ഒരു കുടുംബം എന്ന് പറയുന്നതു ഇങ്ങനെയാണ് എത്ര സ്നേഹവും കരുതലുമാണ് പരസ്പരം...

Valappottukal


രചന : കല്യാണി ശ്രീകുമാർ


" സത്യം പറയെടാ ഏതാ ഈ പെണ്ണ്?"


"ഏതു പെണ്ണ് ?"


രാവിലെ ഉറക്കപ്പായിൽ നിന്നും എണീറ്റ് വന്ന എന്നെ സ്വീകരിക്കാൻ ഉമ്മറത്ത് കലി  തുള്ളി അച്ഛനും ഏതു നിമിഷവും  എന്റെ  മേൽ വീഴാൻ സാധ്യതയുള്ള അച്ഛന്റെ കൈകളുടെ ചലനം സസൂക്ഷ്മം നിരീക്ഷിച്ചു റഫറിയായി സാരിത്തലപ്പ് എടുത്തുകുത്തി അമ്മയും .


ഈത്വായും  ഒലിപ്പിച്ചു പാതിമയക്കത്തിൽ ഒഴിവു ദിനത്തിന്റെ  ആലസ്യത്തിൽ കിടക്കപ്പായിൽ നിന്നും എടുത്തുകൊണ്ടിരുത്തിയ പാവയെപ്പോലെ അനിയത്തി തൂണും ചാരിയിരിക്കുന്നു  .ഇടയ്ക്കിടെ എന്നെ പാളി നോക്കുന്നുണ്ട് .ബോധമില്ലാത്ത ഇരിപ്പാണ് .അവളുടെ നിർവികാരത നിറഞ്ഞ മരമോന്തയിൽ നിന്നും ഒന്നും വായിച്ചെടുക്കാൻ പറ്റുന്നിലാ.

കെട്ടിച്ചു വിടേണ്ട പെണ്ണാണെന്ന് പറഞ്ഞു എന്നോ നടക്കാനിരിക്കുന്ന അവളുടെ കല്യാണവും സുഗമമായ ഭാവി ജീവിതവും മുന്നിൽ കണ്ടു ഇത്ര ചെറുതിലെ ദുർഗുണ പരിഹാര പാഠശാലയിലെ  പോലെ വളർത്തുകയാണ് 'അമ്മ ." അവൻ നിന്റെ നിന്റെ മോന്തയുടെ ഷേപ്പ് മറ്റും ", " വല്ല വീട്ടിലും ചെന്ന് ഇങ്ങനെ കാണിച്ചു നോക്കു .അപ്പൊ അറിയാം "  തുടങ്ങിയ പല്ലവികൾ സ്ഥിരം കേട്ട് കേട്ട് ഇപ്പൊ കല്യാണമേ വേണ്ട എന്നാണ് അനിയത്തിയുടെ വെപ്പ് .ശല്യമില്ലല്ലോ .


" നീ എന്തിനാടാ അവളെ നോക്കുന്നെ ? നിന്നോട് ചോദിച്ചതിന് മറുപടി പറയെടാ ."


കൈയിലിരുന്ന ഒരു കത്ത് ഉയർത്തി കാട്ടിയാണ് ഇത്തവണ അച്ഛന്റെ ചോദ്യം .അച്ഛന്റെ കൈയിലിരിക്കുന്ന കത്തിലേക്കു സൂക്ഷിച്ചു നോക്കിയിട്ടും അക്ഷരങ്ങൾ വായിച്ചെടുക്കാൻ പറ്റുന്നില്ല .ദേഷ്യം കൊണ്ട് വിറയ്ക്കുന്ന അച്ഛനെ കൈയിലിരുന്ന കത്ത് വിറയ്ക്കുന്നതാണ് കാരണം .


" നിങ്ങളിങ്ങനെ തുള്ളാതെ മനുഷ്യ .അവനൊരല്പം സാവകാശം കൊടുക്ക്‌ .ഉറക്കച്ചടവ്‌ മാറിയിട്ടില്ല അവന്റെ ."


" നീ മിണ്ടരുത് .നീ ഒറ്റ ഒരുത്തിയ ഇവനെ വഷളാക്കിയേ .ഈ പെങ്കൊച്ചിനെ മര്യാദ പഠിപ്പിക്കുന്നതിന്റെ കാൽഭാഗം മര്യാദ നീ ഇവനെ പഠിപ്പിച്ചിരുന്നേലിങ്ങനെ വരുമായിരുന്നോ? ഇങ്ങനെ പോയാൽ മോൻ വോട്ടു ചെയ്‌തെന്നും പറഞ്ഞു ആരേലും ബാലറ്റ്  പെട്ടീം കൊണ്ട് വീട്ടിൽ കേറി വരും ."

"ഛെ .ഒന്ന് നിർത്തു മനുഷ്യ നിങ്ങടെ രാഷ്ട്രീയ ഭാഷ .പിള്ളേരെമുന്നിൽ വച്ചാണോ?"നിങ്ങളല്ലേലും രാഷ്ട്രീയകരെല്ലാം ഇങ്ങനെ വെറുതെ എഴുതാ പുറം വായിക്കും .പറച്ചില് കേട്ടാൽ തോന്നും നമ്മുടെ ചെറുക്കനങ്ങു  കൈവിട്ടു പോയെന്നു "


"കൈ വിട്ടു പോയെന്നോ? ആര്?"


രാവിലെ  അപ്രതീക്ഷിതമായി എന്റെ മുന്നിൽ അരങ്ങേറുന്ന സംഭവ വികാസങ്ങളുടെ പൊരുളറിയാതെ വായും പൊളിച്ചു നിൽക്കുന്ന എന്റെ മുഖത്തേക്ക് അച്ഛന്റെ കൈയിലിരുന്ന കത്ത് വന്നു വീണു  .

" വായിക്കെട ..നിന്റെ ലീല വിലാസങ്ങൾ നീ തന്നെ വായിച്ചു രസിക്കു .

ഞാനിനി എങ്ങനെ എന്റെ അണികളുടെ മുഖത്ത് നോക്കും? എന്റെ രാഷ്ട്രീയ ഭാവി പ്രതിസന്ധിയിലായല്ലോ ദൈവമേ ....കഴിഞ്ഞ തവണയും പോയപ്പോ മംകൊമ്പിൽ കണിയാൻ പറഞ്ഞതാ എന്റെ എം എൽ എ  സ്ഥാനത്തിന് വെല്ലുവിളികൾ ഒരുപാടു നേരിടേണ്ടി വരുമെന്ന് .അങ്ങേരു പറഞ്ഞ അച്ചട്ടാ ."


" നാണമില്ലേ മനുഷ്യ കമ്മ്യൂണിസ്റ്റ് കാരനാണെന്നും പറഞ്ഞു നടന്നിട്ടു രാത്രിയിൽ തലയിൽ മുണ്ടിട്ട് കണ്ണിൽ കണ്ട ജ്യോൽസ്യൻമാരുടെ അടുത്തു പോയി ഭാവി നോക്കാൻ .പകല് പറയുന്നതും പ്രവർത്തിക്കുന്നതും  ഒന്ന് രാത്രിയിൽ കാണിച്ചു കൂട്ടുന്നത് വേറൊന്നു .ആളുകളുടെ കണ്ണിൽ പൊടി യിട്ട് പൊടിയിട്ട്  കുമ്പിടി പ്രസിഡന്റ്   എന്ന ഇപ്പൊ നിങ്ങളെ നാട്ടുകാര് വിളിക്കുനെ ."

