രചന : സന്തോഷ് അപ്പുക്കുട്ടൻ
"അഭിരാമിയുടെ കവിൾ അനന്തുവിന്റെ ചുണ്ടിൽ ചേർത്തതും അവളുടെ മൊബൈലിന്റെ കാമറ ഫ്ലാഷ് ചെയ്തതും ഓരേ നിമിഷമായിരുന്നു "
അപ്രതീക്ഷിതമായ അവളുടെ പ്രവൃത്തി കണ്ട അനന്തു പേടിയോടെ, ആ പഴക്കം ചെന്ന ഹാൾ eപാലെയുള്ള മുറിയിൽ നിന്ന് പിന്നിലേക്ക് മാറി ചുറ്റും നോക്കി.
കുറച്ചു ദൂരെ ക്ഷേത്രത്തിന്റെ നടയിലിരുന്നു പ്രാർത്ഥന ചൊല്ലുന്ന വാര്യർ അമ്മാവൻ മാത്രമേയുള്ളു.
മഴ വീണ് നനഞ്ഞ മണ്ണിൽ പനമ്പട്ടകൾ ചിതറി കിടക്കുന്നുണ്ട്-
ഒരു കൊമ്പൻ തുമ്പികൈയാൽ നനഞ്ഞ മണ്ണെടുത്ത്, തന്റെ തലയ്ക്കു ചുറ്റും വാരി വിതറുന്നുണ്ട്.
പ്രതാപം കെട്ടടങ്ങിയ ആനക്കൊട്ടിലിനരികിലെ, പഴക്കം ചെന്ന ഒരു മുറിയിലായിരുന്നു അവർ.
വെൺചാമരങ്ങളും, ആലവട്ടങ്ങളും, നെറ്റിപ്പട്ടവുമെക്കെ സൂക്ഷിച്ചിട്ടുള്ള ആ മുറിയിൽ പഴമയുടെ ഗന്ധം നിറഞ്ഞു നിന്നിരുന്നു.
തൊടിയിൽ,മഴതുള്ളി വീണ് വിറയ്ക്കുന്ന നന്ത്യാർവട്ട പൂക്കളെ പോലെ വിറച്ചിരുന്ന അനന്തു ഉരുളൻ തൂണിൽ ചാരിനിന്നു.
ആരെങ്കിലും കണ്ട് ഇല്ലത്ത് പറഞ്ഞു കൊടുത്താൽ പിന്നെ ഈ ഭൂമിക്കു മുകളിൽ താനുണ്ടാവില്ല.
എത്രയെത്ര സത്യം ബോധ്യപ്പെടുത്തിയാലും, ഒടുവിൽ വാദി പ്രതിയാകും!
ഇന്നേവരെ സംഭവിച്ചിട്ടുള്ളത് അങ്ങിനെയൊക്കെ തന്നെയാണ്.
"പൂമന ഇല്ലത്തെ അഭിരാമി, അവരുടെ ആനയുടെ പാപ്പാനായ അനന്തുവിനെ പ്രേമിക്കുന്നുവെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. "
ഇവിടെ നടന്നതെന്തെന്നു പറഞ്ഞാൽ നാട്ടുക്കാർ പ്രതികരിക്കുന്നതിങ്ങനെയാകും!
" അവനു നട്ടപ്രാന്താ-അവന് നെല്ലിക്കാത്തളം വെക്കേണ്ട സമയമായീന്നാ തോന്ന്ണേ "
പൊടുന്നനെ, താൻ വീണ്ടും അകത്തേക്ക് വലിച്ചിഴക്കപ്പെട്ടതവനറിഞ്ഞു.
തന്റെ നെഞ്ചിൽ മുഖമർത്തിയ അഭിരാമിയെ അവൻ വേർപ്പെടുത്താൻ ശ്രമിച്ചെങ്കിലും അത് വിഫലമായിരുന്നു.
"അഭീ ഞാൻ ജീവിച്ചു പൊയ്ക്കോട്ടെ?"
