അവളുടെ സന്തോഷം കണ്ട് അവൾക്ക് വേണ്ടി അത്രയെങ്കിലും ചെയ്തതിൽ സന്തോഷവും തോന്നി...

Valappottukal

 


രചന: ബിനുവിന്റെ പ്രണയകഥകൾ


"ഉണ്ണിയെ...രാവിലെ എങ്ങോട്ടാ യാത്ര...? "


ബൈക്കുമായി പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അപ്പുറത്തെ വീട്ടിലെ മീനുചേച്ചി ബൈക്കിന് വട്ടം വച്ച് ചോയിച്ചത്. 


"ഏയ്...ഞാനിവിടെ ആലപ്പുഴ വരെ. 

ഒരു വെഡിങ് ഷൂട്ട് ഉണ്ട്..."


"എപ്പോ വരും നീ..?" 


"നാളെ രാത്രിയാവും ചേച്ചി...

പോട്ടെ വൈകുന്നു.. 

ചേച്ചി അമ്മായിവിടെ ഒറ്റക്കെ ഉള്ളു. 

ഇടക്കൊന്നു നോക്കിയേക്കണേ..."


"ആ...ഞാൻ ഇവിടുണ്ട് മോനെ നീ പോയിട്ട് വാ.. പിന്നെ വരുമ്പോ നല്ല കരിമീൻ കിട്ടുവാണേൽ വാങ്ങിക്കോ...."


"ആ...നോക്കാം ചേച്ചി..." 

ഹെൽമറ്റ് തലയിലേക് വച്ചുകൊണ്ട് വണ്ടി മുന്നോട്ട് എടുത്തു... 


രാവിലെ നല്ല മഞ്ഞും നല്ല തണുപ്പും ഒക്കെ ആസ്വദിച്ചു ഉണ്ണി വണ്ടിയൊടിച്ചു. 


ഇടക്കിടക്ക് അമ്മേ വിട്ട് നിക്കുന്നതും വല്ലാത്തൊരു വിഷമം ആരുന്നു. ജോലിക്ക് വന്നാൽ തന്നെ ക്യാമറയിൽ ആണ് കണ്ണെങ്കിലും ഉള്ളില് നിറയെ അമ്മയാണ്. 


പോകുന്ന വഴി ആശാന്റെ ഫോൺ കോളുകളും പെട്ടെന്ന് ചെല്ലാനുള്ള വിരട്ടലുകളും ഒക്കെ കൂടെ ഉണ്ണീടെ മനസിനെ വല്ലാണ്ട് തളർത്തി... 


10 മണിയോടെ കല്യാണ വീട്ടില് എത്തി.. 


എരി പൊരി വെയിലത്ത് വിയർത്ത് കുളിച്ചു ക്യാമറയും ലൈറ്റും തൂക്കി നടന്ന് മറ്റുള്ളവരുടെ സന്തോഷത്തിൽ മുഴുകിയും സമയം തള്ളി നീക്കി. 


ഒക്കെ തീർന്നെന്ന് കരുതി റസ്റ്റ്‌ എടുക്കാൻ തുടങ്ങുമ്പോഴാവും ചേട്ടാ ഒന്നെടുക്കുവോന്ന് ചോയിച്ചു പിന്നിൽ നിന്ന് വിളി വരുന്നത്. പിന്നെ അവരുടെ സന്തോഷം അല്ലെ ദാഹിച്ചാലും വിശന്നാലും പണി കഴിയും വരെ പണിയാണ്. 


പെൺ വീട്ടിലായത് കൊണ്ട് തരുണീമണികളായ കൂട്ടുകാരികളേം കാണാം എന്ന് മാത്രം. 


രാത്രി പെണ്ണിന് പുടവയുമായി ചെക്കന്റെ വീട്ടുകാർ വന്നപ്പോഴാണ് ശരിക്കും പെണ്ണിനെ ഒന്ന് കണ്ടത്... 


എന്താ അഴക്.. 

അത്രേം തിരക്കിനിടക്കും അവളുടെ കൊന്ത്രപ്പല്ല് കാട്ടിയ ചിരിയും... ആ ഇരുപത് കാരിയുടെ കുറുമ്പും എന്റെ അസ്ഥിക്ക് പിടിച്ചു. ശരിക്കും പറഞ്ഞാ അവളെ കണ്ടപ്പോ നൂറ് വാട്ടിന്റെ ബൾബ് കത്തിയ മാതിരിയായി ഞാൻ. നിയന്ത്രണം ഒക്കെ ആ ആദ്യ നോട്ടത്തിൽ തന്നെ പോയിരുന്നു... 


സാധാ ഒരു ക്യാമറക്കാരന്റെ ധർമങ്ങളൊക്കെ അവിടെ അവസാനിക്കുകയായിരുന്നു... 


ഇടനെഞ്ചിലെന്തോ കൊണ്ട് കേറിയ അവസ്ഥ... ക്യാമറയിലൂടെ അവളെ കണ്ണിമ വെട്ടാതെ നോക്കിയിരിക്കാൻ വല്ലാത്ത സുഖം തന്നെയായിരുന്നു... 


രാത്രി കിടന്നിട്ടും ഉറങ്ങാൻ പറ്റാത്ത ഒരവസ്ഥ.. 


നേരം വെളുത്തപ്പോ തന്നെ എഴുന്നേറ്റു കുളിച്ചു ഫ്രഷ് ആയി ക്യാമറയുമെടുത്ത് വീട്ടിൽ എത്തി. 


പെണ്ണ് ഒരുങ്ങി ഇറങ്ങി. 


"ഉണ്ണി...നീ ലിജോയെ വിളിച്ചു അങ്ങോട്ട് ചെല്ല്. 

ഒന്നും മിസ്സാക്കല്ലേ മോനെ..."


"ഒക്കെ ജോണിയേട്ട... "


ആൾക്കൂട്ടത്തിനിടയിലൂടെ നുഴഞ്ഞു പെണ്ണിന്റ റൂമിന്റെ അടുത്തെത്തി. 


ഇറങ്ങാനുള്ള നിർദ്ദേശങ്ങളൊക്കെ കൊടുത്ത് ക്യാമറ വാതിലിനോട് കുറച്ച് മാറ്റി സെറ്റ് ചെയ്തു. 


