രചന : Jisha
ചുറ്റമ്പലത്തിൽ തൊഴുത് ഇറങ്ങുമ്പോഴും , ശാലുവിന്റെ നെറ്റിയിൽ ചന്ദനകുറി വരയ്ക്കുമ്പോഴും നോട്ടം മുഴുവൻ,
കോവിലിന്റെ തെക്കെ നടയിലേക്കായിരുന്നു.
എന്നും അമ്പലത്തിൽ വന്ന് കണ്ണനോടൊപ്പം കാണാറുള്ള തന്റെ ഉണ്ണിയേട്ടനെ കാണാത്തത് കൊണ്ട് മനസ്സ് വല്ലാതെ വേദനിച്ചു...
ശാലു പോകാമെന്നു പറഞ്ഞപ്പോളും ഞാനാണ് കുറച്ചു നേരം ഇവിടെ ഇരുന്നിട്ട് പോവാമെന്ന് ശാലുനോട് പറഞ്ഞത്...
ഇലഞ്ഞിച്ചോട്ടിൽ നിന്ന് അവശ്യത്തിനു ഇലഞ്ഞിപ്പൂക്കൾ പെറുക്കി എടുത്തു കഴിഞ്ഞപ്പോൾ ശാലു വീണ്ടും പറഞ്ഞു നമുക്ക് പോയേക്കാമെടി.....
കൂടുതൽ വാശി പിടിക്കാതെ അവളോടൊപ്പം നടക്കുമ്പോൾ എന്റെ കണ്ണുകൾ ചുറ്റിനും ഉണ്ണിയേട്ടനെ പരതി, മനസ്സിലെ ഇഷ്‌ടം
ഇനിയും തുറന്നു പറയണം....
രണ്ടുമാസം കഴിഞ്ഞാൽ ഞാൻ പട്ടണത്തിലോട്ടു മെഡിസിന് പഠിക്കാൻ പോവാണ്, അതിനു മുൻപ് പറഞ്ഞില്ലെങ്കിൽ ഞാൻ വരുമ്പോഴത്തെക്കും ഉണ്ണിയേട്ടനെ ആരേലും അടിച്ചോണ്ടുപോകും...
ശാലുന് എന്റെ കൂടെ വരണമെന്നുണ്ട്, നല്ല മാർക്കും ഉണ്ട്.. പക്ഷേ അവൾക്ക് പഠിക്കാൻ വല്യ താല്പര്യമൊന്നുമില്ല, അതുകൊണ്ട് അവൾ എന്താ പഠിക്കേണ്ടതെന്ന് പോലും തീരുമാനിച്ചില്ല... പഠിക്കാൻ ലേശം മടിയാണ് അവൾക്ക്, പാട്ടിലും നൃത്തത്തിലുമൊക്കെയാണ് പുലി..
നീ ഈ ലോകത്തൊന്നും അല്ലെയെന്നു ശാലു ചോദിക്കുമ്പോൾ എന്റെ മനസ്സു മുഴുവൻ ഉണ്ണ്യേട്ടൻ ആയിരുന്നു......
കളികൂട്ടുകാരിയായിട്ടുപോലും അവളോട് പറയാതെ മനസ്സിൽ കൊണ്ടുനടന്നു ഇത്രയും കാലം... അതിനൊരു കാരണമുണ്ട്
നേരത്തെ തന്നെ ഞങ്ങൾ തീരുമാനിച്ചിരുന്നു പഠിക്കുന്ന സമയത്ത് വേറെ ഒന്നിലും ചെന്ന് ചാടരുതെന്ന്, അഥവാ മനസ്സിൽ ആർക്കെങ്കിലും ഒരു ഇഷ്‌ടം തോന്നിയാലും പഠിത്തം കഴിയാതെ ഞങ്ങൾ തമ്മിൽ പോലും അതിനെ കുറിച്ചൊരു ചർച്ച നടത്തെരുതെന്ന്...
പക്ഷേ ഇപ്പോൾ പ്ലസ്ടു കഴിഞ്ഞു. ഇനിയും പറയണം......
പോകുന്നതിനു മുൻപ് രണ്ടുപേരോടും പറയണം, ഉണ്ണിയേട്ടന് എന്നെ ഇഷ്‌ടക്കെടൊന്നും കാണില്ല, കാണുമ്പോളൊക്കെ ഞങ്ങൾ ഒന്നും മിണ്ടിയിട്ടില്ലേലും പരസ്പരം പുഞ്ചിരികൾ സമ്മാനിച്ചിരുന്നു...
ടാറിട്ട റോഡിൽ നിന്ന് ഇടവഴിയിലോട്ടു കയറുമ്പോഴെ കണ്ടു പാലത്തിന്റ സൈഡിൽ ബുള്ളറ്റ് ഒതുക്കി അതിൽ ചാരി നിൽക്കുന്ന ഉണ്ണിയേട്ടനെ......
പതിവ് ഇല്ലതെയുള്ള ആ നിൽപ്പ് കണ്ടപ്പോൾ മുതൽ നെഞ്ചിടിപ്പ് കൂടി, ഉണ്ണിയേട്ടനെ കടന്നുപോയപ്പോൾ ഞാൻ ഒന്നു ചിരിച്ചു.
ശാലു ഒന്ന് നോക്കുകപോലും ചെയ്യാതെ നേരെ നടന്നു.......
മീനു ഒന്ന് നിൽക്കുമോ, ഉണ്ണിയേട്ടൻ പുറകിൽ നിന്ന് വിളിച്ചപ്പോൾ അറിയാതെ ഞാൻ നിന്നുപോയി , ശാലു എന്നെ ഒന്നു നോക്കിയിട്ട് ചെല്ലാൻ പറഞ്ഞു..
ഉണ്ണിയേട്ടന്റെ അടുത്തോട്ടു നടക്കുമ്പോൾ എന്റെ കൈ കാലുകൾ വിറച്ചു, ഒരുപാട് നാളുകളായി കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യം കേൾക്കാൻ ഞാൻ കാതുകൂർപ്പിച്ചു..
മീനു എനിക്ക് ഉപകാരം ചെയ്യുമോ, ഞാൻ ചോദ്യ രൂപേണ ഉണ്ണിയേട്ടന്റെ മുഖത്തോട്ടു നോക്കി...
എനിക്ക് കുട്ടിടെ കൂട്ടുകാരി ശാലിനിയെ ഇഷ്‌ടമാണ്...
ആ കുട്ടി എന്റെ മുഖത്തു പോലും നോക്കുന്നില്ല, പിന്നെ വല്ലപ്പോഴുമെങ്കിലും ചിരിച്ച് കാണിക്കുന്നത് താനാ, വർഷങ്ങൾ ആയിട്ട് മനസ്സിൽ കൊണ്ടുനടക്കുവാ ശാലുനെ,
ഒരു വട്ടം ഞാൻ പറഞ്ഞതാ സ്കൂളിൽ പഠിക്കുമ്പോൾ അപ്പോൾ നിങ്ങളുടെ തീരുമാനത്തെ കുറിച്ച് പറഞ്ഞത്,
ഇനിയും പറയാമല്ലോ നിങ്ങൾ പ്ലസ്ടു കഴിഞ്ഞല്ലോ, കാത്തിരുന്ന് ഞാൻ മടുത്തു, ചോദിച്ചിട്ടൊന്നു പറയുമോ...
എന്നെ ഇഷ്‌ടമാണെന്നു ഉണ്ണിയേട്ടന്റെ വായിൽ നിന്ന് കേൾക്കാൻ അഗ്രഹിച്ചുനിന്ന ഞാൻ എന്തുപറണമെന്നു അറിയാതെ അവളെ തിരിഞ്ഞു നോക്കി.....
വിതുമ്പി വന്ന ചുണ്ടുകളും അലച്ചു തല്ലിയ നെഞ്ചും, നിറയാൻ വെമ്പിയ കണ്ണും നിയന്ത്രിച്ചു...
ചോദിച്ചിട്ട് പറയാം ഉണ്ണിയേട്ടാ എന്നൊരു മറുപടിയും കൊടുത്ത് തിരിച്ചു നടന്നു...
അടുത്തെത്തിയപ്പോൾ ശാലു എന്താണെന്നു ചോദിച്ചു, വിങ്ങി വന്ന തേങ്ങൽ മനസ്സിൽ അടക്കിപ്പിടിച്ചു, ശാലുസെ ഉണ്ണിയേട്ടന് നിന്നെ ഇഷ്‌ടമാണ്.. വർഷങ്ങളായിട്ടു മനസ്സിൽ
കൊണ്ട് നടക്കുകയത്രേ......
നീന്നോട് ചോദിച്ചിട്ടു മറുപടി കൊടുക്കാൻ പറഞ്ഞു...
നാണത്തോടെയുള്ള അവളുടെ ചിരി കണ്ടപ്പോൾ എനിക്ക് മനസ്സിലായി അവൾക്കും ഉണ്ണിയേട്ടനെ ഇഷ്‌ടമാണെന്നു...
വീട്ടിൽ പോയി കതകടച്ചിരുന്ന് പൊട്ടിക്കരഞ്ഞു.....
ശാലു അവൾ എന്റെ ജീവനാണ്,എന്റെ ഇഷ്‌ടമറിഞ്ഞാൽ ഒരുപക്ഷേ അവൾ ഇതിൽനിന്ന് പിന്മാറും പക്ഷേ എന്തുകാര്യം ഉണ്ണിയേട്ടൻ മനസ്സിൽ കൊണ്ടുനടന്നത് എന്റെ ശാലുനെയാ, രണ്ടുപേരും എനിക്ക് ജിവനാ, അവരാണ് ഒന്നിക്കേണ്ടത്.... അവൾക്ക് വേണ്ടി ഞാൻ എല്ലാം മറക്കാൻ തീരുമാനിച്ചു...
അവരുടെ ഇഷ്‌ടം അവർ പരസ്പരം തുറന്നുപറഞ്ഞപ്പോൾ ഞാൻ എന്റെ ഇഷ്‌ടം ആരോടും പറയാതെ മനസ്സിൽ കുഴിച്ചുമൂടി...
വിങ്ങുന്ന മനസ്സുമായി അവരുടെ പ്രണയത്തിന് കാവൽക്കാരിയായി, ഹംസമായി, സഹയാത്രികയായി...
ഉണ്ണിയേട്ടന്റെ മുഖത്ത് നോക്കുമ്പോൾ എന്റെ ഉള്ളം പിടഞ്ഞു..
പട്ടണത്തിലോട്ടു എത്രയും വേഗം പോകാൻ ഞാൻ ആഗ്രഹിച്ചു, അവസാനം എന്റെ ആഗ്രഹം പോലെ അഡ്മിഷൻ വേഗം റെഡിയായി, ഞാൻ പട്ടണത്തിലേക്കു പഠിക്കാൻ പോയി..
വർഷങ്ങൾ കഴിഞ്ഞുപോകും തോറും എന്റെ മനസ്സിൽ നിന്ന് ഉണ്ണിയേട്ടൻ കുറേശ്ശേ മാഞ്ഞു തുടങ്ങി...
അങ്ങനെ 23മത്തെ വയസ്സിൽ ശാലിനി കഴുത്തിൽ താലിയും, നെറ്റിയിൽ സിന്ദൂരവും ചാർത്തി ഉണ്ണിയേട്ടന്റെ ഭാര്യ പദവി നേടിയപ്പോൾ, ഞാൻ കഴുത്തിൽ സ്റ്റെതെസ്കോപ്പും വെള്ളകോട്ടും അണിഞ്ഞ്
ഡോക്ടർ പദവി നേടി ....
ശാലുവിന്റെയും ഉണ്ണിയേട്ടന്റെയും കല്യാണത്തിന് മനസ്സിൽ ഒരു കളങ്കവും ഇല്ലാതെ ഞാൻ വന്നു....
കല്യാണം കഴിഞ്ഞ് ഞാൻ പട്ടണത്തിലേക്ക് തിരികെ പോയി, വല്ലപ്പോഴും വിളിക്കുന്ന ഫോൺ വിളിയിൽ അവളുടെ ഉണ്ണിയേട്ടന്റെ വിശേഷങ്ങൾ എല്ലാം പറയും...
ഒരു വർഷത്തിന് ശേഷം ശാലു അമ്മയാവാൻ തയാറെടുത്തു തുടങ്ങി, അതെന്നോട് പറയുമ്പോൾ അവൾ സന്തോഷം കൊണ്ട് മതിമറന്നു....
പെൺകുഞ്ഞിനെ ഒരുപാട് ആഗ്രഹിച്ച അവൾ വയറ്റിലുള്ളത് പെൺകുഞ്ഞാണെന്ന് ഉറപ്പിച്ചു..വയറ്റിലുള്ള അവളുടെ മോൾക്ക്
അവൾ തന്നെ പേരിട്ടു ഉണ്ണിമോൾ..
പിന്നീടുള്ള ദിവസങ്ങൾ ഉണ്ണിയേട്ടനും, ഉണ്ണിമോൾക്കും വേണ്ടി മാത്രമായി അവളുടെ ജീവിതം ...
അവൾക്ക് കഴിയാതെ പോയ അവളുടെ ഡോക്ടർ മോഹം ഉണ്ണിമോളിലേക്ക് അവൾ എത്തിച്ചു, അതിനു അവളെ സഹായിക്കണമെന്ന് എന്റെ കൈയിൽനിന്ന് വാക്ക് മേടിച്ചു..
പലപ്പോഴും അവളെ ഞാൻ വഴക്കു പറഞ്ഞു ജനിക്കാൻ പോകുന്ന കുഞ്ഞിനെ കുറിച്ച് അമിതകിനാവ് കാണുന്നതിന്, പക്ഷേ അവൾക്ക് അതൊന്നും ഒരു പ്രശ്നവും ആയിരുന്നില്ല, അവളുടെ ലോകം അവരിലേക്ക് മാത്രമായി ചുരുങ്ങി...
ഒൻപതുമാസം വരെ ഒരു കുഴപ്പവുമില്ലാതെ നടന്ന ശാലു പക്ഷേ പ്രസവത്തിൽ അധിക രക്തസ്രാവം മൂലം ഉണ്ണിയേട്ടനെയും ഉണ്ണിമോളേയും എന്നെയും വിട്ടുപോയി...
അവസാനമായി അവളെ കാണാൻ ഓടി വന്ന ഞാൻ അവളുടെ ഉണ്ണിമോളെ ചേർത്തുപിടിച്ചു...
എന്റെ നെഞ്ചോടു ചേർന്ന് പാലിന് വേണ്ടി കരഞ്ഞു തളർന്നു ഉറങ്ങിയ ഉണ്ണിമോൾ ഒരു വിങ്ങലായി മനസ്സിൽ അവശേഷിച്ചു....
പോകാൻ നേരം തൊട്ടിലിൽ കിടത്താൻ നെഞ്ചിൽ അടർത്തി മാറ്റിയ ഉണ്ണിമോൾ ഒരു കുറുകലോടെ ഒന്നൂടെ ചേർന്നു പറ്റി പിടിച്ചു കിടന്നു, ആ നിമിഷം എന്നിലെ 'അമ്മ എന്ന വികാരം ഉണർന്നു... അവളെ നെഞ്ചോടു ചേർക്കുമ്പോൾ എന്റെ ശരീരം വിറപൂണ്ടു...
അവളെ തൊട്ടിലിൽ കിടത്തിയിട്ടും ആ കുഞ്ഞികൈകൾ എന്റെ വിരലിൽ മുറുക്കി പിടിച്ചു, പതിയെ പിടി വിടുവിച്ച് എഴുന്നേറ്റു, എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി, എന്റെ ശാലു, അവളുടെ സ്വപ്നങ്ങൾ...
പുറത്തേക്ക് ഇറങ്ങിയപ്പോൾ ഇറയത്ത് തകർന്ന് തരിപ്പണമായ ഉണ്ണിയേട്ടനെ കണ്ടപ്പോൾ എന്റെ ഹൃത്തടം തേങ്ങിപ്പോയി....
അവധി ഇല്ലാത്തത് കൊണ്ട് അടുത്ത ദിവസം തന്നെ മടങ്ങിപ്പോവേണ്ടി വന്നു,അവിടെ എത്തിയപ്പോൾ എനിക്ക് വല്ലാത്തൊരു ശൂന്യത അനുഭവപ്പെട്ടു..
മനസ്സിൽ ശാലു മരിച്ചസങ്കടം, ഉണ്ണിമോളുടെ കരച്ചിൽ, തകർന്ന ആ മനുഷ്യൻ,
നാലുമാസത്തിനു ശേഷം അവധി ചോദിച്ച് ഓടി പോയത് ഉണ്ണിമോളെ കാണാൻ വേണ്ടി മാത്രമായിരുന്നു...
ഞാൻ ആ വീട്ടിൽ ചെല്ലുമ്പോൾ വെറും തറയിൽ മുത്രത്തിലും അപ്പിയിലും ഉരുണ്ട് ഉണ്ണിമോൾ, കുറച്ചപ്പുറത്ത് ടീവി കണ്ടുകൊണ്ട് ഉണ്ണിയേട്ടന്റെ ഏട്ടത്തി ഇരുപ്പുണ്ട്....(ചേട്ടന്റെ ഭാര്യ )
എന്നെ കണ്ടപ്പോൾ ഏട്ടത്തി എഴുന്നേറ്റ് വന്നു. ഇതെന്നാ ഈ കുഞ്ഞിനെ കഴുകിക്കാതെ ഇങ്ങനെ കിടത്തിയിരിക്കുന്നത് എന്തെല്ലാം അസുഖങ്ങൾ വരുമെന്ന് അറിയാമോ ഏട്ടത്തി....
ഇപ്പോഴെങ്ങാണ്ടാ മീനു അത് മുള്ളിയത്, ഞാൻ സീരിയൽ കഴിയാൻ ഇരിക്കുവാരുന്നു, പിന്നെ അപ്പിയും മൂത്രവും അതിന്റെ തന്നെ അല്ലെ, ഇച്ചിരി കഴിഞ്ഞാലും കഴുകിക്കുമല്ലോ പിന്നെ എന്താ...
നിങ്ങളുടെ സ്വന്തം കുഞ്ഞാണെൽ ഇങ്ങനെ ചെയ്യുമോ എന്നുള്ള നൂറു ചോദ്യങ്ങൾ മനസിൽ വന്നു എങ്കിലും മറ്റൊന്നും ചോദിക്കാതെ മനസ്സിൽ തികട്ടി വന്നതെല്ലാം അടക്കി അവരെ ഒന്നു നോക്കി, ഇവര് ഒരു 'അമ്മ തന്നെയാണോ കഷ്‌ടം. .
ഉണ്ണിമോള് ആ സമയം എന്നെ നോക്കി അവളുടെ കുഞ്ഞു മോണ കാട്ടി ചിരി തുടങ്ങിയിരുന്നു.. .
അവളെ വാരി എടുത്ത് കൊണ്ടുപോയി കഴുകിച്ചു വന്നപ്പോൾ ഏട്ടത്തി വേറെ ഉടുപ്പ് കൊണ്ട് തന്നു....
അതിടിപ്പിച്ച് അവളെ കുറെ നേരം കളിപ്പിച്ചു, മനസ്സ് കുറച്ചു ശാന്തമായപ്പോൾ ഞാൻ ഏട്ടത്തിയോട് പറഞ്ഞു, കുഞ്ഞുങ്ങളെ അങ്ങനെ കിടത്തരുത് ഏട്ടത്തി, അവർക്കു വേഗം അസുഖം വരും..
അപ്പോൾ ഏടത്തിയുടെ മറുപടി എന്നെ വല്ലാതെ സങ്കടപ്പെടുത്തി....
അവളുടെ അച്ഛനില്ലാത്ത എന്ത് ഉത്തരവാദിത്തമാ കൊച്ചെ ഞങ്ങൾ ചെയ്യണ്ടേ,
അപ്പൊ ഉണ്ണിയേട്ടൻ?
എന്തോ പറയാനാ മീനു അവളുപോയെ പിന്നെ ജോലിക്ക് പോയിട്ടില്ല, നീണ്ടഅവധിക്ക് എഴുതി കൊടുത്തിട്ടു നേരവും കാലവും ഇല്ലാതെ കുടിച്ചു നടപ്പുണ്ട്..
മനസ്സിൽ ഉണ്ണിയേട്ടന്റെ മുഖം വന്നപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു, ആരും കാണാതെ കണ്ണും തുടച്ചു അവിടെ നിന്ന് പോന്നു...
അന്ന് വൈകുന്നേരം ഉണ്ണിമോൾക്ക് കുറച്ചു സാധനങ്ങൾ വാങ്ങി തിരികെ വരുമ്പോൾ കവലയിൽ വച്ച് ഉണ്ണിയേട്ടനെ കണ്ടു, കള്ളു കുടിച്ചു നടക്കാൻപോലും പറ്റാതെ വേച്ചു പോയ ഉണ്ണിയേട്ടനെ താങ്ങി ഓട്ടോയിൽ കയറ്റി വീട്ടിൽ കൊണ്ടുപോയി വിട്ടു.... .
അവിടെ വെച്ച് എന്നെ കണ്ട ആരോ അച്ഛന്റെയും ഏട്ടന്റെയും കാതിൽ തൊടുപ്പും തൊങ്ങലും വെച്ച് കഥ എത്തിച്ചു...
വൈകുന്നേരം അച്ഛന്റെയും ഏട്ടന്റെയും കൈയിൽ നിന്നു ഭേഷാ കിട്ടി...
ഒന്നുമറിയാതെ തടസ്സം പിടിക്കാൻ വന്ന അമ്മയുടെ നെഞ്ചിൽ കെട്ടിപിടിച്ച് പതിമൂന്നാമത്തെ വയസ്സുതൊട്ടുള്ള എന്റെ സ്നേഹവും ഇപ്പോളത്തെ ഉണ്ണിമോളുടെയും ഉണ്ണിയേട്ടന്റെ അവസ്‌ഥ വരെയുള്ള കാര്യങ്ങൾ അമ്മയോട് പറഞ്ഞപ്പോൾ മനസ്സ് ഒന്ന് തണുത്തു....
ഉണ്ണിയേട്ടൻ സമ്മതിക്കുവാണെങ്കിൽ ഉണ്ണിമോളെ ഞാൻ നോക്കിക്കോളാം അമ്മെ ഈ ജന്മം മുഴുവൻ എന്റെ മോളായി...
'അമ്മ സമാധാനിപ്പിച്ചു , മകളുടെ ചങ്ക് കലങ്ങിയപ്പോൾ പെറ്റ വയറിനു നൊന്തു...
അതുകൊണ്ട് ഫലമുണ്ടായി ' നയത്തിൽ കാര്യങ്ങൾ അമ്മ വഴി അച്ഛനിലേക്കും അതുവഴി ഏട്ടനിലേക്കും എത്തിയപ്പോൾ കാര്യം എളുപ്പമായി......
അടുത്ത ദിവസം തന്നെ ഏട്ടൻ ഉണ്ണിയേട്ടനോടും ഉണ്ണിയേട്ടന്റെ അച്ഛനോടും കാര്യങ്ങൾ അവതരിപ്പിച്ചു, പക്ഷേ ഉണ്ണിയേട്ടന് ഇപ്പോൾ മറ്റൊരു വിവാഹത്തിന് താല്പര്യമില്ലെന്ന് പറഞ്ഞു......
വീട്ടിൽ വന്ന് ഏട്ടൻ കാര്യം പറഞ്ഞപ്പോൾ ഒരുവട്ടം എനിക്ക് ഒരു അവസരം തരാൻ ഞാൻ എല്ലാവരോടും കെഞ്ചി, മനസ്സില്ലാ മനസ്സോടെ എല്ലാവരുടെയും മൗനസമ്മതത്തിൽ അടുത്ത ദിവസം നേരം വെളുത്തപ്പോൾ തന്നെ ഞാൻ ഉണ്ണിയേട്ടന്റെ വീട്ടിലെത്തി, രാവിലെ തന്നെ എന്നെ കണ്ട് എല്ലാവരും ഒന്നമ്പരന്നു...
കൈയിൽ അടുക്കി പിടിച്ചിരുന്ന ഡയറികൾ ഉണ്ണിയേട്ടന്റെ കൈയിൽ കൊടുത്തിട്ടു ഒന്നും മിണ്ടാതെ ഞാൻ ഇറങ്ങി പോന്നു...
രണ്ട് ദിവസം കഴിഞ്ഞ് പതിവില്ലാതെ വീട്ടിലേക്കു കയറി വരുന്ന ബുള്ളറ്റിന്റെ സൗണ്ടിൽ എന്റെ മനസ്സും മുഖവും ഒരു പോലെ വിടർന്നു....
പൂമുഖത്ത് കല്യാണചർച്ചകൾ പൊടിപൊടിച്ചപ്പോൾ അകത്ത് ഞാൻ എന്റെ ഉണ്ണിമോളുടെ അമ്മയായി കഴിഞ്ഞിരുന്നു....
ഉണ്ണിയേട്ടനോടുള്ള പ്രണയത്തെക്കാൾ അപ്പോൾ എന്നിൽ ജ്വലിച്ചു നിന്നത് അമ്മയെന്ന വികാരമായിരുന്നു....
എന്റെ ശാലുവിനോടുള്ള കടപ്പാട് ആയിരുന്നു...
ഉണ്ണിമോൾ ജനിക്കുന്നതിനു മുൻപേ അവൾ എന്നോട് പങ്കുവച്ച അവളുടെ സ്വപ്നങ്ങൾ ആയിരുന്നു...
ലൈക്ക് കമന്റ് ചെയ്യണേ...