പ്രിയയും ഖയിസ്സും, ഭാഗം -2

Valappottukal

 


രചന: സജി തൈപ്പറമ്പ്


ഖയിസ്സേ... നീയെന്നെ നാളെ രാവിലെയൊന്ന് അമ്പലത്തിൽ കൊണ്ട് പോകാമോ ?


ഫിദയുടെ വീട്ടിൽ നിന്നിറങ്ങി 

ഖയിസ്സിൻ്റെ വീട്ടിലേക്ക് മടങ്ങുമ്പോൾ പ്രിയ അയാളോട് ചോദിച്ചു.


എന്താടോ താനതിന് നിരീശ്വരവാദിയല്ലേ? പെട്ടെന്നെന്താ അമ്പലത്തിലൊക്കെ പോകണമെന്ന് തോന്നിയത്


ഖയിസ്സ് ആകാംക്ഷയോടെ ചോദിച്ചു.


ഞാനങ്ങനെ പൂർണ്ണമായിട്ട് ദൈവത്തെ മറന്നിട്ടൊന്നുമില്ല അമ്പലത്തിൽ പോകാറില്ലെന്നേയുളളു, പക്ഷേ ഇപ്പോഴെനിക്ക് വല്ലാത്ത വിഷമം തോന്നുന്നു ,അത് കൊണ്ട് എനിക്കൊന്ന് മനസ്സുരുകി പ്രാർത്ഥിക്കണം


സത്യത്തിൽ നിനക്കെന്താ സംഭവിച്ചത് ,ഇത്തിയുടെ വീട്ടിൽ നിന്നിറങ്ങിയപ്പോൾ മുതൽ നീയാകെ ഗ്ളൂമിയാണല്ലോ ?


കുറച്ച് മുമ്പ് അമ്മ വിളിച്ചപ്പോൾ പറഞ്ഞതെന്താന്ന് നിനക്കറിയുമോ?


അമ്മ എന്ത് പറഞ്ഞു?


ഫോണിലൂടെ അമ്മ സംസാരിച്ചപ്പോൾ ഓട്ടോമാറ്റിക് റെക്കോഡിങ്ങായത് ,അവൾ ഖൈയിസ്സിനെ ,പ്ളേ ചെയ്ത് കേൾപ്പിച്ചു.


ഇത് കൊഴപ്പമാകുമല്ലോടാ ,

അമ്മയോട് നീ നാളെ തന്നെ നമ്മുടെ തീരുമാനം പറഞ്ഞ് കേൾപ്പിക്കണം


എല്ലാം തീരുമാനിച്ചുറപ്പിച്ച് വച്ചിരിക്കുന്ന അമ്മയോട് ഞാനെങ്ങനെ പറയാനാടാ?

എനിക്കറിയില്ല ഇനിയെന്ത് ചെയ്യുമെന്ന്? ഒന്നും വേണ്ടായിരുന്നു, എല്ലാത്തിനും കാരണം നീ ഒറ്റയൊരുത്തനാ,

നിനക്ക് നിൻ്റെ ഇത്തിയോടുള്ള സിമ്പതി കൊണ്ടല്ലേ? ഞാനിപ്പോൾ ഇത്രയും ടെൻഷനടിക്കേണ്ടി വരുന്നത്?


അത് ശരി ,ഇപ്പോൾ ഞാനായോ തെറ്റ് കാരൻ ?,അതിന് നീയിത്രയ്ക്ക് ടെൻസ്ഡാവണ്ട കാര്യമൊന്നുമില്ല ,

അമ്മയെ കൺവീൻസ് ചെയ്യാൻ നിന്നെ കൊണ്ടാവില്ലേ?


നിനക്കിത് നിസ്സാരമായിരിക്കും, പക്ഷേ ,അമ്മയ്ക്കൊന്നും ഇത്തരം കാര്യങ്ങൾ ഉൾക്കൊള്ളാനാവില്ല ,

നിനക്കറിയാമല്ലോ? ഞാനൊരു ഓർത്തഡോക്സ് ഫാമിലി മെമ്പറാണെന്ന്,എനിക്കുള്ളത് പോലെ ലോക വിവരമൊന്നും അവർക്കില്ല, അത് കൊണ്ട് തന്നെ ,അന്യജാതിക്കാരൻ്റെ കൂടെ പോയതിൻ്റെ വിയോജിപ്പ് ഒന്ന് മാറി വരുന്നതേയുള്ളു ,ഇനി അച്ഛൻ്റെ പിണക്കം കൂടി മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് ഞാൻ, അതിനിടയ്ക്ക് ഇത്തരം കാര്യങ്ങൾ കൂടി ഉൾക്കൊള്ളാനുള്ള വിശാലമനസ്കതയൊന്നും എൻ്റെ മാതാപിതാക്കൾക്കില്ല, എനിക്ക് നഷ്ടപ്പെട്ടതൊക്കെ തിരിച്ച് പിടിക്കണം ഖയിസ്സേ..