"ആക്ഷൻ..."

കതവ് മെല്ലെ തുറന്ന്. 

സ്വർണത്തിൽ കുളിച്ചു ചുവന്ന പട്ട്പുടവയണിഞ്ഞു സുന്ദരിയായൊരു പെണ്ണ്..


അവളിങ്ങനെ വാതിൽ തുറന്നുറങ്ങി വരുന്നത് കണ്ട്  ക്യാമറ കണ്ണും ഞാനും ലയിച്ചു നിന്നു. 


മന്ദം മന്ദം അവൾ എന്റെ അടുത്തേക്ക് നടന്ന് വന്നു. 


ശരിയാകാഞ്ഞ് അവളുടെ കണ്ണിലേക്കു നോക്കി അടുത്ത ടേക്ക് എടുക്കാനും പറയാൻ പറ്റാതെ വല്ലാതെ ഞാൻ വിഷമിച്ചു. 


എന്റെ കാമറയും കണ്ണും അവളുടെ ചിത്രങ്ങൾ ഒപ്പിക്കൊണ്ടേയിരുന്നു. 


അത്രക്ക് സുന്ദരിയായിരുന്നു അവൾ.... 


മണ്ഡപത്തിലേക്കുള്ള യാത്രയിൽ അവൾ പോയ കാറിന്റെ വിഡിയോ എടുക്കാൻ അതിന് മുന്നിലായ് കാറിന്റെ ടിക്കിയിൽ വിഡിയോ ക്യാമറ സെറ്റ് ചെയ്തു പോകുമ്പോഴും എനിക്ക് അവൾ അത്ര പ്രീയപ്പെട്ടാളായി തോന്നി.... 


"അവര് എത്താൻ വൈകും ഇനി എന്തെങ്കിലും എടുക്കാനുണ്ടെങ്കിൽ നീ അങ്ങോട്ട് ചെല്ല് പെണ്ണവിടെ ഫ്രീയാ കാറിലുണ്ട്..."


"ആ ശരി ജോണിയേട്ട..."


ഒന്ന് മിണ്ടാൻ കൊതിച്ച് അവളുടെ അടുത്തേക്ക് ചെന്ന്. 


എന്നെ കണ്ടപ്പോത്തന്നെ ഗ്ലാസ് താഴ്ത്തി. 


"വെള്ളം വല്ലതും വേണോ...?"

എന്റെ ചോദ്യം കേട്ട് അവൾ വേണം വേണ്ട എന്ന മട്ടിൽ തലയാട്ടി...


"ഇന്നാ കുടിച്ചോ.." 

കയ്യിലിരുന്ന മിനറൽ വാട്ടർ നീട്ടിക്കൊണ്ട് ഞാൻ പറഞ്ഞു. 


അത് വാങ്ങി തൊണ്ട ഒന്ന് നനച്ചിട്ട് എന്നോട് താങ്ക്സ് പറഞ്ഞു... 


"പറ്റുമെങ്കിൽ കുറച്ചൂടെ പിക്സ് എടുക്കട്ടെ..?"


"ഏയ് വേണ്ട ട്ടോ മതി... 

എനിക്കിനി വയ്യ... ഈ സാധനം എല്ലാം കൂടെ ഊരിവക്കാൻ പറ്റിയിരുന്നേൽ അത്രയും നന്നായിരുന്നു..." 


"എന്ത് പറ്റി...? 

ടെൻഷനുണ്ടോ...?"


"ഏയ്..."


അവളൊന്ന് പുഞ്ചിരിച്ചു... 


ആ മുഖത്ത് എന്തൊക്കെയോ പരിഭവങ്ങൾ ഉണ്ടായിരുന്നു.. 


എന്തും വരട്ടെന്ന് കരുതി കുറച്ചു സംസാരിക്കാൻ തന്നെ തീരുമാനിച്ച് അവള്ടെ അടുത്ത് തന്നെ നിന്നു... 


മുഖത്തൊരു വിഷാദം കണ്ട് വീണ്ടും കാര്യം തിരക്കി.. 


"എന്തേലും പ്രശ്നം ഉണ്ടോ കുട്ടി.. 

ഞാൻ കണ്ടപ്പോഴൊക്കെ താൻ എന്തോ നല്ല വിഷമത്തിൽ ആയിരുന്നെന്നു തോന്നി... 

എന്റെ എന്തെങ്കിലും ഹെല്പ് വേണമെങ്കി പറയാൻ മടിക്കേണ്ട..."


അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... 


"എന്നോട് ഇന്നുവരെ ആരും എന്റെ ഇഷ്ടങ്ങളൊന്നും ചോയിച്ചിട്ടില്ല. 

എനിക്ക് ഈ കല്യാണം വേണ്ട..."


"തനിക്ക് ആരെയെങ്കിലും ഇഷ്ടമാണോ...? 

കാത്തിരിക്കാനാരെങ്കിലും ഉണ്ടെങ്കി..?? "


അവൾ കരഞ്ഞു കൊണ്ട് തല താഴ്ത്തി... 


"താൻ കരയല്ലേ..."


"തന്നെ കാത്ത് ആരെങ്കിലും ഉണ്ടേൽ ഞാൻ ഇപ്പൊ അവിടെ കൊണ്ട് പോകും.... 

അതിൽ ഇനി എത്രവലിയ റിസ്ക് എടുക്കാനും ഞാൻ തയ്യാറാണെന്നെ..."


"ഉം...എനിക്ക് ഇവിടുന്ന് പോണം... 

എനിക്ക് ഈ കല്യാണം തീരെ ഇഷ്ടമല്ല ചേട്ടാ... 

പ്ലീസ് ഹെല്പ് മി... 

എല്ലാരുടേം ഇഷ്ടങ്ങൾ എന്റെ മേൽ അടിച്ചമർത്തി എന്നെ ഭ്രാന്ത് പിടിപ്പിക്കുവാ..."


"അയ്യോ കുട്ടി ഞാൻ വെറുതെ തമാശക്ക്...!!"


"ഞാൻ തമാശ പറഞ്ഞതല്ല ചേട്ടാ... 