"ഹാ ..അത് എതിർ പാർട്ടിക്കാർ പറഞ്ഞുണ്ടാക്കുന്നതാ .എന്റെ അസാമാന്യമായ നേതൃത പാടവവും നാടിനോടുള്ള തികഞ്ഞ അർപ്പണ ബോധവും കേട്ടറിഞ്ഞു കഴിഞ്ഞ തവണ കണ്ടപ്പോ  മുഖ്യമന്ത്രി പ്രത്യേകം അടുത്ത് വിളിച്ചു അഭിനന്ദിച്ചതാ ."


"ഏതു മുഖ്യമന്ത്രി ? നിങ്ങളിതുവരെ അയാളെ നേരിട്ട് കണ്ടിട്ടുണ്ടോ മനുഷ്യാ ?അർപ്പണബോധം പോലും .കഴിഞ്ഞ ആഴ്ച  സേതു മൊതലാളീടെ ആന ഇടഞ്ഞിട്ടു മയക്കു വെടി  വയ്ക്കാൻ ഡോക്ടറെ വിളിക്കണമെന്നും പറഞ്ഞു മുങ്ങിയ നിങ്ങളെ പിന്നെ  പിറ്റേ ദിവസമാണ് ആളുകൾ കാണുന്നെ .ഡോക്ടറെ കൊണ്ട് വരാൻ നാട്ടുകാരില്ലായിരുന്നേൽ കാണായിരുന്നു ."


" നീ എനിക്കെതിരെ വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കരുത്  അതും പിള്ളേരുടെ മുന്നിൽ വച്ചു ."


" പിന്നെ പിള്ളേർക്കിതൊന്നും  അറിയാൻ മേലാഞ്ഞിട്ടാ .നിങ്ങൾ എവിടേലും ഒക്കെ പ്രസംഗിക്കുമ്പോ പണ്ട് 1921   ഇൽ  ചൈനയിൽ എന്തുണ്ടായി? 1917  റഷ്യയിൽ എന്തുണ്ടായി എന്നൊക്കെ ചോദിക്കുമല്ലോ അവിടെ എന്താ ഉണ്ടായെന്നു നിങ്ങൾക്കറിയാം പക്ഷെ നമ്മുടെ കല്യാണം കഴിഞ്ഞ വര്ഷം നിങ്ങൾക്കോർമ ഉണ്ടോ ? പോട്ടെ ഇങ്ങേ അറ്റം നിങ്ങടെ പിള്ളേരുടെ വയസു കൃത്യമായി ഓർമ്മയുണ്ടോ ?ഇല്ല ."


എടി ..........ഈ രാഷ്ട്രീയക്കാർക്ക് നാടിനെയും രാജയത്തെയും സേവിക്കലാണ് പണി അങ്ങനെ വരുമ്പോ കുടുംബപരമായ കാര്യങ്ങൾ ചിലപ്പോ മറന്നുന്നൊക്കെ ഇരിക്കും .അതൊക്കെ അങ്ങനാ ".


അമ്മയുടെ ചൊടിപ്പിക്കുന്ന ആരോപണങ്ങൾ കേട്ട്  അച്ഛൻ പതിവ് അടവ് എടുത്തു പുറത്തിട്ടു .

“അല്ലേലും എനിക്കറിയാം നിനക്കു പണ്ടെ വലതു പക്ഷത്തേക്ക് ഒരു ചായ്‌വ് ഉണ്ടെന്നു .നിന്നെ പണ്ട് കെട്ടാനിരുന്ന ആ രാഘവൻ കോൺഗ്രസ് കാരനല്ലാരുന്നോ ? നിന്റെ അച്ഛൻ കമ്മ്യൂണിസ്റ്റ്കാരനായത് കൊണ്ട് നീ എന്റെ തലേൽ വന്നു വീണു  ."

വീട്ടിലെ പതിവ് രാഷ്ട്രീയ അങ്കത്തിനു തുടക്കം കുറിച്ച അമ്മ പതിവ് പോലെ ആയുധം വച്ച് കീഴടങ്ങി അടുത്ത അങ്കത്തിനായി അടുക്കളയിലേക്കു പോയി .അമ്മയുടെ പഴയ ലൈൻ ആണ് മേല്പറഞ്ഞ വലതു പക്ഷക്കാരൻ. .അപ്പൂപ്പൻ അസ്ഥിക്ക് പിടിച്ച കമ്മ്യൂണിസ്റ്റ്കാരനായത് കൊണ്ട് ആ വിവാഹം നടന്നില്ല .അത് അച്ഛൻ പറയാൻ തുടങ്ങ്യൽ പിന്നെ അമ്മയെ അവിടെങ്ങും മഷിയിട്ടു നോക്കാൻ കിട്ടില്ല .അതറിയാവുന്നതു കൊണ്ട് തന്നെ അത് അച്ഛൻ തന്റെ അവസാന അടവാക്കി വച്ചിരിക്കുകയാണ് അമ്മയ്‌ക്കെതിരെ പ്രയോഗിക്കാൻ .

കൈയിൽ കിട്ടിയ കത്ത്  വായിക്കുന്നതിനിടെ അച്ഛന്റെയും അമ്മയുടെയും അങ്കം അരോചകമായ  പശ്ചാത്തല സംഗീതമായി  തോന്നി .കത്തിലെ ഓരോ വരികൾ വായിക്കും തോറും എന്റെ ഹൃദയം പട പട മിടിക്കുകയും ഹൃദയമിടിപ്പിന്റെ താളം ദ്രുതഗതിയിലായി ഹൃദയം പുറത്തേക്കു വരുന്ന അവസ്ഥ .............ശരീരത്തിന്റെ ബാലൻസ് തെറ്റുന്ന പോലെയും കണ്ണിൽ ഇരുട്ട് കയറുന്ന പോലെയുംതോന്നി . നിന്ന നിൽപ്പിൽ വെട്ടി വിയർക്കാൻ തുടങ്ങി .തിരിഞ്ഞു അച്ഛനെയും അമ്മയെയും നോക്കിയപ്പോ അവ്യക്തമായ ചില ശബ്ദങ്ങളും രൂപങ്ങളും മാത്രമേ കാണാൻ കഴിഞ്ഞുള്ളു .


പിന്നൊന്നും ഓര്മ ഇല്ല ...........


" ഡാ .....മോനേ എണീക്കടാ . അവ്യക്തമായ ശബ്ദങ്ങളും രൂപങ്ങളും വ്യക്തമായി മുന്നിലേക്ക്  തെളിഞ്ഞു വന്നു .

" ഡാ മോനെ നിനക്ക് കുഴപ്പമൊന്നുമില്ലല്ലോടാ ?"

അമ്മയാണ് ആകെപ്പാടെ കരഞ്ഞു കലങ്ങിയ കണ്ണുകളും പരിഭ്രമം നിറഞ്ഞ മുഖവുമായി   കട്ടിലിൽ എന്റെ അരികിൽ ചേർന്നിരിക്കുന്നു . കുറച്ചു  മുൻപ് കണ്ട അനിയത്തിയുടെ  നിർവികാരമായ മുഖത്ത്  ഇപ്പോൾ സങ്കടവും ഭയവും . കണ്ണുകൾ കലങ്ങിയിട്ടുണ്ട്. കരഞ്ഞെന്നു വ്യക്തം. അച്ഛൻ കട്ടിലിനോട് ചേർത്തിട്ടിരുന്ന കസേരയിൽ മുന്നോട്ടാഞ്ഞു ഇരിക്കുന്നു .മുഖത്താകെ പരിഭ്രമം .


