രചന : Nkr Mattannur
രാവിലെ ഉണര്‍ന്നു കു ളി കഴിഞ്ഞു അടുക്കളയില്‍ കയറി ചോറും കറികളും പാകമാക്കി അടച്ചു വെച്ചു..കൂടെ അമ്മയ്ക്കും എനിക്കുമുള്ള പ്രാതലും ഒരുക്കി വെച്ചു...അപ്പോഴേക്കും ഈറന്‍ മുടി ഉണങ്ങിയിരുന്നു..അതില്‍ ചുറ്റിയ തോര്‍ത്തഴിച്ചുമാറ്റി.
കണ്ണാടിക്കു മുന്നില്‍ നിന്നു മുടി ചീകി ഒതുക്കുമ്പോള്‍ കണ്ടു നെറ്റിയില്‍ രണ്ടോ മൂന്നോ വെളളി നാരുകള്‍...
ആകെ ഒരു ക്ഷീണമുണ്ട് മുഖത്തും ശരീരം മുഴുവനും...വയസ്സ് മുപ്പത്തി ആറായി.
പക്ഷേ ഒരായുസ്സു മുഴുവന്‍ ഓടിത്തളര്‍ന്ന പോലെ ക്ഷീണിച്ചിരിക്കുന്നു...
ഇരുപതാമത്തെ വയസ്സില്‍ വില്ലേജ് ഓഫീസില്‍ ജോലി കിട്ടിയതു മുതല്‍ തുടങ്ങിയതാണീ ഓട്ടം..ഇപ്പോഴും അതു കഴിഞ്ഞിട്ടില്ല .. അമ്മയ്ക്കു വയ്യാത്തതിനാല്‍ രാവിലെ എല്ലാം ഒരുക്കിയിട്ട് ഓഫീസിലേക്കൊരു പാച്ചില്‍ ആണ്...
പിടിപ്പതു ജോലിയാ അവിടേയും..സമയം പോവണതറിയില്ല...അവിടുന്ന് ബസ്സു കേറി വീട്ടിലെത്തുമ്പോഴേക്കും വൈകിട്ട് ആറുമണിയാവാറായിട്ടുണ്ടാവും..
അമ്മ വെള്ളം ചൂടാക്കി വെയ്ക്കും എന്നും.
പോയപാടെ കുളി കഴിഞ്ഞ് സന്ധ്യാദീപം കൊളുത്തി അമ്മയോടൊപ്പമിരുന്ന് പത്തു മിനുറ്റ് പ്രാത്ഥന...പിന്നെ ഒരു ചായയും കുടിച്ച് അമ്മയോട് ഇത്തിരി കുശലം പറഞ്ഞിരിക്കും..
അപ്പോഴാവും അമ്മ നാട്ടിലെ വിശേഷങ്ങള്‍ മുഴുവന്‍ എനിക്കും കൂടി പറഞ്ഞു തരിക...
അതു രാവിലെ മുതല്‍ വൈകിട്ട് വരെ അമ്മയുടെ പ്രായത്തിലുള്ള സ്ത്രീകള്‍ വീട്ടില്‍ വന്നു പറയുന്ന കാര്യങ്ങളാവും മുഴുവന്‍ ..അല്ലാതെ അമ്മ എവിടേക്കും പോവാറില്ല..
അന്നു വൈകിട്ട് ചായ കുടിക്കുമ്പോള്‍ ഒന്നും മിണ്ടാതെ ഏതോ വല്യ ഓര്‍മ്മയിലിരിക്കുന്ന അമ്മയെ ഞാന്‍ കൗതുകത്തോടെ നോക്കിയിരുന്നു..
ഒടുവില്‍ സഹി കെട്ടപ്പോഴാ ...
''എന്താ ഇന്നിത്ര ആലോചന'' എന്നു പറഞ്ഞ് ആ കൈ വെള്ളയില്‍ ഒരു നുള്ളു വെച്ചു കൊടുത്തത്...
അമ്മ എന്‍റെ മുഖത്തേക്ക് നോക്കിയിരുന്നു..