കരച്ചിൽ പോലെയുള്ള അവന്റെ ശബ്ദം കേട്ട് കണ്ണീരോടെ നോക്കി അവൾ.
" അനന്തുവിന് മാത്രം ജീവിച്ചാൽ മതിയോ? ഈ അഭിരാമിക്കും ജീവിക്കേണ്ടേ? നിന്നെ കിട്ടിയില്ലെങ്കിൽ ഞാൻ ശ്വാസം മുട്ടി മരിക്കും അനന്തു "
അഭിയുടെ കണ്ണീർ തന്റെ നെഞ്ചോരം നനക്കുന്നത് അനന്തു അറിഞ്ഞു.
"നിനക്ക് അറിയില്ല കുട്ടീ എന്റെ അവസ്ഥ.ദാരിദ്ര്യമാണ്- മുഴുത്തദാരിദ്ര്യം "
" അതോണ്ടായിരിക്കും ലേ നിങ്ങൾക്ക് മുപ്പത്തഞ്ച് വയസ്സു -കഴിഞ്ഞാലേ കല്യാണം കഴിക്കാൻ പാടുള്ളൂന്ന് നുണ പറഞ്ഞത്?"
അനന്ദു ഞെട്ടലോടെ അഭിരാമിയെ നോക്കി.
" ഞാൻ നല്ലൊരു ജോത്സ്യന്റെ അടുത്ത് പോയി നോക്കിപ്പിച്ചു. നമ്മൾക്ക് തമ്മിൽ ഇപ്പോൾ തന്നെ കല്യാണം കഴിക്കുന്നതിനും കുഴപ്പമില്ലാന്നാണ് പറഞ്ഞത്!"
" എന്നെ കൊലക്കു കൊടുക്കരുത്"
വിറച്ചുക്കൊണ്ട് അനന്തു അഭിരാമിയെ നോക്കി.
"ആനയെ നിലയ്ക്കു നിർത്തുന്നവനെന്തിനാണ് ഈ പാവം പെണ്ണിനെ പേടി?"
കണ്ണീരൊഴുകുന്ന അനന്തുവിന്റെ കവിൾത്തടം മെല്ലെ തുടച്ചു അഭിരാമി.
" അനന്തു ആന പാപ്പാൻ ആകുന്നതിനു മുൻപുള്ള ഇഷ്ടമല്ലേ എനിക്ക്? ആന പാപ്പാനായിന്ന് വെച്ച് ആ ഇഷ്ടം എനിക്കങ്ങ് ട് മറക്കാൻ പറ്റോ?''
അഭിരാമി അവന്റെ നെഞ്ചിൽ ചാരി ആ കണ്ണുകളിൽ നോക്കി .
" പക്ഷെ എന്നെ ഒഴിവാക്കാൻ മുപ്പത്തഞ്ചിന്റെ കണക്ക് പറഞ്ഞതിൽ വല്ലാത്ത വിഷമം ണ്ട് ട്ടാ!"
മുപ്പത്തിയഞ്ചു വയസ്സുവരെ എങ്കിലും ജീവിക്കാനുള്ള കൊതി കൊണ്ടാണ് അങ്ങിനെ പറഞ്ഞതെന്ന് അവൻ പറഞ്ഞില്ല,
പൂമന ഇല്ലത്തെ പൂമുഖത്ത് സയാമീസ് ഇരട്ടകളെ പോലെ തോന്നിക്കുന്ന രണ്ട് വാളുകളാണ് അവന്റെ മനസ്സിലപ്പോൾ.
