കാൻഡിൽ, ഭാഗം-2

Valappottukal



രചന: സജി തൈപ്പറമ്പ്


അയ്യേ... ഇയാൾക്ക് നാണമില്ലേ? ആണുങ്ങളുടെ മുന്നിൽ നിന്നാണോ തുണിയഴിക്കുന്നത്?


തോളിൽ പിൻചെയ്ത് വച്ചിരുന്ന, കോട്ടൺ സാരിയുടെ

മുന്താണി അഴിച്ചിട്ടപ്പോൾ, കട്ടിലിൽ കിടക്കുകയായിരുന്ന ഓമനക്കുട്ടൻ്റെ ചോദ്യം കേട്ട് മഞ്ജിമ അമ്പരന്നു.


അമ്പലത്തിൽ പോകാൻ വരുന്നുണ്ടോയെന്ന് അടുക്കളയിൽ ചെന്ന തന്നോട് മീനുവേട്ടത്തി ചോദിച്ചിരുന്നു.


ഓമനക്കുട്ടൻ്റെ ,നേരെമൂത്ത ചേട്ടൻ്റെ ഭാര്യയാണ്, മീനാക്ഷി എന്ന മീനുവേട്ടത്തി.


അടുത്ത് തന്നെ ഒരു ദേവീക്ഷേത്രമുണ്ടെന്നും, മനസ്സുരുകി വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന കരുണാമയിയുടെ 

പ്രതിഷ്ഠയാണെന്നുമൊക്കെ, ദേവീ ഭക്തയായ മീനുവേട്ടത്തി പറഞ്ഞപ്പോൾ, തനിക്കും ഒന്ന് പ്രാർത്ഥിക്കണമെന്ന് തോന്നി, മനസ്സാകെ കലുഷിതമാണ്,

ചിലപ്പോൾ തൻ്റെ പ്രാർത്ഥനയ്ക്കും ഒരു ഫലമുണ്ടായെങ്കിലോ?


വിവാഹാലോചന നടക്കുമ്പോൾ ,

തനിക്കങ്ങനെ ഒരു പാട് മോഹങ്ങളൊന്നുമുണ്ടായിരുന്നില്ല ,അല്ലെങ്കിലും, മൂന്ന് നേരം അഷ്ടിക്ക് വക കണ്ടെത്താൻ പെടാപാട് പെടുന്ന ,

രണ്ട് പെൺകുട്ടികളാണ് പുരനിറഞ്ഞ് നില്ക്കുന്നതെന്ന് എപ്പോഴും ആധിയോടെ പറഞ്ഞ്, നെടുവീർപ്പിടുന്ന, തയ്യൽക്കാരി രത്നമ്മയുടെ പെൺമക്കൾക്ക്, ആശിക്കാനെന്താണ് അർഹത?

അത് കൊണ്ട്, കൂലിപ്പണിക്കാരനാണെങ്കിലും, സ്നേഹനിധിയായ ഒരുവനായിരിക്കണം, തൻ്റെ ഭർത്താവ് എന്നാഗ്രഹിച്ചിരുന്നു,

എന്നിട്ട് ദൈവം തന്നത്, സ്വന്തം ഭാര്യയുടെ മുഖത്ത് നോക്കാൻ വൈമനസ്യം കാണിക്കുന്ന, ഒരു നാണം കുണുങ്ങിയെ ആണല്ലോ ?അമ്മ പറഞ്ഞത് പോലെ, രണ്ടോ മൂന്നോ ദിവസം കൊണ്ട് ചിലപ്പോൾ, ഓമനക്കുട്ടൻ്റെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമായിരിക്കും, അതിന് തൻ്റെ ശ്രമങ്ങൾക്കൊപ്പം, 

ഈശ്വരകടാക്ഷം കൂടി ഉണ്ടാവട്ടെ എന്ന് കരുതിയാണ് ,മീനുവേട്ടത്തിയോടൊപ്പം ചെല്ലാമെന്ന് പറഞ്ഞിട്ട്, ഡ്രസ്സ് ചെയ്യാനായി ബെഡ് റൂമിലേക്ക് വന്നത്.


താൻ കയറി വരുമ്പോൾ, ഓമനക്കുട്ടൻ കണ്ണടച്ച് കിടക്കുകയായിരുന്നു, താനുടുത്തിരുന്നത് ഒരു വില കുറഞ്ഞ കോട്ടൺ സാരിയായിരുന്നതിനാൽ ,

അത് മാറ്റിയിട്ട് ,പണ്ട് അമ്മാവൻ ഓണത്തിന് വാങ്ങി തന്ന, സെറ്റ് സാരി ഉടുത്ത് കൊണ്ട് അമ്പലത്തിൽ പോകാമെന്ന് കരുതിയാണ്, പെട്ടന്ന് അവിടെ നിന്ന് സാരി മാറാൻ ശ്രമിച്ചത്, അപ്പോഴാണ് ഇങ്ങനെയൊരു ചോദ്യം,


അതിന്, ഞാനെന്തിനാ നാണിക്കുന്നത് ,എൻ്റെ ഭർത്താവിൻ്റെ മുന്നിൽ നിന്നല്ലേ? ഞാൻ സാരി മാറുന്നത് ?