ആ കണ്ണുകള്‍ എന്‍റെ നെറ്റിയിലെ വെളുത്ത മുടിയിഴകളിലൂടെ കറുപ്പു വീണ കണ്‍തടങ്ങളിലൂടെ ചോര വറ്റിയ കവിളുകളിലൂടെ കടന്നു പോയി...
ആതിരയുടെ വിവാഹവും കഴിഞ്ഞു രണ്ടു മക്കളും ഉണ്ടായി അവര്‍ക്ക് മൂന്നും അഞ്ചും വയസ്സുമായി ഇല്ലയോ...?
ങ്ങും...ഞാന്‍ മൂളി...
ആവണിക്കും രണ്ടു കുട്ടികളായി മൂത്തവന്‍ രണ്ടാം ക്ലാസ്സിലും അതിനിളയത് എല്‍ കെ ജിയിലും പഠിക്കുന്നു...അല്ലെയോ..?
ങ്ങും...ഞാന്‍ പിന്നേയും മൂളി...
അമ്മ തുടര്‍ന്നു..
അവരുടേയെല്ലാം മൂത്തതായ ഒരു മകള്‍ കൂടിയുണ്ടെനിക്ക്...പേര് അശ്വതി...
ഇല്ലേയോ..?
ങ്ങും...ഉണ്ടായിരുന്നു ...
അമ്മ എന്നെ നോക്കി ഉണ്ടായിരുന്നുന്നെന്നോ...?
അല്ല..ഉണ്ട്...
അവളാണല്ലോ മുന്നിലിരിക്കുന്ന ഞാന്‍...
മോള്‍ക്ക് അമ്മയോട് ദേഷ്യം തോന്നാറുണ്ടോ...?
മോളെയൊരു കറവപ്പശുവിനേ പോലെ ആക്കിയെന്നു തോന്നിയിട്ടുണ്ടോ എന്നെങ്കിലും ...?
ഈ അമ്മയെന്തിനാ ഇപ്പോള്‍ അങ്ങനേയൊക്കെ പറയണത്...?
അതിനും മാത്രം ഞാനമ്മയോട് വല്ല പരാതിയും പറഞ്ഞോ...?
അതൊക്കെ എന്‍റെ കടമയല്ലേ അമ്മേ..?
ആതിരയേയും ആവണിയേയും ഞാന്‍ എന്‍റെ അനിയത്തിമാരായല്ല കാണുന്നത്..അവരെനിക്ക് മക്കളേ പോലെയാ...അവരുടെ സന്തോഷം കാണുമ്പോള്‍ നിറയുന്ന മനസ്സും സംതൃപ്തിയും മതിയമ്മേ എനിക്കെപ്പോഴും...
അതൊക്കെ പോട്ടെ ഇന്നെന്താ ഇങ്ങനെ ചിന്തിക്കാന്‍ കാരണം...?
ഇന്നത്തെ അതിഥികളില്‍ ആരെങ്കിലും വല്ലതും പറഞ്ഞെന്‍റെ അമ്മയുടെ മനസ്സ് നോവിപ്പിച്ചോ...?
ഞായറാഴ്ചയാവട്ടെ..എല്ലാവരോടും ഞാന്‍ പറയുന്നുണ്ട്..ഇനി കിന്നാരം പറഞ്ഞോണ്ട് ആരും ഈ മുറ്റത്തേക്ക് കടക്കരുതെന്ന്...?
അയ്യോ വേണ്ട മോളെ...അവരാരും ഒന്നും പറഞ്ഞതല്ലാ...
പിന്നേ...?
അമ്മയ്ക്കെന്താ ഇന്നു മാത്രം അങ്ങനെ തോന്നാന്‍...?
അമ്മയെന്‍റെ കണ്ണുകളിലേക്ക് വേദനയോടെ നോക്കി...ഇന്നൊന്നുമല്ല..എന്‍റെ മോളുടെ സങ്കടങ്ങളോര്‍ക്കാത്ത ഒരു ദിവസം പോലും ഈ അമ്മയ്ക്കുണ്ടാവാറില്ല...മോളുടെ അച്ഛനുണ്ടായിരുന്നെങ്കില്‍ എന്നേ എന്‍റെ മകളും സുമംഗലിയായേനെ...
അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു...
ങും..മതീ ട്ടോ...എനിക്കിനിയൊന്നും കേള്‍ക്കേണ്ടാ...
ഞാനെഴുന്നേറ്റ് പോയി കിടക്കയില്‍ വീണു...
കഴിഞ്ഞു പോയതും നഷ്ടമാക്കിയതു മായ കാലത്തേക്കുറിച്ച് ഓര്‍ക്കാറേ ഇല്ലാ...
അതിലും നല്ല ആനന്ദമാണ് ആതിരയുടേയും ആവണിയുടേയും മുഖത്തെ സന്തോഷം കാണുമ്പോള്‍ തോന്നുക...എന്‍റെ രണ്ടനിയത്തിമാരും സന്തോഷവതികളാണ്...നല്ല കുടുംബത്തില്‍ അവരെ പറഞ്ഞു വിടാന്‍ കഴിഞ്ഞതിലും വലൃയൊരു ഭാഗ്യം വേറൊന്നും വരാനില്ലായിരുന്നു അശ്വതിക്ക്...
അമ്മ വന്ന് അരികിലിരുന്നു ...പതിയെ മുടിയില്‍ തലോടി ...
മോളേ...
ആ മനസ്സില്‍ ഇനിയും എന്തോ പറയാനുണ്ടെന്ന് തോന്നി...
പതിയെ ഞാനെഴുന്നേറ്റ് ആ മടിയില്‍ തല വെച്ച് കിടന്നു ..
ങും..ഇനി പറയാനുള്ളതു മുഴുവന്‍ പറഞ്ഞോളൂ ഇങ്ങനെ കിടന്നു ശ്വാസം പിടിക്കാതെ...
''ബാലന്‍ വന്നിരുന്നു ഇന്നിവിടെ....!
ഒടുവില്‍ വിക്കി വിക്കി പറഞ്ഞു തീര്‍ത്തു..
ഞാന്‍ മിണ്ടാതെ കിടന്നു ...
പാവം ഒത്തിരി സങ്കത്തോടെയാ ഇറങ്ങി പോയത്...ഞാനെല്ലാം പറഞ്ഞു അവനോട്...
എന്തിനാ അമ്മേ വഴിയേ പോണവരോട് എല്ലാം തുറന്നു പറയുന്നത്..
എന്തൊക്കെയാ പറഞ്ഞത്..കഴിഞ്ഞ പതിനാറു വര്‍ഷത്തെ എന്‍റെ ജീവിതം മുഴുവന്‍ വരച്ചു കാട്ടിയിട്ടുണ്ടാവും അല്ലേ..?
എന്തിനാ അമ്മേ ഇങ്ങനെ ..?
അമ്മയ്ക്ക് സങ്കടമാവുമെന്നോര്‍ത്ത് ഞാന്‍ പിന്നൊന്നും പറയാന്‍ പോയില്ലാ...
അവനിപ്പോഴും തനിച്ചാണ് മോളേ...
ഈ നാട്ടിലേക്ക് പിന്നേയും സഥലം മാറി വന്നതാ..
ഇവിടിരുന്നു കുറേ നേരം...
പാവം കണ്ണുകളൊപ്പുന്നതു കണ്ടു....
പോവാന്‍ നേരം എന്‍റെ കൈകള്‍ രണ്ടും കൂട്ടിപ്പിടിച്ചോണ്ട് ചോദിച്ചു...
എന്നെ ഒരു മകനായ് കാണാനാവുമോ ഇനിയെങ്കിലും ഈ അമ്മയ്ക്കെന്ന്..?
ഒന്നും പറയാനാവാതെ ഞാനും കരഞ്ഞു പോയി...
