ഞാൻ കല്യാണം കഴിച്ചു നിന്നെ കുടുക്കി എന്ന് പിന്നെ നിനക്കൊരിക്കലും തോന്നരുത്....

Valappottukal


രചന: ബഷീർ ബച്ചി


മാറ്റകല്യാണം. 


രാത്രി കൂട്ടുകാരുമൊത്തു കവലയിലുള്ള വലിയ ചീനിമരത്തിനു ചുറ്റും കെട്ടിയ തറയിൽ ഇരുന്നു  അന്തിചർച്ച നടത്തി വീടണയുമ്പോൾ ഒൻപതു മണി കഴിഞ്ഞിരുന്നു.. 

വാപ്പ അവിടെ പൂമുഖത്ത് കസേരയിൽ ഇരിപ്പുണ്ട് കൂടെ രണ്ടാനുമ്മയും.. 


എന്റെ ചെറിയ പ്രായത്തിൽ തന്നെ എന്നെയും എന്റെ താഴെയുള്ള പെങ്ങളെയും രണ്ടു അനിയൻമാരെയും തനിച്ചാക്കി ഉമ്മ ഈ ലോകം  വിട്ടു പോയിരുന്നു. 

അന്ന് ഞങ്ങളെ നോക്കാൻ ആരുമില്ലാതെ വിഷമിച്ച സമയം ബന്ധുക്കൾ എല്ലാം നിർബന്ധിച്ചു വാപ്പ രണ്ടാമത് കല്യാണം കഴിച്ചതായിരുന്നു അവരെ.. 

പക്ഷെ സ്നേഹിക്കുന്നതിനു പകരം അവർ ഞങ്ങളെ ഉപദ്രവിക്കുന്നതിലും പീഡിപ്പിക്കുന്നതിലും രസം കണ്ടെത്തിയപ്പോൾ 

ജീവിതം തന്നെ ദുഷ്കരമായി പോയി.. 

കുറച്ചു വളർന്നു വന്നതോടെ ഞങ്ങളുടെ അടുത്ത് അവരുടെ അടവുകൾ ഒന്നും വിലപോകാത്തത് കൊണ്ട് എന്തെങ്കിലും പണി തന്ന് ആനന്ദം കണ്ടെത്തും.


ഡാ.. നസീനക്ക് നല്ലൊരു ആലോചന വന്നിട്ടുണ്ട് പക്ഷെ അത് നടക്കണമെങ്കിൽ നീയും മനസ് വെക്കണം. 

ഞാൻ ചോദ്യഭാവേനെ വാപ്പയുടെ മുഖത്തേക്ക് നോക്കി. 

വാപ്പ ഉള്ളിൽ സ്നേഹമുണ്ടെങ്കിലും പുറമെ പ്രകടിപ്പിക്കാൻ അറിയാത്ത സാധുവായ ഒരു മനുഷ്യൻ. 

ജീവിതം കൊണ്ടും സമ്പത്ത് കൊണ്ടും ദരിദ്രനായ വ്യക്തി. 

വാപ്പ പറഞ്ഞാൽ ഞാൻ ഒന്നും നിഷേധിക്കാറില്ല. മനസ്സിലുള്ള സ്നേഹം പ്രകടിപ്പിക്കാൻ അറിയാത്ത പോലെ ദേഷ്യവും സങ്കടവും പ്രകടിപ്പിക്കില്ല എല്ലാം മനസ്സിൽ കൊണ്ട് നടക്കും.


നസീനയെ കാണാൻ വരുന്ന ചെറുക്കാനൊരു പെങ്ങളുണ്ട് അവളെ നീയും കല്യാണം കഴിക്കണം 

സ്ത്രീധനം കൊടുക്കാൻ അവരുടെ കയ്യിലും എന്റെ കയ്യിലും ഒന്നുമില്ല ഇതാവുമ്പോ പരസ്പരം ഒന്നുമില്ലാതെ കല്യാണം നടത്താം.. 


ഞാൻ ഒന്നും മിണ്ടാതെ തല താഴ്ത്തി.


 കല്യാണം കഴിക്കാനുള്ള മാനസികമായ  അവസ്ഥയിൽ അല്ലായിരുന്നു ഞാൻ.. 


