മറുപടി ഒന്നും പറഞ്ഞില്ല. ഇത്തവണ ആത്മാർത്ഥമായ ഒരു ചിരി...

Valappottukal

 


രചന: വൈശാഖൻ


ബ്ലോക്ക് ആക്കിയത് മോശമായി പോയി ചേട്ടാ..അതിനു പാകത്തിനൊന്നും അവര് പറഞ്ഞില്ലല്ലോ.


അന്യരുടെ വ്യക്തിപരമായ കാര്യങ്ങളിൽ നോക്കുന്നതും അതിൽ അഭിപ്രായം പറയുന്നതും ശരിയല്ല എന്ന് എനിക്ക് നന്നായി അറിയാം.പക്ഷെ ചേട്ടൻ എന്തോ അത്ര മാനസിക ബുദ്ധിമുട്ടിൽ ആണെന്ന് എനിക്ക് തോന്നി.അതുകൊണ്ടു പറഞ്ഞു പോയതാണ്.എന്നോട് ഒന്നും തോന്നരുത്.


ശരിയാണ്.അത്ര താല്പര്യത്തോടെ വായിച്ചു കൊണ്ടിരുന്ന പുസ്തകം അടച്ചു വെച്ച് ആ കുട്ടി എന്നെ ശ്രദ്ധിക്കുകയായിരുന്നു.


ഒരു ആണിന്റെ കണ്ണ് നിറയണം എന്നുണ്ടെങ്കിൽ അത്ര തീവ്രമായ എന്തെങ്കിലും കാരണം കാണും എന്ന് എനിക്ക് അറിയാം.അത്ര വേദനിപ്പിച്ച എന്തോ എന്ന് ചേട്ടന്റെ ജീവിതത്തിൽ നടന്നിട്ടുണ്ടാവണം.ഒന്ന് പോസിറ്റീവ് ആയി ചിന്തിച്ചു നോക്കിയേ..ഒരുപക്ഷെ ചേട്ടൻ ആരുടെ മെസ്സേജിന് വേണ്ടി ആണോ കാത്തിരുന്നത് ,ഇത് അവരായി കൂടാ എന്നില്ലല്ലോ.


ബ്ലോക്ക് അല്ലാതെ മ്യൂട്ട് ആക്കി ഇട്ടാലും പോരെ..ഇനി ആരെങ്കിലും പറ്റിക്കാനോ കളിയാക്കാനോ ആണെങ്കിൽ തന്നെ കുറച്ചു കഴിഞ്ഞു തനിയെ മടുത്തു നിർത്തിക്കോളും..അവഗണിക്കുന്നതിൽ പരം വേദന വേറെ ഇല്ലല്ലോ..


ഞാൻ എന്തായാലും അടുത്ത സ്റ്റോപ്പിൽ ഇറങ്ങും.ഇത്രയും സ്വാതന്ത്ര്യം , അതും അപരിചിതനായ ഒരാളോട് ഞാൻ ഇതിനു മുൻപ് വരെ കാണിച്ചിട്ടില്ല.ഇഷ്ടപ്പെട്ടില്ലെങ്കിൽ സദയം ക്ഷമിക്കുക.ഇനി എന്നെങ്കിലും നമ്മൾ കണ്ടാൽ ചേട്ടന്റെ മുഖത്തുള്ള ഈ ഭാവം മാറി നല്ല ഹാപ്പി ആയി ഇരിക്കണം..ഈ വിഷാദ ഭാവം നിങ്ങൾക്ക് ചേരില്ല.