" ഞാൻ പറഞ്ഞത് അച്ചട്ടാണ് അഭിരാമി - മുപ്പത്തഞ്ച് വയസ്സ് കഴിഞ്ഞിട്ട് കല്യാണം കഴിക്കുന്നതാണ് എനിക്ക് ഉത്തമം"
" കവടി നിരത്തിയാൽ അങ്ങിനെ പലതും പറയും.പക്ഷെ ഈ മൊബൈലിൽ ഇപ്പോൾ എടുത്ത ചിത്രം ആൾക്കാരെ കാണിച്ചാൽ അവർ അപ്പോൾ തന്നെ കെട്ടിച്ചിരിക്കും നമ്മളെ "
തൃശങ്കു സ്വർഗ്ഗത്തിൽ പെട്ടതു പോലെയായി അനന്തു.
പറഞ്ഞാൽ പറഞ്ഞതു -പോലെ ചെയ്യുന്ന
കുട്ടി മാലാഖയാണ് '
"പൂമന ഇല്ലത്ത് നിന്ന് ഭടൻമാർ വന്ന് കുന്തത്തിൽ കോർക്കുന്നതിലും നല്ലത്, ഈ മാലാഖയുടെ പിന്നാലെ പോകുന്നതാണ് "
അവൻ ആനക്കൊട്ടിലിനടുത്തുള്ള റൂമിലെ, ഹാംഗറിലേക്ക് ഇട്ടിരുന്ന പുതിയ ഷർട്ട് അഴിച്ചു വെച്ചു -
ചെറുപഴകുലയെടുത്ത് കുട്ടി ശങ്കരന് കൊടുത്തതിനു ശേഷം
മഴ ചാറുന്ന മണ്ണിലേക്കവൻ പതിയെ നടന്നു.
കുറച്ചു ദൂരെ കാണുന്ന പൂമന ഇല്ലത്തേക്ക് നോക്കി.
ആഢ്യത്തിന്റെയും, ഐശ്വരത്തിന്റെയും പ്രൗഢി വിളിച്ചോതി നിൽക്കുന്ന പടിപ്പുര കെട്ട്.
പടിപ്പുരക്കെട്ടിനു മുന്നിൽ, ബാംഗ്ലൂർ നിന്ന് വന്ന അഭിരാമിയുടെ ചങ്ങാതികൾ വട്ടംകൂടി സംസാരിക്കുന്നുണ്ട്.
രണ്ട് ദിവസം കഴിഞ്ഞാൽ ഇല്ലംവക ദേവി ക്ഷേത്രത്തിലെ ഉത്സവമാണ്!
അതിന് പങ്കെടുക്കാനാണ് അഭിരാമിയുടെ, മെഡിക്കൽ സ്റ്റുഡന്റ്സ് ആയ ചങ്ങാതികൾ എത്തിയിരിക്കുന്നത്.
നടന്നു ദേവി ക്ഷേത്രത്തിന്റെ മുന്നിലെത്തിയത് അവനറിഞ്ഞില്ല.
പോക്കറ്റിൽ തടഞ്ഞ
ഒറ്റരൂപ നാണയം, അടുത്തുള്ള ദേവീക്ഷേത്രത്തിന്റെ ഭണ്ഡാരത്തിലിട്ടു.
അവൻ കണ്ണടച്ചു നിന്നു പ്രാർത്ഥിച്ചു.
ചെറിയ ചാറ്റൽ മഴ അവനു മേൽ വീണുക്കൊണ്ടിരുന്നു.
പ്രാർത്ഥന കഴിഞ്ഞ് അനന്തു വീണ്ടും,ആനയുടെ അരികിലേക്ക് നടന്നു.
നനഞ്ഞ മണ്ണ്, തുമ്പികൈയ്യിൽ വാരി തലയ്ക്കു മുകളിൽ വൃത്തം വരയ്ക്കുന്ന കുട്ടിശങ്കരനെ നോക്കിയൊന്നു പുഞ്ചിരിച്ചു.
" നിന്നെയും കൊണ്ടു നടക്കുമ്പോൾ ഇത്രയും പേടിയില്ലായിരുന്നു കുട്ടിശങ്കരാ "
അവൻ കൈയ്യെത്തിച്ച് കുട്ടിശങ്കരന്റെ മസ്തകത്തിൽ തലോടി.