എന്നാലും നമ്മളിന്നലെ കല്യാണം കഴിച്ചതല്ലേയുള്ളു

കുറച്ച് നാള് കഴിഞ്ഞിട്ടാണെങ്കിൽ കുഴപ്പമില്ലായിരുന്നു ,


എന്നാര് പറഞ്ഞു?, താലികെട്ടുന്ന സമയം മുതൽ പുരുഷനും സ്ത്രീയും ഒരു മനസ്സും രണ്ട് ശരീരങ്ങളുമാണ് അവർക്കിടയിൽ ഒളിച്ച് വയ്ക്കാനോ മറച്ച് പിടിക്കാനോ ഒന്നുമില്ല, അറിവില്ലായ്മ കൊണ്ടാണ് ഓമനക്കുട്ടന് ഇങ്ങനൊക്കെ തോന്നുന്നത്


അത് കേട്ട് കൊണ്ട്, മലർന്ന് കിടന്നതല്ലാതെ, അയാളൊന്നും മിണ്ടിയില്ല.


രാവിലെ ഒരുങ്ങി എവിടെ പോകുവാ?


തൻ്റെ നേരെ നോക്കാതെ കറങ്ങുന്ന സീലിംഗ് ഫാനിലേക്ക് കണ്ണ് നട്ട് കൊണ്ടുള്ള ഓമനക്കുട്ടൻ്റെ ചോദ്യം കേട്ട് , മഞ്ജിമയ്ക്ക് ഉള്ളിൽ ചിരി പൊട്ടി .


ഞാനൊന്ന്, മീനുവേട്ടത്തിയുമായി അമ്പലത്തിൽ പോകുവാ,

അനുവാദം ചോദിക്കാതിരുന്നത്, ഉറക്കത്തിൽ നിന്ന്,ഉണർത്തേണ്ടെന്ന് കരുതിയിട്ടാണ്,


അതിന് ഞാൻ കുറ്റമൊന്നും പറഞ്ഞില്ലല്ലോ ?


എൻ്റെ ദേവീ ... നിൻ്റെ കാൽക്കൽ വരാനായി മനസ്സിൽ കരുതിയപ്പോഴെ അദ്ദേഹത്തിന് മാറ്റങ്ങൾ കണ്ട് തുടങ്ങി ,എൻ്റെ ഭർത്താവിനെ ഒരു സാധാരണ പുരുഷനാക്കി എൻ്റെ ജീവിതം ധന്യമാക്കണേ ദേവീ... മഹാമായേ...


ഓമനക്കുട്ടൻ, മുഖത്ത് നോക്കാതെയാണെങ്കിലും, അത്രയെങ്കിലും സംസാരിച്ചത്, മഞ്ജിമയ്ക്ക് പ്രതീക്ഷയ്ക്ക് വക നല്കി.


#################


ങ്ഹാ മോളേ.. രാവിലെ അമ്പലത്തിൽ പോയിട്ട് വരുവാണോ ?


അമ്പലത്തിൽ നിന്ന് തിരിച്ചെത്തിയ മീനാക്ഷി, അടുക്കളപ്പുറത്തേയ്ക്ക് പോയപ്പോൾ ,പൂമുഖത്തേയ്ക്ക് ചെന്ന മഞ്ജിമയോടായി ,ചാര് കസേരയിൽ പത്രം വായിച്ച് കൊണ്ട് കിടന്ന ഓമനക്കുട്ടൻ്റെ അച്ഛൻ വാസുദേവൻ

പുഞ്ചിരിയോടെ ചോദിച്ചു


അതേ അച്ഛാ ..ഏട്ടത്തി വിളിച്ചിരുന്നു അതാ പോയത്


അത് നല്ലതാ മോളേ ..മുൻപ് ദേവകി ഉണ്ടായിരുന്നപ്പോൾ അവളും സ്ഥിരമായി പോകുമായിരുന്നു ,


അമ്മ മരിച്ചിട്ട് എത്ര നാളായച്ഛാ ...