പെട്ടെന്ന് അടുത്ത സ്റ്റോപ്പിൽ ഇറങ്ങും എന്ന് കേട്ടപ്പോ ഞാൻ എന്തോ വല്ലാതെ ആയി.അങ്ങനെ ആരും ഒരു പരിധിയിൽ കൂടുതൽ അടുപ്പം വളരെ പെട്ടെന്ന് എന്നോട് കാണിക്കുന്നത് ഇഷ്ടമില്ലാത്ത ഞാൻ ആ കുട്ടിയുടെ കടന്നുകയറ്റം ഇഷ്ടപ്പെട്ടിരുന്നു.പ്രായത്തിനു വളരെ ഇളയതാണെങ്കിലും വാക്കുകളിൽ നല്ല പക്വത.ഏറെ മുതിർന്ന, നമുക്ക് വളരെ വേണ്ടപ്പെട്ട ആരോ ഉപദേശിക്കുന്നത് പോലെ ,നമുക്ക് നല്ലത് വരാൻ വേണ്ടി ആത്മാർത്ഥമായി ആഗ്രഹിക്കുന്നത് പോലെ..


മറുപടി ഒന്നും പറഞ്ഞില്ല.ഇത്തവണ ആത്മാർത്ഥമായ ഒരു ചിരി അവൾക്കു സമ്മാനിച്ചു.കാണും എന്ന് ഒരുറപ്പും ഇല്ലെങ്കിലും കാണാം എന്ന് ഒരു വാക്ക് മാത്രം.


ബ്ലോക്ക് ലിസ്റ്റിൽ കയറി നോക്കി.പണ്ട് കളിപ്പിക്കാൻ വന്ന കുറെ കൂട്ടരുടെ നമ്പറുകൾ കിടക്കുന്നുണ്ട്.അതിൽ നിന്ന് ഈ നമ്പർ കണ്ടുപിടിച്ചു ബ്ലോക്ക് മാറ്റി സേവ് ചെയ്തു.എന്ത് പേരിട്ടു സേവ് ചെയ്യും എന്നതായിരുന്നു കൺഫ്യൂഷൻ.


ബസ് ഏതോ സ്റ്റോപ്പിൽ നിർത്തിയിരിക്കയായിരുന്നു.അവിടെ കിടന്നിരുന്ന ഒരു ലോറിയുടെ ബോർഡ് അറിയാതെ കണ്ണിൽ ഉടക്കി.സോൾമേറ്റ്. അതിന്റെ ഷോർട് ഫോം ആക്കി SM  എന്ന് സേവ് ചെയ്തു.ആ കുട്ടി പറഞ്ഞത് പോലെ ഒന്ന് പോസിറ്റീവ് ആയി ചിന്തിച്ചു നോക്കാം.


ഈ ആണുങ്ങൾ അങ്ങനെ ഒറ്റയ്ക്ക് ഇരിക്കുന്ന സന്ദർഭങ്ങൾ വളരെ വിരളമാണ്.അവരെ കൂട്ടത്തോടെ അല്ലാതെ അങ്ങനെ ഒരിടത്തും കാണാൻ കിട്ടില്ല.ഇനി അഥവാ ആരെങ്കിലും അങ്ങനെ ഒറ്റയ്ക്ക് ഇരിക്കുന്നുണ്ട് എങ്കിൽ അവൻ അവനിലേക്ക്‌ തന്നെ എത്രത്തോളം ചുരുങ്ങിക്കൂടി എന്നതിന്റെ തെളിവാണ്.അങ്ങനെ അവനു പ്രിയപ്പെട്ട ഇടങ്ങളൊക്കെയും ഉപേക്ഷിച്ചു ഓർമ്മകളിലൂടെ മാത്രം ജീവിക്കുന്ന ഒരുവന്റെ മനസ്സിനെ മോഹങ്ങൾ കൊടുത്തു നോവിക്കുക എന്നതിൽ പരം ക്രൂരത മറ്റൊന്നും ഇല്ല.


അങ്ങനെ ഒരു മറുപടി ആ ചാറ്റിനു കൊടുക്കാൻ തോന്നി.കുറെ ആയി അങ്ങനെ ഒക്കെ ദീർഘമായ മറുപടികൾ ഒരാൾക്ക് കൊടുത്തിട്ട്..അത്രയും എഴുതി വിട്ടപ്പോൾ മനസ്സിന് നല്ല ആശ്വാസം തോന്നി..