ഓഹോ, അപ്പോൾ നിനക്കിപ്പോൾ കുറ്റബോധം തോന്നുന്നുണ്ടല്ലേ? ഞാൻ കാരണമാണ് നിനക്ക് അമ്മയേയും അച്ഛനേയുമൊക്കെ

നഷ്ടപ്പെട്ടതെന്നതല്ലേ നീ പറഞ്ഞ് വരുന്നത്?


എന്ന് ഞാൻ പറഞ്ഞില്ലല്ലോ? വെറുതെ എഴുതാപ്പുറം വായിക്കണ്ട ഖയിസ്സ്, 

നീ വിചാരിച്ചാൽ എൻ്റെ ഇപ്പോഴത്തെ പ്രതിസന്ധി മാറിക്കിട്ടും


ഞാനെന്ത് ചെയ്യണമെന്നാണ് നീ പറയുന്നത്?


ഇത്തിയോട് നീ

കാര്യങ്ങൾ തുറന്ന് പറയണം, അവർക്ക് കുട്ടികളുണ്ടാവില്ലെന്ന് ഡോക്ടർ വിധിയെഴുതിയിട്ടൊന്നുമില്ലല്ലോ ട്രീറ്റ്മെൻറിലൂടെ അൻപതാം വയസ്സിലും അറുപതാം വയസ്സിലുമൊക്കെ പ്രസവിച്ച സത്രീകളില്ലേ?


അത് കേട്ട് ,ഖയിസ്സിൻ്റെ വലത് കാൽ ,അതി ശക്തിയായി കാറിൻ്റെ ബ്രേക്ക് പെഡലിലേക്ക് അമർന്നു .


ഒരു മുരൾച്ചയോടെ റോഡിൽ നിന്ന് സ്കിഡ് ചെയ്ത കാറ്, നടപ്പാതയിലേക്ക് കയറി നിന്നു.


നീ തന്നെയാണോ പ്രിയേ.. ഇതൊക്കെ പറയുന്നത്? എനിക്ക് വിശ്വസിക്കാനാവുന്നില്ല,

നീയെന്നോട് സമ്മതം മൂളുന്നതിന് മുമ്പ് നിനക്കിതൊക്കെ ആലോചിക്കാമായിരുന്നില്ലേ?


അപ്പോൾ ഞാനൊന്നും ആലോചിച്ചില്ല, ശരിയാണ് ,പക്ഷേ ഇപ്പോൾ ഞാൻ നിൻ്റെ ആഗ്രഹത്തിനൊപ്പം നിന്നാൽ, എനിക്കൊരിക്കലും എൻ്റെ പേരൻ്റ്സിനെ തിരിച്ച് കിട്ടില്ല, 

ഖയിസ്സേ .. പ്ളീസ് ട്രൈ റ്റു അണ്ടർസ്റ്റാൻ്റ് മീ..


ഇല്ല പ്രിയേ.. നിനക്ക് നിൻ്റെ പേരൻ്റ്സ് വലുതായിരിക്കാം  അതിലും വലുതാണ് ഞാനെൻ്റെ ഇത്തിയ്ക്ക് കൊടുത്ത പ്രതീക്ഷ ,അത് ഞാൻ തകർത്ത് കളഞ്ഞാൽ പടച്ചോൻ പോലും എന്നോട് പൊറുക്കില്ല ,പ്രിയേ .. നിനക്കിതെന്ത് പറ്റി ?നമ്മളൊന്നാകുമ്പോൾ പോലും നിനക്ക് നിൻ്റെ പേരൻ്റ്സിനെ അവോയിഡ് ചെയ്യാൻ വൈമനസ്യം കാണിക്കാതിരുന്ന നീ ,ഇപ്പോഴെന്തിനാണിത്ര പ്രെഷർ ചെലുത്തുന്നതെന്നാണ് എനിക്ക് മനസ്സിലാകാത്തത്