ഓമനക്കുട്ടൻ പത്താം ക്ളാസ്സിൽ പഠിക്കുമ്പോഴാണ് അവള് മരിക്കുന്നത് ,അവളുടെ വേർപാട് എന്നെക്കാളും മറ്റുള്ളവരെക്കാളും കൂടുതൽ ബാധിച്ചത് ഓമനക്കുട്ടനെയായിരുന്നു

അവനെപ്പോഴും അമ്മയോടൊപ്പമായിരുന്നു, സ്കൂളിലെയും മറ്റ് വിശേഷങ്ങളൊക്കെയും അവൻ പങ്ക് വച്ചിരുന്നതും അവൻ്റെ ഓരോ കാര്യങ്ങളും ശ്രദ്ധിച്ചിരുന്നതും ദേവകിയായിരുന്നു

അവൻ്റെ ദൗർബല്യവും അവളായിരുന്നു, അത് കൊണ്ടാവാം അവൾ മരിച്ചതിന് ശേഷം കുറെ നാളത്തേയ്ക്ക് അവൻ മൗനിയായി തീർന്നത് ആരോടും മിണ്ടാട്ടമില്ലാത പുറത്തിറങ്ങാതെ മുറിയിൽ കയറി കതകടച്ച് ഒരു വർഷത്തോളം ഒരേ ഇരുപ്പായിരുന്നു, അതോടെ അവൻ്റെ പഠനവും നിലച്ചു .പിന്നീടാണ് മൂത്തവനായ സുധാകരൻ ബിന്ദുവിനെ കല്യാണം കഴിച്ച് കൊണ്ട് വരുന്നത് ,ബിന്ദുവിൻ്റെ കുറെ നാളത്തെ പ്രയത്നത്തിനൊടുവിലാണ് അവൻ പുറത്തേയ്ക്കിറങ്ങി തുടങ്ങിയത്, 

അവൻ പണ്ടേ ഒരു നാണം കുണുങ്ങിയായിരുന്നു 

ഒരു പക്ഷേ, ഒരു പ്രായം വരെ അവൻ അമ്മയിൽ മാത്രം ഒതുങ്ങി ജീവിച്ചത് കൊണ്ടാവാം അങ്ങനെ ആയിപ്പോയത് ,അവനൊരു മൂത്ത സഹോദരി ഉണ്ടായിരുന്നെങ്കിലെന്ന് ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് , ചിലപ്പോൾ അമ്മയുടെ അസാന്നിദ്ധ്യത്തിൽ അതൊരാശ്വാസമായേനെ, പക്ഷേ ദൈവം എനിക്ക് തന്നത് മൂന്നാൺ മക്കളെയായിരുന്നു, ങ്ഹാ പിന്നെ മോളേ ... അച്ഛന് മോളോടൊരു കാര്യം പറയാനുണ്ട് ,ഓമനക്കുട്ടനെ പോലൊരു ഭർത്താവിനെ അത്ര പെട്ടെന്ന് അംഗീകരിക്കാൻ അവനെക്കാൾ വിദ്യാഭ്യാസവും വിവരവുമുള്ള മോളെ പോലുള്ള പെൺകുട്ടികൾക്ക് പ്രയാസമാണെന്ന് അച്ഛനറിയാം എന്നാലും മോൾക്കവനോട് അനിഷ്ടമൊന്നും തോന്നരുത്

കുറച്ച് ബുദ്ധിമുട്ടിയിട്ടാണേലും മോളവനെയൊന്ന് നേരെയാക്കി എടുക്കണം, അതിന് പകരമായി എന്ത് വേണമെങ്കിലും അച്ഛൻ ചെയ്യാം സമയമാകുമ്പോൾ,മോളുടെ അനുജത്തിയുടെ വിവാഹം നടത്തുന്നതിനുള്ള എല്ലാ സഹായവും അച്ഛൻ ചെയ്തോളാം, പകരം എന്ത് വന്നാലും മോള് എൻ്റെ ഓമനക്കുട്ടനെ ഉപേക്ഷിച്ച് പോകില്ലെന്നൊരു വാക്ക് തന്നാൽ മാത്രം മതി.


വാസുദേവൻ്റെ യാചന കേട്ട് മഞ്ജിമയ്ക്ക് നടുക്കമാണ് തോന്നിയത്


മകനെ നേരെയാക്കാൻ തൻ്റെ ജീവിതം ഉഴിഞ്ഞ് വയ്ക്കണമെന്നാണ് സ്വാർത്ഥനായ ആ അച്ഛൻ ആവശ്യപ്പെടുന്നത്


ഇന്നലെ രാത്രിയിൽ തൻ്റെ അമ്മ പറഞ്ഞതും ഇത് തന്നെയായിരുന്നില്ലേ?


അല്ലെങ്കിലും മറ്റുള്ളവർക്കായി ഉരുകി തീരാനാണല്ലോ നിരാലംബരും നിസ്സഹായരുമായ തന്നെ പോലെയുള്ള സ്ത്രീകളുടെ വിധി .


അച്ഛൻ്റെ മകനോടൊപ്പം ഞാനെന്നുമുണ്ടാകുമച്ഛാ... അച്ഛൻ സമാധാനമായിരിക്ക് 


വാസുദേവന് വാക്ക് കൊടുത്തിട്ട് ,തൻ്റെ മുറിയിലേക്ക് നടക്കുമ്പോൾ തന്നെ കാത്തിരിക്കുന്നത് വെല്ലുവിളികൾ നിറഞ്ഞ നാളുകളാണെന്ന് അവൾക്കറിയില്ലായിരുന്നു.

അടുത്ത ഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

To Top