കേട്ടുകൊണ്ടിരുന്ന ട്രാക്ക് ഒന്ന് മാറ്റി പിടിച്ചാലോ എന്നൊരു ആഗ്രഹം..


"നിന്നനുരാഗമിതെൻ സിരയിൽ സുഖ

ഗന്ധമെഴും മദിരാസവമായ്


ഇളമാനിണ നിൻ കുളിർമാറിൽ സഖീ

തരളാർദ്രമിതാ തല ചായ്ക്കുകയായ്

വരു സുന്ദരി എൻ മലർ ശയ്യയിതിൽ......"


ഓർമ്മകൾ അങ്ങനെ പുറകിലേക്ക്..എന്തായിരുന്നു അവസാനം ഞാൻ അവൾക്കു അയച്ച മെസ്സേജ്...


കേൾക്കാൻ ആരുമില്ലാതൊരുത്തന് കാത് കൊടുത്തു എന്ന സംതൃപ്തിയിൽ നീ എന്നെ കേട്ടിരിക്കരുത് ....


പറയാൻ ആളില്ലാതെ വരുമ്പോൾ മാത്രം എന്നോട് കഥ പറയരുത്...


പകരമാക്കുവാൻ കഴിയുന്നിടത്തൊന്നും നിങ്ങൾ എന്നെ തിരുകി വെക്കരുത്..


എനിക്ക് മാത്രമായി ഒരിടം നൽകുക..അതിനു പറ്റുന്നില്ല എങ്കിൽ എന്നെ എനിക്ക് മാത്രമായി തിരിച്ചു നൽകുക..


കുറെ നേരത്തിനു ശേഷം ഒരു മറുപടി കിട്ടി..


ആരും ആരാലും ബന്ധിക്കപ്പെട്ടിട്ടില്ല..


ബന്ധിപ്പിക്കപ്പെടുമ്പോൾ കാരണങ്ങൾ ബോധിപ്പിക്കുന്നതു പോലെ സ്വാതന്ത്ര്യം തരുമ്പോഴും കാരണം ബോധിപ്പിക്കണം, അതെങ്കിലും അറിയാനുള്ള അവകാശം എനിക്കില്ലേ എന്ന് ചോദിക്കണം എനിക്കുണ്ടായിരുന്നു.പക്ഷെ അതിനുള്ള അവസരം തരും മുന്നേ ബ്ലോക്ക് ലിസ്റ്റിലേക്ക് ഞാൻ എടുത്തെറിയപ്പെട്ടിരുന്നു...


ഇവിടെ ആളില്ലല്ലോ ,ഈ സീറ്റിൽ ഇരുന്നോട്ടെ? 


ഒരു സ്ത്രീ ശബ്ദം എന്നെ ഓർമ്മകളിൽ നിന്നുണർത്തി.വണ്ടി ഏതോ സ്റ്റാൻഡിൽ എത്തിയിരിക്കുന്നു.അവിടെ നിന്ന് കയറിയ ആൾ ആവണം.ഞാൻ തല ഉയർത്തി അപ്പുറത്തെ സീറ്റുകൾ നോക്കി.സീറ്റ് കാലി ഉണ്ട്.


ഈർഷ്യ മുഖത്ത് കാണിക്കാതെ ഞാൻ ഇരുന്നോളൂ എന്നു പറഞ്ഞു അൽപ്പം ഒതുങ്ങി ഇരുന്നു കൊടുത്തു.


സാധാരണ മറ്റു സീറ്റുകൾ കാലിയായി കിടക്കുമ്പോൾ പൊതുവെ സ്ത്രീകൾ അങ്ങനെ ആണുങ്ങളുടെ അടുത്ത് വന്നു ഇരിക്കുക പതിവില്ല..


ആ എന്തെങ്കിലും ആവട്ടെ.എല്ലാവരും ഒരേപോലെ ആവില്ലല്ലോ..


"മാഷ് ഏതോ നീണ്ട യാത്രയിൽ ആണെന്ന് തോന്നുന്നല്ലോ.? " മറുപടി മെസ്സേജ് വന്നതാണ്.