ഒരു തേപ്പ് കിട്ടിയ മനസിന്റെ മുറിവ് ഉണങ്ങി വരുന്നതേ ഉണ്ടായിരുന്നുള്ളു..


ഇതിന്റെ പിറകിലുള്ള കറുത്ത കരങ്ങൾ വാപ്പ യുടെ കസേരയുടെ സൈഡിൽ പിടിച്ചു കൊണ്ട്നിൽക്കുന്ന  രണ്ടനുമ്മയുടെ കരങ്ങൾ ആണെന്ന് അവരുടെ മുഖഭാവത്തിൽ നിന്ന് എനിക്ക് മനസിലായി.. 

ഞാൻ ഒന്നാലോചിചിട്ട് പറഞ്ഞാൽ പോരെ.. 

മതി 

രണ്ടു ദിവസങ്ങൾക്ക് ശേഷം തീരുമാനം എന്തായാലും അവരെ അറിയിക്കണം. 

മ്മ്... 

ഞാനൊന്ന് മൂളി..

പെങ്ങളെ കെട്ടിച്ചു വിട്ടാൽ വീട് പണിക്ക് ഒരാള് അതാണവരുടെ മനസ്സിലിരിപ്പെന്നു എനിക്ക് വ്യക്തമായി മനസ്സിലായിരുന്നു.


പിറ്റേന്ന് വൈകുന്നേരം വാപ്പയുടെ ചെറിയ കടയിലേക്ക് പോയി.  വെജിറ്റബിൾസ്,  വെറ്റില മുറുക്ക് എന്നിവയുള്ള ചെറിയൊരു കട. 


വാപ്പ എന്റെ മുഖത്തേക്ക് നോക്കി. 

നസീന ക്ക് ഒറ്റയ്ക്ക് നോക്കിയാലോ കല്യാണം?  എന്നേ കൊണ്ട് കഴിയുന്ന പോലെ ഞാനും സഹായിക്കാം.. 

നിന്നെ കൊണ്ട് കഴിയോ ഈ പെയിന്റിംഗ് ജോലി ചെയ്തു മുപ്പതു പവൻ സ്വർണ്ണം ഒക്കെയുണ്ടാക്കാൻ.. 

ഞാൻ നിർബന്ധിക്കില്ല. 

കഴിയുമെങ്കിൽ എനിക്കും അതാണ് താല്പര്യം.. പക്ഷെ എന്നേ കൊണ്ട് കൂടിയാൽ കൂടൂല്ല.


ന്നാ വാപ്പയുടെ ഇഷ്ടം പോലെ തീരുമാനം പറഞ്ഞേക്ക്.. 

ഞാൻ നിറഞ്ഞു വന്ന കണ്ണുകൾ കാണാതിരിക്കാൻ തല തിരിച്ചു കടയിൽ നിന്നിറങ്ങി.


രാത്രി ഇരുട്ടിൽ റൂമിൽ കണ്ണും തുറന്നു പിടിച്ചു കിടക്കുമ്പോൾ ആരോ റൂമിൽ കേറിയ പോലെ തോന്നി. ജനലിൽ കൂടെ അരിച്ചെത്തുന്ന മങ്ങിയ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ അത് വാപ്പയാണെന്ന് മനസിലായി.. 


നീ ഉറങ്ങിയോടാ.. 

വാപ്പയുടെ പതിഞ്ഞ ശബ്ദം. 

ഇല്ല.. !! ഞാൻ എഴുന്നേറ്റിരുന്നു. 

നിനക്ക് ഇഷ്ടമില്ലങ്കിൽ വേണ്ടടാ.. 

എനിക്ക് മനസിലാവും നിന്റെ മനസ്സിൽ എന്താണെന്ന്.. 

ആരോടും മറുത്ത് പറഞ്ഞു ശീലമില്ലാണ്ടായി പോയി.. പിന്നെ അവൾക്കൊരു ജീവിതം വേണ്ടേ.. ഇവിടെ കിടന്നു കഷ്ടപ്പെടുന്നത് കാണുമ്പോൾ എനിക്കുമില്ലേ വിഷമം.. പിന്നെ എന്നായാലും  നിനക്കും വേണ്ടേ ഒരു ജീവിതം.


എനിക്ക് സമ്മതമാണ് വാപ്പ സമ്മതം പറഞ്ഞേക്ക്.. 

