നെറ്റിയിലെ കുനുകൂന്തൽ മാറ്റിയതും നുണക്കുഴികൾ തെളിഞ്ഞു വരാൻ തുടങ്ങിയിരുന്നു...

Valappottukal


രചന :  രമേഷ്‌ കഞ്ചിക്കോട്


"പെണ്ണ് കാണാൻ ചെന്ന പയ്യനു വി ഷം കൊടുത്ത പെണ്ണ്"


എന്താ മാഷെ കിടക്കണ്ടേ???.. ഇന്നിതിപ്പൊ കുറേനേരമായല്ലോ പേനയും പിടിച്ചോണ്ടു...


ഒന്നൂല്ലാന്റെ അമ്മുക്കുട്ടി... ഞാനൊരു കഥ എഴുതുകയായിരുന്നു!!!...


"ഓഹോ!!.. അപ്പൊ വീണ്ടും തുടങ്ങിയോ അസുഖം.. ആട്ടെ.. എന്തിനെ കുറിച്ചാണാവോ ഇപ്രാവശ്യം" ...പറച്ചില് കേട്ടാൽത്തന്നെ അറിയാം പുച്ഛം എത്രത്തോളം ഉണ്ടെന്നു...


"സർപ്രൈസ് ആണു മോളെ.. എന്നാലും പറയാം.. പെണ്ണുകാണാൻചെന്ന പയ്യനു വിഷം കൊടുത്ത പെണ്ണ്!!!... എങ്ങനെ ജോറല്ലേ തലക്കെട്ട്??..."


"ആഹാ... കൊള്ളാല്ലോ ... എന്താ പെണ്ണിന്റെ പേര്??"


"നല്ല പേരൊന്നും ഇതുവരെ കിട്ടിയില്ല.. അമ്മുന്ന് ഇട്ടാലോന്ന ആലോചിക്കുന്നേ..."


പറഞ്ഞുതീർന്നില്ല.. തലയിണവെച്ചു ഒറ്റ ഏറ്.. ചുമ്മാ പറയരുതല്ലോ.. നല്ല റ്റയിമിങ്ങും ഉന്നവും.. മാവിൽ നിന്നും മാങ്ങപറിക്കാൻ തോട്ടി ഉപയോഗിക്കാത്ത ടീമാ.. കല്ലെറിഞ്ഞെ വീഴ്ത്തു.."എക്സ്പീരിയൻസ് മേക്സ് വുമൺ പെർഫെക്റ്റ് എന്നാണല്ലോ"...ഇതുകൊണ്ടൊന്നും തീർന്നില്ല ഉരുളക്കുപ്പേരി വന്നു...


"അല്ല പിന്നെ,.. തലേന്ന് മൂക്കറ്റം കള്ളും കുടിച്ചു... കുളിക്കാതെയും പല്ലുതേക്കാതെയും വന്ന ഇയാൾക്കിനി പാലും വെള്ളം തരാൻ പറ്റോ??.. പിന്നെ തൈരിനു എവിടെയും പോണ്ട...


"അങ്ങനെ പറയരുത്.. ഞാൻ കുളിച്ചിട്ടാവന്നെ .."


"പക്ഷെ കണ്ടാ പറയില്ലായിരുന്നു.. സാഹചര്യം മുൻകൂട്ടി അറിഞ്ഞതുകൊണ്ടു സ്പ്രൈറ്റിൽ ഒതുക്കി.. പിന്നെ നിങ്ങളെ പോലുള്ള വികസന വിരോധികൾ അതിനെ വിഷമെന്നും ടോയ്ലറ്റ് ക്ലീനര് എന്നും പറഞ്ഞാ എനിക്ക് പുല്ലാ!!!...


ദേ ഇപ്പോ പുതപ്പും എത്തീട്ടുണ്ട്, അപ്പൊ ഇന്നത്തെ അടിക്കുളതായിട്ടുണ്ട്...


"അപ്പൊ എങ്ങനാ?.. മോൻ ഇത്രേം എഴുതിയ സ്ഥിതിക്ക് താഴെ കിടന്നാമതിട്ടോ.. പാതിരാത്രിക്കു തേനേ പാലെന്നു വന്നാലുണ്ടല്ലോ എന്റെ തനി കൊണം അറിയും.. ശരിക്കും വിഷമാ കലക്കിത്തരും!!!.. മുന്നേ പറഞ്ഞില്ലെന്നുവേണ്ട.." അവളാണേൽ ഇത്രേം പറഞ്ഞു പുതച്ചു മൂടി കിടന്നു...