ആ ചോദ്യം എന്നെ ഞെട്ടിച്ചു .അറിയാതെ ഞാൻ കണ്ണുയർത്തി ബസ്സിൽ ഉള്ള ആളുകളെ നോക്കി.


ഹേയ്.. ഇത് വെറുതെ ഒരു ചോദ്യം എറിഞ്ഞിട്ടതാവും.എന്തായാലും എന്നെക്കുറിച്ചു നന്നായി അറിയാവുന്ന ആള് തന്നെ..


അതേ എന്നു  മറുപടി കൊടുത്തു.


ഈ യാത്ര ചെയ്യുമ്പോൾ സ്ത്രീകളെ മാത്രേ അടുത്ത് ഇരുത്തൂ എന്നു നിർബന്ധം ഉണ്ടോ ? ആദ്യം ഒരു ചെറിയ പെൺകുട്ടി.ഇപ്പൊ അത്യാവശ്യം മുതിർന്ന ഒരു സ്ത്രീ.എന്തായാലും കൊള്ളാം....!!!!


ഈ തവണ ഞാൻ ശരിക്കും ഞെട്ടി പോയി.അറിയാതെ അടുത്ത് ഇരിക്കുന്ന യുവതിയെ നോക്കി.അവർ ഏതോ സിനിമ കാണുകയാണ്.മാത്രമല്ല ഒരിക്കലും അവർ ആവില്ല. അവര് ഇപ്പോഴല്ലേ കേറിയത്.അതുമല്ല എന്റെ നമ്പർ ഇവർ എങ്ങനെ അറിയാൻ ആണ്.


എന്തായാലും ഈ ബസ്സിൽ ഇരിക്കുന്ന ആരോ എന്നെ കാര്യമായി നിരീക്ഷിക്കുന്നുണ്ട്.ഞാൻ പതിയെ എണീറ്റും ചെരിഞ്ഞും ഒക്കെ ഇത് ആരാണെന്നു കണ്ടെത്താൻ ഉള്ള ശ്രമം ആരംഭിച്ചു.


ചേട്ടന് ഞാൻ അടുത്ത് ഇരിക്കുന്നത് കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? ആകെ ഞെരിപിരി കൊള്ളുന്ന പോലെ.


ഹേയ് ..ഇല്ല ..ഇല്ല...അതല്ല ..എന്റെ ഒരു പരിചയത്തിൽ ഉള്ള ആള് ഈ വണ്ടിയിൽ ഉണ്ട്..അവര് എന്നെ കണ്ടു .അപ്പൊ എവിടെയാ എന്നു നോക്കിയതാണ് .


അതിനു ചേട്ടൻ എന്തിനാ ടെൻഷൻ അടിക്കുന്നത്.ബസ് അല്ലേ, ഒരാണും പെണ്ണും ഒരുമിച്ച് ഇരുന്നു എന്നതുകൊണ്ട് എന്തിനാ പേടി.എത്രയോ അപരിചിതർ ആയ ആളുകൾ യാത്ര ചെയ്യുന്നു.ഇനി ഭാര്യയോട് പോയി പറഞ്ഞു കൊടുക്കുമോ എന്ന പേടി ആണോ?


അതും പറഞ്ഞു അവർ ചെറിയ ഒരു ചിരിയും..


എനിക്കെന്തോ വല്ലാതെ ആയി..


ഇല്ല.ഞാൻ കല്യാണം കഴിച്ചിട്ടില്ല..


ഹാവൂ ..ആശ്വാസം..ഒരൽപം നെടുവീർപ്പോടെയുള്ള മറുപടി.!!!


അല്ല..അതിൽ നിങ്ങൾ എന്തിനാണ് ആശ്വസിക്കുന്നത് ? എനിക്കെന്റെ ആകാംക്ഷ മറച്ചു പിടിക്കാൻ ആയില്ല.