അമ്മയുടെ മടിത്തട്ട് കണ്ണീര് വീണു
നനഞ്ഞിരുന്നു .. എത്ര നേരം അങ്ങനെ കിടന്നുവെന്നറിയില്ല...
മനസ്സ് വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് കടിഞ്ഞാണില്ലാതെ കുതിച്ചു പാഞ്ഞു..
വില്ലേജോഫീസില്‍ ജോലി കിട്ടി പോയ്ത്തുടങ്ങിടങ്ങിയ കാലം....
അച്ഛന്‍ പോയതില്‍ പിന്നെ അമ്മ കൂലിപണിയെടുത്തായിരുന്നു നാലു വയറുകള്‍ കഴിഞ്ഞിരുന്നത്...അന്ന് മനസ്സറിഞ്ഞ് പഠിച്ചു .മത്സര പരീക്ഷയിലൂടെ ഒരു ജോലി നേടുന്നതു വരെ...
ആതിരയും ആവണിയും പഠിക്കുകയായിരുന്നു...
എനിക്കു ജോലി കിട്ടിയതില്‍ പിന്നെ അമ്മയെ പണിക്കു വിടാതെ വീട്ടുകാര്യങ്ങള്‍ നോക്കിയാല്‍ മതിയെന്നും പറഞ്ഞു വീട്ടിലിരുത്തി...
ജോലിക്കു പോവുമ്പോഴും തിരികേ വരുമ്പോഴും എന്നും കാണാറുണ്ടായിരുന്നു ബാലേട്ടനെ...അടൂത്തുള്ള സര്‍ക്കാര്‍ സ്കൂളിലെ മാഷാണ് ബാലേട്ടന്‍...
ആ കണ്ടു മുട്ടല്‍ ഒരടുപ്പമായ് വളര്‍ന്നത് ഞങ്ങളറിയാതെ ആയിരുന്നു ..
ഒരു ദിവസം മാഷ് വീട്ടില്‍ വന്നു അശ്വതിയെ എനിക്കു കെട്ടിച്ചു തരാവോന്ന് ചോദിച്ചപ്പോഴായിരുന്നു എന്‍റെ അമ്മയും അനിയത്തിമാരും ശരിക്കും ഞെട്ടിയത്..
വീടിന്‍റെ അത്താണിയായ ഞാന്‍ പോയാല്‍ എല്ലാവരുടേയും കാര്യം പരുങ്ങലിലാവും..മാഷ് എന്‍റെ ശമ്പളം മുഴുവന്‍ ഇവിടെ തരാമെന്നു പറഞ്ഞെങ്കിലും അമ്മയുടെ സ്വാര്‍ത്ഥത അതൊന്നും ചെവികൊണ്ടില്ല...അനിയത്തിമാരെ ഒരു വഴിക്കാക്കുന്നതുവരെ അവളെ ആര്‍ക്കും കെട്ടിച്ചു കൊടുക്കാന്‍ വയ്യാല്ലോ...വേറെ വഴിയൊന്നുമില്ലാത്തതിനാല്‍ അന്നങ്ങനേയാവും അമ്മ ചിന്തിച്ചിട്ടുണ്ടാവുക...
മാഷ് തന്നേയാ അക്കാര്യം എന്നോട് പറഞ്ഞതും...
എടോ തന്നെ ഒരു കറവപ്പശുവാക്കുകയാ...
എല്ലാവരും രക്ഷപ്പെട്ടുപോവും..ഒടുവില്‍ താന്‍ തനിച്ചാവും...അതോര്‍ക്കണം എന്നും പറഞ്ഞ് ഒരുപാട് നാളായുള്ള നിര്‍ബന്ധിക്കല്‍ മതിയാക്കി മാഷ് ഈ നാടു വിട്ടു പോയി...
അന്നാ പറഞ്ഞതൊന്നും ഞാന്‍ കാര്യമായ് എടുത്തിരുന്നില്ല..എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായ് ഞാനത് മനസ്സിലാക്കിത്തുടങ്ങിയിരുന്നു..അനിയത്തിമാരാണ് എന്തു കിട്ടിയിട്ടും എത്ര കിട്ടിയിട്ടും തൃപ്തരാവാത്തത്...