നസി എങ്കിലും സന്തോഷമായി ജീവിക്കട്ടെ... 


ഇവിടേക്ക് കേറി വരുന്ന പെണ്ണിനെ കഷ്ടപെടുത്തിയാൽ ശക്തമായി പ്രതികരിക്കുമെന്ന് ഞാൻ മനസ്സിലുറപ്പിച്ചു കൊണ്ട് വിവാഹത്തിന് സമ്മതം മൂളി.


അന്ന് ഞായറാഴ്ച.  

വൈകുന്നേരം ചെറുക്കനും അവന്റെ എളാപ്പയുടെ മകനും  കൂടെ നസിയെ കാണാൻ വന്നു. അവർക്കിഷ്ടമായി.. ഇനി ഞാൻ പോയി കണ്ടു ഇഷ്ടപെട്ടാൽ കല്യാണം ഉറപ്പിക്കും. 

പിറ്റേന്ന് ഉച്ചക്ക് ജോലി നിർത്തി വൈകുന്നേരത്തോട് കൂടി ഞാനും റാഫിയും കൂടെ അവളുടെ വീട്ടിലേക്ക് പോയി.. 

ഞങ്ങളുടെ വീട് പോലെ തന്നെ ചെറിയൊരു ഓടിട്ട വീട്. അവളുടെ ഉപ്പ അവൾ കുഞ്ഞായിരിക്കുമ്പോൾ മരിച്ചു പോയതാണത്രേ.. ഉമ്മ ജോലിക്ക് പോയി ആണ് അവരെ വളർത്തിയത്. ഇപ്പോൾ മകൻ ജോലിക്ക് പോകുന്നത് കൊണ്ട് കഷ്ടിച്ച് ജീവിതം കഴിഞ്ഞു പോകുന്നവർ. 

താഴെ ഒരു അനിയത്തി കൂടിയുണ്ട് 

ഞങ്ങളെ അവർ പൂമുഖത്തേക്ക് ക്ഷണിച്ചിരുത്തി.  

കുറച്ചു സമയം കഴിഞ്ഞപ്പോൾ ചുരിദാർ ഇട്ട് നീണ്ടു മെലിഞ്ഞു ഇരുനിറത്തിൽ  പഴയകാലസിനിമ നടി മോനിഷയുടെ മുഖസാദൃശ്യം പോലെ വട്ടമുഖമുള്ളൊരു  പെൺകുട്ടി ഞങ്ങൾക്ക് ചായ കൊണ്ട് വന്നു തന്നു. 

ഒറ്റ നോട്ടത്തിൽ തന്നെ എനിക്കവളെ ഇഷ്ടപ്പെട്ടു. നാട്യങ്ങളോ ചായങ്ങളോ ഒന്നുമില്ലാത്ത മുഖം. 

നിങ്ങൾക് ഇഷ്ടമായാൽ സംസാരിക്കാം അളിയൻ ആകാൻ പോകുന്ന ചെറുക്കൻ ഉള്ളിലേക്കു ക്ഷണിച്ചു.. 

ഞാൻ അകത്തേക്ക് ചെന്നു. 


അവൾ അവിടെ റൂമിൽ ചുമരും ചാരി നിൽക്കുന്നുണ്ട്. 

എന്താ പേര്? 

മൈമൂന.. 

എന്നേ ഇഷ്ടപ്പെട്ടോ.. 

അവൾ സമ്മതപൂർവ്വം തലയാട്ടി.

പിന്നെ ഞങ്ങൾ അവിടുന്ന് ഇറങ്ങി.

അന്ന് രാത്രി കിടക്കുമ്പോൾ അവളെ പറ്റിയോർത്തു. അവളോട്‌ കൂടുതൽ സംസാരിക്കാൻ പറ്റിയില്ല. എന്റെ വീട്ടിലെ  അവസ്ഥയൊക്കെ പറഞ്ഞു അവൾക്കു ഇഷ്ടമാണെങ്കിൽ മാത്രം കല്യാണത്തെ പറ്റി  ഉറപ്പ് പറയാമെന്നു ഞാൻ തീരുമാനിച്ചു. 


രണ്ടു ദിവസം കഴിഞ്ഞു ഒരു വൈകുന്നേരം ഞാൻ അവളുടെ വീട്ടിലേക് കയറി ചെന്നു. 

അവളുടെ ഉമ്മ പരിഭ്രമത്തോടെ എന്റെ മുഖത്തേക്ക് നോക്കി.. 

ഞാൻ അവരുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു. 

പേടിക്കണ്ട എനിക്ക് അവളോട്‌ കുറച്ചു സമയം സംസാരിക്കാൻ പറ്റുമോ? 

അതിനെന്താ.. അവളുടെ ഉമ്മ അവളെ വിളിച്ചു ഞങ്ങൾക്ക് സംസാരിക്കാൻ സൗകര്യം ഒരുക്കിത്തന്നു. 

ഞാൻ അവളെയും കൂട്ടി വീടിന് അരികിലുള്ള വലിയൊരു പ്ലാവിന്റെ ചുവട്ടിലേക്ക് പോയി. 

അവളോട്‌ എന്റെ ജീവിതം പറഞ്ഞു ഇത് വരെ അനുഭവിച്ച വേദനകളും വീട്ടിലെ അവസ്ഥകളും.. 

ഞാൻ കല്യാണം കഴിച്ചു നിന്നെ കുടുക്കി എന്ന് പിന്നെ നിനക്കൊരിക്കലും തോന്നരുത്. ഒരുറപ്പ് തരാം ഒരിക്കലും ഞാൻ കാരണം വേദനിപ്പിക്കില്ല. ഇതെല്ലാം അറിഞ്ഞിട്ട് സമ്മതം പറഞ്ഞാൽ മതി. 

അവൾ എന്റെ മുഖത്തേക്ക് നോക്കി. പിന്നെ പതിയെ പറഞ്ഞു 

എനിക്ക് സമ്മതമാണ്.. 

നിങ്ങൾ എന്റെ കൂടെ ഉണ്ടായ മതി. 

.

പിന്നെ എല്ലാം പെട്ടന്ന് തന്നെ തീരുമാനിക്കപ്പെട്ടു  

നിശ്ചയവും കല്യാണവും ഒക്കെ കഴിഞ്ഞു.. 

ആദ്യ രാത്രി ഞാൻ എന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ കഷ്ടപ്പാടുകൾ വേദനകൾ എല്ലാം തുറന്നു പറഞ്ഞു. അവളും പറഞ്ഞു. അവളുടെ ജീവിതത്തിൽ അനുഭവിച്ച ദാരിദ്ര്യം.വേദനകൾ 


പിന്നെ അവിടുന്ന് അങ്ങോട്ട്‌ യഥാർത്ഥ സ്നേഹം എന്താണെന്ന് അനുഭവിച്ചു അറിയുകയായിരുന്നു... 


ഇത് വരെ തന്ന വേദനകൾക്ക് ദൈവം പ്രയാശ്ചിത്തം ചെയ്ത പോലെ.. 


രണ്ടനുമ്മയുടെ ഇടയ്ക്കു കുത്തിയുള്ള സംസാരവും ജോലി ചെയ്യിച്ചു ഉള്ള കഷ്ടപെടുത്തലുകളും  അവൾ കണ്ടില്ലന്നു നടിച്ചു. 

ഒരാഴ്ച നിൽക്കാൻ  സ്വന്തം വീട്ടിലേക് പോകുമെങ്കിലും മൂന്നാമത്തെ ദിവസം തന്നെ എന്നെ വിളിച്ചു വരുത്തി കൂടെ പോരുന്നവൾ...

എന്റെ പ്രിയപ്പെട്ടവൾ 

എന്റെ പ്രാണൻ.. 

ഇന്ന് ജോലി ചെയ്തു ഒരുകൂട്ടി വെച്ചതെല്ലാം എടുത്തു സ്വന്തമായി അഞ്ചു സെന്റിൽ ചെറിയൊരു വീടെടുത്തു. കുറച്ചു സാമ്പത്തികമായി കുറച്ചു പ്രശ്നങ്ങൾ ഉണ്ടെങ്കിലും രണ്ടു മക്കളുമൊത്ത് സുഖമായി ജീവിക്കുന്നു..


(അളിയൻ ഗൾഫിൽ പോയ ശേഷം കുറച്ചു സാമ്പത്തികമായി മെച്ചപെട്ടു.പെങ്ങളും സന്തോഷകരമായ ജീവിതം നയിക്കുന്നു. )


ശുഭം. ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ...

To Top