കണ്ണുള്ളപ്പോൾ കണ്ണിൻ്റെ കാഴ്ച അറിയില്ലെന്ന് നമ്മൾ കേട്ടിട്ടില്ലേ ? നഷ്ടപ്പെടുമ്പോഴാണെടാ പലതിൻ്റെയും പ്രാധാന്യം നമുക്ക് മനസ്സിലാകുന്നത് നിനക്കിപ്പോൾ പേരൻ്റ്സിനെ മിസ്സ് ചെയ്യില്ല, കാരണം നീ അവരോടപ്പമല്ലേ കഴിയുന്നത് ? നിനക്കറിയുമോ? നീ സ്നേഹം കൂടുമ്പോൾ നിൻ്റെ ഉമ്മിയുടെ മടിയിൽ തല ചായ്ച്ച് കിടക്കുമ്പോഴും, ഉമ്മി നിൻ്റെ മുടിയിഴകളിൽ അരുമയോടെ തഴുകുമ്പോഴും അത് കണ്ട് നില്ക്കുന്ന എനിക്ക്, എൻ്റെ അമ്മയെ വല്ലാതെ മിസ്സ് ചെയ്യാറുണ്ട്, ആ സമയത്ത് ഇടനെഞ്ച് പൊട്ടുന്ന സങ്കടമുണ്ടാകുമ്പോഴും ഞാനത് പുറത്ത് കാണിക്കാതിരുന്നത് നിന്നെ വിഷമിപ്പിക്കേണ്ടെന്ന് കരുതിയാണ്, ഇപ്പോൾ ഞാനിത് പറയേണ്ടി വന്നത് ഇനിയും എനിക്ക് പിടിച്ച് നില്ക്കാൻ കഴിയാത്തത് കൊണ്ടാടാ


എനിക്ക് മനസ്സിലാകുന്നുണ്ട് പ്രിയാ നിന്നെ ,പക്ഷേ നീയൊന്ന് ഓർത്ത് നോക്കിക്കേ? നമ്മളത് പറഞ്ഞപ്പോൾ അവർക്കുണ്ടായ സന്തോഷം, നമ്മളെല്ലാവരും ഡിന്നറ് കഴിച്ചപ്പോഴും, ഇത്തി കഴിക്കുന്നില്ലേ എന്ന് ഞാൻ ചോദിച്ചപ്പോൾ ,സന്തോഷം കൊണ്ട് എൻ്റെ വിശപ്പൊക്കെ പോയെടാ എന്നാണ് പറഞ്ഞത്, ഒരു കുഞ്ഞിനെ കിട്ടുമെന്ന ഉറപ്പിൽ, കഴിഞ്ഞ കുറെ സമയം കൊണ്ട് ഇത്തിയും അളിയനും എത്രമാത്രം സ്വപ്നങ്ങൾ കണ്ട് കാണും, കുറച്ച് മാസങ്ങൾ കൂടി കഴിയുമ്പോൾ, തങ്ങൾക്ക് കിട്ടാൻ പോകുന്ന കുഞ്ഞിന് വേണ്ടി ,അക്ഷമയോടെ കാത്തിരിക്കുന്ന അവരോട്, കുഞ്ഞിനെ തരാൻ കഴിയില്ലെന്ന് പറയുമ്പോൾ, അവർക്കുണ്ടാകുന്ന വേദന എത്രത്തോളമാണെന്ന്, എനിക്ക് ഊഹിക്കാൻ പോലും കഴിയുന്നില്ല, എനിക്ക് നിന്നെയും തള്ളിക്കളയാൻ കഴിയില്ല പ്രിയേ ...

ഹോ എന്തൊരു പരീക്ഷണമാണ് റബ്ബേ ഇത്?


ഒരു തീരുമാനത്തിലെത്താൻ കഴിയാതെ ,ഖയിസ്സ് തലയ്ക്ക് കൈ കൊടുത്തിരുന്ന് പോയി.


നീ വണ്ടിയെടുക്ക് ഖയിസ്സ്, നമുക്ക് വീട്ടിലേക്ക് പോകാം നേരം വൈകിയാൽ ഉമ്മി ടെൻഷനാവില്ലേ ? വീട്ടിൽ ചെന്നിട്ട് ഇനിയെന്താ ചെയ്യാൻ പറ്റുന്നതെന്ന് ആലോചിക്കാം


ശരി പോകാം


നിയോൺ ബൾബിൻ്റെ പ്രകാശം പരന്നൊഴുകുന്ന രാജപാതയിലൂടെ ഖയിസ്സ് കാറോടിക്കുമ്പോൾ ,നിരത്തിൻ്റെ ഇടത് വശത്തെ കടത്തിണ്ണകളിൽ അന്തിയുറങ്ങുന്ന നാടോടികളുടെ മേൽ, ഒരു നിമിഷം പ്രിയയുടെ കണ്ണുകൾ ഉടക്കി നിന്നു.

അടുത്ത ഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

To Top