എനിക്ക് ഇവിടെ നിന്നാ വട്ട് പിടിക്കും... 

എല്ലാരുടേം മുന്നേ ചിരിച്ചു കാണിച്ചു മടുത്തെനിക്ക്..."


"ടോ താൻ വിഷമിക്കാതെ.."


"ഇനി അധികം സമയം ഒന്നുമില്ല അവരിപ്പോ വരും.. 

ഇവിടുന്ന് പോകാനും ഒരു വഴിയുമില്ല മുഴുവൻ ആളാ.."


"പിന്നെ എന്ത്‌ ചെയ്യും...? 

അവളുടെ ചോദ്യത്തിന് കുറച്ചു നേരം ആലോചിച്ചു നില്ക്കന്നല്ലാതെ ഒന്നും പറ്റിയില്ല..." 


"ഇനി ഒറ്റ വഴിയേ ഉള്ളു... കട്ടക്ക് നിന്നോണം. ഞാൻ പറയുന്ന പോലെ കേട്ടോണം...!!

താൻ ഇവിടെ തളർന്ന പോലെ കിടക്ക്.. 

ബാക്കി ഞാനേറ്റു..."


മെല്ലെ സ്ലോ മോഷനിൽ ഡ്രൈവർ സീറ്റിലേക്ക് നടക്കുമ്പോ കഴുത്തിൽ ഒരു സ്റ്റൈലിൽ തൂക്കിയിട്ട ഗ്ലാസും എടുത്തു ചെവിയിലേക്ക് വച്ചു ഡോർ തുറന്നു വണ്ടി സ്റ്റാർട്ട്‌ ചെയ്തു. 


ശബ്ദം കേട്ട് എല്ലാരും വണ്ടിയിലേക്ക് നോക്കി... 


ഹോണടിച്ചു ലൈറ്റും ഇട്ട് ആളുകളെ മാറ്റി സ്പീഡിൽ വണ്ടി മുന്നോട്ട് കുതിച്ചു... 


"എങ്ങോട്ട് പോകുവാ ഈ നേരത്ത്...?? " 

ആരൊക്കെയോ ഉറക്കെ വിളിച്ചു ചോദിച്ചു 


മറുത്തൊന്നും പറയാതെ കാർ മിന്നൽ സ്പീഡിൽ കുതിച്ചു. 


കുറെ ദൂരങ്ങൾ പിന്നിട്ടു. 


"ടോ താൻ എഴുന്നേക്ക്.. 

എങ്ങാനും അവര് വണ്ടി തടഞ്ഞാ പറയാൻ ഒരു കാരണം വേണ്ടേ അതുകൊണ്ടാ ഞാൻ കിടക്കാൻ പറഞ്ഞെ..."


"ഉം..."അവൾ മെല്ലെ മൂളി.


"എന്താണ് ഒരു മൂഡോഫ്...? "


"ഏയ് മൂഡോഫ് ഒന്നുമില്ല.. 

എനിക്ക് ഈ കല്യാണം വേണ്ടന്ന് നൂറ് പ്രാവശ്യം ഞാൻ പറഞ്ഞയ അവരുടെ ഇഷ്ടത്തിന് എന്റെ തലയിൽ ആരേം കെട്ടിവെക്കുന്നത് എനിക്ക് പറ്റില്ല..."


"അതെ തനിക്ക് പേടിയുണ്ടോ...?"


"ഏയ് പേടി ഒന്നുല്ല... എന്നാലും ചെറിയൊരു ഭയം.." 


"എന്തിന്...? "


"അമ്മയും അച്ഛനും..."


"അവർക്ക് അവരുടേതായ സ്വപ്നങ്ങൾ ഇല്ലെടോ...സ്വന്തം മകളുടെ നല്ലതേ അവർ ആഗ്രഹിക്കു...അവർ വിചാരിക്കും മക്കൾക്ക് നല്ലത് മാത്രം കിട്ടണം എന്ന്... പക്ഷെ ചിലപ്പോഴൊക്കെ അവരുടെ പിടിവാശി കൊണ്ട് തകരുന്നത് മക്കളുടെ സ്വപ്നവും സന്തോഷവും... ഒരുപക്ഷെ അവർ ആഗ്രഹിക്കുന്നതിനേക്കാൾ മനോഹരമായ ജീവിതവും ആകും...!!


"അതൊക്കെ പോട്ടെ എവിടെയാ പോകേണ്ടേ... 

പുള്ളിടെ വീട് എവിടെയാ....? "


"വീട്... 

വീട് ശരിക്കും എനിക്ക് അറിയില്ല... 

മൂന്നാർ ആണ്..

നല്ല ദൂരമുണ്ട്..."


"വീടും കൂടും ഒന്നും അറിയൂലെ..?"


അവൾ ഒന്നും മിണ്ടിയില്ല.. 


"സാരമില്ല വഴിയുണ്ടാക്കാം... 

കക്ഷിടെ ഫോണിൽ വിളിക്ക്. 

വരുവാണെന്ന് പറ..."


"ഉം വിളിക്കാം..."


കുറേ സമയം വിളിച്ചുകൊണ്ടിരുന്നിട്ടും അവൾ ഒന്നും പറയാതെ ഫോൺ എന്റെ കയ്യിൽ തിരിച്ചു തന്നു. 


"എന്ത്‌ പറ്റി..?"


"ഫോൺ ഓഫാണ്... 

അവൻ വല്ലോം ചെയ്തു കാണുവോ... 

എനിക്കവനില്ലാതെ പറ്റില്ല...!!""


"താനൊന്ന് വിഷമിക്കാതെ... ഇവിടുന്ന് 160 km ഉള്ളു നമുക്ക് പോയ്‌ കണ്ടുപിടിക്കാമെന്നേ..

അതിന് മുന്നേ ഈ ഡ്രസ് ഒക്കെ ഒന്ന് മാറാം..."


"വണ്ടി തുണിക്കടയുടെ മുന്നിൽ നിർത്തി. 

താനിവിടെയിരിക്ക് ഞാൻ പോയ്‌ വാങ്ങിക്കൊണ്ട് വരാം..."


അവളെ അവിടെയിരുത്തി ഞാൻ ഷോപ്പിലേക്ക് കയറി.. 