അമ്മൂസ് അങ്ങനെയാ കുംഭകര്ണന്റെ ഫീമെയിൽ വേർഷൻ.. അവളു ബെഡ്ഡ് കണ്ടാൽ ഉറക്കം ഫ്ലൈറ്റ് വിളിച്ചു വന്നിരിക്കും!!!...


പിന്നെ അവളു പറയുന്നതും ഏറെക്കുറെ ശരിയാട്ടോ..


കോളേജ് പഠനം കഴിഞ്ഞും കൊടിപിടുത്തം പ്ലാച്ചിമട വരെ എത്തിയിരുന്നു... സ്വാഭാവികമായും ജോലി.. കല്യാണം.. എന്നൊക്കെ പറഞ്ഞു വീട്ടുകാര് ബുദ്ധിമുട്ടിക്കും കാലം.. അവസാനം നല്ലൊരു ജോലി കിട്ടിയപ്പോ തുടങ്ങി അടുത്തത്... കല്യാണമെന്ന്... അവസാനം കല്യാണ ചന്തയിൽ എന്നെയും അറവുമാടക്കാൻ സമ്മതിക്കേണ്ടി വന്നു..


ആ കല്യാണാലോചന ഒന്നു മുടക്കിത്തരാൻ ഞാൻ മുട്ടിയ വാതിലുകൾ എല്ലാം എന്ന മുന്നിൽ വലിച്ചടക്കപെട്ടപ്പോൾ ഞാൻ കണ്ടുപിടിച്ച വഴിയായിരുന്നു... മദ്യം!!!... ജീവിതത്തിൽ ആദ്യവും അവസാനവും മദ്യം കഴിച്ചത് അന്നായിരുന്നു എല്ലാത്തിനും കൂടെ ഉറ്റ തോഴനും.. അതും പെണ്ണുകാണലിനുവേണ്ടി.. എന്നെ കുറിച്ച് എല്ലാം അറിയുന്ന വീട്ടിലേക്കാണ് പോകുന്നതെന്ന് എനിക്ക് മാത്രം അറിയില്ലായിരുന്നു...


ഒട്ടും വശമില്ലെങ്കിലും തലേന്ന് മൂക്കറ്റം കള്ളും കുടിച്ചു കിടന്നുറങ്ങി..കാലത്തു എഴുന്നേറ്റപ്പോ മണം പോകാതിരിക്കാനായ് പല്ലുതേപ്പ് ഒഴുവാക്കിയത്  സത്യം!!! പക്ഷെ ഞാൻ കുളിച്ചായിരുന്നുട്ടോ...


അങ്ങനെ അവളുടെ വീട്ടിലെത്തിയപ്പോ ഓള് കുടിക്കാൻ കൊണ്ടുവന്നത് ചായ അല്ലായിരുന്നു.. നല്ല വിദേശ നിർമിത പാനിയം ... എന്നിലെ രാഷ്ട്രയ രാഷ്ട്രീയ പ്രവർത്തകൻ സടകുടഞ്ഞെഴുനേൽക്കാൻ ശ്രമിക്കവേ അവളുടെ ഡയലോഗ്..


"വേണേൽ ഒരു ഗ്ലാസ്സ് കൂടെ തരട്ടെ സേട്ട??. ഹാങ്ഓവർ മാറ്റാൻ ബെസ്റ്റാ!!!...


ആരോ എന്നെ ചതിച്ചിരിക്കുന്നു... ഒരു പ്ലേറ്റ് ബിരിയാണിക്കായ് ഉറ്റ തോഴൻ എന്നെ ഒറ്റിയിരിക്കുന്നു!!!


ഞാൻ ഒഴികെ എല്ലാവരുടെയും മുഖത്തു കോൾഗേറ്റ് പരസ്യം കണ്ടപ്പോ ഒരുകാര്യം മനസിലായി... "അവർ എന്നെ കെണി വച്ചു പിടിച്ചിരിക്കുന്നു!!"...


എന്റെ കോളേജിലെ ഞാൻ അറിയാത്ത എന്റെ ജൂനിയർ, കസിന്റെ കൂട്ടുകാരി, അച്ഛന്റെ പഴയ കൂട്ടുകാരന്റെ മോൾ ഇത്രയും പദവികൾ ഒരേസമയം അലങ്കരിച്ചിരുന്ന ഒരാളെ ഞാൻ മാത്രം അറിഞ്ഞില്ല...എന്നോടാരും പറഞ്ഞില്ല... അതെങ്ങനെയാ പാർട്ടി തലയ്ക്കു പിടിച്ച സമയം ആണല്ലോ..


പണ്ടു ഞാൻ എഴുതിയ കഥകളും കവിതകളും ഞാൻ അറിയാതെ എന്റെ പേരിൽ കോളേജ് മാഗസീനിൽ വരുന്നതിനും കാരണം ഇവൾ ആയിരുന്നു...ഞാൻ ഇല്ലാത്തപ്പോൾ എന്റെ വീട്ടിലെ സന്ദർശക... കള്ളി...


രണ്ടുവീട്ടുകാരും എല്ലാം പറഞ്ഞുറപ്പിച്ചതിനു ശേഷം എന്നെ കൊണ്ടുപോയത് ഒരു കാഴ്ച വസ്തുവായ്... ചുരുക്കി പറഞ്ഞാ കഥ, തിരക്കഥ-എന്റെ സ്വന്തം ഭാവി ഭാര്യ... കൂട്ടുകാരനെ വിലക്ക് വാങ്ങൽ - എന്റെ അച്ഛൻ.... ചിലവ് ഒരു കുപ്പി വിദേശ മദ്യവും ചിക്കൻ ബിരിയാണിയും...


മ്മ്മ്... ഓള് ഉറങ്ങിന്നാ തോന്നുന്നേ... മഴക്കാലമാണ് താഴെ കിടന്നാ ഓളു പിണങ്ങും...


ഞാൻ ബെഡിൽ നോക്കിയപ്പോ അരണ്ട വെളിച്ചത്തിൽ മയിൽ‌പീലി കണ്ണുകളും, നീളൻ മൂക്കിനു സൗന്ദര്യമേറുന്ന മുക്കുത്തിയും, അങ്ങിങ്ങു പരന്നു കിടക്കുന്ന കുനുകൂന്തലും ശോഭയോടെ കാണുന്നുണ്ട്...


അവളെ ഒരു നുള്ള് സിന്ദൂരത്താൽ സ്വന്തമാക്കി വർഷങ്ങൾ പലതു കഴിഞ്ഞു.. മുടിയിഴകൾ അങ്ങിങ്ങായി നരച്ചു തുടങ്ങിയിട്ടുണ്ടെകിലും ആദ്യം കണ്ട പ്രണയഭാവങ്ങൾ ഇപ്പോഴും ആ മുഖത്തു തെളിഞ്ഞു കിടപ്പുണ്ട്...


നെറ്റിയിലെ കുനുകൂന്തൽ മാറ്റിയതും നുണക്കുഴികൾ തെളിഞ്ഞു വരാൻ തുടങ്ങിയിരുന്നു..നെറ്റിയിൽ ചുംബിക്കാൻ ഒരുങ്ങിയതും അപ്രതീക്ഷിതമായി എന്നെ അവളിലേക്ക് ചേർത്തു തിരിഞ്ഞതും ഒരുമിച്ചായിരുന്നു...


ഒരു നിമിഷ നേരത്തേക്ക് ഞാൻ എല്ലാം മറന്നിരുന്നു... നോക്കുമ്പോ കാന്താരി പെണ്ണ് എന്റെ നെഞ്ചിൽ മുഖം അമർത്തി ചിരിക്കുന്നുണ്ട്... ഇവളിതു എന്നേം കൊണ്ടേ പോകു...


സംഭവം വേറൊന്നുമല്ല... അവളെന്നെ ചേർത്തുപിടിച്ചു തിരിഞ്ഞപ്പോൾ കട്ടിലിന്റെ അരികിലാണെന്നു ഞാനും അവളും ഓർത്തില്ല!!!... അക്കോർഡിങ് ടു ന്യൂട്ടണ്സ് ലോ... ഞാൻ ആദ്യം നിലത്തെത്തി.. പിറകെ അവൾ എന്റെ മേലേക്കും... അതിന്റെചിരിയാ മുമ്പ് കണ്ടേ...


"ഈശ്വരാ ഇനി എന്തൊക്കെ അനുഭവിക്കാൻ കിടക്കുന്നോ ആവൊ??"...'


'അങ്ങനെ എല്ലാ ദിവസം പോലെ ഇന്നും ഇവിടെ അവസാനിക്കുന്നു നല്ല നാളേക്കായി'..


ലൈക്ക് കമന്റ് ചെയ്യണേ...

To Top