" ഡാ എന്ത് പറ്റിയെടാ പെട്ടെന്ന് നിനക്ക്?"

മുഖത്ത് വന്ന പരിഭ്രാന്തി മറച്ചു വച്ച് ഗൗരവം കലർന്ന സ്വരത്തിൽ അച്ഛന്റെ ചോദ്യം .


അജ്ഞാതമായ  ഏതോ ഒരു ലോകത്തു പോയിട്ട് വന്നതിന്റെ  ഭയാശങ്ക മാറിവരുന്നതിനിടയിൽ എനിക്കെന്താണ് പറ്റിയതെന്ന് പതുക്കെ മനസിലായി .ബോധക്ഷയം ...അതും ആ കത്ത് വായിച്ചിട്ടു .ആ കത്തിലെ വരികൾ പതിയെ പതിയെ മനസിലേക്ക് ഇരച്ചു കയറിവന്നു .ഓർത്തപ്പോൾ വീണ്ടും തലകറങ്ങുന്നു .


" ഞാനപ്പഴേ പറഞ്ഞതല്ലേ ? ഇത്രേം ലോലമനസുള്ള നമ്മുടെ കുഞ്ഞിനെ കുറി ച്ചാണോ നിങ്ങളീ അനാവശ്യം മുഴുവൻ പറഞ്ഞെ ?ആരോ എന്തോ എഴുതി വിട്ടതും പറഞ്ഞാണോ സ്വന്തംകുഞ്ഞിനെ ഇങ്ങനെ വേദനിപ്പിക്കുന്നെ മനുഷ്യ .അല്ലേലും നിങ്ങൾ രാഷ്ട്രീയക്കാർക്ക് ഹൃദയമെന്നൊന്നു ഉണ്ടോ ?"


"ഇല്ലെടി ..എന്നെ ഉണ്ടാക്കിയിരിക്കുന്നത് കാരിരുമ്പു കൊണ്ട .നീ ........................"


" എന്തെ അച്ഛാ ...അമ്മെ .. ഒന്ന് നിർത്തു .എനിക്ക് തലവേദന എടുക്കുന്നു .കുറച്ചു നേരം ഞാനൊന്നു സ്വസ്ഥമായി കിടക്കട്ടെ ."

ശരീരമാകെ തളർച്ച ബാധിച്ചപോലെ തോന്നിയിട്ടും പരമാവധി ശബ്ദമുയർത്തി ഞാൻ പ്രതിഷേധിച്ചു .എന്റെ രോഷപ്രകടനം കുറിക്കു കൊണ്ടപോലെ അച്ഛനും അമ്മയും മുറിയിൽ നിന്നും വെളിയിലേക്കു പോയി . 

ബാക്കി അങ്കം മുറിക്കു പുറത്തെവിടെയോ നടക്കുന്നതിന്റെ അവ്യക്തമായ ശബ്ദങ്ങൾ കേട്ടു .

ഞാൻ പിന്നെ വരാമെന്നു പറഞ്ഞു തികഞ്ഞ മര്യാദയോട് കൂടി അനിയത്തി കുട്ടിയും മുറി വിട്ടു .


ഏകാന്തത ..................കനത്ത ഏകാന്തത ..................വായുവിലൂടെ ഒഴുകി വരുന്ന ചില  നേർത്ത ശബ്ദങ്ങൾ ഒഴിച്ചാൽ കനത്തതല്ലെങ്കിലും തരക്കേടില്ലാത്ത നിശബ്ദത .................

ഞാൻ പതിയെ ആ കത്തിലേക്കു മനസിനെ കൊണ്ട് വന്നു .ഓർക്കാൻ ഇഷ്ടമല്ലെങ്കിൽ പോലും അതൊരു യാഥാർഥ്യമല്ലേ . എന്നാലും ആരാണ് എന്നെ കുറിച്ച് ഈ വിധം എഴുതി പിടിപ്പിച്ചിരിക്കുന്നത് ?മര്യാദയ്ക്ക് ഒരു സെക്സ് വീഡിയോ പോയിട്ട് ഒരു തുണ്ട് ക്ലിപ്പ് പോലും ഇത് വരെ കണ്ടിട്ടില്ലാത്ത എം എസ്  സി  ക്കു പഠിക്കുന്ന മര്യാദ രാമനായ ഞാൻ എങ്ങനെ ചതിയനായി ?അതും ഒരു പെണ്ണിനെ………………………………………….. .


കത്തിലെ വരികൾ ഓരോന്നായി ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചു .

ഒരു പെണ്ണ് സ്വയം കരി വാരി തേച്ചു ഇതുപോലെ ചതിക്കപ്പെട്ടു എന്നൊക്കെ പറഞ്ഞു കത്തെഴുതുമോ?അതോ ഇനി അച്ഛനിട്ടു ആരേലും കൊടുത്ത പണിയിൽ ഞാൻ ബലിമൃഗമായതാണോ ? ഇന്നത്തെ കാലമല്ലേ ഇതും ഇതിനപ്പുറവും നടക്കും.എന്നാലും നാട്ടുകാരെങ്ങാനും അറിഞ്ഞു കാണുമോ എന്തോ . അങ്ങനാണേൽ എങ്ങനെ ഇനി പുറത്തിറങ്ങും ? "


" നീ എന്താടാ ഇങ്ങനെ ? നിനക്കെങ്ങനെ ഇങ്ങാനാകാൻ കഴിയുന്നു ?എന്നെ പറഞ്ഞു വശത്താക്കി പലയിടത്തും വിളിച്ചു വരുത്തിയിട്ട് ഇപ്പോൾ എന്നെ ഒഴിവാക്കിയാൽ ഞാൻ നിന്റെ പേരെഴുതി വച്ചിട്ട് ആത്മഹത്യ  ചെയ്യും ."


ഹോ .................ന്യൂ ജെൻ കത്തിലെ വരികൾ ഓർത്തപ്പോ തന്നെ ശരീരമാകെ ഒരു വിറയൽ .

എന്തായാലും ഇതിന്റെ പിന്നിലെ സത്യം  ആരുമറിയാതെ കണ്ടു പിടിക്കണമെന്ന് ഞാനുറച്ചു .


പെട്ടെന്ന് വാതിലിനരികെ ഒരു കാൽപ്പെരുമാറ്റം .ഞാൻ കട്ടിലിൽ കിടന്നു കൊണ്ട് തന്നെ പതിയെ തല ഉയർത്തി നോക്കി .


" നോക്കണ്ട .ഞാനാ ."