ആവശ്യമുള്ള ഡ്രസ് വാങ്ങി വേഗം തിരികെയെത്തി. 


"എവിടെ പോയാ മാറുന്നെ...? 

ഈ വേഷത്തിൽ എങ്ങനെയാ ഷോപ്പിൽ കയറുന്നെ അങ്ങോട്ട്‌ പോകുന്ന വഴി എവിടേലും സൈഡ് ആക്കാം..."


വീണ്ടും വണ്ടി സ്പീഡിൽ കുതിച്ചു. 


അധികം ആളും തിരക്കുമില്ലാത്ത ഒരു സ്ഥലം നോക്കി വണ്ടി നിർത്തി അവളോട് ഡ്രസ് മാറാൻ പറഞ്ഞു ഞാൻ വെളിയിലേക്ക് ഇറങ്ങി. 


ദൂരേക്ക് നോക്കി ഡോറിൽ ചാരി നിന്നു എന്തൊക്കെയൊ മനസ്സിൽ മെനഞ്ഞു. 

അവളുടെ ചന്തം കണ്ട് മനസ് മരവിച്ചാണ് ഒന്ന് മിണ്ടാമെന്ന് വച്ചത്... ഇതിപ്പോ കൈവിട്ട് പോകുമ്പോ എനിക്ക് വട്ടാകുമല്ലോ ദൈവമേ... 


എന്റെ കണ്ണാ എനിക്കിവളെ തന്നെക്കണേ എന്ത്‌ റിസ്ക്കും ഞാൻ എടുത്തേക്കാം. 

വല്ലാണ്ട് ഇഷ്ടപ്പെട്ട് ഇറങ്ങിത്തിരിച്ചതാണേ.. 

അമ്മക്കൊരു കൂട്ട് വേണമെന്ന് കൊറേയായി നിർബന്ധിക്കുന്നു മനസ്സിൽ ഇഷ്ടം വന്ന ഒരുത്തിയേയും ഇന്നുവരെ കണ്ടിട്ടുമില്ല കണ്ടപ്പോൾ അത് ആകെക്കൂടി എന്നെ..... 


അപ്പോഴേക്കും ഡോറിൽ അവൾ കൊട്ടി... 


ഡോർ തുറന്നു... 


"വാ പോവാം..."അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു... 


"ആഹാ ഇപ്പൊ കാണാൻ നേരത്തെക്കാൾ സുന്ദരി ആയിട്ടോ..."


അവള് ഒന്ന് ചിരിച്ചു.... 


"ഇനി വല്ലോം കഴിക്കണം..." 

വണ്ടി ഓടിച്ചോണ്ട് ഞാൻ പറഞ്ഞു... 


"ഉം... എനിക്കും വിശക്കുന്നു.. 

ഓരോന്ന് ഓർത്ത് ടെൻഷൻ കൊണ്ട് രണ്ട് ദിവസായി വല്ലോം കഴിച്ചിട്ട്..."


അവളുടെ കൂടെയുള്ള യാത്ര ഒരു സുഖമുള്ള നിമിഷം തന്നെയായിരുന്നു... 


അവളുടെ കയ്യിലിരുന്ന എന്റെ ഫോൺ ശബ്ധിച്ചു. 


ഫോൺ റിങ് ചെയ്യുന്നു ഇന്നാ സംസാരിക്ക് ഫോൺ അറ്റാൻഡ് ചെയ്ത് എന്റെ നേരെ നീട്ടി... 


"ഹലോ ആരാ...? "


"എടാ ഞാനാ ജോണിയ നീ ആ പെണ്ണിനേം കൊണ്ട് എങ്ങോട്ട് പോയതാ...

ഇവിടെ ആകെ പ്രശ്‌നമ ഉണ്ണി... 

നിനക്ക് എന്താ വേണ്ടേ... 

അവരെല്ലാം കൂടെ കടന്നൽ കൂടിളകിയ പോലെ ഇറങ്ങിയേക്കുവാ...

നിന്നെ കണ്ടാ അവര് കൊല്ലും...!!


ടാ നീ എന്തെങ്കിലും ഒന്ന് പറ... എവിടെയാ നിങ്ങൾ...? "


മറുപടി ഒന്നും പറയാതെ 

ഫോൺ കട്ട്‌ ചെയ്തു... 


"ഈ ഫോൺ ഇനി എന്റെ കയ്യിലിരുന്ന ശരിയാവൂല..."


തൊട്ട് പിറകിൽ വന്ന ചരക്ക് ലോറിയുടെ മുകളിലേക്ക് ഫോൺ എറിഞ്ഞു... 


"എന്ത്‌ പറ്റി...? "


"അവിടെ ഇച്ചിരി പ്രശ്നം ഉണ്ട്... 

ഒക്കെ ഒന്ന് ചൂടാറും വരെ നമുക്ക് മൂന്നാറിൽ തന്നെ നിക്കാം...

താൻ വിഷമിക്കുവൊന്നും വേണ്ട ഒന്നുംസംഭവിക്കില്ല.. 

ധൈര്യമായിരിക്ക്..."


വണ്ടിയുടെ വേഗത വീണ്ടും കൂടിക്കൊണ്ടിരുന്നു. 


യാത്രയിലുടനീളം അവൻ അവളോട് സംസാരിച്ചുകൊണ്ടേയിരുന്നു. 


"നിങ്ങളെങ്ങനെയാ പരിചയപ്പെട്ടത്..? "


"ഫേസ്ബുക്കിലൂടെ..."


"ഫേസ്ബുക്കിലൂടെയോ...? 

ഇവിടെ ഓരോരുത്തര് പിറകെ നടന്നിട്ട് കിട്ടുന്നില്ല. 

അപ്പോഴാ കാണാതേം മിണ്ടാതേം..."


"ആദ്യമൊക്കെ സാദാ പോലെ വല്ലപ്പോഴും സംസാരിക്കുന്ന ഒരാൾ ആയിരുന്നു എനിക്ക് അവൻ.. 

പിന്നപ്പിന്നെ സംസാരിക്കാതിരിക്കാൻ കഴിയാത്ത ആളായി മാറി..."