ചേച്ചിക്ക് ആരുമില്ലല്ലോ എന്നൊരു വാക്ക് പറയണത് കേട്ടിട്ടില്ല ഇന്നേവരെ..അല്ലെങ്കില്‍ ചേച്ചിയും ഒരു കല്യാണം കഴിക്കട്ടെ ഇനിയെങ്കിലും എന്ന് ചിന്തിച്ചതു പോലുമുണ്ടാവില്ലാ...
മതി...ഈ അമ്മയുടെ കാലം കഴിയണതു വരെ അങ്ങനെ പോവട്ടെ..പിന്നെ വല്ല അനാഥാലയത്തിലും കഴിയാല്ലോ ആയുസ്സുണ്ടേല്‍....
മോളേ വാ കഴിച്ചിട്ടു കിടക്കാം..
അമ്മയേയും അത്താഴ പട്ടിണി ആക്കേണ്ടെന്നോര്‍ത്ത് പോയി ഇത്തിരി കഴിച്ചെന്ന് വരുത്തി...
പിന്നേയും മൂന്നാലു ദിവസങ്ങള്‍ കൊഴിഞ്ഞു പോയി...
അന്നൊരു ഞായറാഴ്ചയായിരുന്നു.
ഇത്തിരി വൈകിയാ ഉണര്‍ന്നത്
കുളി കഴിഞ്ഞ് അടുക്കളയില്‍ കയറി പ്രാതലൊരുക്കി കഴിഞ്ഞപ്പോള്‍ മുറ്റത്തൊരു വണ്ടി വന്നു നിന്ന ശബ്ദം കേട്ട് ഞാന്‍ ഉമ്മറത്തേക്ക് പോയി...
രണ്ട് അനിയത്തിമാരും കുടുംബം മുഴുവനും മുറ്റത്തെത്തിയതു കണ്ടപ്പോള്‍ ഇന്നെന്താ വിശേഷം എന്നു ഞാന്‍ ഓര്‍മ്മകളില്‍ തിരഞ്ഞു നോക്കി...അപ്പോഴേക്കും ആവണിയും ആതിരയും മക്കളും ഓടിവന്നെന്നെ പൊതിഞ്ഞു...
ഞാന്‍ കൂട്ടത്തില്‍ ഇളയതിനെ വാരിയെടുത്തു..അനിയത്തിമാരും എന്നോട് ചേര്‍ന്നു നിന്നു...
എന്താ ഇന്ന് പ്രത്യേകിച്ച് എല്ലാവരും ഉണ്ടല്ലോ...?
അതൊക്കെ ഉണ്ട്...പിന്നെ പറയാം..അല്ലെങ്കില്‍ നേരില്‍ കണ്ടറിഞ്ഞാല്‍ മതി...രണ്ടുപേരും ഒന്നായ് പറഞ്ഞു..
അവരുടെ മുഖത്തെല്ലാം പതിവില്‍ കവിഞ്ഞ സന്തോഷം കാണാനായി...
ഞാന്‍ വരാന്തയില്‍ പോയി അനിയത്തിമാരുടെ ഭര്‍ത്താക്കന്മാരോടും വിശേഷങ്ങള്‍ തിരക്കി..എല്ലാവരും നല്ല സന്തോഷത്തിലാണ്...ഒരു കള്ളച്ചിരിയും ഉണ്ട് എല്ലാ മുഖങ്ങളിലും...
നേരെ പോയി അമ്മയുടെ അരികിലേക്ക് ..
അമ്മ എവിടേയോ പോവാനായ് വസ്ത്രം മാറുകയായിരുന്നു..
എന്നോടും അമ്പലത്തില്‍ പോവാനൊരുങ്ങാന്‍ പറഞ്ഞു...