ഹേയ്..ഇനി ഇത് കണ്ടു പ്രശ്നം ആവാൻ ചേട്ടന് ഭാര്യ ഇല്ലല്ലോ എന്നുള്ള ആശ്വാസത്തിൽ പറഞ്ഞതാ.


എന്തായാലും നിങ്ങൾ ഈ ബസ്സിൽ ഉണ്ട് എന്നെനിക്കു മനസ്സിലായി.ഞാൻ പ്രതീക്ഷിച്ചിരുന്ന നമ്പറിൽ നിന്നുള്ള മെസ്സേജ് അല്ലാത്ത കൊണ്ട് ഇനി നിങ്ങളുടെ കളിയാക്കലുകൾക്കു നിന്ന് തരാൻ ഞാൻ ഇല്ല.നിങ്ങൾക്ക് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ ഇനി നേരിട്ട് വന്നു പറഞ്ഞോളൂ.അതാവും എളുപ്പം.


മറുപടി അയച്ചു. സീൻ ചെയ്തിട്ടുണ്ട്. ബ്ലോക്ക്  ചെയ്യാൻ ഒന്നും നിന്നില്ല.അവഗണിക്കാം അതാ നല്ലത്.


എങ്കിലും ഉള്ളിൽ എന്തോ ഒരു പ്രതീക്ഷ.ആരെങ്കിലും ഇപ്പോ വരും എന്നൊരു തോന്നൽ..


യൂണിവേഴ്സിറ്റി കോളേജിലെ പഴയ ആർട്സ് ക്ലബ് സെക്രട്ടറി ഇത്രയും ദേഷ്യക്കാരൻ ആയിരുന്നില്ലല്ലോ.?? 


അടുത്തിരുന്ന യുവതിയാണ്.കണ്ടിരുന്ന വീഡിയോ ഓഫ് ആക്കി വെച്ചിട്ടുണ്ട്.


എന്നെ അറിയുമോ ? അവിടെയാണോ പഠിച്ചത് ? അതാണോ കണ്ടപ്പോൾ എന്റെ അടുത്ത് വന്നിരുന്നത് ? എന്നിട്ടെന്തേ നേരത്ത പറഞ്ഞില്ല ?


ഹഹ ഇപ്പൊ ശരിയായി. ഇങ്ങനെ വാ തോരാതെ മിണ്ടിക്കൊണ്ടിരുന്ന, ഊർജ്ജസ്വലൻ ആയ ആ പഴയ വിനയൻ ഇങ്ങു പോരട്ടെ..


ഇത്രയും ചോദ്യങ്ങൾ ഈ ചെറിയ സമയത്തിനുള്ളിൽ ഞാൻ തന്നെ ആണോ ചോദിച്ചത് എന്നോർത്ത് ശരിക്കും ഞെട്ടിപ്പോയി.. ശേ ..വേണ്ടായിരുന്നു.


ഞാൻ ചേട്ടന്റെ കോളേജിൽ ബി.എ മലയാളം ഒന്നാം വർഷം പഠിക്കുമ്പോൾ ചേട്ടൻ അവിടെ എം. എ ഫൈനൽ ഇയർ പഠിക്കുന്നുണ്ട്.ആ കോളേജിൽ ചേട്ടനെ അറിയാത്ത ആരും ഉണ്ടായില്ലല്ലോ.മാത്രമല്ല നിങ്ങളുടെ റോമിയോ ജൂലിയറ്റ് പ്രണയം അറിയാത്ത ആരാ ഉള്ളത്. അന്ന് ഒരു ആരാധനയൊക്കെ ഉണ്ടായിരുന്നു.പക്ഷെ നിങ്ങള് ദിവ്യ പ്രേമം ആയതു കൊണ്ട് അടുത്തേക്ക് ആരെയും അടുപ്പിക്കാറു പോലും ഇല്ലല്ലോ.