8

"എത്ര വർഷായി...? "


"മൂന്ന് വർഷം.. 

വീട്ടില് ഒക്കെ അറിയാം.. 

പക്ഷെ അവര് സമ്മതിക്കില്ല.. 

ഇപ്പൊ കണ്ടുപിടിച്ചോണ്ട് വന്ന മരുമോന് അച്ചന്റെ പ്രായം കാണും...

അവർക്ക് എന്റെ സന്തോഷത്തേക്കാൾ സ്റ്റാറ്റസ് ആണ് വലുത്..."


"അതൊക്കെ പോട്ടെ... 

പിന്നെ എങ്ങനെയായിരുന്നു... 

ആരാ ആദ്യം ഇഷ്ടം പറഞ്ഞെ...? "


"ഫേസ്ബുക് പതിയെ വാട്സ്ആപ്പ് ആയി ഞങ്ങളുടെ മാത്രം പ്രിയപ്പെട്ട ലോകത്ത് എപ്പോഴോ അവനോട് വല്ലാത്തൊരു ഇഷ്ടം ഒക്കെ തുടങ്ങി... ഇന്നുവരെ എനിക്ക് നിന്നെ ഇഷ്ടം ആണെന്നോ എന്നെ സ്നേഹിക്കാമോ എന്നൊന്നും ഞങ്ങൾ രണ്ടുപേരും പറഞ്ഞിട്ടില്ല..." 


ഇടക്കെപ്പോഴോ മനസുകൾ തമ്മിൽ അടുത്തു. 


പിന്നെ ഒരിക്കലും അകലാൻ പറ്റാത്തത്ര അടുത്തു. 


"ആഹാ അടിപൊളി... 

വിചിത്രമായ കഥ തന്നെ...

ആട്ടെ തനിക്ക് വേറെ ആലോചനയൊന്നും വന്നില്ലേ..?"


"എനിക്ക് വന്ന ഒത്തിരി ആലോചനകൾ അവന് വേണ്ടി ഞാൻ ഉപേക്ഷിച്ചു..."


"നേരിട്ട് കാണാതെയും അറിയാതെയും ഇത്രത്തോളം അടുക്കാൻ പറ്റുവോ..?" 


"പറ്റില്ല എന്നായിരുന്നു വിശ്യാസം... 

പക്ഷെ ഞങളുടെ കാര്യത്തിൽ അതായിരുന്നു സത്യവും..."


"ഈ മൂന്ന് വർഷങ്ങൾക്കിടയിൽ ഒരിക്കൽ പോലും എന്താ അയാൾ കാണാൻ വരാതിരുന്നത്...?"


"ഒത്തിരി പ്രാവശ്യം എന്നെ നിർബന്ധിച്ചിട്ടുണ്ട്... 

അപ്പോഴൊക്കെ വേണ്ടെന്ന് പറഞ്ഞു ഞാൻ തന്നെയാ ഒഴിഞ്ഞു മാറിയത്... 

എനിക്ക് പേടിയാ ഉണ്ണി അവൻ എന്തെങ്കിലും ചെയ്താ ഞാനും ഈ ലോകത്തിനി ജീവനോടെ കാണില്ല...!!

എനിക്ക് വേണം അവനെ...!!"

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയപ്പോ എന്തോ എന്റെ നെഞ്ചോന്ന് പിടഞ്ഞു.. 


ഇത്രക്ക് തീവ്രമായി ഒരാളുടെ പ്രണയം കേൾക്കുന്നത് ആദ്യമായാണ്... 


കുറച്ചു നിമിഷത്തേക്ക് എനിക്കും അവളോട് പ്രണയം തോന്നിയെങ്കിൽ അവൾ അവന് എന്ത്‌ മാത്രം വിലപ്പെട്ടതാവും... 


"എന്താ സാറേ ആലോചിക്കുന്നേ...? "

എന്റെ കയ്യിൽ തട്ടിക്കൊണ്ട് അവൾ ചോദിച്ചു.. 


"ഏയ് ഒന്നുല്ല...

പെട്ടെന്ന് എത്തണം അവിടെ. 

നേരമിരുട്ടിയാ ആളെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ട് ആവും...

ഒരു ഫോണും നമ്പറും ഉടനെ വാങ്ങണം... 

ആ ഗോൾഡ് എവിടേലും സൂക്ഷിച്ചു വെക്ക് ട്ടോ... "


അവള് തലയാട്ടി... 


"ക്ഷീണം ഉണ്ടേൽ ഒന്ന് മയങ്ങിക്കോ എത്താറാവുമ്പോഴേക്കും ഞാൻ വിളിക്കാം..."


സീറ്റ് അഡ്ജസ്റ്റ് ചെയ്തു കൊടുത്തു അവൾ അതിലേക്ക് കിടന്നു.. 


വണ്ടി മെല്ലെ പാഞ്ഞു... 


നാലുമണിയോടടുത്തപ്പോഴേക്കും ഒരു ചായക്കട ലക്ഷ്യമാക്കി വണ്ടി നിർത്തി.... 


"ടോ ലച്ചു എഴുന്നേക്ക്... 

ഒരു ചായ കുടിക്കാം..."


"എത്താറായോ...? "എഴുന്നേറ്റിരുന്നുകൊണ്ട് അവൾ ചോദിച്ചു


"ഉം..കുറച്ചു ദൂരം കൂടിയേ ഉള്ളു... "


"പിന്നെ ഈ സ്ഥലങ്ങൾ ഒക്കെ കാണ് എന്ത്‌ ഭംഗിയാ...? " 


"ആഹാ...

തനിക്കിനി എപ്പോഴും കാണാലോ അല്ലെ...? "


അവള് മെല്ലെ ചിരിച്ചു... 


"ചായ പറയട്ടെ...? "


"ചായ ഞാൻ കുടിക്കില്ല... 

കട്ടൻ വല്ലോം കിട്ടുവോ...? "


"കട്ടൻ കിട്ടണേൽ ടൗണിൽ പോണം ഇവിടെ.."


"എന്റെ മാഷേ അതല്ല... 

കട്ടൻ ചായ..."


