കല്യാണചെക്കൻ മുഹൂർത്തത്തിനു മുന്നേ മറ്റൊരുത്തിയുമായി ഒളിച്ചോടിപോകുന്നു...

Valappottukal



രചന : Akhila Raveendran


ചൊവ്വാദോഷക്കാരനെ പ്രണയിച്ചവൾ...


മാളു നാളെ ഒരു ഭാര്യയാവുകയാണ് . മറ്റൊരു പുരുഷന്റെ എന്ന് മാത്രം !


 ഇത്രേം കാലം  മാളു തന്റെതെന്നു വിശ്വസിച്ചു ..അല്ല വിശ്വസിപ്പിച്ചു കൊണ്ട്നടക്കുകയായിരുന്നു മനസ്സിൽ . 

ചിലപ്പോൾ അങ്ങനെയാണ് ജീവിതം,, പ്രതീക്ഷയോളം എത്തില്ല .


"നീ കുന്തം വിഴുങ്ങിയ പോലെ നിക്കാണ്ട്  ആ ഇല തുടച്ചുവെക്ക് മഹി .. "


ശരിയാണ് ഇനി അതൊക്കെ ആലോചിച്ചുനിന്നിട്ടെന്തിനാ .


എല്ലാരും ഓട്ടത്തിലാണ് . വല്യമ്മാവനാണ് പാചകക്കാരുടെ മേൽനോട്ടം .


മുറ്റത്ത്‌ നിന്നും പാട്ടിന്റെ ബഹളം കേൾക്കാം .. മാളു കൂട്ടുകാരുടെ കൂടെ നൃത്തം ചെയ്യുകയാവണം .


"മഹീ .. നാളെ മാളൂനു ചൂടാനുള്ള പൂവ് നീയല്ലേ ഏർപ്പാടാക്കിയെ , അത് മറക്കാതെ പോയി വാങ്ങണം രാവിലെ .."


ജനലിൽ കൂടെ രേണുവമ്മായി വിളിച്ചു പറഞ്ഞു .


"ഉവ്വ് , ഞാൻ എത്തിച്ചോളാം "


ഒരു ഗദ്ഗദം അവന്റെ തൊണ്ടയിൽ കുടുങ്ങി .


തുറന്നു പറഞ്ഞില്ലെങ്കിലും മഹിക്ക്  മാളൂന്ന് വച്ചാൽ ജീവനായിരുന്നു .


 അവധിക്കാലങ്ങളിൽ അച്ഛനോട് വാശി പിടിച്ച് അമ്മാവന്റെ വീട്ടിൽ താമസത്തിനു പോരുമ്പോൾ 'മാളു' എന്ന ഒരൊറ്റ ചിന്ത മാത്രമേ അവന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളു .


 കളിക്കിടയിൽ മാളുവിന്റെ കയ്യോ കാലോ മുറിഞ്ഞാൽ പിന്നേ സ്വയം വൈദ്യൻ ചമഞ്ഞു  അവളെ ശുശ്രുഷിച്ചും അവളോട്‌ വഴക്കിടാൻ വരുന്നവരെ ഓടിച്ചുവിട്ടും മഹി അന്നേ  മാളുവിന്റെമേൽ ഒരു സ്നേഹത്തിന്റെ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചിരുന്നു.


മാളുവിന്റെ മനസ്സിൽ താനല്ലാതെ മറ്റൊരാൾ വന്നുകയറാൻ അവൻ  ആഗ്രഹിച്ചിരുന്നില്ല . 

ഒളിച്ചും പാത്തും അവൻ അവളെ പിന്തുടർന്ന്കൊണ്ടേയിരുന്നു .


മാളുവിന് പതിനെട്ടു തികയുന്ന അന്നാണ് മഹിക്ക്  ഗൾഫിൽ പോവേണ്ടി വന്നത് . 


"മാളു .."


അവൻ മാളുവിന്റെ മുറിയുടെ വാതിൽക്കൽവരെ വന്നുനിന്നു . 


മാളു ഒരു വെളുത്ത തൂവാലയിൽ എന്തോ തുന്നിപ്പിടിപ്പിക്കുകയാണ് 


"ഉണ്ണിയേട്ടാ ...


ഏട്ടൻ പോകുവായോ ? "


അവൾ എഴുന്നേറ്റു .


"മ്മ് .." 

"പക്ഷെ  എനിക്ക് പോകാൻ  തോന്നുന്നില്ല  ..."


മഹിയുടെ വാക്കുകളിൽ സങ്കടം തങ്ങി .


"അതെന്താ ... ജോലി വേണം ..വീട് വെക്കണം .. എന്നൊക്കെ പറഞ്ഞിട്ട്.."


"അതൊക്കെ മനസ്സിൽ ഉണ്ട് .. 

പക്ഷെ എന്നെ എന്തോ ഒന്ന് ഇവിടെ പിടിച്ച് നിർത്തുന്ന പോലെ മാളു ..."


ഇഷ്ടം പറയാനുള്ള വെമ്പൽ കൊണ്ട് അവന്റെ വാക്കുകൾ ഇടറി ..മാളുവിന്റെ കണ്ണുകളിലേക്കു നോക്കി മഹി ഒരു നിമിഷം നിന്നു .


"ഈ ഏട്ടന് എന്താ പറ്റിയത് .."


മാളു അവന്റെ  കയ്യിൽ പിടിച്ച് വലിച്ചുകൊണ്ട് അടുക്കളയിലേക്കു നടന്നു ..


 "ഞങ്ങളെയൊക്കെ വിട്ട് പോവുന്നേന്റെ സങ്കടാ ഉണ്ണിയേട്ടന്..!! "


 പിന്നെയും അവൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു .. 

തന്റെ കൈത്തണ്ടയിൽ മുറുകെ പിടിച്ചിരിക്കുന്ന കുപ്പിവളയിട്ട കൈകളിൽ നോക്കി അവൾക്കു പിന്നാലെ ഒരു യന്ത്രം കണക്കെ അവൻ  നടന്നു . 


മാളുവിനെ ഒന്നു വാരിപ്പുണരണമെന്നു തോന്നി മഹിക്ക് !

പക്ഷെ കഴിഞ്ഞില്ല .. എന്തോ ഒരു ഭയം .

 

അവളെ ഒരു സ്പർശം കൊണ്ട്പോലും കളങ്കപ്പെടുത്തരുത് .. ഒരിക്കൽ തന്റേതാകുന്ന നിമിഷം വരെ . 


അവൻ കണ്ണുകൾ ഇറുക്കിയടച്ചു .


അന്ന് പിറന്നാൾ പായസവും കുടിച്ചു അവിടെനിന്നുമിറങ്ങുമ്പോൾ പടിക്കൽ വരെ അമ്മാവൻ  കൂടെ വന്നു .


 അമ്മാവന്റെ കണ്ണിൽ പെടാതെ മുകളിലെ മാളുവിന്റെ മുറിയിലേക്ക്  അവനൊന്നു പാളി നോക്കി.


 ഇല്ല ..മാളു ഇല്ല അവിടെ ..


 നിരാശനായി അവൻ നടന്നു . അമ്മാവന്റെ ഉപദേശങ്ങൾക്ക് മൂളി മൂളി ഉത്തരം പറഞ്ഞു .


മാളുവിനെ തനിക്കു വേണ്ടി കാത്തുവെക്കണം എന്ന് പറയാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു എങ്കിലും അമ്മാവന്റെ കൊമ്പൻ മീശയോടുള്ള പേടിയും , പരുക്കൻ ശബ്ദം കേൾക്കുമ്പോഴുള്ള വിറയലും എല്ലാറ്റിനുമുപരി ഒരു ഇരുപത്തിമൂന്നുകാരന്റെ നിസ്സഹായതയും അവനെ അതിൽ നിന്നൊക്കെ പിന്തിരിപ്പിച്ചു .


****    *****    *****    ******  ******


മൂന്നു വർഷങ്ങൾ ...എത്ര വേഗമാണ് കടന്നു പോയത് .. പുതിയ വീടായി , ടൗണിൽ പത്തു സെന്റ് ഭൂമി വാങ്ങി , അച്ഛനു സ്വന്തമായി ഒരു തയ്യൽ കടയിട്ടു . 