കുട്ടിശങ്കരന്റെ കണ്ണ് എന്തിനോ നിറയുന്നത് അനന്തു കണ്ടു.
അനന്തു, അഭിരാമിയെ നോക്കി.
അകലെയുള്ള റൂമിൽ, തന്നെയും നോക്കി പുഞ്ചിരിച്ചു നിൽക്കുകയായിരുന്നു അവൾ.
ഉദയസൂര്യന്റെ ചാഞ്ഞു വീണ പ്രകാശത്തിൽ അവളുടെ മൂക്കുത്തി പ്രണയം പോലെ തിളങ്ങുന്നുണ്ടായിരുന്നു.
കുട്ടിക്കാലം തൊട്ടേ ഒപ്പം കൂടിയവൾ!
മഴ പെയ്താൽ എത്ര പേരുടെ കുടയുണ്ടായാലും, തന്റെ കുടയിൽ മാത്രം കയറി നിൽക്കുന്നവൾ!
അതിനു വേണ്ടി അവളുടെ നല്ലകുടകളുടെ കമ്പികൾ എത്രയോ വട്ടം ഒടിച്ചിരിക്കുന്നു.
ചെറുപ്പത്തിലെ ഇഷ്ടം ദിനംപ്രതി അവളിൽ വളർന്നു വരുന്നത് ഞെട്ടലോടെയാണ് അറിഞ്ഞത്.
ഇല്ലത്തെ കുടികിടപ്പു ക്കാരന്റെ മകന് .ആശിക്കാവുന്നതിലും അപ്പുറമായിരുന്നു അഭിരാമി.
അച്ഛനും .കൊച്ചച്ഛൻ മാർക്കുള്ള മക്കളിൽ
ഏക പെൺതരി.
ഇല്ലത്തെ തമ്പുരാട്ടിക്കുട്ടി!
അവൻ പതിയെ അഭിരാമിയുടെ അടുത്ത് വന്നു.
"എനിക്ക് പേടിയാവ്ണ് അഭിരാമി "
അവൾ അവന്റെ നെഞ്ചിൽ തല ചായ്ച്ചു നിന്നു.
" ഒന്നും പേടിക്കണ്ട അനന്തു. ഞാനില്ലേ കൂടെ - ജീവിക്കുകയാണെങ്കിലും, മരിക്കുകയാണെങ്കിലും നമ്മളൊരുമിച്ച് "
ആ വാക്കിന് ഒരു മാറ്റവും ഇല്ലായെന്ന് അനന്തുവിനറിയാം!
വാശിക്കാരിയാണ്..
" ദേവീക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ പിറ്റേ ദിവസം നമ്മൾ ബാംഗ്ലൂർക്ക് പോകാണ് അനന്തു! ഇതിൽ നിന്ന് പിൻമാറാനാണ് ഉദ്ദേശമെങ്കിൽ എന്റെ മൊബൈലിലുള്ള ഫോട്ടോ പുറത്തുവിടും ഞാൻ "
പറഞ്ഞു തീർന്നതും, നെഞ്ചിലമർന്നിരുന്ന അവളുടെ ചുണ്ട് പിൻവലിച്ചതും ഒരു കരച്ചിൽ അവന്റെ തൊണ്ടയിൽ തങ്ങി നിന്നു.
നെഞ്ചിലെ ഒരു ഭാഗത്തെ രോമം മുഴുവൻ പിഴുതുമാറ്റപ്പെട്ടിരിക്കുന്നു..
" ഇത് സാംപിൾ ആണ്. ഒടക്ക് വെച്ചാൽ ഇതുക്കും മേലെ "
ചിരിയോടെ തലയാട്ടി പറഞ്ഞുകൊണ്ട്, മനയിലേക്കുള്ള ഒതുക്കു കല്ലിറങ്ങി പോകുന്ന അവളെയും നോക്കി അവൻ പുഞ്ചിരിച്ചു.
അവൻ നടന്നു ചെന്ന് കുട്ടിശങ്കരന്റെ മേൽ കൈവെച്ചു.