"ഓഹ് അത് കിട്ടും... വാ ഇറങ്ങ് അവിടെ പൈപ്പ് ഇണ്ട് മുഖം ഒക്കെ ഒന്ന് കഴുകി ഫ്രഷ് ആവാം..."


അവളേം കൊണ്ട് പൈപ്പിൻ ചുവട്ടിലേക്ക് നടന്ന്... 


വെള്ളം കയ്യിൽ പിടിച്ചു മുഖത്തേക്ക് ഒഴിച്ച്... 


"ഓഹ്.. എന്ത്‌ തണുപ്പാ...? "


"ആ കണ്ണൊക്കെ തുറന്ന് വച്ചിട്ട് ഇച്ചിരി വെള്ളം ഒക്കെ ഒഴിക്ക്.. നല്ല സുഖമാ..."


അവളുടെ മുടി കവിളിലൂടെ താഴേക്ക് ഇറങ്ങി കിടക്കുന്ന കാണാൻ തന്നെ എന്താ ചേല്... 


എന്റെ പടച്ചോനെ എന്നെ എന്തിനാ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നേ...?  


"എന്താ മാഷേ കുറേ നേരായി ഞാൻ ശ്രദ്ധിക്കുന്നു എന്തോ ഒരു...? "


"ഏയ് എന്ത്‌... താൻ വാ.."


"ചേട്ടാ...ഒരു കട്ടൻ ചായ ഒരു ലൈറ്റ് ചായ... "

കടയിലെ ചേട്ടനോട് പറഞ്ഞു അടുത്തുള്ള ബെഞ്ചിലേക്ക് ഞങ്ങൾ രണ്ടുപേരുമിരുന്നു 


"താനാ നമ്പർ ഒന്ന് പറഞ്ഞെ ഞാൻ ഒന്നുടെ ട്രൈ ചെയ്യട്ടെ..."


അവൾ ഫോൺ നമ്പർ പറഞ്ഞു ഡയൽ ചെയ്തു വിളിച്ചു. 


"ഫോൺ സ്വിച്ച് ഓഫ് ആണല്ലോ... 

വേറെ എന്തെങ്കിലും ഡീറ്റെയിൽസ് അറിയാവോ...? 

വേറെ നമ്പർ വല്ലോം...? " 


"അമ്മേടെ നമ്പർ അറിയാം പക്ഷെ അത് ഫോണില..."


"ഫോണൊക്കെ വീട്ടിലല്ലേ...? "


"Fb അകൗണ്ട് അറിഞ്ഞൂടെ.. 

അതിൽ കേറിയ ഫോട്ടോ വല്ലോം കിട്ടുവോ...? 


"ഫോട്ടോ ഒന്നും തന്നിട്ടില്ല...

ഞാൻ കണ്ടിട്ടുപോലുമില്ല...!!"


"ഈ മൂന്ന് വർഷം താൻ പിന്നെ എന്ത്‌ കണ്ടോണ്ട...? "

ദേഷ്യം വന്നിട്ട് അവളോട് ചൂടായി ഞാൻ ബെഞ്ചിൽ നിന്നും എഴുന്നേറ്റു... 


വീണ്ടും അവളുടെ കണ്ണ് നിറയാൻ തുടങ്ങിയപ്പോൾ സമാധാനിപ്പിക്കാനല്ലാതെ എനിക്ക് വേറൊന്നിനും പറ്റിയില്ല. 


ചായ കുടിച്ച് അവിടെ നിന്ന് വണ്ടിയുടെ അടുത്തേക്ക് നടക്കുമ്പോ കിട്ടരുതെന്ന് പ്രാർത്ഥിച്ചു വീണ്ടും ആ നമ്പറിലേക്ക് വിളിച്ചു... 


ഫോൺ റിങ് ചെയ്തത് കേട്ട് നെഞ്ച് വല്ലാതെ പിടഞ്ഞു. 


"റിങ് ഉണ്ട് ട്ടോ..."


അവളുടെ ആ കുഞ്ഞു മുഖം സന്തോഷം കൊണ്ട് വിടരുന്നത് കണ്ടപ്പോൾ എന്തോ എന്റെ കണ്ണും നിറഞ്ഞു... 


"ഇതെന്താ ഇവനെടുക്കത്തത്... കോപ്പ്..."


"എന്ത് പറ്റി കണ്ണ് നിറഞ്ഞത്...? "

അവളുടെ അന്വേക്ഷണത്തിനു  കരടെന്ന നുണ പറഞ്ഞു വണ്ടിക്കകത്തേക്ക് കയറി. 


ഫോൺ അപ്പോഴേക്കും റിങ് ചെയ്തു. 


ഫോൺ എടുത്തു ചെവിയോട് ചേർത്ത് പിടിച്ചു.... 


"ഹലോ... 

ഹലോയിയത് കുട്ടനല്ലേ...? "


"അതേലോ.. ആരാണ്...?? "മറുപുറത്ത് നിന്നും മറുപടി കേട്ടപ്പോൾ ഫോൺ ഞാൻ ലക്ഷ്മിക്ക് കൊടുത്തു... 


"ഹലോ കുട്ടേട്ടാ ഞാനാ ലക്ഷ്മിയ.. 

എവിടെയാ...? "


"നീ എവിടെയാ ലച്ചു... ഞാൻ എത്ര പ്രാവശ്യം വിളിച്ചു ഫോൺ എന്താ ഓഫാക്കി വച്ചേക്കുന്നെ...? "


"ഫോണൊന്നും എടുക്കാൻ പറ്റിയില്ല... 

ഏട്ടൻ എവിടെയാ... 

ഞാൻ വരുവാ അങ്ങോട്ട്‌..."


"ലച്ചു... നീ എവിടെയാ ഞാൻ അങ്ങോട്ട് വരാടി... "


അവരുടെ സംസാരം കേട്ട് എനിക്ക് എന്തോ വല്ലാത്തൊരു വിഷമം വന്നു ഡോർ തുറന്നു വെളിയിലേക്കിറങ്ങി.... 


അവളുടെ സന്തോഷം കണ്ട് അവൾക്ക് വേണ്ടി അത്രയെങ്കിലും ചെയ്തതിൽ സന്തോഷവും തോന്നി.... 


"അതെ വരുന്നില്ലേ മാഷേ... പോകണ്ടേ...?  

