ഉണ്ടാക്ക്
അഴയിൽ കിടന്ന തോർത്ത്മുണ്ടെടുത്ത്, മാറ് മറച്ചിട്ട് കൊണ്ട്, രത്നമ്മ കവലയിലേക്ക് വെപ്രാളത്തിൽ നടന്നു.
നേരം ഒരു പാടായി മോളേ.. നീയിനി അപ്പുറത്ത്, ഓമനക്കുട്ടൻ്റെ അടുത്ത് പോയി കിടക്ക്
കണ്ണിൽ ഉറക്കം വന്ന് തൂങ്ങിയപ്പോൾ കോട്ട് വായ ഇട്ട് കൊണ്ട് രത്നമ്മ മകളോട് പറഞ്ഞു
ഞാനിന്ന് നിങ്ങളോടൊപ്പം കിടന്നോട്ടമ്മേ... നാളെ വൈകിട്ട് തിരിച്ച് പോയാൽ പിന്നെ ഉടനെയൊന്നും എനിക്കിങ്ങോട്ട് വരാൻ കഴിയില്ല
മകൾ കൊതിയോടെ പറഞ്ഞപ്പോൾ രത്നമ്മ പിന്നെ എതിർപ്പൊന്നും പറഞ്ഞില്ല
ങ്ഹാ പിന്നെ, ചേച്ചീ .. രാഹുലേട്ടന് വീട്ട്കാര് കല്യാണമുറപ്പിച്ചെന്ന് , മായ ഇന്നലെ എന്നെ കണ്ടപ്പോൾ പറഞ്ഞിരുന്നു
ങ് ഹേ, നേരോ? എവിടുന്നാ പെണ്ണ് ?വല്ല പണച്ചാക്കുമായിരിക്കും അല്ലേ?
നുരഞ്ഞ് പൊന്തിയ അമർഷം ഉള്ളിലൊതുക്കി മഞ്ജിമ ആകാംക്ഷയോടെ ചോദിച്ചു
ഓമനക്കുട്ടൻ ചേട്ടൻ്റെ ബന്ധുവാണെന്നാ അവള് പറഞ്ഞത്, പേര് ഗ്രീഷ്മ ,ചേച്ചിക്കറിയാമോ?
ഗ്രീഷ്മയോ? അത് ഓമനക്കുട്ടൻ്റെ അമ്മാവൻ്റെ മോളല്ലേ? ശരിയാ, കഴിഞ്ഞ ദിവസം അമ്മായി വന്നപ്പോൾ ചേട്ടത്തിമാരോട് പറയുന്നത് ഞാൻ കേട്ടിരുന്നു, മഞ്ജിമയുടെ നാട്ടിൽ നിന്ന് ഗ്രീഷ്മയ്ക്കൊരു ആലോചന വന്നിട്ടുണ്ടെന്ന്, പക്ഷേ, ജോലി തിരക്ക് കാരണം ഞാനതിനെക്കുറിച്ച് വിശദമായി ചോദിച്ചുമില്ല
ങ്ഹാ കല്യാണം ഉടനെ കാണുമെന്നാണ് അവള് പറഞ്ഞത് ,നൂറ് പവനും കാറും പിന്നെ പത്ത് ലക്ഷം രൂപ പോക്കറ്റ് മണിയും കിട്ടുമത്രേ ?
കിട്ടണമല്ലോ? രാഹുലിൻ്റെ അമ്മ,വലിയ വീട്ടിലെ സുഭദ്രാമ്മ, നമ്മുടെ അമ്മയോടും ചോദിച്ചത് അത് തന്നെയല്ലേ? അത് കൊടുക്കാൻ നിവൃത്തിയില്ലെന്ന് പറഞ്ഞപ്പോൾ, എങ്കിൽ നിൻ്റെ മോളോട് , എൻ്റെ മകനെ മറന്നേക്കാൻ പറയഞ്ഞേക്കെന്ന് എത്ര നിസ്സാരമായിട്ടാണവർ പറഞ്ഞത്, പക്ഷേ രാഹുലൊരിക്കലും അമ്മയെ പേടിച്ച് എന്നെ ഉപേക്ഷിക്കുമെന്ന് ഞാനൊട്ടും പ്രതീക്ഷിച്ചതല്ല ,ചതിയൻ അവൻ്റെ പേര് കേൾക്കുന്നത് പോലും എനിക്കിപ്പോൾ അറപ്പാണ്
മഞ്ജിമ അസ്വസ്ഥതയോടെ പറഞ്ഞു
പക്ഷേ ചേച്ചി ,അവരുടെ കല്യാണം കഴിഞ്ഞാൽ, ചേച്ചിക്ക് മിക്കപ്പോഴും രാഹുലിനെ ഫെയ്സ് ചെയ്യേണ്ടി വരില്ലേ?
അത് കേട്ടപ്പോൾ മഞ്ജിമയുടെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി
അത് ശരിയാണല്ലോ? ഈശ്വരാ .. ഇടിവെട്ടിയവനെ പാമ്പ് കടിച്ചെന്ന് പറഞ്ഞത് പോലെയായല്ലോ ?
മഞ്ജിമയുടെ മനസ്സിൽ ആശങ്കകൾ കൂട് കൂട്ടി തുടങ്ങിയിരുന്നു .