സത്യത്തിൽ ഒരു ക്ഷമ ചോദിക്കാനാണ് ഞാൻ ഇപ്പോൾ മിണ്ടിയത്.ഇപ്പൊ ചേട്ടന് വന്ന മെസ്സേജ് അയച്ചത് ഞാനാണ്.ഒന്ന് ചെറുതായി കളിപ്പിക്കാം എന്നോർത്തു..ഞാൻ ഈ ബസ്സിൽ നേരത്തെ കേറിയിരുന്നു.ബുക്കിംഗ് ആയതുകൊണ്ട് വേറെ സീറ്റ് ആയിരുന്നു. അവിടെ ഇരുന്നു നിങ്ങളുടെ മുഖഭാവം കണ്ടപ്പോൾ പിന്നെ അധികം മുന്നോട്ടു നീട്ടികൊണ്ടു പോകണ്ട എന്നോർത്തു.പ്രണയം നഷ്ടപെട്ട ഒരുവനെ പിന്നെയും ആ ചിന്തകളിലേക്ക് കൊണ്ട് പോകുന്നത് ശരിയല്ല എന്നു തോന്നി.


അപ്പോഴും എന്റെ സംശയം മാറിയില്ല.


എന്റെ നമ്പർ എങ്ങനെ കിട്ടി?


ഹ ഹ..അതിനു എന്താ ബുദ്ധിമുട്ട്.നമുക്ക് വേണ്ടപ്പെട്ടവരുടെ നമ്പർ ഒക്കെ വേണം എന്നു വെച്ചാ നമുക്ക് ഒപ്പിക്കാം.ഞാൻ നേരെ കണ്ടക്ടർ അടുത്ത് ചെന്ന് സീറ്റ് നമ്പർ 12  ന്റെ നമ്പർ തരാമോ എന്നു ചോദിച്ചു.ആദ്യം പുള്ളി മടിച്ചെങ്കിലും എന്റെ ഭീഷണിക്കു വഴങ്ങി തന്നു..എന്റെ ഭീഷണി എന്നു പറഞ്ഞാൽ ഒരു മാതിരി ഊച്ചാളി രാഷ്ട്രീയക്കാരെ പോലെ സ്ഥലം മാറ്റി കളയും എന്നൊന്നും അല്ല.കൊന്നു കളയുട്ടോ..ഈ ബസ്സിൽ പുതിയ ആളായത് കൊണ്ടാ.ഇവിടെ ചോദിച്ചാ മതി എന്നു പറഞ്ഞു.


അതും പറഞ്ഞു ഒരു ചിരി..


ഞാനും അറിയാതെ ചിരിച്ചു പോയി..


എങ്ങോട്ടാണ് ഭവതിയുടെ യാത്ര ?


ഭവതി അല്ല..എന്റെ പേര്  മായ. മായ ഇങ്ങനെയാണ്.ഇടയ്ക്കു ഒരു ബസ്സിൽ കേറി ഒരൊറ്റ പോക്കാണ്.എന്നിട്ടു ഒരു മായയായി തിരിച്ചു വരും.


ഭർത്താവ്?


അതെന്താ ഭർത്താവ് ഉള്ള സ്ത്രീകൾക്ക് തനിയെ യാത്ര പാടില്ല എന്നുണ്ടോ?


ഹേയ്..അങ്ങനെ അല്ല..ഞാൻ അറിയാൻ വേണ്ടി ചോദിച്ചതാണ്.


എന്നെ കല്യാണം കഴിക്കാൻ വല്ല പ്ലാനും ഉണ്ടോ ?


അതും പറഞ്ഞു വീണ്ടും ചിരി..


ഞാനും വിട്ടു കൊടുത്തില്ല..


ഉണ്ടെങ്കിൽ ??


യുദ്ധം ചെയ്യാൻ അറിയോ മാഷിന് ?


ഹ ഹ ..പിന്നെന്താ , തോക്കു വേണോ , വാള് വേണോ ? ഏതാ മായയ്ക്ക് വേണ്ടത് ? എത്ര പേരെ തട്ടണം. ലിസ്റ്റ് ഉണ്ടോ കയ്യിൽ ?


ആരെയും കൊല്ലണ്ട.വെറുതെ എന്നോട് കുറച്ചു നാൾ മിണ്ടാൻ , കൂടെ നടക്കാൻ, എനിക്ക് ഇഷ്ടം ഉള്ളിടത്തൊക്കെ കൊണ്ട് പോകാൻ , എനിക്ക് മാഷിന്റെ സമയം കടം തരാൻ ഉണ്ടാകുമോ ? ആദ്യം ആയി കാണുന്ന ഒരാളോട് മിണ്ടും പോലെ അല്ല എനിക്ക് നിങ്ങൾ.മനസ്സിൽ തോന്നിയ ആരാധന ഉള്ളിൽ വേറെ എന്തൊക്കെയോ ആയി വളരുന്നുണ്ടായിരുന്നു.ദൂരേന്നു നിങ്ങൾ വരുന്നത് കാണുമ്പോൾ തന്നെ നെഞ്ച് പട പട ഇടിക്കുന്നു.അങ്ങനൊക്കെ ആയിരുന്നു. ദാ ഇപ്പോഴും ഉണ്ട് ആ ഇടിപ്പ്‌..


ചിരിച്ചു കളിച്ചു നിന്നിരുന്ന മുഖം വാടി തുടങ്ങിയത് പോലെ..


അങ്ങനെ എന്റെ കൂടെ യുദ്ധത്തിൽ പങ്കെടുത്തു എന്റെ സേനാനായകൻ ആയി എന്നെ പഴയ പോലെ ആക്കി തരാൻ പറ്റോ ? അങ്ങനെ ആയാൽ ആദ്യം പറഞ്ഞ കാര്യം നമുക്ക് ആലോചിക്കാം.


ഇനി ഞാൻ പഴയ പോലെ ആയില്ലെങ്കിൽ മാഷ് ഇപ്പൊ വളർത്തി വെച്ചേക്കുന്ന ഈ താടി കുറച്ചു കൂടെ നീട്ടി വളർത്തി നടക്കുന്നത് ഞാൻ വേറെ വല്ല ലോകത്തും ഇരുന്നു കാണേണ്ടി വരും.എന്നിട്ടു പാവം മുടി വെട്ടുകാരുടെ ശാപം കൂടെ ഞാൻ ഏൽക്കേണ്ടി വരും..

വീണ്ടും ചിരിയാണ്.പക്ഷെ ആദ്യത്തെ അത്ര ശക്തിയില്ല..


അവരുടെ ഉള്ളിൽ ഒരു കടൽ ഇരമ്പുന്ന ശബ്ദം എനിക്ക് കേൾക്കാം.ഒന്ന് ചാരി , മനസമാധാനത്തോടെ കിടക്കാൻ ഒരു തോള് തിരയുന്നുണ്ട് എന്നു വ്യക്തം.!!


മാഷേ..നിങ്ങള് നിങ്ങളുടെ പ്രണയത്തെ കുറിച്ച് ഒരു കഥ എഴുതിയാൽ അതിന്റെ അവസാനത്തെ വരി എന്തായിരിക്കും ?


അവസാനത്തെ വരി എഴുതാൻ എന്റെ പ്രണയം അവസാനിച്ചു എന്നു ആര് പറഞ്ഞു ? അത് ഇവിടെ തുടങ്ങുന്നതല്ലേ ഉള്ളു...


തുളസിവെറ്റില തിന്നു ചുണ്ടു തുടുത്ത സന്ധ്യകളേ

തുയിലുണർത്താൻ വന്നൊരോണക്കിളികളേ നന്ദി

അമൃതവർഷിണിയായ വർഷാകാലമുകിലുകളേ

ഹൃദയമെരിയേ അലരി മലരായ്

പൂത്തിറങ്ങിയ വേനലേ നന്ദി ..നന്ദി..

യാത്ര തുടരുന്നു ശുഭയാത്ര നേർന്നു വരൂ......


വൈശാഖൻ.


To Top