വാ... "


അവള് വീണ്ടും എന്നെ വിളിച്ചു... 


വിളിച്ചു കഴിഞ്ഞോ എന്ത്‌ പറഞ്ഞു... 

വണ്ടിയിൽ വീണ്ടും കയറിക്കൊണ്ട് ചോദിച്ചു... 


"ആം.. 

ഏട്ടൻ ഭയങ്കര സന്തോഷത്തിലാ... 

എന്തോ എനിക്ക് വിഷമം വരുന്നെടോ... 

എങ്ങാനും ആ കല്യാണം നടന്നിരുന്നെങ്കിൽ ഏട്ടന്റെ അവസ്ഥ....? "


"ഏയ് തന്റേം സന്തോഷം അതല്ലേ... 

നമ്മളെ വിട്ട് ഒരിക്കലും പോകില്ലെന്ന് മനസുകൊണ്ട് ആഗ്രഹിക്കുന്നവർ പോലും നമ്മളെ തനിച്ചാക്കി പോകുന്ന ഈ കാലത്ത് ഒരു ഹംസത്തിന്റെ റോളിലാണെങ്കിലും നിങ്ങളെ ഒരുമിപ്പിക്കാൻ എനിക്ക് കഴിഞ്ഞല്ലോ അതിനെയാ നിമിത്തം എന്നൊക്കെ പറയുന്നേ..."


വണ്ടി മുന്നോട്ട് പോകാൻ വെമ്പൽ കൊണ്ട് നിക്കെ എന്റെ മൊട്ടിവേഷൻ... 


"അപ്പൊ പോകാം.... 

ഇരുട്ടുന്നതിന് മുന്നേ ചെക്കനെ കണ്ടുപിടിക്കണം... "


മൂന്നാറിന്റെ മണ്ണിലൂടെ തേയില തോട്ടങ്ങളുടെ നടുവിലൂടെ വണ്ടി വളവുകളും കുന്നും മലയും ചെരിവും താണ്ടി മുന്നോട്ട് പൊക്കൊണ്ടിരുന്നു... 


"ഞാൻ തന്നെ ഒരിക്കലും മറക്കില്ലട്ടോ..."

അവളുടെ ശബ്ദം കേട്ട് ഞാനൊന്ന് അവളെ നോക്കി... 


"അതെന്താ..?" 


"നിങ്ങളില്ലായിരുന്നെങ്കിൽ....? "


"ഏയ് അങ്ങനൊന്നും ഇല്ലന്നെ.... ഞാൻ അല്ലെങ്കിൽ വേറെന്തിങ്കിലും വഴിയിലൂടെ നിങ്ങൾ ഒന്നിച്ചേനെ... 

വേറൊന്നും വേണ്ട പോസറ്റീവ് തിങ്ക്സ് മാത്രം മതീന്നെ..."


"ഞാനും ഒരിക്കലും മറക്കില്ല തന്നെ... 

ജീവിതത്തിൽ ഇത്രയും വലിയ റിസ്ക്കൊന്നും ഇന്നുവരെ എടുത്തിട്ടില്ല... "


"ചേട്ടന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്...? "


"അമ്മ, ഞാൻ... "


"ഒറ്റ മോനാണോ.. അതെ...? "


"ഉം..."


"എവിടെയാ സ്ഥലം... ചെങ്ങനാശ്ശേരി... "


"അവിടുന്നാണോ ജോലിക്ക് വന്നേ.? "


"അതെ.. "


"അപ്പൊ അമ്മ...? " 


"അമ്മ വീട്ടിൽ ഒറ്റക്കെ ഉള്ളു...

അപ്പുറത്തെ ചേച്ചിയോട് പറഞ്ഞിട്ട വന്നേ... നോക്കിക്കോണെന്ന്... "


''ആഹാ അത് കൊള്ളാലോ.. 

അയലത്തെ ചേച്ചിമാരെയാണോ അമ്മയെ ഏൽപ്പിച്ചിട്ട് വരുന്നേ... 

ഒരു കല്യാണം ഒക്കെ കഴിച്ചൂടെ...?"


"ഏയ് അങ്ങനെ മനസ്സിൽ കയറിപ്പറ്റിയ പെണ്ണൊന്നും നമ്മുടെ മുന്നിൽ വന്നിട്ടില്ലന്നെ.." 


പക്ഷെ ഒരാളെ കുറച്ചു നേരത്തേക്ക് ആണെങ്കിലും ഇഷ്ടപ്പെട്ടു... 


ഇഷ്ടം എന്ന് പറഞ്ഞാ വെറും ഒരിഷ്ടം അല്ല... 

കണ്ടിട്ട് മനസ്സിൽ പതിഞ്ഞുപോയൊരു പെണ്ണ്.. 

പിന്നെ നമ്മുടെ മാത്രം മനസ്സിൽ പതിഞ്ഞ പോരല്ലോ... "


"ആഹാ ഏതാ ആ സുന്ദരി...? "


"ഒരു വെഡിങ് ഷൂട്ടിനു പോയപ്പോ കണ്ടതാ.. 


എങ്കി പ്രൊപ്പോസ് ചെയ്തൂടാരുന്നോ..? "


"അവളായിരുന്നെടോ കല്യാണപ്പെണ്ണ്..."


അവള് പൊട്ടിച്ചിരിച്ചു... 


"താൻ കൊള്ളാട്ടോ...?  

അതെ ഒന്നുടെ വിളിക്ക് അയാൾ പറഞ്ഞ സ്ഥലം എത്താറായി..."


"ഉം വിളിക്കാം..." 


ഫോണെടുത്ത് അവൾ വിളിച്ചു.. 


"ചേട്ടാ ഇവിടെ അടുത്ത് തന്നെയാട്ടോ.. 

1km മുന്നോട്ട് ചെല്ലാൻ പറഞ്ഞു... "


വണ്ടി പതിയെ മുന്നോട്ട് നീങ്ങി.. 

അവളുമായി എന്തെങ്കിലും പറയാനുള്ള അവസാനത്തെ നിമിഷം... 


കയ്യൊക്കെ വിറച്ചിട്ട് സ്റ്റിയറിങ്ങിൽ പിടിക്കാൻ പോലും പറ്റാത്ത അവസ്ഥ.... 


കുറേ മുന്നോട്ട് ചെന്നു റോഡ് സൈഡിൽ ഒരാൾ വണ്ടിക്ക് കൈ കാട്ടി... 


വണ്ടി സൈഡിലേക്ക് ഒതുക്കി നിർത്തി... 


സന്തോഷം കൊണ്ട് ലക്ഷ്മി വേഗം വണ്ടിയിൽ നിന്നിറങ്ങി... 


കാവി കൈലിം ചെക്ക് ഷർട്ടുമിട്ട ആ പയ്യനെ കെട്ടിപ്പിടിച്ചു കരയുന്നത് കണ്ടപ്പോൾ എന്റെ മുഖവും അറിയാതെ ഒന്ന് പുഞ്ചിരിച്ചു.. 


അയാൾ എന്റെ അടുത്തേക്ക് നടന്നുവന്ന് എന്നോട് കുറേ നന്ദിയും സ്നേഹപ്രകടനവും ഒക്കെയായി... 


അവരുടെ ഇടയിൽ ഒരു ദേവദൂതനെ പോലെയായിരിക്കണം എന്നെ കണ്ടത്... 


ഒരിക്കലും പരിചയമില്ലാത്ത മൂന്ന്പേരുടെ കൂടിക്കാഴച്ച ഒക്കെ ശരിക്കു ദൈവ നിശ്ചയമാണെന്ന് തോന്നി.. 


അവരുടെ ഇടയിൽ കട്ടുറുമ്പാവാതെ വണ്ടിയിൽ കയറി... 


കല്യാണം കഴിഞ്ഞിട്ട് പോയാമതി... 

ചേട്ടന്റെ സ്ഥാനത്ത് നിക്കണം എന്നൊക്കെ പറഞ്ഞപ്പോ എല്ലാത്തിനും കൂടെ ഉണ്ടെന്ന് പറഞ്ഞു. 


പിന്നെ അമ്മ ഒറ്റക്കല്ലേ.. 

നമ്മളിങ്ങനെ കെട്ടഴിച്ചുവിട്ട പട്ടമായി പറന്ന് നടന്നാൽ എങ്ങനെയാ... 


"വണ്ടി വീട്ടിൽ കൊണ്ടിട്ടിട്ട് ഞാൻ അവരോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു മനസിലാക്കിക്കോളാം.. 

നിങ്ങൾ ധൈര്യമായിട്ടിരിക്ക്... "


"എന്റെ ഹൃദയം നിറഞ്ഞ വിവാഹശംസകൾ..

എന്ത് ആവിശ്യത്തിനും വിളിക്കാം

നാട്ടിൽ എത്തുമ്പോ വീട്ടിലേക്ക് വരുന്ന കാര്യം മറക്കണ്ട...!!"


യാത്ര തിരിക്കുമ്പോ അവരുടെയുള്ളിൽ ജീവിതം തീരിച്ചുകിട്ടിയ സന്തോഷം ആയിരുന്നു... 


"മോനെ എഴുന്നേറ്റെ നിനക്കെവിടോ... ഷൂട്ടിങ് ഉണ്ടെന്ന് പറഞ്ഞിട്ട് പോകുന്നില്ലേ...? 

ദേ സമയം ഏട്ടരായായി..."


കണ്ണ് തിരിമ്മി തുറന്ന്... എവിടെ വണ്ടിയെവിടെ...? 

സ്വപ്നമായിരുന്നോ... 


ഫോൺ എടുത്തു നോക്കിയപ്പോ ജോണേട്ടന്റെ ഏഴു മിസ്സ്കാൾ.... 


"അമ്മേ കഴിക്കാൻ എടുത്തു വെക്ക് ഞാൻ പല്ല് തേച്ചു കുളിച്ചിട്ട് ദാ വരുന്നു 2 മിനിറ്റ്... "


വേഗം കുളിച്ചൊരുങ്ങി ബൈക്ക് സ്റ്റാർട്ട് ചെയ്തു... 


"അമ്മേ പോയിട്ട് വരാം നാളെ വരൂള്ളൂട്ടോ... "

യാത്ര പറഞ്ഞു വണ്ടി ഗേറ്റ് താണ്ടി വെളിയിൽ എത്തിയപ്പോ മീനു ചേച്ചി.. ബൈക്കിന് വട്ടം എടുത്തു ചാടിയത്.. 


"മോനെ ഇന്നെങ്ങോട്ടാ...? "


"ആലപ്പുഴ..."


"എന്റെ കണ്ണാ ... സ്വപ്നം പോലെ തന്നെ എല്ലാം...?"


"എന്താടാ പിറുപിറുക്കുന്നെ...? "


"അതല്ല ചേച്ചി കരിമീൻ വാങ്ങിക്കൊണ്ട് വരാനല്ലേ പറയാൻ വന്നേ...? "


"അതേടാ... നിനക്കെങ്ങനെ മനസിലായി..."


"ഇതൊക്കെ എന്ത്‌ ചേച്ചി...? "


"ഒന്ന് മാറിയെ ഞാനൊന്ന് പോകട്ടെ... 

അമ്മയെ നോക്കിക്കോണേ ഞാൻ നാളെ വൈകിട്ടെ വരൂ..."


"ഞാനിവിടെ ഉണ്ടെടാ... "


"ശരി പോയേച്ചും വരാം.. "


ഈ ചെക്കാനിതെന്ത് പറ്റി....?

താടിക്ക് കയ്യും കൊടുത്ത് ഏറെ നേരം ചിന്തച്ചിട്ടും 

ഒന്നും മനസിലാക്കാതെ ചേച്ചി വീട്ടിലേക്ക് കയറിപ്പോയി... 


ഞാൻ എന്റെ കാമറയും തൂക്കി ഒരായിരം സ്വപ്നങ്ങളും നെയ്തു മുന്നോട്ട് പൊയ്ക്കൊണ്ടേയിരുന്നു... 


സ്വപ്നസഞ്ചാരി


Written by ബിനുവിന്റെ പ്രണയകഥകൾ❤️💚


ലൈക്ക് കമന്റ് ചെയ്യണേ...

To Top