അയാളുടെ കരവലയത്തിൽ ഒതുങ്ങിയ അവളുടെ കണ്ണുകളിൽ ആ പഴയ പ്രണയം...

Valappottukal



രചന: നിഷ സുരേഷ്കുറുപ്പ്


വീട്ടമ്മ

*******


വിദ്യ അന്നും പതിവു പോലെ അഞ്ചു മണിക്ക്  എഴുന്നേറ്റു . ഗവൺമന്റ് ഉദ്യോഗസ്ഥനായ ഭർത്താവ് മനോജിനും , എഞ്ചിനിയറിംഗിനു പഠിക്കുന്ന മകൻ ആരവിനും ഞായറാഴ്ച ആയതിനാൽ അവധിയാണ്. മകൾ ആവണിക്ക്  ട്യൂഷൻ ഉച്ചവരെയുണ്ട്.  വിദ്യ ഫ്രഷായി അടുക്കളയിലേക്ക് കടന്നു. ഒരിക്കലും ലീവില്ലാത്ത ജോലി വീട്ടമ്മമാർക്കാണല്ലോന്ന് ഓർത്ത് ഓരോ ജോലികളിലേക്ക് കടന്നു. രാവിലത്തേക്ക് ഭർത്താവിന് ഇഡ്ഢലി , സാമ്പാർ മക്കൾക്ക് ചപ്പാത്തി , മുട്ടക്കറി അങ്ങനെ പോകുന്നു നീണ്ട നിരകൾ . തനിക്ക് മാത്രം ഇഷ്ടങ്ങൾ ഉണ്ടോയെന്നവൾ ചിന്തിച്ചില്ല. അതിനിടയിൽ ഒമ്പതാം ക്ലാസുകാരി ആവണി വന്നു .അവൾക്ക് ചായയുമിട്ട് കൊടുത്ത് തിരിഞ്ഞപ്പോൾ മനോജ് ജിമ്മിൽ പോകാൻ ഇറങ്ങി. അവൾ മുറ്റം തൂക്കൽ , ചെടിയ്ക്കു വെള്ളം നനയ്ക്കൽ  അങ്ങനെ നീണ്ടു കിടക്കുന്ന തന്റെ തിരക്കുകളിൽ മുഴുകി. 

       അതൊക്കെ കഴിഞ്ഞ് തുണികൾ വാഷിംഗ് മെഷീനിൽ കഴുകാനുമിട്ട അവൾക്ക് നല്ല നടുവേദന വീണ്ടും തുടങ്ങി. ഇടുപ്പിൽ കൈയ്യും താങ്ങി നിന്ന അവളെ കണ്ട് മനോജ്  


"ബ്രേക്ക്ഫാസ്റ്റ് ആയില്ലേ" എന്ന ചോദ്യവുമായി വന്നു. 

"ഒരു രക്ഷയുമില്ലാത്ത നടുവേദന" എന്നവൾ പറഞ്ഞപ്പോൾ 

"അത് മേലനങ്ങി ജോലിയൊന്നും ചെയ്യാതെ തടി കൂടിയിരുന്നിട്ടാ . നീ കഴിക്കാൻ എന്തെങ്കിലും എടുക്കെന്ന് " പരിഹസിച്ച് മനോജ് കടന്നു പോയി.


 അവളിൽ നിന്ന് ഒരു നിശ്വാസം പുറത്തേക്ക് വന്നു. 

വാഷിംഗ് മെഷീനിൽ ഇട്ടാൽ ചീത്തയാകും എന്നും പറഞ്ഞ് പുറത്തെ കല്ലിൽ കഴുകാനായി ബക്കറ്റിൽ മാറ്റിവെച്ച മനോജിന്റെയും , മകന്റെയും  ഷർട്ടുകളും ,ജീൻസും, മകളുടെ പുറത്തിടുന്ന തുണിയും അവൾ അലക്കുകല്ലിന്റെ അടുത്ത് കൊണ്ടു വെച്ചു. മേലനങ്ങാതെ ഇരുന്നിട്ടാ എന്ന മനോജിന്റെ പരിഹാസം ആ ബക്കറ്റിലേക്ക് നോക്കിയവൾ വെറുതെ ഓർത്തു....

      കഴിക്കാൻ ഇരുന്ന ഓരോരുത്തർക്കും അവരുടേതായ ഇഷ്ടങ്ങൾ കണ്ടറിഞ്ഞ് വിളമ്പുന്ന അവളോട് കഴിക്കുന്നില്ലേന്ന്  ആരും ചോദിച്ചില്ല.

 മകൾ ക്ലാസിനും മകൻ ലാപ്ടോപ്പിനു മുന്നിലും മനോജ് മൊബൈലിലേക്കും കടന്നപ്പോൾ വെയിൽ ഉറക്കും മുൻപ് അവൾ തുണികൾ കഴുകാൻ പോയി. 


നടു നിവർത്തി പൊക്കിയെടുക്കാൻ പറ്റാത്ത ജീൻസിനോടും മറ്റും മല്ലിട്ട് അതെല്ലാം അയകളിൽ വിരിച്ചു. 


വാഷിംഗ് മെഷീനിലെ അലക്കിയ തുണിയും എടുത്ത് അയയിലിട്ടു. തറയും തുടച്ചതിനു ശേഷം 

കഴിക്കാനായി ഇഡ്ഢലിയും സാമ്പാറും ഒരു ഗ്ലാസ് ചായയുമായി ഡൈനിംഗ് ടേബിളിലെ ചെയറിൽ വന്നിരുന്ന് ഒരു കക്ഷണം വായിൽ വയ്ക്കാനും കോളിംഗ് ബെൽ അടിച്ചു. 


ക്ഷേത്രത്തിലെ പിരിവുകാരാണ് അവൾ ജനാല വഴി നോക്കി പറഞ്ഞു കൊണ്ട് സെറ്റിയിൽ ഇരിക്കുന്ന മനോജിനെ നോക്കി. 

ആരെയോ കോൾ വിളിക്കുന്ന അയാൾ അവളെ ദേഷ്യത്തോടെ നോക്കി. 


അവൾ കൈയ് കഴുകി മനോജിന്റെ പേഴ്സിൽ നിന്ന് നൂറ് രൂപയടുത്തു കൊടുത്തു. തിരികെ വന്നപ്പോൾ മനോജ്  ഫോൺ കട്ട് ചെയ്തിരുന്നു. 


എത്ര കൊടുത്തൂന്ന് ചോദിച്ചു. നൂറെന്ന് പറഞ്ഞതും അയാൾ ചൂടായി. 


"നിനക്ക് 50 രൂപ കൊടുത്താൽ പോരെ. പൈസയുണ്ടാക്കുന്ന കഷ്ടപ്പാടൊന്നും അറിയണ്ടല്ലോ. ചുമ്മാ തിന്നും കുടിച്ചും ഇരുന്നാൽ പോരെ ". 

അവൾക്ക് അത് പുത്തരിയല്ലാത്തത് കൊണ്ട് അവൾ ഒന്നും പറയാതെ അകത്തേക്ക് പോയി. 

ആരവ് അത് കേട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു.

" അമ്മയ്ക്ക് എന്ത് സുഖമാണല്ലേ ജോലിക്കും പോകണ്ട ആവശ്യങ്ങൾക്കെല്ലാം അച്ഛന്റെ കൈയ്യിൽ നിന്ന് കാശും വാങ്ങാം. എപ്പോൾ വേണേലും ഉറങ്ങാം ,കഴിക്കാം ".

 മനോജും ചിരിച്ചു. 

 "പെണ്ണുങ്ങളുടെ ഒരു ഭാഗ്യമേ . അയ്യോ അങ്ങനെ പറയാൻ പറ്റില്ല. ജോലിക്കും പോയി വീട്ടുകാര്യങ്ങളും നോക്കുന്ന എത്രയോ കഷ്ടപ്പെടുന്ന പെണ്ണുങ്ങൾ ഉണ്ട്. ജോലിയില്ലാത്ത വീട്ടമ്മമാരുടെ ഒരു ഭാഗ്യമേ "

മനോജ്  തന്നെ ചോദ്യവും ഉത്തരവും പറഞ്ഞു ചിരിച്ചു. തമാശ കേട്ട മട്ടിൽ ആരവും . 

വിദ്യ അപ്പോൾ തണുത്ത് തുടങ്ങിയ ചായ ഒറ്റവലിക്ക് കുടിച്ച് ഇഡ്ഢലി ഇരിക്കാൻ പോലും നേരമില്ലാതെ നിന്നു കഴിക്കുകയായിരുന്നു.

         ഉച്ചക്ക് മീനും ,ചിക്കനും , കപ്പയും എല്ലാം മനോജ് വാങ്ങി വന്നു. മോന് മീൻ ഇഷ്ടമല്ല .മോൾക്ക് ചിക്കനും. മീൻ വെട്ടി കൊണ്ടിരുന്നപ്പോൾ അവൾ ഓർത്തു. അമ്മ വിളിച്ചിരുന്നല്ലോ എന്ന് . 

അത് വൃത്തിയാക്കി വന്നവൾ അമ്മയെ വിളിച്ചു. 

മാമന്റെ മോൾ പ്രസവിച്ചു കിടക്കുകയാണ് അമ്മ ഹോസ്പിറ്റലിൽ പോകുന്നു അവളും കൂടി ചെല്ലാൻ പറഞ്ഞു. നൂല് കെട്ടിന് പോകുമ്പോൾ സ്വർണ്ണം കൊടുക്കാം. ഇപ്പോൾ തുണിയോ പഴങ്ങളോ വാങ്ങി പോകാമെന്ന് അമ്മ പറഞ്ഞു. 


തളർച്ചയോടെ അവൾ മൂളിക്കേട്ടു. 


"എന്താ മോളെ നിനക്ക് സുഖമില്ലെ"യെന്ന ചോദ്യത്തിൽ


" ഒന്നുമില്ല അമ്മേന്ന് "പറഞ്ഞ് ഫോൺ വയ്ക്കുമ്പോൾ അവളുടെ കണ്ണ് അറിയാതെ നിറഞ്ഞു . 

                     വിദ്യ ഉച്ചക്കത്തേക്ക് ചോറും കറികളും തയ്യാറാക്കി  ,പാത്രങ്ങളും കഴുകി ,സ്ലാബും തുടച്ച് ,സിങ്കും വൃത്തിയാക്കി. ആഹാരം മേശപ്പുറത്ത് കൊണ്ട് വെച്ചു. അതിനു ശേഷം മനോജിനോട് മാമന്റെ മോളെ കാണാൻ പോകുന്ന കാര്യം അവതരിപ്പിച്ചു.


 അയാൾ ഉച്ചത്തിൽ അവളോട് ദേഷ്യപ്പെട്ടു. 

"കഴിഞ്ഞ മാസമല്ലേ വല്യമ്മക്ക് സുഖമില്ലെന്ന് പറഞ്ഞു പൈസയും വാങ്ങി പോയത് ചോദിക്കുമ്പോൾ , ചോദിക്കുമ്പോൾ കാശ് ഇവിടെ ആരെങ്കിലും കൊണ്ട് വെച്ചേക്കുന്നോ ?

 കേട്ടാൽ തോന്നുമല്ലോ നിന്റെ അച്ഛൻ ഇവിടെ കെട്ടി വെച്ചേക്കുവാണെന്ന് . ഇപ്പോൾ പോകണ്ട നൂല് കെട്ടിന് വല്ല ഉടുപ്പോ വാങ്ങി പോയാൽ മതി ". 


അന്ന് സ്വർണ്ണം കൊടുക്കണ്ടേയെന്ന് ചോദിക്കാൻ വന്നയവളുടെ തൊണ്ടയിൽ നിന്ന് ശബ്ദം പുറത്തേക്കു വന്നില്ല. 

"അല്ലെങ്കിലും അമ്മക്ക് സ്വന്തക്കാർക്ക് എന്തെങ്കിലും കൊടുക്കാൻ ഉത്സാഹമാണ് " ആരവ് അത് പറഞ്ഞു വിദ്യയെ നോക്കി. 

അവൾക്കു പെട്ടന്ന് ദേഷ്യം വന്നു.

" നീയെന്നെ ഭരിക്കാൻ വരണ്ട ഞാൻ നിന്റെ അമ്മയാണ് അത് മറന്നു സംസാരിച്ചാലുണ്ടല്ലോ ". 

ഉടനെ മനോജ്  കയറിയിടപ്പെട്ടു

" നീ എന്തിനാ അവനോട് 

ചൂടാവുന്നത് അവൻ വലുതായി വരുവല്ലേ അവന് കാര്യങ്ങൾ മനസിലാക്കി സംസാരിക്കാനറിയാം ".


" അതെ അച്ഛാ അമ്മയ്ക്ക് ഈ ഇടയായി കുറച്ച് ദേഷ്യം കൂടുതലാ . ഇന്നാള് എന്റെ കൂട്ടുകാരിയുടെയൊക്കെ അമ്മമാർക്ക് ജോലിയുണ്ട് അമ്മ  മാത്രം വീട്ടമ്മയാണല്ലോന്ന് പറഞ്ഞപ്പോൾ അമ്മ എന്നെ കടിച്ചു കീറാൻ വന്നു " 

 കേട്ട് കൊണ്ട് വന്ന മകൾ  തമാശ പോലെ പറഞ്ഞു. 

"അത്  അസൂയ കൊണ്ടാ മോളെ "


അച്ഛനും മക്കളും ഉറക്കെ ചിരിച്ചു. 


"പ്രസവിക്കാനും ,മുലയൂട്ടാനും , ഉറക്ക മൊഴിഞ്ഞ്  വളർത്താനും  മാത്രമേ അമ്മക്ക് അവകാശമുള്ളൂ മുതിർന്ന് തുടങ്ങിയാൽ അവരച്ഛന്റെ മക്കളാണെന്ന തിരിച്ചറിവോടെ "അവൾ അടുക്കള എന്ന തന്റെ ലോകത്തേക്ക് പോയി....

  ഉച്ചയൂണ് അച്ഛനും മക്കളും ഉപ്പ് കൂടി , എരിവ് കൂടി എന്നിങ്ങനെ നൂറ് കുറ്റങ്ങളും പറഞ്ഞ് പാത്രം വടിച്ചു നക്കി കഴിച്ചു. അത് കഴിഞ്ഞ് വീണ്ടും അവരു അവരുടേതായ ലോകത്തേക്ക് മടങ്ങി. 


വിദ്യ കഴിച്ച പാത്രങ്ങളും കഴുകി എല്ലാം വൃത്തിയാക്കി ഒന്നു നടുനിവർക്കാൻ  കിടന്നപ്പോൾ  മനോജ് മുറിയിലേക്ക് വന്നു.

" നിനക്ക് ഏത് നേരവും ഉറക്കം തന്നെ പകലിങ്ങനെ ഉറങ്ങിയിട്ടാ ചീർത്തു വരുന്നെ . 

"മക്കൾക്കു പുറത്ത് പോണമെന്ന് . നീ വരുന്നില്ലല്ലോ അല്ലെ . അവർക്ക് ഡ്രസ്സും വാങ്ങണം ". 


"അതിന് അമ്മയെ വിളിക്കുന്നത് എന്തിനാണ്  അമ്മക്ക് നല്ല സെലക്ഷനൊന്നും അറിയില്ല. പഴയ മോഡൽ നോക്കി എടുക്കാൻ പറയും ".

 

മകളത് പറഞ്ഞപ്പോൾ മകനും ശരിവെച്ചു.

 നിങ്ങൾ പോയിട്ടു വാ ഞാൻ വരുന്നില്ല. നടുവേദന ഉളളിലെ വിഷമം മറച്ചു വിദ്യ പറഞ്ഞു.

" അത്രയും നേരം കൂടി ഉറങ്ങാമല്ലോ അല്ലേടി "

 തമാശ പറഞ്ഞ് മനോജ് പോകാൻ റെഡിയായി .

അതിനിടയിൽ അയാൾ പറയുന്നുണ്ടായിരുന്നു

" നിനക്ക് വല്ല എക്സർസൈസും ചെയ്തു കൂടെ ഈ തടി കാരണമാ നടുവേദന ,തലവേദന എന്നൊക്കെ പറഞ്ഞ് എന്നും കാശ് കൊണ്ട് കളയുന്നത് .അതെങ്ങനാ  കാശ് വരുന്ന വഴി നീ അറിയുന്നില്ലല്ലോ ". വിദ്യ കണ്ണുകൾ അടച്ചു വെറുതെ കിടന്നു...

 .      . അവരു പോയെങ്കിലും അവൾക്ക് ഉറങ്ങാൻ തോന്നിയില്ല. എഴുന്നേറ്റ് ബാക്കി കാര്യങ്ങൾ നോക്കി.  വിളക്കും കത്തിച്ച് ,രാത്രിത്തേക്ക് ആഹാരവും ഉണ്ടാക്കി വെച്ചു. 

നേരം താമസിക്കുന്നത് കൊണ്ട് മൊബൈലിൽ ഓരോന്ന് നോക്കിയിരുന്നു. മഴ പെയ്തതറിഞ്ഞില്ല. അവരെത്തി. 

വന്നപാടെ മനോജ് അലറി .അയാളുടെ ഒരു ജോഡി ഷൂ പുറത്ത് ഊരിയിട്ടിരുന്നു . അത് മഴയിൽ കുതിർന്നു. അവൾ ഫോണും കൈയ്യിൽ പിടിച്ച് വിറങ്ങലിച്ചു നിന്നു .

"അതെങ്ങനാ എത് നേരും ഈ കുന്ത്രാണ്ടത്തിൽ നോക്കിയല്ലേ ഇരുപ്പ്. പുറത്ത് നടക്കുന്നത് ഒന്നും കാണില്ലല്ലോ "


ഇപ്പോൾ തന്നെ നമ്മൾ തനിച്ചല്ലേ ഗേറ്റ് തുറന്ന് അകത്ത് കയറിയേ നീ വല്ലതും അറിഞ്ഞോ  ". 

"അതിന് അമ്മക്ക് ഫോണിൽ വല്ലതും അറിയാമോ ഇൻസ്റ്റയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യാൻ പോലുമറിയില്ല. എന്നാലും ഏത് നേരവും ഫോണും കൊണ്ട് നടക്കും ". 

മോനും മോളും വലിയ തമാശ പോലെ പറഞ്ഞു ചിരിച്ചു. 

"ഞാൻ എല്ലാ ജോലിയും തീർത്തിട്ടാ ഇതെടുത്തത് ". 

വിദ്യയും വാശിയോടെ പറഞ്ഞു.

" പിന്നെ നിനക്കിവിടെ മല മറിക്കുന്ന ജോലിയല്ലേ  "മനോജിന്റെ വക പരിഹാസം കേട്ടയവൾ പിന്നെയും നിശബ്ദയായി ....

        മക്കൾ അവരു കൊണ്ടു വന്ന ഡ്രസൊക്കെ ഇട്ടു നോക്കുന്ന തിരക്കിലായിരുന്നു. മനോജും പുറത്തിടാൻ പുതിയത് വാങ്ങിയിരുന്നു എന്നിട്ട് അവൾക്കായി രണ്ട് നൈറ്റി നീട്ടി.

"

 രണ്ട് മാസം മുൻപ് നിനക്ക് വാങ്ങിയിരുന്നല്ലോ. ഇതാ നീ പുറത്തൊന്നും പോണില്ലല്ലോ വീട്ടിൽ ഇടാൻ ഇത് മതിയല്ലോ നൈറ്റിക്കൊക്കെ എന്താ വിലയാ " . 

അവൾ ഇപ്പോൾ അല്ലെങ്കിലും തിരിച്ചൊന്നും പറയാൻ പോവില്ല. പറഞ്ഞിട്ടും കാര്യമില്ലെന്നവൾക്കറിയാം. അത് കഴിഞ്ഞ് കഴിക്കാൻ വിളിച്ചപ്പോൾ മക്കൾക്ക് പുറത്ത് നിന്ന് കഴിച്ചത് കൊണ്ട് ഒന്നും വേണ്ടായെന്ന് പറഞ്ഞ് ഉറങ്ങാൻ പോയി. 


മനോജ് കഴിച്ചു അതിനു ശേഷം അയാളും കിടന്നു. അവൾ കഴിച്ചു ബാക്കി പാത്രങ്ങളും കഴുകി അടുക്കളയും വൃത്തിയാക്കി പിറ്റേന്നത്തേക്ക് ആട്ടി വെച്ചേക്കുന്ന അപ്പം മാവിനെ ഒന്നു കൂടി അടച്ച് നേരെയാക്കി രാവിലത്തേക്ക് കടലയും വെള്ളത്തിലിട്ട്  വാതിലും പൂട്ടി റൂമിലേക്ക് പോയി...

           ഒന്നു കൂടി മേലും കഴുകി പ്രാർത്ഥിച്ചു കിടന്നയവളെ മനോജിന്റെ കരങ്ങൾ പുണർന്നു. അയാൾ അവളിലേക്ക് പടർന്നു കയറി. അവളുടെ അനുവാദമോ താല്പര്യങ്ങളോ ചോദിക്കാതെ , സ്നേഹത്തോടെ സംസാരിക്കാതെ അയാൾ അവളെ പ്രാപിച്ചു സംതൃപ്തിയടഞ്ഞു. തനിക്ക്  മാത്രം സുഖം കിട്ടി കഴിഞ്ഞ് ഒന്നു കെട്ടിപ്പിടിച്ച് കിടക്കാനോ , ഉമ്മ വയ്ക്കാനോ  പോലും മെനക്കെടാതെ അയാൾ തിരിഞ്ഞു കിടന്ന്  ഉറക്കവുമായി.  ഒലിച്ചിറങ്ങിയ കണ്ണുനീരിനെ തുടക്കാൻ പോലും മറന്ന്  സ്വപ്നങ്ങൾ നഷ്ടപ്പെട്ട  ,സ്വന്തം ഇഷ്ടങ്ങൾ മറന്ന വിദ്യയെന്നയവൾ  എപ്പോഴോ ഉറക്കത്തിലേക്ക് ആഴ്ന്നു. വീണ്ടും അലാറം പുലർച്ചെ അവൾക്കായി അടിച്ചു ..... പതിവു പോലെ ഓരോ ദിവസങ്ങൾ അവഗണനയും  കണ്ണീരുമായി കടന്നു പോയി.

     മനോജിന് ഒരു സഹോദരിയാണുള്ളത് മാലതി. വിദേശത്ത് ഭർത്താവുമൊത്ത് കഴിയുന്നു. അച്ഛനും അമ്മയും മരിച്ച ശേഷം നാട്ടിലേയ്ക്കു വരുന്നത് കുറവാണ് .ഇടയ്ക്ക് നാട്ടിൽ വന്നാലും ഭർത്താവിൻ്റെ സ്ഥലത്തായിരിക്കും കൂടുതൽ സമയവും  സഹോദരി ചെലവിടുന്നത്. സഹോദരിക്ക് ഒരു മകൾ ആണു ഉള്ളത് നീരജ . മാലതിയും നീരജയും ഇത്തവണ അമ്മയുടെ ശ്രാദ്ധത്തിനു വന്നിട്ട് മനോജിൻ്റെ വീട്ടിൽ തങ്ങാൻ തീരുമാനിച്ചു . കുറച്ചു ദിവസം നിന്നിട്ടേ പോകൂവെന്നും കൂടെ വന്ന് നില്ക്കുന്നില്ല എന്ന പരാതി തീർന്നല്ലോന്നും പറഞ്ഞ് മാലതി ചിരിച്ചു. 

 നീരജ വിദേശത്ത് തന്നെ ഒരു കമ്പനിയിൽ ആണ് ജോലി ചെയ്യുന്നത് . നീരജ വന്നപ്പോൾ മുതൽ വിദ്യയെയും കുടുബത്തിലുള്ള മറ്റുള്ളവരെയും ശ്രദ്ധിക്കുന്നുണ്ട്  . എന്തിനും ഏതിനും എല്ലാവരും അവളെ പരിഹസിക്കുന്നതും കുറ്റപ്പെടുത്തുന്നതും കണ്ട് വിദ്യയോട് നീരജ ചോദിച്ചു

" അമ്മായി എന്താ എല്ലാവരും പറയുന്നത് കേട്ടോണ്ട് നില്ക്കുന്നത് മക്കളായാലും ഭർത്താവായാലും നമ്മളെ തട്ടിക്കളിക്കാൻ അനുവദിക്കരുത്  "


"അത് അവർക്ക് ദേഷ്യവും സങ്കടവുമൊക്കെ എന്നോടല്ലേ തീർക്കാൻ പറ്റൂ മോളെ ഞാനല്ലേ ഒരു ജോലിയുമില്ലാതെ വീട്ടിലിരിക്കുന്നത് എന്നോടുള്ള സ്നേഹവും സ്വാതന്ത്ര്യവും കൊണ്ടല്ലേ"


പൊട്ടക്കിണറ്റിലെ തവളയെ പോലെ ആവല്ലേ അമ്മായി സ്നേഹവും സ്വാതന്ത്ര്യവുമിതല്ല . ഇത് അവർക്കറിയാം എന്ത് ചെയ്താലും തിരിച്ച് ഒന്നും പറയാൻ പോണില്ലന്ന് . എത്ര വേണേലും ചവിട്ടി താഴ്ത്താന്ന് അത്രയും പറഞ്ഞ് നീരജ അവിടുന്ന് റൂമിലേക്ക് പോയി വിദ്യ ഒന്നു നെടുവീർപ്പിട്ടു  വീണ്ടും ജോലികളിലേക്ക് മടങ്ങി.

       വിദ്യയുടെ അമ്മ വീണു കാലിനു പൊട്ടൽ ഉണ്ടെന്നു ഫോൺ വന്നു. നടക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ടെങ്കിലും വലിയ പ്രശ്നമില്ല ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയെന്നും അറിയിച്ചു. എല്ലാവരും കൂടി ആഹാരം കഴിച്ചു കൊണ്ടിരുന്നപ്പോൾ വിദ്യ അവർക്ക് വേണ്ടതൊക്കെ വിളമ്പി കൊടുത്തു നില്ക്കുന്നതിനിടയിൽ അമ്മയെ  കാണാൻ പോകാൻ അനുവാദം ചോദിച്ചപ്പോൾ മനോജ് ചൂടായി. 

"വലിയ പ്രശ്നമില്ല ഓടി പിടച്ച് വരണ്ടെന്ന് അമ്മ തന്നെ പറഞ്ഞു പിന്നെ നീ എന്തിനാ ധൃതിപ്പെടുന്നത്"


"അമ്മ അങ്ങനെ പറഞ്ഞാലും പോയി രണ്ട് ദിവസം നില്ക്കേണ്ടത് തൻ്റെ കടമയല്ലേ"  

അറിയാതെ അവളിൽ നിന്ന് ഗദ്ഗദം പുറത്ത് ചാടി.

എന്തായാലും ഇപ്പോൾ അത്യാവശ്യപ്പെട്ടു പോകണ്ട നാളെയോ മറ്റോ ഒന്നു പോയി കണ്ടിട്ട് വന്നാൽ മതി . 

"ഒന്നാമത് ഇവിടെ ചേച്ചിയും മകളും ഉണ്ട് എന്തെല്ലാം കാര്യങ്ങൾ വീട്ടിൽ നോക്കാൻ കിടക്കുന്നു അവിടെ അമ്മയുടെ അടുത്ത് നിൻ്റെ നാത്തൂനും തൊട്ടടുത്ത് അനിയത്തിയുമില്ലേ എന്തെങ്കിലും കാരണം കിട്ടാൻ കാത്തിരിക്കുവാണല്ലേ കറങ്ങി നടക്കാൻ  "

അമർഷത്തോടെ മനോജ്  പറഞ്ഞു നിർത്തിയതും


"മതി നിർത്ത് കുറേ നേരമായല്ലോ അമ്മാവൻ കിടന്നു ചാടുന്നു നീരജയുടെ

ഉച്ചത്തിലുള്ള ശബ്ദം കേട്ടു എല്ലാവരും ഞെട്ടി അവളെ നോക്കി.

അമ്മായി സ്വന്തം അമ്മയെ കാണാൻ പോട്ടോന്നാണ് ചോദിച്ചത് സ്വന്തം വീട്ടിൽ പോണൂന്ന് പറഞ്ഞ് നിങ്ങളുടെ ഔദാര്യത്തിന് നില്ക്കാതെ പോകാവുന്നതേയുള്ളു ആരും ആരുടെയും അടിമയൊന്നും അല്ലല്ലോ

എന്ത് പറഞ്ഞാലും പറയുമല്ലോ അമ്മായി വീട്ടമ്മയല്ലേ പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലല്ലോന്ന് വീട്ടു ജോലിക്ക് എന്താ കഷ്ടപ്പാടില്ലേ പിന്നെ ആവണിയോടും , ആരവിനോടുമായി പറഞ്ഞു നിങ്ങളുടെ അമ്മക്കും പഠിത്തവും ജോലിയും പാടാനുള്ള കഴിവും എല്ലാം ഉണ്ടായിരുന്നതാണ്. ആരവ് ജനിച്ച സമയത്ത് നിനക്ക് എന്നും ശ്വാസംമുട്ടിൻ്റെയും മറ്റും അസുഖവും പിന്നെ നമ്മുടെ മുത്തശ്ശിക്ക് സുഖമില്ലത്ത അവസ്ഥയുമായിരുന്നു വീട്ടിലെ കാര്യങ്ങളും അമ്മയെ നോക്കലും കുഞ്ഞിനെ നോക്കലും എല്ലാം കൂട്ടി പറ്റാഞ്ഞിട്ട തല്ക്കാലം ജോലി വേണ്ടന്ന് വെച്ചതാണ്. പിന്നെ അതങ്ങ് എന്നെന്നേക്കുമായി നിലച്ചു. നിങ്ങളുടെ അച്ഛൻ കൂടെ എല്ലാത്തിനും സഹായത്തിനായി നിന്നിരുന്നെങ്കിൽ അച്ഛനെ പോലെ അമ്മയും നല്ല പൊസിഷനിൽ എത്തിയേനെ . അപ്പോൾ അമ്മയെ കുറിച്ച് നിങ്ങൾക്കും പറയാൻ അഭിമാനം ഉണ്ടായേനെ " .  മക്കൾ രണ്ട് പേരും വിദ്യയുടെ മുഖത്ത് നോക്കി പിന്നെ മുഖം കുനിച്ച് കഴിച്ചു കൊണ്ടിരുന്ന ചോറിലേക്ക് നോക്കിയിരുന്നു.

നീരജ നിർത്താൻ ഒരുക്കമല്ലായിരുന്നു . 

"പൈസയുടെ കണക്ക് ഇടയ്ക്കിടക്ക് പറയുന്നുണ്ടല്ലോ . അമ്മായി സ്വർണ്ണമായും വസ്തുവായും പൈസയായും കുറേ ഇങ്ങോട് കൊണ്ടു വന്നില്ലേ വീടു വയ്ക്കാനും വസ്തു വാങ്ങാനും എല്ലാം അമ്മായിയുടെ മുതലു തന്നെയല്ലെ എടുത്തത് .എന്നിട്ട് എന്തെങ്കിലും ചോദിച്ചാൽ കണക്കും കളിയാക്കലും . മരിച്ച് ഇത്രയും വർഷമായ അമ്മക്കും അച്ഛനും ശ്രാദ്ധമെന്നും മറ്റും പറഞ്ഞ അമ്മാവനും അമ്മയുമൊക്കെ ഇപ്പോഴും മുടക്കം വരുത്തുന്നില്ലല്ലോ. അമ്മായിക്ക് സ്വന്തം അമ്മയുടെ അടുത്ത് പോകാൻ അവകാശം ഇല്ലേ?"

അവളുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടി മനോജ് നിശബ്ദനായി

 ഇരുന്നു .


മാലതി അഭിമാനത്തോടെ നീരജയെ നോക്കി പിന്നെ വിദ്യയോടായി പറഞ്ഞു 

"ഇത് പഴയ കാലമൊന്നും അല്ല എല്ലായിടത്തും സ്ത്രീകൾക്കും തുല്യ അവകാശമാണ്. സ്വന്തം വീട്ടിലെങ്കിലും അഭിപ്രായം തുറന്ന് പറയാൻ ശീലിക്കണം. ഭർത്താവ് ഭരിക്കേണ്ടവനല്ല പങ്കാളിയാണ്. മക്കൾ അമ്മയെ താഴ്ത്തി സംസാരിക്കുമ്പോൾ അവരെ നിലക്ക് നിർത്തണം. വീട്ടുജോലി ഇഷ്ടത്തോടെ ചെയ്യുന്നതിൽ തെറ്റില്ല പക്ഷെ ഒരു വിലയും തരാത്തിടത്ത് തനിച്ച് കഷ്ടപ്പെടേണ്ട കാര്യമില്ല എല്ലാം എല്ലാരും കൂടി പങ്കിട്ട് ചെയ്യട്ടെ അപ്പോൾ മനസിലാകും അതിൻ്റെ ബുദ്ധിമുട്ട്. ചെറിയ എന്തെങ്കിലും ജോലിക്ക് പോകാൻ നോക്കൂ " ...


മാലതി എഴുന്നേറ്റ് വന്ന് വിദ്യയെ ചുമലിൽ കൈയ്യിട്ട് ചേർത്തു നിർത്തി.


"വീട്ടിൽ പോയി അമ്മയെ കണ്ട് കുറച്ച് ദിവസം നിന്നിട്ട് വരണം ഇവിടെ ഞങ്ങൾ എല്ലാം ഉണ്ടല്ലോ കുട്ടികൾ ചെറിയ കുഞ്ഞുങ്ങൾ അല്ല തനിയെ കാര്യങ്ങൾ നോക്കട്ടെ... ഈ ലോകത്ത് ജീവിക്കാനുള്ള അവകാശം എല്ലാവർക്കും ഒരു പോലെയാണ് " . 

വിദ്യ ഒഴുകി വന്ന കണ്ണുനീരിനെ തുടച്ചു. തലയുയർത്തി നിന്നു .. 


"ഞാൻ വീട്ടിൽ പോയിട്ടു വരാം "


 ദൃഡനിശ്ചയത്തോടെ അവളതു പറഞ്ഞ് അകത്തേക്ക് നടന്നപ്പോൾ എല്ലാവരും അവളെ നോക്കിയിരുന്നു....

       പോകാനായി വസ്ത്രങ്ങൾ ബാഗിലാക്കി കൊണ്ടിരുന്ന അവൾക്കരുകിലേക്ക് മക്കൾ ഇരുവരും വന്നു അവളെ നോക്കി നിന്ന മക്കളെ കൊച്ചു കുഞ്ഞുങ്ങളെ പോലെ ഇരുവശവും അണച്ചു പിടിച്ചു. അമ്മാ ഞങ്ങൾ അമ്മയെ വേദനിപ്പിച്ചു ഒരേ ശബ്ദത്തിൽ അവരതു പറഞ്ഞു കരഞ്ഞപ്പോൾ എൻ്റെ മക്കളല്ലേ അമ്മക്ക് വിഷമമൊന്നും ആയില്ലന്ന് പറഞ്ഞവൾ മക്കൾക്ക് മുത്തം നല്കി. മനോജ് നിറഞ്ഞെ കണ്ണുകളാൽ അത് കണ്ട് നില്ക്കുന്നുണ്ടായിരുന്നു . അയാളുടെ മുന്നിൽ പഴയ ചിത്രങ്ങൾ തെളിഞ്ഞു വന്നു. പ്രണയം മാത്രം നിറഞ്ഞ അവരുടെ ആദ്യകാലത്ത് പ്രസരിപ്പോടെ ,കുസൃതിയോടെ മാത്രം കണ്ടിരുന്ന വിദ്യയെ അയാൾ ഓർത്തു . പിന്നെ പിന്നെ തൻ്റേതെന്ന അവകാശത്തിൽ ഭരിക്കുകയാണ് ചെയ്തത്. ചിരിയും ,തമാശയും കണ്ണുകളിൽ നിറഞ്ഞ് നിന്ന പ്രണയവും എല്ലാം നഷ്ടപ്പെട്ട് കരയാൻ മാത്രം കഴിയുന്നവളായി താൻ അവളെ മാറ്റിയെന്നു പറയുന്നതാകും ശരി.


 അയാൾ അവളുടെ അടുത്തേക്ക് ചെന്നു അവളെ മുറുകെ കെട്ടിപ്പിടിച്ചു പതിയെ വിദ്യേ  എന്ന് പഴയ അതേ സ്നേഹത്തിൽ നീട്ടി വിളിച്ചു. 


പുഞ്ചിരിയോടെ അയാളുടെ കരവലയത്തിൽ ഒതുങ്ങിയ അവളുടെ കണ്ണുകളിൽ ആ പഴയ പ്രണയം അയാൾക്ക് കാണാൻ കഴിഞ്ഞു.....

To Top