"വല്ലതും നടക്കോടാ ?"
മറുപടിയായി ചിന്നം വിളിച്ച് കുട്ടി ശങ്കരൻ, 'തലയാട്ടുമ്പോൾ, അകത്തെ മുറിയിൽ, ആരും കാണാതെ ചിരിയോടെ തലയാട്ടുകയായിരുന്നു രണ്ടാം പാപ്പൻ.ദേവൻ.
അഭിരാമിയും, അനന്തുവും പറഞ്ഞതൊക്കെ കേട്ട്, അവരുടെ ചുംബനങ്ങളും കണ്ട്, പീലിക്കാവടികളും, പൂക്കാവടികളും വെച്ച മുറിയിലിരുന്നു മദ്യപിക്കുകയായിരുന്നു ദേവൻ.
മനയിൽ നിന്നു കിട്ടുന്ന പാരിതോഷികം ഓർത്ത് അവന്റെ മനസ്സ് കുളിർന്നു .
"ഉത്സവം കഴിഞ്ഞിട്ടല്ലേ അവർ ബാംഗ്ലൂർക്ക് പോകുമെന്ന് പറഞ്ഞത്?"
വാസുദേവൻ നമ്പൂതിരി, ദേവനെ രൂക്ഷമായി നോക്കി.
"അതിന് ഉത്സവം കഴിഞ്ഞിട്ട് അവനുണ്ടായിട്ട് വേണ്ടേ?
വാസുദേവൻ നമ്പൂതിരിയുടെ ചോദ്യം കേട്ട ദേവൻ നടുങ്ങി.
'' ഭ്രാന്തെടുത്ത ആനയെ പെട്ടെന്ന് തളയ്ക്കാൻ നിനക്കു കഴിയോ?''
വാസുദേവൻ നമ്പൂതിരിയുടെ ചോദ്യത്തിന് ദേവൻപൊടുന്നനെ തലയാട്ടി.
" അപ്പോൾ ചെയ്യേണ്ടതെന്തെന്ന് ഞാൻ പറഞ്ഞു തരാം - അതുപോലെ ചെയ്താൽ മതി"
നൂറിന്റെ ഒരു കെട്ട് എടുത്തു ദേവന്റെ കൈയ്യിൽ കൊടുത്തു വാസുദേവൻ.
" ഇത് നമ്മൾ മൂന്നു പേർക്കും മാത്രമേ അറിയൂ - നാലാമതൊരാൾ അറിഞ്ഞാൽ നിന്റെ അവസ്ഥ എന്താണെന്ന് ഊഹിക്കാമല്ലോ?"
ഭീതിയോടെ തലയാട്ടി ദേവൻ പുറത്തേക്ക് നടന്നു.
"ചേട്ടാ ഇത് റിസ്ക്ക് അല്ലേ? ബാംഗ്ലൂരിൽ നിന്ന് വന്ന പെൺക്കുട്ടികളും താലം പിടിക്കുന്നുണ്ടെന്നാണ് കേട്ടത് ?"
അച്യുതന്റെ ചോദ്യത്തിന് വാസുദേവൻ പുഞ്ചിരിച്ചു.
" ഈ റിസ്ക്ക് എടുത്തില്ലെങ്കിൽ ഇതിനു പിന്നിൽ നമ്മളാണെന്നു അഭിരാമിക്കറിയും. ഇതാവുമ്പോൾ കുറ്റം ആനയ്ക്കല്ലേ?"
അച്യുതൻ ഒന്നും സംസാരിക്കാതെ ചേട്ടനെ നോക്കി നിന്നു.
"പിന്നെ അഭിരാമിയുടെ കൂട്ടുക്കാരികൾ? താലം പിടിക്കേണ്ട കൊതി കൊണ്ടല്ലല്ലോ ഇങ്ങോട്ടേയ്ക്ക് വന്നത്? ഈ ചതിക്ക് കൂട്ടുനിൽക്കാനല്ലേ? അപ്പോൾ അവരെ ഓർത്ത് നമ്മളെന്തിന് വിഷമിക്കണം അനിയാ ?"
അതും പറഞ്ഞ് തന്റെ തോൾമുണ്ട് എടുത്ത് വീശുമ്പോൾ, അയാളുടെ കണ്ണുകൾ വന്യമായി തിളങ്ങി.
ദേവീക്ഷേത്രത്തിലെ ഉത്സവദിനത്തിൽ, പൂമന ഇല്ലത്തിന്റെ ബന്ധുമിത്രാദികൾ മിക്കവരും ഒത്തുകൂടിയിരുന്നു.
ഒരു വർഷത്തിനു ശേഷം കണ്ടതിന്റെ അഹ്ളാദത്തിൽ അവർ മുഴുകുമ്പോൾ, അഭിരാമി മാത്രം സന്തോഷിക്കാനാവാതെ നിന്നു.
അനന്തുവിനെ കണ്ടിട്ട് രണ്ടു ദിവസമായി!
ഇല്ലത്ത് എന്തോ ഗൂഢമായ പദ്ധതികൾ ഒരുങ്ങുന്നതു പോലെ അവൾക്കു തോന്നി.
അതുകൊണ്ടായിരിക്കുമല്ലോ തന്നോട് താലം എടുക്കാതെ വയ്യാത്ത മുത്തച്ഛനെ നോക്കിയിരിക്കാൻ പറഞ്ഞത്?
അവൾ വ്യാകുലമായ
ചിന്തയോടെ,താലമെടുക്കാൻ ഒരുങ്ങുന്ന കൂട്ടുക്കാരികളെ നോക്കി:
പഞ്ചവാദ്യങ്ങൾ മുഴങ്ങുന്നത് അവൾ കാതോർത്തിരുന്നു.
വെളിച്ചമണഞ്ഞ്,നേരിയ ഇരുട്ട് വ്യാപിച്ചപ്പോൾ, താലമെടുക്കേണ്ടേ പെൺകുട്ടികൾ ഓരോന്നായി മനയിൽ നിന്നിറങ്ങി.
അഭിരാമിയോട് യാത്ര പറഞ്ഞ് കൂട്ടുക്കാരികളും അമ്പലത്തിലേക്ക് പോയപ്പോൾ, അഭിരാമി നിരാശയോടെ കുഴമ്പും, തൈലവും മണക്കുന്ന മുത്തച്ഛന്റെ മുറിയിലേക്ക് നടന്നു.
നെറ്റിപട്ടം കെട്ടിയ കുട്ടിശങ്കരനു മുന്നിലായി താലമെടുത്ത പെണ്ണുങ്ങൾ നിരന്നു നിന്നു.
ഇരുട്ടിൽ തെളിഞ്ഞ
താലത്തിലെ ദീപങ്ങൾ, താലമെടുത്തവരെ മനോഹരികളാക്കി.
പഞ്ചവാദ്യങ്ങൾക്കനുസരിച്ച് കുട്ടിശങ്കരന്റെ വലിയ ചെവികൾ ആടിക്കൊണ്ടിരുന്നു.
ആനയുടെ കൊമ്പിൽ പിടിച്ചു നിന്നിരുന്ന അനന്തു, താലമെടുത്തവരിൽ, അഭിരാമിയെ തിരഞ്ഞു.
ആ കൂട്ടത്തിൽ അഭിരാമിയില്ലെന്നു കണ്ട് ചുറ്റും നോക്കിയപ്പോൾ തന്നെ നോക്കി നിൽക്കുന്ന വാസുദേവൻ നമ്പൂതിരിയെ കണ്ടപ്പോൾ, അവന്റെ മനസ്സിൽ സംശയത്തിന്റെ കതിനകൾ പൊട്ടി.
അവൻ മുറുക്കെ കുട്ടിശങ്കരന്റെ കൊമ്പിൽ പിടിച്ചു.
