വീട്ടുകാർ ഉറപ്പിച്ച മുഹൂർത്തത്തിൽ താലി കെട്ടുക അതും ഒളിച്ചോടി...

Valappottukal


രചന : Madhavi


"മാധൂ വേഗം ഓട്. "


"ഇയ്യോ വയ്യ കണ്ണേട്ടാ... എന്റെ കാലു വേദനിക്കുന്നു. "


"നിനക്കല്ലാർന്നോ ആഗ്രഹം.. ഞാൻ അപ്പോഴേ.. "


"ഇയ്യോ മതി.. എന്നെ തേച്ചിട്ട് നിങ്ങൾ അങ്ങനെ സുഖിക്കണ്ട. ദേ ഒരു വണ്ടി വരുന്നു... കൈ കാണിക്ക"


വന്ന വണ്ടിക്കു കൈ കാണിച്ചു കണ്ണനും മാധുവും പോയി. കണ്ണന്റെ തോളിൽ ചാരി കിടന്നു മാധൂ ചോദിച്ചു 


"നമ്മടെ വീട്ടുകാരിപ്പോ നമ്മളെ അന്വേഷിച്ചു ഒരുപാട് അലയുന്നുണ്ടാകുമോ കണ്ണേട്ടാ "


"ഉം  "


"കണ്ണേട്ടാ നമ്മൾ അവരെ വേദനിപ്പിച്ചു അല്ലെ "


"ഉം  "


"കല്യാണമൊക്കെ കഴിഞ്ഞു നമ്മളെ കാണുമ്പോൾ അവരുടെ ദേഷ്യമൊക്കെ മാറും കണ്ണേട്ടാ... അത്രയ്ക്ക് പാവാ അവരൊക്കെ. "


"ഉം  "


"ഉം ഉം  എന്ന് മൂളാൻ നിങ്ങൾ എന്താ മൂങ്ങ ആണോ മനുഷ്യാ "


എന്നും പറഞ്ഞു അവൾ അവനെ ചെരിഞ്ഞൊന്ന് നോക്കിയതും ഉറക്കം   തൂങ്ങി ഇരിക്കുന്നു. മാധൂ പതിയെ അവന്റെ തല അവളുടെ മാറോടു ചേർത്ത് മുടിയിഴകളിൽ തലോടി. 


വണ്ടി മുന്നോട്ടു പോയ്കൊണ്ടേ ഇരുന്നു. 


"കണ്ണേട്ടാ എണീക്ക സ്ഥലം എത്തി.. "


"കുറച്ചൂടെ ഉറങ്ങട്ടെ പെണ്ണെ "


"ഓ ഈ മനുഷ്യനെ ഞാൻ കൊല്ലും. സാധാരണ തന്റെ പെണ്ണിനെ പുരുഷനാ താലോലിച്ചു ഉറക്കുന്നേ. ഇവിടെ ദേ ഇങ്ങനെ. നിങ്ങൾ ഇവിടെ ഇരുന്നു ഉറങ്ങിക്കോ. ഞാൻ വഴിയിൽ നിന്നു ആരെയെങ്കിലും കണ്ടെത്തി കെട്ടികോളാം. "


ദേഷ്യത്തിൽ മാധൂ ഇറങ്ങി. പറഞ്ഞാൽ പറഞ്ഞത് നടത്തുന്നവളാണ് എന്ന് അറിയുന്നുണ്ട് നിദ്രാദേവിയ്‌ക്കു ടാറ്റാ പറഞ്ഞു കണ്ണൻ മാധുവിനു പിന്നാലെ  ഓടി. കൈകൾ വീശി എറിഞ്ഞു  ദേഷ്യത്തിൽ പോകുന്ന  മാധുന്റെ കൈ പിടിച്ചു അവനിലേക്  അടുപ്പിച്ചു ചോദിച്ചു 


"മറ്റൊരുത്തനെ കെട്ടാൻ ആരുന്നേൽ എന്തിനാടി എന്റെ ഉറക്കം കളഞ്ഞേ "


ഒന്നും മിണ്ടാതെ മുഖം കുനിച്ചു നിൽക്കുന്ന മാധുന്റെ മുഖം ഉയർത്തി നോക്കി. പ്രതീക്ഷിച്ച പോലെ തന്നെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്. 


"ഭൂലൻ ദേവി കുറച്ചു മുന്നേ കാടിളക്കി വന്നിട്ട് ഇപ്പോൾ എന്തേയ് മഴ പെയ്യിക്കുന്നോ? "


പറഞ്ഞു തീർന്നില്ല കണ്ണുനീർ ധാര ധാരയായി ഒഴുകി.  ഇനി വാക്കുകൾക് പ്രസക്തി ഇല്ല ആക്ഷൻ ഒൺലി. അവൻ അവളെ നെഞ്ചോടു ചേർത്ത് നിർത്തി കാതിൽ പതിയെ പറഞ്ഞു 


"കൊഞ്ചിക്കൊണ്ട് നിന്നാൽ മുഹൂർത്തം വൈകും. എന്റെ പെണ്ണേ നീ അങ്ങനെ ഒന്നും ഒഴിഞ്ഞു പോകില്ലെന്നു എനിക്കറിയാം "


അവൾ അവന്റെ നെഞ്ചിനിട്ടൊരു കടിയും വച്ചു കൊടുത്തിട്ടു ഓടി.


"അളിയാ വേഗം പോയി റെഡി ആകു.. "


മഹേഷ്‌ എനിക്കുള്ള ഡ്രെസ്സും മറ്റുമായി വന്നു. 


"ആ പ്രാന്തിക്കോ "


"അവളെ നീനു നോക്കിക്കോളും "


അധികം ഒരുക്കമൊന്നുമില്ലേലും തെറ്റില്ലാത്ത രീതിയിൽ ഒന്ന് ചമഞ്ഞു അവർ അമ്പലനടയിൽ എത്തി. മാധൂ കണ്ണുകൾ അടച്ചു സർവ്വ ദൈവങ്ങളെയും വിളിച്ചു. അച്ഛനും അമ്മയും ഞങ്ങളോട് ക്ഷമിക്കണേ ദൈവങ്ങളെ. മനസ്സിൽ ഒരായിരം തവണ അവരുടെ കാൽക്കൽ വീണു. 


"മുഹൂർത്തം ആയി താലി കെട്ടിക്കോളു. "


തിരുമേനി പറഞ്ഞു. മഞ്ഞ ചരടിൽ കോർത്ത ഒരു ചെറിയ താലി അതിൽ അതിലും ചെറുതായി കോറിയ ഒരു മയില്പീലിയും. മാധുന്റെ വലിയ ആഗ്രഹം ആയിരുന്നു അങ്ങനൊരു താലി. സർവ്വ ദൈവങ്ങളെയും ധ്യാനിച്ചു കൂപ്പു കയ്യോടെ ശിരസ്സു കുനിച്ചു നിന്നു. പ്രണയനാളുകളിൽ അവൻ അവൾക്കു സമ്മാനിച്ച സിന്ദൂര ചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരം അവൻ അവളുടെ സീമന്ത രേഖയിൽ ചാർത്തുമ്പോൾ സന്തോഷത്താൽ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു . അഗ്നി സാക്ഷിയായി വലം വയ്ക്കുമ്പോൾ മാധുന്റെയും കണ്ണന്റെയും മനസ്സിൽ ഒന്നേ ഉണ്ടായിരുന്നുള്ളു.  ഏഴല്ല ഏഴായിരം ജന്മങ്ങളിലും മാധൂ കണ്ണന്റെ മാത്രം ആയിരിക്കേണമേ. 


എല്ലാം കഴിഞ്ഞു കൂട്ടുകാരുടെ വക സദ്യ അടുത്തുള്ള വൃദ്ധ സദനത്തിൽ നിന്നും കഴിച്ചു മടങ്ങുമ്പോൾ അനുഗ്രഹത്തിന്റെ ഒരു മഴ തന്നെ നമുക്കുമേൽ ചൊരിഞ്ഞു. ഇത്രയേ കണ്ണന്റെ മാധുവിനു വേണ്ടിയിരുന്നുള്ളു. 


ഇനിയെന്താ എന്ന കൂട്ടുകാരന്റെ ചോദ്യത്തിൽ മധുവിന്റെ കയ്യിൽ മുറുകെ പിടിച്ചുകൊണ്ടു എന്റെ വീട്ടിലേക്കു തന്നെ. അവർ നമ്മളെ കേറ്റാതിരിക്കില്ല എന്ന് പറഞ്ഞു വീട്ടിലേക്കു ധൃതിയിൽ തിരിച്ചു 


പ്രതീക്ഷിച്ച പോലെ തന്നെ എന്റെയും മാധുന്റെയും കുടുംബക്കാർ മുഴുവൻ മൂക്കത്തു വിരലും വച്ചു നിൽപുണ്ട. മാധുന്റെ നെറ്റിയിലെ സിന്ദൂരത്തിൽ നിന്നും കഴുത്തിലെ താലിയിൽ നിന്നും കയ്യിലേറ്റിയിരിക്കുന്ന ഹാരത്തിൽ നിന്നും കാര്യത്തിന്റെ കിടപ്പ് ഏകദേശം മനസിലായി അവർക്ക്. 


എന്റെ അച്ഛനും അമ്മയും മുന്നിലേക്ക് വന്നു. അമ്മ പറയാൻ തുടങ്ങിയതും എല്ലാം ഒപ്പിച്ചു വച്ചവൾ കണ്ണന്റെ പിന്നിലേക്ക് ഒളിച്ചു. 


"എടി വഞ്ചകി. "


കണ്ണൻ തിരിഞ്ഞു ആരും കേൾക്കാതെ പറഞ്ഞു. 


100 വാട്ടിന്റെ ചിരിയും പാസ്സാക്കി ഷർട്ടിൽ തോണ്ടിക്കൊണ്ട് നിക്കുന്നു. 


"എന്ത് പണിയാട കാണിച്ചേ?? കല്യാണത്തലേന്ന് പെണ്ണ് ഒളിച്ചോടി അല്ലെങ്കിൽ ചെറുക്കൻ ഒളിച്ചോടി എന്ന് കേട്ടിട്ടുണ്ട്. പെണ്ണും ചെറുക്കനും ഒരുമിച്ചു ഓടി കല്യാണം കഴിച്ചുന്ന ആദ്യമായിട്ടാ കേൾക്കുന്നത്. ഞങ്ങൾ വീട്ടുകാർ കുറച്ചു ദിവസം ഓടിയതും പൈസ കളഞ്ഞതും മിച്ചം. "


അച്ഛന്റെ മുഖത്തേയ്ക്കു നോക്കിയതേ ഓർമയുള്ളു.ദൈവമേ ഒന്നുടെ നോക്കിയാൽ ഞാൻ ഭസ്മം ആകും. കണ്ണൻ മനസ്സിലോർത്തു. 


"ഇത്തരം പ്രാന്തുകളൊക്കെ നിന്റെ തലയിലെ വരൂ കണ്ണാ. വെറുതെ മാധൂ മോളെക്കൂടി പേടിപ്പിച്ചു. മോൾ ഇങ്ങു വരൂ. ഇനി ഇവന്റെ പ്രാന്തുകൾക് കൂട്ട നിൽക്കരുത് ട്ടോ "


ശെടാ അവൾ ഒറ്റ ഒരുത്തിയുടെ നിർബന്ധം ആയിരുന്നു. വീട്ടുകാർ ഉറപ്പിച്ച മുഹൂർത്തത്തിൽ താലി കെട്ടുക അതും ഒളിച്ചോടി. എന്നിട്ടിപ്പോ എന്റെ പ്രാന്തൻ ഐഡിയ എന്ന്. നല്ല അമ്മ. കണ്ണൻ പല്ലിറുമ്മി മാധുവിനെ ഒന്ന് നോക്കി. ഒന്നും അറിയാത്ത പോലെ അമ്മയുടെ കയ്യും പിടിച്ചു പോകുന്ന.


"ആ വിളക്കിങ്ങെടുക് മാളുവേ. ഇങ്ങോട്ട് നീങ്ങി നിൽക്കെടാ അഹങ്കാരി. "


ഒന്നും മിണ്ടാതെ കണ്ണൻ  നീങ്ങി 

 നിന്നു.ഇല്ലെങ്കിൽ വേറെ പലതും കേൾക്കേണ്ടി വരും. ആരതി ഉഴിഞ്ഞു നിലവിളക്കു വാങ്ങി മാധൂ കണ്ണനെ ഒന്ന് നോക്കി വലം കണ്ണിറുക്കി കള്ള ചിരി അങ്ങ് പാസ്സാക്കി. നിലവിളക്കുമായി വലതുകാൽ വച്ചു അകത്തേയ്ക്കു കയറുമ്പോൾ കണ്ണന്റെ മനസ്സിൽ ഇനി അവൾക്കു നടത്താനുള്ള ഇതിലും വലിയ വട്ടുകൾ ആയിരുന്നു. അവൾ വലതു കാൽ എടുത്തു വച്ചത് എന്റെ കുഴി തോണ്ടാനാണെന്ന് ആരും അറിയുന്നില്ലല്ലോ ദൈവമേ എന്ന് കണ്ണൻ മനസ്സിൽ ചിന്തിച്ചു  പോയി.


ലൈക്ക് കമന്റ് ചെയ്യണേ...

To Top