രചന: കൃഷ്ണ മനു
ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് വരുന്ന വഴിയാണ്. കൂടെ അനിയനും ഉണ്ട്. വീട്ടിലേക്കുള്ള വളവു തിരിഞ്ഞതും വീടിനു നേരെ മുന്നിലത്തെ വീടിന്റെ ഗേറ്റിനരികിൽ ഒന്നു രണ്ടു പേർ കൂടി നിൽക്കുന്നു. എന്തൊക്കെയൊ അടക്കം പറയുന്നുമുണ്ട്.
" ചേച്ചീ..... ആ ചെട്ടിയാര് തട്ടിപ്പോയീന്ന് തോന്നുന്നു."
അനിയനാണ്. എനിക്ക് മാത്രം കേൾക്കാൻ പാകത്തിനാണ് അവനതു പറഞ്ഞത്.
"ചെട്ടിയാര് അല്ലെടാ . ചേട്ത്താര്. "
പ്രായമായൊരു അമ്മാമ്മ ആണ് അവിടെ താമസിക്കുന്നത്. എല്ലാരും അവരെ ചേട്ത്താര് എന്ന് വിളിക്കും, ഇവൻ മാത്രം ചെട്ടിയാരെന്നും.
" ആ അതുതന്നെ . ആളു വടിയായെന്നു തോന്നുന്നു."
"നീ ഒന്നു മിണ്ടാതെ വാ. നമുക്കു നോക്കാം."
അവിടെ ചെന്നപ്പോൾ അതാ ചേട്ത്താര് പടികെട്ടിൽ ഇരിക്കുന്നു. അനിയനെ നോക്കിയപ്പോൾ എന്നെ ഒന്നിളിച്ചു കാട്ടി വീട്ടിലേക്കോടി. പിന്നാലെ ഞാനും വച്ചു പിടിച്ചു. അവിടെ എത്തിയപ്പോൾ അമ്മയെ എങ്ങും കാണാനില്ല. പടിഞ്ഞാറേ വീട്ടിൽ പോയിട്ടുണ്ടാകും എന്നു കരുതി.
അമ്മയെ വിളിക്കാനായി ആ ഭാഗത്തെ ജനൽ തുറന്നതും കണ്ടു . അവിടെയും ആരൊക്കെയോ നിൽപ്പുണ്ട്. ചേട്ത്താരുടെ വീട്ടിൽ കണ്ടതിനും കൂടുതൽ പേര് ഇവിടെ ഉണ്ട്.
" ചേച്ചി ഇനി ഇവിടെ ആവോ? "
"എന്ത് ? "
"ആരേലും തട്ടിപ്പോയത്."
" മിണ്ടാതിരിയെടാ. ആരും തട്ടിപ്പോയതല്ല. ആണെങ്കിൽ നമ്മൾ വരണ വഴിയിൽ ഫ്ളക്സ് കാണില്ലേ. ഇത് വേറെ എന്തോ പ്രശ്നം ആണ്."
"അതും ശരിയാണല്ലോ. ശ്ശെ ഒരു വട പോയി.
ചേച്ചി മാറിനിൽക്ക്. ഞാനൊന്നു നോക്കട്ടെ. "
എന്നെ തള്ളിമാറ്റി അവനാ ജനലിലൂടെ എത്തി നോക്കി.
" ദേ ചേച്ചി അമ്മ. "
" എവിടെ നോക്കട്ടെ. ?"
അമ്മ എന്തോ പോയ അണ്ണാനെപ്പോലെ താടിക്കു കൈയ്യും കൊടുത്തു അവരുടെ ഇടയിൽ നിൽപ്പുണ്ട്. ഏതാണ്ട് ആ പ്രദേശത്തെ സ്ത്രീജനങ്ങൾ മൊത്തം അമ്മയുടെ അതേ എക്സ്പ്രെഷനുമിട്ട് അവിടെ നിൽപ്പുണ്ട്.
"ഇതിപ്പോ എന്താ കഥ" ന്ന് ചിന്തിച്ചു നിൽക്കുമ്പോൾ ആണ് ചങ്ക് കൂട്ടുകാരിയുടെ വിളി. രാവിലെ ഒന്നു തുമ്മിയതിന് പനി ആണെന്ന് കള്ളം പറഞ്ഞു ലീവ് എടുത്തു ഇരുന്നതാണ് കക്ഷി. വിളി കേട്ട പാടെ ഉമ്മറത്തേക്കോടി.
"എന്താടി അവിടെ ഒരാൾ കൂട്ടം ? "
"അത് രാഖി ഒരു ചെക്കൻ്റെ ഒപ്പം ഓടിപ്പോയെടീ."
"ഏഹ്."
" ആടി. സത്യം. കല്യാണം കഴിഞ്ഞൂന്ന്. ഫോട്ടോ ഒക്കെ കിട്ടി. "
കേട്ടതു വിശ്വസിക്കാൻ ആവാതെ നിൽക്കുമ്പോൾ ആണ്, പിന്നിൽ നിന്നും ഒരു പൊട്ടിച്ചിരി. അനിയനാണ്. ആ സോഫയിൽ കുനിഞ്ഞിരുന്നു വയറും പൊത്തിപ്പിടിച്ചു ചിരിയോടു ചിരി. അത് പതിയെ ഞങ്ങളിലേക്കും പടർന്നു ഒരു കൂട്ടച്ചിരി ആയിമാറി.""
"ഹഹഹഹഹഹ ഹൂ .. എനിക്ക് ഇനി ചിരിക്കാൻ വയ്യായേ.. എന്തൊക്കെ ആയിരുന്നു മലപ്പുറം കത്തി അമ്പും വില്ലും അവസാനം പവനായി.....ഹഹഹഹ ".
പറയാൻ വന്നത് മുഴുവനാക്കാതെ ആവൻ വീണ്ടും ചിരിക്കാൻ തുടങ്ങി.
###################################
ഞാൻ ഏഴിലോ മറ്റോ പഠിക്കുമ്പോൾ ആണ് രാഖിയും വീട്ടുകാരും ഇവിടെ താമസിക്കാൻ വരുന്നത്. അന്ന് മുതൽ കേട്ടു തുടങ്ങിയതാണ് ഈ " രാഖിപുരാണം ".
ആ കുട്ടി നേരത്തെ എഴുന്നേൽകും, മുറ്റമടിക്കും, എന്തൊരു അടക്കവും ഒതുക്കവും ആണെന്നോ ആ കൊച്ചിന്, പെൺകുട്ടികളായാൽ ഇങ്ങനെ വേണം തുടങ്ങി എന്തു പറഞ്ഞാലും ഒരു താരതമ്യം.
അവർക്ക് സ്വന്തമായി കിണർ ഇല്ല പൊതുടാപ്പിൽ നിന്നാണ് വെള്ളം എടുക്കുക. ആ കുട്ടി വെള്ളം പിടിച്ചു കൊണ്ടുവരുന്നതു കാണുന്നതേ അമ്മ തുടങ്ങും.
" കണ്ടു പഠിക്ക് അതുപോലെ ആണ് പെൺകുട്ടികൾ."
"കാർന്നോമാര് വീട്ടിൽ കിണറും കുഴിച്ചു, മോട്ടറും വച്ച് പൈപ്പ് കണക്ഷൻ എടുത്തത് എൻെറ കുറ്റം കൊണ്ടാണോ". ഹും😏😏😏
ഇതൊക്കെ കേട്ടു മടുത്തു വല്ലതും സഹായിക്കാൻ ചെന്നാലോ പോയിരുന്നു " നാലക്ഷരം പഠിച്ചൂടെ " എന്നൊരു ചോദ്യവും. പുട്ടിനു പീര പോലെ കൂടെ ഒരു ഡയലോഗും,
" ആ കൊച്ചു രാവിലെ തുടങ്ങിയതാ മുറ്റത്തിരുന്നു പഠിക്കാൻ. അതുപോലെ നിനക്കിരുന്നു പഠിച്ചൂടെ? "
"എനിക്കിത് എന്തിൻ്റെ കേടായിരുന്നു. അമ്മയെ സഹായിക്കാൻ വന്ന ഞാനിപ്പോൾ ആരായി?😒😒."
ഈ കാര്യം ഓക്കെ ചങ്കിനോടു വന്നു പറഞ്ഞപ്പോഴോ , ഉരല് ചെന്നു മദ്ദളത്തിനോടു പരാതി പറഞ്ഞപോലായി. അവിടേം ഇതുതന്നെ അവസ്ഥ.
പിന്നെ പിന്നെ രാഖി എന്നു കേൾക്കുന്നതേ കലിയായി. നമുക്ക് ഇഷ്ടമില്ലാത്തവരുടെ കുറ്റങ്ങൾ കണ്ടുപിടിക്കാൻ വല്ലാത്ത ഒരു ആവേശമാണല്ലോ. അങ്ങനെ കഷ്ടപ്പെട്ട് ചില നഗ്നസത്യങ്ങൾ ഞങ്ങൾ മനസ്സിലാക്കി.
രാവിലെ എഴുന്നേറ്റ് മുറ്റത്ത് ഇരുന്നുള്ള പഠിപ്പ് ചേട്ത്താരുടെ മകനെ കാണാൻ വേണ്ടിയുള്ളതാണെന്നും, പെപ്പിൻചുവട്ടിൽ വെള്ളം എടുക്കാൻ പോവുന്നത് അതിനടുത്ത വീട്ടിലെ ബുള്ളറ്റ് ചേട്ടനോട് കിന്നരിക്കാൻ ആണെന്നും ഞങ്ങൾ കണ്ടുപിടിച്ചു.
ഇതെല്ലാം വന്നു വീട്ടിൽ പറഞ്ഞപ്പോഴോ ആ നല്ല കൊച്ചിനെകുറിച്ചു അപവാദം പറഞ്ഞെന്ന് പറഞ്ഞു വയറു നിറയെ കേട്ടു.
###################################
"ഏതാ ആ ചെക്കൻ? ചേട്ത്താരുടെ മകനോ ബുള്ളറ്റ് ചേട്ടനോ??."
"ഇവര് രണ്ടു പേരും അല്ല വേറെ ആരോ ആണ്. "
" ആ ബെസ്റ്റ് ".
വീണ്ടും ഞങ്ങൾ മൂന്നും ആ വീട്ടിലേക്ക് എത്തി നോക്കി. എല്ലാം നിന്ന നിൽപ്പിൽ തന്നെ ആണ്, എന്തിന് മുഖഭാവം പോലും മാറിയിട്ടില്ല.
ഹാ സങ്കടം കാണും . അവൻ പറഞ്ഞപോലെ എല്ലാരുടേയും സൽപുത്രി അല്ലേ പോയത്.
ഇനി എന്തായാലും അവളെ കണ്ടു പഠിക്കാൻ ആരും പറയില്ലല്ലോ സമാധാനം