അങ്ങനെ ഒരായിരം മോഹങ്ങളും മനസ്സിൽ മാളുവിന്റെ രൂപവും പേറി അയാൾ നാട്ടിലേക്കുള്ള വിമാനം കയറി .


ഫോൺ വിളിച്ചപ്പോൾ ആകെ രണ്ടു തവണയാണ് മാളു സംസാരിച്ചത് . എപ്പോ ചോദിച്ചാലും അവൾ ഒന്നുകിൽ പഠിക്കുകയോ അല്ലെങ്കിൽ അമ്പലത്തിൽ പോയേക്കുകയോ ആയിരിക്കും .

അവളെ ഒന്നു നേരിൽ നേരിൽ കാണാൻ അയാളുടെ മനസു വെമ്പി . ഇപ്പോൾ എങ്ങനെയിരിക്കും ..കാണാൻ ഒത്തിരി  വലിയ പെണ്ണായിട്ടുണ്ടാവില്ലേ,,??!!  


വീട്ടിൽ എത്തിയിട്ടും മഹിക്ക് നിൽപ്പുറച്ചിരുന്നില്ല .


"അമ്മേ .. ഞാൻ വല്യമ്മാവന്റെ വീട് വരെ പോയിട്ട് വരാം .. കുറച്ച് സാധനം അവിടെ ഏല്പിക്കാനുണ്ട് .."


"ആഹ് .. അതു നന്നായി .. പോകുമ്പോ മാളുന് എന്തേലും കാര്യമായി കൊടുത്തോളു നീ , അവളുടെ കല്യാണം ഏതാണ്ട് ഉറപ്പിക്കുവാ ഏട്ടൻ .." 


ഏറെ സന്തോഷത്തോടെയാണ് അമ്മ അതു പറഞ്ഞതെങ്കിലും ഒരു നടുക്കത്തോടെയാണ് മഹി അതു കേട്ടത് .


"അമ്മ എന്താ പറയുന്നേ .. കല്യാണമോ .. മാളുവിന് .."


"എന്തേടാ .. അവൾക്ക് 21 തികഞ്ഞില്ലേ.. !!  


ഇന്നലെയാ ഏട്ടൻ എന്നോട് കാര്യം പറഞ്ഞെ .

 നീ വന്നിട്ട് നിന്നെ അങ്ങോടു അയക്കാനും പറഞ്ഞു . 

നീ ഉള്ളത് അവർക്കൊരു ആശ്വാസമാവും , 

ഏട്ടനെ പോലെ അല്ലേ അവൾക്ക് നീ .."


അയാൾ തളർന്നു കസേരയിൽ ഇരുന്നു .


""" ഇഷ്ടപ്പെട്ടു കെട്ടുന്നതാന്നു ഒരു സംസാരമുണ്ട് .. നമ്മടെ ദേവീടെ അമ്പലത്തിന്റെ പടിഞ്ഞാറുള്ള ആ വലിയ വീടറിയോ ഉണ്ണിക്ക് .. പഴയ പോലീസുകാരനാ അവിടത്തെ, അയാളുടെ മോൻ , വിഷ്ണുന്നോ മറ്റൊ ആണ് ചെക്കന്റെ പേര് . ബിസ്സിനെസ്സാണ്  ചെക്കന് ! ""


മാളുവിന്റെ മുന്നിൽ ചെല്ലുമ്പോൾ രോഷവും സങ്കടവുംകൊണ്ട് മനസ് നീറുകയായിരുന്നു . 

എന്തിനു നീ എന്നെ മോഹിപ്പിച്ചു , എന്തിനെന്നെ തള്ളിക്കളഞ്ഞു .. അങ്ങനെ ആയിരം ചോദ്യങ്ങൾ മനസ്സിൽ ഉണ്ടായിരുന്നു .


പക്ഷെ ഒരക്ഷരം പോലും പുറത്തു വന്നില്ല . മാളുവും കൂട്ടുകാരിയും തമാശകൾ പറഞ്ഞു പൊട്ടിച്ചിരിക്കുകയാണ് .. 


"മാളു .. "


"" യ്യോ ഉണ്ണിയേട്ടൻ .. ഇതെപ്പോ വന്നു .. !!!!


കേറി വാ ഉണ്ണിയേട്ടാ ..""


അവൾ ഓടിവന്നു അവന്റെ കൈ പിടിച്ച് അകത്തേക്ക് വലിച്ചു .


" ഉണ്ണിയേട്ടൻ ആളാകെ മാറി . എന്ത് ഭംഗിയാ ഇപ്പൊ .. നല്ലോണം വെളുത്തു  തുടുത്തു .. "


മാളു അമ്പരപ്പോടെ അയാളെ നോക്കി നിന്നു .


""ചാരു .. ഇതാ എന്റെ ഉണ്ണിയേട്ടൻ .. ദുബായിൽ പോയ .. ഞാൻ പറഞ്ഞില്ലേ ..""


ചാരു അത്ഭുതത്തോടെ അയാളെ നോക്കി .. മാളു പറഞ്ഞ്കേട്ടിട്ടുണ്ട് ആ പേര് ..


പിന്നെ പെട്ടി തുറക്കലും സമ്മാനങ്ങൾ നിരത്തലുമായിരുന്നു .


മൂന്നു വർഷത്തിനിടയിൽ മാളുവിനായി വാങ്ങിക്കൂട്ടിയ സമ്മാനങ്ങൾ !!


 തുണികൾ , കല്ല്‌വച്ച മാല , വെള്ളിക്കൊലുസ് .. അങ്ങനെ ഒരു പെട്ടി നിറയെ സമ്മാനങ്ങൾ .. 


എല്ലാം മാളു ഓരോന്നായി നിരത്തുകയാണ് . പുത്തനുടുപ്പിന്റെ വാസന !!  


"'ഹായ് "


അവൾക്ക് സന്തോഷം അടക്കാൻ വയ്യ .. 


'എന്റെ മനസ്സ് മാത്രം കണ്ടില്ലല്ലോ മാളു നീ ..'


അയാൾ കണ്ണുകൾ നിറയാതിരിക്കാൻ പാടുപെട്ടുകൊണ്ട് സ്റ്റെപ്പുകൾ ഇറങ്ങി .


*********    *******   *****   ********   *******


""  ഉണ്ണിയേട്ടൻ ഇപ്പഴും സ്വപ്നലോകത്തിലെ ബാലബാസ്ക്കരൻ തന്നെ!!  ""


ചാരുവിന്റെ ശബ്ദം കേട്ടാണ് മഹി   ചിന്തകളിൽ നിന്നുണർന്നത് .


 വേഗത്തിൽ ഇലകൾ തുടക്കുന്നതായി ഭാവിച്ചു കൊണ്ട് അയാൾ മുഖം ചുളിച്ചു .


"" ഓഹ് തുടങ്ങിയോ നീ പിന്നേം ..

ഒന്നു മിണ്ടാതെ പോകാമോ പെണ്ണേ ""


"" ന്റെ ഉണ്ണിയേട്ടാ .. ഇതൊക്കെ പഴഞ്ചൻ സ്റ്റൈലാ . 


ഈ നിശബ്ദ പ്രേമവും , കിനാവു കാണലുമൊക്കെ .. ഒന്നു മാറ്റി പിടിച്ചുടെ ഇനി ..""


"" എന്റെ കയ്യീന്ന് ഒരെണ്ണം അങ്ങോട്ടുതന്നാലുണ്ടല്ലോ .


 ഇല്ലാത്ത ഓരോന്ന് പറഞ് നീ ഇനി ആളെ കൂട്ടി അലമ്പുണ്ടാക്കല്ലേ ..പോയേ പോയേ""

 

""മ്മ് ..മ്മ് ..ഞാൻ പോയേക്കാം .. ""


ചാരു പാവാടയുടെ തുമ്പിൽ പിടിച്ച് ചിരിച്ചുകൊണ്ട് പതിയെ ഓടിമറഞ്ഞു .


കഴിഞ്ഞ ഒരു മാസമായി കല്യാണആവശ്യങ്ങൾക്ക് മാളുവിന്റെ വീട്ടിൽ കയറിഇറങ്ങുകായിരുന്നു . മാളുവിന്റെ കൂട്ടുകാരി ചാരുതയെ അങ്ങനെയാണ് പരിചയപ്പെട്ടത് . ഒരു പൊട്ടിത്തെറിച്ച പെണ്ണ് . കുറുമ്പി . 


തന്റെ മനസ് അവൾ പെട്ടെന്ന് വായിച്ചു . എങ്ങനെ എന്ന് ചോദിച്ചാൽ അതറിയില്ല . എങ്ങനെയോ . 


ഒരിക്കൽ കല്യാണക്കത്തിനുള്ള ഡിസൈൻ തിരഞ്ഞെടുക്കുമ്പോൾ അവൾ തന്റെ ചെവിയിൽ ചോദിച്ചു 


"മാളവിക വെഡ്‌സ് മഹേഷ്‌ എന്നായിരുന്നെങ്കിൽ നന്നായേനെ അല്ലേ ,,!! "


ചെവിയിൽ ഒരു വെള്ളിടി വെട്ടിയപോലായിരുന്നു അത് .

നടുക്കത്തോടെ ചാരുവിനെ നോക്കിയപ്പോൾ അവൾ പൊട്ടിച്ചിരിക്കുകയാണ് . 


തമാശ എന്നോടുകൂടി പറയു എന്ന് മാളുവും ..


""നിന്റെ ഉണ്ണിയേട്ടന് കല്യാണം കഴിക്കണ്ടേ എന്ന് ചോദിക്കുവായിരുന്നു ഞാൻ .. ""


തന്നെ നോക്കി ഒരു കള്ളച്ചിരിയോടെ ചാരു പറഞ്ഞു ..


""എനിക്ക് കെട്ടണ്ട . ചൊവ്വാദോഷമുണ്ട് .. എനിക്ക് പെണ്ണ് കിട്ടില്ല  ""


താൻ അന്നൊരു മുടന്തൻ ന്യായം പറഞ്ഞ് ആ സംസാരം അവസാനിപ്പിച്ചു ..


പിന്നെ തമ്മിൽ കാണുമ്പോളൊക്കെ കീരിയും പാമ്പും പോലെ .. 


"ഞാൻ എല്ലാം മാളുവിനോട് പറയട്ടെ??"  എന്ന് ചോദിച്ച് അവൾ തന്നെ ഒരുപാടു വട്ടം കറക്കി.. 


ചൂടായി പിന്നാലെ ഓടി ചെവിക്കു പിടിച്ചു വഴക്ക് പറഞ്ഞു താനും ..


 ഇടയ്ക്ക് ചിരി വരും അവളുടെ കുസൃതികൾ ഓർത്ത് .


മറ്റു ചിലപ്പോൾ ദേഷ്യവും സങ്കടവും .. പക്ഷെ ഇപ്പോൾ അവൾ കളിയാക്കിക്കളിയാക്കി മാളു എന്ന ദുഃഖത്തിന്റെ ഭാരം  അല്പമായി മനസ്സിൽ നിന്നു പടിയിറങ്ങിയപോലെ ..


*****   ******    ******   *****  *****  *****


കല്യാണപ്പന്തലിൽ വാദ്യം മുഴങ്ങിത്തുടങ്ങി . 


ഉറക്കക്ഷീണം നന്നായി ഉണ്ട് , ആകെ ഒരു തളർച്ച .


 എങ്കിലും നെഞ്ച് പടപടാ മിടിക്കുന്നുണ്ട് . 


മാളു , അവൾ സർവാഭരണ വിഭൂഷിതയായി ഒരുങ്ങിക്കഴിഞ്ഞു . അമ്മൂമ്മയുടെ കല്യാണസാരിയാണ് അവൾ ഉടുത്തത് .. 