ഞാന്‍ നോക്കുമ്പോള്‍ ആവണിയും ആതിരയും അടുക്കളയില്‍ കേറി ചായയുണ്ടാക്കുന്നുണ്ട്..എന്‍റെ മുറിയില്‍ പോയി വസ്ത്രം മാറുമ്പോള്‍ അമ്മ വിളിച്ചു പറഞ്ഞു ആ നല്ല സാരിയുടുത്തോളൂന്ന്..
അങ്ങനെ മെല്ലെ നന്നായ് ഒന്നൊരുങ്ങി പുറത്തേക്ക് വന്നു...
എല്ലാവരും എന്‍റെ മുഖത്ത് നോക്കിയിട്ട് ചേച്ചി സുന്ദരിയാന്ന് പറഞ്ഞപ്പോള്‍ എനിക്കിത്തിരി നാണം തോന്നി...
അതിലും അത്ഭുതം അമ്മയുടെ ഉന്മേഷം കണ്ടപ്പോഴായിരുന്നു.. അസുഖമെല്ലാം വിട്ടകന്ന പോലെ...
അമ്പലത്തില്‍ തൊഴുതു മടങ്ങുമ്പോഴായിരുന്നു അമ്മ കാര്യത്തിലേക്ക് കടന്നത്...
ബാലന്‍ ഇന്നു വീട്ടില്‍ വരുന്നുണ്ട്..നിന്നെ പെണ്ണുകാണാന്‍....
ഞാനതുകേട്ട് ആ വഴിയില്‍ തന്നെ നിന്നു...
അമ്മ വന്നെന്‍റെ കൈകളില്‍ പിടിച്ചു കൊണ്ട് നടന്നു..
''എല്ലാം നല്ലതിനു വേണ്ടിയാവും...''
കഴിഞ്ഞ പതിനാറു വര്‍ഷമായ് അമ്മ അനുഭവിച്ചു കൊണ്ടിരിക്കുന്ന സങ്കടങ്ങളെല്ലാം തീര്‍ന്നതു പോലായി...
ബാലന്‍ തന്നേയാ അനിയത്തിമാരേയും അവരുടെ ഭര്‍ത്താക്കന്മാരേയും പോയി കണ്ടതും..
ഓടുവില്‍ ഇന്നലെ ആ മൂന്നുപേരും എന്‍റരികില്‍ വന്നു...
ഇനി എന്‍റെ മോളോന്നും മറുത്തു പറയരുത് .ഇതങ്ങ് സമ്മതിക്കണം..
അമ്മയുടെ കാലം കഴിഞ്ഞാല്‍ നിനക്കാരുമില്ലാതാവുമല്ലോ എന്നോര്‍ത്ത് തീ തിന്നുകയായിരുന്നു ഞാനിത്ര നാളും...
പത്തുമണി കഴിഞ്ഞപ്പോള്‍ ബാലേട്ടനും രണ്ടു മുതിര്‍ന്നവരും ഞങ്ങളുടെ വീട്ടിലെത്തി.
ഞാന്‍ അടുക്കളഭാഗത്ത് വെറുതേ ഓരോ ഓര്‍മ്മകളില്‍ നില്‍ക്കുകയായിരുന്നു...
ആതിരയാണ് ഒരു ട്രേയില്‍ അഞ്ചു കപ്പ് ചായ എന്‍റെ കയ്യില്‍ കൊണ്ടുതന്നത്..
ഞാനതുമായ് വരാന്തയിലേക്ക് പോയി പലഹാരവുമായ് രണ്ടുപേരും എന്‍റെ പിറകേ വന്നു...
''ചായ കൊടുക്കുമ്പോള്‍... വര്‍ഷങ്ങള്‍ക്കുമുന്നേ,കണ്ടു കൊതിച്ച ആ തിളക്കമുള്ള രണ്ടു കണ്ണുകള്‍ ഞാനിന്നും കണ്ടു..''
കുറച്ചു കഴിഞ്ഞപ്പോള്‍ ബാലേട്ടന്‍ എന്‍റെ മുറിയിലേക്ക് കയറി വന്നു...
അശ്വതിക്ക് വിഷമമായോ ഈ കൂടിക്കാഴ്ച...
മുഖവുരയില്ലാതെ ചെറു ചിരിയോടെ ചോദിച്ചു..ഞാനാ കണ്ണുകളിലേക്ക് നോക്കി..
''സത്യം പറയുമെങ്കില്‍ ഒരു കാര്യം ചോദിക്കാം..പറയാവോ...?''
ഉം..ചോദിക്കൂ...
എന്നെ കാത്തിരിക്കയായിരുന്നോ ബാലേട്ടന്‍ ഇത്ര നാളും..?
പിന്നേയും ആ ചിരി കണ്ടു മുഖത്ത്...
എന്താ അങ്ങനെ ചോദിച്ചത്...?
തിരിച്ചെന്നോട് ചോദിച്ചു ..
അല്ലാ ബാലേട്ടന്‍ എന്താ ഇതുവരേയും കല്യാണം കഴിക്കാതിരുന്നത്...?
ഓ...അതാണോ...
അതെ ..അതാണ് സത്യം .
ഈ ജീവിതത്തില്‍ ഞാനാദ്യമായും അവസാനമായും ഒരാളേയേ സ്നേഹിച്ചിരുന്നുള്ളൂ..അതു താനായിരുന്നു..
തന്നെ മറക്കാനാവാത്തതിനാല്‍ മറ്റൊരാളേക്കുറിച്ച് ഇന്നേവരെ ചിന്തിച്ചതുപോലുമില്ല...
വെറുതേ കാത്തിരുന്നു..ഇടയ്ക്കൊക്കെ
ഞാന്‍ തന്നെക്കുറിച്ച് അന്വേഷിച്ചിരുന്നു...അപ്പോള്‍ താനും തനിച്ചാണെന്നറിഞ്ഞു...
പിന്നേയും പഴയ ആ മോഹം മനസ്സില്‍ വളര്‍ന്നു...എന്നെങ്കിലും ഒരു കൂട്ട് ഉണ്ടാവുകയാണേല്‍...അത് താന്‍ മതി എന്നു തീരുമാനിച്ചു...
''ബാലേട്ടാ...''
ഉം....
തനിക്കു എന്തേലും പ്രയാസമുണ്ടോ...?
എന്‍റെ മുഖത്താണാ കണ്ണുകള്‍..
ഇനിയും ഒരു വിവാഹം വേണോ ബാലേട്ടാ..
ആളുകള്‍ പലതും പറയില്ലേ...?
പ്രായമായപ്പോഴാണോ വിവാഹം കഴിക്കണതെന്നൊക്കെ...?
ഓ..ആള്‍ക്കാരുടെ വായ മൂടാന്‍ ആര്‍ക്കുമാവില്ല...അവരെന്തു വേണേലും പറഞ്ഞോട്ടെ...
''ഏറ്റവും അടുത്ത മുഹൂര്‍ത്തത്തില്‍ ഏറ്റവും ലളിതമായ് ഒരു ചടങ്ങുമതി...ഒരു താലി ചാര്‍ത്തി ഞാന്‍ തന്നെ സ്വന്തമാക്കട്ടെ..?''
അങ്ങനെ മതിയെന്ന് എനിക്കും തോന്നി...ഞാനിത്ര നാളും ആര്‍ക്കുവേണ്ടിയാണോ ജീവിച്ചത് അവരെല്ലാം ഈ കാര്യം ആഗ്രഹിക്കുന്നുവെങ്കില്‍...
പിന്നെ ഞാന്‍ മാത്രം എന്തിനാ തടസ്സം പറയുന്നത്..അമ്മ പറഞ്ഞതു പോലെ
''എല്ലാം നല്ലതിനാവും....''
അങ്ങനെ നാളെ..., എന്‍റെ വിവാഹമാണ്..
ഈ ജീവിത്തില്‍ എനിക്കു വേണ്ടി ഞാന്‍ ഒന്നും ഇന്നു വരേ മോഹിച്ചിട്ടില്ല ബാലേട്ടനേയല്ലാതെ....!
ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ...