രചന: മഞ്ജു ജയകൃഷ്ണൻ
"എടോ താൻ ആ സിബ് ഒന്ന് ഇട്ടേ "
സിബ് എന്ന് കേട്ടപ്പോഴേ ഞാൻ ആകെ ഒന്ന് ചമ്മി.... താഴേക്ക് നോക്കുമ്പോഴേക്കും ആ ഉണ്ടക്കണ്ണി അവളുടെ ബുൾസെ പോലുള്ള കണ്ണ് മിഴിച്ചു
"അവിടെ അല്ല എന്റെ ബാക്കിലെ സിബ് "
ഈശ്വരാ ഈ സാധനത്തിനു നാണവും മാനവും ഇല്ലേ? ഞാൻ ആത്മഗതം പറഞ്ഞു
പുര നിറഞ്ഞു നിൽക്കുവാ എങ്കിലും ഇതേ വരെ ചീത്ത പേര് കേൾപ്പിച്ചിട്ടില്ല. പല പെൺകുട്ടികളോടും ഇഷ്ടം തോന്നി എങ്കിലും അതു പോലും ഉള്ളിൽ ഒളിപ്പിച്ചു നടന്ന ഈ എന്നോട് ഒരു പെണ്ണ് .......
"താൻ എന്താ സ്വപ്നം കാണുവാണോ? എടോ എനിക്ക് കൈ എത്താത്ത കൊണ്ടാ.. "
അവൾ പറഞ്ഞു കൊണ്ടേ ഇരുന്നു...
പെട്രോളിന്റെ വില കൂടിയത് കൊണ്ടാണ് കാർ പൂൾ തുടങ്ങിയത്.. പെൺകുട്ടികളെ കേറ്റിയിരുന്നില്ല.. ഇന്ന് വേറെ ആരും ഇല്ലാത്ത കൊണ്ട് ആദ്യമായി ഒരു പെണ്ണിനെ കേറ്റി.
ചമ്മിയ ചിരിയോടെ ആദ്യമായി ഒരു പെണ്ണിന്റ സിബ് ഞാൻ ഇട്ടു കൊടുത്തു.
ഇറങ്ങുന്ന നേരം അവളൊരു ഡയലോഗ്
"ഇത് ഇനി വച്ചോണ്ട് അവളുടെ അടുത്ത് ചെന്നാൽ മുട്ട് കാലു കേറ്റും എന്നും "
'ഒരു കാര്യവും ഇല്ലായിരുന്നു '....ഞാൻ മനസ്സിൽ പറഞ്ഞു
പിന്നെ എന്നും അവളെ പ്രതീക്ഷിച്ചു എങ്കിലും അവളെ കണ്ടതെ ഇല്ല.
എന്റെ അന്വേഷണങ്ങൾക്കോടുവിൽ ആ നഗ്നസത്യം ഞാൻ മനസ്സിലാക്കി
സദ്ദാം ഹുസൈനു ഹിറ്റ്ലറിൽ ഉണ്ടായ ഐറ്റം ആണ്.. തനി പോക്കിരി.. കാണാൻ കൊള്ളാം എങ്കിലും പ്രണയം ആണെന്ന് വല്ലോം പറഞ്ഞു ചെന്നാൽ അവൾ കണ്ടം വഴി ഓടിക്കും.
ബുള്ളറ്റിൽ ഓഫീസിൽ വന്നു പോകുന്ന സാധനം..കൂട്ടുകാരിൽ മുഴുവൻ ആണുങ്ങൾ മാത്രം. വെള്ളമടി രഹസ്യമായും പുകവലി പരസ്യമായും ഉണ്ടെന്നു പറയുന്നു.
ഇതൊക്കെ കേട്ടപ്പോൾ എന്റെ ഇഷ്ടം ജനാല വഴി പറന്നു എവിടെയോ പോയി
വീട്ടിൽ ആണെങ്കിൽ എന്നെ പെണ്ണുകെട്ടിക്കാൻ ഉള്ള ശ്രമങ്ങൾ നടന്നു കൊണ്ടേ ഇരുന്നു...
ബ്രോക്കറുടെ കയ്യിൽ നിന്നും ചാടിപ്പോയ ഫോട്ടോയിൽ ആണ് ഞാൻ പിന്നീട് അവളെ കാണുന്നത്... ഉള്ളിൽ ഉണ്ടായിരുന്ന ഇഷ്ടം തല പൊക്കി എങ്കിലും റിസ്ക് എടുക്കാൻ വയ്യാത്ത കൊണ്ട് ഞാൻ ആ ഭാഗത്തേക്ക് പോയില്ല.
ഒടുവിൽ വീട്ടുകാർ കണ്ടു പിടിച്ച ശാലീന സുന്ദരിയെ പെണ്ണ് കാണാൻ ഞാൻ പോയി. ആദ്യനോട്ടം ചെന്നെത്തിയത് അവളിൽ ആണ്
'പെണ്ണിന്റെ അമ്മാവന്റെ മോള് ആണത്രേ '
പട്ടുപാവാട ഒക്കെ ഇട്ട് നിൽക്കുന്ന നിൽപ്പ് കണ്ടപ്പോൾ മനസ്സ് പിന്നെയും ഒന്ന് ഉലഞ്ഞു.
എന്റെ നോട്ടം മുഴുവൻ അവളിൽ ആയിരുന്നു. കല്യാണപെണ്ണിനെ കണ്ടതു പോലും ഞാൻ ഓർത്തില്ല
അവർക്കു സമ്മതമാണ് എന്ന് കേട്ടപ്പോൾ ഞാൻ ആകെ വിഷമിച്ചു. അവൾ എനിക്ക് 'നല്ല പിള്ള' സർട്ടിഫിക്കറ്റ് കൂടെ തന്നു എന്ന് കേട്ടപ്പോൾ എവിടെയോ ഒരു നന്മ അവളിൽ ഞാൻ കണ്ടു
വീട്ടിൽ എങ്ങനെയോ കാര്യം അവതരിപ്പിച്ചു... ഒടുവിൽ അവളെ എന്റെ നല്ലപാതിയാക്കി
ആദ്യരാത്രിയിൽ അവളോടായി ഞാൻ പറഞ്ഞു.
" മദ്യം ഞാൻ വാങ്ങി തരാം. ആരും കാണാതെ കഴിക്കണം അതു പോലെ സിഗരറ്റും "
"ഈ സാധനം കടിക്കുമോ " എന്ന രീതിയിൽ ഇരിക്കുന്ന എന്നോട് പെണ്ണ് ചിരിച്ചു കൊണ്ടു പറഞ്ഞു "കടിക്കില്ല എന്ന് ".മനസ്സു വായിക്കാൻ ഇതിനു വല്ല കഴിവും ഉണ്ടോ എന്ന് മനസ്സിലോർത്തു
പിറ്റേ ദിവസം ഒളിച്ചും പാത്തും കുപ്പി വാങ്ങി ഞാൻ മണിയറയിൽ എത്തി.
"ഏതാ ബ്രാൻഡ്"..
അവളുടെ ചോദ്യത്തിനു മുന്നിൽ ഞാൻ ഒന്നും മിണ്ടിയില്ല. ഈ സാധനം കൈ കൊണ്ടു തൊടാത്ത എനിക്ക് എന്ത് ബ്രാൻഡ്
ഒന്നു കറങ്ങാൻ പോകാം എന്നും പറഞ്ഞു അവൾ വിളിച്ചു..ചിരിച്ചു കുഴഞ്ഞു നിൽക്കുന്ന അവളെ കണ്ടപ്പോൾ എനിക്ക് സംഗതി മനസ്സിലായി.മദ്യം പണി തുടങ്ങി. അങ്ങനെ ഞങ്ങൾ പുറത്തു പോയി. ആ യാത്ര അവളുടെ വീട്ടിൽ എത്തി
പ്രായമായ അപ്പൂപ്പന്റെ തലക്കൽ അവൾ ആ കുപ്പി വെച്ച കണ്ടപ്പോൾ ഞാൻ അവളെ നോക്കി. കൂടെ ഒരു പാക്കറ്റ് സിഗററ്റും
എന്റെ മനസ്സിൽ സന്തോഷം പെരുമ്പറ കൊട്ടി... അപ്പൊ ഇതാണ് കാര്യം.. പെണ്ണൊന്നു എന്നെ ആക്കിയത് ആണ്.
അപ്പൂപ്പനു കാൻസർ ആണ്.ഒരുപാട് നാൾ ഇല്ല. വീട്ടിൽ അറിഞ്ഞാൽ ആരും വാങ്ങി കൊടുക്കില്ല. അപ്പൂപ്പനു ഇതില്ലാതെ പറ്റില്ല. അതു കൊണ്ട് കൊച്ചു മോൾ വാങ്ങി കൊടുക്കുന്നു
ആ ജോലി ഞാൻ ഏറ്റെടുത്തു. അപ്പോൾ പിന്നെ എല്ലാരും പറയാൻ തുടങ്ങി...
"അവളുടെ കൂടെ കൂടി അവനും ഇപ്പോൾ.. "
സത്യം പറഞ്ഞാൽ അവളുടെ കൂടെ കൂടി എനിക്ക് കുറച്ചു ബോധം വെച്ചു. സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കാൻ ഞാൻ തുടങ്ങി. സ്വന്തം ഇഷ്ടങ്ങളെ ആരെയും പേടിക്കാതെ ചെയ്യാൻ തുടങ്ങി
കൂടെ നിൽക്കുന്നവർക്ക് വേണ്ടി ചങ്ക് പറിച്ചു കൊടുക്കുന്ന ഐറ്റം ആണെന്ന് എനിക്ക് മനസ്സിലായി
സ്‌നേഹിക്കുമ്പോൾ പെണ്ണ് കടിച്ചു പറിക്കും. വഴക്കിടുമ്പോൾ ചങ്കിടിച്ചു കലക്കും
അങ്ങനെ ജീവിതത്തിൽ അടൂർ ഗോപാലകൃഷ്ണൻ ആകുവായിരുന്ന എന്നെ പെണ്ണ് അല്ലു അർജുൻ ആക്കി മാറ്റി... ശുഭം
ലൈക്ക് കമന്റ് ചെയ്യണേ...