ഓട്ടപ്പാച്ചിലിനിടെ അവളെ ഒന്നു പോയി കണ്ടു ..

 വെറുതേ ..ഒരു നോക്ക് ..!!


"" ആഹാ ഇവിടെ നിക്കുവാണോ ..""


ചാരുവാണ് ... 

എന്തേലും പറഞ്ഞു കളിയാക്കാനാവും വരവ് .


""എന്തേ ..ഇവിടെ നിക്കരുത് എന്ന് നിയമം വല്ലോം ഉണ്ടോ ആവോ .. ""


മഹി ചൊടിച്ചു .


"" മ്മ് ... എനിക്കറിയാം .. സാധാരണ കഥകളിൽ വായിക്കുന്നപോലെ ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിക്കുന്നുണ്ടാവും ല്ലേ മാഷേ ..??!! ""


"" എന്ത് ട്വിസ്റ്റ്‌ ?? "" 


മഹി നോട്ടം മാറ്റി .


"" കല്യാണചെക്കൻ മുഹൂർത്തത്തിനു മുന്നേ മറ്റൊരുത്തിയുമായി ഒളിച്ചോടിപോകുന്നു ,,,, കല്യാണം മുടങ്ങിയ പെണ്ണിനു  മുറച്ചെറുക്കൻ അതേ മുഹൂർത്തത്തിൽ താലി കെട്ടുന്നു .. ല്ലേ ..?!! 


അവൾ പൊട്ടിച്ചിരിച്ചു .


"" ചാരു ഒന്നു നിർത്തുവോ ..

അസംബന്ധം പറയാതെ  ""


മഹിക്ക് വല്ലാത്ത ദേഷ്യം വന്നു . 


"" ഞാൻ പറഞ്ഞാൽ അസംബന്ധം , അപ്പൊപിന്നെ ഇതെന്താ ..""


അതു പറഞ്ഞതും അവൾ  മഹിയുടെ പോക്കറ്റിൽ കൈയിട്ടതും ഒരുമിച്ചായിരുന്നു . 


""  ശ്ശേ , എന്തായിത് ..!!! ""


 ഒരു ഞെട്ടാലോടെ മഹി തന്റെ പോക്കറ്റിൽ പരതിനോക്കി . ഇല്ല , അതില്ല . 


"" ചാരു , അതിങ്ങ് താ .."" 


ചാരു മാറി നിന്ന് കൈ വിടർത്തിനോക്കി  , 


അതിൽ  മഞ്ഞച്ചരടിൽ കോർത്ത ഒരു കുഞ്ഞു താലി .


മഹിയുടെ കണ്ണുകൾ നിറഞ്ഞു . അവൻ മുഖം കുനിച്ചു നിന്നു .


""  ഉണ്ണിയേട്ടാ .. ഈ സ്നേഹത്തിനു പകരം വയ്ക്കാൻ മറ്റൊന്നുമില്ല , ഉണ്ണിയേട്ടനെ ഞാൻ നന്നായി മനസിലാക്കിയിട്ടുണ്ട് . 


പക്ഷെ മാളു ഭാഗ്യമില്ലാത്തവൾ . അത്രേ എനിക്ക് പറയാനുള്ളു .


അവൾ ഒരു നിമിഷം എന്തോ ആലോചനയിൽ മുഴുകി .


""  ഉണ്ണിയേട്ടനെ പരിചയപ്പെട്ടതിനു ശേഷം ഒരിക്കൽ ഞാൻ മാളുവിനോടു ചോദിച്ചു , ഉണ്ണിയേട്ടനെ കല്യാണം കഴിച്ചൂടെ എന്ന് ..""


"" ഏയ് ..ഏട്ടൻ പാവാണ് .. പക്ഷെ ,, ഒരു പഴഞ്ചൻ സ്വഭാവക്കാരനാ  , എനിക്ക് ചേരില്ല ""  

എന്നായിരുന്നു അവളുടെ മറുപടി . 


മഹി കണ്ണുകൾ ഉയർത്തിചാരുവിനെ  നോക്കി .

അതെ എന്നർത്ഥത്തിൽ അവൾ തലയാട്ടി .


മഹി ഒന്നും പറയാതെ പതിയെ ആൾക്കൂട്ടത്തിലേക്കു നടന്നു . 


ചെക്കനും കൂട്ടരും എത്തി . താലി കെട്ടുമ്പോൾ മഹി ആ കാഴ്ച നോക്കി നിന്നു . ചാരുവിന്റെ വാക്കുകൾ ആയിരുന്നു മനസു നിറയെ. മാളുവിന്റെ മനസ്സിൽ താൻ വെറുമൊരു പഴഞ്ചൻ ഉണ്ണിയേട്ടൻ മാത്രം ആയിരുന്നു . ഇനിഎന്നും അങ്ങനെ തന്നെ !!


യാത്ര പറയാൻ വരനോടൊപ്പം മാളു അരികിൽ എത്തി . 


"പോയി വാ മാളു .. "


അവളുടെ ചുമലിൽ തലോടി മഹി പറഞ്ഞു . വിഷ്ണുവിന്റെ കരം പിടിച്ച് കുലുക്കി ഒന്നു ചിരിച്ചു ..


തന്റെ വാക്കുകൾക്ക് ഇടർച്ചയില്ല . കൈകൾ വിറച്ചില്ല . മഹിക്ക് സന്തോഷം തോന്നി . അവൻ ദീർഘമായി ഒന്നു ശ്വാസമെടുത്തു .


"" അപ്പൊ മാഷേ ഞാൻ പോട്ടെ ..??""


 ചാരുവാണ് . 


"മ്മ് .. "


മഹി അവളെ നോക്കി ചിരിച്ചു . നിറഞ്ഞ ഒരു പുഞ്ചിരിയായിരുന്നു അത് ! 


"" അപ്പൊ ഈ താലി ഞാൻ എന്ത് ചെയ്യണം ..? ""


"" എനിക്ക് അറിയില്ല ചാരു .."" 


"" ദേവിയുടെ അമ്പലത്തിലെ ഭണ്ഡാരത്തിൽ സമർപ്പിക്കുവാ ഞാനിത് .

 സത്യമുള്ള ഈ താലി ദേവികാത്തുവെക്കട്ടെ.


 ഒരുത്തിയെ ആശിച്ചു പണിഞ്ഞ ഈ താലി ഇനി  മറ്റൊരുത്തിയുടെ കഴുത്തിൽ  വീഴണത് ശരിയല്ല ""


"" മ്മ് .. അങ്ങനെ മതി .. അതിനി എനിക്കും ഒരു ഒരു പഴങ്കഥ..!

അങ്ങനെതന്നെ മതി .."" 


മഹി ആത്മവിശ്വാസത്തോടെ ചിരിച്ചു .


ചാരുവും പുഞ്ചിരിച്ചുകൊണ്ട് തിരിഞ്ഞു നടന്നു .


"ചാരു .."


ആ വിളി കേൾക്കാൻ പ്രാർത്ഥിച്ചിരുന്നെന്നോണം അവൾ നിന്നു . 

മഹിയുടെ മുഖത്തേക്ക് നോക്കി .


"" പറഞ്ഞോളൂ ..""


"" ഇനി നമ്മൾ കാണുമോ ?? ""


മഹി വിദൂരതയിലേക്കു നോക്കിക്കൊണ്ട് ചോദിച്ചു .


""കാണും .. ഉറപ്പായും കാണും ..""


"" എന്താ ചാരുവിന് ഇത്ര തീർച്ച ??""


""കാരണം ...""


 അവൾ ഒന്നു ചിരിച്ചുകൊണ്ട് ചുറ്റും നോക്കി .


""കാരണം ..?? 

പറയു ..""


"" മഹി ആകാംക്ഷയോടെ അവളുടെ കണ്ണുകളിലേക്കു നോക്കിനിന്നു ..


""കാരണം.. എനിക്ക്  ചൊവ്വാദോഷക്കാരെ ഇഷ്ടമാണ് ..""


അവൾ ഉറക്കെ ചിരിച്ചു . കൂടെ മഹിയും ....!!   ❤❤

To Top