കുറ്റബോധം ഒളിപ്പിച്ചു വച്ച കണ്ണുകളുമായി അച്ഛൻ  നിൽക്കുന്നു . ഞാൻ പതിയെ കിടക്ക വിട്ടെണീറ്റു .മാപ്പു ചോദിക്കാനുള്ള വരവാണെങ്കിലും അതിനുള്ള മറ്റും ഭാവവും ആ മുഖത്തില്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല . അച്ഛന്റെ മനസ് എനിക്കറിയാവുന്നപോലെ മറ്റാർക്കും അറിയില്ല രാഷ്ട്രീയക്കാർക്ക് ഹൃദയമില്ലന്നു 'അമ്മ പറയുമ്പോഴും ഹൃദയമുള്ള രാഷ്ട്രീയക്കാരുണ്ടെങ്കിൽ അതിന്റെ സംസ്ഥാന പ്രസിഡന്റ് എന്റെ അച്ഛനാണെന്നെനിക്കറിയാം .സ്നേഹം പുറമെ പ്രകടിപ്പിക്കാൻ അച്ഛനറിയില്ല മറ്റേതു വികാരത്തെക്കാളും  അച്ഛനിൽ മുന്നിട്ടു നിൽക്കുന്ന ദാർഷ്ട്യം അതിനനുവദിക്കിലാന്നു മാത്രമല്ല , തികച്ചും അപ്രതീക്ഷിതമായ ഘട്ടങ്ങളിൽ അച്ഛൻ സഹായത്തിനോടി എത്തു കയും ചെയ്യും .എനിക്കും അച്ഛനും ഇടയിൽ കാഴ്ച്ചയിൽ ഒരു വൈകാരികമായ വിടവുണ്ടെങ്കിലും ഉള്ളിന്റെ ഉള്ളിൽ അച്ഛനും ഞാ നും ഒന്നായിരുന്നു .പലപ്പോഴായി അമ്മയുടെ അസന്നിദ്ധ്യത്തിലും അറിവില്ലാതെയും അച്ഛന്റെ സ്നേഹം ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട് .


ബി എസ് സി  മാത്സ്െ  ഉയർന്ന മാർക്കോടെ പാസ്സായെങ്കിലും നാട്ടിലെ പേരുകേട്ട കോളേജിൽ എം എസ് സി ക്കു  അഡ്മിഷന് ചെന്നപ്പോൾ വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപ്പെടു ത്ത പെട്ടു  എന്നറിഞ്ഞ നിമിഷം തന്നെ അച്ഛൻ ഏതൊക്കെയോ വഴിയിലൂടെ എനിക്ക് സീറ്റ് ഉറപ്പാക്കിയ വിവരം ഏകദേശം ഒരു മാസം കഴിഞ്ഞു അച്ഛന്റെ ആത്മ സുഹൃത്ത് ബാലു മാമൻ വഴിയാണ് ഞാൻ അറിയുന്നത് .മകന്റെ പഠന മികവ് കൊണ്ടാണ് അല്ലാതെ നിങ്ങളുടെ രാഷ്ട്രീയ സ്വാധീനം കൊണ്ടല്ല എനിക്കു അഡ്മിഷൻ കിട്ടിയതെന്ന് 'അമ്മ നൂറാവർത്തി  കുറ്റപ്പെടുത്തുമ്പോഴും അച്ഛൻ ആ  സത്യം വെളിപ്പെടുത്തിയില്ലെന്നു മാത്രമല്ല ,മറിച്ചു ഇതേക്കുറിച്ചു ഞാൻ ചോദിച്ചപ്പോൾ നിന്റെ “അമ്മ അറിയണ്ട നിന്റെ മിടുക്കുകൊണ്ടാണെന്നു തന്നെ അവള് വിചാരിച്ചോട്ടെ. നിന്നെ കുറിച്ച് അവൾക്കു ഭയങ്കര അഭിമാനമാ .അത് നീയായിട്ടു കളയണ്ട .എന്നായിരുന്നു മറുപടി . 

അങ്ങനെ  ആർക്കും ഒരിക്കലും പിടികിട്ടാത്ത എന്റെ അച്ഛൻ മടിച്ചു മടിച്ചു എന്റെ അടുക്കലേക്കുവന്നു .

" എന്താ അച്ഛാ മാപ്പു പറയാൻ വല്ല ഉദ്യേശവുമുണ്ടോ ?"


" പോടാ .അതിനെ ഈ പുത്തൻ പുരയിലെ രാമകൃഷ്ണൻ  പിള്ള രണ്ടാമത് ജനിക്കണം .നിനക്ക് സ്വബോധം വീണോന്നറിയാൻ വന്നതാ ."


ഞാൻ പ്രതീക്ഷിച്ച മറുപടി തന്നെ .ഉള്ളിൽ ഊറി വരുന്ന ചിരി അടക്കി പ്പിടിച്ചു കൊണ്ട് ഞാൻ പതിയെ പുറത്തേക്കു പോകാൻ തുടങ്ങിയപ്പോ ചുമലിൽ അച്ഛന്റെ കൈ പതിഞ്ഞു.

" എന്താ അച്ഛാ പറയാനുള്ളത് ?പറഞ്ഞോ ."


"എടാ വേറൊന്നുമല്ല ഈ രാഷ്ട്രീയമെന്നു പറയുന്നത് ഒരു ഞാണിന്മേൽകാ ളി യാണല്ലോ .അപ്പൊ ഈ എതിരാളിയുടെ കാലു വാരിയാണ് ഓരോരുത്തരും മുന്നിലെത്തുന്നത് .ഈ അധികാരമെന്ന് പറയുന്ന ലഹരി തലക്കുപിടിച്ചാപ്പിന്നെ അതീന്നു ആരും വിടില്ല .അതിനു വേണ്ടി ഏതറ്റവും പോകും ആളുകൾ .ഇന്നത്തെ കാലത്തു ഈ സ്ത്രീ വിഷയമാണല്ലോ കൂടുതൽ ഹിറ്റ് ആകുന്നെ .എനിക്കെതിരെ ആണെങ്കിലും വേണ്ടീല പക്ഷെ നീ കൊച്ചു ചെറുക്കൻ ആണ് .ജീവിതം ഒരുപാടുണ്ട് നിന്റെ മുന്നിൽ .ഒരു പേരുദോഷം കേട്ടാൽ പിന്നെ  ഭാവി തന്നെ തുലയും .അതുകൊണ്ടു നിന്റെ അമ്മയോട് പറയണ്ട. ഞാനീ രാഷ്ട്രീയംവിടാൻ തീരുമാനിച്ചു .അടുത്ത എലെക്ഷനിൽ ഞാൻ മത്സരിക്കുന്നില്ല ."


അച്ഛന്റെ വാക്കുകൾ കേട്ട് അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടി .എന്ത് മറുപടി പറയണമെന്നറിയായതെ ഒരു നിമിഷം  ഞാൻ പതറി .

"അല്ല അച്ഛാ ഇതിത്ര ഗൗരവമുള്ള കാര്യമാണോ ? ആരെങ്കിലും അച്ഛനിട്ടു പാര വച്ചതാണെങ്കിൽ അച്ഛൻ ശരിയ്ക്കും അവരുടെ ഉദ്ദേശം നടപ്പിലാക്കി കൊടുക്കുകയല്ലേ ചെയ്യുന്നേ .അത് വേണോ?"


" വേണം .ഒരു രാഷ്ട്രീയക്കാരനെന്ന നിലയിൽ എനിക്ക് അത്യാവശ്യം നില യും വിലയും ഒക്കെ ഉണ്ടിവിടെ .ഈ പണിയില്ലെങ്കിലും ജീവിക്കാനുള്ള ചുറ്റുപാടും ഉണ്ട് .പിന്ന്നെ നിങ്ങൾ രണ്ടുപേരും വളർന്നു വരുകയല്ലേ .ഇത്രേം നേടിയിട്ട് അവസാന നിമിഷം എന്റെ രാഷ്ട്രീയം എന്റെ മക്കൾക്കു പാരയാകരുതല്ലോ .എന്റെ തീരുമാനത്തിന് മാറ്റമില്ല .പിന്നെ നിന്റെ അമ്മേടെ പരാതികളൊക്കെ മാറ്റണം .അവളും കുറെ കഷ്ടപ്പെട്ട് വീട്ടുകാര്യവും നിങ്ങടെ കാര്യവും ഒക്കെ നോക്കി  എന്നെ ഒന്നുമ റിയിക്കാതെ ."


പറഞ്ഞു കഴിഞ്ഞപ്പോ അച്ഛന്റെ കണ്ണ് നിറഞ്ഞോന്നൊരു സംശയം .എന്റെ കണ്ണുകൾ അച്ഛന്റെ മുഖത്തു  തന്നെ തറച്ചു നിന്നെന്നു തോന്നിയതിനാലാകാം പെട്ടെന്ന് മുഖം വെട്ടിച്ചു പുറത്തേക്കു തിരിഞ്ഞു നടന്നു .


പാവം അച്ഛൻ …….നന്നായി വേദനിച്ചുവെന്നു തോന്നുന്നു .എന്തായാലും കത്തിന്റെ ഉത്ഭവം കണ്ടു പിടിക്കണമെന്ന് ഞാനുറച്ചു .


മുറിയിൽ നിന്നും പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോൾ കണ്ടത് കർട്ടന്റെ  പിന്നിൽ നിറകണ്ണുകളോടെ നിൽക്കുന്ന അമ്മയെ ആണ് .എല്ലാം കേട്ടെന്നു  അമ്മയുടെ മുഖത്ത് നിന്നും മനസിലായി .


" എന്താ അമ്മെ ഹാപ്പി ആയില്ലേ .ഇനി ഹണി മൂൺ ആഘോഷിക്കലോ രണ്ടുപേർക്കും ."


" ഒന്ന് പോടാ .എടാ നീ അച്ഛനോടൊന്നു പറയു തീരുമാനം മാറ്റാൻ.അങ്ങേർക്കൊത്തിരി ആഗ്രഹങ്ങളുണ്ട് ."


അമ്മയുടെ സ്വരം അപേക്ഷയായിരുന്നു  .

" അല്ല എനിക്കറിയാൻ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ നിങ്ങളെ പോലെ നി ങ്ങൾ മാത്രേ കാണു .തമ്മിൽ കണ്ടാൽ കീരിയും പാമ്പും .മനസു നിറയെ സ്നേഹവും .'അമ്മ വിഷമിക്കണ്ട എല്ലാം നല്ലതിനാണെന്നു കരുതിയ മതി .ഇനിയെങ്കിലും ഈ തമ്മിൽ തല്ലു നിർത്തിയ മതി ."

ഒരു കുടുംബം എന്ന് പറയുന്നതു ഇങ്ങനെയാണ് എത്ര സ്നേഹവും കരുതലുമാണ് പരസ്പരം ?.മനസു നിറഞ്ഞൊഴുകുന്ന പോലെ തോന്നി .എ ങ്കിലും ഉള്ളിന്റെ ഉള്ളിൽ സന്തോഷത്തെ ചോർത്താനയി പോന്ന ഒരു വലിയ ഗർത്തം കത്തിന്റെ രൂപത്തിൽ മനസ്സിലിങ്ങനെ കിടന്നു .


...................................................................................................................................................

അടുത്ത ദിവസം കോളേജിൽ പോകാനായി തിരക്കിട്ടിറങ്ങിയ ഞാൻ ബൈക്ക് സ്റ്റാർട്ട് ആക്കുന്നിതിനിടെ ഗേറ്റ് കടന്നു വരുന്ന സുഷമയെ കണ്ടു.കോളേജിലേക്ക് പോകാനുള്ള വരവാണ് .എന്റെ കോളജിൽ ഡിഗ്രി തേർഡ് ഇയറിനു പഠിക്കുന്ന സുഷമ  എന്നേക്കാൾ രണ്ടു വയസിനു ഇളയതാണെങ്കിലും എന്റെ  ചെറുപ്പം മുതലുള്ള കളിക്കൂട്ടുകാരിയാണ് ..ബാങ്ക് മാനേജർ ആയ അവളുടെ അച്ഛൻ ബാലു മാമനും  എന്റെ അച്ഛനും സഹപാഠികളും ആത്മാർത്ഥ സുഹൃത്തുക്കളുമായതുകൊണ്ടു തന്നെ ഒരു വീട്ടിലെ അംഗങ്ങളെ  പോലെയാണ് ഞങ്ങൾ .അരകിലോമീറ്റർ ദൂരെയാണ് വീടുകളെങ്കിലും എന്റെ അമ്മയും സുഷമയുടെ അമ്മയും തമ്മിൽ കാണാത്ത ദിവസങ്ങളില്ല . ദിവസത്തിൽ ഒരു തവണയെങ്കിലും എന്റെ വീട്ടിൽ വരാതെ സുഷമയ്‌ക്കു ഉറക്കവും വരില്ല .പ്രണയമൊന്നും തോന്നിയിരുന്നിലെങ്കിലും അവളെ എനിക്ക് ഒരുപാടിഷ്ടമായിരുന്നു . 


"ആഹാ ഇതാര് ? സുഷു …….എന്ത് ഇന്നലെ വരാഞ്ഞേ ?ആദ്യത്തെ സംഭവമാണല്ലോ പതിവ് വിസിറ്റ്  മുടക്കുന്നെ? അതും അവധിയായിരുന്നിട്ടും .എന്ത് പറ്റി ?"


അവളെ ചൊടിപ്പിക്കാനെന്ന വണ്ണം ഒരല്പം പരിഹാസം കലർത്തിയുള്ള എന്റെ  ചോദ്യങ്ങൾക്കു ഈയിടയായി അവൾ ദേഷ്യത്തോടെയാണ് പ്രതികരികാറ് .ആ ദേഷ്യം കാണാനായി അവളെ ചൊടിപ്പിക്കുന്നതു എന്റെ ഇഷ്ടവിനോദമായിരുന്നു .

എന്റെ  ചോദ്യം പാടെ അവഗണിച്ചു കൊണ്ട് എന്നെ തറപ്പിച്ചൊരു നോട്ടം നോക്കിയ ശേഷം അവൾ അതിവേഗം വീടിനുള്ളിലേക്ക് കടന്നു.

എന്റെ അതെ ചോദ്യം തന്നെ അകത്തു അമ്മയും അനിയത്തിയും അച്ഛനും അവളോട്  മാറി മാറി ചോദിക്കുന്ന കേട്ടപ്പോൾ എനിക്ക് ചിരി വന്നു .


പതിവുപോലെ ഞാൻ ബൈക്കിലും സുഷമ ബസിലും കോളേജിലെത്തി .നാട്ടിൻ പുറമല്ലേ നാട്ടുകാർ വല്ലതും പറഞ്ഞുണ്ടാക്കിയാലോ എന്ന കരുതലായിരുന്നു  ഞങളുടെ  ഗതാഗത മാർഗത്തിലുള്ള ഈ വ്യത്യാസം .പക്ഷെ നാട്ടുകാരുടെ വായ് മൂടി കെട്ടാൻ പറ്റില്ലാലോ .

വീട്ടിലെ പണിക്കാരത്തി ഗൗരി അമ്മയുടെ എന്നെ കാണുമ്പോഴൊക്കെ ഉള്ള സ്ഥിരം പല്ലവിയായിരുന്നു " എന്നാ ഗൗരി അമ്മയ്ക്കു ഒരില ചോറ് കിട്ടുന്നെ ?അച്ഛൻ വിചാരിച്ചാൽ സുഷമകുഞ്ഞിൻറേം കുഞ്ഞിൻറേം കല്യാണ സദ്യ ഗൗരി അമ്മയ്ക്ക് ഒന്നിച്ചു ഉണ്ണാം ."


" ഇങ്ങനെ പോയാൽ ഗൗരി അമ്മുമ്മേടെ അടിയന്തരത്തിന്റെ സദ്യ  ഞങ്ങൾ കഴിക്കേണ്ടി വരും ഉടനെ . അച്ഛന്റെ വായിലിരിക്കുന്ന കേക്കാതെ പോയെ അപ്പുറത്തോട്ടു "

അനിയത്തിയുടെ കുറിക്കു കൊള്ളുന്ന മറുപടി കേട്ട് ഊറി ചിരിക്കുന്ന സുഷമയുടെ ഏറുകണ്ണിട്ടുള്ള നോട്ടവും നാണവും ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു .

കോളേജിലെത്തിയിട്ടും എന്നത്തേയും പോലെ സുഷമ എന്റെ മുന്നിൽ അധികം വന്നില്ലാലോ എന്നോർത്ത്  അവളുടെ ക്ലാസ്സിൽ പോയി നോക്കി .ക്ലാസ് റൂമിന്റെ ഒഴിഞ്ഞ കോണിൽ ഒരു ബെഞ്ചിൽ ഒറ്റക്കിരുന്നു എന്തൊക്കൊയോ കുത്തിക്കുറിക്കുന്ന അവളെ കണ്ടപ്പോൾ കുറെ ദിവസങ്ങളായി എന്നോടുള്ള അവളുടെ പെരുമാറ്റവും വീട്ടിലേക്കുള്ള വരവ് പോക്കുകളുടെ എണ്ണം കുറഞ്ഞതും എല്ലാം കൂടെ കൂട്ടി വായിച്ചപ്പോൾ എന്തോ ഒരു പന്തി കേടു മണത്തു .


ഇനി വല്ല പ്രേമത്തിലും കുടുങ്യോ ഈ പെണ്ണ് ? എന്തുപറ്റി ?കുടു കൂടെ ചിരിച്ചും വർത്തമാനം പറഞ്ഞും മണ്ടത്തരങ്ങൾ എഴുന്നളിച്ചും നടക്കുന്ന ഇവൾക്കിതെന്തു പറ്റി ? കോളേജിൽ എന്നെ കുറഞ്ഞത് രണ്ടു തവണയെങ്കിലും കാണാൻ വരാൻ അവൾ ശ്രമിക്കാറുണ്ട് .പലപ്പോഴും കൂട്ടുകാരുടെ കളിയാക്കൽ ഭയന്ന് അവളുമായുള്ള കൂടികാഴ്ച്ച മനപ്പൂർവം ഒഴിവാകുമ്പോഴും  ക്ലാസ്സു കട്ട് ചെയ്തിട്ടാണെങ്കിലും ഞാനെവിടെയുണ്ടോ അവിടെ എന്നെ തിരക്കിപ്പിടിച്ചു വന്നു കണ്ടിട്ടേ അവൾ പോകാറുണ്ടായിരുന്നുള്ളു .അവളെ ഒഴിവാക്കിയതിന്റെ പരിഭവമാകുമോ ഇനി ?എന്തായാലും എന്തോ വിഷമമുണ്ട് .ഒഴിവാക്കുന്നതിന്റെ കാരണം പറഞ്ഞു മനസിലാക്കണം അവളെ. പണ്ടേ പോലെ ചെറിയ കുട്ടികളല്ലലോ .ഇങ്ങനത്തെ ന്യൂസ് കോളേജിൽ പെട്ടെന്ന് പാട്ടാകും .പക്ഷെ ഈ പൊട്ടി പെണ്ണിന്റെ തലയിൽ അതൊന്നും കേറില്ല അതാണ് പ്രശനം .എന്തായലും അവളെ അടുത്ത് വിളിച്ചു കാര്യങ്ങൾ ചോദിക്കണമെന്ന് ഞാനുറച്ചു .


"നീതു .സുഷമേ ഒന്ന് വിളിക്കുമോ ?"


ക്ലാസ്സിലേക്ക് കടക്കാൻ തുടങ്ങ്യ സുഷമയുടെ ഫ്രണ്ട് നീതു എന്റെ ചോദ്യം കേട്ട് ഒന്ന് ഊറി ചിരിച്ചു .ഒപ്പം വ്യംഗ്യാർത്ഥത്തിൽ ഒരു വയ്പ്പും .


"ആ എത്തിയോ? ഇപ്പൊ തന്നെ വിളിക്കാം ട്ടോ ."


ആ ചിരിയിൽ എന്തോ ഒരു പന്തി കേടുള്ളപോലെ എനിക്ക് തോന്നി .അകത്തു ചെന്നു ആ വാല് സുഷമയോട് എന്തോ ഒന്ന് പറഞ്ഞു .ഒന്ന് മടിച്ചിട്ടാണെങ്കിലും സുഷമ പതിയെ എണീറ്റ് പുറത്തേക്കു വന്നു .

" നീ വാ നമുക്ക് ലൈബ്രറിയിൽ പോയിരിക്കാം ."

" ഞാനെങ്ങും വരുന്നില്ല ഇപ്പൊ ക്ലാസ്സുണ്ട് ."

"അയ്യോടി അവളുടെ ഒരു ക്ലാസ് .മര്യാദയ്ക്ക് വന്നോ എന്റെ കൂടെ ."

ഇടഞ്ഞു നിൽക്കുന്ന അവളോട് ഒന്ന് കടുപ്പിച്ചു പറഞ്ഞപ്പോൾ തന്നെ നിശബ്ദയ്യായി, അനുസരണ കുട്ടിയായി അവളെന്റെ പുറകെ വന്നു .

ലൈബ്രറിയാകെ കണ്ണുകൾ കൊണ്ടുഴിഞ്ഞ ശേഷം ഒരു ഒഴിഞ്ഞ കോണിലേക്കു ഞങ്ങൾ മാറിയിരുന്നു .

അവിടിവിടെയായി ചില കണ്ണുകൾ ഞങ്ങളെ ലക്ഷ്യമാക്കി വരുന്നത് ഞാൻ മനപൂർവം അവഗണിച്ചു .സുഷമയുടെ പ്രശനം മനസിലാക്കലായിരുന്നു എന്റെ ലക്ഷ്യം .മാർഗ്ഗമേതായാലും ലക്‌ഷ്യം നന്നായാൽ മതിയല്ലോ .


" ടി………….. സുഷു എന്താടി നിനക്കൊരു ജാട?.കുറേ  ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു ."

എന്റെ നേർക്ക് മുഖം കുനിച്ചിരുന്ന അവൾ ഒന്നും മിണ്ടിയില്ലെന്ന് മാത്രമല്ല ,ഇടയ്ക്കിടെ കണ്ണ് തുടയ്ക്കുകയുമുണ്ടായിരുന്നു .


" കരയാൻ മാത്രം ഇപ്പൊ എന്താ ഉണ്ടായെ .കാര്യം പറ പെണ്ണെ.നിന്നെ ആരെങ്കിലും എന്തേലും പറഞ്ഞോ ?

വീണ്ടും നിശബ്ദത ……..ഒപ്പം കരച്ചിലും കൂടി വന്നു. അതെന്നെ ശരിക്കും ചൊടിപ്പിച്ചു.

" ഡി…………..ചുമ്മ എന്നെ ദേഷ്യം പിടിപ്പിക്കാതെ കാര്യം പറയെടി .ഇല്ലേൽ ഞാനിപ്പോ നിന്റെ അച്ഛനെ വിളിച്ചു പറയും ."

"വേണ്ട വേണ്ട ഞാനെല്ലാം പറയാം ...."


"ആ അങ്ങനെ വഴിക്കു വാ .പറ എന്താ നിന്റെ പ്രശ്നവും ."

ഒരു വിജയീ ഭാവത്തോടെ ഫോൺ പോകെറ്റിലിട്ടുകൊണ്ടു അവളുടെ വാക്കുകൾക്കായി ഞാൻ കർത്തോർത്തു .


അത് പിന്നെ ......ഇന്നലെ അവിടെ  വീട്ടിൽ ഒരു കത്ത് വന്നിരുന്നല്ലോ ?


കത്തെന്നു കേട്ടതും ഞാനൊന്നു പരുങ്ങി .


ഹോ ..അത് നീയറിഞ്ഞോ ?ഈ അമ്മുവിൻറെ ഒരു കാര്യം .അതിനാണോ നീ പിണങ്ങിയെ ? നീയും എന്നെ തെറ്റിദ്ധരിച്ചോ ?ഞാൻ അത്തരക്കാരനാണെന്നു കരുതിയാകും എന്നോട് മിണ്ടാഞ്ഞതു .അല്ലെ ?അതേതോ കശ്മലൻ അച്ഛനോടുള്ള വിരോധത്തിന് അയച്ചതാ ."


"അത് കശ്മലനല്ല  കശ്മലത്തിയ അയച്ചത് ."

ശബ്ദം താഴ്ത്തി തല കുനിച്ചു കൊണ്ടവൾ പറഞ്ഞു .

" കശ്മലത്തിയോ ? അതാരാ ?"


അവളുടെ അടുത്ത വാക്കുകൾക്കായി ഞാൻ കാതോർത്തു .

"പറയില്ല .എഴുതിക്കാണിക്കാം .പറയാൻ നാണക്കേടാ ."


" . ശരി അങ്ങനെയെങ്കിൽ  അങ്ങനെ .പെട്ടന്നാവട്ടെ ."


അവൾ പതിയെ കൈയിലുണ്ടായിരുന്ന ബുക്കെടുത്തു അതിലെന്തോ ഒന്ന് എഴുതി ,പതിയെ മടിച്ചു മടിച്ചു ബുക്ക് എന്റെ നേരെ തിരിച്ചു പിടിച്ചു .


അത് വായിച്ച ഞാൻ ഞെട്ടി പോയി .

'ഞാൻ '


"ഞാനെന്നു വച്ചാ ? നീയോ ?നീ അയച്ചെന്നോ ?എന്തിനു ?"

ഞാൻ അന്തം വിട്ടിരുന്നു പോയി.


അന്തം വിട്ടിരിക്കുന്ന എന്റെ മുഖത്തുപോലും നോക്കാതെ അവൾ കരയാൻ തുടങ്ങി .

" ഹാ സുഷു നീയൊന്നു കരച്ചിൽ നിർത്തു എന്നിട്ടു കാര്യം പറ ."


" പറയാം പക്ഷെ സത്യം ചെയ്യണം എന്നെ ഒന്നും പറയില്ലെന്നും എന്നോട് പിണങ്ങില്ലെന്നും ."


കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീർച്ചാൽ തലങ്ങും വിലങ്ങും തുടച്ചു കൊണ്ട് അവൾ  വ്യവസ്ഥ മുന്നോട്ടു വച്ചു.

കാര്യം അറിയാനുള്ള ജിജ്ഞാസയിൽ ഞാനതങ്ങു സമ്മതിച്ചു .

" ഇല്ല .സത്യം .നീ പറ ."

എന്റെ ശബ്ദം അല്പം ഉയർന്നപ്പോലെ തോന്നി .

" ഈയിടെയായി ഉണ്ണിച്ചേട്ടന് എന്നോടൊരു സ്നേഹവുമില്ല .എപ്പഴും എന്നെ ഒഴിവാക്കുന്നു .എനിക്ക് ഉണ്ണിച്ചേട്ടൻ ഇല്ലാതെ പറ്റില്ല .പിന്നെ അത് മാത്രമല്ല എന്റെ കൂട്ടുകാരികളാണ് വന്നു പറഞ്ഞെ ഉണ്ണി ചേട്ടന്റെ ക്ലാസിലെ അശ്വതിയുമായി ഉണ്ണിച്ചേട്ടന് ഇഷ്ടത്തിലാണെന്നും എപ്പോ നോക്കിയാലും ഒന്നിച്ചിരിക്കലാണെന്നും .ആദ്യമൊന്നും  ഞാൻ വിശ്വസിച്ചില്ല അപ്പൊ ഒരിക്കൽ അവരെന്നെ കാണിച്ചു തന്നു നിങ്ങൾ രണ്ടു പേരും ഒരു ബെഞ്ചിൽ ഇരുന്നു വർത്തമാനം പറയുന്നത് .പിന്നെ എപ്പോ നോക്കിയാലും എന്നെ കളിയാക്കലും പുച്ഛവും .അതും കൂടിആയപ്പോ  എന്റെ കൺട്രോൾ പോയി .എനിക്ക്  ദേഷ്യം സഹിച്ചില്ല .രാമു മാമന്റെ കൈയീന് രണ്ടു കിട്ടട്ടെന്നു വച്ചിട്ടാ  ഞാൻ അങ്ങനൊരു  കത്തയച്ചത്  .എന്നെ കളഞ്ഞിട്ടു വേറെ പെണ്ണിന്റെ കൂടെ പോയതല്ലേ അങ്ങനെ മര്യാദ രാമനാകണ്ടന്ന് കരുതി .പക്ഷെ അതിത്ര വല്യ പ്രശ്നമാകുമെന്നു ഇന്ന് അമ്മു വീട്ടിൽ വന്നപ്പോ പറഞ്ഞപ്പഴാ അറിയുന്നേ ."

ചുമ്മാതല്ല അവളുടെ വാലുകൾ  എന്നെകണ്ടപ്പൊ ആക്കി ചിരിച്ചത് .ഇതവളുമാരുടെ ഐഡിയ ആയിരിക്കും .അല്ലാതെ ഈ മണ്ടിയുടെ തലയിൽ ഇത്തരം വക്രബുദ്ധിയൊന്നും മുളക്കില്ല .


അവളുടെ കുമ്പസാരം കഴിഞ്ഞതും എന്ത് പറയണമെന്നറിയാതെ ഞാൻ ദേഷ്യം കൊണ്ട് വിറച്ചു .


വഴക്കു പറയിലാന്നു വാക്കും കൊടുത്തു .ഇനി അഥവാ വഴക്കു പറഞ്ഞാലും ഈ പൊട്ടി  കാളി ഇരുന്നു മോങ്ങും .പിന്നെ എല്ലാരും അറിയും .അടുത്ത് മേശമേൽ ഇരിക്കുന്ന തടിയൻ ബുക്കെടുത്തു തല ക്കൊരെണ്ണം കൊടുതലൊന്നു വരെ തോന്നിപോയി.അമ്മാതിരി ചെയ്തതല്ലേ ഈ മണ്ട ശിരോമണി ചെയ്തിരിക്കുന്നെ .ഇവള് കാരണം വീട്ടിലെന്തെല്ലാം പ്രശനമുണ്ടായി ? നിന്ന നിൽപ്പിൽ ഞാൻ ബോധം കേട്ട് വരെ വീണു . അച്ഛൻ രാഷ്ട്രീയം ഉപേക്ഷിച്ചു ഗൃഹസ്ഥനായി .ഇതൊന്നും അവളോട്‌ പറഞ്ഞിട്ട് കാര്യമില്ല .സ്വയം നിയന്ത്രിക്കുക തന്നെ .

ഒന്നുമില്ലേലും എന്നോടുള്ള സ്നേഹം കൊണ്ടല്ലേ .മാത്രമല്ല എല്ലാം ഒരു കണക്കിന് നന്നായി.അച്ഛൻ സ്വസ്ഥമായി വീട്ടിലുണ്ട്ഇപ്പോ .പഴയ പ്രശ്നങ്ങളൊന്നും ഇനി അച്ഛനും അമ്മയും തമ്മിൽ ഉണ്ടാകില്ല . കത്തിന്റെ ഉത്ഭവവും അറിഞ്ഞു .


ഞാൻ പതിയെ ചിരിച്ചു കൊണ്ട് അവളുടെ രണ്ടു കൈകളും എന്റെ കൈകൾക്കുള്ളിലാക്കി

" ടി പൊട്ടി .മണ്ടൂസ് . എനിക്ക് നീ കഴിഞ്ഞേ ഉള്ളു ആരും  കേട്ടോ .പിന്നെ ഇമ്മാതിരി കൊനഷ്ട്ടൊക്കെ മാറ്റി വച്ചിട്ട് വേണം നാലഞ്ച് വര്ഷം കഴിഞ്ഞു എന്റെ പെണ്ണുമ്പിള്ളയായി എന്റെ വീട്ടിലേക്കു വരൻ കെട്ടോ . തല്ക്കാലം ഇതാരും അറിയണ്ട . പിന്നെ നിന്നെക്കൊണ്ടു ഈ തോന്നിവാസം കാണിപ്പിച്ച നിന്റെ വാലുൾക്കുള്ള പണി ഞാൻ നാളെ തന്നെ കൊടുത്തോളാം "


ഞാനിതു പറഞ്ഞു കഴിഞ്ഞതും സന്തോഷം കൊണ്ട് അവളുടെ മുഖം വിടർന്നു ,ഞൊടിയിടയ്ക്കുള്ളിൽ അവൾ പഴയ സുഷു ആയി ..കരച്ചില് മാറി കുടു കൂടെ ചിരിയായി .ആ ചിരി കണ്ടപ്പോഴാണ് എന്റെ മനസ് നിറഞ്ഞതു  , സമാധാനമായത് .

........................................................................................................................................................................................................


ഇന്ന് ഞങ്ങളുടെ വിവാഹമായിരുന്നു .എന്റേം പിന്നെ എന്റെ പൊട്ടിപ്പെ ണ് സുഷുവിന്റെയും . ഞങ്ങളാഗ്രഹിച്ചപോലെ വീട്ടുകാരുടെയും നാട്ടുകാരുടെയും അനുഗ്രഹത്തോടെ അദ്ധ്യാപകരായ ഞങ്ങൾ ആർഭാടത്തോടെ വിവാഹിതരായി .എന്റെ അനിയത്തി അമ്മു കുട്ടി ഇപ്പൊ രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായി.എന്റെ 'അമ്മ അവളെ മര്യാദ പഠിപ്പിച്ച പോലെ അവളുടെ കെട്യോനെ മര്യാദ പഠിപ്പിക്കലാണ് അവളുടെ പ്രധാന വിനോദം. 'അമ്മ പഠിപ്പിച്ച കാര്യങ്ങളെല്ലാം അവൾ അവന്റെ മേൽ നിർദയം അപ്ലൈ ചെയ്തു .പാവം എന്റെ  അളിയൻ .


കുടി വയ്പ്പിനായി വീട്ടിലെത്തി അച്ഛന്റെയും അമ്മായുടെയും കാല് തൊട്ടു വന്ദിച്ചതിനു ശേഷം ഞാൻ അച്ഛന്റെ അടുക്കലേക്കു നീങ്ങി നിന്ന് കാതിൽ വര്ഷങ്ങളായി മനസ്സിൽ കത്ത് സൂക്ഷിച്ചിരുന്ന ആ  രഹസ്യ കുടുക്ക പൊട്ടിച്ചു .

" അച്ഛാ ...അന്ന് നമ്മുടെ വീട്ടിൽ ഒരു കത്ത് വന്നത് ഓര്മ ഉണ്ടോ ?.അച്ഛന്റെ രാഷ്ട്രീയ ജീവിതത്തിലെ നിർണായക തീരുമാനം എടുക്കാൻ കാരണമായ കത്ത് ."


"അതെ .ഇപ്പൊ ഓർക്കുന്നു .എന്തിനാടാ അതൊക്കെ ഇപ്പൊ പറയുന്നേ ?"


" കാര്യമുണ്ടച്ഛ .അത് അയച്ച ആളിനെ  ഞാൻ ഇപ്പൊ കാട്ടി തന്നാൽ അച്ഛൻ എന്ത് ചെയ്യും?"

" അതിപ്പോ ഞാൻ കെട്ടിപിടിച്ചൊരു ഉമ്മ കൊടുക്കും .കാരണം രാഷ്ട്രീയം വിട്ടപ്പോ എന്റെ ജീവിതത്തിൽ നിറച്ചും സമാധാനവും സന്തോഷവും മാത്രമായി.അധികാരം തലയ്ക്കു പിടിചു നടന്നപ്പോ കുടുംബ ജീവിതത്തിന്റെ സുഖം അറിയാൻ പറ്റീല .അത് കൊണ്ട് ആ ഊമ കത്തയച്ചവൻ ആരായാലും അവനെ ഞാൻ കെട്ടിപിടിച്ചൊരു ഉമ്മ കൊടുക്കും ."


" അവനല്ല അച്ഛാ അവളാ ."

" അവളോ ? ഏതവള്?"


" ദാ അച്ഛന്റെ തൊട്ടപ്പുറത്തു നിൽക്കുന്ന പെണ്ണ്..എന്റെ ഭാര്യ സുഷു….. കാരണം വിശദമായി പിന്നീട് പറഞ്ഞു തരാം  അച്ഛൻ പണ്ടൊരു ബാലറ്റ് പെട്ടിയുടെ കാര്യം പറഞ്ഞില്ലേ .അതാ ഇത് ...അച്ഛാ സത്യമായും ഈ ബാലറ്റ് പെട്ടിയിൽ  ഞാനിതുവരെ വോട്ടു ചെയ്തിട്ടില്ല കേട്ടോ ."

അത് കേട്ടതും അച്ഛൻ വിശ്വാസം വരാത്ത വിധം അമ്പരന്ന മുഖവുമായി

സുഷുവിനെ നിർന്നിമേഷനായി നോക്കി നിന്നുപോയി.

...................................................................................................................................................................................................

ഞങ്ങളുടെ കല്യാണ വീഡിയോയിലും ഫോട്ടോയിലും ഇപ്പോഴും സുഷുവിനെ നോക്കി വായും പൊളിച്ചു നിൽക്കുന്ന അച്ഛനെ കാണുമ്പോ 'അമ്മ ചോദിക്കും" ഇങ്ങേരെന്തുവാ ഈ കൊച്ചിനെ ഇങ്ങനെ നോക്കുന്നെ? ആദ്യമായിട്ട് കാണും പോലെ?"


അത് കേൾക്കുമ്പോ സുഷു എന്നെ നോക്കി കണ്ണിറുക്കും .അത് കണ്ടു ഞാനും അച്ഛനും ഊറി ഊറി ചിരിക്കും.. 

ലൈക്ക് ചെയ്ത് വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കണേ...

To Top