കുട്ടിശങ്കരന്റെ തുമ്പിക്കൈ അനന്തുവിന്റെ ശിരസ്സിൽ തഴുകി.
പൊടുന്നന്നെ ഒരു ചിന്നം വിളിയോടെ കുട്ടിശങ്കരന്റെ തുമ്പിക്കൈ പിന്നോട്ടു പോകുകയും, തുമ്പികൈയ്യിൽ ചുറ്റിവരിഞ്ഞ ഒരാളെ മുന്നോട്ട് എറിയുകയും ചെയ്തു.
കൈയ്യിൽ എരിയുന്ന സിഗററ്റുമായി ആൾക്കൂട്ടത്തിൽ ചെന്നു വീണത് ദേവനാണെന്ന് മനസ്സിലായ അനന്തു ഞെട്ടി.
വീണുകിടക്കുന്ന
ദേവന്റെ നേർക്ക് ചിന്നം വിളിച്ചു നടക്കുന്ന കുട്ടിശങ്കരനെ കണ്ടപ്പോൾ, താലമെടുത്തവർ ചിതറിയോടി!
മുന്നിൽ മലർന്ന് - വീണ് കിടക്കുന്ന പെൺക്കുട്ടിയെ കണ്ടപ്പോൾ ,അനന്തുവിന്റെ ശ്വാസം നിലച്ചു.
അഭിരാമി.
മനയിൽ നിന്ന് ഓടികിതച്ചെത്തിയ അവൾ, ദീപം തെളിയിക്കാത്ത താലം മാറോട് ചേർത്ത് പിടിച്ചിരുന്നു.
ഭ്രാന്ത് പിടിച്ച
കുട്ടിശങ്കരന്റെ കാൽ ഒരു നിമിഷം, അഭിരാമിക്കു മുകളിൽ ഉയർന്നു നിന്നു.
"മോളേ "
വാസുദേവൻ നമ്പൂതിരി ഒരു അലർച്ചയോടെ കുഴഞ്ഞുവീണു.
അഭിരാമിയുടെ കണ്ണുകൾ തന്റെ നേർക്കാണെന്ന് കണ്ട അനന്തു ഒരു കരച്ചിലോടെ ഓടി അവൾക്കു മീതെ വീണു..
അവൾ അവനെ മുറുകെ കെട്ടിപിടിച്ചു.
ശ്വാസം പിടിച്ചു നോക്കി നിന്നവർ, സങ്കടം കൊണ്ട് കണ്ണടച്ച നിമിഷം,
മൊബൈലിൽ വീഡിയോ എടുക്കുന്നവർ!
കരയുന്നവർ!
കണ്ണടച്ച് പ്രാർത്ഥിക്കുന്നവർ!
ഉദ്വേഗത്തിന്റെ മുൾമുന നിറഞ്ഞ രണ്ട് നിമിഷങ്ങൾക്കു ശേഷം,താഴ്ന്നു കൊണ്ടിരുന്ന കുട്ടിശങ്കരന്റെ കാൽ ഒരു നിമിഷം നിശ്ചലമായി.
ആശ്വാസമുതിർത്തു കൊണ്ട് ജനങ്ങൾ ചുറ്റും കൂടിയപ്പോഴും, അവർ എല്ലാം മറന്ന് പരസ്പരം പുണർന്നു കിടക്കുകയായിരുന്നു.
ജീവിതത്തിലാണോ, മരണത്തിലാണോ എന്നറിയാതെ !
ഒരടി പിന്നോട്ട് മാറിയ കുട്ടിശങ്കരൻ, തുമ്പിക്കൈ കൊണ്ട് അനന്തുവിനെ തഴുകി കൊണ്ടിരുന്നു.
ആ ചെറിയ കണ്ണുകളിൽ നിന്ന് സ്നേഹത്തിന്റെ,നീർ ഒലിച്ചിറങ്ങി തുടങ്ങിയിരുന്നു.
ശുഭം.
ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ...